സ്വപ്നങ്ങളിലേക്കുള്ള വഴികളാണ് ബിനുവിന് കഥകള്‍. ഓരോ കഥയും ബിനുവിന് ശരീരവേദനയില്‍ നിന്നുമുള്ള മോചനമാണ്. ഒരു ടേപ്പ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പോലും ഒടിഞ്ഞുനുറുങ്ങുന്ന അസ്ഥികള്‍. ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫെക്ട എന്നതാണ് ബിനുവിന്റെ രോഗാവസ്ഥ. എങ്കിലും ബിനു എഴുതി കൊണ്ടേയിരിക്കുന്നു. സ്നേഹത്തെക്കുറിച്ച്... മനുഷ്യരെക്കുറിച്ച്... ബന്ധങ്ങളെക്കുറിച്ച്... പ്രകൃതിയെക്കുറിച്ച്... അങ്ങിനെയെല്ലാം. പ്രതികൂല സാഹചര്യങ്ങളെങ്കിലും പഠനവും പുസ്തകങ്ങളും ഏറെയിഷ്ടപ്പെടുന്ന ഈ പതിനേഴുകാരന്‍, വീട്ടിലിരുന്ന് പഠിച്ച് നിലവില്‍ ഏഴാംക്ലാസ്സ് തത്തുല്യതാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നു. ബിനു നമ്മുടെ ലോകത്തു നിന്നും ഏറെയകലെയാണ്. ചാറ്റും കമ്മ്യൂണിറ്റിയും ഓണ്‍ലൈനുമെല്ലാമുള്ള 'ഇ-ലോകത്തു' നിന്നും ഏറെയകലെ. ബിനുവിന്റെ കവിതകളുടെ ആദ്യ 'ഇ-സമാഹാരം' http://binuvinte-kavithakal.blogspot.com ല്‍ 2007ല്‍ പ്രസിദ്ധീകൃതമായി. ബിനു താങ്കളെ സ്പര്‍ശിച്ചുവെങ്കില്‍ അതവനോടു നേരിട്ടുപറയാം. കത്തുകളെഴുതാം. അവന്റെ പരിമിതികളെ ഹൃദയംകൊണ്ടു പിന്തുണക്കുകയുമാകാം. രോഗാന്വേഷണങ്ങളേക്കാള്‍ കവിതയും മറ്റുവിശേഷങ്ങളുമാകും അവനേറെയിഷ്ടപ്പെടുക. മറ്റു വിവരങ്ങള്‍ക്ക്‌ഃ aksharamonline@gmail.com
ചുമപ്പും മഞ്ഞയും നിറങ്ങളില്‍ ജമന്തിയും, ഡാലിയയും, റോസപ്പൂക്കളും മുറ്റത്ത് വിടര്‍ന്നു നില്‍ക്കുന്നു. അവയെ നോക്കി ചന്തു ചോദിച്ചു.
ഹായ് എന്തു രസമാണമ്മേ പൂക്കള്‍ കാണാന്‍; എനിക്കൊരെണ്ണം തരുമോ?
ഒന്നല്ല ഇതു മുഴുവന്‍ മോനു തരാം.
അവന്റെ കൈവെള്ളയില്‍ അമ്മ ഒരു റോസപ്പൂ വച്ചുകൊടുത്തു. ആഹ്ലാദത്തോടെ അതിന്റെ ഇതളുകളില്‍ അവന്‍ തഴുകി.
അയ്യോ... കഷ്ടം....
രണ്ടിതളുകള്‍ അടര്‍ന്നു വീണു. ചന്തുവിനു വിഷമം തോന്നി. എത്ര സുന്ദരമായിരുന്നു ആ പൂവിനെ കാണാന്‍. പറിക്കേണ്ടായിരുന്നു.
അമ്മ എവിടെ... ഓ പോയി കാണും. ഒത്തിരി പണിയുള്ളതല്ലേ, എപ്പോഴും എന്റെ അടുത്തിരുന്നാല്‍ മതിയോ? താമസിക്കാതെ അച്ഛനും ഇങ്ങു വരും. അച്ഛനും, അമ്മയും, ഞാനും ചേര്‍ന്ന വീട്... തമാശയും നാട്ടു വര്‍ത്തമാനവും പറഞ്ഞും ചിരിച്ചുമങ്ങനെ... ചിലപ്പോള്‍ തോന്നും ഒരേട്ടനുണ്ടായിരുന്നെങ്കിലെന്ന്. അല്ലെങ്കില്‍ ചേച്ചി. എന്തു രസമായിരുന്നേനെ... കളിച്ചും ചിരിച്ചും... അപ്പുറത്തെ വീട്ടിലെ രാധയും രാമനും, മുറ്റത്തതാ ഓടിക്കളിക്കുന്നു. അതു കാണുമ്പോള്‍ കൊതിയുണ്ട് അവര്‍ക്കൊപ്പം കളിക്കാന്‍. പക്ഷേ...
കടയില്‍ നിന്നും അച്ഛന്‍ വരുന്നുണ്ട്.
ങേ നേരത്തേ പോന്നോ..
അമ്മയുടെ ചോദ്യം.
ഉം... കുടിക്കാന്‍ എന്തെങ്കിലും
ചന്തു മെല്ലെ അവിടേയ്ക്കു ചെന്നു.
ക്ലീം...
അവന്റെ കാല്‍ തട്ടി ചില്ലു ഗ്ലാസു ചിതറി. വെള്ളം നിലത്തേക്ക്
കണ്ണു കണ്ടൂടേ കുട്ടീ....
അമ്മയും ശബ്ദം ഉച്ചത്തിലായിരുന്നു.
പോ... അവിടെങ്ങാനും പോയിരുന്നോ ഇവിടെ മുഴുവന്‍ ചില്ലാ നിന്റെ മേലു മുറിയും.
അവന്റെ കണ്ണു നിറഞ്ഞു.
താനെവിടെ തിരിഞ്ഞാലും കാലുകള്‍ മുന്‍പേ പോകും. നീണ്ട് പുറകേയാണ് ഉടലിന്റെ യാത്ര. കൈ കുത്തി നിരങ്ങുന്ന ജീവിതം!
മഴ... രാത്രിയുടെ നിശബ്ദതയെ മുറിവേല്‍പിച്ചു ചിന്നഭിന്നം പെയ്യുന്നു. മിന്നലുണ്ട്, ഇടിയും ഈ ജനലിലൂടെ നോക്കിയാല്‍ ഇടവഴിയിലൂടെ വെള്ളമൊഴുകുന്നതു കാണാം.
ഞാനൊരു പുഴ കാണുകയാണോ?
ഇതെന്റെ മാത്രം പുഴ, മുങ്ങാന്‍ കുഴിയിടാന്‍, നീന്തി തുടിക്കാന്‍...
അവന്റെ മുഖത്തേക്കു ചിതറി വീണ മഴത്തുള്ളികള്‍ പൂമ്പാറ്റകളായ് മഴയിലേക്ക്...
ഠൂം... അയ്യോ....
വീഴ്ചയില്‍ കിനാവിന്റെ ചിറകൊടിഞ്ഞു.
അച്ഛനുമമ്മയും നല്ല ഉറക്കത്തിലാണ്.
ഭാഗ്യം... അവരറിഞ്ഞിട്ടില്ല...
മെല്ലെ ഇഴഞ്ഞു നടന്നു. അച്ഛനോടു ചേര്‍ന്നു കിടന്നു.
നല്ല തണുപ്പുണ്ട്. അവന്‍ നെഞ്ചിന്റെ ചൂടിലേക്ക് പറ്റിച്ചേര്‍ന്നു.
ഒന്നുമറിയാതുറങ്ങണം
ഉണരുമ്പോള്‍, കിളികള്‍ ചിലക്കും തൊടിയിലാ പൂക്കള്‍ നുള്ളണം. അരുവിയില്‍ മുങ്ങണം. കൂട്ടരൊത്തൊന്നു നീന്തണം...
അതിനായ് അവനുറങ്ങുകയാണ്... ഏതോ നിശ്ശബ്ദതയിലേക്ക് വഴുതി വീണു കൊണ്ട്...
CONTACT ADDRESS:
ബിനു എം. ദേവസ്യ
മുല്ലയില്‍ വീട്, മുള്ളന്‍കൊല്ലി തപാല്‍,
സുരഭിക്കവല, പുല്‍പ്പള്ളി വഴി,
വയനാട് ജില്ല, പിന്‍ - 673579.
Phone: 9388668946
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍
1 comment:
നല്ല എഴുത്ത്
ഇത്രയും സുന്ദരവും ലളിതവുമായി എഴുതാന്‍ കഴിയുന്നതു വലിയ കാര്യമാണു
Post a Comment