Monday, October 29, 2007

വെബ്ബിലെ മലയാളം വാര്‍ത്തകളും സൃഷ്ടികളും ഏകീകരിക്കപ്പെടുന്നു


വാര്‍ത്തകള്‍ വിശേഷങ്ങള്‍
പുഴ ഡോട്ട്‌ കോം


പുഴ.കോമിന്റെ "തൊരപ്പന്‍" വെബ്ബിലെ മലയാളം വാര്‍ത്തകളുടെ ഏകീകരണവും ചര്‍ച്ചയും സാധ്യമാക്കുന്നു....


യൂണീക്കോഡ്‌ ഫോണ്ടിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഒരു മാധ്യമമെന്ന നിലയില്‍ ബ്ലോഗിനെ മലയാളത്തില്‍ ഗൗരവമായി എടുത്തുതുടങ്ങിയതും സൈബര്‍സ്പേസില്‍ മലയാള സൃഷ്ടികളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്‌. മലയാളപത്രങ്ങളുടെ സൈറ്റുകള്‍ക്കപ്പുറം വായന ചെന്നിട്ടുള്ള ആര്‍ക്കും സാക്ഷ്യപ്പെടുത്താവുന്ന ഒരു സ്ഥിതിവിശേഷമാണത്‌; പക്ഷേ, അതോടെ ദൈനംദിന ജീവിതത്തിലെ മറ്റു തിരക്കുകള്‍ക്കിടയില്‍ നല്ല സൃഷ്ടികള്‍ കണ്ടുപിടിക്കാനുള്ള സൈബര്‍ വായനക്കാരന്റെ ശ്രമങ്ങള്‍ ബുദ്ധിമുട്ടു നിറഞ്ഞതോ, അസാധ്യമോ ആയി തീര്‍ന്നിരിക്കുന്നു. മലയാളത്തില്‍ സ്വയം പ്രസിദ്ധീകരണത്തിന്‌ തുടക്കം കൊടുത്ത പുഴ.കോം ഈ പുതിയ പ്രശ്നത്തിന്‌ പരിഹാരമായി രണ്ടു സൈറ്റുകള്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നുഃ മലയാളം സൃഷ്ടികളുടെ തലക്കെട്ടുകള്‍ ഏകീകരിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുള്ള "കേരള വാര്‍ത്തകള്‍, മലയാളം സൃഷ്ടികള്‍" എന്ന സൈറ്റും. digg.com പോലെ വായനക്കാര്‍ക്ക്‌ മലയാളം സൃഷ്ടികള്‍ ചര്‍ച്ച ചെയ്യാനും വോട്ടുചെയ്യാനുമുള്ള ഒരു ഉപാധിയും.

"കേരള വാര്‍ത്തകള്‍, മലയാളം സൃഷ്ടികളില്‍" http://news.puzha.com ദീപിക,മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, എം.എസ്‌.എന്‍ മലയാളം, യാഹൂ! ന്യൂസ്‌, ദാറ്റ്‌സ്‌ മലയാളം തുടങ്ങിയ മലയാളത്തിലെ പ്രമുഖ വാര്‍ത്താ സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഏകീകരിച്ചു കൊടുക്കുന്നു. അവിടെനിന്ന്‌ വായനക്കാര്‍ക്ക്‌ യഥാര്‍ത്ഥ വാര്‍ത്താശ്രോതസ്സിലേക്ക്‌ പോകാവുന്നതാണ്‌. പുഴ.കോമിന്റെ സ്വന്തം ഫോണ്ടായ ചൊവ്വര ഉപയോഗിക്കാതെ
യൂണീക്കോഡ്‌ ഫോണ്ടാണ്‌ ഈ സൈറ്റിന്റെ നിര്‍മ്മിതിക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഫോണ്ടുകളുടെ വ്യത്യാസങ്ങള്‍ പ്രശ്നമാകാതെ വായനക്കാര്‍ക്ക്‌ മലയാളം സൃഷ്ടികള്‍ ഒരിടത്തുനിന്നുതന്നെ കാണാനും വേണ്ടുന്നവ പരതിയെടുക്കാനും ഈ സൈറ്റ്‌ സഹായിക്കുന്നു. വാര്‍ത്തകള്‍ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളും ഈ സൈറ്റില്‍ ഉണ്ട്‌. ഭാവിയില്‍ മറ്റു പലതരത്തിലുള്ള സൃഷ്ടികളും ഈ സൈറ്റില്‍ ചേര്‍ക്കുന്നതാണ്‌.


"തൊരപ്പന്‍" എന്ന്‌ ഓമനപ്പേരിട്ടിട്ടുള്ള രണ്ടാമത്തെ സൈറ്റ്‌ മലയാളം സൃഷ്ടികള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയാണ്‌ (LINKS: http://www.thorappan.com അല്ലെങ്കില്‍ http:www.puzha.com/puzha/thorappan). വായനക്കാര്‍ കണ്ടെത്തുന്ന നല്ല കൃതികളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുകയോ, കൃതികള്‍ ചര്‍ച്ച ചെയ്യുകയോ, ഇഷ്ടപ്പെട്ടവയ്ക്ക്‌ വോട്ടുചെയ്യുകയോ ആവാം. വായനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട മലയാളം കൃതികളെ ഉയര്‍ത്തിക്കൊണ്ടുവരികയും അത്‌ കൂടുതല്‍ വായനക്കാര്‍ക്ക്‌ പ്രാപ്യമാക്കുകയും ചെയ്യുക എന്നതാണ്‌ ഈ സൈറ്റിന്റെ പ്രധാനലക്ഷ്യം. മലയാള പുസ്തകങ്ങളും സിനിമകളും അതേ രീതിയില്‍ ഈ സൈറ്റില്‍ വിലയിരുത്താന്‍ പറ്റും.

പുഴ.കോം സൈറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന സാമൂഹിക-മാധ്യമ (വെബ്ബ്‌ 2.0) പരിശ്രമങ്ങളുടെ ആദ്യഘട്ടമായായാണ്‌ ഈ രണ്ടു സൈറ്റുകളുടെ പ്രസിദ്ധീകരണം കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ഏക ഇന്റര്‍നെറ്റ്‌ ടെക്നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡാ'ണ്‌ പുഴ.കോമും ബന്ധപ്പെട്ട സൈറ്റുകളും പ്രമോട്ട്‌ ചെയ്യുന്നത്‌.

30 ഒക്ടോബര്‍ 2007

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: