Thursday, April 2, 2009

ധര്‍മ്മ സങ്കടത്തിലാവുന്ന വോട്ടര്‍മാര്‍

എഡിറ്റോറിയല്‍

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാഷ്‌ട്രങ്ങളിലൊന്നായിട്ടാണ്‌ ഇന്ത്യയെ കണക്കാക്കുന്നത്‌. അഞ്ച്‌വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ്‌ വഴി പുതിയ ഭരണാധികരികളെ നിശ്ചയിക്കുന്ന പരിപാടി ലോകത്ത്‌ പലയിടത്തും നടക്കുന്നുണ്ടെങ്കിലും അത്‌ ഏറെക്കുറെ കുറ്റമറ്റരീതിയില്‍ നടക്കുന്നത്‌ ഇന്ത്യയില്‍ മാത്രമാണെന്നാണ്‌ വിലയിരുത്തല്‍. അതിനേറ്റവും മികച്ച ഉദാഹരണമാണ്‌, സ്വാതന്ത്ര്യം പ്രാപിച്ച്‌ 10 വര്‍ഷത്തിനകം ലോകത്ത്‌തന്നെ ആദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ അധികാരത്തിലേറിയ കേരള സംസ്‌ഥാനത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭ. ഇന്ത്യയിലെ മേറ്റ്ല്ലാ സംസ്‌ഥാനങ്ങളിലും ഭരണക്ഷിയായിരുന്ന കോണ്‍ഗ്രസ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കേരളത്തിലെ സ്‌ഥിതി വിഭിന്നമായിരുന്നു. വീണ്ടും ലോകരാഷ്‌ട്രങ്ങളെ അത്‌ഭുതപ്പെടുത്തിയ സംഭവമായിരുന്നു., അടിയന്തിരാവസ്‌ഥയ്‌ക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സ്‌ മന്ത്രിസഭയെ ന്യൂനപക്ഷമാക്കി, പ്രതിപക്ഷ സംഖ്യത്തെ വിജയിപ്പിച്ചത്‌. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പരാജയത്തിന്റെ രുചിയറിഞ്ഞു. പക്ഷേ, പ്രതിപക്ഷ കക്ഷികളുടെ ഇടയില്‍ പിന്നീട്‌ വന്ന അനൈക്യം ആ മന്ത്രിസഭയുടെ പതനത്തിലെത്തുകയും പിന്നെ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ഇന്ദിരയുടെ നേതൃത്വതത്തിലുളള കോണ്‍ഗ്രസ്സ്‌ അധികാരത്തിലെത്തുകയും ചെയ്‌തു. ജനാധിപത്യപ്രക്രിയ സുഗമമായി നടക്കുന്ന ഒരു രാഷ്‌ട്രത്തില്‍ മാത്രമേ ഈ മാതിരിയുള്ള തിരഞ്ഞെടുപ്പിലൂടെയുള്ള വിധിയെഴുത്ത്‌ നടക്കുകയുള്ളു.

പക്ഷേ കറകളഞ്ഞതെന്ന്‌ പറയപ്പെടുന്ന ഈ ജനാധിപത്യ സംവിധാനത്തിലും ഇപ്പോള്‍ കളങ്കമേറ്റിരിക്കുന്നു. കോഴക്കൊടുക്കല്‍ - വാങ്ങല്‍, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ രാഷ്‌ട്രീയമായ അനാശാസ്യതകളും അനാചാരങ്ങളും ഇപ്പോള്‍ ചികിത്സിച്ചുമാറ്റാന്‍ വയ്യാത്തവിധംവലിയ ഒരര്‍ബുദമായി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ ബാധിച്ചിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച്‌, തൊട്ടു പിന്നാലെ വന്ന തിരഞ്ഞെടുപ്പുമുതല്‍ ഇതിന്റെ തുടക്കം കുറിച്ചിരുന്നെങ്കിലും എഴുപതുകളുടെ മദ്ധ്യത്തോടെ അവ ക്രമാനുഗതമായി വളര്‍ന്ന്‌ വളര്‍ന്ന്‌ ഇനി ഏതൊരു ചികിത്സയും ഏല്‍ക്കില്ല എന്ന നിലയിലായിക്കഴിഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ അലഹബാദ്‌ ഹൈക്കോടതി അസാധുവാക്കിയതിനെ മറികടക്കാന്‍ രാജ്യത്ത്‌ അടിയന്തിരാവസ്‌ഥ ഏര്‍പ്പെടുത്തിയ സംഭവമായിരുന്നു, അതായിരുന്നു പ്രകടമായി ആദ്യമേറ്റ ആഘാതം. അടിയന്തരാവസ്‌ഥ പിന്‍വലിച്ച്‌ 1977 ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും ജനാധിപത്യ പ്രക്രിയക്ക്‌ തുടക്കമിട്ടെങ്കിലും എണ്‍പതുകളുടെ തുടക്കത്തോടെ ജനാധിപത്യമെന്നാല്‍ പണാധിപത്യമാണെന്നും, അധികാര ദുര്‍വിനിയോഗവും അഴിമതിയും ലോകമെമ്പാടും വ്യാപിച്ച ഒരു പ്രതിഭാസത്തിന്റെ പ്രതിഫലനം മാത്രമാണെന്നു വ്യാഖ്യാനം നല്‍കി ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ കളങ്കത്തിന്‌ സാധുകരണം നല്‍കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ തയ്യാറായതോടെ, അഴിമതിയും സ്വജനപക്ഷപാതവും, അധികാരദുര്‍വിനിയോഗവും രാജ്യമെമ്പാടും പടര്‍ന്നു തുടങ്ങി.

രാജ്യക്ഷേമത്തിന്‌ വേണ്ടി ഗവണ്‍മെന്റ്‌തന്നെ നയമായി നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതികളിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌വേണ്ടി ഉപയോഗിക്കുന്ന പണം ഈ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവ ക്ര്യം ചെയ്യുന്ന ഒരു മദ്ധ്യസ്‌ഥവര്‍ഗ്ഗം കൈക്കലാക്കാന്‍ തുടങ്ങിയതോടെ അഴിമതിയും സ്വജനപക്ഷപാതവും മറയില്ലാതെ ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലേയ്‌ക്കും പടര്‍ന്നു. ബീഹാറിലെ കാലിത്തീറ്റ കുംഭകോണം, മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രിയായിരുന്ന അന്തുലെയുടെ കാലത്തുണ്ടായ സിമന്റ്‌ കുംഭകോണം, ചേരിനിര്‍മ്മാര്‍ജ്ജനത്തിനും, ഡാമുകള്‍ക്കും വേണ്ടിയുള്ള പണം ചിലവഴിച്ചതിനെചൊല്ലിയുള്ള വിവാദങ്ങള്‍ - ഇവയില്‍ ചിലത്‌ മാത്രമാണ്‌. മുമ്പ്‌ ഉദ്യോഗസ്‌ഥവര്‍ഗ്ഗം അനുഭവിചിരുന്ന കോഴപ്പണം അതിന്റെ പലമടങ്ങായിട്ടാണ്‌ രാഷ്‌ട്രീയ ദല്ലാളന്മാരുടെ കൈകളിലേക്കെത്തുന്നത്‌. ഉദ്യോഗസ്‌ഥവര്‍ഗ്ഗത്തെ പിണക്കാതിരിക്കാന്‍ അവരുയിടയിലെ കൈക്കൂലിയും കെടുകാര്യസ്‌ഥതയും ഭരണകൂടത്തിലിരിക്കുന്നവര്‍ പലപ്പോഴും കണ്ടില്ലെന്ന്‌ നടിക്കുന്നു. ആദ്യമൊക്കെ വേള്‍ഡ്‌ ബാങ്കില്‍ നിന്നും മാത്രം ലഭിക്കുമായിരുന്ന പലപല ക്ഷേമപദ്ധതിക്ക്‌ വേണ്ടിയുള്ള വിദേശവായ്‌പ, ഉദാരവത്‌ക്കരണവും ആഗോളവത്‌ക്കരണവും അംഗീകൃത സമ്പ്രദായമായി മാറിയപ്പോള്‍, വിദേശത്തുള്ള സ്വകാര്യ ബാങ്കുകളില്‍ നിന്നും സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ വരെ ലഭിക്കുമെന്നായപ്പോള്‍, അഴിമതിയുടെ വ്യാപ്‌തി ഒന്നും രണ്ടും കോടിയല്ല, നൂറുകണക്കിന്‌ എന്ന നിലയിലേയ്‌ക്ക്‌ വളര്‍ന്നു കഴിഞ്ഞു. അതോടൊപ്പം മുമ്പ്‌ വളരെ ദുര്‍ലഭമായി നടന്നിരുന്ന അക്രമവാസനകള്‍ - ആളെ തട്ടിക്കൊണ്ടുപോകല്‍, ചേരി തിരിഞ്ഞുള്ള സമുദായ സംഘര്‍ഷങ്ങള്‍, കൊലപാതകങ്ങള്‍, ഭവനഭേദനങ്ങള്‍, ബാലാസംഗം - ഇവ രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്നു. അപൂര്‍വ്വമായി വരുന്ന കേസുകള്‍ ഭരണകക്ഷിയിലെ ആള്‍ക്കാര്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചേര്‍ത്ത്‌ ചാര്‍ജ്ജ്‌ ചെയ്‌ത്‌ കോടതിയിലെത്തുമ്പോള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉള്ളതാക്കി മാറ്റുന്നു.

നമ്മുടെ ജനാധിപത്യ സംവിധാനത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു പാര്‍ലമെന്റില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമ്പോഴും വിശ്വാസവേട്ടെടുപ്പവേളയിലും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടി മെമ്പര്‍മാരെ കോടിക്കണക്കിന്‌ രൂപ നല്‍കി, വശത്താക്കുന്ന സംഭവം. നരസിംഹറാവുവിന്റെ കാലത്ത്‌ ജാര്‍ക്കണ്ടില്‍ നിന്നുള്ള മുക്തിമോര്‍ച്ച മെംബര്‍മാര്‍ക്ക്‌ കോഴകൊടുത്തു വശത്താക്കി ഭൂരിപക്ഷം തെളിയിച്ച കേസ്സ്‌ കെട്ടടങ്ങിയില്ല, അതിന്‌ തൊട്ടുപിന്നാലെയാണ്‌ ആണവകരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റിലെ ഇടതുപക്ഷം ഗവണ്‍മെന്റിനുള്ള പിന്‍തുണ പിന്‍വലിച്ചപ്പോള്‍ 2008 ജൂലൈ മാസത്തില്‍ വിശ്വാസവോട്ടെടുപ്പ്‌ വേളയില്‍ പ്രതിപക്ഷ കക്ഷികളില്‍ പെട്ടവരെ വശത്താക്കാന്‍ വേണ്ടി കോടികളുടെ കോഴകൊടുത്ത വിവാദം ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കാണാനിടയായത്‌. കോഴപ്പണത്തിന്റെ സ്രോതസ്സ്‌ തെളിയിക്കാനാവാതെ പോയത്‌കൊണ്ട്‌ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പണം ഗവണ്‍മെന്റിനു മുതല്‍ക്കൂട്ടായി മാറി എന്നു മാത്രം. നമ്മുടെ ജനാധിപത്യത്തിനേറ്റ മുറിവിന്റെ ആഴം അവിടംകൊണ്ടു തീരുന്നില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഇടഞ്ഞു നിന്നിരുന്ന പ്രതിപക്ഷത്തെ സമാജ്‌വാദി പാര്‍ട്ടി മെംബര്‍മാരെ കൂടെക്കൊണ്ടുവരാന്‍ വേണ്ടി അവരുടെ നേതാവ്‌ മുലായംസിങ്‌ യാദവ്‌ യു.പി. മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം മരവിപ്പിക്കുകയാണുണ്ടായത.്‌ എതിര്‍പക്ഷത്ത്‌ നിലയുറപ്പിക്കുമെന്ന്‌ വ്യക്തമായപ്പോള്‍ ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി മായാവതിക്കെതിരെയുള്ള കേസ്‌ ഊര്‍ജ്ജിതമാക്കി.

ഇങ്ങ്‌ കേരളത്തിലും ഇതിന്റെ പ്രതിഫലനം കാണാം. പാമോലിന്‍ ഇറക്കുമതിയിലെ അഴിമതി, ബ്രഹ്‌മപുരം വൈദ്യുതി നിലയത്തെ സംബന്ധിച്ച അന്വേഷണം, ഇടമലയാര്‍ പ്രോജക്‌ടുമായി ബന്ധപ്പെട്ട കേസ്സുകള്‍ ഇവയൊക്ക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ നീണ്ടുപോവുന്നതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ ഏറ്റവും വലിയ വിവാദമായി മാറിയ ലാവ്‌ലിന്‍ കേസ്സ്‌ - ഉയര്‍ന്ന്‌വന്നത്‌. ഇവയിലൊക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന ആരോപണങ്ങള്‍ എല്ലാവശത്തുനിന്നു മുയരുമ്പോള്‍, ഇവിടെ കറകളഞ്ഞ ജനാധിപത്യ സംവിധാനമുണ്ടെന്ന വാദത്തിനെന്തര്‍ത്ഥമാണുളളത്‌? ഇങ്ങനെയുള്ള അവസരത്തില്‍ വരുന്ന തിരഞ്ഞെടുപ്പ്‌ നീതിയുക്തവും ന്യായയുക്തവുമാണെന്ന്‌ എങ്ങനെയാണ്‌ ഒരു സാധാരണക്കാരന്‍ വിലയിരുത്തുക.

ഇപ്പോള്‍ സ്‌ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച ഇന്ത്യയൊട്ടാകെയുള്ള എല്ലാ പാര്‍ട്ടികളുടെയും പേരുകള്‍ പരിശോധിക്കുമ്പോള്‍ - പലരും വധശ്രമമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായവരാണെന്ന്‌ കാണാം. കേസ്സ്‌ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മത്സരരംഗത്തേയ്‌ക്ക്‌ വരാന്‍ കഴിയുന്നെന്ന്‌ മാത്രം. ഈ ലിസ്‌റ്റില്‍ കോണ്‍ഗ്രസ്സ്‌, സമാജ്‌വാദിപാര്‍ട്ടി, ബഹ്‌ജന്‍ സമാജ്‌വാദിപാര്‍ട്ടി, രാഷ്‌ട്രീയ ജനതാദള്‍, ജനതാദള്‍, ഇടതും വലതുമായ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ - ഇവയില്‍ പെട്ടവരെക്കെയുണ്ട്‌. ഇവരെയൊക്കെയാണ്‌ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടത്‌.

ഈ സമയത്താണ്‌ നമ്മുടെ രാഷ്‌ട്ര പിതാവിന്റെ കണ്ണടയും പാദരക്ഷയുമുള്‍പ്പെട്ട ഭൗതിക വസ്‌തുക്കള്‍ കൈമോശം വരാതെയിരിക്കാനുള്ള ഗവണ്‍മെന്റ്‌ ശ്രമം പരാജയപ്പെട്ടപ്പോള്‍ മദ്യരാജാവായ വിജയമല്ല്യ കോടികള്‍ മുടക്കി ലേലത്തില്‍ പിടിച്ച്‌ വിദേശത്ത്‌ നിന്നും ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌ വലിയൊരു വിവാദമായി മാറിയിരിക്കുക്കന്നത്‌. മദ്യം വര്‍ജ്ജിക്കണമെന്ന്‌ ജീവിതകാലം മുഴുവന്‍ ആഹ്വാനം ചെയ്‌ത ഒരുയുഗപുരുഷനാണ്‌ ഇങ്ങനൊരു ദുഃഖകരമായ പരിവേഷം വന്നുപെട്ടിരിക്കുന്നത്‌. പുതിയ തലമുറകരുതുക, ഗാന്ധിജി മുമ്പൊരു മദ്യവ്യാപാരിയായിരുന്നവെന്നാണ്‌. അല്ലെങ്കിലും 'ഗാന്ധി' എന്നപേര്‍ സ്വന്തമാക്കി, മഹാത്മജിയുടെ പിന്‍തലമുറക്കാരാണ്‌ തങ്ങളെന്ന്‌ കബളിപ്പിച്ച്‌ കൊണ്ടിരിക്കുന്നവര്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളപ്പോള്‍ മഹാത്മജി ഇതെല്ലാം കണ്ട്‌, ഈ നാടിന്റെ ദുര്‍ഗതിയോര്‍ത്ത്‌ വിലപിക്കുന്നുണ്ടാവും.

തിരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാതിരിക്കാനുള്ള അവകാശം സമ്മതിദായകനുണ്ടെങ്കിലും വോട്ട്‌ എന്ത്‌കൊണ്ട്‌ ചെയ്യുന്നില്ല എന്ന അവകാശം വ്യക്തമാക്കാനുള്ള സംവിധാനം ഇലക്ഷന്‍ സമ്പ്രദായത്തിനില്ല. തിരഞ്ഞെടുത്തയക്കുന്ന അംഗങ്ങള്‍ അനുയോജ്യരല്ലെങ്കില്‍ അവരെ മടക്കി വിളിക്കാനുള്ള അവകാശവും സമ്മതിദായകര്‍ക്കില്ല. കറകളഞ്ഞ ജനാധിപത്യ സമ്പ്രദായത്തിന്റെ ദോഷവശങ്ങള്‍ ഇനിയും ഏറിവരാനാണ്‌ സാദ്ധ്യത. ഇങ്ങനെയുള്ള ഘട്ടത്തില്‍ പാവം വോട്ടര്‍ - ആര്‍ക്ക്‌, എന്തിന്‌ എങ്ങനെ വോട്ടുചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍

Thursday, March 26, 2009

പുഴയും കഥയും

സുധാ ബാലചന്ദ്രന്‍

പുഴ.ഡോട്ട്‌ കോമിന്റെ ഓണ്‍ലൈന്‍ മാഗസിന്റെ ആഭിമുഖ്യത്തില്‍ 2008-ല്‍ ഒരു കഥാമത്സരം നടത്തി. എല്ലാ കഥകളും ഇന്റര്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച്‌ വായനക്കാര്‍ക്ക്‌ വോട്ടു ചെയ്യാനാവസരം നല്‍കി. ഏറ്റവും കൂടുതല്‍ വോട്ടു നേടിയ 20 കഥകള്‍ അവാര്‍ഡ്‌ കമ്മറ്റി പരിശോധിച്ച്‌ 3 കഥകള്‍ തെരഞ്ഞെടുത്തു. അവാര്‍ഡിനര്‍ഹമായ ആ 3 കഥകളും ബാക്കി 17 കഥകളും ചേര്‍ത്ത്‌ പുഴ ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ പുഴ പറഞ്ഞ കഥ.

ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ ഏതൊരു വായനക്കാരനും ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ഈ കഥകളുടെ പുതുമയും വൈവിദ്ധ്യവുമാണ്‌. 1960-കളിലും 70 കളിലും ജനിച്ചവരാണ്‌ 50 ശതമാനം കഥാകാരന്മാര്‍. 80 കളിലും 90 കളിലും ജനിച്ചവര്‍ ചിലരും കഥാകൃത്തുക്കളിലുണ്ട്‌. അതുകൊണ്ടുതന്നെ വിഷയങ്ങള്‍ക്ക്‌ വ്യാപ്‌തിയും വ്യത്യസ്‌തതയും കാണാം. കഥാരചനയുടെ തന്ത്രങ്ങള്‍ പഠിച്ചവരും അല്ലാത്തവരും, നല്ല കഥകള്‍ വായിച്ചവരും അതിന്റെ അപര്യാപ്‌തതയുള്ളവരുമുണ്ട്‌. അസാമാന്യമായ കൈയടക്കം രചനയില്‍ കാട്ടുന്നവരും അതു തിരെയില്ലാത്തവരുമുണ്ട്‌. ഭാഷയുടെ സാദ്ധ്യതകള്‍ കണ്ടെത്തിയവരും, അതു ശ്രദ്ധിക്കാതെ വാക്കുകള്‍കൊണ്ട്‌ അമ്മാനമാടുന്നവരുമുണ്ട്‌.

എടുത്തു പറയേണ്ട ഒരു പോരായ്‌മ എഡിറ്റിങ്ങിന്റെ അഭാവമാണ്‌. ഒരു കഥാമത്സരത്തില്‍ എഡിറ്റിങ്ങിനു പ്രസക്തിയില്ല എന്നത്‌ ശരി. പക്ഷേ എഡിറ്റിങ്ങില്ലാതെ എഴുതി പ്രസിദ്ധപ്പെടുത്തി ശീലിച്ച പലരും ഈ സമാഹാരത്തിലെ പ്രതികളായിട്ടുണ്ട്‌. കൃതഹസ്‌തനായ ഒരെഡിറ്ററുടെ കരപരിചരണത്തില്‍ അതിമനോഹരങ്ങളായി മാറാവുന്ന രചനകള്‍ പലതും വൃഥാസ്‌ഥൂലതയും ആദിമദ്ധ്യാന്തപ്പൊരുത്തമില്ലായ്‌മയും കൊണ്ട്‌ അത്ര സുഖകരമല്ലാത്തവയായി അവസാനിച്ചിട്ടുണ്ട്‌ ഈ സമാഹാരത്തില്‍.

ഇലക്‌ട്രോണിക്‌ യുഗത്തിന്റെ സന്തതികളായ പുതിയ എഴുത്തുകാരില്‍ പൊതുവേ കണ്ടു വരാറുള്ള മറ്റൊരു ദോഷമാണ്‌ അനാവശ്യമായ തിടുക്കം. 'പുഴ പറഞ്ഞ കഥ' യിലെ പല കഥകളും നിരാശജനകമായിത്തീര്‍ന്നത്‌ ഈ തിടുക്കം മൂലമാണ്‌. ഉള്ളില്‍ വീണ ഒരു കഥാബീജം പൂര്‍ണ്ണവളര്‍ച്ചയെത്തും വരെ തപസ്സിരിക്കണമെന്നാണ്‌ പൂര്‍വ്വസൂരികള്‍ പറഞ്ഞിരിക്കുന്നത്‌. പക്ഷേ അല്‌പം പോലും ക്ഷമയില്ലാതെ വലിച്ചുവാരിയെഴുതിത്തീര്‍ത്ത്‌ പണിപൂര്‍ത്തിയാക്കി ധന്യത കൈവരിച്ചിരിക്കുന്നു പലരും.

ടോള്‍സ്‌റ്റോയ്‌ തന്റെ ബൃഹദ്‌നോവലായ 'യുദ്ധവും സമാധാനവും' 10 തവണ പകര്‍ത്തിയെഴുതിയെന്ന്‌ ചരിത്രം പറയുന്നു. ഒരു വിശ്വമഹാസാഹിത്യകാരനായി അദ്ദേഹം ഉയര്‍ന്നതിന്റെ പിന്നില്‍ ഈ ക്ഷമയുടെയും പൂര്‍ണ്ണതയ്‌ക്കായുള്ള കഠിനപ്രയത്നത്തിന്റെയും പശ്ചാത്തലവും കൂടിയുണ്ട്‌. കറതീര്‍ന്ന ഒരു ശില്‌പമാവണം തങ്ങളുടെ കലാസൃഷ്‌ടികള്‍ എന്ന നിര്‍ബന്ധം എഴുത്തുകാര്‍ക്കുണ്ടാവേണ്ടതുണ്ട്‌.

ഒന്നാം സമ്മാനം നേടിയ 'പുഴ പറഞ്ഞത്‌' ഉള്ളടക്കത്തിലും അവതരണത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒന്നാണ്‌. വിഷയത്തിന്റെ കാലികത, പാത്രസൃഷ്‌ടിയിലെ മികവ്‌, കഥപറച്ചിലിലെ കയ്യടക്കം എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന ഡോ. ഇ സന്ധ്യയുടെ 'പുഴ പറഞ്ഞത്‌" തുടങ്ങുന്നതും അവസാനിക്കുന്നതും പെര്‍ഫെക്‌ട്‌ ആയ നിമിഷങ്ങളിലും ചലനങ്ങളിലുമാണ്‌. രോഹിണിയെന്ന കമ്പനി എക്‌സിക്യൂട്ടീവ്‌ ആധുനിക കേരളീയവനിതയുടെ ഒരു മുഖം കാട്ടിത്തരുന്നു. കോടികളുടെ ഇടപാടുകള്‍ കയ്യിലൂടെ മറിയുന്ന, പബ്ലിക്‌റിലേഷന്‍ കപ്പാസിറ്റി അത്യധികമുള്ള, ഉള്ളില്‍ കവിതയും കലഹവുമുള്ള രോഹിണി. അവളുടെ ജീവിതം താറുമാറാക്കി കടന്നുപോയ രാജീവ്‌ ബാക്കിവെച്ച മാളുവെന്ന നാലാം ക്ലാസുകാരി മകള്‍ക്ക്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയാത്തതില്‍ രോഹിണി ദുഃഖിക്കുന്നു. അവളുടെ ഉള്ളിലിപ്പോള്‍ ദീപക്കെന്ന ചെറുക്കപ്പാരനുണ്ട്‌. ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്ന, ഉള്ളിലെ അജ്ഞാതമായ പുല്‍മേടുകളും കാനനഭംഗിയും കടല്‍ക്കരയും ആകാശവും കാട്ടിത്തരുന്ന ദീപക്‌. പക്ഷേ അയാള്‍ക്ക്‌ മാളുവിനെ ഉള്‍ക്കാള്ളാന്‍ കഴിയുന്നില്ലേ എന്നവള്‍ക്ക്‌ സംശയമുണ്ട്‌. ഒരു ഒഫീഷ്യല്‍ യാത്രയില്‍ ഹോട്ടല്‍മുറിയില്‍ നിന്നുകണ്ട പുഴക്കടവിലെ ദീപങ്ങള്‍ അവളില്‍ പ്രതീക്ഷകള്‍ ആളിക്കത്തിച്ചു. ദിപക്കിനോട്‌ വിവാഹത്തിനു സമ്മതം മൂളാന്‍ തീരുമാനിച്ച്‌ അവളുറങ്ങി. പിറ്റേന്ന്‌ പുലര്‍ച്ചയ്‌ക്ക്‌ പുഴക്കടവിലെത്തിയ രോഹിണി കണ്ടത്‌ മണല്‍വാരുന്ന മനുഷ്യരെയാണ്‌. അവര്‍ക്കു വെളിച്ചം കാണാന്‍ കൊളുത്തിവച്ച ചെരാതുകളായിരുന്നു തലേന്നു രാത്രിയിലവള്‍ കണ്ടുമോഹിച്ചത്‌. തിരിച്ചു മുറിയില്‍ വന്ന്‌ പുഴയിലേയ്‌ക്ക്‌ തുറക്കുന്ന ജനലുകളടച്ച്‌ രോഹിണി ദീപക്കിന്റെ നമ്പര്‍ സെല്‍ഫോണില്‍ നിന്നു ഡിലീറ്റ്‌ ചെയ്‌തു.

ആധുനികയുഗത്തിന്റെ ഒട്ടേറെ സങ്കീര്‍ണ്ണതകളും സമസ്യകളും ധ്വന്യാത്മകഭംഗിയോടെ ഉള്‍ക്കൊള്ളിച്ച കഥയുടെ അന്ത്യത്തിന്‌ ഒരു സവിശേഷ അഭിനന്ദനം ഡോ. സന്ധ്യ അര്‍ഹിക്കുന്നു.

വിവാഹ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവയെ പുതിയ തലമുറയിലെ സ്‌ത്രീകള്‍ നേരിടുന്ന രീതിയും പുതിയ ബന്ധങ്ങളിലേര്‍പ്പെടാന്‍ അവര്‍ കാട്ടുന്ന ധൈര്യവും പുതിയ ഔദ്യോഗിക ജീവിതമേഖലകളിലെ വ്യത്യസ്‌തകളും വിജയസാദ്ധ്യതകളും അവിടെ ഒരതിരുവരെ കാണപ്പെടുന്ന സ്‌ത്രീപുരുഷസമത്വവും അപ്പോഴും സ്‌ത്രീകള്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളും മാതൃത്വത്തിന്റെ സനാതനത്യാഗമനോഭാവവും തൊട്ട്‌ സമകാലിക ജീവിതത്തില്‍ ഇലക്‌ട്രോണിക്‌ മീഡിയ ചെലുത്തുന്ന സ്വാധീനവും പരിസ്‌ഥിതിപ്രശ്‌നങ്ങളും വരെ 6 പേജുകളുള്ള ഇക്കഥ ഉള്‍ക്കൊള്ളുന്നു.

സമകാലിക മലയാളിവനിതയെ സന്ധ്യയുടെ നായിക രോഹിണി ഉള്‍ക്കൊണ്ടിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. തീരുമാനങ്ങളെടുക്കാന്‍ ആരെയും ആശ്രയിക്കാതെ, മൃദുലമനസ്സിന്റെ സുന്ദരവും ആദര്‍ശപൂര്‍ണ്ണവുമായ ഭാവങ്ങളെ തിരസ്‌ക്കരിക്കാതെ, സെന്റിമെന്റലിസത്തിലേയ്‌ക്ക്‌ വഴുതി വീഴാതെ ജീവിതത്തെ അവള്‍ സുധീരം നേരിടുന്നു.

രണ്ടാം സമ്മാനം നേടിയ ഷീലാടോമിയുടെ 'മകള്‍' എന്ന കഥയും സമകാലികവും അസുഖപ്രദവുമായ ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന ഒന്നാണ്‌. സ്വന്തം പിതാവിനാല്‍ പീഢിപ്പിക്കപ്പെടുന്ന, ലൂസിയെന്ന 14 കാരിയുടെ ജീവിതദുരന്തമാണ്‌ 'മകളി'ല്‍ പ്രതിഫലപ്പിച്ചിരിക്കുന്നത്‌.

നേഴ്‌സായ അമ്മ രാത്രിയില്‍ ഡ്യൂട്ടിയ്‌ക്ക്‌ പൊയ്‌ക്കഴിഞ്ഞാല്‍ മദ്യപിച്ചുവന്ന്‌ മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പപ്പ അഭ്യസ്‌തവിദ്യനും ക്ലബ്‌ മെംബറും മരിയോ വര്‍ഗാസ്‌ യോസെയുടെ നോവല്‍ വായിക്കുന്ന സഹൃദയനുമാണ്‌. പുഴയേയും പൂവാലിപ്പശുവിനെയും സ്‌നേഹിക്കുന്ന, അവയോടൊക്കെ കിന്നാരം പറയുന്ന ആ പതിനാലുകാരി താന്‍ എന്നുമൊരു കുഞ്ഞായിരുന്നെങ്കില്‍ എന്ന്‌ വേദനയോടെ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ഹൃദയം നുറുങ്ങിപ്പോകുന്നു. ആഗോളതാപനത്തിന്റെ ഫലങ്ങളെക്കുറിച്ച്‌ ആലോചിക്കുന്ന ആ പിഞ്ചുമനസ്സ്‌ മഗ്‌ദലനമറിയവും അനുഗ്രഹിക്കപ്പെട്ടവളല്ലേ എന്ന്‌ (ഡാവിഞ്ചി കോഡ്‌ വായിച്ച്‌) അത്ഭൂതപ്പെടുന്നു. അമ്മാമ്മയുടെ വിലക്കുകേട്ട്‌ "ബൈബിളിലും കുട്ടികള്‍ക്ക്‌ പറ്റാത്ത കാര്യങ്ങളോ?" എന്ന്‌ അരിശപ്പെടുന്നു. കൂട്ടുകാരെല്ലാം ഇന്റര്‍നെറ്റില്‍ വിക്രിയകള്‍ കാട്ടിയാലും ഒരു മൗസ്‌ ക്ലിക്കില്‍ അവള്‍ എവിടെപ്പോയാലും പാടവരമ്പത്തെ തുമ്പപ്പൂവും പുഴയോരത്തെ കൈതയും പൂവാലിയുമെല്ലാം അവളെ തിരികെ വിളിക്കും. നിഷ്‌ക്കളങ്കതയുടെയും കോമളമായ ജീവിത സൗകുമാര്യത്തിന്റെയും പ്രതീകമായ ആ പെണ്‍കുട്ടി തന്റെ ഗതികേട്‌ ആരോടും പറയാനാവാതെ പുഴയില്‍ ജീവിതമൊടുക്കുകയാണ്‌. അവളെ വേണമെങ്കില്‍ ഭ്രാന്താശുപത്രിയിലെ പേരറിയാപ്പെണ്‍കിടാങ്ങളിലും കാണാമെന്ന്‌ ഷീലാടോമി കഥയവസാനിപ്പിക്കുന്നു.

വിദ്യാസമ്പന്നരും പുറമെ സംസ്‌കാര സമ്പന്നരെപ്പോലെ കാണപ്പെടുന്നവരും പോലും സ്വന്തം പെണ്‍മക്കളെ പീഢിപ്പിക്കുന്നുവെന്ന ക്രൂരസത്യം സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. പക്ഷേ അതു കേട്ടെന്നു നടിക്കുന്നതുപോലും നമ്മുടെ സംസ്‌കാരബോധത്തെ ഞെട്ടിക്കുന്നതിനാലാവാം അത്തരം ഭീകരപ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു കാല്‍വയ്‌പും ഇതുവരെ നാമെടുക്കാത്തത്‌. "അമ്മ തന്നെയൊന്ന്‌ ഉമ്മ വച്ചിരുന്നെങ്കില്‍, എന്താ മോളേ നിനക്കു പറ്റിയെന്ന്‌ ചോദിച്ചെങ്കില്‍" എന്നു ലൂസി വിങ്ങുന്നത്‌ ലോകത്തുള്ള എല്ലാ അമ്മമാരുടെയും ഉള്ളില്‍ചെന്ന്‌ പ്രതിദ്ധ്വനിച്ചെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. പ്രശ്‌നം അവതരിപ്പിക്കുന്നതോടൊപ്പം പരിഹാരവും കൂടി കഥയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്നതായി അനുഭവപ്പെടുന്ന നിമിഷമാണത്‌.

ഷീലടോമിയുടെ കഥയില്‍ വെട്ടിക്കളയാവുന്ന ചില ഭാഗങ്ങളുണ്ട്‌. പക്ഷേ കഥാരചനയുടെ പുതിയ തന്ത്രങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന ചില അംശങ്ങള്‍ അവയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടുതാനും. വലിച്ചുനീട്ടുന്ന ആമുഖത്തെപ്പറ്റി വായനക്കാരന്‍ ചിന്തിക്കുന്ന നിമിഷത്തില്‍ കഥാകൃത്തും അതിനെപ്പറ്റി ബോധവതിയാണെന്നു വ്യക്തമാക്കുന്ന നിമിഷം ഉദാഹരണം. കഥ കഥയാണെന്നും ജീവിതമല്ലെന്നും പൂര്‍ണ്ണബോധ്യത്തോടെ അവതരിപ്പിക്കുന്നതിലും കാലികത നിഴലിക്കുന്നു. ലൂസി ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ അവള്‍ ഉന്മാദാവസ്‌ഥയിലെത്തുമെന്ന്‌ സൂചിപ്പിക്കുന്ന അന്ത്യത്തില്‍ അതിവൈകാരികമാകാതെയുള്ള ഒരു വികാര വിസ്‌ഫോടനവും കാഥികയ്‌ക്കു സാദ്ധ്യമാവുന്നുണ്ട്‌.

മൂന്നാം സ്‌ഥാനത്തിനര്‍ഹമായ 'സങ്കടപ്പൂവ്‌', ആര്‍.എസ്‌. രാധിക എന്ന പതിനഞ്ചുവയസ്സുകാരി എഴുതിയതാണ്‌. അല്‌പനേരം പൊരുന്നയിരുന്ന്‌ വേണ്ടവിധം വികസിപ്പിച്ചിരുന്നെങ്കില്‍ നല്ലൊരു കഥയ്‌ക്കുള്ള സ്‌കോപ്പുണ്ടായിരുന്ന വിഷയമാണ്‌ സങ്കടപ്പൂവിന്റേത്‌. കുടുംബബന്ധങ്ങളിലെ ശൈഥില്യവും അത്‌ ഇളം മനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളും ഈ കഥയില്‍ സൂചിതമാകുന്നുണ്ട്‌. വിശ്വോത്തര ചെറുകഥകള്‍ പരിചയപ്പെടുകയും, കഥാരചന നിത്യാഭ്യാസമാക്കുകയും ചെയ്‌താല്‍ ഈ ഇളം കുരുന്നില്‍ നിന്ന്‌ ധാരാളം നല്ല കഥകള്‍ പുറപ്പെട്ടേയ്‌ക്കാം.

ബാജി ഓടംവേലിയുടെ "നീറുന്ന നെരിപ്പോട്‌" വായിച്ചപ്പോള്‍ പണ്ടൊരു മഹാനിരൂപകന്‍ ഒരു ബഷീര്‍കൃതിയെപ്പറ്റി പറഞ്ഞ വാക്യങ്ങള്‍ ഓര്‍മ്മ വന്നു. "ജീവിതത്തില്‍ നിന്നും വലിച്ചുചീന്തിയെടുത്ത ഒരേട്‌. വാക്കുകളില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു." ആധുനിക മലയാളിയുടെ അന്തസ്സാരശൂന്യതയ്‌ക്കും സത്യസന്ധതയില്ലായ്‌മയ്‌ക്കും കൂടി ഉദാഹരണമാണിക്കഥ. തന്റെ ഒരു അശ്രദ്ധകൊണ്ട്‌ ഒരു സുഹൃത്ത്‌ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ നായകന്‌ നെഞ്ചിലൊരു നെരിപ്പോട്‌ സൂക്ഷിച്ചാല്‍ മതിയെന്നു വരുന്നത്‌ ക്രൂരവും ഭീകരവും മനസ്സാക്ഷിയില്ലായ്‌മയുമാണ്‌.

ആധുനിക ജീവിതം സമ്മാനിക്കുന്ന ബന്ധശൈഥില്യങ്ങള്‍ വിഷയമാക്കിയ കഥകളിലൊന്നാണ്‌ ഒട്ടകങ്ങള്‍ ഉണ്ടാകുന്നത്‌'. സ്വന്തം കിഡ്‌നി വിറ്റ്‌ മകളെ ചികിത്സിച്ച അച്ഛന്‌ ഒടുവില്‍ നന്ദികേടു മാത്രം നല്‍കി കടന്നുപോകുന്ന മകള്‍. കഥാവിഷയത്തിലില്ലാത്ത പുതുമ അവതരണത്തില്‍ ബാബു ജോര്‍ജ്‌ കാണിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ 'കളിപ്പാട്ടങ്ങള്‍ കരയുന്നു' വെന്ന കഥയില്‍ സബീന.എം.സാലി പറയാന്‍ നടത്തുന്ന ശ്രമം അവസാനഖണ്ഡികയില്‍ വല്ലാതെ പാളി. സമ്മാനാര്‍ഹര്‍ക്കു പുറമേ 'പൂച്ചജന്മ' മെഴുതിയ ഗോപക്‌ യു. ആര്‍., 'പുത്രകാമേഷ്‌ടി' എഴുതിയ ആര്‍. രാധാകൃഷ്‌ണന്‍, പച്ചക്കുതിരകളെ ഞാന്‍ തൊടാറില്ല' എഴുതിയ കെ.ആര്‍.ഹരി, 'സംഗമം' എഴുതിയ അഭിലാഷ്‌ ആര്‍.എച്ച്‌. തുടങ്ങിയവര്‍ ചില പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ്‌ ഈ സമാഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.

വ്യത്യസ്‌തമായ പശ്ചാത്തലം കൊണ്ട്‌ ശ്രദ്ധപിടിച്ചു പറ്റുന്നു, കെ.എം. ജോഷിയുടെ 'ഫൂലിയാഗാവിന്റെ നൊമ്പരങ്ങള്‍, ജയിന്‍ ജോസഫിന്റെ 'സൂര്യതാഴ്‌വാരത്തെ ദേശാടനക്കിളി' എന്നിവ. ഏറെ ആഴങ്ങള്‍ ഒളിപ്പിച്ചുവച്ച കഥയാണ്‌ എ.എന്‍.ശോഭ, കോട്ടയത്തിന്റെ 'വില്‌പനക്കാരന്‍' ഒരു നല്ല കഥയ്‌ക്കാവശ്യമായ ചേരുവകളൊക്കെ ചേരേണ്ടുംപടി ചേര്‍ത്തിട്ടുമുണ്ട.്‌

ഉപഭോഗസംസ്‌കാരത്തില്‍ വഴിതെറ്റിപ്പോകുന്ന, നാശത്തിലേയ്‌ക്കാണ്ടു പതിക്കുന്ന ഒരു വിഭാഗം മനുഷ്യരെ കാണിച്ചുതരുന്ന ക്രെഡിറ്റ്‌കാര്‍ഡ്‌ (ദൃശ്യന്‍) എന്ന കഥ ശക്തവും തീക്ഷണവുമായ അവതരണം കൊണ്ട്‌ ശ്രദ്ധേയമാകുന്നു.

മനസ്സിനെ മെല്ലെ തൊട്ടുണര്‍ത്തുന്ന ചില നൈമിഷികാനുഭൂതികളില്‍ കഥാവസ്‌തു കണ്ടെത്താന്‍ ശ്രമിക്കുന്നു പലരും. വ്യത്യസ്‌തമായ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രമേ തൂലികയെടുക്കാവൂ എന്ന്‌ മഹാരഥന്മാരായ സാഹിത്യകാരന്മാര്‍ പറഞ്ഞത്‌ ഇവരില്‍ ചിലരെങ്കിലും ഓര്‍ക്കേണ്ടതുണ്ട്‌.

ഇലക്‌ട്രോണിക്‌ യുഗത്തിന്റെ അനുഗ്രഹംകൊണ്ടാണ്‌ തങ്ങളുടെ സൃഷ്‌ടികള്‍ വെളിച്ചം കണ്ടതെന്നും അനേകം പേര്‍ എത്രയോ അകലങ്ങളിലിരുന്ന്‌ അവ വായിച്ചതെന്നും തിരിച്ചറിയുന്ന ഈ എഴുത്തുകാര്‍ ആ മീഡിയത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി രചനയുടെ മഹത്തായ മേഖലകള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുമെന്ന്‌ നമുക്കാഗ്രഹിക്കാം.

വനിതാ കമ്മീഷന്‍ നിര്‍ദ്ദേശവും പ്രതികരണവും

ഡോ. സിസ്‌റ്റര്‍ ജെസ്‌മി

വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും അതിനാല്‍ തന്നെ വിവാദങ്ങള്‍ക്കും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും പാത്രിഭൂതമാവുകയും ചെയ്‌ത വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച്‌ പുഴ.കോം പത്രാധിപര്‍ പ്രതികരിക്കണമെന്ന ആവശ്യപ്പെട്ടതനുസരിച്ച്‌ ഏതാനും ചില ചിന്തകള്‍ ഇവിടെ പങ്കുവെയ്‌ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും തീരുമാനങ്ങള്‍ക്കും പ്രാമുഖ്യം നല്‌കുന്ന ഈ അത്യാധുനിക കാലഘട്ടത്തില്‍ സ്വന്തം ഭാവി ജീവിതം സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരന്‌ അനിവാര്യമാണ്‌. ഈ തെരഞ്ഞെടുപ്പിന്‌ സഹായകമാകേണ്ടത്‌ സാഹചര്യങ്ങളേക്കാളും സമ്മര്‍ദ്ദങ്ങളേക്കാളും ഏറെ ആ വ്യക്തിയുടെ തന്നെ പക്വമായ മാനസിക, ബൗദ്ധിക, ആത്മീയ നിലപാടുകളാണ്‌ എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ത്തന്നെ ഒരു യുവതി വിവാഹിതയാകേണ്ടത്‌ പതിനെട്ടു വയസ്സു പൂര്‍ത്തിയായതിനുശേഷം മാത്രമാണ്‌ എന്ന നിയമം നിലവിലിരിക്കേ അതിനേക്കാള്‍ ഇളം പ്രായത്തില്‍ അവര്‍ സന്യാസജീവിതം തെരഞ്ഞെടുക്കപ്പെടേണ്ടി വരുന്നത്‌ യുക്തിരഹിതം തന്നെ. മനുഷ്യസഹജമായ അഥവാാ‍ പ്രകൃതിനിയമമായ വൈവാഹികജീവിതത്തിന്‌ പതിനെട്ടു വയസ്സിന്റെ പക്വതകൈവരിക്കുന്നതുവരെ ഒരു സ്‌ത്രീ അര്‍ഹയല്ല എന്ന തത്വം അംഗീകരിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍, സ്വഭാവാതീതമായ സമര്‍പ്പണ ജീവിതത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന യുവതികള്‍ക്ക്‌ പ്രായപൂരര്‍ത്തിയായിരിക്കണം എന്ന്‌ നിഷ്‌ക്കര്‍ഷിക്കുന്നതില്‍ തെറ്റില്ല.

സന്യാസിനികളുടെ ആവലാതികള്‍ നിറഞ്ഞ നിരവധി കത്തുകള്‍ കൈപ്പറ്റിയ സന്ദര്‍ഭത്തിലാണ്‌ ഇത്തരം ഒരു സാഹസികനിര്‍ദ്ദേശം മുന്നോട്ടുവെയ്‌ക്കാന്‍ വനിതാ കമ്മീഷന്‍ ഒരുമ്പെട്ടത്‌ എന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു. വ്രതബദ്ധജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌ കൗമാരപ്രായത്തിലാണെങ്കിലും അഞ്ചോ ആറോ വര്‍ഷങ്ങള്‍ നീണ്ടുനില്‌ക്കുന്ന പരിശീലനഘട്ടത്തിനുള്ളില്‍ അവര്‍ക്ക്‌ പതിനെട്ടും അതില്‍ കൂടുതലും പ്രായമാകുന്നുണ്ടെന്നും വേണ്ടത്ര ആലോചനയ്‌ക്കും ധ്യാനത്തിനും ശേഷമാണ്‌ അവര്‍ വ്രതം ചെയ്‌ത്‌ പൂര്‍ണ്ണസന്യാസിനിയാകുന്നത്‌ എന്നുമാണ്‌ സഭയുടെ വാദഗതി. പ്രായോഗികതലത്തില്‍ സഭകണ്ടെത്തുന്നത്‌ മറ്റൊരു ന്യായമാണ്‌. മനശ്ശാസ്‌ത്രപ്രകാരം 'ഒരു പെണ്‍കുട്ടിയുടെ മെഴുകുപാകമായ ഇളം ഹൃദയത്തില്‍ ആദ്യം പതിയുന്ന മുഖച്ഛായയാണ്‌ മരണം വരെ നിലനില്‌ക്കുക' എന്നൊരു ചിന്താധാരയുണ്ട്‌ു‍ം. അപ്പോള്‍ ആദ്യംതന്നെ 'ഈശോയുടെ മുഖമുദ്ര' ഹൃദയത്തില്‍ പതിഞ്ഞാല്‍ പിന്നെ മറ്റൊരു പുരുഷനെ ഉള്ളിലേറ്റാന്‍ അവള്‍ക്ക്‌ കഴിയില്ല എന്നത്‌ ഒരു അനുഭവസത്യം മാത്രം. മൂത്തുപാകമായ ഒരു യുവതി സന്യാസജീവിതം സ്വയം തെരഞ്ഞെടുക്കുക എന്നത്‌ വളരെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണ്‌. ഒരു കത്തോലിക്ക വ്യക്തി വനിതാ കമ്മീഷന്റെ പരാമര്‍ശനത്തിനെതിരെ എനിക്കെഴുതിയ കത്തില്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

"ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെയാണ്‌ സന്യാസിനികളായി നമുക്ക്‌ ലഭിക്കേണ്ടത്‌. നമ്മുടെ സ്‌കൂളുകളിലും കലാലയങ്ങളിലും ഇന്ന്‌ പഠിച്ചുകൊണ്ടിരിക്കുന്ന എത്രപേര്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെടാത്തവരുണ്ട്‌? ഞാന്‍ ദീര്‍ഘമായ കാലഘട്ടം (23 വര്‍ഷം) യുവജനപ്രസ്‌ഥാനങ്ങളുമായി നീങ്ങിയവനാണ്‌....... ഒത്തിരി കൗമാരക്കാരെ അറിയാം; അവരുടെ കൗണ്‍സെലിംഗ്‌ കേട്ടിട്ടുണ്ട്‌. late vocation നല്ലതുതന്നെ. പക്ഷേ ഇത്തരം ഒരു സമൂഹത്തില്‍ നിന്നും എങ്ങനെ ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെ സന്യാസിനികളായി ലഭിക്കും.?....... അവരും ഇവരും തൊട്ടതും, താലോലിച്ചതും ഒക്കെ സന്യസ്‌ത ജീവിതത്തിലേക്ക്‌ പിന്നീട്‌ കയറി വന്നാല്‍ എങ്ങനയാകും എന്നാണ്‌ ഉത്‌കണ്‌ഠ......" യുക്തിരഹിതമായ മേല്‌പറഞ്ഞ പ്രസ്‌താവനകളോട്‌ു‍ം ഞാന്‍ യോജിക്കുന്നില്ല; കാരണം അകത്തുപ്രവേശിച്ച കന്യകകളെ എതിരേല്‌ക്കാന്‍ ഇത്തരം അപകടങ്ങള്‍ അകത്തും പതിയിരിക്കുന്നുണ്ട്‌. quantity ക്ക്‌ പ്രാധാന്യം കൊടുക്കുമ്പോള്‍ സഭ quality-യെ പുറംതള്ളുകയാണ്‌ എന്ന്‌ അറിയാതെ പോകുന്നതെന്ത്യേ? പരിശീലനത്തിന്‌ നിണ്ടകാലം അനുവദിക്കുന്നില്ലേ എന്നചോദ്യവും അപ്രസക്തമാണ്‌. ഒരു 'മസ്‌തിഷ്‌കപ്രക്ഷാളന' അന്തരീക്ഷം സൃഷ്‌ടിക്കുന്ന കാലയളവാണ്‌ അത്‌ എന്നത്‌ വിസ്‌മരിക്കാനാവുന്നതല്ല.

ബ്രഹ്‌മചര്യം, ദാരിദ്യം, അനുസരണം എന്ന വ്രതത്രയങ്ങളെക്കുറിച്ച്‌ പരിശീലനഘട്ടത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു; ചര്‍ച്ചകള്‍ നടത്തുന്നു; പരീക്ഷകള്‍ എഴുതികടന്നു എന്നതൊക്കെ വാസ്‌തവം തന്നെ. പ്രായമായ കന്യാസ്‌ത്രീകളുടെ അനുഭവം പങ്കുവെയ്‌ക്കലും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‌കലുമെല്ലാം വളരെ പ്രശംസനീയം തന്നെ. അതിസ്വാഭാവികജീവിതം അനായസകരമായും തൃപ്‌തികരമായവിധവും ജീവിക്കുന്ന അനേകം സുകൃതിനികള്‍ നാലു ചുമരുകള്‍ക്കുള്ളിലുണ്ട്‌ എന്നത്‌ അഭിമാനാര്‍ഹമാണ്‌. എന്നാല്‍ പൂമൊട്ടായിരിക്കുന്ന പ്രായത്തില്‍ ബൗദ്ധികതലത്തില്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്‌മചര്യാശയവും, അനുസരണച്ചട്ടവും, ദാരിദ്ര്യാരൂപീ വിവരണവും, വിടരുന്ന പൂവിന്‌ു‍ം ഈ ബൗദ്ധിക അറിവ്‌ു‍ം അനുഭവതലത്തിലേക്കിറക്കാന്‍, പ്രയാസപ്പെടേണ്ടിവരുന്നു. പഠനക്കളരിയില്‍ സ്വായത്തമാക്കിയ വിവരശേഖരം പ്രായോഗികതലത്തില്‍ മൂര്‍ച്ചയില്ലാത്തവാളുപോലെ പലപ്പോഴും ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്‌ു‍ം. അല്‌പമെങ്കിലും ജീവിതയുദ്ധത്തില്‍ പോരാടിത്തെളിഞ്ഞ യുവതി, വ്രതത്രയങ്ങള്‍ സ്വമനസ്സാ സ്വീകരിക്കുമ്പോള്‍, അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട്‌ ജീവിക്കാന്‍ അവള്‍ പ്രാപ്‌തയാകുന്നു.

പതിനെട്ടു വയസ്സ്‌ പൂര്‍ത്തിയായവര്‍ക്കു മാത്രമേ സന്യസ്‌തജീവിതം തെരഞ്ഞെടുക്കാനാകൂ എന്ന നിയമം നടപ്പിലായാല്‍ നിശ്ചയമായും സമര്‍പ്പിതസ്‌ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്‌ വരും. എന്നാല്‍ വരുന്നവരുടെ ക്വാളിറ്റി അഥവാ അര്‍പ്പണബോധം മെച്ചപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ഇവിടെ സന്യാസിനീസമൂഹങ്ങള്‍ തീരുമാനിക്കേണ്ടത്‌ ഇതാണ്‌. Quantity വേണോ quality വേണോ. 'ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്‌ 5000 പേരേ ഉള്ളൂ ഞങ്ങള്‍ക്കു ശേഷം തുടങ്ങിയതില്‍ 6000 പേരായി. അതിനാല്‍ നമ്മള്‍ ഇനി മുതല്‍ SSLC കഴിഞ്ഞവരെ നോക്കിയാല്‍ പോരാ; ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഉള്ളവരെ പിടിച്ചുകൊണ്ടുവരണം എന്ന്‌ നിശ്ചയിച്ച്‌ vocation promoters കാറുമെടുത്ത്‌ ഇറങ്ങിയാല്‍ കതിരിനോടൊപ്പം പതിരും കൊയ്‌തു അറയില്‍ സൂക്ഷിക്കേണ്ടിവരും; പിന്നീട്‌ ദു;ഖിക്കേണ്ടിയും വരും. എന്തായാലും ഒരു അഴിച്ചു പണിയും ശുദ്ധീകരണവും സഭയില്‍ അനിവാര്യം തന്നെ.