Friday, August 17, 2007

നസ്‌റത്തിലെ മാലാഖ


കഥ
കെ.എം. ജോഷി


കമാലക്കടവില്‍* ആരവങ്ങളൊഴിഞ്ഞു. അഴിമുഖത്തെ കപ്പല്‍ച്ചാലില്‍ തുറമുഖം വിട്ടൊഴിയുന്ന ഏതോ വാണിഭക്കപ്പല്‍. ബീച്ചില്‍ തിരക്കില്ല. ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ ഗോശ്രീപ്പാലങ്ങളുണ്ടായതോടെ ജെട്ടിയും ശൂന്യമായി. പടിഞ്ഞാറന്‍ കാറ്റിന്‌ തണുപ്പേറിയിട്ടില്ല. അന്തിച്ചന്ത പിരിഞ്ഞു. മദ്യശാലകളില്‍ ആഘോഷങ്ങള്‍ക്ക്‌ ആരംഭം കുറിക്കുന്ന വെടിവട്ടം.

ബാറിലെ അരണ്ട പ്രകാശവിസ്മയത്തില്‍ എന്റെ ലക്കു കെട്ടു. ജെയ്മിക്കു ചിരിപൊട്ടി. അവന്‍ അങ്ങനെയാണ്‌. റമ്മിന്റെ വീര്യം സിരകളില്‍ കൊടുങ്കാറ്റഴിച്ചുവിട്ടാല്‍ കാറല്‍സ്മാന്‍ ചരിതത്തിലെ അള്‍ബ്രാത്ത്‌ രാജാവാകും. അനന്തരം അട്ടഹാസങ്ങളും അനുസരണക്കേടിന്റെ ശാഠ്യങ്ങളുമായി അന്തരീക്ഷം ശബ്ദമുഖരിതമാക്കി കൊഴുപ്പിക്കും. ആയാസരഹിതമായി ഇങ്ങനെ രംഗം കയ്യടക്കുന്ന ജെയ്മിയെ എനിക്കിഷ്ടമാണ്‌. കായിക്കാന്റെ പുതിയ കടയ്ക്ക്‌ ബോര്‍ഡെഴുതി കിട്ടിയ തുക തുഛം. അതില്‍ മുക്കാലും മുടിച്ച ജെയ്മി ബീച്ച്‌റോഡിലൂടെ എന്നെ പിച്ചാ... പിച്ചാ നടത്തി.

ആടിയുലഞ്ഞെത്തിയത്‌ ഉമ്പായിയുടെ ഗസ്സല്‍ സന്ധ്യയില്‍. ഗൃഹാതുരതയുടെ നനുത്ത ഈരടികളാല്‍ ഉമ്പായി തീര്‍ത്തത്‌ സുഖമുള്ള ഒരു വേനല്‍മഴയായിരുന്നു. നനഞ്ഞൊലിച്ച്‌ ഞാന്‍ ഒറ്റക്കായതുപോലെ.

"വാ, മതി. ഇനി നിന്നാ നീ കരയും".

ജെയ്മി ഇപ്പോള്‍ പറഞ്ഞതില്‍ സത്യമുണ്ട്‌. കണ്ണറ്റങ്ങളില്‍ പൊടിഞ്ഞ നനവു കണ്ടിട്ടല്ല ജെയ്മി എന്നെ നിര്‍ബന്ധിച്ചത്‌. നസ്‌റത്തിലെ മാലാഖയെക്കുറിച്ചുള്ള വേവല്‍ അപ്പോഴാണ്‌ അവനെ അലട്ടിയത്‌.

ഞങ്ങളുടെ നസ്‌റത്ത്‌ ഗലീലയിലെ ഒരു ഗ്രാമമല്ല. ഇവിടെ കിഴക്കുദിക്കില്‍ ഒരു യോര്‍ദ്ദാന്‍ നദിയുമില്ല. പശ്ചിമകൊച്ചിയുടെ ഒരു തുണ്ട്‌. അതെങ്ങനെ നസ്‌റത്തായെന്ന്‌ പഴമക്കാര്‍ക്കും അറിയില്ല. കാലഹരണപ്പെട്ട അവരുടെ ഓര്‍മ്മച്ചെപ്പില്‍ നസ്‌റത്ത്‌ വെറും മായക്കാഴ്ചയാണ്‌.

മാര്‍ബിള്‍ പാകിയ കപ്പേളപ്പടികളിലെ കാറ്റൂതിയണച്ച മെഴുകുതിരിക്കാലുകള്‍ക്കു താഴെ ജെര്‍മീന തപസ്സിലാണ്‌.

"ഇതെന്തൊരിരിപ്പാണു ചേച്ചി. ചെല്ല്‌, ചെന്നുകെട"

കീറിത്തുന്നിയ കിനാക്കാഴ്ചകളില്‍ നിന്നുണരാന്‍ ജെര്‍മീനയ്ക്ക്‌ പക്ഷെ മടിയായിരുന്നു. ജെയ്മി പ്രദര്‍ശിപ്പിച്ച കടലാസ്സുപൊതിയുടെ പകിട്ടില്‍ ക്ഷീണിച്ച കണ്ണുകള്‍ ഒരുമാത്ര തിളങ്ങി.

"ഹെന്താടാ കയ്യില്‌?"

"രണ്ട്‌ ചിക്കങ്കാലും, കാക്കുപ്പി റമ്മും"

"ഹെഡ കേമാ".

ഒറ്റക്കുതിക്ക്‌ കടലാസ്സുപൊതി തട്ടിപ്പറിച്ച്‌ ചായ്പിന്റെ സുരക്ഷയിലേക്കോടിയ ജെര്‍മീന മാലാഖയ്ക്ക്‌ അപ്പോള്‍ ഭ്രാന്തിന്റെ അംശം തെല്ലുമുണ്ടായിരുന്നില്ല.

തിരുരൂപത്തില്‍ നോക്കി ജെയ്മി നെഞ്ഞുരുക്കി. മുട്ടിപ്പായ പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ അത്ഭുതങ്ങളുണ്ടാക്കുമെന്ന്‌ അവന്‍ വിശ്വസിച്ചു. കഴിഞ്ഞയാണ്ടിലെ കപ്പേള പെരുന്നാള്‍ ഞങ്ങടെ നേര്‍ച്ചയായിരുന്നു. വണക്കമാസത്തിലെ ഒടുവിലത്തെ ദിവസമായിരുന്നു സദ്യ. പന്തലിലേയ്ക്കിരച്ചെത്തിയ ആളുകളുടെ കുത്തൊഴുക്ക്‌ ഞങ്ങടെ ആധി പെരുപ്പിച്ചു. ഞങ്ങളൊന്നടങ്കം മുട്ടേല്‍ നിന്നു കുരിശുവണങ്ങി. വിഭവങ്ങള്‍ കിറുകൃത്യം. സദ്യ കെങ്കേമം. എല്ലാം ഒരു പുണ്യവാളന്റെ വലിയ മാജിക്കായിരുന്നു. ഇമ്മാതിരി മായാജാലങ്ങള്‍ ജെര്‍മിനാ ചേച്ചിയുടെ കാര്യത്തിലും സംഭവിച്ചെങ്കിലോ. ഈ ശുഭാപ്തി വിശ്വാസമാണ്‌ ജെയ്മിയെ നയിച്ചത്‌. ആത്മസംഘര്‍ഷങ്ങളാല്‍ അവന്‍ ആകാശത്തിലെ നക്ഷത്രങ്ങളെണ്ണി കിടന്ന കാഴ്ച എന്റെ മനസ്സുലച്ചു. ഭാരം. നിശബ്ദതയുടെ കനത്ത ഭാരം. അതിന്റെ അനവരതയിലേക്ക്‌ ജെര്‍മീനാ മാലാഖ നീട്ടിപ്പാടി. ആദ്യം അവ്യക്തമെങ്കിലും പിന്നെപ്പിന്നെ ആ ഹൃദയരാഗം നസ്‌റത്തിലെ നീലരാത്രിയില്‍ നിര്‍ലജ്ജം ഒഴുകിപ്പരന്നു.

"ചെറുപ്പത്തില്‌ നമ്മളും രണ്ടും

മണ്ണുവാരി കളിച്ചതും

മണ്ണപ്പം ചുട്ടതും

മറന്നു പോയോ..."

സ്വന്തം ജീവിതത്തിന്റെ ദൈന്യതയെ നോക്കി കൂസ്സലില്ലാതെ ചിരിച്ച ഉസ്താദ്‌ മെഹബൂബ്‌. ഞങ്ങടെ മെഹബൂബിക്ക, പാടിവച്ചുപോയ പാട്ടുകളെ ജെര്‍മീന ഇത്രമാത്രം താലോലിച്ചതെന്തേ.

"ജെര്‍മീനാ മാലാഖയ്ക്ക്‌ ഒരു പ്രണയപര്‍വ്വം ഉണ്ടായിരുന്നു. കടലെടുത്തുപോയ ആ ദുരന്തകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഈ ശീലുകള്‍ ആര്‍ക്കാണിഷ്ടപ്പെടാത്തത്‌'.

ജെയ്മി എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ വീണ്ടും വാചാലനായി.

"മിച്ചഭൂമിജാഥയും, എ.കെ.ജിയുടെ സമരചരിത്രവും ഞങ്ങടപ്പനെ വശീകരിച്ചു. രാഷൃടീയജ്വരപ്പനി ബാധിച്ച്‌ അപ്പന്‍ നാടുതെണ്ടി. സൗന്ദര്യമുള്ള അമ്മച്ചിക്ക്‌ വട്ടിപ്പലിശക്കാരന്‍ ചെട്ടിയാരോടൊപ്പം ഒളിച്ചോടാതെ നിര്‍വ്വാഹമില്ലായിരുന്നു. വാകീറിയ തമ്പുരാന്‍ അന്നം തരും മക്കളേന്ന്‌ അമ്മ പതുക്കെ മന്ത്രിച്ചുതന്നതോര്‍മ്മയുണ്ട്‌".

ജെയ്മി കരച്ചിലിന്റെ തുമ്പുതൊട്ടു. ക്രമേണ ഉറങ്ങുകയോ, ഉറക്കം അഭിനയിക്കുകയോ ചെയ്തു. ഞാനാവട്ടെ നിദ്രാഹീനനായി രാവിന്റെ നെഞ്ഞില്‍ വീണ്‌ തിരിഞ്ഞും മറിഞ്ഞും നേരം കൊന്നു.

തലേ രാത്രിയില്‍ എന്നെ കാണാഞ്ഞതിന്റെ ഉല്‍ക്കണ്ഠകളും ചുമന്ന്‌ അമ്മ അന്വേഷിച്ചെത്തി. കുടിച്ചു കൂത്താടിയതെല്ലാം പരദൂഷണക്കാരികള്‍ അമ്മയുടെ ചെവിയിലെത്തിച്ച മട്ടുണ്ട്‌.

"എടാ കുട്ടാ, കുട്ടോ..."

ആ നീട്ടിക്കുറുക്കലില്‍ അരിശം കണ്ടമാനം കലര്‍ത്തിയിട്ടുണ്ട്‌. അതിലെ നീരസം ജെര്‍മീന വേര്‍തിരിച്ചെടുത്തു. ഒട്ടും മയമില്ലാതെയാണ്‌ മാലാഖയും സംസാരിച്ചത്‌.

"ഭാസുരാംഗിയമ്മച്ചീ, കുട്ടനെ ആരും കടിച്ചുതിന്നിട്ടൊന്നുമില്ല കേട്ടോ. ജെയ്മീടെ ചിത്രപ്പുരേലൊണ്ട്‌. വിളിക്കണാ?'

"വേണ്ട വേണ്ട. അവനവിടെങ്ങാനുമിരുന്നു വരച്ചോട്ടെ കൊച്ചേ. ഞാന്‍ ദേ പോകേണ്‌".

വൃഥാ സമയം മെനക്കെടുത്താതെ അമ്മ പിന്‍വാങ്ങി. കരുതലോടെ മിണ്ടിയാലും ഒന്നും രണ്ടും പറഞ്ഞ്‌ ജെര്‍മീന തെറ്റുമെന്ന്‌ അമ്മയ്ക്കുറപ്പുണ്ട്‌. അതിന്റെയൊരു സ്വഭാവമതാണ്‌.

ജെയ്മി ബാക്കിവച്ച വര്‍ക്കുകളുടെ മിനുക്കുപണിയിലായിരുന്നു ഞാന്‍. ഫ്ലക്സും കമ്പ്യൂട്ടറും പരസ്യവിപണി കയ്യേറിയതോടെ ബാനറെഴുത്തുകള്‍ ഞങ്ങള്‍ മതിയാക്കിയിരുന്നു.

ഉഷ്ണം കടുത്തിട്ടും ടൂറിസ്റ്റുകള്‍ മടങ്ങിയിരുന്നില്ല. നവംബറില്‍ ആരംഭിക്കുന്ന സീസന്‌ ഫെബ്രുവരിയോടെ തിരശ്ശീല വീഴുക പതിവാണ്‌. ഈയിടെയായി കാലഗണനയില്ലാതെയും സഞ്ചാരികളെത്തുന്നത്‌ ഞങ്ങള്‍ കൊച്ചീക്കാര്‌ടെ പുണ്യം.

അലയാഴി കണക്കെ മനസ്സും പ്രക്ഷുബ്ധമാണ്‌. കടല്‍ഭിത്തിമേല്‍ തലതല്ലിച്ചാവുന്ന തിരത്തലപ്പുകളെപോലെ ആയുസ്സറ്റുപോകുന്ന ഭാവനകള്‍. ഒന്നിനും വേണ്ടത്ര നിറം പകരാനാവുന്നില്ലെന്ന്‌ സ്വയം ശപിക്കുന്ന ജെയ്മി. വില്‍പ്പനയ്ക്കൊരുങ്ങുന്ന ഗാമയുടെ കടല്‍യുദ്ധത്തിന്റെ പടം പൂര്‍ത്തിയാക്കാന്‍ വിഷമിക്കുകയായിരുന്നു ഞാന്‍. ചെങ്കടലും കടന്ന്‌ വെനീസിലെ കഴുത്തറപ്പന്‍ കച്ചവടക്കാരുടെ കുത്തക പൊളിച്ച വാസ്കോഡഗാമ, ഒടുക്കം കൊച്ചീതീരത്ത്‌ മണ്ണായി മാറും മുമ്പേ നാട്ടുകാരായ പറങ്കി പ്രമാണിമാര്‍ മാന്തിയെടുത്തു കടല്‍ കടത്തി.

"അതു നന്നായി".

"എന്ത്‌?"

"കപ്പിത്താന്റെ എല്ലും പൊടിയും കൊണ്ടുപോയി ജെറേണിമസില്‍* കുഴിച്ചിട്ടത്‌".

വരസിദ്ധിപോലെ ശൂന്യതയില്‍ നിന്നും വാക്കുകളെടുത്തു പെരുമാറുന്ന ജെയ്മിക്ക്‌ അന്യന്റെ മനസ്സു വായിക്കാനുള്ള വിരുതും അപാരം. ഉള്‍ക്കതകു തുറന്നുകൊണ്ട്‌ അവന്‍ തുടര്‍ന്നു.

"നമുക്കീ പണി നിറുത്താം".

"എന്നിട്ട്‌ നമ്മളെന്തു ചെയ്യും".

"എന്തും ചെയ്യണം".

ഉപജീവനത്തിന്‌ പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കാനുള്ള അവന്റെ വ്യഗ്രതയില്‍ അപായം മണത്തു. ദുരൂഹമായ ഉപായങ്ങളെ എനിക്കെപ്പോഴും ഭയമാകയാല്‍ ഏറെ സമയം ഞാന്‍ മിണ്ടാവ്രതം നോറ്റത്‌ രക്ഷയായി.

ഒരാഴ്ച ഞാന്‍ പള്ളുരുത്തിയില്‍ അമ്മയുടെ തറവാട്ടിലായിരുന്നു. അവിടെ ദേശംവക ക്ഷേത്രത്തിലെ ഉത്സവമേളങ്ങളില്‍ മുഴുകി നസ്‌റത്തിനെ തല്‍ക്കാലം മറന്നു. പൂയക്കാവടിക്ക്‌ ജെയ്മിയെ ക്ഷണിച്ചതാണ്‌. ശ്രീഭവാനീശ്വരന്റെ ആറാട്ടെഴുന്നള്ളത്തിന്‌ അവന്റെ കൂട്ട്‌ ശരിക്കും ഞാന്‍ ആഗ്രഹിച്ചതാണ്‌. ജെയ്മി പക്ഷെ നിരാശപ്പെടുത്തി. ആ പരിഭവം മനഃക്കോണിലൊരിടത്ത്‌ മാറ്റിയിട്ടുകൊണ്ടാണ്‌ ഞാന്‍ നസ്‌റത്തിലേക്കു തിരിച്ചത്‌.

പോക്കുവെയിലിന്റെ വിരലോടങ്ങള്‍ തിരമാലകളെ തഴുകിത്തലോടി. ചീനവലകളുടെ കസര്‍ത്തുകള്‍ കണ്ട്‌ ജെയ്മി കടപ്പുറത്തുണ്ടായേക്കും. ചില വേള ക്രയവിക്രയങ്ങളുടെ തിരക്കില്‍ സായിപ്പാന്മാരോട്‌ ഇടപെട്ടു നില്‍ക്കുകയാവും. എന്നാല്‍ ജങ്കാര്‍ജട്ടിയുടെ പായല്‍ പടര്‍ന്ന കരിങ്കല്‍പ്പടവിലിരുന്ന്‌ ദൂരെ കിഴവനച്ചാലിന്റെ നരച്ച രാശി കാണുകയായിരുന്നു ജെയ്മി ഞാന്‍ വീണ്ടും അവതരിച്ചതിന്റെ വെളിപാടുകളൊന്നും അവനില്‍ സന്തോഷത്തിന്റെ ചെറിയ അലപോലും സൃഷ്ടിച്ചില്ല. അവന്റെ സംഭാഷണങ്ങളാവട്ടെ തികച്ചും ഭാവരഹിതങ്ങളായിരുന്നു.

"നീ പോയേപിന്നെ ആശങ്കയൊഴിഞ്ഞിട്ടില്ല. കരിയച്ചന്റെ നടേല്‌ ചുറ്റുവിളക്കും പൂമാലേം കൊടുത്തു. വല്ലാര്‍പാടത്തമ്മേ കണ്ട്‌ അടിമനേര്‍ന്നു. ഇടപ്പള്ളി പുണ്യാളച്ചന്‌ പൂവന്‍കോഴീം മെഴുകുതിരീം. എന്നിട്ടുമെന്റെ ചേച്ചി... മടുപ്പായെടാ, മടുപ്പായി".

"ജെര്‍മിനാ ചേച്ചിക്ക്‌ അസുഖം വല്ലോം കൂടിയാ?"

"അസുഖമല്ല, തോന്ന്യാസം. രാത്രീലെറങ്ങി നടക്കും. തൊന്ന്യേടത്ത്‌ കേറിക്കെടന്നുറങ്ങും. പേടിയാണ്‌. എന്തെങ്കിലും സംഭവിച്ചുപോയാ... ഹെന്റെ സന്ധ്യപുണ്യാളാ..."

ആ നിലവിളി എന്റെ നെഞ്ഞുപിളര്‍ത്തി. അവനെ അവിടെ ഉപേക്ഷിച്ച്‌ എവിടേക്കോ നീറി നടന്നു. വിജനമായൊരിടം തേടി കഷ്ടപ്പെട്ടു.

പകല്‍വിളക്ക്‌ ആരോ ഊതിക്കെടുത്തിയിരുന്നു. അന്ധകാരത്തിന്റെ അപാരതയില്‍ നീന്തുമ്പോള്‍ നസ്‌റത്തിലെ പരേതാത്മക്കള്‍ എന്നെ ഭയപ്പെടുത്തി രസിച്ചു. വീടെത്തിയതോ, പാരവശ്യത്താല്‍ ഒരു കിണ്ടി വെള്ളം അണ്ണാക്കില്‍ കമഴ്ത്തിയതോ അമ്മയറിഞ്ഞില്ല. ഇപ്പോള്‍ ചെവിഞ്ഞരമ്പറുക്കുന്നത്‌ കടലിരമ്പങ്ങളുടെ പെരുമ്പറമുഴക്കങ്ങളല്ല. മദിച്ച മേഘഗര്‍ജ്ജനവുമല്ല. ദിനരാത്രങ്ങള്‍ക്കപ്പുറം ലഹരിപിടിച്ചു നശിപ്പിച്ച നെറികെട്ട ഒരു രാവിന്റെ ആര്‍ത്തനാദമായിരുന്നു. ജെര്‍മീനാ മാലാഖയുടെ സ്വകാര്യതയുടെ രഹസ്യമറിയാന്‍ ചായ്‌പിലെ സൈര്യതയില്‍ കലമ്പിക്കയറിയ ഞാന്‍ ആസക്തിപൂണ്ട നരകാസുരനായി. പാട്ടിന്റെ പാലാഴി കടഞ്ഞ ക്ഷീണം തീര്‍ക്കാന്‍ ജെര്‍മീന സിമന്റുതറയില്‍ വിരിച്ചിട്ട പുല്‍പ്പായമേല്‍ കിടന്നു. ഉടുമുണ്ടഴിഞ്ഞുലഞ്ഞ്‌ ഒരു രതിദേവതാ ശില്‍പംപോലെ ജെര്‍മീന. ചായ്പാകട്ടെ കണ്ണഞ്ചിക്കുന്ന അപൂര്‍വ്വ ആര്‍ട്ടുഗാലറിയും. മായക്കണ്‍ മയക്കത്തില്‍ മതിമറന്ന എന്നെ ഉശ്ശിരന്‍ ചുഴലിക്കാറ്റായി വിഴുങ്ങിയ വീനസ്സിന്‌ മാലാഖയുടെ മുഖമായിരുന്നു.

"അമ്മച്ചീ, എന്നെ കൊല്ലുന്നേ...."

മാലാഖയുടെ ആദ്യത്തെ അലര്‍ച്ച നസ്‌റത്തിനെ നടുക്കി. അമ്മ സങ്കടപ്പെട്ടു.

"പാവം, അവള്‍ടെ മുടിക്കെന്തഴകാര്‍ന്നു. അതു മുഴുവന്‍ മുറിച്ചു കളഞ്ഞു കണ്ണീച്ചോരയില്ലാത്ത ശവങ്ങള്‌".

രണ്ടാമത്തെ അലമുറ ജെര്‍മീനയുടെ തൊണ്ടക്കുഴിയില്‍ തന്നെ പിടഞ്ഞുവീണു ചത്തു. ചുണ്ടറ്റങ്ങളില്‍ മുളച്ച ദുഃഖം കള്ളിമുണ്ടിന്റെ കോന്തലയാലൊപ്പി അമ്മ അരികില്‍ വന്നു.

"അതിനെ ആ ചെകുത്താന്‍മാരെല്ലാം കൂടി കൊല്ലാക്കൊല ചെയ്യുന്നല്ലോടാ".

സ്വാസ്ഥ്യം നഷ്ടപ്പെട്ടുഴറിയ ഞാന്‍, വിളിച്ചാല്‍ കേള്‍ക്കാത്ത കേവലം ശിലാബിംബമായി. വേട്ടമൃഗമായൊറ്റപ്പെട്ട ജെര്‍മീനാ മാലാഖയെ നാലഞ്ചുപേര്‍ ആക്രമിച്ചു കീഴടക്കിയതും, ആംബുലന്‍സിന്റെ വിളറിയ വായ്ക്കുള്ളിലെ വിശപ്പിലേക്ക്‌ വലിച്ചിഴച്ചതും കണ്ട്‌ കരളു പറിഞ്ഞു.

"എന്നെ കൊണ്ടുപോകല്ലേന്നു പറയെടാ. എടാ ജെയ്മിയേ..."

വിലപിച്ചു തളര്‍ന്ന ജെര്‍മീനയുടെ ഇമ്പസ്വരമെല്ലാം വറ്റിവരണ്ടുപോയിരുന്നു. ആംബുലന്‍സിന്റെ ദയനീയമായ തേക്കങ്ങള്‍ നസ്‌റത്തിനെ വിട്ട്‌ അതിവേഗം അകലാന്‍ വെമ്പി.

ആളനക്കങ്ങളൊഴിഞ്ഞ കപ്പേളപറമ്പില്‍ എന്റെയും ജെയ്മിയുടേയും നിഴലുകള്‍ക്കെന്തൊരു മുഴുപ്പ്‌. സ്വതേ മെലിഞ്ഞുനീണ്ട വിരലറ്റങ്ങള്‍ നിവര്‍ന്നുവന്ന്‌ എന്നെ തൊട്ടു. അവ പണ്ടേപ്പോലെ കുറുമ്പുകാട്ടിയില്ല. അവന്റെ ഇടുങ്ങിയ കണ്ണുകള്‍ കാണെക്കാണെ കടലായും, കാറ്റും കോളും തിങ്ങിയ നെടുങ്കന്‍ സുനാമിത്തിരമാലയായും എന്നെ ശ്വാസം മുട്ടിച്ചു. ഞൊടിയില്‍ തുരന്നുകയറുന്ന നോട്ടമെറിഞ്ഞ്‌ അവന്‍ ചൊടിച്ചു.

"നിന്റേയും ഈ നസ്‌റത്തിന്റേയും തലവേദനകളവസാനിച്ചില്ലേ. എന്നാലും, നീയുമെന്നെ..."

അതുവരെ അടക്കിവച്ച, ആത്മനിയന്ത്രണത്തിന്റെ ചരടുകള്‍ പൊട്ടി. ജെയ്മി വിങ്ങിക്കരഞ്ഞു. പെട്ടെന്ന്‌ അവന്‍ എന്നെ കെട്ടിപ്പിടിച്ച്‌ ആശയക്കുഴപ്പത്തിലാക്കി. ഞാന്‍ കുമ്പിടുന്ന ദൈവങ്ങള്‍ക്കെല്ലാം ജെയ്മിയുടെ സ്വരൂപമാണെന്ന സംശയം കൂടുതല്‍ ബലപ്പെടുമ്പോള്‍ കുരിശുപുരയിലെ രൂപക്കൂട്ടില്‍ നിന്നൊരു പിന്‍വിളി. അതാവട്ടെ എന്റെ മനഃസമാധാനങ്ങളെയെല്ലാം കീഴ്‌മേല്‍ തകര്‍ത്തുകളഞ്ഞു.

കെ.എം. ജോഷി
കളരിക്കല്‍, ഒ.എം റോഡ്‌, പെരുമ്പാവൂര്‍-683542.
Phone: 0484 2591564, 9847189511

"""""""""""""""""""""""""""""""""""""""""""""""""
*കമാലക്കടവ്‌ - ഫോര്‍ട്ടുകൊച്ചി ഫെറി (അഴിമുഖം)
*ജെറേണിമസ്‌ - പോര്‍ച്ചുഗലിലെ ജെറേണിമസ്‌ കത്തിഡ്രല്‍പള്ളി.
"""""""""""""""""""""""""""""""""""""""""""""""""

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക


കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക

No comments: