നിത്യന്‍
നരന്‍ പണിതതോ വാനരന്‍ പണിതതോ അതോ സ്വയം ഭൂവോ ആകട്ടെ സേതു അവിടെയുണ്ട്. ഉള്ളതുകൊണ്ടാണല്ലോ ഇടിച്ചു നിരത്തേണ്ട ആവശ്യം വന്നത്.
നരനും വാനരനും കൈകോര്‍ത്ത ആദ്യത്തെ സംരംഭമാണ് രാമസേതു അഥവാ ആദംസ് ബ്രിഡ്ജ്. ആദം എന്നുണ്ടെങ്കിലും ബൈബിളില്‍ ബ്രിഡ്ജെന്നൊരു പരാമര്‍ശമില്ലാത്തതുകൊണ്ട് തല്‍ക്കാലം ആവഴി ചിന്തിക്കേണ്ടതില്ല.
ഇനി ചുണാമി എന്ന് തമിഴനും സുനാമി എന്നു ബാക്കിയുള്ളവരും ലാളിച്ചുവിളിച്ച സംഗതി നക്കിയെടുത്ത ജീവിതങ്ങള്‍ക്ക് രാമന്റെ ചരിത്രത്തോളം പഴക്കമില്ല.
അയോദ്ധ്യാ അംശം കോസലദേശത്ത് ദശരഥന്‍ മകന്‍ ശ്രീരാമന്‍ എന്നയാളുടെ ജനനസര്‍ട്ടിഫിക്കറ്റോ സ്കൂള്‍ രേഖകളോ ഇന്നോളം കണ്ടുകിട്ടിയിട്ടില്ല. അതായത് ജനനം രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് രാമന്‍ ജനിച്ചിട്ടില്ല. ഇനി ദശരഥന്‍ മകന്‍ ശ്രീരാമന്റെ പേരില്‍ ഒരു മരണസര്‍ട്ടിഫിക്കറ്റും ആരും വാങ്ങിയിട്ടില്ല. അതുകൊണ്ട് മരിച്ചു എന്നുപറയാനും വകുപ്പില്ല. ആയൊരു സത്യമാണ് ആര്‍ക്കിയോളജിക്കല്‍ മഹാന്മാര്‍ കണ്ടെത്തി കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ സുനാമിയെടുത്തുകൊണ്ടുപോയ രാമന്മാര്‍ പലരും ജനിച്ചു എന്നതിനു തെളിവുണ്ട്. മരിച്ചത് സുനാമി കാരണമാണെന്നും.
ഇങ്ങിനെയൊരു കടുംകൈ അവറ്റകള്‍ ചെയ്യുമെന്ന് സര്‍ദാര്‍ജിയും മദാമ്മയും സ്വപ്നത്തില്‍ കൂടി കരുതിക്കാണില്ല. നമ്മള്‍ മതേതരര്‍, മതമേതായാലും അതിനുമുന്നില്‍ മുട്ടുകാലിലിഴയുന്നവര്‍ തല്‍ക്കാലം തീരുമാനമെടുക്കേണ്ട. കുറച്ചു ഗുമസ്തന്മാരും കോടതിയും കൂടി തീരുമാനിക്കട്ട. അടി ഗുമസ്തനും വോട്ട് ഞമ്മക്കും.
സുനാമി ഇത്രകണ്ട് ഭീകരമായതിന്റെ കാരണം പവിഴപ്പുറ്റുകള്‍ക്കേറ്റ നാശമാണെന്ന കണ്ടെത്തല്‍ നടന്നത് ഏതായാലും ഡോ. പര്‍വീണ്‍ തൊഗാഡിയയുടെ വര്‍ഗീയ ലാബില്‍ നടന്ന പരീക്ഷണത്തിലല്ല.
അന്താരാഷൃട സുനാമി സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും ഇന്ത്യാ ഗവണ്‍മെന്റിന്റെ സുനാമി കണ്‍സള്‍ട്ടന്റുമായ സത്യം മൂര്‍ത്തി "That chain of coral islets saved costal Kerala that day" എന്നാണ് എഴുതിവച്ചത്.
എന്നാലും സുനാമി ഫണ്ട് എല്ലാരെക്കാളും നമ്മള് ഗംഭീരമാക്കുകയും ചെയ്തു. കടലുതന്നെ കേട്ടറിവുമാത്രമുള്ള ദൈവപുത്രന്മാര്‍ സുനാമിയുടെ അടുത്തവരവും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഫണ്ട് വിവാദം അപ്പോഴെങ്കിലും ഒന്നവസാനിക്കുമല്ലോ.
"This physical bridge saved thousands of lives in 2004" എന്നെഴുതിവച്ചത് കുമ്മനം രാജശേഖരനും വാനരസേനകളുമല്ല. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍. ഗോപാലകൃഷ്ണനാണ്. ശ്രീലങ്കന്‍ തീരത്ത് നാശം വിതച്ച സുനാമി ഈ വന്‍മതിലും കടന്ന് കേരളത്തിലെത്തുമ്പോഴേക്കും കിതച്ചുപോയി എന്നതാണു സത്യം. അതുകൊണ്ട് ശ്രീലങ്കയും ഇന്തോനീഷ്യയും കേരളത്തില്‍ ആവര്‍ത്തിച്ചില്ല എന്നത് അതിലേറെ സത്യം.
ഇങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ച മൂര്‍ത്തിയെ ഒരു കട്ടന്‍ചായക്കും പരിപ്പുവടക്കും ക്ഷണിച്ചു എന്നൊരപരാധമേ സേതുസമുദ്രം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ എന്‍.കെ രഘുപതി ചെയ്തുള്ളൂ. അതോടെ ചെയറിലുള്ള മൂപ്പരുടെ ഇരിപ്പ് നിലത്തായി. താമസിയാതെ പുറത്തുമായി.
3600ഓളം സസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണ് മാന്നാര്‍ കടലിടുക്ക്. അതിന് നാശം വരുത്തരുതെന്ന് വാദിക്കുന്നത് ഗ്രീന്‍പീസ് ഇന്ത്യയുടെ ആക്ടിവിസ്റ്റായ അരീസ ഹമീദാണ്. സേതുസമുദ്രം പ്രൊജക്ട് ഇതിന്റെ നാശത്തിനായിരിക്കും വഴിവെക്കുക എന്നുവാദിക്കാന്‍ അവര്‍ കൂട്ടുപിടിക്കുന്നത് 2000ല്‍ ഇപ്പോഴത്തെ മന്ത്രി ടി.ആര്‍ ബാലു ചെയ്ത പ്രസംഗത്തെയാണ്.
ആസേതുഹിമാചലം (ഈ പ്രയോഗത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ് മദാമ്മയും സര്‍ദാര്‍ജിയും കൂടി തയ്യാറാക്കിയിട്ടുണ്ട്) പ്രശ്നം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. യാഥാര്‍ത്ഥ്യം മാത്രം പടിക്കു പുറത്താക്കിയാണ് ചര്‍ച്ച.
രാമനുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊളിക്കണം അല്ലെങ്കില്‍ അവിടെത്തന്നെ നിന്നോട്ടെ എന്ന മട്ടിലാണ് കരുണാനിധിയുടെ സങ്കീര്‍ത്തനം.
മൂപ്പരുടെ ആത്മീയ നേതാവായ രാവണന്റെ ലങ്ക സുനാമിയടിച്ച തീരപ്രദേശം പോലെയാക്കുവാന്‍ വേണ്ടി നരനും വാനരനും കൈകോര്‍ത്ത ആദ്യത്തെ സഹകരണസംഘത്തിന്റെ പ്രൊജക്ട് മാനേജര്‍ ഹനുമാന്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് രാമലക്ഷ്മണന്മാര്‍ക്ക് കൈമാറിയ വരമ്പാണ് രാമസേതു.
രാവണനെ ആരാധിക്കുന്ന ദ്രാവിഡന്റെ മുഖ്യശത്രു കേരളത്തിലെ ആര്യന്മാരാണ്. ചിന്തയില്‍ ശൂദ്രത്വവും കര്‍മ്മത്തില്‍ ബ്രാഹ്‌മണ്യവും പ്രാവര്‍ത്തികമാക്കിയ മന്ദബുദ്ധികള്‍. എല്ലാം രാമനും അയോദ്ധ്യയും പോലുള്ള ഒരു വിശ്വാസം.
സത്യത്തിന്റെ പുറത്തു ജീവിക്കുക വെള്ളത്തിനടിയില്‍ കഴിയുന്നതുപോലെയാണ്. കൂടിയാല്‍ മുപ്പതു സെക്കന്റ്. വിശ്വാസത്തിന്റെ കരയില്‍ എത്രകാലം വേണമെങ്കിലും സുഭിക്ഷം കഴിയാനുള്ള വകുപ്പുണ്ട്.
ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ ചുരുങ്ങിയത് ഒരു ജില്ലയിലെയെങ്കിലും ആര്യന്മാരെ ജലസമാധിയാക്കുവാന്‍ പറ്റിയ വരുണാസൃതമായിരുന്നു. അതിപ്പോള്‍ ഏതാണ്ട് കൈവിട്ടുപോയി. അപ്പോള്‍ വീണുകിട്ടിയ അടുത്ത ആയുധമാണ് രാമസേതു.
ഇനി അതെങ്ങിനെയെങ്കിലും ഒന്നു പൊളിച്ചു കിട്ടണം. സുനാമിക്കുള്ള ചാന്‍സാണെങ്കില്‍ തൊഴിലില്ലായ്മ പോലെ കൂടിക്കൂടി വരുന്നേയുള്ളുതാനും. സേതുബന്ധനത്തിന് മോക്ഷം കൊടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒരു സുനാമി നല്‍കി കുലഗുരു ശുക്രാചാര്യര്‍ അനുഗ്രഹിക്കുകയാണെങ്കില്‍ സംഗതി ക്ലീന്‍.
പതിനാലു മുല്ലപ്പെരിയാര്‍ ഇഫക്ടുള്ള വരുണാസൃതമായിരിക്കും സേതുലസ് സേതുസമുദ്രം. വയനാട്ടിലെ എടക്കല്‍ ഗുഹയും തുഷാരഗിരിയുമൊക്കെ സന്ദര്‍ശിക്കാന്‍ പോയവരേ ബാക്കിയാവുകയുള്ളൂ. കേരളത്തിലെ ആര്യന്മാര്‍ എന്നു കരുതുന്ന ശൂദ്രന്മാരുടെ വംശം തന്നെ കുറ്റിയറ്റുപോകും.
പത്തുതലയുണ്ടായിരുന്നിട്ടും ഇത്രയും ബുദ്ധി രാവണനുണ്ടായിരുന്നില്ല. ഇതിന്റെ നാലിലൊന്നുണ്ടായിരുന്നെങ്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് നിവര്‍ന്നുനടക്കുന്ന ഒരു രാമനും ചാടിക്കളിക്കുന്ന കൊച്ചുരാമന്മാരും സ്വാഹ എന്നു വാത്മീകി എഴുതുമായിരുന്നു. കരുണാനിധി അന്നു ജനിക്കാതെ പോയതും രാവണന്റെ ഗതികേട് എന്നല്ലാതെന്തുപറയുവാന്‍.
ഏതായാലും നരനില്‍ നിന്നും വാനരനിലേക്ക് തിരിച്ചുനടക്കാനുള്ള കാലമായി. ആരും വഴിതെറ്റിപ്പോവുകയില്ല. മുന്നില്‍ മദാമ്മയും പിന്നില്‍ സര്‍ദാര്‍ജിയും നയിക്കാനുള്ള കാലത്തോളം.
നിത്യന്‍
E-Mail: nithyankozhikode@yahoo.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
No comments:
Post a Comment