എഡിറ്റോറിയല്‍
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാഷ്‌ട്രങ്ങളിലൊന്നായിട്ടാണ് ഇന്ത്യയെ കണക്കാക്കുന്നത്. അഞ്ച്‌വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് വഴി പുതിയ ഭരണാധികരികളെ നിശ്ചയിക്കുന്ന പരിപാടി ലോകത്ത് പലയിടത്തും നടക്കുന്നുണ്ടെങ്കിലും അത് ഏറെക്കുറെ കുറ്റമറ്റരീതിയില്‍ നടക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. അതിനേറ്റവും മികച്ച ഉദാഹരണമാണ്, സ്വാതന്ത്ര്യം പ്രാപിച്ച് 10 വര്‍ഷത്തിനകം ലോകത്ത്‌തന്നെ ആദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ അധികാരത്തിലേറിയ കേരള സംസ്‌ഥാനത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ. ഇന്ത്യയിലെ മേറ്റ്ല്ലാ സംസ്‌ഥാനങ്ങളിലും ഭരണക്ഷിയായിരുന്ന കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കേരളത്തിലെ സ്‌ഥിതി വിഭിന്നമായിരുന്നു. വീണ്ടും ലോകരാഷ്‌ട്രങ്ങളെ അത്‌ഭുതപ്പെടുത്തിയ സംഭവമായിരുന്നു., അടിയന്തിരാവസ്‌ഥയ്‌ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിസഭയെ ന്യൂനപക്ഷമാക്കി, പ്രതിപക്ഷ സംഖ്യത്തെ വിജയിപ്പിച്ചത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പരാജയത്തിന്റെ രുചിയറിഞ്ഞു. പക്ഷേ, പ്രതിപക്ഷ കക്ഷികളുടെ ഇടയില്‍ പിന്നീട് വന്ന അനൈക്യം ആ മന്ത്രിസഭയുടെ പതനത്തിലെത്തുകയും പിന്നെ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ഇന്ദിരയുടെ നേതൃത്വതത്തിലുളള കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുകയും ചെയ്‌തു. ജനാധിപത്യപ്രക്രിയ സുഗമമായി നടക്കുന്ന ഒരു രാഷ്‌ട്രത്തില്‍ മാത്രമേ ഈ മാതിരിയുള്ള തിരഞ്ഞെടുപ്പിലൂടെയുള്ള വിധിയെഴുത്ത് നടക്കുകയുള്ളു.
പക്ഷേ കറകളഞ്ഞതെന്ന് പറയപ്പെടുന്ന ഈ ജനാധിപത്യ സംവിധാനത്തിലും ഇപ്പോള്‍ കളങ്കമേറ്റിരിക്കുന്നു. കോഴക്കൊടുക്കല്‍ - വാങ്ങല്‍, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ രാഷ്‌ട്രീയമായ അനാശാസ്യതകളും അനാചാരങ്ങളും ഇപ്പോള്‍ ചികിത്സിച്ചുമാറ്റാന്‍ വയ്യാത്തവിധംവലിയ ഒരര്‍ബുദമായി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ ബാധിച്ചിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച്, തൊട്ടു പിന്നാലെ വന്ന തിരഞ്ഞെടുപ്പുമുതല്‍ ഇതിന്റെ തുടക്കം കുറിച്ചിരുന്നെങ്കിലും എഴുപതുകളുടെ മദ്ധ്യത്തോടെ അവ ക്രമാനുഗതമായി വളര്‍ന്ന് വളര്‍ന്ന് ഇനി ഏതൊരു ചികിത്സയും ഏല്‍ക്കില്ല എന്ന നിലയിലായിക്കഴിഞ്ഞു.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയതിനെ മറികടക്കാന്‍ രാജ്യത്ത് അടിയന്തിരാവസ്‌ഥ ഏര്‍പ്പെടുത്തിയ സംഭവമായിരുന്നു, അതായിരുന്നു പ്രകടമായി ആദ്യമേറ്റ ആഘാതം. അടിയന്തരാവസ്‌ഥ പിന്‍വലിച്ച് 1977 ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും ജനാധിപത്യ പ്രക്രിയക്ക് തുടക്കമിട്ടെങ്കിലും എണ്‍പതുകളുടെ തുടക്കത്തോടെ ജനാധിപത്യമെന്നാല്‍ പണാധിപത്യമാണെന്നും, അധികാര ദുര്‍വിനിയോഗവും അഴിമതിയും ലോകമെമ്പാടും വ്യാപിച്ച ഒരു പ്രതിഭാസത്തിന്റെ പ്രതിഫലനം മാത്രമാണെന്നു വ്യാഖ്യാനം നല്‍കി ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ കളങ്കത്തിന് സാധുകരണം നല്‍കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ തയ്യാറായതോടെ, അഴിമതിയും സ്വജനപക്ഷപാതവും, അധികാരദുര്‍വിനിയോഗവും രാജ്യമെമ്പാടും പടര്‍ന്നു തുടങ്ങി.
രാജ്യക്ഷേമത്തിന് വേണ്ടി ഗവണ്‍മെന്റ്‌തന്നെ നയമായി നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതികളിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌വേണ്ടി ഉപയോഗിക്കുന്ന പണം ഈ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവ ക്ര്യം ചെയ്യുന്ന ഒരു മദ്ധ്യസ്‌ഥവര്‍ഗ്ഗം കൈക്കലാക്കാന്‍ തുടങ്ങിയതോടെ അഴിമതിയും സ്വജനപക്ഷപാതവും മറയില്ലാതെ ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലേയ്‌ക്കും പടര്‍ന്നു. ബീഹാറിലെ കാലിത്തീറ്റ കുംഭകോണം, മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രിയായിരുന്ന അന്തുലെയുടെ കാലത്തുണ്ടായ സിമന്റ് കുംഭകോണം, ചേരിനിര്‍മ്മാര്‍ജ്ജനത്തിനും, ഡാമുകള്‍ക്കും വേണ്ടിയുള്ള പണം ചിലവഴിച്ചതിനെചൊല്ലിയുള്ള വിവാദങ്ങള്‍ - ഇവയില്‍ ചിലത് മാത്രമാണ്. മുമ്പ് ഉദ്യോഗസ്‌ഥവര്‍ഗ്ഗം അനുഭവിചിരുന്ന കോഴപ്പണം അതിന്റെ പലമടങ്ങായിട്ടാണ് രാഷ്‌ട്രീയ ദല്ലാളന്മാരുടെ കൈകളിലേക്കെത്തുന്നത്. ഉദ്യോഗസ്‌ഥവര്‍ഗ്ഗത്തെ പിണക്കാതിരിക്കാന്‍ അവരുയിടയിലെ കൈക്കൂലിയും കെടുകാര്യസ്‌ഥതയും ഭരണകൂടത്തിലിരിക്കുന്നവര്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നു. ആദ്യമൊക്കെ വേള്‍ഡ് ബാങ്കില്‍ നിന്നും മാത്രം ലഭിക്കുമായിരുന്ന പലപല ക്ഷേമപദ്ധതിക്ക് വേണ്ടിയുള്ള വിദേശവായ്‌പ, ഉദാരവത്‌ക്കരണവും ആഗോളവത്‌ക്കരണവും അംഗീകൃത സമ്പ്രദായമായി മാറിയപ്പോള്‍, വിദേശത്തുള്ള സ്വകാര്യ ബാങ്കുകളില്‍ നിന്നും സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് വരെ ലഭിക്കുമെന്നായപ്പോള്‍, അഴിമതിയുടെ വ്യാപ്‌തി ഒന്നും രണ്ടും കോടിയല്ല, നൂറുകണക്കിന് എന്ന നിലയിലേയ്‌ക്ക് വളര്‍ന്നു കഴിഞ്ഞു. അതോടൊപ്പം മുമ്പ് വളരെ ദുര്‍ലഭമായി നടന്നിരുന്ന അക്രമവാസനകള്‍ - ആളെ തട്ടിക്കൊണ്ടുപോകല്‍, ചേരി തിരിഞ്ഞുള്ള സമുദായ സംഘര്‍ഷങ്ങള്‍, കൊലപാതകങ്ങള്‍, ഭവനഭേദനങ്ങള്‍, ബാലാസംഗം - ഇവ രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്നു. അപൂര്‍വ്വമായി വരുന്ന കേസുകള്‍ ഭരണകക്ഷിയിലെ ആള്‍ക്കാര്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചേര്‍ത്ത് ചാര്‍ജ്ജ് ചെയ്‌ത് കോടതിയിലെത്തുമ്പോള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉള്ളതാക്കി മാറ്റുന്നു.
നമ്മുടെ ജനാധിപത്യ സംവിധാനത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു പാര്‍ലമെന്റില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമ്പോഴും വിശ്വാസവേട്ടെടുപ്പവേളയിലും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടി മെമ്പര്‍മാരെ കോടിക്കണക്കിന് രൂപ നല്‍കി, വശത്താക്കുന്ന സംഭവം. നരസിംഹറാവുവിന്റെ കാലത്ത് ജാര്‍ക്കണ്ടില്‍ നിന്നുള്ള മുക്തിമോര്‍ച്ച മെംബര്‍മാര്‍ക്ക് കോഴകൊടുത്തു വശത്താക്കി ഭൂരിപക്ഷം തെളിയിച്ച കേസ്സ് കെട്ടടങ്ങിയില്ല, അതിന് തൊട്ടുപിന്നാലെയാണ് ആണവകരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ഇടതുപക്ഷം ഗവണ്‍മെന്റിനുള്ള പിന്‍തുണ പിന്‍വലിച്ചപ്പോള്‍ 2008 ജൂലൈ മാസത്തില്‍ വിശ്വാസവോട്ടെടുപ്പ് വേളയില്‍ പ്രതിപക്ഷ കക്ഷികളില്‍ പെട്ടവരെ വശത്താക്കാന്‍ വേണ്ടി കോടികളുടെ കോഴകൊടുത്ത വിവാദം ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കാണാനിടയായത്. കോഴപ്പണത്തിന്റെ സ്രോതസ്സ് തെളിയിക്കാനാവാതെ പോയത്‌കൊണ്ട് പാര്‍ലമെന്റില്‍ കൊണ്ടുവന്ന പണം ഗവണ്‍മെന്റിനു മുതല്‍ക്കൂട്ടായി മാറി എന്നു മാത്രം. നമ്മുടെ ജനാധിപത്യത്തിനേറ്റ മുറിവിന്റെ ആഴം അവിടംകൊണ്ടു തീരുന്നില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഇടഞ്ഞു നിന്നിരുന്ന പ്രതിപക്ഷത്തെ സമാജ്‌വാദി പാര്‍ട്ടി മെംബര്‍മാരെ കൂടെക്കൊണ്ടുവരാന്‍ വേണ്ടി അവരുടെ നേതാവ് മുലായംസിങ് യാദവ് യു.പി. മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം മരവിപ്പിക്കുകയാണുണ്ടായത.് എതിര്‍പക്ഷത്ത് നിലയുറപ്പിക്കുമെന്ന് വ്യക്തമായപ്പോള്‍ ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി മായാവതിക്കെതിരെയുള്ള കേസ് ഊര്‍ജ്ജിതമാക്കി.
ഇങ്ങ് കേരളത്തിലും ഇതിന്റെ പ്രതിഫലനം കാണാം. പാമോലിന്‍ ഇറക്കുമതിയിലെ അഴിമതി, ബ്രഹ്‌മപുരം വൈദ്യുതി നിലയത്തെ സംബന്ധിച്ച അന്വേഷണം, ഇടമലയാര്‍ പ്രോജക്‌ടുമായി ബന്ധപ്പെട്ട കേസ്സുകള്‍ ഇവയൊക്ക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ നീണ്ടുപോവുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഏറ്റവും വലിയ വിവാദമായി മാറിയ ലാവ്‌ലിന്‍ കേസ്സ് - ഉയര്‍ന്ന്‌വന്നത്. ഇവയിലൊക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന ആരോപണങ്ങള്‍ എല്ലാവശത്തുനിന്നു മുയരുമ്പോള്‍, ഇവിടെ കറകളഞ്ഞ ജനാധിപത്യ സംവിധാനമുണ്ടെന്ന വാദത്തിനെന്തര്‍ത്ഥമാണുളളത്? ഇങ്ങനെയുള്ള അവസരത്തില്‍ വരുന്ന തിരഞ്ഞെടുപ്പ് നീതിയുക്തവും ന്യായയുക്തവുമാണെന്ന് എങ്ങനെയാണ് ഒരു സാധാരണക്കാരന്‍ വിലയിരുത്തുക.
ഇപ്പോള്‍ സ്‌ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച ഇന്ത്യയൊട്ടാകെയുള്ള എല്ലാ പാര്‍ട്ടികളുടെയും പേരുകള്‍ പരിശോധിക്കുമ്പോള്‍ - പലരും വധശ്രമമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായവരാണെന്ന് കാണാം. കേസ്സ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മത്സരരംഗത്തേയ്‌ക്ക് വരാന്‍ കഴിയുന്നെന്ന് മാത്രം. ഈ ലിസ്‌റ്റില്‍ കോണ്‍ഗ്രസ്സ്, സമാജ്‌വാദിപാര്‍ട്ടി, ബഹ്‌ജന്‍ സമാജ്‌വാദിപാര്‍ട്ടി, രാഷ്‌ട്രീയ ജനതാദള്‍, ജനതാദള്‍, ഇടതും വലതുമായ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ - ഇവയില്‍ പെട്ടവരെക്കെയുണ്ട്. ഇവരെയൊക്കെയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടത്.
ഈ സമയത്താണ് നമ്മുടെ രാഷ്‌ട്ര പിതാവിന്റെ കണ്ണടയും പാദരക്ഷയുമുള്‍പ്പെട്ട ഭൗതിക വസ്‌തുക്കള്‍ കൈമോശം വരാതെയിരിക്കാനുള്ള ഗവണ്‍മെന്റ് ശ്രമം പരാജയപ്പെട്ടപ്പോള്‍ മദ്യരാജാവായ വിജയമല്ല്യ കോടികള്‍ മുടക്കി ലേലത്തില്‍ പിടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നത് വലിയൊരു വിവാദമായി മാറിയിരിക്കുക്കന്നത്. മദ്യം വര്‍ജ്ജിക്കണമെന്ന് ജീവിതകാലം മുഴുവന്‍ ആഹ്വാനം ചെയ്‌ത ഒരുയുഗപുരുഷനാണ് ഇങ്ങനൊരു ദുഃഖകരമായ പരിവേഷം വന്നുപെട്ടിരിക്കുന്നത്. പുതിയ തലമുറകരുതുക, ഗാന്ധിജി മുമ്പൊരു മദ്യവ്യാപാരിയായിരുന്നവെന്നാണ്. അല്ലെങ്കിലും 'ഗാന്ധി' എന്നപേര്‍ സ്വന്തമാക്കി, മഹാത്മജിയുടെ പിന്‍തലമുറക്കാരാണ് തങ്ങളെന്ന് കബളിപ്പിച്ച് കൊണ്ടിരിക്കുന്നവര്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളപ്പോള്‍ മഹാത്മജി ഇതെല്ലാം കണ്ട്, ഈ നാടിന്റെ ദുര്‍ഗതിയോര്‍ത്ത് വിലപിക്കുന്നുണ്ടാവും.
തിരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാതിരിക്കാനുള്ള അവകാശം സമ്മതിദായകനുണ്ടെങ്കിലും വോട്ട് എന്ത്‌കൊണ്ട് ചെയ്യുന്നില്ല എന്ന അവകാശം വ്യക്തമാക്കാനുള്ള സംവിധാനം ഇലക്ഷന്‍ സമ്പ്രദായത്തിനില്ല. തിരഞ്ഞെടുത്തയക്കുന്ന അംഗങ്ങള്‍ അനുയോജ്യരല്ലെങ്കില്‍ അവരെ മടക്കി വിളിക്കാനുള്ള അവകാശവും സമ്മതിദായകര്‍ക്കില്ല. കറകളഞ്ഞ ജനാധിപത്യ സമ്പ്രദായത്തിന്റെ ദോഷവശങ്ങള്‍ ഇനിയും ഏറിവരാനാണ് സാദ്ധ്യത. ഇങ്ങനെയുള്ള ഘട്ടത്തില്‍ പാവം വോട്ടര്‍ - ആര്‍ക്ക്, എന്തിന് എങ്ങനെ വോട്ടുചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍
Thursday, April 2, 2009
ധര്‍മ്മ സങ്കടത്തിലാവുന്ന വോട്ടര്‍മാര്‍
Posted by
പുഴ.കോം
at
9:07 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment