മിറര്‍ സ്കാന്‍
എല്ലാ ഓണക്കാലത്തും മുറതെറ്റാതെ വന്ന് വായനക്കാരെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തുന്ന കഥാകൃത്ത് ടി. പത്മനാഭനെ തക്കസമയത്ത് രോഗബാധിതനാക്കി കിടത്തി വായനക്കാരെ രക്ഷിച്ച പ്രിയപ്പെട്ട രോഗാണു, നീയെന്തുകൊണ്ട് സക്കറിയയെയും എം. മുകുന്ദനെയും സി.വി ബാലകൃഷ്ണനെയും കെ.ജി ശങ്കരപ്പിള്ളയെയും സേതുവിനെയും ഡി. വിനയചന്ദ്രനെയും.... അങ്ങനെ ഓണപ്പതിപ്പുകളായ ഓണപ്പതിപ്പുകളിലെല്ലാം ഓടിനടന്ന് വിസര്‍ജിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് കഥാകൃത്തുക്കളെയും കവികളെയും ഫീച്ചറെഴുത്തുകാരെയും അഭിമുഖക്കാരെയും ആക്രമിച്ചില്ല?
വളിച്ചുപുളിച്ച കാള(ന്‍)
35 രൂപയ്ക്ക് ഒരു തലയണ
മലയാളം വാരികയ്ക്ക് ഒരു തലയണയുറ സൗജന്യമായി കൊടുക്കാമായിരുന്നു.
ഗോസിപ്പ് കുട്ടന്മാരും കുട്ടികളും
കൂടുതല്‍ പണം കൊടുത്ത് ഒന്നാംകിട എഴുത്തുകാരെ വിലയ്ക്കുവാങ്ങി പ്രത്യേകപതിപ്പുകളിറക്കിയിരുന്ന മലയാളം ഇന്ത്യാ ടുഡേക്ക് ഇപ്പോള്‍ എന്തും കഥയും കവിതയുമാക്കി മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള റിപ്പോര്‍ട്ടര്‍മാരുണ്ട്. പത്രാധിപന്‍ പറഞ്ഞാല്‍ അവര്‍ എന്തും ചെയ്യും. രതിജന്യവസൃതവും ഭാഷയുമായി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രഞ്ജിനി ഹരിദാസ് എന്ന ആങ്കറാണ് പുതിയ മലയാളി സൃതീ സ്വത്വമാതൃക എന്ന് അവരെഴുതും. മലയാളി സൃതീയുടെ സ്വയംഭോഗ കണക്കുവരെ കൃത്യമായി രേഖപ്പെടുത്തിയ ഫണ്ടഡ് സര്‍വേകള്‍ വായിച്ച് ഇവര്‍ക്ക് ഉദ്ധാരണം സംഭവിക്കും.
മനോരമ ജീന്‍
ഉല്ലാസവായനയുടെ ഈ പാക്കേജ് മലയാളത്തില്‍ അവതരിപ്പിച്ചത് മലയാള മനോരമയാണ്. എന്തു വൃത്തികേടും ആദ്യം കൊണ്ടുവരുമ്പോള്‍ പുതുമയുണ്ടായിരിക്കും. ഇ.എം.എസ്, സുകുമാര്‍ അഴീക്കോട്, കെ.പി. അപ്പന്‍ മുതല്‍ പ്രസിദ്ധി കാത്തുകഴിയുന്ന പുതിയ എഴുത്തുകാരെ വരെ മനോരമ അവരുടെ തനതു പൈങ്കിളിയുടെ അവതാരകരാക്കി. എഴുത്തുകാരെയും വായനക്കാരെയും കക്ഷികളാക്കി നടത്തിവരുന്ന ഈ വാണിഭം പക്ഷേ മാര്‍ക്കറ്റ് പിടിച്ചുപറ്റി.
മനോരമയുടേത് അപകടകരമായ ഒരു ജീനാണ്. ആ ക്രോമസോം കോശത്തില്‍ കടന്നുകഴിഞ്ഞാല്‍ റേഡിയേഷന്‍ നടത്തിയിടത്തുപോലും അത് ഇരട്ടിച്ചുകൊണ്ടിരിക്കും. മറ്റു മാഗസിന്‍ എഡിറ്റര്‍മാരിലേക്ക് നുഴഞ്ഞു കയറി മനോരമ ജീന്‍ തങ്ങളുടെ സ്യൂഡോ ജീനുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മനോരമ കോണകമുടുക്കുന്നതുപോലും മാര്‍ക്കറ്റിനെ മുന്നില്‍ കണ്ടായതിനാല്‍ സ്പെഷല്‍ പതിപ്പുകള്‍ മാര്‍ക്കറ്റിനുവേണ്ടിയുള്ളതായി.
ഓണപ്പതിപ്പുകളുടെ എഡിറ്റോറിയല്‍ മീറ്റിംഗുകളിലെ പ്രധാന ആലോചനാവിഷയം പരസ്യം & മാര്‍ക്കറ്റിംഗ് എന്നിവയാണ്. ഡമ്മി തയ്യാറാക്കുന്നത് ചില മര്യാദകള്‍ പാലിച്ചുവേണമെന്ന് പത്രപ്രവര്‍ത്തനത്തിലുണ്ട്. അത് വായനക്കാരെയാകണം പരസ്യക്കാരെയല്ല പ്രാഥമികമായി പരിഗണിക്കേണ്ടത്. മാതൃഭൂമിയുടേയും മനോരമയുടെയും ഓണപ്പതിപ്പുകള്‍ വായനക്കാരോടുള്ള പ്രാഥമികമായ ഉത്തരവാദിത്തത്തെ അതിനീചമായി ലംഘിക്കുന്നു. (പരസ്യ വിപണി ഈ രണ്ട് പ്രസിദ്ധീകരണങ്ങളെ മാത്രം ലാക്കാക്കുന്നതിനാല്‍ മറ്റു ഓണപ്പതിപ്പുകളെ ഒഴിവാക്കുന്നു).
മാതൃഭൂമി ഓണപ്പതിപ്പിന് രണ്ടു ഭാഗങ്ങളിലായി 534 പേജുണ്ട്; കവറുകള്‍ കൂടാതെ. 255 പേജ് പരസ്യം. ബാക്കി 279 പേജിലാണ് മാറ്റര്‍. വില 40 രൂപ. മനോരമ വാര്‍ഷികപ്പതിപ്പിന് 536 പേജ്. പരസ്യം 275 പേജ്, മാറ്റര്‍ 261 പേജ്. വില 40 രൂപ.
പരസ്യങ്ങളുടെ ആധിക്യം മാത്രമല്ല അവയുടെ വിന്യാസവും വിവേകശാലിയായ വായനക്കാരനെ പരിഹസിക്കുന്നതാണ്. തുടക്കത്തിലെ രണ്ടോ മൂന്നോ പേജൊഴിച്ച് ഇവയുടെ വലതുപേജുകളിലെല്ലാം പരസ്യമാണ്. ഇടതുവശത്തെ പേജില്‍ മാത്രമാണ് ഫില്ലറെന്ന നിലയില്‍ മാറ്ററുള്ളത്. ഇത് വായനക്കുമാത്രമല്ല, ഒരു വിഷയത്തിന് നല്‍കേണ്ട പ്രാധാന്യത്തിനും എഴുത്തുകാരന് നല്‍കേണ്ട പരിഗണനയ്ക്കും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. ജേണലിസത്തിന്റെ അടിസ്ഥാന ന്യായത്തെ പത്രാധിപരുടെ ഒത്താശയോടെ ഓണപ്പതിപ്പുകള്‍ കുഴിച്ചുമൂടുന്നു.
മനോരമ ജീനിനെ ചെറുക്കാന്‍ തക്ക ബുദ്ധിയും പ്രതിഭയുമുള്ള എഡിറ്ററാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിനുള്ളത്. ഓണപ്പതിപ്പുകളെ മലിനവിപണിയില്‍ നിന്ന് വീണ്ടെടുത്ത് വായനക്കും വായനക്കാര്‍ക്കും വേണ്ടിയുള്ള നവീനമായ ഉള്ളടക്കം സൃഷ്ടിയ്ക്കാന്‍ തക്ക ശേഷിയുള്ളത് ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിനു മാത്രമാണ്. ആ ധര്‍മ്മം അവര്‍ നിറവേറ്റണം.
മാര്‍ക്കറ്റ് എന്നത് തീര്‍ച്ചയായും അശ്ലീലപദമല്ല. അച്ചടിക്കുന്നത് വില്‍ക്കാന്‍വേണ്ടി തന്നെയാണ്. വില്‍പനയ്ക്ക് തന്ത്രങ്ങളും വേണ്ടിവരും. പക്ഷേ ഒരു മാഗസിന്റെ മാര്‍ക്കറ്റ്, ഭൂട്ടാന്‍ ലോട്ടറിയിലൂടെയോ മുസ്‌ലി പവര്‍ എക്സ്‌ട്രായുടെയോ ആലൂക്കാസിന്റെയോ മാര്‍ക്കറ്റ് ആകരുത്. വായനക്കുവേണ്ടിയുള്ള മാര്‍ക്കറ്റാകണം. പേജിനേഷന്‍ മുതല്‍ ഉള്ളടക്കത്തില്‍ വരെ ഇക്കാലത്ത് നടക്കുന്ന പരീക്ഷണങ്ങള്‍ എഴുത്തിന്റെയും വായനയുടെയും പുതിയ പ്രത്യയശാസൃതങ്ങളെ അവതരിപ്പിച്ചാണ് മാര്‍ക്കറ്റ് നേടിയെടുക്കുന്നത്. മലയാളത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിവച്ച ഈ മുന്നേറ്റം ഉല്ലാസവായനക്കുവേണ്ടി ബലി കൊടുക്കരുത്.
അഭിമുഖക്കാര്‍ പൊന്തന്‍മാടകള്‍
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ മാതൃഭൂമിയിലും എം.ടി വാസുദേവന്‍ നായരും മമ്മൂട്ടിയുമായുള്ള സംഭാഷണം മനോരമയിലും പ്രധാന വിഭവങ്ങളായിരുന്നു. മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്തത് ഉണ്ണി (ആര്‍ ?). മോഹന്‍ലാലിനെ ശ്രീകാന്ത് കോട്ടക്കല്‍. നടന്മാരെന്ന നിലക്കാണല്ലോ ഇരുവരുടേയും പ്രസക്തി; വ്യക്തി ജീവിതത്തിലായാലും നിലപാടുകളിലായാലും. ഇവരുമായി നടക്കാറുള്ള അഭിമുഖങ്ങളെല്ലാം തികച്ചും വൈയക്തികം മാത്രമായി ഒടുങ്ങിപ്പോകാറാണ് പതിവ്. മോഹന്‍ലാലുമായി ഈ ഓണക്കാലത്ത് പ്രത്യക്ഷപ്പെട്ട അഭിമുഖങ്ങളിലെല്ലാം അദ്ദേഹത്തിന്റെ (ദുഃ)ശ്ശീലങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ജനത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ മോഹന്‍ലാലിന് ഒരവസരമൊരുക്കിക്കൊടുക്കുന്നപോലെ. ഏഷ്യാനെറ്റില്‍ മദ്യപാനത്തെക്കുറിച്ചുള്ള ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടിഃ കേരളത്തില്‍ എല്ലാവരും മദ്യം കുടിക്കുന്നവരാണല്ലോ. ആ നിലയ്ക്ക് ഞാനും....
മമ്മൂട്ടി 'മദ്യപാനം കുടിക്കുകയോ' പെണ്ണ് പിടിക്കുകയോ ചെയ്യുന്നതായ പ്രശസ്തിയില്ലാത്തതിനാല്‍ അദ്ദേഹത്തോട് ഏകപത്നീവ്രതത്തെക്കുറിച്ചും എം.പി മന്മഥനെക്കുറിച്ചുമെല്ലാമായിരിക്കും ചോദ്യങ്ങള്‍.
ഇവരുമായി ആര് അഭിമുഖം നടത്തിയാലും ഇരുവരും നിശ്ചയിക്കുന്ന അജണ്ടക്കപ്പുറത്തേയ്ക്ക് കടക്കാന്‍ അഭിമുഖക്കാരന് അനുവാദം ലഭിക്കാറില്ല. മോഹന്‍ലാല്‍ ചോദ്യങ്ങളെ അവഗണിച്ചും മമ്മൂട്ടി ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം ഉണ്ടാക്കിയുമാണ് ഇത് സാധിക്കുന്നത്. അതുകൊണ്ടാണ് ചിത്രഭൂമിയിലായാലും വനിതയിലായാലും മാതൃഭൂമിയിലായാലും ഇവരുടെ അഭിമുഖങ്ങള്‍ അതേപടിയിരിക്കുന്നത്.
സിനിമ & അഭിനയം & കല & രാഷൃടീയം എന്നിവയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുന്നയിക്കാന്‍ കെല്‍പ്പുള്ള അഭിമുഖക്കാരനുമുന്നില്‍ ഒരിക്കലും ഇവര്‍ ഇരുന്നുകൊടുക്കാറില്ല. മമ്മൂട്ടി തനിക്ക് 'ബോധ്യപ്പെട്ട'വര്‍ക്കു മാത്രമേ ഇന്റര്‍വ്യൂ അനുവദിക്കൂ എന്ന് കേള്‍ക്കുന്നു. മമ്മൂട്ടിയുടെ ബോധ്യം എന്നാല്‍ തനിക്ക് ഇഷ്ടംപോലെ തുപ്പി നിറയ്ക്കാന്‍ ഒരു കോളാമ്പിയും അത് ചുമന്നുനില്‍ക്കാന്‍ ഒരു പൊന്തന്‍മാടയും. മോഹന്‍ലാലാകട്ടെ നടനില്‍ നിന്ന് രക്ഷപ്പെട്ട് വ്യക്തിജീവിതം കൊണ്ട് ഒരു വ്യാജസ്വത്വം സൃഷ്ടിയ്ക്കുന്നു. ഈ കാപട്യം ഇരുവരുമായുള്ള അഭിമുഖങ്ങളെ ശീഘ്രസ്ഖലനങ്ങളാക്കി മാറ്റുന്നു.
മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റെയോ ഇതുവരെയുള്ള അഭിമുഖങ്ങളുടെ ഉള്ളടക്കം അത് ആര് നടത്തിയതായാലും അത്ഭുതകരമാം വിധം ഒന്നായിത്തോന്നുന്നത് അവയെല്ലാം ഒരുതരം ശീമത്തമ്പുരാന്‍ & പൊന്തന്‍മാട കളിയായതുകൊണ്ടാണ്. നേരെ മറിച്ച് നെടുമുടി വേണു, മുരളി, തിലകന്‍ എന്നിവര്‍ സ്വന്തം അഭിനയജീവിതത്തെപ്പറ്റിയും നടനെന്ന നിലക്കുള്ള ജീവിതത്തെപ്പറ്റിയും സംസാരിക്കുമ്പോള്‍ ഈ വഷളത്തരമില്ല. അഭിനയത്തെയും നടനസ്വത്വത്തെയും കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങളുള്ളവരാണിവര്‍. അതുകൊണ്ട് മലയാളഭാഷ സംസാരിക്കുന്നവരില്‍ ഏറ്റവും മേനുച്ചമായി അഭിമുഖം നടത്തുന്ന ആളായ കെ.പി മോഹനനുമുന്നില്‍ പോലും തിലകനും മുരളിയും അതേ ഔന്നത്യത്തോടെ ഇരിക്കും.
ഓഷോ ഈ ശരീരത്തിന്റെ രക്ഷകന്‍
പത്രങ്ങളായ പത്രങ്ങളുടെ വാരാന്ത്യപതിപ്പുകളിലും ഭാഷാപോഷിണിയിലും മാതൃഭൂമിയിലുമൊക്കെ പല ഭാഷകളില്‍ ഹിമാലയ യാത്രകള്‍ പ്രത്യക്ഷപ്പെടും. ഈ കൂലി എഴുത്തുകാര്‍ ഹിമാലയത്തെ ഇതിനകം ഒന്നാന്തരം ഹിന്ദു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി പ്രത്യേക പദാവലികളും അനുഭൂതി വിശേഷങ്ങളുമുണ്ട്. (ഇവയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തന്നെ ഒപ്പിച്ചുകൊടുക്കുന്നതാണോ?). ഹിമാലയ യാത്രയ്ക്ക് സര്‍വശേഷിയുമുള്ള ടാര്‍ഗറ്റ് ഗ്രൂപ്പിനെ സ്വാധീനിക്കാന്‍ തക്ക കഴിവുള്ളവരെയാണ് സൗജന്യയാത്രയ്ക്ക് തെരഞ്ഞെടുക്കുക. തൃശൂരു നിന്ന് കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ വന്നിറങ്ങി 'ഹോ, എന്തൊരു യാത്ര' എന്ന് അത്ഭുതപ്പെടുന്നവര്‍ പോലും ഇപ്പോള്‍ ഹിമാലയ യാത്രയ്ക്കൊരുങ്ങുന്നു. ഇതുപോലെ ഓഷോക്കും മോഹന്‍ലാലിലൂടെ വിപണിയുണ്ടായിക്കൊണ്ടിരിക്കുന്നു കേരളത്തില്‍.
പഞ്ചേന്ദ്രിയങ്ങളുടെ അപരിമേയമായ സ്വാതന്ത്ര്യം, അതില്‍ നിന്നുണ്ടാകുന്ന ആനന്ദാനുഭവം, വികാരങ്ങളെ കെട്ടഴിച്ചുവിടല്‍ തുടങ്ങി പ്രലോഭനീയമായ വൈകാരികലോകത്തെ ഓഷോയുടെ ചെലവില്‍ വിറ്റുകൊണ്ടിരിക്കുന്ന സംഘങ്ങള്‍ കേരളത്തിലെ നഗരങ്ങളില്‍ പെരുകി വരുന്നുണ്ട്. പ്രപഞ്ചത്തിലെ സകല പ്രാണന്റെയും വിമോചനമാണ് ഓഷോയുടെ തിയറി എന്നൊക്കെ പറയാമെങ്കിലും കേരളത്തില്‍ വെള്ള പിടിച്ചുവരുന്ന രതിയുടെയും ലൈംഗീകതയുടെയും വിപണിവത്കൃത ആത്മീയതയുടെയും കച്ചവടത്തിനുള്ള മൂലധനമൊരുക്കലാണ് ഈ കൂട്ടായ്മകളുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. മോഹന്‍ലാലിനെപ്പോലെ 'കളങ്ക'ങ്ങള്‍ ആരോപിക്കപ്പെടുന്ന ഒരു ബിംബത്തെ അതിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയാല്‍ രണ്ടുപേര്‍ക്കും ഗുണമാണ്. മുമ്പ് മോഹന്‍ലാല്‍ തുറന്നുപറയാന്‍ വിസമ്മതിച്ചിരുന്ന സ്വന്തം ദുഃശ്ശീലങ്ങളെ ധൈര്യപൂര്‍വം ഇപ്പോള്‍ ശീലങ്ങളാക്കി തുറന്നുപറയുന്നത് ഈ അംബാസഡര്‍ഷിപ്പിന്റെ നയപ്രഖ്യാപനമായി വേണം കരുതാന്‍.
മാതൃഭൂമി അഭിമുഖം നേരത്തേ ഇത്തരം ചിട്ടവട്ടം ഒപ്പിച്ചുള്ളതാണ്. സിനിമക്കുവേണ്ടി നടത്തിയ യാത്രകളെക്കുറിച്ച് പറയുന്ന ഭാഗമൊഴിച്ച് ഈ അഭിമുഖം പൂര്‍ണ്ണമായും വ്യാജസൃഷ്ടിയായി അനുഭവപ്പെടും.
അന്ധന്മാരുടെ വിവരണം കേട്ട് പുളകിതനായി ഒരു ആന. കഷ്ടം.
ശ്രീകാന്തിന്റെ ചോദ്യങ്ങള്‍ ശ്രീകാന്തിന്റേതല്ല; മോഹന്‍ലാലിന്റേതാണ്. അവക്ക് അദ്ദേഹം തന്നെ ഉത്തരവും പറയുന്നു. ഒരുദാഹരണംഃ ചില പ്രത്യയശാസൃതങ്ങളെ ലാല്‍ പരിപോഷിപ്പിക്കുന്നുണ്ട് എന്ന് ഒരു ചോദ്യം. തന്റെ കഥാപാത്രങ്ങളുടെയും നിര്‍മാതാവിന്റെയും ജാതിയും മതവും എണ്ണിപ്പറഞ്ഞ് മോഹന്‍ലാല്‍ ഈ ചോദ്യത്തെ നിഷ്‌പ്രയാസം പൊളിച്ചുകളയുന്നു. മോഹന്‍ലാല്‍ സവര്‍ണ ഫാസിസ്റ്റാണ് എന്നതല്ല യഥാര്‍ഥ വിമര്‍ശനം. അദ്ദേഹത്തിന്റെ കഥാപാത്ര നിര്‍മിതിയും നടനെന്ന നിലക്കുള്ള പ്രതിനിധാനവും പൊതുബോധത്തിലടങ്ങിയ ആധിപത്യ പ്രത്യയശാസൃതത്തെ ബലപ്പെടുത്തുന്നു എന്നാണ് യഥാര്‍ഥ വിമര്‍ശം. ചോദ്യത്തിലെ 'ലാല്‍' എന്ന പദത്തെ മോഹന്‍ലാല്‍ താനെന്ന വ്യക്തിയാക്കി ചുരുക്കി മറുപടി പറയുന്നു. ലാലിനെ കേവല വ്യക്തിയായി മാത്രം കാണാനുള്ള വലുപ്പമേ ശ്രീകാന്തിന്റെ ബുദ്ധിക്കും ഉള്ളൂ.
ആരാണ് കൂടിയ മന്ദബുദ്ധി?
ഇതേ മന്ദബുദ്ധിത്തവുമായി ഉണ്ണി ആര്‍ മമ്മൂട്ടിക്കു മുന്നിലുമിരിക്കുന്നു. മമ്മൂട്ടിയെക്കുറിച്ച് എന്തൊക്കെ വിശേഷണങ്ങളാണ് ബ്ലര്‍ബില്‍. കോരിത്തരിച്ചുപോകും (മമ്മൂട്ടി മാത്രം). തന്റെ നിലപാടുകളുടെ രാഷൃടീയം വ്യക്തമാക്കുകയാണത്രേ മമ്മൂട്ടി. മതം, ഇടതുപക്ഷരാഷൃടീയം, അഭിനയം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഭീരുവിനെപ്പോലെ തത്വം പറഞ്ഞ് വഴുതിമാറുകയാണ് അദ്ദേഹം. പക്ഷേ ധീരമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ചിലത് ഃ
ചോദ്യം ഃ മൂവാറ്റുപുഴയാറിന്റെ ഓര്‍മ?
മമ്മൂട്ടി ഃ നല്ല വീതിയുള്ള ആറാണ്...
ചോദ്യം ഃ താങ്കളൊരു ഇടതുപക്ഷ സഹയാത്രികനാണെന്ന് പറഞ്ഞാലോ?
മമ്മൂട്ടി ഃ അങ്ങനെയാവാം.
ചോദ്യം ഃ ഒരു മദ്യത്തിന്റെ പരസ്യത്തിനു വിളിച്ചാല്‍ പോകുമോ?
മമ്മൂട്ടി ഃ ജലം ചൂഷണം ചെയ്യുന്ന എന്ന ഒറ്റക്കാരണം കൊണ്ട് കൊക്കക്കോള വേണ്ടെന്നുവച്ചില്ലേ ഞാന്‍.
വായനക്കാര്‍ മമ്മൂട്ടിയെപ്പോലെയും ഇതുകേട്ട് വിഴുങ്ങാനിരിക്കുന്ന ഉണ്ണിയെപ്പോലെയും മന്ദബുദ്ധികളല്ല. കൊക്കകോളയും മമ്മൂട്ടിയുമായുള്ള കരാറിനെക്കുറിച്ചുള്ള പ്രാഥമിക ആലോചനകള്‍ കഴിഞ്ഞ് വിവരം പുറത്തറിഞ്ഞപ്പോള്‍ വന്‍ പ്രതിഷേധമായി. കൈരളി ചാനലിന്റെ ചെയര്‍മാന്‍ കോളയുടെ അംബാസഡറാകുന്നതിനെതിരെ വ്യാപക വിമര്‍ശനമുണ്ടായി. മാത്രമല്ല കോളക്കെതിരെ ശക്തമായ രാഷൃടീയ നിലപാടുള്ള കാലവുമായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തില്‍ ഗതികേടുകൊണ്ടും തന്റെ മാര്‍ക്കറ്റ് നിലനിര്‍ത്താനുമാണ് മമ്മൂട്ടി കരാറില്‍ നിന്നൊഴിഞ്ഞത്. അല്ലാതെ ജലചൂഷണത്തെക്കുറിച്ചുള്ള നിലപാടുകൊണ്ടൊന്നുമല്ല.
പുതിയ തലമുറയിലെ മികച്ച കഥാകൃത്തായ ഉണ്ണി കല്യാണാലോചനക്കുചെന്ന ബ്രോക്കറെപ്പോല മമ്മൂട്ടിയോട് കള്ള് കുടിക്കുമോ, പാചകം ചെയ്യുമോ, വീട്ടില്‍ കുക്കിംഗ് ഉണ്ടോ, ഭാര്യയുമായി വഴക്കിടാറുണ്ടോ, ഭക്ഷണം ഇഷ്ടമാണോ, പൊങ്ങച്ചക്കാരനാണോ എന്നൊക്കെ ചോദിച്ച് കച്ചവട സിനിമയിലേക്കുള്ള തന്റെ എന്‍ട്രിക്ക് സുരക്ഷിതമായ ഒരു സ്പേസ് സൃഷ്ടിച്ചെടുത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.
മമ്മൂട്ടി എന്ന സുന്ദരവിഡ്ഢിയും എം.ടി എന്ന കോമാളിയും
നടനെന്ന നിലക്കുള്ള മമ്മൂട്ടിയുടെ സ്വത്വത്തെ ഏറ്റവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ എഴുത്തുകാരനും ആ എഴുത്തുകാരന്റെ കഥാപാത്രങ്ങളെ വിജയകരമായി സാക്ഷാല്‍ക്കരിച്ച നടനും തമ്മിലുള്ള സംഭാഷണത്തിന് കഥാപാത്രസൃഷ്ടിയുടെയും അഭിനയത്തിന്റെയും ഏതൊക്കെ മേഖലയിലേക്ക് സഞ്ചരിക്കാനാകുമായിരുന്നു. എന്നാല്‍ അഭിനയിക്കും എന്നല്ലാതെ താന്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത മമ്മൂട്ടി പതിവ് വിഡ്ഢിവേഷം ഗംഭീരമാക്കിയിരിക്കുന്നു.
രാഷൃടീയത്തിനതീതമായി ഈ നാടിനുവേണ്ടി ഒരു പുതിയ കൂട്ടായ്മ ഉണ്ടായാല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കുമോ എന്ന് മമ്മൂട്ടി എം.ടിയോട്. തന്നെക്കൊണ്ട് പറ്റില്ലെന്ന് എം.ടി.
മമ്മൂട്ടിക്ക് ആയിക്കൂടെ അത് എന്ന് തിരിച്ച് ചോദ്യം (മമ്മൂട്ടി നാടിനുവേണ്ടിയുള്ള കൂട്ടായ്മയുടെ നേതാവോ? ആലോചിച്ചു നോക്കൂ).
പുതിയ തലമുറയിലെ എഴുത്തുകാര്‍ കടുകട്ടി ഭാഷയിലാണ് എഴുതുന്നതെന്ന് മമ്മൂട്ടി. എം.ടി അത് അങ്ങനെയല്ല എന്ന് തിരുത്തുന്നുണ്ടെങ്കിലും മമ്മൂട്ടി സമ്മതിക്കുന്നില്ല. ഏത് പുതിയ എഴുത്തുകാരന്റെ കൃതിയാണ് മമ്മൂട്ടിക്ക് വായിച്ച് പിടികിട്ടാതെ പോയത്? വായിച്ച് വളര്‍ന്നതിനെ തള്ളിപ്പറയല്ലേ മമ്മൂട്ടി; ചെമ്പില്‍ ജോണ്‍ ഇതൊക്കെ കെട്ട് ചിരിക്കുന്നുണ്ടാകും.
മനോരമ വാര്‍ഷികപ്പതിപ്പ് അതിഗംഭീരം; ആരാണിതിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍?
കഥയെഴുതാതെതന്നെ ടി പത്മനാഭന്‍ തന്റെ ജീവിതോദ്ദേശ്യം നിറവേറ്റി. ഒന്നാമതായി തന്നെ പേര് കവറില്‍ അച്ചടിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഒരേ കഥ തന്നെ പേരുമാറ്റിയെഴുതി വായനക്കാരനെ വഞ്ചിച്ചുകൊണ്ടിരുന്നതിന് ദൈവം കൊടുത്ത ശിക്ഷയാകും ഇത്.
മനോരമ വാര്‍ഷികപ്പതിപ്പ് അപൂര്‍വമായൊരു കോമ്പിനേഷനാണ് എല്ലാവര്‍ഷവും. ആനന്ദ് മുതല്‍ എടപ്പാള്‍ ശൂലപാണി വാരിയര്‍ വരെ ഒരു തരം മനോരമ മനസ്സോടെ അതില്‍ പ്രത്യക്ഷപ്പെടും. മികച്ച കഥാകൃത്തെന്ന ലേബലും പേറി അകത്തുള്ള വികാരങ്ങള്‍ അതേപടി ആവിഷ്ക്കരിക്കാന്‍ കഴിയാതെ, പൈങ്കിളിക്കും ആധുനികതക്കും ഇടയിലെ നൂലേണിയിലൂടെ തപ്പിത്തടഞ്ഞ് പോയിക്കൊണ്ടിരുന്ന സി.വി ബാലകൃഷ്ണനെ ഒരു പൂരപ്രബന്ധകാരനായി ജ്ഞാനസ്നാനം ചെയ്യിച്ച മനോരമ, ഈ അവതാരലക്ഷ്യം മറ്റ് എഴുത്തുകാരിലും പ്രയോഗിക്കുന്നതിന്റെ വിജയകരമായ സാക്ഷ്യപത്രമാണ് ഇത്തവണത്തെയും കഥകളും കവിതകളും. എം. മുകുന്ദന്‍, വൈശാഖന്‍, ഇ. ഹരികുമാര്‍, സതീഷ്ബാബു പയ്യന്നൂര്‍, ശ്രീകുമാരി രാമചന്ദ്രന്‍, തോമസ് ജോസഫ്, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവര്‍ ഏതു താക്കോലുമിട്ട് തുറക്കാവുന്ന പൂട്ടുകളാണ്. കൊടുക്കുന്ന പൈസയോട് കൂറുകാണിച്ചു, ഇത്തവണെയും അവര്‍. (എം. മുകുന്ദന്റെ കഥക്കു നല്‍കിയ ഇലസൃടേഷന്‍ ആ കഥകളുടെ പരിണാമം സത്യസന്ധമായി രേഖപ്പെടുത്തുന്നു. സി.വി. ബാലകൃഷ്ണന്റെ പൂരപ്രപഞ്ചത്തിലേക്ക് ഈ മുകുന്ദന്‍ അടുത്തുകൊണ്ടിരിക്കുന്നു.)
സേതു, സി.വി ശ്രീരാമന്‍, ചന്ദ്രമതി, പി. മോഹനന്‍, ഉണ്ണി ആര്‍, ഇ. സന്തോഷ്കുമാര്‍ എന്നിവരുടെ കഥകളുമുണ്ട്. ഈ കഥകളെല്ലാം പ്രമേയത്തിലും ആവിഷ്ക്കാരത്തിലും പുലര്‍ത്തുന്ന ഏകതാനതയും ഇഴയടുപ്പവും വായനക്കാരെ ചിന്തിപ്പിക്കേണ്ടതാണ്. മനോരമയുടെ ഡ്രാഫ്റ്റിലേക്ക് കഥാകൃത്തുക്കള്‍ ഒരേ മനസ്സോടെ കുനിഞ്ഞു നില്‍ക്കുന്നു. (ഓണക്കാലത്ത് പണം കൊടുത്താല്‍ ഏതു കെ.ജി ശങ്കരപ്പിള്ളയും കവിതയെഴുതും).
മനോരമയുടെ വാണിഭം സകല സീമകളും വിടുന്ന ഫീച്ചറാണ് സൃതീപീഡനക്കേസുകളിലെ പ്രതികളുടെ ഭാര്യമാരുമായുള്ള അഭിമുഖങ്ങള്‍. ജഗതി ശ്രീകുമാര്‍, പി.ജെ ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടെ പീഡനപര്‍വം അനാവരണം ചെയ്യുന്നു. പെണ്‍വാണിഭമായാലും അതിലും മനോരമ സ്റ്റെയിലുണ്ടെന്നത് മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണല്ലോ.
സൗന്ദര്യലഹരിഃ വ്യാജവും യഥാര്‍ഥവും
മാതൃഭൂമി ഓണപ്പതിപ്പ് ഃ സൗന്ദര്യ ലഹരി എന്ന ടൈറ്റിലിനു താഴെ മലയാളത്തിലെ ഭിന്നതലമുറകളുടെ ആകര്‍ഷകനിര തന്നെയുണ്ട്. വിപുലമായ ഒരു കാലഘട്ടം. വ്യക്തിപരമായ വികാരപ്രപഞ്ചങ്ങള്‍, നവരസാനുഭൂതികളുടെ വിടരാത്ത ഇതളുകള്‍. ഏതു വൈരൂപ്യത്തേയും സുന്ദരമാക്കുന്ന ആത്മാവിന്റെ നിഗൂഢമായ ഇടപെടലുകള്‍. ഉച്ചനീചത്വങ്ങളെ ഉടച്ചുവാര്‍ക്കുന്ന ഇന്ദ്രിയാധിനിവേശം. വായനക്കാരെ കൂടി പങ്കാളിയാക്കുന്ന അനുഭവയാത്രകള്‍. ഇതിലെ എല്ലാ ലേഖനങ്ങളും തീവ്രമാണെന്ന് പറയാനാകില്ല. സത്യസന്ധമാണെന്നും. ഫിക്ഷനും വ്യാജപ്രതീകങ്ങളും കാപട്യങ്ങളുമൊക്കെ കടന്നുവരുന്നുണ്ട് പലരിലും. എങ്കിലും വായന കഴിഞ്ഞാലും അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന പലതും ഇതിലുണ്ട്. സി. രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍, ജോര്‍ജ് ജോസഫ് കെ., അനിത തമ്പി എന്നിവരുടെ കുറിപ്പുകള്‍ ആകര്‍ഷകം.
ഓണക്കാലത്തെ ഏറ്റവും മികച്ച രചനഃ കെ. രഘുനാഥന്റെ നോവെല്ല; സഞ്ജയ് ഗാന്ധിയും ഹനുമാനും. എഴുത്ത്, വായന ഇവ രണ്ടിനേയും രൂപപ്പെടുത്തേണ്ട രാഷൃടീയബോധം - ഈയൊരു പ്രമേയത്തെ മൗലികമായി ആവിഷ്ക്കരിക്കുന്ന നോവെല്ല. കഥാകൃത്തിന്റെ തന്നെ അല്‍പം എഡിറ്റിംഗ് കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി മികച്ചതായേനെ.
പ്രദേശങ്ങളുടെ പരിണാമം എന്ന വിഷയം സി.വി ബാലകൃഷ്ണനും അജയ് പി. മങ്ങാട്ടും വ്യക്തി സഞ്ചാരങ്ങളായി ചുരുക്കിക്കളഞ്ഞു. പി.എഫ് മാത്യൂസിന്റെ കൊച്ചിയെക്കുറിച്ച കുറിപ്പ് ഉപരിതലസ്പര്‍ശിയാണെങ്കിലും കൊള്ളാം.
ചലച്ചിത്രഗാനങ്ങളെക്കുറിച്ച് രവിമേനോന്‍ നയിക്കുന്ന സംവാദം പാട്ടെഴുത്തിന്റെയും ഗായകവൃത്തിയുടെയും സംഗീതത്തിന്റെയും വ്യത്യസ്തധാരകളെ ഇതാദ്യമായി ഒന്നിപ്പിക്കുന്നു. ഒ.എന്‍.വി, ജി. വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, മഞ്ജരി എന്നിവരോട് അവരവര്‍ സ്ഥാപിച്ചെടുത്ത ഇടങ്ങളെക്കുറിച്ച് വ്യക്തതയോടെ രവിമേനോന്‍ സംസാരിക്കുന്നു. അതുകൊണ്ടു തന്നെ ഉത്തരങ്ങളേക്കാള്‍ രവിമേനോന്റെ ചോദ്യങ്ങള്‍ ചലച്ചിത്രഗാനസംസ്കാരത്തെക്കുറിച്ചുള്ള ബുദ്ധിയുടെയും ഹൃദയത്തിന്റെയും ഇടപെടലുകളായി മാറുന്നു.
എന്‍.പി വിജയകൃഷ്ണന്‍ അഭിമുഖം നടത്തിയാല്‍ അഭിമുഖത്തിനു വിധേയനാകുന്ന ആളും വിജയകൃഷ്ണനായി മാറും എന്ന് പറയുന്നതുപോലെ അഭിമുഖക്കാരുടെ ബുദ്ധിശൂന്യതകൊണ്ട് ഡോ. പി.കെ വാരിയരും വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുമായുള്ള അഭിമുഖങ്ങള്‍ കെട്ട കഷായം പോലെ നാറുന്നു.
പഴയ കുപ്പി, പാട്ട...
മാധ്യമത്തിന്റെ ഓണപ്പതിപ്പ് മുന്‍പിറങ്ങിയ പല പ്രസിദ്ധീകരണങ്ങളും കുത്തിനിറച്ച ഒരു കാലിഡോസ്കോപ്പാണ്. ഭാഷാപോഷിണി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മനോരമ വീക്കെന്‍ഡ്, മാധ്യമം ആഴ്ചപ്പതിപ്പിന്റെ തന്നെ പ്രത്യേക ലക്കങ്ങള്‍ എല്ലാമുള്ള അവിയല്‍. ഇന്ദ്രപ്രസ്ഥംഃ എഴുത്തുകാരന്റെ ഡയറി, സുരാസുവിന്റെ ഭാര്യ അംബുജത്തിന്റെ ജീവിതം, ആഷാമേനോന്റെ കൈലാസ യാത്ര... ഇതെല്ലാം അറപ്പുളവാക്കുന്ന ആവര്‍ത്തനങ്ങള്‍.
എം.ടി 'മഞ്ഞ്' സിനിമയാക്കുമ്പോള്‍ എന്‍.എല്‍ ബാലകൃഷ്ണന് എന്തായിരുന്നു ലൊക്കേഷനില്‍ പണി? 'മഞ്ഞി'ന്റെ ലൊക്കേഷന്‍ അനുഭവം വായിച്ചാല്‍ അദ്ദേഹത്തിന് പുറത്തുപറയാന്‍ പറ്റാത്ത ഒരു പണിയായിരുന്നുവെന്ന് വ്യക്തമാകും. ഹോട്ടലില്‍ കിടന്നുറങ്ങിയതും ഉണര്‍ന്നതും ലൊക്കേഷനിലെത്തിയതും തിരിച്ച് മടങ്ങിയതും കൃത്യമായി ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. മാത്രമല്ല 1981ലെ വിമാന & ട്രെയിന്‍ & ബസ് റൂട്ടുകളും സമയവും കാലാവസ്ഥയും വിവരിക്കുന്നത് വായിച്ചാല്‍ വായനക്കാര്‍ പുളകമണിയും തീര്‍ച്ച.
സുസ്‌മേഷ് ചന്ത്രോത്തിന്റെ 'മറൈന്‍ കാന്റീന്‍' എന്ന നോവെല്ല എം.ജെ മുഹമ്മദ് ഷഫീറിന്റെ ഒരു കഥയെ ഓര്‍മ്മിപ്പിക്കുന്നു. സുസ്‌മേഷിന്റെ നോവെല്ലയുടെ ആദ്യവരി "കരയേക്കാളും പ്രായമുള്ള കടലിന്റെ തീരത്തായി..." ഷഫീറിന്റെ കഥയുടെ പേര് 'കടലിനേക്കാള്‍ പഴക്കമുള്ള മരക്കപ്പല്‍'.
പ്രതാപ് പോത്തന്‍, പശുപതി എന്നിവരുടെ അഭിമുഖങ്ങളും സന്തോഷ് ഏച്ചിക്കാനത്തിന്റെ സീരിയല്‍ തിരക്കഥാരചന അനുഭവങ്ങളും മാത്രമാണ് മാധ്യമത്തിന്റെ വായനായോഗ്യമായി ഇനങ്ങള്‍.
പല തവണ ആവര്‍ത്തിക്കപ്പെട്ടത് എന്നതു മാത്രമല്ല ജനത, സഹനം, സാമൂഹിക നീതി എന്ന മാധ്യമത്തിന്റെ കവര്‍സ്റ്റോറിയുടെ ന്യൂനത. രേഖാരാജ് ഒഴികെ മേറ്റ്ല്ലാ ലേഖകര്‍ക്കും വിഷയത്തില്‍ നിലപാടുകളേയില്ല. കുറേ ലേഖനങ്ങള്‍ ഒരുമിച്ചു കിട്ടിയപ്പോള്‍ അവക്കൊരു പൊതു ടൈറ്റിലിട്ട് വിതറിയിട്ട പോലെ. ഗോപാല്‍ ഗുരുവിന്റെ ലേഖനം വിവര്‍ത്തകന്റെ മാനഭംഗത്തിനിരയായി ചാരിത്ര്യം നശിച്ച നിലയിലാണ്. ഈ പീഡകന്റെ പേരും കൊടുത്തിട്ടില്ല.
എഴുത്തിന്റെ വ്യഭിചാരശാല
കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന സ്ഥലമാണോ കൊച്ചി? മലയാളം വാരികയുടെ ഓണപ്പതിപ്പ് വായിക്കൂ; ബ്രഹ്‌മപുരം മാത്രമല്ല, ലാലൂരും വിളപ്പില്‍ശാലയും ഞെളിയന്‍പറമ്പും ഒന്നുചേര്‍ന്ന സമാഹാരം. വിരസമായ പ്രബന്ധങ്ങള്‍, പുതുമയില്ലാത്ത സംഭാഷണങ്ങള്‍.
എഴുത്തിന്റെ വലിയൊരു വ്യഭിചാരശാല. ഉടുത്തൊരുങ്ങി നില്‍ക്കുന്നു എഴുത്തുകാമപൂരണത്തിനായി, വിറ്റുവിറ്റ് നീരുവറ്റിയ എഴുത്തുകാര്‍. ഉദ്ധാരണശേഷി ബാക്കിയുള്ള വായനക്കാരേ, വഴി മാറി നടക്കൂ.
ശശിധരന്‍. പി
No comments:
Post a Comment