Friday, March 30, 2007

പറുദീസാ നഷ്ടത്തില്‍ വിടരുന്ന രക്ത പുഷ്പങ്ങള്‍!


'ആനമയിലൊട്ടകം' കളി തീര്‍ന്നപ്പോള്‍ നഷ്ടം ആര്‍ക്കാണെന്ന്‌ വിചിന്തനം ചെയ്യാന്‍ എന്തായാലും ലീഗ്‌ തയ്യാറായത്‌ നന്നായി. മടിശീലയില്‍ ചില്ലറക്കിലുക്കം കൂടിയപ്പോള്‍ മിനാരങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്നത്‌ അറിയാതെ പോയ മുസ്ലീം ലീഗു മാത്രമല്ല, മലപ്പുറത്ത്‌ ഇപ്പോള്‍ അസ്വസ്ഥര്‍. കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ടെന്ന്‌ ചോദിച്ചപോലെ സി പി എമ്മിലും കോണ്‍ഗ്രസിലും സര്‍വോപരി മുസ്ലീം ലീഗിലും എത്രമാത്രം എന്‍ ഡി എഫുകാര്‍ ഉണ്ടെന്നറിയാതെ നേതൃത്വങ്ങള്‍ ഇരുട്ടില്‍ത്തപ്പുകയാണ്‌.

വെള്ളവും പാലും കലര്‍ന്നാല്‍ വേര്‍തിരിച്ചെടുക്കാന്‍ അരയന്നത്തിനെങ്കിലും സാധിക്കുമെന്നാണ്‌ നമ്മുടെ വിശ്വാസം. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്ന്‌ എന്‍ ഡി എഫിനെയും മറ്റ്‌ തീവ്രവാദ സംഘടനകളെയും വേര്‍തിരിച്ചെടുക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ക്ക്‌ കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ്‌ തിരൂരിലും താനൂരിലും ഒഴുകിയ ചോരപ്പുഴ. ആര്‍ എസ്‌ എസും, എന്‍ ഡി എഫും പരകായ പ്രവേശം നടത്തിയാണ്‌ മലപ്പുറത്ത്‌ കബന്ധങ്ങളുടെ എണ്ണം തികച്ചത്‌. കാറ്റുവിതച്ചത്‌ ആരാണെന്ന്‌ ആഭ്യന്തരമന്ത്രിയുടെ ചുറ്റുമിരുന്ന്‌ ഒടുവില്‍ എല്ലാ കക്ഷികളും പരസ്‌പരം ആരാഞ്ഞെന്നാണ്‌ വാര്‍ത്ത.

ഇരുതലമൂര്‍ച്ചയുള്ള വാളുമായി പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടനകള്‍ക്ക്‌ മലപ്പുറത്ത്‌ എങ്ങനെയാണ്‌ ഇത്ര വേരോട്ടം കിട്ടിയതെന്ന്‌ രാഷ്‌ട്രീയ നേതാക്കള്‍ ചിന്തിച്ചില്ലെന്നു വേണം കരുതാന്‍. മുസ്ലീം ലീഗിന്റെ സ്വയംകൃതാനര്‍ഥംകൊണ്ട്‌ വന്നുഭവിച്ച പ്രശ്നം മാത്രമല്ലിത്‌. മുസ്ലീം ലീഗ്‌ നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ അടിവരയിടുന്ന വസ്‌തുതകളാണത്‌. ലീഗ്‌ തളര്‍ന്നപ്പോള്‍ അഥവാ ലീഗിനെ പാര്‍ട്ടിയിലെ വരേണ്യ വിഭാഗവും ഇടതുപക്ഷവും തളര്‍ത്തിയപ്പോള്‍ മോഹാസ്‌ത്ര തൂണീരവുമായി രംഗപ്രവേശം ചെയ്തവരാണ്‌ ഇപ്പോഴത്തെ ഭവിഷ്യത്തുകള്‍ക്ക്‌ വഴിമരുന്നിട്ടത്‌.

ബാബരി മസ്‌ജിദിന്റെ താഴികക്കുടങ്ങള്‍ നിലംപൊത്തിയപ്പോള്‍, മുസ്ലീം സമുദായത്തിന്റെ വ്രണിത വികാരം രാജ്യമാസകലം കൊടുങ്കാറ്റായി അലയടിച്ച 1992ല്‍ പോലും മലപ്പുറത്ത്‌ ഇങ്ങനെ രക്തം ചിന്തിയില്ല. അന്ന്‌ ജില്ലയില്‍ മുസ്ലീം ലീഗെന്ന രാഷ്‌ട്രീയ (സാമുദായിക?) പാര്‍ട്ടി തലയെടുപ്പോടെ നിന്നിരുന്നു. അതുമല്ലെങ്കില്‍ ധീരോദാത്ത പ്രതാപഗുണവാനായ പാണക്കാട്‌ തങ്ങള്‍ക്ക്‌ ആജ്ഞാശക്തിയുണ്ടായിരുന്നു. 'പുലിക്കുട്ടികള്‍' തങ്ങന്മാര്‍ക്ക്‌ പിറകില്‍ മാത്രമേ നിലയുറപ്പിച്ചിരുന്നുള്ളൂ. ബാബരി മസ്‌ജിദ്‌ തകര്‍ന്നു വീണപ്പോള്‍ പ്രാര്‍ഥന കൊണ്ട്‌ പ്രതിരോധിക്കാനാണ്‌ പാണക്കാട്‌ തങ്ങള്‍ ആഹ്വാനം ചെയ്തത്‌. സെയ്‌ദ്‌ ഉമ്മര്‍ ബാഫക്കി തങ്ങളും സി എച്ച്‌ മുഹമ്മദ്‌ കോയയും ബാവഹാജിയും കാണിച്ച സമദര്‍ശിത്വത്തിന്റെയും സമാധാനത്തിന്റെയും പാതയായിരുന്നു അത്‌.

ഒരു രാഷ്‌ട്രീയ നേതാവിന്റെ വാക്കുകള്‍ എന്നതിലുപരി ആധ്യാത്മിക പരിവേഷമുള്ള വ്യക്തിയുടെ ഉപദേശമായി ജനങ്ങള്‍ അതേറ്റുവാങ്ങിയത്‌ സങ്കുചിത പരിണനകള്‍ മാറ്റിവച്ചായിരുന്നു. ഐ സി എസ്‌ രഥമേറി വന്ന അബ്ദുള്‍ നാസര്‍ മ്‌അദനിയും മെഹബൂബെ മില്ലത്തെന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടും കാടിളക്കിയിട്ടും കാല്‍ക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകാതെ ലീഗിനെയും അതുവഴി പ്രതിനിധാനം ചെയ്യുന്ന സമുദായത്തേയും കാത്തത്‌ ഈ ഒരു വിശ്വാസമായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോഴും ദേശീയബോധമുള്ള മുസ്‌ലീമായിരുന്നു ലീഗിന്റെ ആദ്യപഥികര്‍. അതുകൊണ്ടു തന്നെ മലപ്പുറമെന്ന പച്ചത്തുരുത്തും ഒറ്റത്തുരുത്തും തീവ്രവാദികള്‍ക്ക്‌ വിളനിലമാക്കാന്‍ ലീഗ്‌ പ്രവര്‍ത്തകര്‍ വിട്ടുകൊടുത്തതുമില്ല.

ജവഹാര്‍ലാല്‍ നെഹ്‌റു ചത്ത കുതിരയെന്ന്‌ വിളിച്ച ലീഗിനെ ഒക്കത്തും എളിയിലും വെച്ച പാരമ്പര്യം കോണ്‍ഗ്രസിനും സി പി എമ്മിനുമുണ്ട്‌. കൊടപ്പനയ്‌ക്കല്‍ തറവാടു മുറ്റത്ത്‌ അഹമഹമികാ മുഖം കാണിക്കാന്‍ നേതാക്കള്‍ കാത്തിരുന്നത്‌ തൊട്ടാല്‍ അയിത്തമില്ലാത്ത വര്‍ഗമാണ്‌ അവരെന്ന ബോധം കൊണ്ടാണ്‌. എന്നാല്‍ സി എച്ചും ബനാത്തുവാലയും സീതിഹാജിയും അവുക്കാദര്‍കുട്ടി നഹയും സേട്ടും തൊപ്പിവച്ചിരുന്ന ഇടങ്ങളില്‍ കുഞ്ഞാലിക്കുട്ടിമാര്‍ വാണപ്പോള്‍ മലപ്പുറത്തിന്റെ ചിത്രം മാറുകയായിരുന്നു. സി പി എമ്മുമായുള്ള അടവു നയവും എന്‍ ഡി എഫിനോടുള്ള മൃദുസമീപനവും ലീഗിന്റെ വിശ്വാസ്യതയാണ്‌ നഷ്ടമാക്കിയത്‌.

ലീഗിന്‌ വര്‍ഗീയത പോരെന്ന്‌ പറഞ്ഞ പി ഡി പിയ്‌ക്കും ഐ എന്‍ എല്ലിനും പ്രോത്സാഹനം നല്‍കി ഒരു ഭാഗത്ത്‌ സി പി എം സമര്‍ത്ഥമായി കരുനീക്കി. മഞ്ചേരിയില്‍ മുയല്‍ ചത്തത്‌ ഒരിക്കല്‍ ചക്ക വീണതുകൊണ്ടല്ലെന്ന്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ വ്യക്തമാക്കി. മുന്‍ സിമി പ്രവര്‍ത്തകനായി കെ ടി ജലീലിനു വരെ സീറ്റു നല്‍കാന്‍ ഇടതുപക്ഷം തയ്യാറായി. അങ്ങനെ ലീഗിന്‌ കുറ്റിപ്പുറം ഒരു ദുഃസ്വപ്നനമായി മാറി.

കോണി ചാരിവെക്കാന്‍ ചുവരില്ലാത്തവിധം മുസ്ലീം ലീഗിന്റെ മോസ്‌കോയില്‍ സായുധാധിപത്യം ഉറപ്പിക്കാനാണ്‌ ചില സംഘടനകള്‍ ഇതിനിടയില്‍ കച്ചമുറുക്കിയത്‌. ലീഗ്‌ പാല്‍കൊടുത്തു വളര്‍ത്തിയ എന്‍ ഡി എഫ്‌ അപകടകാരിയാണെന്ന്‌ വിളിച്ചുപറയാന്‍ ആര്യാടന്‍മാര്‍ മലപ്പുറത്ത്‌ ഏറെയുണ്ടായിരുന്നില്ല. ഹൈന്ദവ വര്‍ഗീയ സംഘടനകള്‍ ഒരു വശത്തും സി പി എം മറ്റൊരുവശത്തു നിന്നും എതിര്‍പ്പ്‌ ഉയര്‍ത്തുമ്പോള്‍ ഇനി മുസ്ലീം ലീഗിനെ കൊണ്ടുമാത്രം പ്രതികരിക്കാനും പ്രതിരോധിക്കാനും സാധിക്കില്ലെന്ന്‌ യുവാക്കള്‍ തിരിച്ചറിഞ്ഞു.

അവര്‍ക്ക്‌ ആശ്രയവും ആശയും എന്‍ ഡി എഫുപോലുള്ള സംഘടനകള്‍ മാത്രമായിരുന്നു. തിരിച്ചടിയുടെ ബാലപാഠങ്ങള്‍ ഇതിനിടെ മിക്കവരും അഭ്യസിച്ചുകഴിഞ്ഞു. കണ്ണൂരില്‍ നിന്ന്‌ കഠാര രാഷ്‌ട്രീയം മലപ്പുറത്തേക്ക്‌ ചേക്കേറിയത്‌ അങ്ങനെയാണ്‌. മതമാറ്റത്തിന്റെ പേരില്‍ ഒരു യുവാവിനെ കൊലപ്പെടുത്തിയാണ്‌ ഈ പരമ്പരകള്‍ക്ക്‌ തുടക്കമിട്ടത്‌. ആര്‍ എസ്‌ എസും, എന്‍ ഡി എഫും, സി പി എമ്മും പോര്‍വിളിച്ചപ്പോള്‍, നിലനില്‍പ്പിനായി ലീഗും വാളെടുത്തപ്പോള്‍ തിരൂരിലും താനൂരിലും അസ്വസ്ഥത പടര്‍ന്നുകയറി.

നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്‌ ലീഗെന്ന്‌ പറയുകയാവും ശരി. എന്നാല്‍ മുഖ്യശത്രു ആരെന്ന്‌ തിരിച്ചറിയാന്‍ അവര്‍ക്ക്‌ സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ ജനാധിപത്യ ചേരി ഉയര്‍ത്തുന്നത്‌. വോട്ടുബാങ്ക്‌ രാഷ്‌ട്രീയം ലീഗിനെ തളര്‍ത്തിയപ്പോള്‍ പകരം വന്ന 'ഹറാമില്ലാ ഹറാമുകള്‍' സ്വീകാര്യത നേടുകയാണ്‌. ഓരോരോ രക്തപുഷ്പത്തിലും അവര്‍ നൂറുനൂറു മോചനമന്ത്രം തേടുകയാണ്‌.

ടി ഷൈബിന്‍

1 comment:

പുഴ.കോം said...

നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്‌ ലീഗെന്ന്‌ പറയുകയാവും ശരി. എന്നാല്‍ മുഖ്യശത്രു ആരെന്ന്‌ തിരിച്ചറിയാന്‍ അവര്‍ക്ക്‌ സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ ജനാധിപത്യ ചേരി ഉയര്‍ത്തുന്നത്‌. വോട്ടുബാങ്ക്‌ രാഷ്‌ട്രീയം ലീഗിനെ തളര്‍ത്തിയപ്പോള്‍ പകരം വന്ന 'ഹറാമില്ലാ ഹറാമുകള്‍' സ്വീകാര്യത നേടുകയാണ്‌.