Saturday, October 27, 2007

ചില റിയാലിറ്റി തട്ടിപ്പുകള്‍


ലേഖനം

വസന്ത്‌


മെഗാ സീരിയലുകളെ വെല്ലുന്ന കണ്ണീര്‍ പ്രവാഹത്തിന്റെ അണക്കെട്ടുകള്‍ തുറന്നു വിട്ടുകൊണ്ട്‌ ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ അരങ്ങു തകര്‍ക്കുകയാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചോദിക്കുമ്പോലെ മത്സരാര്‍ത്ഥികള്‍ എസ്‌.എം.എസിനു വേണ്ടി അഭ്യര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും കരഞ്ഞു പറയുകയും ചെയ്യുമ്പോള്‍ മൊബെയില്‍ ഫോണ്‍ അന്വേഷിക്കുന്നവരേ, പ്രിയതാരങ്ങള്‍ പുറത്താകുമ്പോള്‍ അവരുടെ മാതാപിതാക്കളേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞു നിലവിളിക്കുന്നവരേ, നിങ്ങളറിയുന്നില്ല നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന്‌.

അതേ, നല്ല പാട്ടുകാര്‍ പോലും പലപ്പോഴും ഇത്തരം ഷോകളില്‍ നിന്ന്‌ അപ്രതീക്ഷിതമായി പുറത്താകുന്നത്‌ നിങ്ങളെ അത്ഭുതപ്പെടുത്താറില്ലേ? അവതാരകരും കാണികളും വിധി കര്‍ത്താക്കളും ഒരുമിച്ചു കണ്ണീരോടെ പുറത്തായവരെ യാത്രയാക്കുമ്പോള്‍, അവരെ സമാശ്വസിപ്പിക്കാന്‍ പറയാറുള്ള ഒരു വാചകമുണ്ട്‌. "എസ്‌.എം.എസ്‌ കുറഞ്ഞതാണു പുറത്താകാന്‍ കാരണം!"

എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത്തരം മത്സരങ്ങളുടെ വിധി നിര്‍ണയത്തില്‍ എസ്‌.എം.എസുകള്‍ക്ക്‌ എത്ര അപ്രധാനമായ സ്ഥാനമാണുള്ളതെന്ന്‌ അല്‍പം യുക്തി ഉപയോഗിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ. ഇന്നു രാത്രി നിങ്ങള്‍ കാണുന്ന പരിപാടി യഥാര്‍ത്ഥത്തില്‍ ഒരു മാസം മുമ്പ്‌ ചിത്രീകരിച്ചതാവും. മാസത്തില്‍ ഒരിക്കലാണ്‌ പരിപാടിയുടെ ഷൂട്ടിംഗെന്ന്‌ മത്സരാര്‍ത്ഥികള്‍ തന്നെ പറയാറുള്ളത്‌ നമ്മള്‍ ടിവിയില്‍ കണ്ടിട്ടുള്ളതാണല്ലോ. അതായത്‌, നാളെ എലിമിനേഷന്‍ റൗണ്ട്‌ ആണെങ്കില്‍, അതിന്റെ ഷൂട്ടിംഗ്‌ ദിവസങ്ങള്‍ക്കു മുമ്പേ കഴിഞ്ഞിരിക്കും. പിന്നെ, ഇന്നു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലെ മത്സരാര്‍ത്ഥികള്‍ക്ക്‌ കാണികള്‍ എസ്‌.എം.എസ്‌ അയച്ചിട്ട്‌ എന്താണു പ്രയോജനം? റിയാലിറ്റി ഷോയിലെ നാടകീയ രംഗങ്ങളേക്കാള്‍ വലിയ നാടകമാണ്‌ എസ്‌.എം.എസ്‌ വോട്ടിംഗെന്ന്‌ ഇതില്‍ നിന്നു മനസിലാക്കാം.

മത്സരാര്‍ത്ഥികളെ അകത്താക്കാനും പുറത്താക്കാനും നിങ്ങളുടെ വോട്ടുകള്‍ക്കു കഴിവുണ്ടെന്നു തന്നെ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ ആ വിശ്വാസം തെറ്റാണ്‌. എസ്‌.എം.എസ്‌ അയക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രം ആസൂത്രണം ചെയ്തിരിക്കുന്ന നാടകമാണ്‌ എലിമിനേഷന്‍ റൗണ്ടുകള്‍ എന്നു തിരിച്ചറിയുക. ഇതിന്റെ പേരില്‍ അര്‍ഹരായ പലരും നേരത്തെ പുറത്താകുകയും ചെയ്യുന്നത്‌ നമ്മളൊക്കെ നേരിട്ടു കണ്ടതുമാണല്ലോ.

എന്നാല്‍, ഈ വാദത്തെ പിന്തുണയ്ക്കാന്‍ ഓഡിയന്‍സിന്റെ വേഷം അഭിനയിച്ചവരോ മത്സരാര്‍ത്ഥികളോ അവരുടെ കുടുംബാംഗങ്ങളോ അത്രവേഗം മുന്നോട്ടുവരാനിടയില്ല. കാരണം, ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്ന ജീവനക്കാരും മത്സരാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിക്കു മുമ്പ്‌ ഒരു കരാര്‍ ഒപ്പുവയ്ക്കുന്നുണ്ട്‌. പുറത്താകുന്നവര്‍ അതേപ്പറ്റി പരസ്യമായി പറയാന്‍ പാടില്ലെന്ന നിയമപരമായ നിബന്ധനയാണ്‌ ഈ കരാറിലെ ഉള്ളടക്കം. ഒരു മത്സരാര്‍ത്ഥി അടുത്തിടെ താന്‍ പുറത്തായ വിവരം ഓര്‍ക്കുട്ടില്‍ പ്രസിദ്ധീകരിക്കുകയും വളരെ വേഗം വിവരം പിന്‍വലിക്കുകയും ചെയ്തിരുന്നു. എലിമിനേഷന്‍ റൗണ്ട്‌ സപ്രേഷണം ചെയ്യുന്നതിന്‌ ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഇത്‌. എലിമിനേഷന്‍ റൗണ്ടിന്റെ ഷൂട്ടിംഗ്‌ സമയത്ത്‌ യഥാര്‍ത്ഥ ഓഡിയന്‍സും ഉണ്ടാകാറില്ലത്രെ. ടി.വിയില്‍ കാണുന്ന ഓഡിയന്‍സിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും എഡിറ്റ്‌ ചെയ്തു ചേര്‍ത്തതാവും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെന്തിന്‌ ഈ എസ്‌.എം.എസ്‌ നാടകമെന്ന സംശയം സ്വാഭാവികമാണ്‌. അതിന്‌ കാരണങ്ങള്‍ പലതുണ്ടെന്നാണു മറുപടി. പ്രധാനം സാമ്പത്തികം തന്നെ. നിങ്ങള്‍ വോട്ടു ചെയ്യാനായി അയക്കുന്ന ഓരോ എസ്‌.എം.എസിനും ചുമത്തുന്ന നിരക്ക്‌ നാലുരൂപ മുതല്‍ 6രൂപവരെയാണ്‌. ഇതില്‍ ഒരു രൂപയോളം മാത്രമാണ്‌ യഥാര്‍ത്ഥ എസ്‌.എം.എസ്‌ നിരക്ക്‌.

നാട്ടിലെ മൊബെയില്‍ ഫോണ്‍ കമ്പനികളെല്ലാം സാധാരണ എസ്‌.എം.എസുകള്‍ക്ക്‌ ഈടാക്കുന്ന നിരക്കു തന്നെയാണിത്‌. ഈ നിരക്കു മാത്രമാണ്‌ മൊബെയില്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ വോട്ടുകള്‍ക്കും ഈടാക്കുന്നത്‌. ബാക്കി പണം പോകുന്നത്‌ പരിപാടിയുടെ നടത്തിപ്പുകാരുടേയും ചാനലിന്റെയും ബാങ്ക്‌ നിക്ഷേപങ്ങളിലേക്കാകും. ഇപ്പോള്‍ മനസിലാകുന്നില്ലേ. 40 ലക്ഷം രൂപയുടെ ഫ്ലാറ്റും 65 ലക്ഷം രൂപയുടെ കാറുമൊന്നും ഈ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ കാര്യമൊന്നുമല്ലെന്ന്‌?

സ്പോണ്‍സര്‍മാരുടെ മറ്റൊരു രഹസ്യ അജന്‍ഡ കൂടി ഇതിനിടെ നടപ്പാകുന്നുണ്ട്‌. ഒന്നോ രണ്ടോ പാട്ടുകാരെ ഫേവറിറ്റുകളായി പ്രോജക്ടു ചെയ്യുന്ന രീതിയാണിത്‌. ഇതിന്റെ ഫലമായി മറ്റുള്ളവരുടെ ആരാധകര്‍ കൂടുതല്‍ എസ്‌.എം.എസുകള്‍ അയക്കും. പ്രേക്ഷകരുടെ പോക്കറ്റില്‍ നിന്നു ഫോണിലൂടെ ഒഴുകുന്ന പണം പരിപാടിക്കു പണം മുടക്കിയവന്റെ പോക്കറ്റില്‍ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്യും. ഇതിനിടെ അര്‍ഹതപ്പെട്ടവര്‍ പുറത്തായാലും ആര്‍ക്കും പരാതിപ്പെടാന്‍ അവസരമുണ്ടാകില്ല.

ഇടയ്ക്കു ചില മത്സരാര്‍ത്ഥികള്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ പുറത്തായെന്ന്‌ അവതാരകര്‍ അറിയിക്കുമ്പോള്‍, അവര്‍ ചിലപ്പോള്‍ സത്യങ്ങള്‍ അറിഞ്ഞു പിന്മാറിയതാകാം എന്നുകൂടി ഓര്‍ക്കുക. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതിയാണിത്‌. അമേരിക്കന്‍ റിയാലിറ്റി ഷോകളിലായിരുന്നു ഇതിന്റെ തുടക്കം. ഇതു പിന്നീട്‌ യൂറോപ്പിലേക്കും പിന്നീട്‌ ഇപ്പോള്‍ ഇന്ത്യയിലേക്കും കൂട്ടത്തില്‍ കേരളത്തിലേക്കും വ്യാപിച്ചെന്നു മാത്രം.

ചാനലിനു പണമുണ്ടാക്കാന്‍ മാത്രമാണ്‌ എസ്‌.എം.എസുകള്‍ ഉപയോഗപ്പെടുത്തുന്നതെന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്‌. എന്നാല്‍, അതിന്‌ ഒരു പ്രയോജനം കൂടിയുണ്ടെന്നതാണ്‌ യാഥാര്‍ഥ്യം. മത്സരാര്‍ത്ഥിയുടെ അകത്താകലിനേയോ പുറത്താകലിനേയോ എസ്‌.എംഎസുകള്‍ നേരിട്ടു ബാധിക്കുന്നില്ലെങ്കിലും മത്സരാര്‍ത്ഥികള്‍ ഓരോരുത്തരുടേയും ജനപ്രിയത അളക്കാന്‍ പരിപാടിയുടെ നടത്തിപ്പുകാര്‍ എസ്‌.എം.എസുകളെ ഉപയോഗിക്കുന്നുണ്ട്‌. മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളില്‍ 'കണ്‍സ്യൂമര്‍ സൈക്കോളജി' എന്നറിയപ്പെടുന്ന രീതിയാണിത്‌.

പ്രേക്ഷകര്‍ പരിപാടിയോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നു മനസിലാക്കി പരിപാടിയുടെ സ്വഭാവത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനാണ്‌ കണ്‍സ്യൂമര്‍ സൈക്കോളജി ഉപയോഗപ്പെടുത്തുന്നത്‌. ഇതിനായി എല്ലാ മത്സരാര്‍ത്ഥികളുടേയും പേരില്‍ ജനപ്രിയത രേഖപ്പെടുത്തുന്ന ചാര്‍ട്ടുകളും തയ്യാറാക്കിയിട്ടുണ്ട്‌. ഇത്തരം പോപ്പുലാരിറ്റി ചാര്‍ട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. ആളുടെ സ്വദേശം, ജീവിത പശ്ചാത്തലം, കാണികളെ ആകര്‍ഷിക്കാനുതകുന്ന കഴിവുകള്‍ അല്ലെങ്കില്‍ കുറവുകള്‍ എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. പിന്നെ, തീര്‍ച്ചയായും ഓരോരുത്തര്‍ക്കു കിട്ടുന്ന എസ്‌.എം.എസുകളുടെ എണ്ണവും.

ഇത്രയും കാര്യങ്ങള്‍ നോക്കിയ ശേഷമാണത്രെ ഓരോരുത്തര്‍ക്കും എത്ര മാര്‍ക്ക്‌ കൊടുക്കണമെന്ന്‌ വിധികര്‍ത്താക്കള്‍ തീരുമാനിക്കുന്നത്‌. പോപ്പുലാരിറ്റി ചാര്‍ട്ടില്‍ മുകളിലുണ്ടെങ്കില്‍, പ്രകടനം അല്‍പം മോശമായാലും വേണ്ടില്ല, മാര്‍ക്ക്‌ കൂടുതലുണ്ടാകും. ചാര്‍ട്ടില്‍ താഴെയാണെങ്കിലോ, പ്രകടനം കൊള്ളാമെങ്കിലും മാര്‍ക്ക്‌ അധികം പ്രതീക്ഷിക്കേണ്ട എന്നര്‍ഥം.

ഇത്തരം വാണിജ്യവത്കൃത വിധി നിര്‍ണയത്തിനെതിരേ വിധി കര്‍ത്താക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നാണ്‌ അണിയറ സംസാരം. എന്നാല്‍, കരാറിന്റെ ബന്ധനത്തില്‍ ഇതൊന്നും പരസ്യമാകാറില്ല. കരാറെന്നാല്‍ ഇവിടെ നിയമപരമായ തടസം മാത്രമല്ല പ്രശ്നം. വിധി കര്‍ത്താക്കള്‍ക്കു ലഭിക്കുന്ന വന്‍ പ്രതിഫലവും ഇവിടെ പ്രലോഭനമാണ്‌. അവതാരകര്‍ക്കുപോലും ഒരു ഷൂട്ടിംഗിന്‌ 10,000രൂപയോളം ലഭിക്കുമ്പോള്‍ വിധി കര്‍ത്താക്കളുടെ കാര്യവും ഒട്ടും മോശമാകാന്‍ വഴിയില്ലല്ലോ. ഇതൊക്കെ നമ്മുടെ മൊബെയില്‍ ഫോണുകളില്‍ നിന്നു പ്രവഹിക്കുന്ന എസ്‌.എം.എസുകളില്‍ നിന്നു കൂടി ലഭിക്കുന്ന പണമാണെന്നോര്‍ക്കുമ്പോള്‍, അടുത്ത എസ്‌.എം.എസ്‌ അയക്കും മുമ്പ്‌ ഒരു വട്ടംകൂടി ചിന്തിക്കാന്‍ തോന്നുന്നില്ലേ?

വസന്ത്‌

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: