
സുവിരാജ് പടിയത്ത്

ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ അറസ്റ്റുചെയ്യാനും അവരെ ജയിലിലടയ്ക്കാനുമുള്ള ഒരു നിയമവ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്. നീതി നിര്‍വഹണത്തിന് അത് അത്യാവശ്യമാണെന്നത് സ്വഭാവികം മാത്രം. എന്നാല്‍ മഅ്‌ദനിയുടെയും അദ്ദേഹത്തോടൊപ്പം മോചിതരായവരുടേയും കാര്യത്തില്‍ ഇതെത്രമാത്രം നീതികരിക്കാവുന്നതാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു ഭരണകൂടഅജണ്ടയിലൂടെ മനുഷ്യാവകാശലംഘനത്തിന്റെ സകലസീമകളും ലംഘിക്കുന്നതാണ് നാം ഇവിടെ കണ്ടത്. നിയമത്തിന്റെ പഴുതിലൂടെ നീതിയെ പരമാവധി അകറ്റിനിര്‍ത്തി അതിലൂടെ മഅ്‌ദനി എന്ന 'സ്ഫോടകവസ്തു'വിനെ ചില ഇടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ചിലരുടെ ആവശ്യകതയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ കേരള രാഷൃടീയ ലോകത്തിലെ ചില ഇടപെടലുകളാണ് ഏറെ ആഭാസകരമായി തോന്നുന്നത്. മഅ്‌ദനിയുടെ മോചനത്തിനുശേഷം ഇരു മുന്നണികളിലേയും നേതാക്കളുടെ പ്രസ്താവനകള്‍ ഇത് ശരിവയ്ക്കുന്നു.
നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ അന്യായമാണ് മഅ്‌ദനിയുടെ ജയില്‍വാസമെന്നും ഇക്കാര്യത്തില്‍ നന്ദികേട് കാട്ടിയത് യു.ഡി.എഫാണെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി വേദനകൊള്ളുമ്പോള്‍ മഅ്‌ദനിയെ അറസ്റ്റു ചെയ്തത് നായനാര്‍ സര്‍ക്കാരാണെന്നും അത് വലിയ അഭിമാനവും നേട്ടവുമായി അന്നത്തെ ഇടതുപക്ഷക്കാര്‍ കൊണ്ടാടിയിരുന്നെന്നും നാം ഓര്‍ക്കണം.
മഅ്‌ദനിയെ നായനാര്‍ സര്‍ക്കാര്‍ തമിഴ്‌നാട് പോലീസിനു കൈമാറിയ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിലവിളിക്കുമ്പോള്‍, മഅ്‌ദനിയെ പരോളില്‍ പോലും പുറത്തുവിട്ടാല്‍ കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാകുന്ന് തമിഴ്‌നാട് ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് നല്‍കിയവരാണ് പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാരെന്നും നാം ഓര്‍ക്കണം. മഅ്‌ദനിയെ വിട്ടയക്കാതിരിക്കാന്‍ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ കയ്യിലെ തുറുപ്പുചീട്ടായി മാറി ആ റിപ്പോര്‍ട്ട്. നിരപരാധിയാണെന്ന് അന്നേ പറഞ്ഞുവെന്ന് വയലാര്‍ രവിയും, മനുഷ്യാവകാശങ്ങള്‍ മാനിച്ച വിധിയെന്ന് ലീഗ് നേതാവ് പാണക്കാട് സയ്യദ് മുഹമ്മദാലി ശിഹാബ് തങ്ങളും പറയുമ്പോള്‍ അത് അശ്ലീലമാകുന്നു.
മഅ്‌ദനിയെ ജയിലിലടച്ച് കുറെനാള്‍ കഴിഞ്ഞപ്പോള്‍, ചില ജീവികള്‍ ചന്തയ്ക്കുപോകുന്നതുപോലെ, പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇരുമുന്നണി നേതാക്കളും മഅ്‌ദനി മോചനവിഷയവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുക പതിവായിരുന്നു. ഒപ്പം കോയമ്പത്തൂര്‍ ജയില്‍സന്ദര്‍ശനവും. ഒടുക്കം വി.എസിന്റെ സന്ദര്‍ശനഫലമായി മഅ്‌ദനിക്ക് കുറച്ചു ചികിത്സ കിട്ടിയെന്നത് മാത്രം ആശ്വാസം. ഇതൊന്നും മനുഷ്യാവകാശ ധ്വംസനത്തിനെതിരായ നീക്കങ്ങളായി കാണുകവയ്യ. മഅ്‌ദനിയെന്ന വ്യക്തിയുടെ കച്ചവടമൂല്യം തന്നെയായിരുന്നു പ്രധാനം.
"എന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള പാളിച്ചകള്‍ ഇനിയൊരിക്കലുമുണ്ടാകില്ല. അവ ആവര്‍ത്തിക്കാതെ ഇനിയുള്ള കാലം ഞാന്‍ മനുഷ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കും" മഅ്‌ദനി ജയില്‍ മോചിതനായതിനുശേഷം പറഞ്ഞ വാക്കുകളാണിവ. തനിക്ക് എവിടെയൊക്കെയോ തെറ്റുപറ്റിയിട്ടുണ്ടെന്ന് മഅ്‌ദനി കരുതുന്നു എന്നുവേണം മനസിലാക്കാന്‍. തന്റെ പ്രസംഗങ്ങളില്‍, പ്രസ്താവനകളില്‍, പ്രവര്‍ത്തനങ്ങളില്‍, നിലപാടുകളില്‍ എവിടെയൊക്കെയോ തെറ്റു കടന്നുകൂടിയിട്ടുണ്ടെന്നത് മഅ്‌ദനി തിരിച്ചറിയുന്നുണ്ട്. അത്രയെങ്കിലും മാന്യത നമ്മുടെ മുന്നണിനേതാക്കള്‍ കാണിക്കണം. മഅ്‌ദനിയിലെ രാഷൃടീയകച്ചവട ലാഭം കണ്ട് പരവതാനി വിരിക്കുന്നവരുടെ മുതലക്കണ്ണീര്‍ ജനം തിരിച്ചറിയുകതന്നെ ചെയ്യും.
സുവിരാജ് പടിയത്ത്
Phone: 9847046266
E-Mail: editor.puzha@gmail.com



No comments:
Post a Comment