Thursday, March 26, 2009

പുഴയും കഥയും

സുധാ ബാലചന്ദ്രന്‍

പുഴ.ഡോട്ട്‌ കോമിന്റെ ഓണ്‍ലൈന്‍ മാഗസിന്റെ ആഭിമുഖ്യത്തില്‍ 2008-ല്‍ ഒരു കഥാമത്സരം നടത്തി. എല്ലാ കഥകളും ഇന്റര്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച്‌ വായനക്കാര്‍ക്ക്‌ വോട്ടു ചെയ്യാനാവസരം നല്‍കി. ഏറ്റവും കൂടുതല്‍ വോട്ടു നേടിയ 20 കഥകള്‍ അവാര്‍ഡ്‌ കമ്മറ്റി പരിശോധിച്ച്‌ 3 കഥകള്‍ തെരഞ്ഞെടുത്തു. അവാര്‍ഡിനര്‍ഹമായ ആ 3 കഥകളും ബാക്കി 17 കഥകളും ചേര്‍ത്ത്‌ പുഴ ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ പുഴ പറഞ്ഞ കഥ.

ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ ഏതൊരു വായനക്കാരനും ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ഈ കഥകളുടെ പുതുമയും വൈവിദ്ധ്യവുമാണ്‌. 1960-കളിലും 70 കളിലും ജനിച്ചവരാണ്‌ 50 ശതമാനം കഥാകാരന്മാര്‍. 80 കളിലും 90 കളിലും ജനിച്ചവര്‍ ചിലരും കഥാകൃത്തുക്കളിലുണ്ട്‌. അതുകൊണ്ടുതന്നെ വിഷയങ്ങള്‍ക്ക്‌ വ്യാപ്‌തിയും വ്യത്യസ്‌തതയും കാണാം. കഥാരചനയുടെ തന്ത്രങ്ങള്‍ പഠിച്ചവരും അല്ലാത്തവരും, നല്ല കഥകള്‍ വായിച്ചവരും അതിന്റെ അപര്യാപ്‌തതയുള്ളവരുമുണ്ട്‌. അസാമാന്യമായ കൈയടക്കം രചനയില്‍ കാട്ടുന്നവരും അതു തിരെയില്ലാത്തവരുമുണ്ട്‌. ഭാഷയുടെ സാദ്ധ്യതകള്‍ കണ്ടെത്തിയവരും, അതു ശ്രദ്ധിക്കാതെ വാക്കുകള്‍കൊണ്ട്‌ അമ്മാനമാടുന്നവരുമുണ്ട്‌.

എടുത്തു പറയേണ്ട ഒരു പോരായ്‌മ എഡിറ്റിങ്ങിന്റെ അഭാവമാണ്‌. ഒരു കഥാമത്സരത്തില്‍ എഡിറ്റിങ്ങിനു പ്രസക്തിയില്ല എന്നത്‌ ശരി. പക്ഷേ എഡിറ്റിങ്ങില്ലാതെ എഴുതി പ്രസിദ്ധപ്പെടുത്തി ശീലിച്ച പലരും ഈ സമാഹാരത്തിലെ പ്രതികളായിട്ടുണ്ട്‌. കൃതഹസ്‌തനായ ഒരെഡിറ്ററുടെ കരപരിചരണത്തില്‍ അതിമനോഹരങ്ങളായി മാറാവുന്ന രചനകള്‍ പലതും വൃഥാസ്‌ഥൂലതയും ആദിമദ്ധ്യാന്തപ്പൊരുത്തമില്ലായ്‌മയും കൊണ്ട്‌ അത്ര സുഖകരമല്ലാത്തവയായി അവസാനിച്ചിട്ടുണ്ട്‌ ഈ സമാഹാരത്തില്‍.

ഇലക്‌ട്രോണിക്‌ യുഗത്തിന്റെ സന്തതികളായ പുതിയ എഴുത്തുകാരില്‍ പൊതുവേ കണ്ടു വരാറുള്ള മറ്റൊരു ദോഷമാണ്‌ അനാവശ്യമായ തിടുക്കം. 'പുഴ പറഞ്ഞ കഥ' യിലെ പല കഥകളും നിരാശജനകമായിത്തീര്‍ന്നത്‌ ഈ തിടുക്കം മൂലമാണ്‌. ഉള്ളില്‍ വീണ ഒരു കഥാബീജം പൂര്‍ണ്ണവളര്‍ച്ചയെത്തും വരെ തപസ്സിരിക്കണമെന്നാണ്‌ പൂര്‍വ്വസൂരികള്‍ പറഞ്ഞിരിക്കുന്നത്‌. പക്ഷേ അല്‌പം പോലും ക്ഷമയില്ലാതെ വലിച്ചുവാരിയെഴുതിത്തീര്‍ത്ത്‌ പണിപൂര്‍ത്തിയാക്കി ധന്യത കൈവരിച്ചിരിക്കുന്നു പലരും.

ടോള്‍സ്‌റ്റോയ്‌ തന്റെ ബൃഹദ്‌നോവലായ 'യുദ്ധവും സമാധാനവും' 10 തവണ പകര്‍ത്തിയെഴുതിയെന്ന്‌ ചരിത്രം പറയുന്നു. ഒരു വിശ്വമഹാസാഹിത്യകാരനായി അദ്ദേഹം ഉയര്‍ന്നതിന്റെ പിന്നില്‍ ഈ ക്ഷമയുടെയും പൂര്‍ണ്ണതയ്‌ക്കായുള്ള കഠിനപ്രയത്നത്തിന്റെയും പശ്ചാത്തലവും കൂടിയുണ്ട്‌. കറതീര്‍ന്ന ഒരു ശില്‌പമാവണം തങ്ങളുടെ കലാസൃഷ്‌ടികള്‍ എന്ന നിര്‍ബന്ധം എഴുത്തുകാര്‍ക്കുണ്ടാവേണ്ടതുണ്ട്‌.

ഒന്നാം സമ്മാനം നേടിയ 'പുഴ പറഞ്ഞത്‌' ഉള്ളടക്കത്തിലും അവതരണത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒന്നാണ്‌. വിഷയത്തിന്റെ കാലികത, പാത്രസൃഷ്‌ടിയിലെ മികവ്‌, കഥപറച്ചിലിലെ കയ്യടക്കം എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന ഡോ. ഇ സന്ധ്യയുടെ 'പുഴ പറഞ്ഞത്‌" തുടങ്ങുന്നതും അവസാനിക്കുന്നതും പെര്‍ഫെക്‌ട്‌ ആയ നിമിഷങ്ങളിലും ചലനങ്ങളിലുമാണ്‌. രോഹിണിയെന്ന കമ്പനി എക്‌സിക്യൂട്ടീവ്‌ ആധുനിക കേരളീയവനിതയുടെ ഒരു മുഖം കാട്ടിത്തരുന്നു. കോടികളുടെ ഇടപാടുകള്‍ കയ്യിലൂടെ മറിയുന്ന, പബ്ലിക്‌റിലേഷന്‍ കപ്പാസിറ്റി അത്യധികമുള്ള, ഉള്ളില്‍ കവിതയും കലഹവുമുള്ള രോഹിണി. അവളുടെ ജീവിതം താറുമാറാക്കി കടന്നുപോയ രാജീവ്‌ ബാക്കിവെച്ച മാളുവെന്ന നാലാം ക്ലാസുകാരി മകള്‍ക്ക്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിയാത്തതില്‍ രോഹിണി ദുഃഖിക്കുന്നു. അവളുടെ ഉള്ളിലിപ്പോള്‍ ദീപക്കെന്ന ചെറുക്കപ്പാരനുണ്ട്‌. ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്ന, ഉള്ളിലെ അജ്ഞാതമായ പുല്‍മേടുകളും കാനനഭംഗിയും കടല്‍ക്കരയും ആകാശവും കാട്ടിത്തരുന്ന ദീപക്‌. പക്ഷേ അയാള്‍ക്ക്‌ മാളുവിനെ ഉള്‍ക്കാള്ളാന്‍ കഴിയുന്നില്ലേ എന്നവള്‍ക്ക്‌ സംശയമുണ്ട്‌. ഒരു ഒഫീഷ്യല്‍ യാത്രയില്‍ ഹോട്ടല്‍മുറിയില്‍ നിന്നുകണ്ട പുഴക്കടവിലെ ദീപങ്ങള്‍ അവളില്‍ പ്രതീക്ഷകള്‍ ആളിക്കത്തിച്ചു. ദിപക്കിനോട്‌ വിവാഹത്തിനു സമ്മതം മൂളാന്‍ തീരുമാനിച്ച്‌ അവളുറങ്ങി. പിറ്റേന്ന്‌ പുലര്‍ച്ചയ്‌ക്ക്‌ പുഴക്കടവിലെത്തിയ രോഹിണി കണ്ടത്‌ മണല്‍വാരുന്ന മനുഷ്യരെയാണ്‌. അവര്‍ക്കു വെളിച്ചം കാണാന്‍ കൊളുത്തിവച്ച ചെരാതുകളായിരുന്നു തലേന്നു രാത്രിയിലവള്‍ കണ്ടുമോഹിച്ചത്‌. തിരിച്ചു മുറിയില്‍ വന്ന്‌ പുഴയിലേയ്‌ക്ക്‌ തുറക്കുന്ന ജനലുകളടച്ച്‌ രോഹിണി ദീപക്കിന്റെ നമ്പര്‍ സെല്‍ഫോണില്‍ നിന്നു ഡിലീറ്റ്‌ ചെയ്‌തു.

ആധുനികയുഗത്തിന്റെ ഒട്ടേറെ സങ്കീര്‍ണ്ണതകളും സമസ്യകളും ധ്വന്യാത്മകഭംഗിയോടെ ഉള്‍ക്കൊള്ളിച്ച കഥയുടെ അന്ത്യത്തിന്‌ ഒരു സവിശേഷ അഭിനന്ദനം ഡോ. സന്ധ്യ അര്‍ഹിക്കുന്നു.

വിവാഹ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവയെ പുതിയ തലമുറയിലെ സ്‌ത്രീകള്‍ നേരിടുന്ന രീതിയും പുതിയ ബന്ധങ്ങളിലേര്‍പ്പെടാന്‍ അവര്‍ കാട്ടുന്ന ധൈര്യവും പുതിയ ഔദ്യോഗിക ജീവിതമേഖലകളിലെ വ്യത്യസ്‌തകളും വിജയസാദ്ധ്യതകളും അവിടെ ഒരതിരുവരെ കാണപ്പെടുന്ന സ്‌ത്രീപുരുഷസമത്വവും അപ്പോഴും സ്‌ത്രീകള്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളും മാതൃത്വത്തിന്റെ സനാതനത്യാഗമനോഭാവവും തൊട്ട്‌ സമകാലിക ജീവിതത്തില്‍ ഇലക്‌ട്രോണിക്‌ മീഡിയ ചെലുത്തുന്ന സ്വാധീനവും പരിസ്‌ഥിതിപ്രശ്‌നങ്ങളും വരെ 6 പേജുകളുള്ള ഇക്കഥ ഉള്‍ക്കൊള്ളുന്നു.

സമകാലിക മലയാളിവനിതയെ സന്ധ്യയുടെ നായിക രോഹിണി ഉള്‍ക്കൊണ്ടിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. തീരുമാനങ്ങളെടുക്കാന്‍ ആരെയും ആശ്രയിക്കാതെ, മൃദുലമനസ്സിന്റെ സുന്ദരവും ആദര്‍ശപൂര്‍ണ്ണവുമായ ഭാവങ്ങളെ തിരസ്‌ക്കരിക്കാതെ, സെന്റിമെന്റലിസത്തിലേയ്‌ക്ക്‌ വഴുതി വീഴാതെ ജീവിതത്തെ അവള്‍ സുധീരം നേരിടുന്നു.

രണ്ടാം സമ്മാനം നേടിയ ഷീലാടോമിയുടെ 'മകള്‍' എന്ന കഥയും സമകാലികവും അസുഖപ്രദവുമായ ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന ഒന്നാണ്‌. സ്വന്തം പിതാവിനാല്‍ പീഢിപ്പിക്കപ്പെടുന്ന, ലൂസിയെന്ന 14 കാരിയുടെ ജീവിതദുരന്തമാണ്‌ 'മകളി'ല്‍ പ്രതിഫലപ്പിച്ചിരിക്കുന്നത്‌.

നേഴ്‌സായ അമ്മ രാത്രിയില്‍ ഡ്യൂട്ടിയ്‌ക്ക്‌ പൊയ്‌ക്കഴിഞ്ഞാല്‍ മദ്യപിച്ചുവന്ന്‌ മകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പപ്പ അഭ്യസ്‌തവിദ്യനും ക്ലബ്‌ മെംബറും മരിയോ വര്‍ഗാസ്‌ യോസെയുടെ നോവല്‍ വായിക്കുന്ന സഹൃദയനുമാണ്‌. പുഴയേയും പൂവാലിപ്പശുവിനെയും സ്‌നേഹിക്കുന്ന, അവയോടൊക്കെ കിന്നാരം പറയുന്ന ആ പതിനാലുകാരി താന്‍ എന്നുമൊരു കുഞ്ഞായിരുന്നെങ്കില്‍ എന്ന്‌ വേദനയോടെ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ഹൃദയം നുറുങ്ങിപ്പോകുന്നു. ആഗോളതാപനത്തിന്റെ ഫലങ്ങളെക്കുറിച്ച്‌ ആലോചിക്കുന്ന ആ പിഞ്ചുമനസ്സ്‌ മഗ്‌ദലനമറിയവും അനുഗ്രഹിക്കപ്പെട്ടവളല്ലേ എന്ന്‌ (ഡാവിഞ്ചി കോഡ്‌ വായിച്ച്‌) അത്ഭൂതപ്പെടുന്നു. അമ്മാമ്മയുടെ വിലക്കുകേട്ട്‌ "ബൈബിളിലും കുട്ടികള്‍ക്ക്‌ പറ്റാത്ത കാര്യങ്ങളോ?" എന്ന്‌ അരിശപ്പെടുന്നു. കൂട്ടുകാരെല്ലാം ഇന്റര്‍നെറ്റില്‍ വിക്രിയകള്‍ കാട്ടിയാലും ഒരു മൗസ്‌ ക്ലിക്കില്‍ അവള്‍ എവിടെപ്പോയാലും പാടവരമ്പത്തെ തുമ്പപ്പൂവും പുഴയോരത്തെ കൈതയും പൂവാലിയുമെല്ലാം അവളെ തിരികെ വിളിക്കും. നിഷ്‌ക്കളങ്കതയുടെയും കോമളമായ ജീവിത സൗകുമാര്യത്തിന്റെയും പ്രതീകമായ ആ പെണ്‍കുട്ടി തന്റെ ഗതികേട്‌ ആരോടും പറയാനാവാതെ പുഴയില്‍ ജീവിതമൊടുക്കുകയാണ്‌. അവളെ വേണമെങ്കില്‍ ഭ്രാന്താശുപത്രിയിലെ പേരറിയാപ്പെണ്‍കിടാങ്ങളിലും കാണാമെന്ന്‌ ഷീലാടോമി കഥയവസാനിപ്പിക്കുന്നു.

വിദ്യാസമ്പന്നരും പുറമെ സംസ്‌കാര സമ്പന്നരെപ്പോലെ കാണപ്പെടുന്നവരും പോലും സ്വന്തം പെണ്‍മക്കളെ പീഢിപ്പിക്കുന്നുവെന്ന ക്രൂരസത്യം സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. പക്ഷേ അതു കേട്ടെന്നു നടിക്കുന്നതുപോലും നമ്മുടെ സംസ്‌കാരബോധത്തെ ഞെട്ടിക്കുന്നതിനാലാവാം അത്തരം ഭീകരപ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു കാല്‍വയ്‌പും ഇതുവരെ നാമെടുക്കാത്തത്‌. "അമ്മ തന്നെയൊന്ന്‌ ഉമ്മ വച്ചിരുന്നെങ്കില്‍, എന്താ മോളേ നിനക്കു പറ്റിയെന്ന്‌ ചോദിച്ചെങ്കില്‍" എന്നു ലൂസി വിങ്ങുന്നത്‌ ലോകത്തുള്ള എല്ലാ അമ്മമാരുടെയും ഉള്ളില്‍ചെന്ന്‌ പ്രതിദ്ധ്വനിച്ചെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. പ്രശ്‌നം അവതരിപ്പിക്കുന്നതോടൊപ്പം പരിഹാരവും കൂടി കഥയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്നതായി അനുഭവപ്പെടുന്ന നിമിഷമാണത്‌.

ഷീലടോമിയുടെ കഥയില്‍ വെട്ടിക്കളയാവുന്ന ചില ഭാഗങ്ങളുണ്ട്‌. പക്ഷേ കഥാരചനയുടെ പുതിയ തന്ത്രങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന ചില അംശങ്ങള്‍ അവയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടുതാനും. വലിച്ചുനീട്ടുന്ന ആമുഖത്തെപ്പറ്റി വായനക്കാരന്‍ ചിന്തിക്കുന്ന നിമിഷത്തില്‍ കഥാകൃത്തും അതിനെപ്പറ്റി ബോധവതിയാണെന്നു വ്യക്തമാക്കുന്ന നിമിഷം ഉദാഹരണം. കഥ കഥയാണെന്നും ജീവിതമല്ലെന്നും പൂര്‍ണ്ണബോധ്യത്തോടെ അവതരിപ്പിക്കുന്നതിലും കാലികത നിഴലിക്കുന്നു. ലൂസി ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ അവള്‍ ഉന്മാദാവസ്‌ഥയിലെത്തുമെന്ന്‌ സൂചിപ്പിക്കുന്ന അന്ത്യത്തില്‍ അതിവൈകാരികമാകാതെയുള്ള ഒരു വികാര വിസ്‌ഫോടനവും കാഥികയ്‌ക്കു സാദ്ധ്യമാവുന്നുണ്ട്‌.

മൂന്നാം സ്‌ഥാനത്തിനര്‍ഹമായ 'സങ്കടപ്പൂവ്‌', ആര്‍.എസ്‌. രാധിക എന്ന പതിനഞ്ചുവയസ്സുകാരി എഴുതിയതാണ്‌. അല്‌പനേരം പൊരുന്നയിരുന്ന്‌ വേണ്ടവിധം വികസിപ്പിച്ചിരുന്നെങ്കില്‍ നല്ലൊരു കഥയ്‌ക്കുള്ള സ്‌കോപ്പുണ്ടായിരുന്ന വിഷയമാണ്‌ സങ്കടപ്പൂവിന്റേത്‌. കുടുംബബന്ധങ്ങളിലെ ശൈഥില്യവും അത്‌ ഇളം മനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളും ഈ കഥയില്‍ സൂചിതമാകുന്നുണ്ട്‌. വിശ്വോത്തര ചെറുകഥകള്‍ പരിചയപ്പെടുകയും, കഥാരചന നിത്യാഭ്യാസമാക്കുകയും ചെയ്‌താല്‍ ഈ ഇളം കുരുന്നില്‍ നിന്ന്‌ ധാരാളം നല്ല കഥകള്‍ പുറപ്പെട്ടേയ്‌ക്കാം.

ബാജി ഓടംവേലിയുടെ "നീറുന്ന നെരിപ്പോട്‌" വായിച്ചപ്പോള്‍ പണ്ടൊരു മഹാനിരൂപകന്‍ ഒരു ബഷീര്‍കൃതിയെപ്പറ്റി പറഞ്ഞ വാക്യങ്ങള്‍ ഓര്‍മ്മ വന്നു. "ജീവിതത്തില്‍ നിന്നും വലിച്ചുചീന്തിയെടുത്ത ഒരേട്‌. വാക്കുകളില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു." ആധുനിക മലയാളിയുടെ അന്തസ്സാരശൂന്യതയ്‌ക്കും സത്യസന്ധതയില്ലായ്‌മയ്‌ക്കും കൂടി ഉദാഹരണമാണിക്കഥ. തന്റെ ഒരു അശ്രദ്ധകൊണ്ട്‌ ഒരു സുഹൃത്ത്‌ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ നായകന്‌ നെഞ്ചിലൊരു നെരിപ്പോട്‌ സൂക്ഷിച്ചാല്‍ മതിയെന്നു വരുന്നത്‌ ക്രൂരവും ഭീകരവും മനസ്സാക്ഷിയില്ലായ്‌മയുമാണ്‌.

ആധുനിക ജീവിതം സമ്മാനിക്കുന്ന ബന്ധശൈഥില്യങ്ങള്‍ വിഷയമാക്കിയ കഥകളിലൊന്നാണ്‌ ഒട്ടകങ്ങള്‍ ഉണ്ടാകുന്നത്‌'. സ്വന്തം കിഡ്‌നി വിറ്റ്‌ മകളെ ചികിത്സിച്ച അച്ഛന്‌ ഒടുവില്‍ നന്ദികേടു മാത്രം നല്‍കി കടന്നുപോകുന്ന മകള്‍. കഥാവിഷയത്തിലില്ലാത്ത പുതുമ അവതരണത്തില്‍ ബാബു ജോര്‍ജ്‌ കാണിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ 'കളിപ്പാട്ടങ്ങള്‍ കരയുന്നു' വെന്ന കഥയില്‍ സബീന.എം.സാലി പറയാന്‍ നടത്തുന്ന ശ്രമം അവസാനഖണ്ഡികയില്‍ വല്ലാതെ പാളി. സമ്മാനാര്‍ഹര്‍ക്കു പുറമേ 'പൂച്ചജന്മ' മെഴുതിയ ഗോപക്‌ യു. ആര്‍., 'പുത്രകാമേഷ്‌ടി' എഴുതിയ ആര്‍. രാധാകൃഷ്‌ണന്‍, പച്ചക്കുതിരകളെ ഞാന്‍ തൊടാറില്ല' എഴുതിയ കെ.ആര്‍.ഹരി, 'സംഗമം' എഴുതിയ അഭിലാഷ്‌ ആര്‍.എച്ച്‌. തുടങ്ങിയവര്‍ ചില പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ്‌ ഈ സമാഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.

വ്യത്യസ്‌തമായ പശ്ചാത്തലം കൊണ്ട്‌ ശ്രദ്ധപിടിച്ചു പറ്റുന്നു, കെ.എം. ജോഷിയുടെ 'ഫൂലിയാഗാവിന്റെ നൊമ്പരങ്ങള്‍, ജയിന്‍ ജോസഫിന്റെ 'സൂര്യതാഴ്‌വാരത്തെ ദേശാടനക്കിളി' എന്നിവ. ഏറെ ആഴങ്ങള്‍ ഒളിപ്പിച്ചുവച്ച കഥയാണ്‌ എ.എന്‍.ശോഭ, കോട്ടയത്തിന്റെ 'വില്‌പനക്കാരന്‍' ഒരു നല്ല കഥയ്‌ക്കാവശ്യമായ ചേരുവകളൊക്കെ ചേരേണ്ടുംപടി ചേര്‍ത്തിട്ടുമുണ്ട.്‌

ഉപഭോഗസംസ്‌കാരത്തില്‍ വഴിതെറ്റിപ്പോകുന്ന, നാശത്തിലേയ്‌ക്കാണ്ടു പതിക്കുന്ന ഒരു വിഭാഗം മനുഷ്യരെ കാണിച്ചുതരുന്ന ക്രെഡിറ്റ്‌കാര്‍ഡ്‌ (ദൃശ്യന്‍) എന്ന കഥ ശക്തവും തീക്ഷണവുമായ അവതരണം കൊണ്ട്‌ ശ്രദ്ധേയമാകുന്നു.

മനസ്സിനെ മെല്ലെ തൊട്ടുണര്‍ത്തുന്ന ചില നൈമിഷികാനുഭൂതികളില്‍ കഥാവസ്‌തു കണ്ടെത്താന്‍ ശ്രമിക്കുന്നു പലരും. വ്യത്യസ്‌തമായ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രമേ തൂലികയെടുക്കാവൂ എന്ന്‌ മഹാരഥന്മാരായ സാഹിത്യകാരന്മാര്‍ പറഞ്ഞത്‌ ഇവരില്‍ ചിലരെങ്കിലും ഓര്‍ക്കേണ്ടതുണ്ട്‌.

ഇലക്‌ട്രോണിക്‌ യുഗത്തിന്റെ അനുഗ്രഹംകൊണ്ടാണ്‌ തങ്ങളുടെ സൃഷ്‌ടികള്‍ വെളിച്ചം കണ്ടതെന്നും അനേകം പേര്‍ എത്രയോ അകലങ്ങളിലിരുന്ന്‌ അവ വായിച്ചതെന്നും തിരിച്ചറിയുന്ന ഈ എഴുത്തുകാര്‍ ആ മീഡിയത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി രചനയുടെ മഹത്തായ മേഖലകള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുമെന്ന്‌ നമുക്കാഗ്രഹിക്കാം.

No comments: