വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ച് ശുദ്ധീകരണം നടത്തിയതു വിവാദമാക്കിയിരിക്കുകയാണല്ലോ. ഇതിനു മുമ്പ് മകന്റെ കല്യാണത്തെ തുടര്‍ന്നും പുണ്യാഹം നടത്തി രവി പബ്ലിസിറ്റി നേടിയിരുന്നു. വയലാര്‍ രവിയുടെ ഭാര്യയുടെ മതത്തെക്കുറിച്ച് ഏവര്‍ക്കും അറിയാമെന്നിരിക്കെ രണ്ടാം തവണയും ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകള്‍ നടത്തുന്നത് കള്ളനും പോലീസും കളിപോലെ പ്രഹസനങ്ങളാണ്. സവര്‍ണക്ഷേത്രങ്ങള്‍ക്ക് വയലാര്‍ രവിയുടെ പണം വേണം. അതിനാകട്ടെ അയിത്തവുമില്ല. എന്നാല്‍ വയലാര്‍ രവിയെന്ന അവര്‍ണനെ വേണ്ടതാനും! അതാണ് സവര്‍ണക്ഷേത്രങ്ങളുടെ സവിശേഷത. അതേക്കുറിച്ച് ചങ്ങമ്പുഴ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.
'രണ്ടുതുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയാണോ മതം തീര്‍ത്ത ദൈവം
പായസം നേരുകില്‍ പാപിയില്‍
കൂറുകാട്ടും ദെവമെന്തു ദൈവം?'
കൂദാശകിട്ടുകില്‍ കൂസാതെ പാപിയില്‍
കൂറുകാട്ടും ദൈവമെന്തു ദെവം?'
ഇതേ അര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു സമസ്യ ഇന്നും പ്രസക്തമാണ്.
'കാണിക്ക കുടം മുന്നില്‍ ഇല്ലാത്ത
ദേവനാരുണ്ട്, ദേവിയാരുണ്ട്
നാണയം വാങ്ങി ദ്രോഹിക്കുമിത്തരം
ദേവപൂജകള്‍ എന്തിനു ചെയ്യണം'
ഇങ്ങനെയൊക്കെയാണെങ്കിലും പഴക്കം കൊണ്ട് ചങ്ങല സ്വന്തമാണെന്ന് അവകാശപ്പെടുന്ന അടിമയെപ്പോലെ അവര്‍ണര്‍ക്ക് ഇപ്പോഴും പഥ്യം സവര്‍ണദൈവങ്ങളും അവരുടെ ക്ഷേത്രങ്ങളുമാണെന്നതാണ് അയിത്തവും പ്രാകൃതാചാരങ്ങളൊന്നുമില്ലാത്ത ശിവഗിരി ക്ഷേത്രമുണ്ടെങ്കിലും അവരുടെ യഥാസ്ഥിതിക മനോഭാവവും പരിതാപകരമായ വിരോധാഭാസ അവസ്ഥയും. അവര്‍ണനായ വയലാര്‍ രവിക്കാകട്ടെ സവര്‍ണ ദൈവങ്ങളെ വേണം. എന്നാല്‍ സവര്‍ണദൈവങ്ങള്‍ക്ക് അദ്ദേഹത്തെ വേണ്ട. അതേസമയം പ്രസംഗവേദിയില്‍ ജ്വലിക്കുവാനും കൈയടി കിട്ടുവാനും അദ്ദേഹത്തിന് അവര്‍ണത്വം വേണം താനും.
മാനുഷികമായി നരന് നരന്‍ അശുദ്ധി കല്‍പിക്കുന്ന പുണ്യാഹം തളി തെറ്റാണെങ്കിലും പ്രാകൃതമായ ക്ഷേത്രാചാരപ്രകാരം അതു തെറ്റാണെന്ന് പറയാന്‍ വയ്യ. പക്ഷെ വയലാര്‍ രവി മകന്റെ കല്യാണത്തിനും പേരക്കുട്ടിയുടെ ചോറൂണിനും ഈ സവര്‍ണക്ഷേത്രത്തെ രണ്ടുവട്ടം തിരഞ്ഞെടുത്തു പതിവായി വടികൊടുത്തു അടി വാങ്ങിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യത്തെയും അവഗണിക്കരുതല്ലോ. അതാണ് ജാതി്രശേണിയുടെ സവിശേഷത. മേല്‍ജാതിക്കാരില്‍ നിന്ന് പീഡനമേല്‍ക്കുന്നതില്‍ സുഖം കാണുകയും (അങ്ങനെയാണു അടികൊള്ളണമെങ്കില്‍ മോതിരക്കൈ കൊണ്ടുവേണമെന്ന ശൈലി രൂപപ്പെട്ടത്) താണജാതിക്കാരെ പീഡിപ്പിക്കുകയും ചെയ്യുകവഴി മേല്‍ജാതിക്കാരനില്‍ നിന്ന് ലഭിച്ച പീഡനം തിരിച്ച് താണജാതിക്കാര്‍ക്ക് നല്‍കിക്കൊണ്ട് നേടുന്ന വന്യമായ നിര്‍വൃതിയിലൂടെ ആത്മനിന്ദയെ അഭിമാനമാക്കി മാറ്റുന്ന വാങ്ങല്‍-കൊടുക്കല്‍ പ്രക്രിയയിലൂടെയാണ് ജാതിശ്രേണി അഭംഗുരം നിലനില്‍ക്കുന്നത്. അവര്‍ണന്‍ ഒരേസമയം പീഡിതനും പീഡകനുമാണെന്ന് സാരം. ആദിവാസികള്‍ക്കായി സമരം ചെയ്ത ജാനുവിനെ പോലീസ് നിഷ്കരുണം മര്‍ദ്ദിച്ചപ്പോള്‍ അതില്‍ അസാംഗത്യം കാണാതിരുന്ന മേഴ്‌സി രവി പറഞ്ഞതു ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. 'ജാനുവിനെ മര്‍ദ്ദിച്ചതില്‍ തെറ്റില്ല. ജാനു ക്രിമിനലാണ്'. നിയമം ലംഘിച്ചെന്ന് ആരോപിച്ച് ജാനുവിനെ മര്‍ദ്ദിക്കാമെങ്കില്‍ ക്ഷേത്രനിയമം ലംഘിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയും അനര്‍ഹമല്ലല്ലോ.
ഒരു ക്രൈസ്തവ വനിതയെ വിവാഹം കഴിക്കുകവഴി ലഭിച്ച വിപ്ലവകാരിയുടെ പരിവേഷത്തില്‍ ഊറ്റംകൊള്ളുകയും അതേസമയം സവര്‍ണക്ഷേത്രങ്ങളിലെ വഴിപാടുകളില്‍ അഭിമാനിക്കുകയും ചെയ്യുന്ന യഥാസ്ഥിതിക മനസ്സുള്ള ഈ വിപ്ലവസൂര്യന്റെ ദ്വൈമുഖത്തിനു ലഭിച്ച പ്രഹരമാണീ പുണ്യാഹ ശിക്ഷ. അവര്‍ണര്‍ക്ക് ഈശ്വരാരാധനയും ക്ഷേത്രപ്രവേശനവും നിഷേധിച്ചിരുന്ന കാലത്തു ആ ദുഃസ്ഥിതി പരിഹരിക്കാനാണ് ഗുരു അരുവിപ്പുറത്തു ക്ഷേത്രപ്രതിഷ്ഠ നടത്തി കൊടുങ്കാറ്റ് സൃഷ്ടിച്ചതെന്ന് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള രവി ഓര്‍ക്കണമായിരുന്നു. പ്രസ്തുത 'ഈഴവശിവ'നില്‍ തൃപ്തരാകാതെ അവര്‍ണര്‍ സവര്‍ണക്ഷേത്രങ്ങളിലേയ്ക്ക് ഇടിച്ചുകയറാനും അവരെ അനുസരിച്ച് പൂ(ഊ)ണൂല്‍ ധരിച്ച് ബ്രാഹ്‌മണരായി ചമയാനും തുടങ്ങിയതു ഗുരുനിന്ദയും ഗുരുപാതയില്‍ നിന്നുള്ള വ്യതിചലനവുമാണ്. പ്രസ്തുത ഗുരുനിന്ദയുടെ തിരിച്ചടിയാണ് പുണ്യാഹം തളിക്കല്‍. അതൊഴിവാക്കാനായി ഗുരു സഹോദരനയ്യപ്പനോട് പറഞ്ഞത് 'അവര്‍ക്കുവേണ്ടി ചെറിയ ക്ഷേത്രം നിര്‍മ്മിക്കണം. അല്ലെങ്കില്‍ അവരുടെ പണമെല്ലാം (വയലാര്‍ രവിയെപ്പോലുള്ളവരുടേത്) സവര്‍ണക്ഷേത്രത്തില്‍ കൊണ്ടുപോയി ഇടും. അതു അവരെ തല്ലിയൊതുക്കാനുള്ള കുറുവടിയായി മാറും' എന്നാണ്. ഈ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണീ വടികൊടുത്തു അടി വാങ്ങുന്ന 'കുറുവടി' പ്രയോഗം. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ ഒത്തുകളിച്ച് പതിവായി അരങ്ങേറുന്ന ഈ കപടനാടകത്തില്‍ പ്രതിഷേധിക്കാനും ഖേദിക്കാനും പരിതപിക്കാനും സഹതപിക്കാനും എന്താണുള്ളത്? ഒരു അവര്‍ണന്റെ സവര്‍ണവിലാപത്തില്‍ കവിഞ്ഞ്....
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍
No comments:
Post a Comment