Wednesday, April 25, 2007

പ്രതീക്ഷകളുടെ വിക്കറ്റ്‌ വീഴുമ്പോള്‍...കായികം by കമല്‍അതിരില്ലാത്ത പ്രതീക്ഷകളാണ്‌ ക്രിക്കറ്റിന്റെ ആവേശവും അപകടവും. ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയരുമ്പോള്‍ താരങ്ങള്‍ വീരനായകന്മാരാകുന്നു. ആ പ്രതീക്ഷകള്‍ക്കേല്‍ക്കുന്ന ഓരോ ചെറിയ തിരിച്ചടികളും വീരനായകന്മാരെ വെറുക്കപ്പെട്ടവരുമാക്കുന്നു. നൂറുകോടി പ്രതീക്ഷകളില്‍ നിന്നുയര്‍ന്ന ആരവങ്ങള്‍ക്കു നടുവില്‍ ലോകകപ്പ്‌ കളിക്കാന്‍ വെസ്റ്റിന്‍ഡീസിലേക്കു പോയ ഇന്ത്യന്‍ ടീമഗംങ്ങള്‍ തിരിച്ചുവന്നപ്പോള്‍ വിമാനത്താവളങ്ങളുടെ പിന്‍വാതില്‍ തേടേണ്ടിവന്നു. അടുത്ത ബംഗ്ലാദേശ്‌ പര്യടനത്തില്‍ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തുമ്പോള്‍, കൂകിവിളിച്ചവര്‍ വീണ്ടും കൈയടിക്കും.

ഒമ്പതാം ക്രിക്കറ്റ്‌ ലോകകപ്പിനു കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ ഇനിയും ശേഷിക്കുന്നു. പക്ഷേ, സെമിഫൈനല്‍ ലൈനപ്പ്‌ പൂര്‍ത്തിയായതോടെ, അതിലിടം പിടിക്കാത്ത രാജ്യങ്ങളിലൊക്കെ അവരുടെ പ്രകടനങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെട്ടു തുടങ്ങി. ആദ്യ റൗണ്ടില്‍ത്തന്നെ അപ്രതീക്ഷിതമായി പുറത്തായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ ഈ പ്രക്രിയ മറ്റുള്ളവരെക്കാള്‍ മുമ്പേ തുടങ്ങിയെന്നു മാത്രം. രണ്ടിടത്തും കാര്യമായ പൊളിച്ചെഴുത്തുകള്‍ തന്നെയുണ്ടാകുമെന്നാണു സൂചന. സൂപ്പര്‍-8 ഘട്ടം പൂര്‍ത്തിയാകുന്നതോടെ വെസ്റ്റിന്‍ഡീസില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും വിഴുപ്പലക്കലിന്റെ ഒച്ച കേട്ടു തുടങ്ങി. സെമിസ്ഥാനം ഉറപ്പാക്കിയ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്‌, ശ്രീലങ്ക എന്നിവിടങ്ങളിലെ താരങ്ങള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും കോച്ചുമാര്‍ക്കും മാത്രമാണ്‌ തല്‍ക്കാലം ആശ്വാസത്തിനു വകയുള്ളത്‌. ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും അട്ടിമറിച്ച്‌, ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ബംഗ്ലാദേശില്‍പ്പോലും ക്യാപ്റ്റനും കോച്ചിനുമെതിരെ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു.

അഴിച്ചുപണിയുടെ കാലം

ക്രിക്കറ്റ്‌ പ്രചാരത്തിലുള്ള അപൂര്‍വം ലോകരാജ്യങ്ങളില്‍ ഭൂരിപക്ഷത്തിനും ഇനി വിമര്‍ശനങ്ങളുടെയും വിശകലനങ്ങളുടെയും കാലമാണ്‌. ചില ക്യാപ്റ്റന്മാരും കോച്ചുമാരുമൊക്കെ ഇനി തൊഴില്‍രഹിതരാകുന്നതും കാണാം. ഇന്ത്യന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍, തന്നെ പുറത്താക്കും മുമ്പേ രാജിവച്ചൊഴിഞ്ഞു. പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹക്കും, വെസ്റ്റിന്‍ഡീസ്‌ നായകന്‍ ബ്രയാന്‍ ലാറയും ക്യാപ്റ്റന്‍സി മാത്രമല്ല, ഏകദിന കരിയര്‍ തന്നെ അവസാനിപ്പിച്ചു. ഇംഗ്ലീഷ്‌ നായകന്‍ മൈക്കല്‍ വോനെ കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. വോന്‍ തന്ത്രശാലിയായ ക്യാപ്റ്റനാണെങ്കിലും ഏകദിനത്തില്‍ ഇരുപത്തഞ്ചിനടുത്തു മാത്രം ബാറ്റിംഗ്‌ ശരാശരിയുള്ള അദ്ദേഹം ഏകദിനടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നാണ്‌ ഇയാന്‍ ബോതമിനെപ്പോലെയുള്ള മുന്‍താരങ്ങള്‍ പറയുന്നത്‌. ഏകദിന ക്യാപ്റ്റന്‍സി ഒഴിയാന്‍ വോന്‍ സ്വയം സമ്മതവും അറിയിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്‌ ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ മാത്രം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞു.

സിംബാബ്‌വെക്കാരനായ ഇംഗ്ലണ്ട്‌ കോച്ച്‌ ഡങ്കന്‍ ഫ്ലച്ചറിന്റെ സ്ഥാനത്തിനു കനത്ത ഭീഷണിയുണ്ട്‌. കഴിഞ്ഞ തവണ ടീമിന്‌ ആഷസ്‌ പരമ്പര നേടിക്കൊടുത്തു ഹീറോയായ ഫ്ലച്ചറുടെ സ്വീകാര്യത ഇത്തവണ ആഷസ്‌ നഷ്ടപ്പെട്ടതോടെ ഇല്ലാതായിരുന്നു. ത്രിരാഷ്‌ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ ഇംഗ്ലണ്ട്‌ ചാമ്പ്യന്മാരായപ്പോള്‍ ലഭിച്ച താത്കാലിക ആശ്വാസം ഫ്ലച്ചര്‍ക്ക്‌ ഇപ്പോള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ശ്രീലങ്കയെ നല്ല രീതിയില്‍ മേയ്ച്ച ടോം മൂഡി ലോകകപ്പിനുശേഷം അവിടെ തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇംഗ്ലീഷ്‌ ആന്റ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഭാഗത്തു നിന്ന്‌ അനുകൂല പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ടോം മൂഡി ലോകകപ്പിനുശേഷം പുതിയ മേച്ചില്‍പ്പുറം കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ ശ്രീലങ്കന്‍ താരങ്ങളെയും ബോര്‍ഡിനെയും അസ്വസ്ഥരാക്കുന്നുണ്ട്‌. ടൂര്‍ണമെന്റില്‍ ലങ്കയുടെ പുരോഗതി കാരണം ഈ അസ്വസ്ഥത ഇതുവരെ കാര്യമായി പുറത്തുവന്നില്ലെന്നു മാത്രം. ബംഗ്ലാദേശ്‌ അവിസ്മരണീയമായ പ്രകടനമാണ്‌ ഈ ലോകകപ്പില്‍ പുറത്തെടുത്തതെങ്കിലും അവരുടെ ക്യാപ്റ്റന്‍ ഹബീബുള്‍ ബാഷറിന്റ നില പരുങ്ങലിലാണ്‌. യുവതാരങ്ങള്‍ നേടിക്കൊടുത്ത ത്രസിപ്പിക്കുന്ന വിജയങ്ങളില്‍ ബാഷറിന്റെ പങ്ക്‌ പലപ്പോഴും വിസ്മരിക്കപ്പെട്ടു. ഇന്ത്യയെ തോല്‍പിച്ചതോടെ ബംഗ്ലാ ആരാധകരുടെ പ്രതീക്ഷകള്‍ കുറഞ്ഞതു സെമിഫൈനല്‍ വരെയാണു നീണ്ടത്‌. അതിനൊത്ത വളര്‍ച്ച ബംഗ്ലാദേശിന്റെ കൗമാരം വിടാത്ത സംഘം നേടിയിട്ടില്ലെന്നത്‌ ആരാധകര്‍ക്ക്‌ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നേടിയ വിജയങ്ങള്‍ക്കിടയിലും ബാഷറിന്റെ രക്തത്തിനു വേണ്ടി മുറവിളി ഉയരുകയാണ്‌.

ഓസ്‌ട്രേലിയന്‍ കോച്ച്‌ ജോണ്‍ ബുക്കാനന്‍ ഈ ലോകകപ്പോടെ സ്ഥാനമൊഴിയാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ അക്കാദമി മേധാവി ടീം നീല്‍സണ്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ലോകകപ്പ്‌ ടീമിനെ അനുഗമിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ്‌ അക്കാദമിയില്‍ നീല്‍സണ്‍ ഒഴിച്ചിട്ടിരുന്ന സ്ഥാനത്തേക്കു പരിഗണിക്കുന്നതാകട്ടെ ഗ്രെഗ്‌ ചാപ്പലിനെയും. ഇന്ത്യന്‍ ക്രിക്കറ്റ്‌ അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവായും ചാപ്പലിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ മനസു തുറന്നിട്ടില്ല.

ഓസ്‌ട്രേലിയന്‍ അക്കാദമിയുടെ തന്നെ പഴയ മേധാവി ബെന്നറ്റ്‌ കിംഗാണ്‌ ഇപ്പോള്‍ പുതിയ ജോലി തേടുന്ന മറ്റൊരു പ്രമുഖന്‍. കിംഗിന്റെ കീഴില്‍ വിന്‍ഡീസ്‌ ടീം കൂടുതല്‍ സുസജ്ജമായെന്ന പ്രതീതിയോടെയാണ്‌ സ്വന്തം നാട്ടിലെ ലോകകപ്പിനൊരുങ്ങിയത്‌. അനായാസം സൂപ്പര്‍-8ല്‍ കടന്നുകൊണ്ട്‌ അവര്‍ ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പക്ഷേ, സൂപ്പര്‍-8ല്‍ അവരുടെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ ദയനീയം എന്ന വാക്കു മതിയാകില്ല. ഇന്നത്തെ ഓസ്‌ട്രേലിയക്കു തുല്യമായ പഴയകാല പ്രതാപവുമായുള്ള താരതമ്യങ്ങളാണ്‌ ഇപ്പോള്‍ വിന്‍ഡീസ്‌ ടീമിനെ വലയ്ക്കുന്നത്‌. അന്നത്തെ മഹാരഥന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്നത്തെ ടീമിലുള്ളത്‌ ഒരു ബ്രയാന്‍ ലാറ മാത്രവും. ടീമിനെ നയിക്കാന്‍ ലാറയുടെ പകരക്കാരനെ കണ്ടെത്തുന്നതും വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനു ഭാരിച്ച ജോലിയാണ്‌. നേതൃഗുണമുള്ള ഒരു കളിക്കാരനെ എടുത്തു കാട്ടാനില്ലാത്തതാണ്‌ അവരുടെ പ്രശ്നം. വൈസ്‌ ക്യാപ്റ്റന്‍ രാംനരേശ്‌ സര്‍വന്‍ ക്യാപ്റ്റനാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ക്രിസ്‌ ഗെയ്‌ലിനെ ക്യാപ്റ്റനാക്കിയാല്‍, പണ്ട്‌ ക്ലൈവ്‌ ലോയ്ഡ്‌ ക്യാപ്റ്റനായപ്പോഴത്തേതു പോലെ, ബാറ്റിംഗില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടാകുമെന്നു കരുതുന്നവരുമുണ്ട്‌.

ടീം ഇന്ത്യയുടെ ഭാവി

ബംഗ്ലാദേശ്‌ പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമില്‍ കോച്ച്‌ എന്ന സ്ഥാനം ഉണ്ടാകില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. രവിശാസ്‌ത്രി മാനേജരും റോബിന്‍ സിംഗ്‌ ഫീല്‍ഡിംഗ്‌ പരിശീലകനും വെങ്കിടേഷ്‌ പ്രസാദ്‌ ബൗളിംഗ്‌ പരിശീലകനുമായുള്ള താല്‍കാലിക സംവിധാനമാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍, ലോകക്രിക്കറ്റിലെ ഏറ്റവും പ്രശസ്തിയും പണവും വെല്ലുവിളിയും നല്‍കുന്ന ജോലിയായ, ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനം ആഗ്രഹിക്കുന്ന ചിലരെങ്കിലും മുന്നോട്ടു വന്നിട്ടുണ്ട്‌. ഇന്നു ലോകക്രിക്കറ്റിലെ സൂപ്പര്‍ കോച്ചായ ഡേവ്‌ വാട്‌മോര്‍ തന്നെയാണ്‌ ഇവരില്‍ പ്രമുഖന്‍. 1996ല്‍ ശ്രീലങ്കയെ ലോകചാമ്പ്യന്മാരാക്കുകയും ഇത്തവണ ബംഗ്ലാദേശിനെ സൂപ്പര്‍-8ലെത്തിക്കുകയും ചെയ്ത വാട്‌മോര്‍ ഇന്ത്യയെ പരിശിലിപ്പിക്കാന്‍ തയ്യാറാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുക തന്നെ ചെയ്തു. പക്ഷേ, ഈ പ്രഖ്യാപനം ബംഗ്ലാദേശ്‌ അധികൃതര്‍ക്കു തീരെ രസിച്ചിട്ടില്ല. ലോകകപ്പ്‌ കഴിയും വരെ മാത്രമാണ്‌ വാട്‌മോറിന്റെ കാലാവധിയെങ്കിലും ഇത്ര പ്രധാനമായൊരു ടൂര്‍ണമെന്റിനിടെ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതിന്‌ വാട്‌മോറിനെ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പരസ്യമായി അതൃപ്തി അറിയിക്കുകയും ചെയ്തു.

ടീം ഇന്ത്യക്കേറ്റ നാണക്കേട്‌ ചാപ്പലിന്റെ രാജികൊണ്ടു മായ്ച്ചു കളയാനുള്ള ശ്രമത്തിലാണ്‌ ബി.സി.സി.ഐ. ബംഗ്ലാദേശ്‌ പര്യടനത്തില്‍ പേരിനു ചില യുവതാരങ്ങള്‍ ഇടംപിടിക്കാമെങ്കിലും ടീമിന്റെ ഘടനയില്‍ സമൂലമായൊരു മാറ്റം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. ടീമെന്ന നിലയില്‍ ഇന്ത്യ പരാജയമായെങ്കിലും റോബിന്‍ ഉത്തപ്പ ഒഴികെയുള്ള ടോപ്‌ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്മാരെല്ലാം വിന്‍ഡീസില്‍ ഒരു കളിയിലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ബൗളിംഗ്‌ നിരയുടെ പ്രകടനം ശരാശരിക്കു മുകളിലുമായിരുന്നു. അതില്‍ അപവാദം അജിത്‌ അഗാര്‍ക്കറും ഹര്‍ഭജന്‍ സിംഗും മാത്രം. ഹര്‍ഭജനു ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ രമേഷ്‌ പൊവാറിനു കഴിയും. പക്ഷേ, പ്രായം പൊവാറിന്‌ അനുകൂലമല്ല.

അനില്‍ കുംബിള്‍ കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കിപ്പോള്‍ ആവശ്യം നിലവാരമുള്ള സ്പിന്നര്‍മാരാണ്‌. അണ്ടര്‍-19 ക്യാപ്റ്റന്‍ പിയൂഷ്‌ ചൗളയാണ്‌ യുവപ്രതീക്ഷകളില്‍ മുന്നില്‍ നില്‍ക്കുന്നത്‌. വെങ്കടപതി രാജുവിനും, സുനില്‍ ജോഷിക്കും ശേഷം ഒഴിഞ്ഞു കിടക്കുന്ന ഇടങ്കയ്യന്‍ സ്പിന്നറുടെ ഒഴിവിലേക്ക്‌ വൈകാതെ രവീന്ദര്‍ ജഡേജയോ ഷാബാദ്‌ നദീമോ പരിഗണിക്കപ്പെട്ടേക്കും. പ്രജ്ഞാന്‍ ഓജ, ഇക്ബാല്‍ അബ്ദുള്ള എന്നീ യുവസ്പിന്നര്‍മാരും പ്രതീക്ഷയുണര്‍ത്തുന്നു.

ഉത്തര്‍പ്രദേശിന്റെ മുഹമ്മദ്‌ കൈഫ്‌, സുരേഷ്‌ റെയ്‌ന, മുംബൈയുടെ രോഹിത്‌ ശര്‍മ, ബംഗാളിന്റെ മനോജ്‌ തിവാരി, തമിഴ്‌നാടിന്റെ എസ്‌. ബദരിനാഥ്‌, ഡല്‍ഹിയുടെ ഗൗതം ഗംഭീര്‍ എന്നിവരാണ്‌ ടീമിന്റെ റിസര്‍വ്‌ ബാറ്റിംഗ്‌ നിരയില്‍ ഇപ്പോഴുള്ളത്‌. റിസര്‍വ്‌ പേസ്‌ ബൗളിംഗ്‌ നിരയില്‍ പഞ്ചാബിന്റെ വി.ആര്‍.വി. സിംഗ്‌, ഉത്തര്‍പ്രദേശിന്റെ ആര്‍.പി. സിംഗ്‌, ബംഗാളിന്റെ രണദേബ്‌ ബോസ്‌, ഡല്‍ഹിയുടെ ഇഷാന്ത്‌ ശര്‍മ, തമിഴ്‌നാടിന്റെ വിജയകുമാര്‍ യോമഹേഷ്‌ എന്നിവരുമുണ്ട്‌. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌. ലക്ഷ്മണ്‍ എന്നിവരുടെ അന്താരാഷ്‌ട്ര കരിയറിന്‌ ഇനി ഏറെ ദൈര്‍ഘ്യം പ്രതീക്ഷിക്കാന്‍ കഴിയില്ല. ബൗളിംഗ്‌ നിരയില്‍ ഒരു പരിധിവരെ സഹീര്‍ ഖാനൊഴികെ ആര്‍ക്കും സ്ഥിരാംഗത്വം അവകാശപ്പെടാനുമില്ല. ഈ സാഹചര്യത്തില്‍ റിസര്‍വ്‌ ബഞ്ചിലിരിക്കുന്നവരില്‍ ഭൂരിഭാഗവും സമീപഭാവിയില്‍ തന്നെ പരീക്ഷിക്കപ്പെടുമെന്നു കരുതാം.

പാക്കിസ്ഥാനില്‍ കലാപം

അയര്‍ലന്‍ഡിനോടു തോറ്റ്‌ ആദ്യ റൗണ്ടില്‍ പുറത്തായ പാക്കിസ്ഥാന്റെ ദുരന്തം പൂര്‍ത്തിയായത്‌ ബോബ്‌ വൂമറുടെ കൊലപാതകത്തോടെയാണ്‌. ഇന്‍സമാം ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയും ടെസ്റ്റ്‌ ക്യാപ്റ്റന്‍സി രാജിവയ്ക്കുകയും ചെയ്തു കഴിഞ്ഞു. മറ്റു പല രാജ്യങ്ങളിലും പരിശീലകരാാ‍നും ക്യാപ്റ്റനാകാനും കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ പാക്കിസ്ഥാനില്‍ ഇതിനൊന്നും ആളില്ലാത്ത സ്ഥിതിയാണ്‌. ഇന്‍സിക്കു സ്വാഭാവിക പിന്‍ഗാമി വൈസ്‌ ക്യാപ്റ്റന്‍ യൂനിസ്‌ ഖാനായിരുന്നെങ്കിലും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ്‌ അദ്ദേഹം മാറി നില്‍ക്കുകയാണ്‌. മുഹമ്മദ്‌ യൂസഫ്‌ ക്യാപ്റ്റനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ്‌ ബോര്‍ഡിനും അതിനോടു താല്‍പര്യമില്ല. ഓള്‍റൗണ്ടര്‍ ഷോയബ്‌ മാലിക്കിനു തന്നെയാണു മുന്‍ഗണന. ടീമംഗങ്ങളില്‍ സ്ഥാനചലനത്തിനു സാധ്യതയുള്ളത്‌ റാണാ നവേദ്‌ ഉല്‍ ഹസന്‍, മുഹമ്മദ്‌ സമി, ഷാഹിദ്‌ അഫ്രീദി തുടങ്ങിയവര്‍ക്കാണ്‌.

സഫലമാകാത്ത സ്വപ്നങ്ങള്

‍ലോകക്രിക്കറ്റിലെ പല മഹാരഥന്മാര്‍ക്കും ഇത്‌ അവസാന ലോകകപ്പായിരുന്നു. ഇക്കൂട്ടത്തില്‍ ബ്രയാന്‍ ലാറയും ഒരു പക്ഷെ, സച്ചിന്‍ തെണ്ടുല്‍ക്കറുമുണ്ട്‌. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാന്മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന സച്ചിനും ലാറയ്ക്കും തങ്ങളുടെ മഹത്വത്തിനു മാറ്റു കൂട്ടാന്‍ ഒരു ലോകകപ്പ്‌ മാത്രം സ്വന്തമാക്കാനായില്ല.

അങ്ങനെ എന്നത്തേയും പോലെ ഈ ലോകകപ്പും സഫലമാകാത്ത ഒരുപിടി സ്വപ്നങ്ങളുടേതു കൂടിയാകുന്നു. ക്രിക്കറ്റ്‌ എന്ന മതം തലയ്ക്കു പിടിച്ചവര്‍ ഇനി അടുത്ത നാലു വര്‍ഷത്തേക്കുള്ള സ്വപ്നങ്ങള്‍ നെയ്തു കൂട്ടാന്‍ തുടങ്ങുകയായി. ക്രിക്കറ്റിന്റെ ആവേശവും ആശയും നിരാശയും അതിന്റെ ഭാഗമായി നിലനില്‍ക്കുകയും ചെയ്യും.


free hit counter

No comments: