Saturday, May 19, 2007

ഭാഗ്യലക്ഷ്മി



എഡിറ്റോറിയല്‍

സുവിരാജ്‌ പടിയത്ത്‌

കേരളമാകെ ഒരു ഉത്സവ പ്രതീതിയിലാണ്‌. സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവെച്ചതിന്റെ ആഹ്ലാദവും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കു നേരെ നടത്തുന്ന ശക്തമായ നിലപാടുകളും ഒരു വര്‍ഷം പിന്നിട്ട കേരള സര്‍ക്കാരിന്‌ ചാനലുകളുടെ കണക്കില്‍ നൂറില്‍ എണ്‍പത്‌ മാര്‍ക്ക്‌ നല്‍കുന്നു. ചികുന്‍ ഗുനിയയ്ക്കെതിരെ ചുമ്മാതിരുന്നതും അണുബാധയേറ്റ്‌ കുഞ്ഞുങ്ങള്‍ മരിച്ചതും പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന്‌, കയറിയ കോടതികളിലെല്ലാം തോറ്റു തൊപ്പിയിട്ടതും സര്‍ക്കാരിനെതിരെ മറ്റൊരു പൂരമായി പ്രതിപക്ഷവും കൊണ്ടാടുന്നു. ബി.ജെ.പിയടക്കം കേരളത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിവില്ലാത്ത സകല പാര്‍ട്ടിക്കാരും അവരവരുടെ ചെറുപൂരങ്ങളുമായി രംഗം വേറെ വഴികളില്‍ കൊഴുപ്പിക്കുന്നു. പാത്രക്കടവ്‌ പരിസ്ഥിതി സ്നേഹികള്‍ക്ക്‌ പുത്തനുണര്‍വ്‌ ഏകിയിരിക്കുന്നു. സാംസ്കാരിക രംഗത്ത്‌ വാദപ്രതിവാങ്ങളുടെ മാമാങ്കം. യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശനം, കവിതയെഴുത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പിണ്ഡം വയ്ക്കല്‍, സൂപ്പര്‍സ്റ്റാറിന്റെ രാഷ്‌ട്രീയപ്രസംഗം, അദ്ദേഹത്തിന്റെ കോലം കത്തിയ്ക്കല്‍ ആശുപത്രി ഫ്രീസറിലെ കരിമീന്‍, ധാര്‍മ്മികരോഷം പൂണ്ട്‌ അതിനെതിരായ കൊടിപിടിക്കല്‍... അങ്ങിനെ എത്രയെത്ര വിഷയങ്ങള്‍. എല്ലാം ബഹുകേമമായി നടക്കുന്നു.

ഇതിനിടെ, ആരുമറിയാതെ മാധ്യമങ്ങളില്‍ ഒറ്റക്കോളമായോ ചെറുകാഴ്ചയായോ ഒതുങ്ങിപ്പോയ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. എച്ച്‌.ഐ.വി ബാധിതയായ അമ്മയുടെ മകളായിപ്പോയതിന്റെ പേരില്‍ അപമാനം സഹിക്കാനാവാതെ ഒരു പെണ്‍കുട്ടിക്ക്‌ സ്വയം തീകൊളുത്തി മരിക്കേണ്ടിവന്നിരിക്കുന്നു. കേരളത്തിന്റെ അഭിമാനമാകാന്‍ പോകുന്ന സ്മാര്‍ട്ട്‌ സിറ്റി ഉയരേണ്ട നഗരത്തില്‍ തന്നെയാണ്‌ ഈ സംഭവവും നടന്നത്‌. എറണാകുളം കടവന്ത്ര അമലാഭവനില്‍ മാരിയമ്മയുടെ പതിമൂന്നുവയസുള്ള മകള്‍ ഭാഗ്യലക്ഷ്മിയാണ്‌ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ ആത്മാഹൂതി നടത്തിയത്‌. അമ്മയ്ക്ക്‌ എച്ച്‌.ഐ.വി ബാധയുള്ളതിനാല്‍ നാട്ടുകാരും കൂട്ടുകാരും തുടര്‍ച്ചയായി പരിഹസിക്കുകയും അവഗണിക്കുകയും ചെയ്തതില്‍ മനംനൊന്താണ്‌ ആ പെണ്‍കുട്ടി തന്റെ ജീവിതമൊടുക്കാന്‍ തീരുമാനിച്ചത്‌. ബാല്യം വിടാത്ത ആ പെണ്‍കുട്ടിയുടെ മനസ്‌ എത്രമാത്രം നൊമ്പരപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തുവെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.

എയ്ഡ്‌സിന്റെ കേരളത്തിലെ ആദ്യത്തെ ഇര എന്നു വിളിക്കാവുന്ന ചിത്ര മുതല്‍ കൊട്ടിയൂരെ രമയും മക്കളായ അക്ഷയയും അനന്തുവും കോട്ടയത്തെ ബെന്‍സനും ബെന്‍സിയുമെല്ലാം മലയാളികളുടെ മാനുഷികതയില്ലായ്മയുടെ തെളിവുകളാകുന്നു. (മറിച്ചു ചിന്തിക്കുന്ന ചില വ്യക്തിത്വങ്ങള്‍ നമുക്കിടയില്‍ കണ്ടേയ്ക്കാം). ഒടുവിലിതാ, രോഗബാധിതയല്ലാതിരുന്നിട്ടുകൂടി എച്ച്‌.ഐ.വി ബാധിതരേക്കാള്‍ ഉഗ്രമായ രോഗാണുക്കള്‍ ബാധിച്ച മനസുകള്‍ ഒരു പെണ്‍കുട്ടിയെ എരിച്ചുകളഞ്ഞിരിക്കുന്നു.

ഒരു സാംസ്കാരിക നേതൃത്വവും ഇതിനെതിരെ പ്രതികരിച്ചില്ല. ഒരു രാഷ്‌ട്രീയ പ്രബുദ്ധതയും ഇതിനെതിരെ കൊടിപിടിച്ചില്ല. ഈ പെണ്‍കുട്ടിയുടെ മരണത്തിനിരയാക്കിയവരെ പ്രതികളാക്കി ശിക്ഷിക്കാന്‍ വേണ്ടി ഒരു മനുഷ്യസ്നേഹിയുടെ കോടതികയറ്റവും നാം കണ്ടില്ല.

മലയാളി ഇങ്ങനെയാണ്‌. നാം ഭൗതികമായ മാറ്റങ്ങളില്‍ മാത്രം വിജയം കാണുന്നവരാണ്‌. സാംസ്കാരികമായി ഉന്നമനരാണെന്ന്‌ നടിക്കുന്നവരാണ്‌. നല്ലത്‌ എന്ന്‌ പറയുന്ന എല്ലാ മാറ്റങ്ങള്‍ക്കും വിധേയരാകുമ്പോഴും മനസിന്റെ ഏറ്റവും അടിത്തട്ടില്‍ ഊറിയടിയുന്ന കാപട്യത്തിന്റെ, മാനുഷികത ഇല്ലായ്മയുടെ കറ കനത്തു കനത്തു വരുന്നുണ്ടെന്ന്‌ ആരും അറിയുന്നില്ല. നമ്മുടെ ചില നിശബ്ദതകള്‍ അത്യന്തം ഭീതിജനകമാണെന്നു പറയാതെ വയ്യ.


കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക



പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍



free hit counter

20 comments:

evuraan said...

അല്പം ഓഫെങ്കിലും, ന്യായമെന്നു തോന്നുന്ന ഒരു സംശയം ചോദിക്കുന്നു:

പുഴയെ പോലൊരു സൈറ്റിനു്‌ യൂണീകോഡിലേക്ക് വരാന് എന്താണു്‌ പ്രയാസം/വിമുഖത? ടെക്നിക്കല് ആസ്പക്റ്റ്സ് ഓഫ് ദിസ് റിലക്റ്റന്സ്?

വരാം/ വരുന്നു/ വരും/ എന്നൊക്കെ കേള്ക്കുന്നതല്ലാതെ, ഇതിന്റെ മറുവശത്തെക്കുറിച്ചറിയാന് ഒരു ആഗ്രഹമെന്നു കൂട്ടിക്കോളൂ.

കുറുമാന്‍ said...

സുവിരാജ്, വളരെ നല്ലൊരു ലേഖനം. എന്തു അഭിപ്രായം പറയണം എന്നറിയില്ല. നമ്മുടെ നാട് എന്നു നേരെയാവൂം എന്നുമറിയില്ല. പക്ഷെ ഇത്തരം സംഭവങ്ങള്‍ പൊതുജനത്തിനു മുന്‍പിലും, സര്‍ക്കാരിന്നു മുന്‍പിലും കൊണ്ടുവരുവാന്‍, വേണ്ട പ്രസക്തിയോടെ,(കാര്യ കാരണ സഹീതം) കഴിഞ്ഞാല്‍ ജനപിന്തുണ ഉണ്ടാകും എന്നുറപ്പാണ്. ഇവിടേയും മാധ്യമങ്ങള്‍ ആകര്‍ഷിക്കപെട്ടത് ആ കുട്ടിയുടെ ആത്മാഹുതിയോടെ മാത്രം. അതിന്നു മുന്‍പെ ആ കുട്ടിയുടെ ദുരിതങ്ങള്‍ എത്ര മാധ്യമങ്ങള്‍ അന്വേഷിച്ചറിഞ്ഞു? പുറം ലോകത്തെ അറിയിച്ചു?
എന്തിനും, ഇനീയ്യും ഇത്തരം ലേഖനങ്ങള്‍ എഴുതുക.

ഒരു ഓഫ് : ഏവൂരാനെ, ന്യായമായ ഒരു സംശയം ഇത്തരം ഒരു ലേഖനത്തില്‍ തന്നെ വേണാമായിരുന്നോ? അല്ലെങ്കില്‍ ഒരു കമെന്റെങ്കില്ലും ഇട്ടിട്ടാകാമാ‍യിരൂന്നു. ഇതൊരുപോലെ,പണക്കാരനായ അമ്മാച്ചന്‍ ചത്തപ്പോള്‍ ശവപെട്ടി തേക്കിന്റേതോ, ഈട്ടിയിടേതോ എന്നു ചോദിച്ച പുതുപണക്കാരന്റേതുപോലായിപോയി.

Anonymous said...

സുവിരാജിന്റെ ലേഖനം മുന്നോട്ടുവയ്ക്കുന്ന, വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണു മാനുഷിക മൂല്യത്തിനു കേരളീയരുടെ മനസ്സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ്. രാഷ്ട്രീയപരമായ മുതലെടുപ്പുകള്‍ക്കുള്ള സാധ്യതയില്ലെങ്കില്‍ കൊലപാതകമോ മരണമോ ഒന്നും നമ്മുടെ മനസ്സുകളിലേയ്ക്ക് കടന്നുവരില്ല എന്നായിട്ടുണ്ട്.. ഞാനടക്കമുള്ള മലയാളികള്‍ തീര്‍ച്ചയായും ലജ്ജിക്കേണ്ട ഒന്നാണു ഭാഗ്യലക്ഷ്മിയുടെ ദുരന്തം. എയിഡ്സ് പോലുള്ള രോഗങ്ങളുടെ പിടിയില്‍ അറിഞ്ഞോ അറിയാതെയോ അമര്ന്നു‍പോയവര്‍ക്ക് ആശ്വാസമേകുന്ന സര്‍ക്കാര്‍ നയങ്ങളോടൊപ്പം അല്പമെങ്കിലും അലിവും സ്നേഹവും നിറഞ്ഞ സമീപനം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു...ഇനി ഒരു കുട്ടിയ്ക്കും, അല്ലെങ്കില്‍ ആര്‍ക്കും തന്നെ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിരിയ്ക്കട്ടെ..

കാളിയമ്പി said...

ഇത് ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവുമില്ല..ചര്‍ച്ച ചെയ്യാനും വയ്യ ..ചര്‍ച്ച ചെയ്യുകയുമരുത്..കുറുമാനണ്ണന്‍ പറഞ്ഞ പോലെ എന്തു ചെയ്യണമെന്നറിയില്ല..പറയണമെന്നറിയില്ല.
കൊലപാതകത്തിനേക്കാളും മരണത്തേക്കാളും ഒക്കെ ഭീകരമാണിത്..മനുഷ്യമനസ്സില്‍ ഉറഞ്ഞുകൂടിയിരിയ്ക്കുന്ന വെറുപ്പ്..വെറുക്കുന്നവരെ വെറുത്താല്‍ അത് മാറുമോ..എല്ലാരേയും പിടിച്ച് ജയിലിലിട്ടാല്‍?
ഓര്‍മ്മി‍പ്പിച്ചതിന് സ്നേഹം

ആവനാഴി said...

സുവിരാജ്,

ചിന്തോദ്ദീപകമായ ലേഖനം.

പ്രബുദ്ധരെന്നു സ്വയം കൊട്ടിഘോഷിക്കുന്ന കേരളീയര്‍ യധാര്‍ത്ഥത്തില്‍ ആ പേരിനര്‍ഹരല്ലെന്നു നമ്മുടെ സംസ്ഥാനത്ത് നടന്നിട്ടുള്ള പല സംഭവങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും.

എച്ച്.ഐ.വി ബാധിച്ചു മരണമടിഞ്ഞ ഒരാളുടെ മൃതദേഹം ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ എതിര്‍പ്പു പ്രകടിപ്പിച്ചവരാണ് നമ്മുടെ നാട്ടുകാര്‍.

ഈ രോഗത്തെപ്പറ്റി വ്യാപകമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ ആവശ്യമാണെന്നു തോന്നുന്നു.

പൊതുവെ ലൈംഗികതയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു രോഗമാണല്ലോ എച്ച്.ഐ.വി

ലൈംഗികമായതെന്തിനേയും (പുറത്ത്) പുഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രവണത കേരളിയര്‍ക്കുണ്ട്. ലൈംഗികതയെ പുസ്തകരൂപേണയും (കാമസൂത്രം) ശില്പങ്ങളിലൂടെയും (ഖജുരാഹോയും മറ്റു പല ക്ഷേത്രങ്ങളും)ഘോഷിച്ചിട്ടുള്ള രാജ്യത്താണ് ഈ സ്ഥിതിവിശേഷം എന്നോര്‍ക്കണം.

നാം വളരെയധികം അറിവും പക്വതയും മനുഷ്യത്വവും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

ഈ ലേഖനം മനുഷ്യമനസ്സാക്ഷിക്കു മുന്നിലേക്കു‍ ഒരു ചോദ്യചിഹ്നം തൊടുത്തു വിടുന്നു.

ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ലേഖകനു എന്റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.

evuraan said...

സംശയം ന്യായമെന്നു് കുറുമാനു തോന്നിയോ?

എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്നു് തോന്നിയ ചോദ്യമുയര്‍ത്താമെന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരുന്നു കൂടേ കുറുമാനേ?

ശവമടക്കിനു വന്ന പണിക്കാരന്‍ മുറുക്കിത്തുപ്പിയതിനെ ചൊല്ലി വഴക്കടിക്കുന്ന വഴിപോക്കനായ നാട്ടുകാരനും ഉപമയില്‍ സ്ഥാനമുണ്ട്.

ആവനാഴി said...

ഏവൂരാന്റെ ആദ്യത്തെ കമന്റു വായിച്ചപ്പോള്‍ ഒരു പക്ഷേ യൂണിക്കോഡ് സര്‍വസാധാരണമാക്കാനുള്ള ആവേശത്തില്‍ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മലയാളികളുടെ മാനുഷികതയില്ലായ്മയെക്കുറിച്ച് അഭിപ്രായം പറയാന്‍ വിട്ടുപോയതായിരിക്കാമെന്നു കരുതി.

എന്നാല്‍ താങ്കളുടെ രണ്ടാമത്തെ കമന്റു വായിച്ചപ്പോള്‍ വിട്ടുപോയതല്ല എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

ഒരു കമന്റിലൂടെ ലേഖനത്തോടു പ്രതികരിച്ചതിനുശേഷം ഓഫടിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു ഉചിതം എന്നു തോന്നുന്നു.

ഇത് ചത്ത വീട്ടില്‍ ചെന്ന് ശവപ്പെട്ടിയുടെ ഗുണഗണങ്ങള്‍ അന്വേഷിക്കുന്നതുപോലെ തന്നെയായി താങ്കളുടെ പ്രതികരണം.

“Gross insensitivity to a very topical issue in Kerala". That is my observation.

Kaippally കൈപ്പള്ളി said...

100 ശതമാനം യോജിക്കുന്നു.
Civility നഷ്ടപ്പെട്ട ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണു കേരളം.

ഓ.ടോ.
evuraan ചോദിച്ച ചോദ്യം ഒന്നുകൂടി ചോദിക്കട്ടെ. ഈ listല്‍ "പുഴയുടെ" പേരു ചേര്‍ക്കണ്ടേ?

Glocalindia said...

ആരുടെയൊക്കെയോ ആഘോഷങ്ങള്‍ക്ക് ബലിയാടായി, എച്ച് ഐ വിയെ വരിക്കേണ്ടി വന്ന കുട്ടികളും സ്ത്രീകളും എത്രയെത്ര!! ഇത്തരത്തില്‍ ഒരു കുടുംബത്തെയെങ്കിലും എനിക്കറിയാം. ശവമടക്കിന് രാത്രി തെരഞ്ഞെടുക്കേണ്ടി വന്നൂ, ആ കുടുംബത്തിന്. രോഗി മരിച്ചെങ്കിലും എച്ച് ഐ വിയുടെ നീരാളിക്കൈകള്‍ രോഗിയുടെ ഭാര്യയെ വെറുതെ വിട്ടിട്ടില്ല. ഊരുവിലക്കാണീപ്പോള്‍ ഈ കുടുംബത്തിന്!!

ഒരു ഓഫ് - ഏവൂരാനേ, യൂണീക്കോഡൊക്കെ നമുക്ക് ഉണ്ടാക്കാം. അത് പറയാന്‍ സമയവും സന്ദര്‍ഭവുമില്ലേ? മരണ വീട്ടീക്കേറി വോട്ട് ചോദിക്കുന്ന പാര്‍ട്ടിക്കാരുടെ സ്വഭാവമല്ലേ ഇത്?

ഈ യൂണിക്കോഡോ വൈഫൈയോ ഒന്നും ഇല്ലാതെ തന്നെ മനുഷ്യജീവിതം അടിപൊളിയായി മുന്നോട്ട് പോവുമെന്നേ, ഇല്ലെന്ന് തോന്നുന്നുണ്ടോ?

കുറുമാന്‍ said...

എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്നു് തോന്നിയ ചോദ്യമുയര്‍ത്താമെന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരുന്നു കൂടേ കുറുമാനേ? - പ്രിയ ഏവൂരാന്‍, ,എഴുത്തുകാരനെഴുതി പോസ്റ്റ് ചെയ്തിരിക്കുന്നത് ജനങ്ങള്‍ക്കു വായിക്കാന്‍ വേണ്ടിയാണു. അവരുടെ അഭിപ്രായങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടായിരിക്കും.

എഴുത്തുകാരനോടു ഞാനെന്ന വായനക്കാരനു സാരമുള്ളതെന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കൈകകടത്തിയിട്ടില്ല ഞാന്‍. മറിച്ച്, പ്രസവവേദനയില്‍ കരയുന്ന പെണ്ണിന്റെ പ്രസവം എടുക്കാന്‍ വന്ന ആയമ്മ പശൂവീന്റെ കരച്ചില്‍ കേട്ട് പശുവിന്റെ പ്രസവം നോക്കാന്‍ പോയ ഒരു അവസ്ഥ ഫീല്‍ ചെയ്തതിനാല്‍ ഞാന്‍ പറഞ്ഞു അത്ര മാത്രം. ആരോടും ഇതു വരെ ഒരു വ്യക്തി വൈരാഗ്യാമോ, ദ്വേഷ്യമോ ഒന്നും ഇല്ല. ഈ ഒരു കമന്റിനാല്‍ അതു വരുത്തണം എന്നുമില്ല. പറയാനുള്ളത്, മനസ്സില്‍ തോന്നിയത് തുറന്ന് പറയുന്നു എന്നു മാത്രം.

sandoz said...

നല്ല ലേഖനം
കുറേയൊക്കെ മാധ്യമങ്ങള്‍ ആണ്‌..... വാര്‍ത്തകളെ പര്‍വതീകരിച്ച്‌ ഇതാണ്‌ ഇന്നത്തെ ആഘോഷം എന്ന മട്ടില്‍ ജനതയുടെ മുകളില്‍ കെട്ടിവയ്ക്കുന്നത്‌.
അവര്‍ കണ്ടില്ലെങ്കില്‍ നമ്മളും കാണില്ലല്ലോ...
ഓഫ്‌:ഏവൂരാന്‍ മുട്ടന്‍ ഓഫാണല്ലോ അടിച്ചിരിക്കുന്നേ.ഓഫെന്നു പറഞ്ഞാല്‍ ഇതാണ്‌.നല്ല കലക്കന്‍ ഓഫ്‌.

അങ്കിള്‍. said...

നല്ല ലേഖനം. സുവിരാജ്‌ അഭിനന്ദനം അര്‍ഹിക്കുന്നു.

ഓഃടോഃ ഏവൂരാനേ, എന്റെ ബ്ലോഗില്‍ വന്ന്‌ ഓഫടിച്ചപ്പോള്‍ ഞാനിതുപോലൊന്നും പ്രതികരിച്ചില്ല. എല്ലാപേരെയും ഒരുപോലെ കരുതിയോ.

Dinkan-ഡിങ്കന്‍ said...

സുവിരാജ് 100% സാക്ഷരകേരളത്തിലെ കയ്പ്പന്‍ യാഥര്‍ത്ഥ്യങ്ങള്‍ ഭീകരം തന്നെ. ഇതെല്ലാം മാറുമെന്ന് ആശ്വസിക്കാനേ കഴിയൂ.

ആ ഓഫ്.. അസ്ഥാനത്താനെന്നേ എനിക്കും പറയാനുള്ളൂ. വരികള്‍ അറിയമെങ്കില്‍ “ക്ഷീരം അകിടെന്നെങ്കിലും” പറയാ‍മായിരുന്നു

Mubarak Merchant said...

ഏവൂരാന്റെ ഓഫാണല്ലോ ഇവിടുത്തെ കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്!! ആ ഓഫു കൊണ്ട് ഈ പോസ്റ്റിനുണ്ടായ ദോഷം ഇപ്പോള്‍ ഏവൂരാനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.
ബ്ലോഗുവായനക്കാരെയെങ്കിലും HIV ബാധിതരെക്കുറിച്ചും അവരനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്ന കമന്റുകളായിരുന്നു ഈ പോസ്റ്റില്‍ സ്വാഭാവികമായും വരുമായിരുന്നത്. 100% ഓഫ് ടോപ്പിക്കായ ഏവൂരാന്റെ കമന്റ് തന്നെയല്ലേ അത്തരത്തിലുള്ള കമന്റുകള്‍ക്ക് ഒരുപരിധിവരെയെങ്കിലും തടസ്സം നിന്നത്?

വിശ്വപ്രഭ viswaprabha said...
This comment has been removed by the author.
വിശ്വപ്രഭ viswaprabha said...

HIV fêbïOþ BqñJöq E˜ñöT ohòpù Cªñ JX¼ê¼ñªYú EïÇnéhêi F÷ê Jñšù öO hpêdêdïJqêiêXú.
E˜ñöT oôù OñšñlˆŒñYöª AŒjù Hjñ hEñnáu lªñödˆêv Eêù FŸöEiêiïjï¼ñù YïJjï¼ñJ Fªú oôiù B÷kêOïOþñ÷Eê¼ïiïˆñ÷ûê lkë÷dçêrñù?

B HjtŒïv HIV÷i¼êw LñjñYjhêi Föêö¼÷iê ÷jêLŸqêXú Eêù hkiêqïJöq öhêŒhêiï fêbïOþïjï¼ñªYú.ം

Kaippally said...

‌വിശ്വം:
എന്തരണ്ണ ഇതു്.

അണ്ണന്‍ എഴുതിയത് ആര്‍കും വായിക്കാന്‍ പറ്റുന്നില്ല.

:(

Inji Pennu said...

എനിക്ക് തോന്നുന്നു യൂണികോഡിന്റെ പ്രസ്കതിയെപറ്റിത്തന്നെ വിശ്വേട്ടന്‍ ഒരു വ്യംഗ്യമായി കമന്റിട്ടതാണെന്ന്. എച്ച്.ഐ.വി യെക്കുറിച്ചാണ് കമന്റ് എന്ന് തന്നെ തോന്നുന്നു കാരണം അത് ഇംഗ്ലീഷില്‍ ഉണ്ട്. പക്ഷെ അതിങ്ങിനെ എല്ലാവര്‍ക്കും വായിക്കാവുന്നതും സേര്‍ച്ചാവുന്നതും ഒക്കെ ആവുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ ഇതിനേക്കുറിച്ചൊക്കെ ബോധവാന്മാരാവുകേയുള്ളൂ. കൂടുതല്‍ പേര് അറിയുകയുള്ളൂ. പലരും പല ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ ഇതുപോലെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ ചുരുക്കം ചിലര്‍ക്കായി ചുരുങ്ങും. ഭാവിയില്‍ ഇതുപോലുള്ള സാമൂഹിക പ്രശ്നങ്ങള്‍ കൂടുതല്‍ ബോധവാന്മാരാവന്‍ കഴിയും.

അങ്ങിനെയാണ് എനിക്ക് തോന്നിയത്..
തെറ്റാണോയെന്ന് അറിയില്ല എന്റെ ഈ ഊഹം!

സാജന്‍| SAJAN said...

എന്റെ ഒരു സുഹൃത്ത് മുംബയില്‍ എയിഡ്സ് ബാധിച്ച ഒരു കുഞ്ഞിനെ എടുത്തു വളര്‍ത്തുന്നുണ്ടായിരുന്നു അതിന്റെ ബ്ലഡ് റിസല്‍ട്ട് 2 ടെസ്റ്റിലും +വ് ആയിരുന്നു.

(ലൈംഗീകത്തൊഴിലാളിയായിരുന്ന ആ കുഞ്ഞിന്റെ അമ്മയും ഈ അസുഖം വന്ന് മരിച്ചു പോയിരിന്നു അങ്ങനെ റെയില്‍‌വേ പ്ലാറ്റ്ഫോമില്‍ നിന്നാണ് അവര്‍ക്ക് ഈ കുഞ്ഞിനെ കിട്ടുന്നത്).

ആ 2 വയസ്സുകാരന്‍ കൂട്ടുകാരന്റെ അതേപ്രായത്തിലുള്ള മകളും ആയി കെട്ടിമറിയുന്നതും കളിക്കുന്നതും ഒക്കെ കണ്ട് ഞാന്‍ വല്ലാതെ ഭയപ്പാടോടെ നിന്നിട്ടുണ്ട്.. ഞാന്‍ അവരെ സന്ദര്‍‌ശിക്കാന്‍ പോയാല്‍ തലയില്‍ ഒന്നു തടവി എന്നാ ഉണ്ട് കുട്ടാ എന്നു ചോദിക്കും അത്രമാത്രം..എത്ര ശ്രമിച്ചിട്ടും അതില്‍ക്കൂടുതല്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല..

പക്ഷേ 3 വര്‍ഷം കഴിഞ്ഞിട്ട് അവര്‍ ആ കുഞ്ഞിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്തു.. പൂര്‍ണ്ണമായും നെഗറ്റീവ് അത് അവര്‍ക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഈ സംഭവങ്ങളുടെ ഒക്കെ പ്രചോദനത്താല്‍ അവര്‍ 2 ആളും കൂട്ടുകാരനും ഭാര്യയും പൂര്‍ണ്ണസമയം എയിഡ്സ് ബാധിച്ചവര്‍ക്കും റെയില്‍‌വേ പ്ലാറ്റ്ഫോമില്‍ നിന്നും കണ്ടെത്തുന്ന കുഞ്ഞുങ്ങളുടെ പുനരുദ്ധാരണത്തിനും ആയി ഒരു സ്ഥാപനം ആരംഭിച്ചു ഇപ്പോള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ട് പോകുന്നു..


സുവിരാ‍ജ്, വളരെ നല്ല ഒരു ലേഖനം ആയിരുന്നു..
ഓടോ വിശ്വേട്ടന്റെ എഴുത്ത് കണ്ടിട്ട് ഇഞ്ചി പറഞ്ഞത് തന്നെയാണ് എനിക്കും ഫീല്‍ ചെയ്തത്..

ദേവന്‍ said...

സര്‍ക്കര്‍ എയിഡ്സ്‌ കണ്ട്രോള്‍ സെല്ലിനെക്കാള്‍ ഭംഗിയായി, ഇഫക്റ്റീവ്‌ ആയി, കൂടുതല്‍ റീച്ചോടെ അണുബാധിതര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്ന രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്‌- പാലക്കാട്ടെ ശ്രീജയും മലപ്പുറത്തെ ഹസീനയും. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്‌. ഇനിയും മരിക്കാത്തതുകൊണ്ടാണോ എന്തോ, അവരെ ഇതുവരെ പത്രങ്ങള്‍ ശ്രദ്ധിച്ചു കാണുന്നില്ല.

Off:
വിശ്വം മാഷ്‌ മാറ്റ്‌വെബ്‌ ഫോണ്ടില്‍ വായനക്കാരോട്‌ ചോദിച്ചു.

HIV ബാധിച്ച ആളുകളെ സമൂഹം ഇന്നു കണക്കാക്കുന്നത്‌ എന്തോ കുറ്റം ചെയ്ത മഹാപാപികളായിട്ടാണ്‌, നമ്മുടെ ചുറ്റുവട്ടത്തുതന്നെ അത്തരം ഒരു മനുഷ്യന്‍ വന്നുപെട്ടാല്‍ നാം എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ വല്ലപ്പോഴും? ആ ഒരര്‍ത്ഥത്തില്‍ HIVയെക്കാള്‍ ഗുരുതരമായ എന്തോ ഒന്ന് നാം മലയാളികളെ മൊത്തമായി ബാധിച്ചിരിക്കുന്നു!

സന്ദേശം ആര്‍ക്കും മനസ്സിലായില്ല, സേര്‍ച്ചിലും ഇനിയത്‌ വരില്ല, പിന്മൊഴിയിലും വരില്ല, ആരെങ്കിലും അതിനു forced entry കൊടുത്തില്ലെങ്കില്‍ കമന്റ്‌ ആര്‍ക്കൈവുകളും ഇതിനെ എടുക്കില്ല. അങ്ങനെ അദ്ദേഹം സമൂഹത്തോടു ചോദിച്ച കാര്യം പാഴായിപ്പോയി.