Tuesday, October 9, 2007

കൃതിയും ഭാഷയും


മിറര്‍ സ്കാന്‍ ചര്‍ച്ച
ബിനു തോമസ്‌


"പ്രജാപതിക്ക്‌ തൂറാന്‍ മുട്ടി"യപ്പോഴാണ്‌ ധര്‍മ്മപുരാണത്തിന്റെ ചരിത്രസന്ധി കടലാസ്സുതാളുകളില്‍ കുറിക്കപ്പെട്ടത്‌. ദുര്‍ഗന്ധം വമിപ്പിക്കുന്ന വിസ്സര്‍ജ്ജനവര്‍ണ്ണനകളിലൂടേയും മനം മടുപ്പിക്കുന്ന ലൈംഗിക കേളീവിവരണങ്ങളിലൂടെയും ഒ.വി വിജയന്‍ അടിയന്തിരാവസ്ഥയുടെ പ്രതീകമായ ആ ചരിത്രത്തെ വലിച്ചിഴയ്ക്കുമ്പോള്‍, ആ നോവലിന്റെ ഭാഷയോട്‌ ഇഴുകിച്ചേര്‍ന്ന്‌, "അശ്ലീലം" എന്ന പദത്തിന്റെ അര്‍ത്ഥവും അതിന്റെ മാനങ്ങളും ആസ്വാദകന്‌ പുനര്‍നിര്‍വ്വചിക്കാതെ തരമില്ല.

മിറര്‍സ്കാന്‍ വായിക്കുമ്പോഴും അങ്ങനെയൊരു പുനര്‍നിര്‍വ്വചനം പാടില്ലേ എന്നാണ്‌ ചോദ്യം. ഭാഷയുടെ അതിരുകളില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അവകാശം വിജയന്മാര്‍ക്കു മാത്രം ആരും തീറെഴുതിക്കൊടുത്തിട്ടില്ലല്ലോ. ശശിധരനുമായിക്കൂടേ?

ഭാഷാവിമര്‍ശനം എങ്ങനെ?

ഈ ചര്‍ച്ച ആരംഭിച്ച സുബിന്‍, ഭാഷയെപ്പറ്റി ഒരു അനുമാനം നടത്തി. ഒരു തരത്തില്‍ പറഞ്ഞാല്‍, ശശിധരന്റെ ഭാഷയേക്കാള്‍ പ്രധാനപ്പെട്ടതാണ്‌ ആ അനുമാനം. സുബിന്‍ പറയുന്നു, "ഭാഷയെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ കൃതിയുടെ മൂല്യത്തിന്‌ പുറത്തും ചര്‍ച്ച ചെയ്യാവുന്നതാണ്‌".

ധര്‍മ്മപുരാണത്തിന്റെ ഭാഷയെ ആ കൃതിയുടെ വെളിയില്‍ നിന്നുകൊണ്ട്‌ നമുക്ക്‌ വിമര്‍ശിക്കാനാവുമോ? ഇല്ല എന്നുതന്നെ മറുപടി നല്‍കേണ്ടിവരും. കാരണം, അങ്ങനെ വിമര്‍ശിക്കുമ്പോഴാണ്‌ ഭാഷയെ നാം ഓരോരോ തട്ടില്‍പ്പെടുത്തുന്നതും വിവിധവര്‍ണ്ണങ്ങളിലാക്കി പ്രയോഗത്തില്‍ ചിട്ടകള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങുന്നതും, "ഇതു പാടില്ല" എന്നും "ഇതു സാരമില്ല" എന്നും വിധിനിര്‍ണ്ണയം ചെയ്യാന്‍ തുടങ്ങുന്നതും. അടിയന്തിരാവസ്ഥയുടേയോ ഏകാധിപത്യത്തിന്റെയോ നിഴലില്‍നിന്നു മാറ്റിനിര്‍ത്തി, നമ്മുടെ അയല്‍വക്കത്തെ പാലുകാരന്‍ ദിവാകരനേയോ, ഇറച്ചിവെട്ടുകാരന്‍ ഔസേപ്പുചേട്ടനേയോ കഥാപാത്രങ്ങളാക്കി കുടിയിരുത്തി, ഓരോ സംഭവങ്ങളേയും സാധാരണ ജീവിതത്തിന്റെ ഭാഗമായി സങ്കല്‍പിച്ച്‌ ധര്‍മ്മപുരാണം വായിച്ചുനോക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ല. കാരണം, ആ കൃതിയുടെ ഭാഷയെ രൂപപ്പെടുത്തിയതും ഭാഷയുടെ ശക്തിയെ ഉത്തേജിപ്പിച്ചതും അതിന്റെ പ്രമേയവും അന്തഃസത്തയുമാണ്‌. കൃതിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തി ഭാഷയെ അളക്കാനാവില്ല. അത്തരം ഭാഷാപഠനം ശാസൃതമാണ്‌, സാഹിത്യമല്ല.

സുബിന്‍ പറഞ്ഞതുപോലെ നിരൂപണപരമായ മൂല്യത്തേയും കനത്തേയും ഒഴിവാക്കിനിര്‍ത്തിയാലും, ശശിധരന്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രയോഗം, അദ്ദേഹത്തിന്റെ എഴുത്തിന്റെ ഉദ്ദേശ്യത്തിലും ദിശയിലും എത്രത്തോളം ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നത്‌ വിശകലം ചെയ്യപ്പെടുക തന്നെ ചെയ്യണം. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗത്തിലൂടെ വായനക്കാരന്റെ മനസ്സില്‍ ഉരുവം കൊള്ളുന്ന ആശയങ്ങള്‍, സങ്കല്‍പനങ്ങള്‍ എന്തൊക്കെയെന്ന്‌ ചര്‍ച്ച ചെയ്യപ്പെടണം.

ശശിധരന്റെ ഭാഷയുടെ ന്യൂനത, ചിലര്‍ കരുതുന്നതുപോല ചില "സുഖകരമല്ലാത്ത" വാക്കുകള്‍ ഉപയോഗിച്ചതല്ല. വാക്കുകളും പ്രയോഗങ്ങളും ഇഷ്ടംപോലെ പ്രയോഗിക്കാനുള്ള അവകാശം എഴുത്തുകാരനുണ്ട്‌. എഴുത്തുകാരന്റെ ജന്മാവകാശം. പക്ഷേ, ചില നിര്‍ദ്ദോഷമെന്നു തോന്നുന്ന പ്രയോഗങ്ങളിലൂടെ, തന്റെ കൃതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളേയും അതിന്റെ നിലനില്‍പ്പിനെത്തന്നെയും തകിടം മറിക്കുകയാണ്‌ ശശിധരന്‍ ചെയ്യുന്നത്‌. ഒരു സാഹിത്യകൃതിയെ വിമര്‍ശിക്കുമ്പോള്‍, കൃതിയേയാണ്‌ വിമര്‍ശിക്കേണ്ടത്‌, എഴുതിയ ആളെയല്ല. ഒരുപക്ഷെ, ആ കൃതിയുടെ സാമൂഹിക-സാംസ്കാരിക-രാഷൃടീയ പശ്ചാത്തലത്തേയാണ്‌ വിമര്‍ശിക്കുന്നതെങ്കില്‍, എഴുത്തുകാരനെക്കുറിച്ചും പറയേണ്ടതായിവരും. പക്ഷെ, അങ്ങനെ പറയുമ്പോള്‍, താന്‍ പറയുന്ന വാക്കുകളെ ന്യായീകരിക്കാനുള്ള വിവേകം കാണിക്കണം. നടുറോഡിലൂടെ നടന്നുപോകുന്നവനെ "തന്തയില്ലാത്തവനേ" എന്നു ഞാന്‍ വിളിച്ചാല്‍, എന്തിനാണ്‌ അതു വിളിക്കുന്നതെന്നെങ്കിലും പറഞ്ഞുകൊടുക്കണം. അതു ചെയ്തില്ലെങ്കില്‍, എന്റെ ഭാഷ അശ്ലീലമാണ്‌. ഞാന്‍ പറയുന്നതില്‍ ആധികാരികതയില്ല. കവിക്ക്‌ ഭാവനയെന്നതുപൊലെയാണ്‌ വിമര്‍ശകന്‌ ആധികാരികത.

സാഹിത്യത്തില്‍ വിമര്‍ശകന്റെ അനന്യത്വം

സാഹിത്യത്തില്‍ വിമര്‍ശകന്‍ അനന്യനാണ്‌. കവിയാകട്ടെ, കഥാകൃത്താകട്ടെ, സാമൂഹികവിമര്‍ശനം നടത്താന്‍ അവര്‍ക്ക്‌ പ്രതീകങ്ങള്‍ ഉപയോഗിക്കാം. പ്രതീകങ്ങള്‍വഴി ഒരാളേയോ, അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ഒരു കൂട്ടം ആളുകളേയോ പ്രതിനിധീകരിക്കാനും, മനസ്സിന്റെ ഉള്ളറകളിലെ രൂക്ഷമായ വികാരങ്ങള്‍ ആ പ്രതീകങ്ങളുടെ മീതേ ഛര്‍ദ്ദിക്കാനും സാഹിത്യരൂപത്തിന്റെ പ്രത്യേകത അവരെ അനുവദിക്കുന്നു. പക്ഷെ, ഈ സ്വാതന്ത്ര്യം ഒരു വിമര്‍ശകനില്ല. കാരണം, വിമര്‍ശകന്‍ അഭിപ്രായം പറയേണ്ടത്‌ ചോരയും നീരുമുള്ള ജീവിക്കുന്ന മനുഷ്യരെക്കുറിച്ചാണ്‌. നേരിട്ട്‌. പ്രതീകങ്ങളുടെ മുഖപടമില്ലാതെ. വിമര്‍ശനത്തിനിറങ്ങിത്തിരിക്കുന്നവര്‍ മനസ്സിലാക്കേണ്ട മൗലികസത്യമാണിത്‌.

ശശിധരന്‍, തെ‍ന്‍ സാഹിത്യരൂപത്തിന്റെ മൗലികതത്വം മറന്നാണ്‌ ഭാഷ ഉപയോഗിച്ചിരിക്കുന്നത്‌. വിമര്‍ശനം അദ്ദേഹത്തിന്‌ വ്യക്തിഹത്യയാണ്‌, ക്രിയാത്മകമായ ഉന്നമനത്തിനുള്ള മാധ്യമമല്ല. ഉദാഹരണങ്ങള്‍ പലതുണ്ട്‌.

"ചരിത്രരാഷൃടീയബോധമില്ലാത്ത ഒരു കോമാളി സംവിധായകന്‍"

"ലത്തീഫ്‌ പറമ്പിലിനെപ്പോലൊരാള്‍ക്ക്‌ ഇന്റര്‍വ്യൂ ചെയ്യാമെങ്കില്‍ ഏതു വിഡ്ഢിക്കും ഇന്റര്‍വ്യൂ ചെയ്യാവുന്നവിധം...."

"അപ്രതീക്ഷിത ആയുസ്സുള്ള ശരീരം മാത്രം സമ്പത്താക്കിയ മമ്മൂട്ടി എന്ന സുന്ദരവിഡ്ഢിയുടെ മുന്‍പിലിരിക്കുന്ന എം.ടി വൃദ്ധന്‍ മാത്രമല്ല കോമാളി കൂടിയാകുന്നു."

വ്യക്തിപരമായ അനിഷ്ടം ഘനീഭവിച്ചുള്ള വെറുപ്പുകൊണ്ടോ, പ്രത്യയശാസൃതപരമായ വിയോജിപ്പിന്റെ ജ്വര കൊണ്ടോ അല്ലെങ്കില്‍ ആരെയെങ്കിലും ഇടിച്ചിരുത്തിയാല്‍ ലഭിക്കുന്ന മനോസുഖം കൊണ്ടോ മനുഷ്യര്‍ ജല്‍പ്പിക്കുന്ന വീടുവാക്കുകള്‍ മാത്രമാണ്‌ ഇവയെല്ലാം. ഇത്തരം കടുവാക്കുകള്‍ ഉപയോഗിക്കാന്‍ മാത്രം എന്തുപാതകമാണ്‌ ഈ ഇരകള്‍ ചെയ്തിരിക്കുന്നതെന്ന്‌ ഒരിടത്തും തൃപ്തികരമായി വിശദമാക്കപ്പെടുന്നുമില്ല. ഇത്‌ വെറും വ്യക്തിഹത്യ മാത്രമാണ്‌. വ്യക്തിഹത്യയുടെ ഈ ഭാഷയാണ്‌ ശശിധരന്റെ തെറ്റ്‌. അകാരണമായ വ്യക്തഹത്യയേക്കാള്‍ വലിയ അശ്ലീലമില്ല.

ശശിധരന്റെ ഭാഷ പിന്തുടരപ്പെടേണ്ട ഒരു മാതൃകയല്ല. ഇത്തരം അര്‍ത്ഥശൂന്യമായ കടുവാക്കുകള്‍ വിമര്‍ശനം എന്ന സാഹിത്യരൂപത്തിന്‌ ക്ഷീണം മാത്രമേ വരുത്തൂ. എല്ലാ വിമര്‍ശകരും ശശിധരന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍? വിമര്‍ശനം വിലകുറഞ്ഞ വ്യക്തിഹത്യയിലേക്കു തരം താണാല്‍ അതിന്റെ പ്രസക്തിയും വിലയും നഷ്ടപ്പെടുന്നു. അവസാനം മിച്ചമുണ്ടാകുക വ്യക്തിദ്വേഷം മാത്രമായിരിക്കും. സാഹിത്യം നഷ്ടപ്പെട്ടുപോകും. ശശിധരന്റെ ലേഖനങ്ങളുടെ സത്യം എത്രയൊക്കെയായാലും, ഇത്തരം വിലകുറഞ്ഞ സമീപനം മൂലം അവയുടെ പാരായണമൂല്യം നശിക്കുന്നു.

ഭാഷയുടെ പരിധി

എഴുത്തുകാരന്റെ ഭാഷയ്ക്ക്‌ അതിര്‍വരമ്പുകളില്ല. സുബിന്‍ പറഞ്ഞതുപോലെ, ഭാഷയ്ക്ക്‌ നമ്മള്‍ കളങ്ങള്‍ വരയ്ക്കേണ്ട ആവശ്യമില്ല. പക്ഷെ, പത്രക്കാരന്റേയും എഴുത്തുകാരന്റേയുമൊക്കെ കളങ്ങള്‍ക്കു പുറത്ത്‌ മനുഷ്യനെന്ന ജീവി പുലരുന്നത്‌ വലിയ ചില കളങ്ങളിലാണെന്നും മറന്നുകൂടാ. ബുദ്ധന്റെ കാലത്തും ശങ്കരാചാര്യരുടെ കാലത്തും ഗാന്ധിയുടെ കാലത്തും ശശിധരന്റെ കാലത്തും വിഡ്ഢി എന്ന വാക്കിന്‌ ഒരര്‍ത്ഥമേയുള്ളൂ എന്നാണെന്റെ അനുമാനം. ആ വിളി കേട്ടാല്‍ തോന്നുന്ന വികാരവും ഒന്നുതന്നെയായിരിക്കണം. സാമാന്യമര്യാദ, അതെത്ര വിശാലവും അമൂര്‍ത്തവുമായി നിര്‍വ്വചിച്ചാലും, നമുക്കു ചുറ്റുമുള്ള ഒരു കളം തന്നെയാണ്‌. ആ കളത്തിന്റെ അതിരുകള്‍ ആരും വരച്ചിട്ടില്ല. പക്ഷേ, ആരും പറയാതെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു താനും. ശശിധരന്‍ സാമാന്യമര്യാദ ലംഘിച്ചിട്ടില്ലെന്നു പറയുന്നത്‌ പൂച്ച കണ്ണടച്ച്‌ പാലുകുടിക്കുന്നതുപോലെയാണ്‌.

ഒരെഴുത്തുകാരന്റെ അടിസ്ഥാനപരമായ ഭാഷ അയാളുടെ മനോഗതികളാണ്‌. അയാളുടെ ഭാഷയുടെ പരിധി മനോഗതിയുടെ പരിധിയുമാണ്‌. പക്ഷേ, ഒരിടത്ത്‌ എഴുതപ്പെടുന്ന മനോഗതി എവിടേയും അവതരിപ്പിക്കാനുള്ള രൂപം ആ ഭാഷയ്ക്കു വേണം. അയാള്‍ എഴുതുന്ന ഓരോ അക്ഷരവും ആരുടേയും മുന്‍പില്‍, എവിടെയും വെച്ച്‌ മനസ്സാക്ഷിക്കുത്തില്ലാതെ ആവര്‍ത്തിക്കാന്‍ സാധിക്കണം. ബസ്‌ സ്റ്റാന്‍ഡിലെ കക്കൂസുകളില്‍ പുലഭ്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? കാണപ്പെടാത്തവരെ അധിക്ഷേപിക്കാന്‍ എളുപ്പമാണ്‌ എന്നതുതന്നെ. തൊട്ടടുത്തുള്ള യാത്രക്കാരനേക്കാള്‍ എനിക്ക്‌ അരിശം എന്റെ പിതാവിനോടായിരിക്കാം. പക്ഷേ, ഞാന്‍ വീട്ടിലെ കക്കൂസ്സില്‍ പുലഭ്യം എഴുതുമോ? ഇല്ല.

ഒ.വി വിജയന്‍, ധര്‍മ്മപുരാണം എവിടെവെച്ചും വായിക്കും എന്ന്‌ എനിക്കൂഹിക്കാന്‍ കഴിയും. കഥയില്ലാത്ത ഒരു ഇന്റര്‍വ്യൂ ചെയ്തു എന്ന ഒറ്റക്കുറ്റത്തിന്‌ കോമാളി എന്നു വിളിക്കപ്പെട്ട എം.ടിയുടെ മുന്‍പില്‍ വച്ച്‌ മിറര്‍ സ്കാന്‍ വായിക്കാന്‍ ശശിധരനു കഴിയുമോ? അതല്ലെങ്കില്‍, പുഴയിലെ ഒരു എഡിറ്റോറിയലിന്റെ പേരില്‍ എഡിറ്ററെ ഇതുപോലെ പേരു വിളിക്കാന്‍ ആ ഭാഷ ഉയരുമോ? ശശിധരന്‌ അതു കഴിയുന്നില്ലെങ്കില്‍, അത്‌ ചിന്തയുടെ കുഴപ്പമല്ല, ഭാഷയുടെ കുഴപ്പമാണ്‌. ശശിധരന്‍ തീരുമാനിക്കട്ടെ.

ബിനു തോമസ്‌
കിഴക്കയില്‍, പഴയരിക്കണ്ടം, ഇടുക്കി - 685602
E-Mail: binu.thomaz@gmail.com

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: