Saturday, August 4, 2007

'എം' മുകുന്ദന്‍


മിറര്‍ സ്‌കാന്‍
ശശിധരന്‍. പി

'എം' എന്നതിന്‌ കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തും അതാതു നാട്ടുകാര്‍ ഓരോന്നുപറയും. ഏതും ചേരും മുകുന്ദന്‌.

ജന്മനാട്ടില്‍ തിരിച്ചെത്തി അന്ത്യകാലം കഴിച്ചുകൂട്ടണമെന്ന്‌ എം. മുകുന്ദന്‌ തോന്നിയത്‌ തികച്ചും ന്യായം. വാര്‍ധക്യസഹജമായ ജരാനരയും ഡിമന്‍ഷ്യയുമൊക്കെ അദ്ദേഹം 'പുലയപ്പാട്ടി'ലൂടെയും അവസാനകാല കഥകളിലൂടെയും വെളിപ്പെടുത്തിയതാണല്ലോ. സാഹിത്യ അക്കാദമി ചെയര്‍മാനായതോടെ മുകുന്ദന്റെ മരണം യാഥാര്‍ഥ്യമാകുകയും ചെയ്തു. പക്ഷേ ആ ജഡം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവറില്‍ ഈയിടെ പ്രത്യക്ഷപ്പെട്ടു. ചില ഓണപ്പതിപ്പുകള്‍ ചീഞ്ഞുനാറിയ ആ ജഡം പ്രദര്‍ശനത്തിനുവെക്കാനൊരുങ്ങുന്നു. പുഴുവരിക്കുംമുമ്പ്‌ സംസ്കരിക്കണം ആ ജഡത്തെ....

ആധുനികകാലത്ത്‌ ഏറ്റവുമധികം പരിണാമങ്ങള്‍ക്ക്‌ വിധേയനായ എഴുത്തുകാരനായി എല്ലാവരുടെയും മനസ്സില്‍ വരിക സച്ചിദാനന്ദന്റെ കുറുക്കന്‍ രൂപമാണ്‌. തീവ്രവിപ്ലവത്തിനും ഭരണകൂടത്തിനുമിടയില്‍ കവിതകൊണ്ട്‌ പാമ്പും കോണിയും കളിച്ചുവരുന്ന ഈ കവി ഇതിനകം കടന്നുപോകാത്ത അവസ്ഥകളില്ല. രാഷൃടീയത്തിന്‌, മതത്തിന്‌, ആത്മീയതയ്ക്ക്‌, യാത്രയ്ക്ക്‌, പ്രണയത്തിന്‌, കൗമാരത്തിന്‌... ഓരോന്നിനും ഓരോ സമാഹാരമിറക്കാന്‍ പാകത്തിനുണ്ട്‌ കവിതകള്‍.

മാറ്റം ഒരു മോശം കാര്യമാണെന്ന അര്‍ഥത്തിലല്ല ഇതെഴുന്നത്‌. മാറുക മാത്രമല്ല ഓരോ കാലത്തും അതാതു കാലത്തിന്റെ ഐഡന്റിറ്റിക്കനുസരിച്ചുവേണം എഴുത്തും. സച്ചിദാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌; തീവ്ര രാഷൃടീയാഭിമുഖ്യമുള്ള കവിതകളെഴുതുമ്പോഴും അതില്‍ ഒരു സന്ദേഹിയും മതാതീതമായ ആത്മീയതയും ഉറങ്ങിക്കിടന്നിരുന്നെന്ന്‌. പക്ഷേ ഭക്തികാല കവികളെക്കുറിച്ചും മറ്റുമുള്ള സച്ചിദാനന്ദന്റെ മത&ആത്മീയ സീരീസ്‌ ഫലത്തില്‍ ഭാരതീയ കവിതയ്ക്ക്‌ എന്നതിനേക്കാള്‍ കവിക്കുതന്നെ ഗുണകരമായി ഭവിച്ചതിന്റെ ചരിത്രമാണല്ലോ അക്കാദമി സെക്രട്ടറി വരെയുള്ള 'കാവ്യ'യാത്ര. പേര്‌ കേട്ടിട്ടാണ്‌ സച്ചിദാനന്ദനെ ബി.ജെ.പി സര്‍ക്കാര്‍ സാഹിത്യ അക്കാദമി മുഖപത്രമായ 'ഇന്ത്യന്‍ ലിറ്ററേച്ചറി'ന്റെ എഡിറ്ററാക്കിയത്‌ എന്ന്‌ അസൂയാലുക്കള്‍ പറയാറുണ്ട്‌. എന്തായാലും അവസരത്തിനൊത്തുയര്‍ന്ന്‌ സ്വന്തം പേരും അദ്ദേഹം മാറ്റിയത്‌ ചരിത്രം. സച്ചിദാനന്ദന്‍ (Sachidanandan) എന്നായിരുന്നു കേരളം വിടും വരെ പേര്‌. പിന്നീടത്‌ സത്‌ ചിദാനന്ദന്‍ (Satchidanandan) എന്നായി.

കെ. വേണുവിന്റെ പൂര്‍ത്തിയാകാത്ത ആത്മകഥയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതലുള്ള സച്ചിദാനന്ദന്റെ ഈ ഉഭയജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളുണ്ട്‌.

ഇക്കാര്യത്തില്‍ എം. മുകുന്ദന്‍ സച്ചിദാനന്ദപ്പരീക്ഷ പാസാകേണ്ടിയിരിക്കുന്നു. അരാജവാദി. ഒരു തലമുറയെ മുഴുവന്‍ ചരസും ഭാംഗും വലിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരന്‍. സകലതിനോടും പുച്ഛവും വെറുപ്പും ആത്മനിന്ദയും. പ്രണയത്തെപ്പോലും വ്യഭിചരിച്ച കഥാപാത്രങ്ങള്‍. ആഗോളമായി തന്നെ അത്‌ അങ്ങനെയൊരു കാലമായിരുന്നു. അതേസമയം അതീവ സുരക്ഷിതനായ ഒരുയര്‍ന്ന ബ്യൂറോക്രാറ്റുമായിരുന്നു മുകുന്ദന്‍. എഴുത്തിന്റെ സബ്ജക്റ്റും വ്യക്തിജീവിതത്തിന്റെ സബ്ജക്റ്റും തമ്മില്‍ പല നല്ല എഴുത്തുകാരിലും കാണുന്നപോലെ വലിയ സംഘര്‍ഷമൊന്നും കാണില്ല സച്ചിദാനന്ദനെപ്പോലെ മുകുന്ദന്റെയും സര്‍ഗജീവിതത്തില്‍.

അടിമയോട്‌ തന്നെ ചുമക്കാന്‍ ആജ്ഞാപിച്ചിട്ട്‌ ഒരു മനുഷ്യനെ ചുമക്കേണ്ടിവരുന്നതിലുള്ള അടിമയുടെ വേദനയെക്കുറിച്ചെഴുതുന്ന കല നന്നായി വശത്താക്കിയിട്ടുണ്ട്‌ മുകുന്ദന്‍ (ഓര്‍മയുണ്ടാകും, സഫാരി കോട്ടിട്ട്‌ സൈക്കിള്‍ റിക്ഷയിലിരിക്കുന്ന മുകുന്ദന്റെ പ്രശസ്ത ചിത്രം). കമ്യൂണിസത്തെ എതിര്‍ക്കേണ്ട കാലത്ത്‌ എതിര്‍ത്തു. സന്നിഗ്‌ധാവസ്ഥയില്‍ കേശവന്റെ വിലാപങ്ങള്‍ എന്ന സമര്‍ഥമായ മറ്റൊരു സന്നിഗ്‌ധാവസ്ഥയിലൂടെ പാര്‍ട്ടിയില്‍ വരെ ആശയക്കുഴപ്പമുണ്ടാക്കി. ഇപ്പോള്‍ എഴുത്തുകാരനെന്ന നിലക്കുള്ള ഉപജീവനമാര്‍ഗം അടഞ്ഞപ്പോള്‍ ഇടതുപക്ഷമായി തിരിച്ചെത്തിയിരിക്കുന്നു. മാര്‍ക്കം കൂടുകയാണെങ്കില്‍ അസ്സല്‍ ഔദ്യോഗികപക്ഷം തന്നെയാകണം. സത്‌ ചിദാനന്ദനെ കണ്ടുപഠിക്കണമെന്നു പറഞ്ഞത്‌ വെറുതെയല്ല. ബി.ജെ.പി സര്‍ക്കാറിന്റെ കീഴിലിരുന്ന്‌ ഗുജറാത്തിനെക്കുറിച്ച്‌ സത്‌ ചിദാനന്ദന്‍ കവിത എഴുതിയിട്ടുണ്ട്‌. മത വര്‍ഗീയതക്കെതിരെ നിലപാടെടുത്തിട്ടുണ്ട്‌. ഇന്ത്യന്‍ ഭാഷകളിലെ ദലിത്‌ രചനകളെ കെട്ടഴിച്ചുവിടാന്‍ യത്നിച്ചിട്ടുണ്ട്‌. ചീത്തപ്പേരില്ലാതാക്കാന്‍ പാര്‍ട്ടിയില്‍ ഒരു നസ്രാണിയെ ചുമക്കുന്നതുപോലെ സത്‌ ചിദാനന്ദനെയും അവര്‍ ചുമന്നുകൊണ്ടു നടന്നുവെന്നുമാത്രം.

ഇടതുപക്ഷത്തെ വേളൂര്‍ കൃഷ്ണന്‍കുട്ടിമാര്‍

അത്രക്കും ബുദ്ധിപോരാ മുകുന്ദന്‌. അദ്ദേഹം ഔദ്യോഗികമായിതന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്‌. 'ദിനോസറുകളുടെ കാലം' എന്ന മാതൃഭൂമിക്കഥ സാഹിത്യമല്ല; കൂട്ടിക്കൊടുപ്പാണെന്ന്‌ വ്യഭിചാരത്തെപ്പറ്റി ഏറെ എഴുതിയിട്ടുള്ള മുകുന്ദനും ഉത്തമബോധ്യമുണ്ട്‌. അതുകൊണ്ടാണ്‌ കഥയെ പിന്നീട്‌ സ്വയം വിശദീകരിച്ച്‌ മുന്നോട്ടുവന്നത്‌. സാഹിത്യ അക്കാദമി പുനഃസംഘടനയുടെ കാലത്ത്‌ 'ങഞ്ഞണനമ' നിലപാടെടുക്കുകയും പിന്നീട്‌ ഒഴിവാക്കപ്പെട്ടപ്പോള്‍ പിണറായി വിജയനെതിരെ ചൂലെടുക്കുകയും ചെയ്ത സാറാ ജോസഫിനെപ്പോലുള്ളവര്‍ക്ക്‌ നഷ്ടപ്പെടാനേറെയുണ്ട്‌; മുകുന്ദനോ?

'എം.ഒ ബോബി'യെക്കുറിച്ച്‌ അറിയാഞ്ഞിട്ടാണ്‌ മുകുന്ദന്‌. ടി പത്മനാഭനെയും എം.വി ദേവനേയും പോലുള്ള പാര്‍ട്ടിവിരുദ്ധരെപോലും ചുമക്കാന്‍ കഴിയുന്ന ചുമലാണ്‌ ബേബിയുടേത്‌. അതിനെയാണ്‌ നവലിബറലിസം എന്ന്‌ ചിലര്‍ ആക്ഷേപിക്കുന്നത്‌. അദ്ദേഹത്തിനുവേണ്ടി കഥ ഇങ്ങനെ ഛര്‍ദ്ദിച്ചുവെക്കേണ്ട കാര്യമില്ല മുകുന്ദനേ.

എം. മുകുന്ദനെപോലുള്ളവര്‍ ഇക്കാലത്ത്‌ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ തോലണിഞ്ഞ ചെന്നായകളാവുന്നത്‌ എന്തുകൊണ്ടാണ്‌. ഇടതുപക്ഷത്തുള്ളതെന്നു പറയുന്ന എഴുത്തുകാരുടെ ശേഷിക്കുറവുകൊണ്ടുതന്നെ. അശോകന്‍ ചരുവില്‍ ഈ ആഗോളീകരണകാലത്തും കാട്ടൂര്‍ ചന്തയെപ്പറ്റി തന്നെയാണ്‌ എഴുതിക്കൊണ്ടിരിക്കുന്നത്‌. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയുടെ 25-ാ‍ം വാര്‍ഷികവും കവിയുടെ വിദ്യാരംഭവും ഈയിടെയാണല്ലോ ഒന്നിച്ചാഘോഷിച്ചത്‌.

എന്‍. പ്രഭാകരനെ ഒഴിച്ചു നിര്‍ത്തിയാല്‍ ആരാണ്‌ ഇടതുപക്ഷത്തുനിന്ന്‌ ബുദ്ധിപരമായി എഴുതുന്ന ഒരാള്‍?

അതുകൊണ്ടുതന്നെ എഴുത്തിലും കലയിലും ഇടതുപക്ഷത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത്‌ എം. മുകുന്ദനെയും ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിനെയും പോലുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടിമാരാണ്‌. 'കൊക്കക്കോളയോട്‌ നിനക്കെന്താ ഇത്ര വിരോധം, അത്‌ നിന്നെ കടിക്കാന്‍ വന്നോ' എന്ന മട്ടിലുള്ള സലിംകുമാര്‍ അശ്ലീലങ്ങളാണ്‌ ഇടതുപക്ഷ വിമര്‍ശനമാതൃകയായി ഓടിക്കൊണ്ടിരിക്കുന്നത്‌. ആഗോളീകരണകാലത്ത്‌ മൂലധനത്തിന്റെയും അധികാരത്തിന്റെയും വിനിയോഗം സംബന്ധിച്ച പ്രതിസന്ധി ലോകത്തെങ്ങുമുള്ള ഇടതുപക്ഷ ഭരണകൂടങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്‌. ആ രീതിയിലാണ്‌ അതാതിടങ്ങളിലെ വിമര്‍ശകരും ബുദ്ധിജീവികളും അതിനെ കൈകാര്യം ചെയ്യുന്നത്‌. ഇവിടെ ഇപ്പോഴും അതൊരു ശ്രീനിവാസന്‍ ചിത്രം പോലെയാണ്‌.

കെ.ഇ.എന്‍ കരയുന്നു

എഴുത്തിനും കലയ്ക്കും മാത്രമല്ല ഈ പ്രതിസന്ധി മാധ്യമങ്ങള്‍ക്കുമുണ്ട്‌. പിണറായി വിജയന്‍-വി.എസ്‌ അച്യുതാനന്ദന്‍ ഗ്രൂപ്പുതര്‍ക്കത്തിനപ്പുറത്തേക്ക്‌ ഇടതുപക്ഷ പ്രതിസന്ധിയെ പ്രശ്നവല്‍ക്കരിക്കാന്‍ ഒരു മാധ്യമത്തിനും ആയിട്ടില്ല. ഇടതുപക്ഷം മുഖ്യ രാഷൃടീയ ഉള്ളടക്കമായി വരുന്ന മാധ്യമം, മാതൃഭൂമി, മലയാളം, കലാകൗമുദി മാഗസിനുകള്‍ ഒന്നിനൊന്ന്‌ 'മികച്ച' പ്രകടനമാണ്‌ ഇക്കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.

'ദിനോസറുകളുടെ കാലം' പോലത്തെ ഒരു വ്യാജസൃഷ്ടി മാതൃഭൂമിയെപ്പോലൊരു ആഴ്ചപ്പതിപ്പിന്റെ കവര്‍സ്റ്റോറിയായി വരുന്നു. കേവലപ്രതീകങ്ങളിലേക്ക്‌ പാര്‍ട്ടിമൂല്യത്തെ ചുരുക്കിക്കാട്ടുന്നതിനെ വിമര്‍ശിക്കുന്ന കെ.ഇ.എന്‍ (കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ക്കുവേണ്ടി കരയുന്നവരോട്‌; മാധ്യമം ആഴ്ചപ്പതിപ്പ്‌, ആഗസ്റ്റ്‌ മൂന്ന്‌) സ്വതസിദ്ധമായ അതിവൈകാരിക കണ്ണീരാല്‍ കമ്യൂണിസത്തെ കൗമാരപ്രണയം പോലെ ചപലവസ്തുവാക്കി മാറ്റുന്നു. (ഡി.വൈ.എഫ്‌.ഐ പഠനക്ലാസുകള്‍ തന്നെയാണ്‌ കെ.ഇ.എന്നിന്‌ പറ്റിയ ഇടം). അതിവൈകാരികമായ വ്യക്തിസത്തയില്‍ നിന്ന്‌ ഉന്നതമായ പ്രത്യയശാസൃതബോധത്തിലേയ്ക്ക്‌ ചിന്തയെ ഉയര്‍ത്താനുള്ള ശേഷിക്കുറവുള്ള കെ.ഇ.എന്‍, ആസാദ്‌, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, ജി.പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചിന്തകരുടെ വേഷം കെട്ടുന്നതാണ്‌ ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്‌.

വിജയന്റെ വ്യാജം പുറത്താകുന്നു


പത്രപ്രവര്‍ത്തകര്‍ എളുപ്പം വീണുപോകാവുന്ന ചതിക്കുഴികളില്‍ വീണുപോയ മറ്റൊരു ഇടതുപക്ഷ ചിന്തകന്റെ പൊള്ളത്തരം വെളിവാക്കുന്ന അഭിമുഖം ജൂലൈ ലക്കം 'പച്ചക്കുതിര'യിലുണ്ട്‌.

കേരളത്തിലെ സമകാലിക ഇടതുപക്ഷചര്‍ച്ചകളെ വ്യക്തിഹത്യയുടെയും കല്ലുവെച്ച നുണയുടെയും പച്ചത്തെറിയുടെയും സെന്‍സേഷണലിസത്തിലേക്ക്‌ ചുരുക്കുന്നതിന്റെ ചീഫ്‌ എഡിറ്ററായിരുന്നു എം.എന്‍ വിജയന്‍. എം.പി. പരമേശ്വരനെപ്പോലെ മൗലികചിന്തയുള്ള ഒരു കമ്യൂണിസ്റ്റിന്യും എം.എന്‍ വിജയനെപ്പോലെ ഒരു വ്യാജപ്രതീകത്തേയും ഒരേ തുലാസില്‍ അളന്നത്‌ പാര്‍ട്ടിക്കുപറ്റിയ പിഴ.

രാഷൃടീയപ്രവര്‍ത്തനം നടത്തുന്നതിനും അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതിനുമൊക്കെ സര്‍ക്കാര്‍ സര്‍വീസ്‌ പ്രതിബന്ധമായിരുന്ന ഒരു രാഷ്‌ട്രീയജീവിതമായിരുന്നു എം.എന്‍. വിജയന്റേത്‌. 'അതിനകത്തിരുന്നിട്ട്‌ എന്ത്ലുമൊക്കെ ചെയ്യുന്നതിനേക്കാള്‍ പുറത്തുവന്നിട്ട്‌ ചെയ്യുന്നതാകും നന്നാവുക എന്നതാണ്‌ ഞാന്‍ കരുതിയതെന്ന്‌' വിജയന്‍ വേണുവുമായുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്‌. പക്ഷേ അദ്ദേഹം എങ്ക്ലുമൊക്കെ പറഞ്ഞുതുടങ്ങിയത്‌ റിട്ടയര്‍ ചെയ്ത്‌ പെന്‍ഷനൊക്കെ കിട്ടിത്തുടങ്ങിയ ശേഷമായിരുന്നു. അതേസമയം കെ. വേണു, ആ പ്രായത്തിലും കാലത്തും ഒരാള്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ പ്രലോഭനങ്ങളെ ത്യജിച്ചാണ്‌ രാഷൃടീയ പ്രവര്‍ത്തകനായത്‌. അതു നിരന്തരം വേട്ടയാടലിന്‌ വിധേയമാക്കപ്പെടുന്ന ഒരു രാഷൃടീയജീവിതം.

കമ്യൂണിസത്തെക്കുറിച്ച ഇരുവരുടെയും നിലപാടുകളിലും കമിറ്റ്‌മെന്റിന്റെ ഈ ഏറ്റക്കുറച്ചില്‍ വ്യക്തമാണ്‌. സാധാരണ ബുദ്ധിയെ സ്തംബ്ധമാക്കുന്ന പ്രതീകങ്ങളാണ്‌ വിജയന്റെ കൈമുതല്‍.

മാര്‍ക്സ്‌ മുന്നോട്ടുവെക്കുന്ന കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥ, നഗരവത്ക്കരണം, ലാഭേച്ഛ, തുറന്ന വിപണി, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ വിഷയങ്ങളിലെല്ലാം സാമാന്യപ്രവണതകളെ മൂര്‍ച്ഛയുള്ള പ്രതീകങ്ങളിലൂടെ അവതരിപ്പിച്ച്‌ പരമമായ സത്യമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ അതിസമര്‍ഥനാണ്‌ വിജയന്‍. വിജയന്‍ മാത്രം സംസാരിച്ചുകൊണ്ടിരുന്നാല്‍ നാം ആ സാമര്‍ത്ഥ്യത്തിന്‌ അടിമപ്പെടും. ("ചോറെന്ന സത്യം നിത്യവും സാധ്യമായാല്‍ നിങ്ങള്‍ക്ക്‌ ലിബറലാകാം, പിന്നെ ഏതു സ്വരലയവും ആസ്വദിക്കാം. ഡെമോക്രസി മാത്രമാണ്‌ ശരിയെന്നു പറയുന്നത്‌ അണ്‍ഡെമോക്രാറ്റിക്കാണ്‌").

പക്ഷേ ഇവിടെ വേണു വായനക്കാരെ തിരിച്ചറിവിലേക്ക്‌ നയിക്കുന്നു. സ്വന്തം നിലപാടുകളെക്കുറിച്ച്‌ സ്വയം ബോധ്യമുള്ള ഒരാള്‍ക്ക്‌ വിഷയത്തെ ഒരിക്കലും പ്രതീകവല്‍ക്കരിക്കേണ്ടിവരില്ല. പ്രതീകങ്ങളിലൂടെ മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന വിജയന്‍ അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ വ്യാജപ്രതിനിധാനമാണെന്നു പറയേണ്ടിവരും.

വേണുവിന്‌ ഇത്തരം പരിഭ്രമങ്ങളൊന്നുമില്ലെന്നുമാത്രമല്ല, തന്റെ നിലപാടുകളിലെ പരിണാമത്തെ യുക്തിഭദ്രമായി വിശദീകരിക്കുകയും ചെയ്യുന്നു. മാര്‍ക്സിസം ഇന്നും സമചിത്തതയോടെ വിശകലനത്തിനു വിധേയമാക്കിയിട്ടില്ലാത്ത ആഗോളീകരണത്തെ സിദ്ധാന്ത ശാഠ്യങ്ങളില്ലാതെ വേണു അവതരിപ്പിക്കുന്നു. വിയോജിപ്പുണ്ടായാലും വേണുവിന്റെ ചിന്തയുടെ ആധികാരികതയും ആര്‍ജവവും അനിഷേധ്യമാണ്‌.

ദേശീയാതിര്‍ത്തികളെ മറികടക്കുന്ന സാമ്പത്തിക മൂലധനവളര്‍ച്ചയും ഉല്‍പാദകശക്തികളുടെ വളര്‍ച്ചയും മാര്‍ക്സ്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള സ്വാഭാവിക മാറ്റത്തിന്റെ ഫലമാണ്‌ ആഗോളീകരണം എന്ന്‌ വേണു വാദിക്കുന്നു. ഉല്‍പാദനരംഗം സ്തംഭിച്ചുപോയ അവസരത്തില്‍ ലാഭേച്ഛയുടെ സാധ്യത ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ക്രൂഷ്ചേവിനെ റിവിഷനിസ്റ്റായി മുദ്രകുത്തി തുടങ്ങിയതെന്ന്‌ വേണു കൃത്യമായി നിരീക്ഷിക്കുന്നുണ്ട്‌. അതേസമയം ലാഭേച്ഛ എന്ന മുതലാളിത്തത്തിന്റെ ഇന്‍സെന്റീവിന്‌ പകരം സോഷ്യലിസത്തിന്‌ മുന്നോട്ടുവെക്കാന്‍ ഒന്നുമില്ല. മാത്രമല്ല ലാഭവും കമ്പോളവുമില്ലാത്ത അവസ്ഥ സെന്‍ട്രലൈസേഷനിലെത്തിക്കുകയും ചെയ്യുന്നു. മുതലാളിത്തം എന്ന്‌ ലെനിന്‍ വിശേഷിപ്പിച്ച സോഷ്യല്‍ ഡെമോക്രസിയിലൂടെയേ മനുഷ്യസമൂഹത്തിന്‌ മുന്നേറാനാകൂ എന്ന്‌ വേണു അടിവരയിടുന്നു. കമ്യൂണിസത്തിനകത്ത്‌ നടക്കുന്ന മാറ്റങ്ങളെയും അത്‌ നേരിടുന്ന പ്രതിസന്ധികളെയും അങ്ങേയറ്റം ശാസൃതീയമായും പ്രായോഗികമായും വിശകലനം ചെയ്യുന്നു വേണു.

ഡിറ്റക്ടീവ്‌ കവിതയായിരുന്നു ഭേദം

മലയാളത്തിലെ ഏറ്റവും യാഥാസ്ഥിതികരും അസഹിഷ്ണുക്കളുമായ വായനക്കാര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റേതായിരുന്നു. വായനയുടെയും വായനാവര്‍ഗത്തിന്റെയും സവര്‍ണഭാവുകത്വത്തെ മാതൃഭൂമി 70 വര്‍ഷത്തോളം പരിപാലിച്ചുപോന്നു. വായനക്കാരിലെ സാമുദായികമായ വര്‍ണവിഭജനത്തേക്കാള്‍ അപകടമരമായിരുന്നു സാഹിത്യത്തില്‍ മാതൃഭൂമി പരിപാലിച്ചുവന്നിരുന്ന കുലീനത. എം.ടി വാസുദേവന്‍നായരുടെ പ്രതാപകാലത്താണ്‌ സാഹിത്യത്തിലെ ഭിന്നപ്രതിനിധാനങ്ങളെ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ സ്വീകരിച്ചു തുടങ്ങിയത്‌. പക്ഷേ അപ്പോഴും സാഹിത്യത്തിനു പുറത്തെ അതിന്റെ വാതിലുകള്‍ കുലീനമല്ലാത്ത പ്രമേയങ്ങള്‍ക്കും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും മുന്നില്‍ അടഞ്ഞുതന്നെ കിടന്നു. ഇപ്പോള്‍ സാഹസികമായി തുറക്കപ്പെട്ടപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ചില പ്രതിഷേധങ്ങള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിലൊന്ന്‌ ഇങ്ങനെ വായിക്കാംഃ "ഒരു മുഴുനീള ഡിറ്റക്ടീവ്‌ നോവല്‍ മാതൃഭൂമിയില്‍ ആരംഭിച്ചിരിക്കുന്നു. നന്നായി. കാമശാസൃതവും ഒഴിവാക്കരുത്‌. അതും വരട്ടെ മാതൃഭൂമിയുടെ താളുകളില്‍. വില്‍പന കൂടും. കച്ചോടവും നന്നാവും"; പി. ശ്രീധരന്‍, കെ.കെ. നഗര്‍, ചെന്നൈ (വായനക്കാര്‍ എഴുതുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ആഗസ്റ്റ്‌ നാല്‌). കെട്ട ഭാവുകത്വത്തിന്റെ വൃദ്ധവിരേചനങ്ങള്‍.

ഇത്തരം വായനക്കാരെ ഗളഹസ്തം ചെയ്തുകൊണ്ടേ ഒരു പ്രസിദ്ധീകരണത്തിന്‌ മുന്നോട്ടുപോകാനാകൂ. മാതൃഭൂമിയുടെ അത്യന്തം പ്രകോപനപരമായ ഉള്ളടക്കത്തിന്റെ അവസാന ദൃഷ്ടാന്തമാണ്‌ ടി.പി രാജീവന്റെ പാലേരി മാണിക്യം കൊലക്കേസ്‌ എന്ന ഡിറ്റക്ടീവ്‌ നോവല്‍. ഡിറ്റക്ടീവ്‌ നോവലുകളുടെ വിദേശവും സ്വദേശവുമായ സമ്പന്നമായ വായനാനുഭവം മലയാളിക്കുണ്ട്‌. കോട്ടയം പുഷ്പനാഥിനേക്കാള്‍ ഇവിടെ വായിക്കപ്പെട്ടത്‌ ദുര്‍ഗാപ്രസാദ്‌ ഖത്രിയും അഗതക്രിസ്റ്റിയും ചേസുമാണ്‌. മലയാളത്തില്‍ അസ്തമിച്ചുപോയ ഒരു വായനാനുഭവത്തെ പുതിയ കാലത്ത്‌ പുനഃസൃഷ്ടിക്കുന്നത്‌ അതി സാഹസികമാണ്‌. എന്നാല്‍ കഷ്ടമെന്നു പറയട്ടെ, പരസ്യങ്ങളിലൂടെ ആഴ്ചപ്പതിപ്പ്‌ വീര്‍പ്പിച്ചുകൊണ്ടുവന്നത്‌ ആദ്യലക്കം തന്നെ പൊട്ടിപ്പോയിരിക്കുന്നു.

ആദ്യലക്കത്തില്‍ തന്നെ 'ഡിറ്റക്ടീവ്‌ ബ്ലീറ്റ്‌' ചുണ്ടില്‍ പൈപ്പുമായി പ്രത്യക്ഷപ്പെടണമെന്നല്ല പറഞ്ഞുവരുന്നത്‌. ഭാഷയുടെയും വിവരണത്തിന്റെയും ദുര്‍മേദസ്സുകൊണ്ട്‌ ഈ നോവലിന്റെ ആദ്യ രണ്ടുലക്കങ്ങള്‍ ദുസ്സഹമായിരിക്കുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു പൊട്ടക്കഥ വായിക്കുന്ന പ്രതീതി.

ടി.പി രാജീവന്‍ ഒരു ഡിറ്റക്ടീവ്‌ കവിത എഴുതുന്നതായിരുന്നു തമ്മില്‍ ഭേദം.

മേജര്‍ രവി എന്ന കോമാളി

മിഷന്‍ 90 ഡെയ്‌സ്‌ എന്ന മേജര്‍ രവി ചിത്രത്തിനെ രൂക്ഷമായി ആക്രമിക്കുന്നു വിജു വി.നായര്‍ (മാധ്യമം ആഴ്ചപ്പതിപ്പ്‌, ജൂലൈ 27). ചരിത്ര & രാഷൃടീയ ബോധമില്ലാത്ത ഒരു കോമാളി സംവിധായകന്‍ സിനിമയെ എങ്ങനെ വ്യഭിചരിക്കുന്നു എന്ന്‌ കാട്ടിത്തരുന്നു വിജു വി.നായര്‍. ദേശാഭിമാനം വിശുദ്ധപശുവാണെന്ന സങ്കല്‍പമാണ്‌ അതിന്റെ അനുസരണയുള്ള ആട്ടിന്‍കുട്ടിയായിരുന്ന ഈ പട്ടാളക്കാരന്‌ എന്ന്‌ കീര്‍ത്തിചക്ര എന്ന ചിത്രം തെളിയിച്ചതാണ്‌. ഒരു രാഷൃടീയനേതാവിന്റെ കൊലപാതകം ഏതാനും ദിവസത്തെ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായി സംഭവിക്കുന്നതല്ല. രാജീവ്‌ വധത്തിനു പുറകില്‍ രാഷൃടീയ കാരണങ്ങളേറെയുണ്ട്‌. അത്‌ ഇന്ത്യന്‍ ദേശീയത സുഭിക്ഷം തീറ്റിപ്പോറ്റിയ, ഇപ്പോള്‍ അതിന്റെ ഉച്ഛിഷ്ടം ഭുജിച്ചു കഴിയുന്ന മേജര്‍ രവിക്ക്‌ അറിയാന്‍ കഴിയില്ല. 90 ദിവസത്തെ വീരപരാക്രമം കൊണ്ട്‌ അവസാനിക്കുന്നതല്ല ഈ കളി. മമ്മൂട്ടിയുടെ ശരീരവും ശബ്ദവും കൊണ്ട്‌ നുണയെ സത്യമാക്കാനുമാവില്ല.

ബുദ്ധിജീവികളുടെ ജീവനകല

ഇടതുപക്ഷത്താണെന്ന്‌ സ്വയം വിശ്വസിക്കുന്ന സാംസ്കാരിക രംഗത്തെ ചില കൂപമണ്ഡൂകങ്ങള്‍ ഈയിടെ 'കേരളത്തിന്റെ ഇടതുപക്ഷ & മതേതര മനസ്സിനെ തകര്‍ക്കരുത്‌' എന്ന ആഹ്വാനം നിര്‍വഹിക്കുകയുണ്ടായി. ഫിദല്‍ കാസൃടോ മുതല്‍ ഷാവേസ്‌ വരെയുള്ളവര്‍ വ്യാജപ്രചരണത്തെ അതിജീവിച്ചാണ്‌ പ്രവര്‍ത്തിച്ചത്‌ എന്ന്‌ ഈ പ്രസ്താവനയിലുണ്ട്‌.

എങ്ങനെയോ ഈ കുഴിയില്‍ വീണുപോയ ചിലരൊഴിച്ച്‌ ഈ കൂട്ടായ്മ സാംസ്കാരിക മേഖലയിലെ വലിയ മാഫിയകളിലൊന്നാണ്‌. പെറ്റി ഈഗോയും അസൂയയും കുശുമ്പും മുതല്‍ ഇടതുപക്ഷ ആശയലോകത്തെ നിര്‍ണായകസമയത്ത്‌ പിന്നില്‍ നിന്ന്‌ കുത്തിയ സഖാക്കള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. ഇടതുപക്ഷഭരണം വരും മുമ്പ്‌ ആശയവ്യക്തതയുണ്ടായിരുന്ന ഇവരില്‍ ചിലര്‍ക്ക്‌ ഭരണം വന്നുകഴിഞ്ഞപ്പോള്‍ പിണറായി-വി.എസ്‌ സ്ഥലജലവിഭ്രാന്തിയില്‍ സ്ഥിരത നഷ്ടപ്പെട്ടു. സ്ഥാനമാനങ്ങള്‍ക്കും അവിഹിത സ്വാധീനങ്ങള്‍ക്കും വേണ്ടി ഔദ്യോഗിക പക്ഷത്തോടൊപ്പം നല്‍ക്കുക എന്ന ഒരൊറ്റ ദുഷ്ടലാക്കേ ഇവരില്‍ പലര്‍ക്കുമുള്ളൂ. യഥാര്‍ഥത്തില്‍ ഇവരാണ്‌ കേരളത്തില്‍ ഉയര്‍ന്നുവരേണ്ടിയിരുന്ന വിശാലമായ ഇടതുപക്ഷ പ്ലാറ്റ്ഫോമിനെ തകര്‍ത്തത്‌.

ഇയാളൊരു ഗോപാലകൃഷ്ണന്‍ തന്നെ

പാര്‍ട്ടി അണികള്‍ ദേശാഭിമാനിയേക്കാള്‍ കൂടുതല്‍ വിശ്വസിക്കുന്നതും വാങ്ങുന്നതും മാതൃഭൂമി പത്രമാണെന്നതാണ്‌ സി.പി.എമ്മിനെ വിറളി പിടിപ്പിക്കുന്നത്‌. തെക്കന്‍ ജില്ലകളിലെ ഈഴവ വായനക്കാരെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടിയുടെ വര്‍ഗ & വര്‍ണ അടിത്തറ മാതൃഭൂമിയുടെ പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ക്ക്‌ അതിലും വലിയ നാണയത്തില്‍ തിരിച്ചടി നല്‍കേണ്ടിവരും.

പച്ചനുണയും അസഭ്യവുമൊക്കെ നിരത്തി വിശ്വാസ്യത കളഞ്ഞുകുളിച്ചെങ്കിലും ദേശാഭിമാനി പത്രത്തില്‍ വന്ന മാതൃഭൂമി വിരുദ്ധ പരമ്പരയിലെ പല കാര്യങ്ങളും സത്യമായിരുന്നു. എഡിറ്റര്‍ ഗോപാലകൃഷ്ണന്റെ ഇടപെടല്‍ മാതൃഭൂമിയുടെ മതേതര പ്രതിച്ഛായ തകര്‍ത്തു എന്നത്‌ സത്യമാണ്‌. ഇപ്പോള്‍ വാരാന്തപ്പതിപ്പില്‍ അമൃതാനന്ദമയിയുടെ അജീര്‍ണോപദേശം കൂടി തുടങ്ങിയതോടെ ഗോപാലകൃഷ്ണന്‍ ആള്‍ദൈവത്തിന്റെ നോമിനിയാണെന്ന ആരോപണത്തിന്‌ ബലമേറുന്നു. മാത്രമല്ല കേരളത്തിലെ ആള്‍ദൈവ വിപണിയെ സമീപകാലത്ത്‌ ഏറ്റവുമധികം വളര്‍ത്തിയ പത്രവും മാതൃഭൂമിയാണ്‌. പത്രത്തിന്റെ ഉള്ളടക്കത്തിലേക്കുള്ള ഹിന്ദുത്വവാദത്തിന്റെ കടന്നുകയറ്റം അപകടരമാംവിധം ബലപ്പെടുകയാണ്‌. പത്രം കൂടുതല്‍ വര്‍ഗീയമാകുമ്പോള്‍ അത്‌ കൂടുതല്‍ സ്വീകാര്യമാകുന്നു എന്ന തന്ത്രം പയറ്റുകയാണ്‌ ഗോപാലകൃഷ്ണന്‍.

ശ്രീരാമന്റെ വാഴ്‌വുകള്‍

വി.കെ ശ്രീരാമന്റെ അഭ്യാസം മാധ്യമം ആഴ്ചപ്പതിപ്പില്‍. സതീഷ്ബാബു പയ്യന്നൂരിന്റെ പേരമരം എന്ന സാധാരണ കഥ ശ്രീരാമന്റെ തീരെച്ചെറിയ വായനാലോകത്തെ അടിമുടി പിടിച്ചുലച്ചതിന്റെ വര്‍ണനയാണ്‌ 'വാഴ്‌വും നിനവും' എന്ന പംക്തിയുടെ കഴിഞ്ഞ ലക്കം. ഇടയ്ക്ക്‌ യു.പി വിദ്യാര്‍ത്ഥികളുടെ വായനാഡയറിയിലെ പോലെ ചില വാചകങ്ങള്‍ എഴുതിവച്ചിട്ട്‌ കഥ അപ്പടി പകര്‍ത്തിവച്ചിരിക്കുകയാണ്‌ ശ്രീരാമന്‍. ശ്രീരാമന്‌ വേണ്ടപ്പെട്ടവരായി ഇനിയും നിരവധി കഥാകൃത്തുക്കളും കവികളും സിനിമക്കാരുമൊക്കെയുണ്ട്‌. അവരുടെ വീരചരിതങ്ങള്‍ വരും ലക്കങ്ങളില്‍ വായിക്കാം.

ഉച്ഛിഷ്ടങ്ങളാണ്‌ മാധ്യമം ആഴ്ചപ്പതിപ്പിന്‌ ഏറെ പഥ്യം. ശ്രീരാമന്‍ മാത്രമല്ല, പുനലൂര്‍ ബാലനും എഴുതുന്നത്‌ ഇതുതന്നെയാണ്‌. വ്യക്തിപരമായ കുശുമ്പും കുന്നായ്മയും ഇടയ്ക്ക്‌ തിരുകുക വഴി ബഷീറിനെക്കുറിച്ച ഓര്‍മക്കുറിപ്പുകളുടെ ആര്‍ജവം നഷ്ടമാക്കിയിരിക്കുകയാണ്‌ ബാലന്‍.

കഥ ഏതായാലും മതം നന്നായാല്‍ മതി

മാധ്യമം ആഴ്ചപ്പതിപ്പില്‍ (ആഗസ്റ്റ്‌ മൂന്ന്‌) ഇടം എന്ന കഥ. ഒ.സി നാസര്‍ എഴുതിയത്‌. ഇടയ്ക്ക്‌ ഇതുപോലത്തെ മുസ്ലീം സംവരണവുമാകാം സാഹിത്യത്തില്‍. അല്ലാതെ ഈ കഥ പ്രസിദ്ധീകരണയോഗ്യമാകാന്‍ മറ്റു കാരണങ്ങളില്ല.

കഥ മോശമായാലും മതം നിലനില്‍ക്കട്ടെ.

വായനക്കാരുടെ നിലവിളികള്‍

'അംഗവിച്ഛേദം ചെയ്യപ്പെട്ടവന്റെ നിലവിളികള്‍' എന്ന പുസ്തകറിവ്യു എഴുതിയ വൈക്കം മുരളി (മാധ്യമം ആഴ്ചപ്പതിപ്പ്‌, ആഗസ്റ്റ്‌ മൂന്ന്‌) തന്റെ വായനക്കാരുടെ നിലവിളി എന്ന്‌ കേള്‍ക്കും? മാതൃഭൂമി ഇത്തവണ നിരാശപ്പെടുത്തി. പുസ്തകനിരൂപണം പേജ്‌ 76 എന്ന്‌ ഉള്ളടക്കപേജിലുണ്ട്‌. വൈക്കം മുരളിയുടേതായിരിക്കുമെന്ന പ്രതീക്ഷയില്‍ 76-ാ‍ം പേജിലെത്തിയപ്പോഴോ കലാമണ്ഡലം ഗോപിയുടെ ആത്മകഥയുടെ ബാക്കി. പുസ്തകനിരൂപണം എവിടെയുമില്ല.

ശരീരം മരണമുള്ള ദൈവം

സൃതീ ശരീരത്തെക്കുറിച്ചുള്ള സദാചാര പാഠങ്ങളിലെ പ്രതിലോമകതയെ പുറത്തുകൊണ്ടുവരുന്നു എസ്‌. ശാരദക്കുട്ടിയുടെ 'ശരീരം മരണമുള്ള ദൈവം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ജൂലൈ 28) എന്ന മനോഹരമായ ലേഖനം. വിഷയത്തിന്റെ ആത്മാവിനുചേര്‍ന്ന ഭാഷ ഉപയോഗിക്കാന്‍ സമര്‍ഥയാണ്‌ ശാരദക്കുട്ടി. ആള്‍ദൈവങ്ങളുടെ ആത്മീയാലിംഗനത്തിന്‌ സൃതീശരീരങ്ങള്‍ വിധേയപ്പെടുന്നതിന്റെ സാമൂഹികശാസൃതം ശാരദക്കുട്ടി ഭംഗിയായി വരച്ചിടുന്നു.

ഓര്‍മ നശിച്ചാല്‍...

എം.എന്‍ ഗോവിന്ദന്‍ നായരെപ്പറ്റി സി.വി ശ്രീരാമന്റെ മാതൃഭൂമി അഭിമുഖത്തില്‍ വന്ന പരാമര്‍ശങ്ങളെല്ലാം അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ നിഷേധിച്ചുകഴിഞ്ഞു. എന്നിട്ടും ശ്രീരാമന്‍ 'തെറ്റുപറ്റി' എന്ന്‌ സമ്മതിക്കുകയോ വിമര്‍ശനത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഓര്‍മ നശിച്ചവരെ അഭിമുഖത്തിന്‌ വിധേയമാക്കരുത്‌.

ഒരു ജ്ഞാനപീഠം കിട്ടിയിരുന്നെങ്കില്‍...

മരണം വരെയും എഴുതിക്കൊണ്ടിരിക്കണമെന്ന്‌ മോഹമുണ്ടാകും ഒ.എന്‍.വി കുറുപ്പിന്‌. അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയും ചെയ്യട്ടെ. പക്ഷേ അതപ്പടി പ്രസിദ്ധീകരിക്കണമെന്ന്‌ പത്രാധിപര്‍ക്ക്‌ എന്തിനാണിത്ര വാശി? 'സ്നേഹിച്ചു തീരാത്തവര്‍' എന്നൊരു ഖണ്ഡകാവ്യം തുടങ്ങിയിരിക്കുന്നു മലയാളം വാരികയില്‍. പേജുകണക്കിന്‌ തുടരുകയാണ്‌ കവി. പേജിന്റെ ലേ ഔട്ടില്‍ മാത്രമാണ്‌ വ്യത്യാസം. വരികളെല്ലാം ഒരേ പോലെ.

"ഒരു ലില്ലിപ്പൂവിന്റെ

െ‍നൈര്‍മല്യം നീ, സഖീ

ഒരു പനിനീര്‍പുഷ്പത്തിന്‍

പരിമളം നീ,

ഒരു മാടപ്രാവിന്റെ

കുറുകല്‍പോല്‍ നിന്‍ സ്വരം"

കേട്ടാല്‍ കാര്‍ക്കിച്ചു തുപ്പേണ്ട വരികള്‍.

നാടക & സിനിമ ഗാനശാഖയിലേക്ക്‌ കവിതയെ കൊണ്ടുവന്നു എന്ന്‌ ഒ.എന്‍.വിയെപ്പറ്റി പറയാറുണ്ട്‌. ശരിയാണത്‌. പക്ഷേ ഏറ്റവും മികച്ച പാട്ടെഴുത്തുകാരന്‍ നല്ല കവിയാകുകയില്ല എന്ന സത്യം ഒ.എന്‍.വിയുടെ കാവ്യജീവിതം സാക്ഷാല്‍ക്കരിക്കുന്നു. ഇടതുപക്ഷ വിപ്ലവവീര്യത്തിന്റെ ഒഴിയാബാധയായിരുന്ന ലോലഭാവുകത്വത്തെ ഉദ്ദീപിപ്പിച്ചു എന്നതു മാത്രമാണ്‌ സാഹിത്യത്തില്‍ ഒ.എന്‍.വിയുടെ സ്ഥാനം. സാമാന്യത്തില്‍ നിന്നുയര്‍ന്നുനില്‍ക്കുന്ന ഒരു കവിതപോലും അദ്ദേഹത്തിന്റേതായിട്ടില്ല. എഴുതിത്തുടങ്ങിയ കാലത്തെ ജീര്‍ണ കാല്‍പനികഭാഷയില്‍ തന്നെ അദ്ദേഹം ഇപ്പോഴും എഴുതുന്നു. ഒരു ജ്ഞാനപീഠം കിട്ടിയാല്‍ അവസാനിക്കും ഈ കരച്ചില്‍ എങ്കില്‍ എത്രയും വേഗം ജ്ഞാനപീഠം കൊടുത്തവസാനിപ്പിക്കൂ ഈ കവിയെ.

ആനന്ദ്‌


ആനന്ദിന്റെ എഴുത്തിന്‌ ഇതാദ്യമായി ശരിയായ ഒരു സ്‌ലഗ്‌ നല്‍കിയിരിക്കുന്നു ഭാഷാപോഷിണി പത്രാധിപര്‍. ആള്‍ക്കൂട്ടം എഴുതി അമ്പതുവര്‍ഷത്തിനുശേഷം ആനന്ദ്‌ മുംബൈയെക്കുറിച്ച്‌ എഴുതി 'പരിണാമത്തിന്റെ ഭൂതങ്ങള്‍' എന്ന സാധനത്തിന്‌ കഥ & ഉപന്യാസം & യാത്രാസ്മരണ എന്നാണ്‌ സ്‌ലഗ്‌. എങ്ങനെവേണമെങ്കിലും വായിക്കാം. പത്രാധിപരുടെ അതിമനോഹരമായ കുറിപ്പുമുണ്ട്‌.

ആനന്ദിനെ നമ്മള്‍ സമ്മതിച്ചുകൊടുക്കും ഈ വായനക്കുശേഷം. പ്രകൃതി & മനുഷ്യന്‍ & ജീവജാലങ്ങള്‍ & പഞ്ചഭൂതങ്ങള്‍ എന്നിവരുടെ ഭ്രഷ്ടലോകങ്ങളെ ഹൃദയാവര്‍ജകമായും ദാര്‍ശനിക മാനത്തോടെയും ആനന്ദ്‌ രേഖപ്പെടുത്തുന്നു. ആനന്ദിന്റെ മറ്റു രചനകളെപ്പോലെ ബുദ്ധിപരവും ദാര്‍ശനികവുമായ ഭാവുകത്വശേഷിയുള്ളവര്‍ക്കേ ഈ കൃതിയും ഗ്രഹിക്കാനാകൂ എന്ന 'പോരായ്മ' ഒഴിച്ചുനിര്‍ത്തിയാല്‍ ആധുനിക ജ്ഞാനത്തേയും അനുഭവത്തേയും ഇത്ര നിര്‍മമമായി ആവിഷ്ക്കരിക്കുന്ന രചന അടുത്തകാലത്തുണ്ടായിട്ടില്ല.

പവനനെ വീണ്ടും കൊല്ലരുതേ...

പാര്‍വതി പവനന്‍ പവനനെക്കുറിച്ച്‌ എഴുതുന്നത്‌ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരായുസ്സിലെഴുതാന്‍ കഴിയുന്നത്‌ അവര്‍ 'പവനപര്‍വ്വം' എന്ന കൃതിയില്‍ എഴുതിക്കഴിഞ്ഞു. 'പവനനില്ലാത്ത വീട്‌' എന്ന ലേഖനം (ഭാഷാപോഷിണി ജൂലൈ) പവനപര്‍വ്വത്തിന്റെ ആവര്‍ത്തനമാണ്‌. പത്രാധിപന്മാര്‍ ഈ സൃതീയെ ഇനിയെങ്കിലും വെറുതെവിടണം.

കവിതയിലെ പോലീസ്‌

പോലീസുകാരെ പത്രാധിപന്മാര്‍ക്ക്‌ പേടിയാണോ?

അല്ലെങ്കിലെന്തിനാണ്‌ ബി. സന്ധ്യ എന്ന പോലീസുകാരിയുടെ ജല്‍പനങ്ങള്‍ കവിതയായി പ്രസിദ്ധീകരിക്കുന്നത്‌. മാത്രമല്ല അവരുടെ പുസ്തകപ്രകാശന ചടങ്ങുകള്‍ പ്രസാധകര്‍ വലിയ സംഭവങ്ങളാക്കുന്നു. പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍ പ്രകീര്‍ത്തനങ്ങള്‍ വരുന്നു.

'ചലനമറ്റ ലോകം' എന്ന പേരില്‍ ബി. സന്ധ്യ ഭാഷാപോഷിണിയില്‍ എഴുതിയ കവിതയില്‍ നിന്ന്‌ഃ

"ചികുന്‍ ഗുനിയ, എലിപ്പനി, അണുബാധകള്‍

മരണങ്ങള്‍ പിന്നെയും മരണങ്ങള്‍

അന്വേഷണങ്ങള്‍, പിന്നെയും പിന്നെയും

ശുചിത്വമെന്തെന്നറിയുന്നീലാ, വീണ്ടും'

ബി. സന്ധ്യയെപ്പോലെ ചില പോലീസുകാരും ഐ.എ.എസുകാരും വലിയ എഴുത്തുകാരുമായി നടക്കുന്നുണ്ട്‌ ഇവിടെ പത്രാധിപന്മാരുടെ കൂട്ടിക്കൊടുപ്പിനാല്‍. മുമ്പ്‌ രാജു നാരായണസ്വാമി ഐ.എ.എസിന്റെ പ്രധാന പണി കലണ്ടറിലെ വിശേഷദിവസങ്ങള്‍ അടയാളപ്പെടുത്തലായിരുന്നു. വനിതാദിനം, ശിശുദിനം, ജലദിനം, മലിനദിനം എന്നിങ്ങനെ ഓരോ ദിനത്തിനും ഓരോ ലേഖനങ്ങള്‍ പത്രത്തില്‍. വര്‍ഷം 365 ലേഖനങ്ങള്‍. അത്‌ സമാഹരിച്ച്‌ പുസ്തകം. അതിന്‌ അവാര്‍ഡ്‌.

'നാറ്റം പരക്കെ പരന്നതിനാല്‍ മുക്കുപൊത്തി.

പരസ്പരമാരോപണച്ചെളിയെറിഞ്ഞാശ്വസിപ്പൂ നാം"

എന്നെഴുതുന്ന സന്ധ്യ സ്വന്തം കവിത അച്ചടിച്ചു വന്ന അതേ പേജുകളില്‍ മറ്റ്‌ അഞ്ച്‌ പെണ്‍കവികളുടെ കവിതകളുണ്ട്‌ഃ ജെനി ആന്‍ഡ്രൂസ്‌, സംപ്രീത, ഇന്ദിര കൃഷ്ണന്‍, ലക്ഷ്മീദേവീ, എം. കുമാരി. ചെറുപ്പക്കാരായ പത്രാധിപന്മാര്‍ക്ക്‌ പെണ്‍പേരുകള്‍ ചിലപ്പോള്‍ പ്രലോഭനമായേക്കാം, വാര്‍ധക്യത്തിലെത്തിയ ഭാഷാപോഷിണി പത്രാധിപര്‍ക്ക്‌ ഇതെന്തുപറ്റി? ഈ കവിതകളെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ അശ്ലീലമാകും എന്നതിനാല്‍ ഇവരെ വെറുതെ വിടുന്നു.

ടി.ജെ.എസ്‌ ജോര്‍ജ്‌

വീണ്ടും എഴുതട്ടെ.

മലയാളം വാരികയില്‍ ടി.ജെ.എസ്‌ ജോര്‍ജ്‌ എഴുതുന്ന ഘോഷയാത്ര എന്ന പരമ്പര വായിക്കാത്തവര്‍ക്ക്‌ അത്‌ വലിയൊരു നഷ്ടമാണ്‌. ഒരു കാലഘട്ടത്തിലെ രാഷൃടീയത്തെക്കുറിച്ചും പത്രപ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തിപരവും ധിഷണാപരവുമായ അനുഭവങ്ങള്‍. രാം മനോഹര്‍ ലോഹ്യ, കെ.കെ. ബിര്‍ല, 78 വര്‍ഷം ഒരേ പത്രത്തില്‍ പത്രാധിപരായിരുന്ന രാധനാഥ്‌ ദത്ത്‌, പത്രങ്ങളിലെ ലേ ഔട്ടിന്‌ ഡമ്മി സംഭാവന ചെയ്ത ടാര്‍സി വിറ്റാച്ചി തുടങ്ങി എഴുതപ്പെടാത്ത എത്രയോ സംഭവങ്ങള്‍.

ആയുസ്സിന്റെ പുസ്തകം

ഈ ടൈറ്റിലില്‍ സി.വി ബാലകൃഷ്ണന്റെ നെഞ്ചത്തിട്ട്‌ ഒരു കുത്തുകൊടുത്തിട്ടാണ്‌ ഇന്ത്യ ടുഡേ പുതിയ ലക്കം ഇറങ്ങിയത്‌. മഴക്കാലത്ത്‌ കുറയുന്ന സര്‍ക്കുലേഷന്‍ പിടിച്ചു നിര്‍ത്താന്‍ വര്‍ഷംതോറും പയറ്റുന്ന ഒരു വിദ്യയാണ്‌ ഈ ലൈംഗികാരോഗ്യപതിപ്പുകള്‍. കാമോദ്ദീപകമാണ്‌ ലേ ഔട്ട്‌ വരെ. പുറകില്‍ നിന്നാണല്ലോ സാധാരണ ഇന്ത്യ ടുഡേ മലയാളം വായിച്ചുതുടങ്ങേണ്ടത്‌. ഇത്തവണ മുന്‍പില്‍ നിന്നുതന്നെ വായിച്ചുതുടങ്ങാം, മുഷിയില്ല.


കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക

No comments: