പുഴ മാഗസിനില്‍ നവീന്‍ ജോര്‍ജ്ജ് എഴുതിയ കഥ
ഒരു തുടര്‍ച്ചകിട്ടാത്തവണ്ണം സ്ഥലകാലബോധപരിധികളെ ഉല്ലംഘിക്കുമാറ് താങ്കള്‍ പറഞ്ഞ കഥ എന്നില്‍ തിളച്ചുമറിയുകയാണ്. ശരിതന്നെ, ഒരു പാത്രസൂചന തരുക മാത്രമായിരുന്നില്ല താങ്കള്‍ ചെയ്‌തത്. കഥാപാത്രത്തിന്റെ പുടവ മുതല്‍ മുടിനാരുവരെയുള്ള ഉദാത്തവര്‍ണ്ണന ഞാന്‍ കേട്ടതല്ലേ!. ഞാനോര്‍ക്കുന്നു; ദഹിസര്‍ ചര്‍ച്ചില്‍നിന്നും നമ്മള്‍ നേരെ പോയത് ബൊറീവല്ലിയിലുള്ള വൈന്‍ഷാപ്പിലേക്കാണ്. രാത്രി വിലേപാര്‍ലേയിലുള്ള ഒരു ഡാന്‍സ്ബാറില്‍ നിന്നും ബിയര്‍ കുടിക്കുകയും ഒരാഢംബരഹോട്ടലില്‍ തങ്ങുകയും ചെയ്‌തു. താങ്കള്‍ കുവൈത്തില്‍ നിന്നും മുംബൈയില്‍ ഞാന്‍ ജോലിചെയ്‌തിരുന്ന കമ്പിനിയുമായി 'ന്യൂ കണ്‍സ്‌ട്രക്ഷന്‍ എക്യൂപ്‌മെന്‍സിന്റെ' വിപണന കയറ്റുമതികാര്യ പ്രാഥമിക ചര്‍ച്ചകള്‍ക്കായി വന്നതാണ്. എന്നാല്‍, താങ്കള്‍ ഒരു വലിയ സ്ഥാപനത്തിന്റെ എം.ഡി ആയിരിക്കുമെന്നോ ഒരു ധനാഢ്യനായിരിക്കുമെന്നോ താങ്കളുടെ പ്രായം മുപ്പത്തഞ്ചിനുമുകളിലായിരിക്കുമെന്നോ ഞാന്‍ കരുതിയിരുന്നില്ല. ഞാനൊരു ഗൈഡ് മാത്രമായിരുന്നു. ഇന്നു ഞാന്‍ കുവൈത്തിലുണ്ട്. നാമിനിയെന്നെങ്കിലും കാണുമെന്ന ഉറപ്പില്ല. എങ്കിലും, ഇവിടെക്കാണുന്ന ഓരോ പര്‍ദാരൂപവും എന്നില്‍ താങ്കളെയുണര്‍ത്തുന്നു.
ചിലനേരം ഗതകാലങ്ങളിലെ കടുത്ത ഓര്‍മ്മപ്പൊട്ടുകളില്‍ ഒരു തെളിനീര്‍തുള്ളി കണ്ടെത്തുകയും നാമതില്‍ ഊളിയിടുകയും ചെയ്യുന്നു. കണ്‍മുന്നിലൂടെ കടന്നുപോകുന്ന ഓരോ കറുത്തരൂപവും അങ്ങനെ അനുപമമായ വികാരാവസ്ഥയ്ക്ക് വഴിമാറുമ്പോള്‍ താങ്കള്‍ പറഞ്ഞുതുടങ്ങുക. അതെ, താങ്കള്‍ തന്നെ പറഞ്ഞുകൊള്‍ക....
ഞാന്‍ ജോണ്‍ മാത്യൂ. സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന തസ്‌തികയിലേയ്ക്ക് കയറ്റം കിട്ടിയ അമ്മച്ചിയോടൊപ്പം കണ്ണൂര്‍ക്ക് വന്ന ബാല്യത്തിലാണ് പര്‍ദയണിഞ്ഞ സൃതീകളെ ആദ്യമായി കാണുന്നത്. അതൊരു റെയില്‍വേസ്റ്റേഷനിലായിരുന്നു. പിന്നീട് ഗള്‍ഫിലും മറ്റുമായി അത്തരം ചിലരുമായി ഇടപഴകേണ്ടിവന്നെങ്കിലും സല്‍മ എന്ന പെണ്‍കുട്ടി വേറിട്ടുനിന്നു. മംഗലാപുരത്ത് എന്റെ ഔദ്യോഗിക ജീവിതത്തിന്റെയും യൗവ്വനത്തിന്റെയും പ്രാരംഭകാലത്ത് ഞങ്ങള്‍ സഹപ്രവര്‍ത്തകരായി ജോലിചെയ്‌തിരുന്നു. ഇടപഴകലുകള്‍ ആഴപ്പെട്ട് സംഭാഷണം കടമ്പകള്‍ ഭേതിക്കുമെന്ന് തോന്നിയ ഒരവസരത്തില്‍ അവള്‍ ചോദിച്ചു.
"നിങ്ങള്‍ പുരുഷന്മാരിലെല്ലാം ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നുന്നൂ അല്ലേ?" അവള്‍ എന്നെ നോക്കിയാണതു പറഞ്ഞതെന്നു തോന്നി. എന്റെ മിണ്ടാട്ടം പെട്ടെന്ന് മുറിഞ്ഞുപോയി. എന്തുകൊണ്ടിങ്ങനെ ചോദിക്കുന്നെന്ന് ഞാന്‍ തിരക്കിയില്ല. ഞാന്‍ പറഞ്ഞു.
"അതെ ശരിയാണ് പക്ഷേ, എല്ലാവരിലും ഹിംസ്രജന്തുക്കളല്ല, മറിച്ച് ഒരു പുഴയോരത്തുപോയി ഇളംപുല്ലു തിന്നണമെന്നുകൊതിക്കുന്ന സാധുമൃഗങ്ങള്‍. ഭീതിയുണര്‍ത്തുന്ന ഒരു നിഴലാട്ടം കണ്ടാല്‍പോലും ഓടിയൊളിക്കുന്ന ഭീരുക്കള്‍"
ഉത്തരംകേട്ട് അവള്‍ പൊട്ടിച്ചിരിച്ചു. "ജോണ്‍ നിന്നെക്കൊണ്ട് തോറ്റു".
ചിരിക്കുമ്പോള്‍ അവളുടെ മുഖത്തെമൂടിയ വേഷത്തലപ്പില്‍ വെള്ളിയൊളികള്‍ മിന്നും. കട്ടിക്കണ്ണടയിലെ ഫ്ലാഷ്ബാക്ക് വൃത്തങ്ങള്‍ പ്രകാശിക്കും. അതല്ലാതെ, ചിരിയുടെ ഉടലഴകുതേടി ഇഴകളുടെ തരി വിടവുകളിലൂടെ മുഖംപരതുമ്പോള്‍ അവിടെയവളുടെ തുറന്നുവച്ച നോട്ടമുണ്ടെന്ന ചിന്ത എന്റെയിമകളില്‍ പരിഭ്രമമായ് വെട്ടിത്തെളിയും. അവള്‍ വശംതിരിഞ്ഞിരിക്കുമ്പോള്‍, ചെയറിന്റെ ലഘുസാന്ദ്രമായ കറക്കത്തില്‍ അതിനെയൊരു കോണിലേയ്ക്ക് കേന്ദ്രീകരിച്ച് ഞാനങ്ങനെ വ്രതപ്രതിഷ്ഠനായിരിക്കുമ്പോള്‍, അവള്‍ പെടുപെടെയൊന്ന് തലവെട്ടിക്കുമ്പോള്‍, ഞാനാകെ പിടഞ്ഞുപോകം.
പഠിപ്പിലും ജോലിസ്ഥാനത്തിലും ഏറെ മുന്നിലായിരുന്നെങ്കിലും ജോലിപരിചയത്തില്‍ അവളെന്നെ കടത്തിവെട്ടി. ടൈപ്പ്‌റൈറ്ററില്‍ അവളുടെ വിരലുകള്‍ പറന്നു. എന്റെ വര്‍ക്കുഷീറ്റും ടൈം ഷെഡ്യൂളും എന്നും അവള്‍ തന്നെ തയ്യാറാക്കി. ദിവസേന കോണ്‍ഫറന്‍സ് റൂം ഒരുക്കിവെക്കുന്നതിലും അടിച്ചുവാരുന്ന സൃതീകളെക്കൊണ്ട് ജനാലകള്‍ തുടപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തി. തുറന്നകാഴ്ച്ചയുള്ള ഞങ്ങളില്‍ പലരും കണ്ടെത്താത്ത പലതും കണ്ടെത്തി. ഞാനവളെയൊരിക്കല്‍ 'മൈന്യൂട്ട് എറര്‍ ഹണ്ടര്‍' എന്നുവിശേഷിപ്പിച്ചു. ഒരു പര്‍ച്ചെയ്‌സ് ലെറ്ററില്‍ വന്ന പിഴവു കണ്ടെത്തിയപ്പോഴായിരുന്നു അത്. പക്ഷേ, പലതും അവള്‍ കണ്ടില്ല. ഒരിക്കല്‍ മുഖവാരത്തെ പുല്‍ത്തകിടിയിലൂടെ നടന്നുവരുമ്പോള്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കണ്ടില്ല. ഭാഗ്യത്തിന് വീണില്ല. ഞാന്‍ ചോദിച്ചു.
"അല്ലെങ്കിലേ പകുതി കണ്ണാണ്. അതാണെങ്കില്‍ ഇരുട്ടുകൊണ്ട് മറച്ചിരിക്കുന്നു. നോക്കി നടക്കണ്ടേ സല്‍മാ."
"ആ ബൈക്ക് അവിടെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും നടപ്പുവഴിയിലാണോ ബൈക്കു പാര്‍ക്കുചെയ്യുന്നത്.!"
"അവിചാരിതമായ തടസ്സങ്ങളെ പ്രതീക്ഷിച്ചായിരിക്കണം നമ്മുടെ നടത്തം."
"അതുസാദ്ധ്യമല്ലല്ലോ, തുറന്ന കണ്ണുള്ളവര്‍പോലും പലപ്പോഴും ഒന്നും കാണുന്നില്ല. അങ്ങനെയാണെങ്കില്‍ അപകടമെന്ന വാക്കിനുതന്നെ പ്രാധാന്യം നഷ്‌ടപ്പെട്ടു പോകുമായിരുന്നു."
ഞങ്ങളുടെ ബോസ് നാസര്‍സാറിന് സല്‍മയെക്കുറിച്ച് നല്ല അഭിപ്രായമാണ്. ഇടതടവില്ലാത്ത അവളുടെ സംസാരശൈലിയും തുളുവിലുള്ള പരിജ്ഞാനവുമാവാം അതിനു കാരണം. അവര്‍ തമ്മില്‍ തുളു പറയുന്നനേരം എനിക്കേറ്റം വിരസമാണ്.
"തുളു എങ്ങനെ പഠിച്ചു?."
"കാസര്‍കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ പലമാതിരി ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. എന്റെ കുട്ടിക്കാലം ബദിയടുക്കയിലും കുമ്പളയിലും ഒക്കെയായിരുന്നു."
"ഇംഗ്ലീഷും നന്നായി സംസാരിക്കുന്നല്ലോ".
"ഉപ്പയോടൊപ്പം ഞാനും ചെറിയ അനിയനും ഉമ്മയും ഷാര്‍ജയില്‍പോയി. അവിടുത്തെ തരക്കേടില്ലാത്തൊരു സ്ക്കൂളില്‍ കുറച്ചുനാള്‍ പഠിക്കാന്‍ എനിക്കും സാധിച്ചു."
"നിങ്ങള്‍ എത്ര മക്കളാണ്""ഞാനും രണ്ടനിയന്മാരും. ആദ്യത്തവന്‍ ബോംബെയിലാണ്". പക്ഷേ, അവന് ഞങ്ങളുമായി അത്ര ബന്ധമൊന്നുമില്ല. അവനെ വളര്‍ത്തിയതും മറ്റും ബോംബെയിലുള്ള ഇളയുപ്പയാണ്." "ചെറിയവന്‍?""അവനിപ്പോഴെവിടെയെന്ന് സത്യത്തില്‍ എനിക്കറിയില്ല. കുറച്ചുകാലം സ്വര്‍ണ്ണകള്ളക്കടത്തെന്നൊക്കെ കേട്ടു. പോലീസുപിടിച്ചപ്പോഴാണ് ഞങ്ങളറിഞ്ഞത്. അവനെ മൂത്താപ്പ പോര്‍ട്ട് ബ്ലയറിലെ സുഹൃത്തിന്റെ അടുത്തേയ്ക്കയച്ചു. ആളവിടുന്നും മുങ്ങി. അത്രയേ എനിക്കറിയൂ."
അപ്പോള്‍ സല്‍മയുടെ കൈവിരലുകളില്‍ ഒരു വിഷാദം പിരിഞ്ഞുവളരുന്നത് ഞാന്‍ കണ്ടു.
"ഉപ്പയുണ്ടായിരുന്നെങ്കില്‍ അവനിങ്ങനെ ആവില്ലായിരുന്നു. അവന്‍ നല്ല കുട്ടിയായിരുന്നു."
"ഉപ്പ?"
"കാറപകടത്തിലാണ് മരിച്ചത്. മയ്യത്തുകൂടി ഞങ്ങള്‍ കണ്ടില്ല."
അവളുടെ ശബ്‌ദത്തിന്റെ വ്യതിയാനം ഞാന്‍ ശ്രദ്ധിച്ചു. വിഷാദം അതിലേയ്ക്ക് പടരുകയാണ്.
"ഉമ്മ മരിച്ചതോടെ ഞങ്ങള്‍ കുട്ടികള്‍ നാട്ടിലേയ്ക്കുപോന്നു. ഉപ്പയ്ക്കു ഞങ്ങളെ പറഞ്ഞയക്കാന്‍ തീരെ ഇഷ്‌ടമുണ്ടായിരുന്നില്ല. എല്ലാവരും നിര്‍ബന്ധിച്ചു. അന്ന് ഉമ്മുമ്മ ജീവനോടെയുണ്ടായിരുന്നു. ഉപ്പ അസ്വസ്ഥനായിരുന്നു."
"ഉമ്മ മരിച്ചത്?"
"ക്യാന്‍സറായിരുന്നു. വളരെ പെട്ടെന്ന്"
"ദുരന്തങ്ങള്‍ തുടര്‍ക്കഥപോലെ?!"
"അതേ ജോണ്‍, ഓരോ ദുരന്തവും ഓരോ കണ്ണിയാണ്. ഒന്ന് അടുത്തതിന് കാരണമായി...." ദുരന്തത്തിന്റെ ഓര്‍മ്മ അവളുടെ മുഖത്ത് മ്ലാനത പടര്‍ത്തിയിരിക്കണം. അവള്‍ ബാത്ത്‌റൂമില്‍ പോയിവന്ന് പിന്നെയും ഇരുന്നു. അവളുടെ കൈവിരലുകള്‍ തെളിഞ്ഞെന്ന് തോന്നി. അവളുടെ ശബ്‌ദം തെളിഞ്ഞെന്നു തോന്നി. അവള്‍ തെളിഞ്ഞെന്നു തോന്നി.
അവള്‍ പറഞ്ഞു. "നമ്മളിനി സംസാരിക്കണ്ട ജോണ്‍".
"എന്തേ?""ഈയിടെയായി എനിക്കൊരു നിയന്ത്രണവുമില്ല. നിന്നോടു സംസാരിക്കുമ്പോള്‍ പ്രത്യേകിച്ചും. നിനക്ക് ബോറടിക്കുന്നുണ്ടോയെന്നുപോലും നോക്കുന്നില്ല".
"സല്‍മയുടെ ശബ്‌ദം മനോഹരമാണ്. അതു കേട്ടുകൊണ്ടിരിക്കുന്നതും ഒരു ഭാഗ്യമല്ലേ."
"സുഖിപ്പിക്കല്ലേ". അവളുടെ ശബ്‌ദം കുണുങ്ങിവീണു. അവളിങ്ങനെ ഇടതടവില്ലാതെ സംസാരിക്കുന്നതിനു കാരണം ഓഫീസിലെ പ്രത്യേകമായ സാഹചര്യങ്ങളാവണം. രാവിലെയും വൈകിട്ടും വരുന്ന തൂപ്പുകാരിയും ബെല്ലടിച്ചാല്‍മാത്രം പ്രതികരിക്കുന്ന ഓഫീസ്ബോയിയും ഏറെയെത്തുന്ന ഫോണ്‍കോളുകളും ബില്ലും കണക്കുമായിവരുന്ന ഏജന്റുമാരും പോസ്റ്റുമാനും കര്‍മ്മത്തിന് യാതൊരു വിഘ്‌നവും വരുത്താതെ കടന്നുപോകും. എന്നാല്‍ വല്ലപ്പോഴും നാസര്‍സാര്‍ വരുമ്പോള്‍ എന്നോടുള്ളതൊക്കെ കെട്ടുപോകും. പിന്നെ തുളുവിന്റെ പക്കമേളമാണ്. ഞാന്‍ കണ്ണുകളടച്ച് ചെവിപൊത്തിയിരുന്നാലെന്തെന്ന് ആലോചിക്കും. നാസര്‍സാറിന്റെ മേല്‍മറയില്ലാത്ത ക്യാബിനില്‍നിന്നും ചിരിയും പുളിച്ചുതികട്ടുംപോലത്തെ സംഭാഷണവും ഉയരുമ്പോള്‍ എനിക്കു് അസൂയയും സങ്കടവും വരും.
നാസര്‍സാര്‍ എന്നോടധികം മിണ്ടാറില്ല. ചിലപ്പോള്‍ അത്യാവശ്യമെങ്കില്‍ വളരെ വടിവൊത്ത ഇംഗ്ലീഷില്‍ നിര്‍ദ്ദേശങ്ങള്‍ വരും. "ജോണ്‍, നിങ്ങള്‍ ബാഗ്ലൂരില്‍, കാലിക്കറ്റില്‍, ട്രിവാണ്‍ട്രത്ത് ഇന്ന കമ്പനിവരെ പോയിവരണം".
അങ്ങനെ പോകേണ്ടിവരുമ്പോള്‍ ഞാന്‍ സല്‍മയെക്കുറിച്ചോര്‍ത്ത് എന്തെന്നില്ലാത്ത ആധിയിലായിരിക്കും. അവള്‍ ഒറ്റയ്ക്കാണല്ലോ അല്ലെങ്കില്‍ ഒറ്റയ്ക്കല്ലല്ലോയെന്നൊക്കെ വെകിളിപിടിച്ച് ചിന്തിക്കും. അവസരം കിട്ടുമ്പോഴൊക്കെ ഫോണ്‍വിളിച്ച് അന്വേഷിക്കും.
"കുഴപ്പമൊന്നുമില്ലല്ലോ?".
"എന്തു കുഴപ്പം, കൂട്ടിന് ജാനകിയമ്മയുണ്ട്".
അവര്‍ക്കാണെങ്കില്‍ തുളുവുമറിയാം. മുമ്പ് ഓഫീസില്‍ കുറേയാളുകള്‍ ഉണ്ടായിരുന്നു. ക്ലാര്‍ക്കുമാരും ടൈപ്പിസ്റ്റുകളും വെവ്വേറെ. തൂപ്പുകാരി ജാനകിയമ്മ പറയും.
"ഒക്കെ നാസര്‍സാറുമായി തെറ്റിപ്പിരിഞ്ഞു പോയതാ, പിന്നെ ഈ പെണ്ണ് മാത്രമായി. ഇപ്പഴല്ലേ മോന്‍ വന്നത്."
ഒരിക്കല്‍ സല്‍മ പറഞ്ഞു "ജോണിന് എന്നെക്കുറിച്ച് നല്ല ശ്രദ്ധയുണ്ട്. നന്ദി."
അന്നുരാത്രി യാദൃച്ഛികമായി സല്‍മയെയും അവളുടെ ഭര്‍ത്താവിനെയും മകളെയും നഗരത്തില്‍വെച്ച് കാണാനിടയായി. അവറൊരു ഇറച്ചിമാര്‍ക്കറ്റില്‍നിന്നും പുറത്തേയ്ക്ക് വരുകയായിരുന്നു. പര്‍ദാവേഷമാണെങ്കിലും സല്‍മയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തോന്നിയില്ല. അവളുടെ നടത്തവും ഫ്ലാഷ്ബാക്ക് കണ്ണടയും ഓരോ അടയാളമാണല്ലോ!.
എങ്കിലും, സല്‍മയെന്നെ ആദ്യം വിളിച്ചു. 'ജോണ്‍....'. എന്നെ സംബോധന ചെയ്‌തു.
"ഇതു ജോണ്‍ എന്റെകൂടെ ജോലിചെയ്യുന്ന...."
ഭര്‍ത്താവിന് കൈകൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു "അറിയാം ഇവള്‍ പറഞ്ഞിട്ടുണ്ട്."
അവരുടെ മകള്‍ വസന്തകാലത്ത് ഏറ്റവും നന്നായി പുഞ്ചിരിക്കുന്ന പൂവിനെപ്പോലെ നിന്നു. അവള്‍ക്ക് നാലുവയസ്സ് തികഞ്ഞില്ലെന്ന് സല്‍മ പറഞ്ഞു. ഞാനാ കുഞ്ഞുകവിളില്‍ തലോടി. അവളങ്ങനെ മിനുങ്ങിചിരിച്ചുകൊണ്ട് നോക്കിനിന്നു.
രാത്രിയില്‍ ഞാനൊറ്റയ്ക്കായപ്പോള്‍ മുറിയുടെ ജനാലവാതിലുകളടച്ച് കിടക്കയില്‍ അമര്‍ന്നുകിടന്നപ്പോള്‍ സല്‍മയുടെ മകളെന്നെ വല്ലാതെ ബാധിച്ചു. 'നല്ല ഭംഗിയുള്ള കുട്ടി. നല്ല കവിളുകള്‍. നല്ല ചുണ്ടുകള്‍. വിരിഞ്ഞുനില്‍ക്കുന്ന വിരാജിതസുമങ്ങളുടെ കണ്ണുകള്‍' അപ്പോഴെന്റെ ഉറ്റസുഹൃത്തുക്കളുടെ ഇനിയും ജനിച്ചിട്ടില്ലാത്ത പ്രേതരൂപങ്ങള്‍ ഭിത്തിയില്‍ തെളിഞ്ഞുവന്ന് അലറി. 'ഭൂമിയിലേയ്ക്കുവച്ചേറ്റവും വൃത്തികെട്ടവന്‍; ഒരു കൊച്ചുകുഞ്ഞിനെപ്പോലും വെറുതേ വിടുന്നില്ല."
കുറ്റബോധം തെല്ലുമില്ലാതെ ആ രാത്രിയില്‍ സല്‍മയുടെ മൂടിവയ്ക്കപ്പെട്ട മുഖത്തെ അവളുടെ മകളിലൂടെ വായിച്ചെടുത്തു. ഭര്‍ത്താവിന്റെ ഒരു രൂപവുമില്ല മകള്‍ക്ക്. എല്ലാം സല്‍മയുടേത്. അവളുടെ ഭര്‍ത്താവിനോടെനിക്ക് പുച്ഛം തോന്നി.
'നീചന്‍. പെണ്ണുങ്ങളുടെ സ്വാതന്ത്രത്തിന് പുല്ലുവിലപോലും നല്‍കാത്തവന്‍. പിന്നീടുവന്ന ദിവസങ്ങളില്‍ സൃതീസ്വാതന്ത്ര്യം, മതം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാന്‍ തുടങ്ങി.
"സല്‍മാ , നിങ്ങളീവേഷം ധരിക്കുന്നത് പുരുഷന്റെ സംതൃപ്തിക്കുവേണ്ടി മാത്രമല്ലേ. ഏതൊരു പെണ്ണിനും അവളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രതയില്ലേ?"
അവള്‍ കൂടുതല്‍ ബുദ്ധിമതിയായി. "ഉണ്ടാവാം; പക്ഷേ, സ്വന്തം പുരുഷന്റെ സംതൃപ്തിയില്‍ ആഹ്ലാദിക്കാത്ത എത്ര സൃതീകളുണ്ട്?. അതല്ലേ പ്രധാനം."
കൊണ്ടെത്തിക്കാനാഗ്രഹിച്ച കുരുക്കില്‍ നിന്നും അവള്‍ വിദഗ്ദ്ധമായി വഴുതിമാറി. ഞാന്‍ പരുങ്ങിയിരുന്നപ്പോള്‍ അവള്‍ പറഞ്ഞു."പരമപ്രധാനം മനസ്സിന്റെ വിശുദ്ധിയാണ്". "നാമിന്ന് അശുദ്ധിയെന്നു വിളിക്കുന്നതെല്ലാം മനസ്സില്‍ കടന്ന് കുടിയിരുന്ന ശേഷമാണ് പുറത്തുപോകുന്നത്."
ഞാന്‍ കുരുക്കിന്റെ വട്ടം വലുതാക്കി അതിലൂടെ നോക്കി. അവള്‍ പ്രതിരോധത്തിന്റെ പാകപ്പെട്ട കരുവിനെ യുക്തമായ സ്ഥാനത്തേയ്ക്കുയര്‍ത്തി.
"ജോണ്‍, നമ്മളിനിങ്ങനെ സംസാരിക്കണ്ട. സംസാരിച്ചാല്‍ തെറ്റെന്ന് ഞാന്‍ കരുതിയ കാര്യങ്ങളൊക്കെ തെറ്റിയെന്നു തോന്നും. എനിക്കങ്ങനെ ജീവിക്കേണ്ട."
ദിവസം ചെല്ലുന്തോറും എന്റെ ചിന്താഗതികള്‍ മുറുകിവന്നു. രാത്രിയില്‍ കാമത്തിന്റെ കടവില്‍ ചെന്നിരുന്ന് ചിന്തയുടെ ചീളെറിഞ്ഞ് ഓളങ്ങളുണ്ടാക്കി. ഒന്നും തെറ്റല്ലെന്നും ചിലര്‍ക്കായിമാത്രം ചിലത് വര്‍ഗ്ഗീകരിച്ച് വച്ചിട്ടില്ലെന്നുമുള്ള വികടതത്വങ്ങള്‍ തഴച്ചുപൊങ്ങി. ഒരുദിവസം ഞാനവളെ കുടുക്കുമെന്നും അന്ന് തൂപ്പുകാരിയും റൂംബോയിയും ഇല്ലാത്തൊരുനേരം ബലമായി ഭിത്തിയിലേയ്ക്ക് ചേര്‍ത്തുനിര്‍ത്തി മൂടുപടം വലിച്ചുകീറുമെന്നും അവളുടെ സുന്ദരമുഖം ദര്‍ശിക്കുമെന്നും തൂങ്ങിത്തുടിച്ച ചെഞ്ചുണ്ടില്‍ കടിച്ചമര്‍ത്തി അവളോടും അവളുടെ പുരുഷനോടും പ്രതിഷേധിക്കുമെന്നും സങ്കല്‌പിച്ചുകൂട്ടി. ഗുപ്‌തമാക്കിവച്ചതിലേയ്ക്ക് തുളച്ചുകയറാന്‍ വെമ്പുന്ന ആവേശത്തിന്റെ മുള്ളുകള്‍ എന്നിലുണര്‍ന്നു. ദിവസങ്ങള്‍ കടന്നുപോയി. സല്‍മയുടെ ശബ്‌ദം കൂടുതല്‍ സരളമായെണെന്ന് തോന്നി. അവള്‍ രാവിലെ വരുമ്പോള്‍ വൈകുന്നേരം നടന്നുപോകുമ്പോള്‍ ഞാന്‍ വിഹഗവീക്ഷണം നടത്തി. വെളുത്ത വാടകക്കാറുകളുടെ അരുകിലൂടെപോവുന്ന കറുത്ത സല്‍മ. നീലാകാശത്ത് ഒറ്റയ്ക്കോടുന്ന കരിമേഖം. കറുത്തുപരന്ന ടാര്‍റോഡിലെ വെയില്‍തിളപ്പില്‍ ഉടലിന്റെ മന്ദതാളം. നിഴലാട്ടം. അങ്ങനെ നോക്കിനില്‍ക്കെയാ ശാപത്തിന്റെ ദിനം വന്നെത്തി. കാമത്തിന്റെ ക്രുദ്ധവനത്തില്‍ ഉറക്കം നഷ്‌ടപ്പെട്ട് അലഞ്ഞുനടന്നൊരു ഹിംസ്രമൃഗം പല്ലുരുമ്മി.
എനിക്കു ക്ഷമനശിച്ചു. ഞാനവളുടെ കൈകളില്‍ പിടിച്ചു. ഒന്നുകുതറിയപ്പോള്‍ വാരിപ്പിടിച്ച് മുഖത്ത് ആഞ്ഞാഞ്ഞു ചുംബിച്ചു.
അവള്‍ അനങ്ങിയില്ല. എനിക്കു ധൈര്യമേറി. മൂടുപടം വലിച്ചുയര്‍ത്തി വീറുകാട്ടി. കണ്ണട നിലത്തുവീണു. ഞാനാമുഖത്തേയ്ക്ക് തറച്ചുനോക്കി വിറങ്ങലിച്ചു. അവള്‍ കടുത്ത അന്ധകാരത്തില്‍ വീണെന്നപോലെ നിലത്തുപരതി.
'സല്‍മാ' യെന്ന് ഒരിക്കല്‍ വിളിച്ചുപോയി. ആകെ പകച്ചുവിയര്‍ത്ത് രണ്ടു പടി പിന്നോട്ടുമാറി. കണ്ണടച്ചില്ലിന്റെ വശങ്ങള്‍ ചിന്നി.
അവള്‍ ചോദിച്ചു. "എന്തേ നിര്‍ത്തിക്കളഞ്ഞത്". വാക്ക് ശരംപോലെ മിന്നി. അവള്‍ കരയാന്‍ തുടങ്ങി.
"എന്റെ ഭര്‍ത്താവിനെ സമ്മതിക്കണമല്ലേ?" "എന്റെ മകളെ സമ്മതിക്കണമല്ലേ?
"ചോദ്യങ്ങളോരോന്നും ഏന്നെ മുറിപ്പെടുത്തി. ഞാനെന്റെ കസേരയില്‍ തളര്‍ന്നിരുന്നു. അവള്‍ ബാത്ത്‌റൂമില്‍ പോയി മൂടുപടം ശരിയാക്കി വന്ന് ജോലി തുടര്‍ന്നു. കണ്ണടയില്‍ മിന്നല്‍പ്പിണര്‍, സൂര്യന്റെ തെറിച്ചനോട്ടം.
ഞങ്ങള്‍ പിന്നൊന്നും സംസാരിച്ചില്ല. അടുത്തദിവസങ്ങളില്‍ അവള്‍ വന്നില്ല. എനിക്കു ദുഖവും ഭീതിയും തോന്നി. നാസര്‍ സാറിന്റെ കോളുകള്‍. ജാനകിയമ്മയുടെ നിസാരമല്ലാത്ത ചിരി. റൂംബോയിയുടെ കണ്ണുകള്‍ താഴ്ത്തിയിട്ട നടത്തം. ഏജന്റുമാരുടെ ഇടതടവില്ലാത്ത വരവ്. എനിക്കു ഭീതിയേറിവന്നു.
എല്ലാവരും അറിഞ്ഞുകാണുമോ? അവളുടെ ഭര്‍ത്താവ് അറിഞ്ഞുകാണുമോ?. എല്ലാനേരവും എന്നെ കുറ്റപ്പെടുത്തി സംസാരമായിരിക്കുമോ?. എനിക്ക് ഓടിയൊളിക്കണമെന്ന് തോന്നി. ഒന്നിനുമൊന്നും ശക്തികിട്ടിയില്ല.
സല്‍മയുടെ മുഖമെന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. പക്ഷേ, അവള്‍ വന്നപ്പോള്‍ ഒരേയൊരുചോദ്യം കൊണ്ട് എന്നെ ശിക്ഷിക്കുകയും രക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്‌തു. ആഴമുള്ള നിരീക്ഷണങ്ങള്‍കൊണ്ട് വിശദമായെന്നെ പഠിച്ചുകഴിഞ്ഞു.
അവള്‍ എന്നിലേയ്ക്കു കുനിഞ്ഞ് സ്വരം വളരെ താഴ്ത്തി. "കുട്ടീ, മൃഗം ഉറങ്ങിയോ"
"ഉറങ്ങി." പെട്ടെന്നെനിക്കു ചിരിയാണുവന്നത്. പിന്നെ കണ്ണുകള്‍ നിറഞ്ഞു.
"അയ്യോ, കുഴപ്പമായോ" അവള്‍ പരിതപിച്ചു.
ഞാന്‍ കണ്ണുകള്‍ തുടച്ച് കസേരയില്‍ മലര്‍ന്നിരുന്നു. അടച്ചിട്ട ജനാലയിലൂടെവരുന്ന നീലവെയിലില്‍ പഴയ സല്‍മ. ഗ്ലാസ്സുമാറ്റിയ പഴയ കണ്ണട. അവിടെവച്ച് ഞങ്ങളുടെ യഥാര്‍ത്ഥ സൗഹൃദം തുടങ്ങുകയായി.
വീട്ടിലേയ്ക്കു ക്ഷണം. നിരസിക്കാനാവില്ലല്ലോ. ചെങ്കല്‍പാറകള്‍ക്കു നടുവില്‍ വെട്ടുവഴിയിലൂടെ നടക്കണം. മദ്ധ്യാഹ്നവെയിലില്‍ മയങ്ങിക്കിടക്കുന്ന പാറപ്പൂക്കള്‍. പാറകളില്‍ തൊണ്ടന്‍ കശുമാവുകളുടെ പരന്ന കിടപ്പ്. ഞാന്‍ ചോദിച്ചു. "സല്‍മയുടെ മുഖത്തിനെന്തുപറ്റി?".
"എന്റെ സ്വഭാവത്തിന് ഞാന്‍ നേരത്തേ പറയേണ്ടതാണ്. പക്ഷേ, എല്ലാം മൂടിവയ്ക്കാന്‍ ഒരു കൊതി. ജീവിക്കാനുള്ള കൊതിപോലെ തന്നെ."
"എന്നാലും...."
-പത്തൊന്‍പതാമത്തെ വയസ്സില്‍ മുഖത്തേയ്ക്ക് ആസിഡു കമഴ്ത്തുമ്പോള്‍, നിന്നുതിളയ്ക്കുമ്പോള്‍ സല്‍മയ്ക്ക് ഭ്രാന്തായിരുന്നോ?!
സല്‍മ ചെറിയ ചരല്‍കുന്നിലേയ്ക്ക് മുന്‍കാലെടുത്തുവച്ച് അണച്ചുനിന്നു. വാടിക്കുഴഞ്ഞ പാറപ്പൂക്കള്‍ ഒരുനിമിഷം ഞെട്ടിയെണിറ്റ് കുഴഞ്ഞ് മയങ്ങിവീണു. ചെങ്കല്‍പാറയുടെ ചൊറിക്കുഴികളില്‍നിന്നും ഉരുളന്‍മണലുകള്‍ പൊടുന്നനെ തെറിച്ചുരുണ്ടുവീണു.
"ഭ്രാന്തായിരുന്നു!"
-ആദ്യഭര്‍ത്താവ് നല്ലവനായിരുന്നില്ല. ഉമ്മയുമുപ്പയും ഇല്ലാണ്ടായപ്പോള്‍ എടപ്പാളിലെ മൂത്താപ്പയുടെ വീട്ടിലായിരുന്നു. ബിരുദപഠനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. എത്രയുമെളുപ്പം നിക്കാഹുകഴിഞ്ഞാല്‍ തലവേദനയൊഴിഞ്ഞെന്ന ചിന്തയിലായിരുന്നു മൂത്താപ്പ. പുതിയാപ്ല; കണ്ടാല്‍ പഞ്ചപാവം. ആദ്യമൊക്കെ ചെറിയതോതിലായിരുന്നു ഉപദ്രവം. കുറെയൊക്കെ ക്ഷമിക്കാന്‍ പഠിച്ചു. ഒരിക്കല്‍ റബ്ബര്‍തോട്ടങ്ങള്‍ നിറഞ്ഞ മലമ്പ്രദേശത്തേയ്ക്ക് അയാള്‍ക്കൊപ്പം പോയി. അവിടെ മലങ്കാട്ടിലയാള്‍ക്ക് കഞ്ചാവുകൃഷിയില്‍ പങ്കാളിത്തമുണ്ടായിരുന്നു. ടാപിംഗ് തൊഴിലാളിയെന്ന വ്യാജേനയാണ് താമസം. അട്ടിയിട്ട റബ്ബര്‍ഷീറ്റും പുകപ്പുരയും മുറ്റത്ത് പുളിച്ചുനാറുന്ന കുഴമ്പുജലവും ഈച്ചകളും. രാത്രിയിലയാള്‍ കുടിച്ചുകൂത്താടിവരും. ഇരുട്ടില്‍ കെട്ട പുകയുയരും.
സല്‍മ അങ്ങനെ ജീവിക്കേണ്ടവളായിരുന്നില്ല. ഉപ്പയുണ്ടായിരുന്നെങ്കില്‍....... കുറഞ്ഞപക്ഷം ഉമ്മയോ ആരെങ്കിലും...
പുകയുടെ കെട്ടഗന്ധം മുറിയില്‍ നിറയുമ്പോള്‍ അയാള്‍ മണ്ണെണ്ണവിളക്കിന്റെ തിരികളുയര്‍ത്തിവയ്ക്കാന്‍ പറയും. തൊണ്ടയില്‍ നിന്നും ഉരുളന്‍കല്ലുസ്വരങ്ങള്‍ മലയിടിഞ്ഞപോലെ വരും.
'തുണിയഴിക്കീണ്‌ടി.' അവളഴിക്കും. 'കുത്തിയിരിക്കീണ്‌ടി' അവളിരിക്കും.
കൈവിരലുകാട്ടണം. കാട്ടുന്ന വിരല്‍ ഞെക്കിയമര്‍ത്തി ചെമപ്പിക്കും. അതില്‍ മൂര്‍ച്ചയുള്ള പാക്കുകത്തികൊണ്ട് വരയും. രക്തം ചാടും. മണ്ണെണ്ണവിളക്കിന്റെ മഞ്ഞവെട്ടത്തില്‍ അതിന്റെ നീലഹൃദയത്തില്‍ ചോരയുംമുറിവും ചുട്ടെടുക്കും. അവള്‍ അലറിക്കരയും.
ആരുകേള്‍ക്കാന്‍...?! കേട്ടെങ്കിലും ആരുവരാന്‍....?!.
അയാളതില്‍ നക്കും. കരിഞ്ഞ രക്‌തത്തിന്റെ രുചിയുമായി അട്ടഹസിച്ചുകൊണ്ട് ഉടലിലേയ്ക്ക് പാഞ്ഞുകയറും. പകല്‍ മത്തിറങ്ങുമ്പോള്‍ മലയിറങ്ങിപ്പോയി അരിസാമാനങ്ങളും ഇറച്ചിയും വാങ്ങിവരും.
'വെച്ചുണ്ടാക്കീണ്‌ടി'. വിരലുകളോരോന്നും മുറയ്ക്കു മുറിഞ്ഞും കരിഞ്ഞുമിരിപ്പാണ്. പച്ചയിറച്ചിയല്‍ കത്തിയുരയ്ക്കുമ്പോള്‍ അവള്‍ കൈവിരലുകള്‍ മറന്നുപോകും. അതിലേയ്ക്ക് കട്ടിമസാലയിട്ട് ഇളക്കേണ്ടതോര്‍ത്തു പകച്ചുനില്‍ക്കുമ്പോള്‍ ഉറക്കച്ചടവുള്ള കണ്ണുകളില്‍ ഉരുള്‍പ്പൊട്ടും.
'എവിടാണ്‌ടി പന്നീ' യെന്ന ഒച്ചകേള്‍ക്കുമ്പോള്‍ കൈകള്‍ അറിയാതെ പാഞ്ഞുപോവും. എങ്ങനെയാണ് പിടിച്ചുനില്‍ക്കുക! വലിച്ചെറിഞ്ഞു കൈകുടയുമ്പോള്‍ തെറിച്ചുപോവുന്ന മാംസത്തുണ്ടും മസാലയും പോലെ ജീവിതവും പോവുകയാണ്. ഭിത്തിയില്‍ തലയിടിച്ച് മരിക്കാന്‍.
ഒരു ദിവസം കഞ്ചാവുവേട്ടയ്ക്കു വന്ന പോലീസുകാരനുമായി കൈകോര്‍ത്തുപിടിച്ച് അയാള്‍ വന്നു. പോലീസുവാനിന്റെ ഡ്രൈവറും കൂടെയുണ്ടായിരുന്നു. സല്‍മയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അവളോട് ആദ്യമായി സഹതാപം കാട്ടിയ ആള്‍. അവളെ രക്ഷിച്ചവന്‍.
അകത്ത് കഞ്ചാവും കൂത്തും നടക്കുമ്പോള്‍ അവന്‍ പുറത്തു കാവല്‍നില്‍ക്കുകയായിരുന്നു. പെട്ടെന്ന്, ദയനീയമായ നിലവിളി കേട്ടു. പോലീസുകാരനും അയാളും ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പരക്കംപാഞ്ഞു.
അവനവളെയും ചുമന്ന് മലയടിവാരത്തിലേയ്ക്കോടി. സംഭവമറിഞ്ഞ് സാഹതാപവുമായി മൂത്താപ്പയും ഇളയാപ്പയും മാമന്മാരും ആശുപത്രിയില്‍ ചെന്നു.
"ഞാനവരുടെകൂടെ പോകണമായിരുന്നോ?" ചോദ്യം കഴിഞ്ഞപ്പോള്‍ സല്‍മയുടെ വീടിന്റെ പടിയെത്തിയിരുന്നു. അവള്‍ മൂടുപടമുയര്‍ത്തി കണ്ണടയൂരി. കണ്ണുതുടക്കുകയും മൂക്ക് പിഴിയുകയും ചെയ്‌തു. മഴപെയ്‌തുതോര്‍ന്നൊരു വൈകുന്നേരംപോലെ അവിടെ തണലിന്റെ തണുപ്പ് നിറഞ്ഞുപരന്നു. അവളുടെ ഭര്‍ത്താവിനു കൈകൊടുക്കുമ്പോള്‍ വലിയൊരു മനുഷ്യനെ വീണ്ടും സ്പര്‍ശിക്കാനായെന്ന് മനസാ പറഞ്ഞു. അവളുടെ മകളുടെ കവിളില്‍ തലോടുമ്പോള്‍ അങ്ങേയറ്റം വാത്സല്യം തോന്നി.
-കണ്ണിനു വിദഗ്ദ്ധ ചികിത്സ തേടണം, പ്ലാസ്റ്റിക്ക് സര്‍ജറികൊണ്ട് മുഖത്തിന്റെ കാര്യം നേരെയാക്കാം.
-അതിനൊക്കെ ഒരുപാടു പണം വേണ്ടേ?
-പണം ഉണ്ടാകും. ആശ്വസിക്കുക.
അതുപറയവെ സല്‍മയുടെ തുറന്നുവെച്ച മുഖത്ത് ഹൃദ്യമായ പുഞ്ചിരി തെളിഞ്ഞു. ഭര്‍ത്താവിന്റെ കണ്ണുകള്‍ തിളങ്ങി.
കഥ താങ്കള്‍ പറയുന്ന രീതിയിലായിരുന്നെങ്കിലും എന്റേതായ നീട്ടിക്കുറുക്കലും മെഴുകുപുരട്ടലും ചായംപൂശലും അതിന്റെ സത്തയെ കളങ്കപ്പെടുത്തിയെങ്കില്‍ പൊറുക്കുക. താങ്കളെന്നോട് കഥപറഞ്ഞതിന്റെ വികാരവശം ഇവിടെ മനഃപൂര്‍വ്വം ഗോപ്യമാക്കുകയാണ്. മനുഷ്യനില്‍ പരിപൂര്‍ണസംതൃപ്‌തിയെന്തെന്നതിനെക്കുറിച്ച് എനിക്കിപ്പോഴും വ്യക്‌തമായ ധാരണയില്ല. എനിക്കയച്ച അവസാന സന്ദേശത്തിലെ അറിവുവച്ച് താങ്കളിവിടെ ജോലിചെയ്‌തിരുന്ന ഓഫീസ് തേടിപ്പോകാനൊരുങ്ങി ഇബ്‌നേ ഖല്‍ദൂണ്‍ സ്‌ട്രീറ്റിലൂടെ നടക്കവെ ചെറിയ മഴപെയ്‌തു. കുവൈത്തില്‍ മഴ വിരളമാണ്. കുറച്ചകലെ കറുത്ത കുടചൂടി മൂന്നുപര്‍ദയണിഞ്ഞ സ്‌ത്രീകള്‍ റോഡുമുറിച്ചുകടക്കാന്‍ ശ്രമിക്കുന്നു. അവര്‍ പാക്കിസ്ഥാനികളായിരിക്കുമെന്ന് ഞാന്‍ കരുതി.
Monday, April 16, 2007
പര്‍ദയ്ക്കുള്ളിലെ മുഖം
Posted by പുഴ.കോം at 5:36 PM
Subscribe to:
Post Comments (Atom)
1 comment:
പുഴ മാഗസിനില്‍ നവീന്‍ ജോര്‍ജ്ജ് എഴുതിയ കഥ
പര്‍ദയ്ക്കുള്ളിലെ മുഖം
Post a Comment