ജനാധിപത്യത്തിന്റെ രണ്ടു നെടുംതൂണുകളാണല്ലോ നിയമനിര്‍മ്മാണസഭയും നീതിന്യായവ്യവസ്ഥയും. ഈ രണ്ടു തൂണിന്മേലുള്ള ഞാണിന്മേല് കളിയാണ് ഭരണം. അതായത് കോടതി വിധിക്കും. വിധിയെ സര്‍ക്കാര്‍ വധിക്കും. അതാണ് വിധി നടപ്പിലാക്കല്‍. ആദിവാസിയുടെ കൈയ്യേറിയ ഭൂമി തിരികെ പിടിച്ചു കൊടുക്കണം എന്ന് വിധിക്കാന്‍ മാത്രം ചുരുങ്ങിയത് ഒരു പത്തു കുപ്പി മഷി സുപ്രീം കോടതി ചിലവാക്കിക്കാണും. ആന്റണി അന്തിമവിധി നടപ്പിലാക്കിയത് ഉടുതുണിക്കു മറുതുണിയില്ലാത്ത ആദിവാസിയെ അവന്റെ കാട്ടില്‍ കയറി വെടിവെച്ചിട്ടിട്ടാണ്.
നോട്ടുകെട്ടിന്റ കനത്തിനനുസരിച്ചാണ് ജഡ്ജിമാര്‍ വിധിപറയുന്നത് എന്നൊരഭിപ്രായപ്രകടനമാണ് പാലൊളിയെ വെട്ടിലാക്കിയത.് സംഗതി കോടതിയലക്ഷ്യം. മൊത്തത്തില്‍ ഈയ്യൊരു പാലൊളിവിധിയില്‍ രണ്ടു ലക്ഷ്യത്തിനാണ് സാധ്യത. കോടതിയലക്ഷ്യം രംഗം കൊഴുപ്പിച്ചുതുടങ്ങി. അടുത്തതായി വിപ്ലവലക്ഷത്തിന് മാപ്പുപറയേണ്ടിവരും. നാലയലത്തു മൈക്കും വായില്‍ നിന്നും വീഴുന്നത് പെറുക്കിയെടുക്കാന്‍ മാധ്യമസന്ധിക്കേറ്റും ചോര്‍ത്താന്‍ മീഡിയാകുട്ടിചാത്തന്‍മാരും ഇല്ലെന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രം വെളിപ്പെടുത്തേണ്ട മഹാസത്യം അസ്ഥാനത്തു വെളിപ്പെടുത്തി പാര്‍ട്ടിയുടെ ദുഷ്പേര് ചീത്തയാക്കതിനുള്ള ശിക്ഷ ഏതായാലും വഴിയില്‍ തങ്ങാതെ അച്യുതാനന്ദന് നോക്കിക്കൊള്ളും. കൊമ്പത്തെ പിടിവിട്ടുപോയാല് പിന്നെ കുരങ്ങനായാലും പറഞ്ഞിട്ട് കാര്യമില്ല.
പട്ടിയെ പിടിച്ച് വാറ്റിയെടുത്ത കരിങ്കുരങ്ങ് രസായനമാണ് കേരള കമ്മ്യുണിസം. ആ രസായനം നാടുനീളെ വിറ്റ് ഉപജീവനം നടത്തുന്ന ലാടവൈദ്യന്‍മാരാണ് ഇവിടുത്തെ നേതാക്കള്‍. യഥാ ര്‍ത്ഥ കമ്മ്യുണിസ്റ്റുകാര്‍ക്ക് പണ്ട് കോടതികളെ ഭയമായിരുന്നില്ല. പുച്ഛമായിരുന്നു. അവര്‍ ചാര്‍ത്തികൊടുത്ത പേരായിരുന്നു ബുര്ഷ്വാകോടതിയെന്നത്. അക്കൂട്ടര്‍ക്ക് നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകളും കാല്ചങ്ങലകളുമേ ഉണ്ടായിരുന്നുള്ളു. അഭിനവ ബുര്ഷ്വാവിപ്ലവകാരികള്ക്ക് സ്റ്റേറ്റു കാറും പെന്‍ഷനും ശമ്പളവും ഒന്നൊഴിയാതെ വേണം. ഒടുക്കം ഭരണകൂടത്തിന്റെ ചോറ്റുപട്ടികളുടെ വക നാല് ആചാരവെടിയും.
ഒരാവേശത്തിന് കിണറ്റില്‍ ചാടാം. എന്നാല്‍ പത്താവേശം വന്നാലും കരകയറാന്‍ പറ്റണമെന്നില്ല. അതുമാത്രമാണ് പലൊളിക്ക് പറ്റിയത്. ഒരാവേശത്തിന് നാലാളെ കണ്ടപ്പോള്‍ നാവില്‍ തടഞ്ഞത് വച്ചുകാച്ചി. ആ നാലുകൈയ്യടി ഇങ്ങനെയൊരു മാരണം ക്ഷണിച്ചുവരുത്തുന്ന കാര്യം ആരറിഞ്ഞു. കാല്പണം കണ്ടാല്‍ കമിഴ്ന്നുവീഴുന്ന ഒരു ചെറിയ ശതമാനം ജുഡീഷ്യറിയിലുണ്ടായേക്കാം. അബ്ദുള്‍കലാമിന് വാറണ്ട് ഇഷ്യു ചെയ്ത് കൊടുത്ത മജിസ്ട്രേട്ടും കള്ളവണ്ടി കയറി ടി.ടി പിടിച്ച് പണിപോയ മജിസ്ട്രേട്ടും ചിത്രത്തിലുണ്ട്.
എന്നാല്‍ ഇതെല്ലാം ഒരു ചെറിയ ശതമാനം. എന്നാല്‍ അത്തരമാളുകളേയും നിലക്കുനിര്‍ത്തേണ്ട പണിയാകണം നിയമസഭയുടേത്. നാലുമുക്കാലിനുവേണ്ടി നാടുതന്നെ വിറ്റുതീറെഴുതിക്കൊടുക്കുന്ന ഈ മഹാഭൂരിപക്ഷമാണോ കുടുതല്‍ അപകടകാരികള്‍?
ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ ഉത്സവങ്ങള്‍ തൃശൂര്പൂരംപോലെത്തന്നെ നിരോധിക്കേണ്ടുന്ന സംഗതികളാണെന്നാണ് കോടതികളുടെ അഭിപ്രായം. ഒരു കൊടുവാളുമേന്തി കരാട്ടും കോടതിക്കെതിരെ പുറപ്പെട്ടിട്ടുണ്ട്. ഒരു പ്രജക്ക് വഴിനടക്കുവാനുള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്രമെങ്കില്‍ വേറൊരു പ്രജക്ക് അവന്റെ വഴിയില്‍ ഉരുളന്‍ കല്ല് നിരത്താനും ടാര്വീപ്പകൊണ്ടലങ്കരിക്കാനും തലമണ്ടയെറിഞ്ഞുടക്കാനുമുള്ള സ്വാതന്ത്ര്യമായിരിക്കും സ്വാതന്ത്ര്യം. അതെല്ലാം ബൂര്ഷ്വാകോടതിക്ക് എങ്ങനെ മനസിലാവാന്‍, എപ്പോള്‍ മനസിലാവാന്‍?
കോടതികള്‍ അങ്ങിനെയാണ്. തെക്കും വടക്കും നോക്കാതെയാണ് വിധി്രപ്രഖ്യാപനം നടത്തുക. വിധിച്ചുകൊടുത്താല് മാത്രം മതി. യാതൊരു ചെലവുമില്ല. തൂക്കാന്‍ വിധിച്ചാല്‍ മാത്രം ഒരു പേന വടിയാകും. പരമ്പരാഗതമായി തൂക്കാന്‍ വധിച്ച പേനയുടെ മുന കുത്തിയൊടിക്കുകയോ അല്ലെങ്കില്‍ മേശ കുത്തിത്തുളക്കുകയോ ചെയ്യുന്ന ഒരു സമ്പ്രദായമുണ്ട്്. ഇറാഖില്‍ തൂക്കിക്കൊന്ന ആളുകളുടേയും അത്രതന്നെ എതാണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഒരു സീസണില്‍ ഉണ്ടായിരുന്നു. അതും ഒരു താലൂക്കില്‍ നിന്നുമാത്രം. നാടിന്റെ പേരുതന്നെ അങ്ങു വാനോളം ഉയര്‍ന്നുപോയ ആ നല്ലനാളുകള്‍ ആര്‍ക്കാണു മറക്കാന്‍ കഴിയുക. ആരുമറന്നാലും പാനൂരുകാര്‍ക്ക് മറക്കാനാവുമെന്ന് തോന്നുന്നില്ല.
മഹാപാപിയായി പ്രഖ്യാപിച്ച് ഒരാളെ ഒരു ജഡ്ജി തൂക്കിക്കൊല്ലാന്‍ വിധിക്കുക. മേല്‍കോടതി അയാളെ പുണ്യവാളനാക്കി വാഴ്ത്തിവിട്ടയ്ക്കുക. പണ്ട് കൊടുവാളും കൊടുത്ത് കൊല്ലാനയച്ചവര് ഇന്ന് പൂമാലയിട്ട് സ്വീകരിച്ചാനയിക്കുക. കടലാസുകളിലുടെ ആ മഹാന്മാരുടെ ദിവ്യസന്ദേശം ഒഴുകിയെത്തുക. അപ്പോള്‍ ശരിക്കും ആരെയാണ് മരണംവരെ തൂക്കിലിട്ട് താരാട്ടുപാടി കൊടുക്കേണ്ടത്? വായനക്കാര്‍ അവരുടെ ഭാവനക്കനുസരിച്ച് ഉദാത്തമായ രീതിയില്‍ വിധി നടപ്പിലാക്കട്ടെ.
ജഡ്ജിമാര്‍ കുടുങ്ങിയ ഒരു സ്റ്റിംഗ് ഓപ്പറേഷനെപ്പറ്റി കേട്ടിട്ടില്ല. എന്നാല്‍ ചോദ്യം സഭയില്‍ ചോദിക്കാന്‍ കാശു വാങ്ങി കുടുങ്ങിയ ചപ്പാത്തികളെ മറക്കാന്‍ സമയമായിട്ടില്ല.
പണ്ട് തലശ്ശരി കോടതിവരാന്തയില്‍ വച്ച് ഗംഗാധരമാരാര്‍ പഴയ മന്ത്രി പി. ആര്. കുറുപ്പിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടൊന്നു പാസാക്കി. പി. ആര്. മൂപ്പരുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. മാരാര്‍ അകത്തുമായി. എന്തിനുവേണ്ടിയാണ് കുറുപ്പിനെ അടിച്ചതെന്ന് കോടതി മാരാരോട് ചോദിച്ചു. കൊല്ലാന്‍ വേണ്ടിയായിരുന്നു എന്നാണ് മാരാര്‍ പറഞ്ഞത്. നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ അങ്ങിനെ ആണ്. മേലെ നോക്കിയാല്‍ ആകാശം താഴെ നോക്കിയാല്‍ ഭുമി.
ബുര്ഷ്വാഭരണകൂടത്തിന്റെ പെന്‍ഷനും ശമ്പളവും എണ്ണിവാങ്ങി വിപ്ലവം നടത്താന്‍പോകുന്ന വിപ്ലവകാരികളും മാരാരും തമ്മിലുള്ള വ്യത്യാസം അവിടെയാണ്. കോടതിയില്‍ മാരാര്‍ സ്വയമാണ് വാദിക്കാറ്. കോടതിയില്‍ വിപ്ലവകാരികളുടെ രക്ഷക്കായി വാദിക്കാന്‍ ലച്ചങ്ങള് പ്രതിഫലം പറ്റുന്ന വക്കീലന്മാരാണ് ഇപ്പോള്‍ ക്യു നില്‍ക്കുന്നത്.
ബൂര്‍ഷ്വാഭരണകൂടത്തിന്റെ പെന്‍ഷനും ശമ്പളവും വലതുകൈയ്യില്‍ എണ്ണിവാങ്ങി ഇടതുകൈയ്യും കുലുക്കി കോടതി ബൂര്ഷ്വായാണെന്ന് പറയുവാനുള്ള ചങ്കൂറ്റമാണ് ചങ്കൂറ്റം. എല്ലാവര്ക്കും അതുണ്ടായെന്നുവരില്ല. മന്ത്രി തീര്‍ച്ചയായും ഉത്തമബോദ്ധ്യത്തോടുകൂടിയായിരിക്കണം പറഞ്ഞത് അതുകൊണ്ട് അതില്‍നിന്നും ഒരു യവം പിന്നോട്ട് പോവുന്നത് സൂചിപ്പിക്കുക ലക്ഷണമൊത്തൊരു നട്ടെല്ലിന്റെ അഭാവമായിരിക്കും.
പിന്നെ മാപ്പുപറയുക ദൈവനാമത്തില്‍ സത്യപ്രതിഞ്ഞ്ജയെടുത്ത യോഗ്യന്മാര്ക്ക് അതു വിധിച്ചിട്ടുള്ളതാണ്. കാരണം എന്തലമ്പുണ്ടാക്കിയാലും മാപ്പു മാത്രം കൊടുക്കാനിരിക്കുന്ന ഒരന്ധനായ ദൈവത്തെ അവര്‍ തീറ്റിപ്പോറ്റുന്നുണ്ട്. അതുകൊണ്ട് അവര്‍ക്ക് തെറ്റുചെയ്യാനും കളവുപറയാനുമുള്ള അവകാശമുണ്ട്.
ഇതെഴുതുന്ന നിത്യനും ദൃഢപ്രതിജ്ഞയെടുത്ത പാലൊളിക്കും മാപ്പുതരുവാന് അങ്ങിനെയൊരു ദൈവം ജീവിച്ചിരിക്കാത്ത സ്ഥിതിക്ക് ദൈവംസഹായിച്ച് മാപ്പിനെ പറ്റി ചന്തിക്കേണ്ടതില്ല. പറഞ്ഞതില്‍ ദൃഢമായി നില്ക്കുക. ശിക്ഷയാണെങ്കില്‍ ശിക്ഷ അല്ലെങ്കില്‍ രക്ഷ.
നിത്യന്
Sunday, April 8, 2007
പൊളിറ്റിക്സ് - പാലോളിവിധിയും കോടതിയലക്ഷ്യവും
Posted by
പുഴ.കോം
at
11:12 AM
Subscribe to:
Post Comments (Atom)
2 comments:
പുഴ.കോം ബ്ലോഗ് പേജുകള്‍
"പാലോളിവിധിയും കോടതിയലക്ഷ്യവും"
ജനാധിപത്യത്തിന്റെ രണ്ടു നെടുംതൂണുകളാണല്ലോ നിയമനിര്‍മ്മാണസഭയും നീതിന്യായവ്യവസ്ഥയും. ഈ രണ്ടു തൂണിന്മേലുള്ള ഞാണിന്മേല് കളിയാണ് ഭരണം. അതായത് കോടതി വിധിക്കും. വിധിയെ സര്‍ക്കാര്‍ വധിക്കും. അതാണ് വിധി നടപ്പിലാക്കല്‍. ആദിവാസിയുടെ കൈയ്യേറിയ ഭൂമി തിരികെ പിടിച്ചു കൊടുക്കണം എന്ന് വിധിക്കാന്‍ മാത്രം ചുരുങ്ങിയത് ഒരു പത്തു കുപ്പി മഷി സുപ്രീം കോടതി ചിലവാക്കിക്കാണും. ആന്റണി അന്തിമവിധി നടപ്പിലാക്കിയത് ഉടുതുണിക്കു മറുതുണിയില്ലാത്ത ആദിവാസിയെ അവന്റെ കാട്ടില്‍ കയറി വെടിവെച്ചിട്ടിട്ടാണ്.
നോട്ടുകെട്ടിന്റ കനത്തിനനുസരിച്ചാണ് ജഡ്ജിമാര്‍ വിധിപറയുന്നത് എന്നൊരഭിപ്രായപ്രകടനമാണ് പാലൊളിയെ വെട്ടിലാക്കിയത.് സംഗതി കോടതിയലക്ഷ്യം. മൊത്തത്തില്‍ ഈയ്യൊരു പാലൊളിവിധിയില്‍ രണ്ടു ലക്ഷ്യത്തിനാണ് സാധ്യത. കോടതിയലക്ഷ്യം രംഗം കൊഴുപ്പിച്ചുതുടങ്ങി. അടുത്തതായി വിപ്ലവലക്ഷത്തിന് മാപ്പുപറയേണ്ടിവരും. നാലയലത്തു മൈക്കും വായില്‍ നിന്നും വീഴുന്നത് പെറുക്കിയെടുക്കാന്‍ മാധ്യമസന്ധിക്കേറ്റും ചോര്‍ത്താന്‍ മീഡിയാകുട്ടിചാത്തന്‍മാരും ഇല്ലെന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രം വെളിപ്പെടുത്തേണ്ട മഹാസത്യം അസ്ഥാനത്തു വെളിപ്പെടുത്തി പാര്‍ട്ടിയുടെ ദുഷ്പേര് ചീത്തയാക്കതിനുള്ള ശിക്ഷ ഏതായാലും വഴിയില്‍ തങ്ങാതെ അച്യുതാനന്ദന് നോക്കിക്കൊള്ളും. കൊമ്പത്തെ പിടിവിട്ടുപോയാല് പിന്നെ കുരങ്ങനായാലും പറഞ്ഞിട്ട് കാര്യമില്ല........
പൊളിറ്റിക്സ് കോളം- നിത്യന്
സൂപ്പര്‍.. സു സൂപ്പര്‍...
അരെ.. വഹ് വഹ് വ...
Post a Comment