മായാ ബാനര്‍ജി
കുഞ്ഞാമിന വിളമ്പിക്കൊടുത്ത മീന്‍ കൂട്ടാനും നെയ്ച്ചോറും വാരി തിന്ന് ഇക്കാക്ക കൂട്ടുകാരുടെ കൂടെ സര്‍ക്കീട്ടിനിറങ്ങി.
ഇത്താത്തേടോടെ, അളിയന്റെ ജ്യേഷ്ഠന്റെ മകന്റെ സുന്നത്തു കല്യാണം കൂടാന്‍ ഉമ്മച്ചിയും ഉപ്പച്ചിയും നേരത്തോടെ പോയി. പുരയില്‍ തനിച്ചായ നിമിഷങ്ങളെ ആഘോഷമാക്കാന്‍ പാത്രം പോലും കഴുകിവക്കാതെ കുഞ്ഞാമിന ഇക്കാക്കയുടെ മുറിയിലേക്കു പാഞ്ഞു.
ഇനിയീ കുന്ത്രാണ്ടമില്ലാണ്ട് ഇക്കാക്കാടെ പഠിപ്പ് അവതാളത്തിലാകണ്ട എന്നു വിചാരിച്ച് ഉപ്പച്ചി ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണ് കമ്പ്യൂട്ടര്‍.
കുഞ്ഞാമിന അതിനെ ഫിര്‍ദൗസെന്നു വിളിച്ചു.
കുഞ്ഞാമിനയെ നോക്കി ഫിര്‍ദൗസ് ചിരിച്ചു. പുരയില്‍ ആളും അനക്കവുമില്ലെങ്കില്‍ മാത്രമെ അവര്‍ കളിയും ചിരിയും പതിവുള്ളു. പന്ത്രണ്ടാം ക്ലാസ്സിലെ കൂട്ടുകാരി ശ്രീലക്ഷ്മിയാണ് ഫിര്‍ദൗസിന്റെ നീലവാനം പോലുള്ള തിരശ്ശീല മാറ്റി അതിനുള്ളിലേക്കു കാലെടുത്തു കുത്താന്‍ കുഞ്ഞാമിനയ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും.
കുഞ്ഞാമിന ചുണ്ടില്‍ തിളച്ചു മറിയുന്ന ചിരിയോടെ ഫിര്‍ദൗസിന്റെ നീല കര്‍ട്ടന്‍ വകഞ്ഞുമാറ്റി ഉള്ളിലേക്കു നടന്നു. നിഗൂഢജാലകങ്ങള്‍ അനേകം കവച്ചു വെച്ച് അവള്‍ ഓര്‍ക്കുട്ട് എന്ന മാന്ത്രിക കൂടിനു മുന്നില്‍ നിന്നു. ശ്രീലക്ഷ്മി അയച്ചു കൊടുത്ത ക്ഷണപത്രം കൈയ്യില്‍ ചുരുട്ടിപ്പിടിച്ച് കുഞ്ഞാമിന മാന്ത്രികക്കൂടിന്റെ വാതിലില്‍ മുട്ടി.
ശ്രീലക്ഷ്മി പറഞ്ഞത് ഈ മാന്ത്രിക കൂടിനുള്ളില്‍ ദുനിയാവിലുള്ള മനുഷ്യരായ മനുഷ്യരൊക്കെയുമുണ്ടെന്നാണ്. അത് മുയുവനും സത്യമാവില്ലെന്നു കുഞ്ഞാമിനക്കറിയാം. ഉപ്പച്ചിയും ഉമ്മച്ചിയും വല്ല്യുമ്മയും എളീമ്മയും മൂത്താപ്പയും മുറുക്കാന്‍ കടക്കാരന്‍ പൊറിഞ്ചുച്ചേട്ടനും തേങ്ങാവെട്ടുകാരന്‍ പീതാംബരനും ഇസ്തിരിയിടുന്ന വേലുച്ചാമിയും അങ്ങനെ പലരും ഉണ്ടാവില്ല. ആരില്ലെങ്കിലും മൂപ്പരുണ്ടാവണമെന്നു കുഞ്ഞാമിന പടച്ചതമ്പുരാനോട് ശഠിച്ചു.
മാന്ത്രികക്കൂടിന്റെ കിളിവാതില്‍ തുറന്നു കൈ കട്ടിലപ്പടിയില്‍ ചേര്‍ത്ത്‌വെച്ച് ഓര്‍ക്കുട്ട് സുന്ദരി കുഞ്ഞാമിനയുടെ പ്രവേശനം തടഞ്ഞു.
"ആദ്യം ഇതു മുഴുവനും പൂരിപ്പിച്ചു തരൂ", ഒരു കെട്ടു ചോദ്യങ്ങള്‍ വെച്ചുനീട്ടി ഓര്‍ക്കുട്ട് സുന്ദരി ചിരിച്ചു.
കുഞ്ഞാമിന ഉത്തരങ്ങള്‍ കുത്തിത്തുടങ്ങി.
പേരിന്റെ ആദ്യഭാഗം - കുഞ്ഞാമിന. രണ്ടാം ഭാഗം - മൊയ്തു.
പേരിങ്ങനെ മുറിച്ചെഴുതുന്നതെന്തിനെന്നു കുഞ്ഞാമിന അന്തംവിട്ടു. എങ്കിലും അധികം വൈകാതെ മൊയ്തുവിനെ മുറിച്ചു കളയേണ്ടിവരുമെന്നും പിന്നിലൊരു റിയാസോ ഉബൈദോ വന്നുകൂടുമെന്നും കുഞ്ഞാമിനയ്ക്കറിയാം. അയ്യോ...പാവം ഉപ്പച്ചി എന്നു കുഞ്ഞാമിന സങ്കടപ്പെട്ടു.
ലിംഗം - പെണ്ണ്.
ഹിന്ദിക്കാരുടെ വീട്ടിലെ കട്ടിലും മേശയും മൊന്തയും പിഞ്ഞാണവും വരെ ആണും പെണ്ണുമൊക്കെയാണ്. ഈ ആണിനെയും പെണ്ണിനെയും തിരിച്ചറിയാന്‍ പറ്റാത്തതുകൊണ്ടാണ് കുഞ്ഞാമിനയുടെ ഹിന്ദി മാര്‍ക്ക് കുത്തനെ ഇടിയുന്നത്.
ബന്ധ സ്ഥിതി - അവിവാഹിത.
അല്‍പം നാണത്തോടെ അതെഴുതുമ്പോഴും എപ്പോഴാണ് സ്ഥിതി മാറുകയെന്ന് ഒരെത്തും പിടിയുമില്ല കുഞ്ഞാമിനക്ക്. ഇന്നലേയും വന്നിരുന്നു ഒരു ദുബായിക്കാരന്‍.
അള്ളാ... ആണുങ്ങളായ ആണുങ്ങളൊക്കെയും ഇപ്പം ദുബായിലാണോ പാര്‍ക്കുന്നത്!
ജന്മദിനം - മാര്‍ച്ച് പന്ത്രണ്ട്.
സ്കൂള്‍ രേഖയില്‍ അങ്ങനെയാണ്. 'ഞമ്മടെ കൂട്ടര് ഈ പെറന്നാളൊന്നും ആഘോഷിക്കില്ലാന്നു മാത്രമല്ല... ആലോചിക്ക പോലുമില്ല. "അതൊക്കെ പടച്ചോനു നിരക്കാത്ത കാര്യാണെ"ന്നു പറയും കുഞ്ഞാമിന.
ജനന വര്‍ഷം - 'അയ്യേ... അതൊന്നും ഞമ്മളു പറയൂലാ' എന്നു ചുണ്ടുകോട്ടി വഴുതിമാറാന്‍ കുഞ്ഞാമിന ആലോചിച്ചുവെങ്കിലും മാന്ത്രികക്കൂട്ടിലേക്കുള്ള പ്രവേശനം ഓര്‍ക്കുട്ട് സുന്ദരി നിഷേധിച്ചു കളഞ്ഞാലോ എന്നും അങ്ങനെ മനസ്സില്‍ ഇരമ്പിക്കൊണ്ടിരിക്കുന്ന പ്രതീക്ഷക്കടലിനെ ഒരു വിരല്‍ ചലനം വഴി നിലപ്പിച്ചു കളഞ്ഞാലോ എന്നും പരിഭ്രമിച്ച് കുഞ്ഞാമിന വെടിപ്പായും സത്യസന്ധമായും അക്കങ്ങള്‍ നിരത്തി.
1990.
താമസിക്കുന്ന നഗരം - കോഴിക്കോട്.
കോയിക്കോടോളം നല്ലൊരു രാജ്യമില്ലാന്ന് കുഞ്ഞാമിന ആണയിടും. മാനാഞ്ചിറ മൈതാനവും മിട്ടായി തെരുവും മെയിലാഞ്ചി കൈയുള്ള മൈമൂനമാരും മേറ്റ്വിടെയുണ്ട്? അതുകൊണ്ട് കുഞ്ഞാമിനക്കു കോയിക്കോട് വിട്ടു ദുബായീ പോണ്ട.
സംസ്ഥാനം - കേരളം... പടച്ചോന്റെ സ്വന്തം നാട്.
രാജ്യം - ഇന്ത്യാ മഹാരാജ്യം.
വര്‍ഗ്ഗം - മനുഷ്യവര്‍ഗ്ഗം. എന്തൊക്കെ പിരാന്തന്‍ ചോദ്യങ്ങളാണീ ഓര്‍ക്കൂട്ട് സുന്ദരി ചോദിക്കുന്നതെന്ന് തലയിളക്കി കുഞ്ഞാമിന.
സംസാരിക്കാന്‍ അറിയുന്ന ഭാഷകള്‍ - മലയാളം പോലും അക്ഷര ശുദ്ധിയോടെ പറയാനറിയില്ലെന്ന് ബീരാങ്കുട്ടി മാഷിന്റെ സര്‍ട്ടിഫിക്കെറ്റ് കൈവശമുണ്ടെങ്കിലും അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ എന്നൊരു വാശിയോടെ ഇംഗ്ലീഷ്, മലയാളം, അറബിക് (ഓത്തിനു പോയാല്‍ പലതുണ്ട് ഗുണം) എന്നിങ്ങനെ പൂരിപ്പിച്ചു കുഞ്ഞാമിന. അപ്പോള്‍ വരുന്നു അടുത്ത പൊല്ലാപ്പ്.
ഇംഗ്ലീഷ് യു.കീയോ യു.എസ്സോ?
എന്റള്ളാ ഇംഗ്ലീഷിനും ഇനീഷ്യലോ എന്നു വായ് പൊളിച്ചു കുഞ്ഞാമിന.
ഓര്‍ക്കൂട്ടില്‍ നിന്നും ആഗ്രഹിക്കുന്നത് എന്ത്? ചോദ്യം വായിച്ച് കുഞ്ഞാമിന ഓര്‍ക്കൂട്ട് സുന്ദരിയെ മിഴിഞ്ഞു നോക്കി.
സുഹൃത്തുക്കള്‍, ബിസിനസ്സ് പങ്കാളികള്‍, നെറ്റ് വര്‍ക്കിങ്ങ്, ഡേറ്റിങ്ങ് എന്നിങ്ങനെ തിരഞ്ഞെടുക്കാന്‍ അപ്പക്കഷ്ണങ്ങള്‍ എറിഞ്ഞു കൊടുത്തു സുന്ദരി. 'ഡേറ്റിങ്ങാ... അത് അമേരിക്കയില്‍ കാണുന്ന ഒരു സാധനമല്ലേ' എന്നായി കുഞ്ഞാമിന.
"ലോകം ചുരുങ്ങി ചുരുങ്ങി ഒരൊറ്റ ഗ്രാമമായി തീരുന്നത്, കോഴിക്കോടും കാലിഫോര്‍ണിയായും നിലമ്പൂരും ന്യൂയോര്‍ക്കുമൊക്കെ കൈകോര്‍ത്ത് പിടിച്ച് ഒരേ താളത്തില്‍ നൃത്തം ചവിട്ടുന്നത് നീ കാണുന്നില്ലേ കുഞ്ഞാമിനാ...?" ഓര്‍ക്കുട്ട് പെണ്‍കൊടി ചിരിച്ചു.
ആ പറഞ്ഞത് തീരെ ശ്രദ്ധിക്കാതെ നുണ പറയുന്നത് തെറ്റോ ശരിയോ എന്നു തലപുകയ്ക്കുകയായിരുന്നു കുഞ്ഞാമിന. ഓര്‍ക്കൂട്ട് സുന്ദരി എറിഞ്ഞിട്ട അപ്പക്കഷ്ണങ്ങളില്‍ 'ഫിറോസ് ജബ്ബാര്‍' എന്നൊരു മധുരിക്കുന്ന ഹലുവാ കഷ്ണം ഇല്ലാത്തതുകൊണ്ടും ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അത് പരസ്യമായി വിളിച്ചു പറയുന്നത് കുടുംബത്തിന് ചീത്തപ്പേരാകുമെന്നന്നന്നു ബോധ്യമുള്ളതിനാലും കുഞ്ഞാമിന സശ്രദ്ധം സുഹൃത്ത് എന്ന താരതമ്യേന നിരുപദ്രവകാരിയായ അപ്പക്കഷ്ണത്തെ കടിച്ചെടുത്തു.
മതം - ഇസ്ലാം.
രാഷൃടീയ കാഴ്ചപ്പാട് -
അടിക്കടി ടെലിവിഷനില്‍ മുഖം കാണിച്ചുകൊണ്ടിരുന്ന പച്ചച്ചിരിയും കഷണ്ടിത്തലയുമുള്ള ഒരു ഐസ്ക്രീം മന്ത്രിയും വിമാനത്തിലിരുന്ന് പെണ്ണുങ്ങളുടെ ദേഹത്തേക്ക് കൈയും കാലും നിട്ടുന്ന മറ്റൊരു മന്ത്രിയുമൊക്കെയാണ് കുഞ്ഞാമിനയുടെ രാഷൃടീയ (ടെലിവിഷന്‍) കാഴ്ചകള്‍. പിന്നെ കാഴ്ചപ്പാട്! സ്വന്തമായി അങ്ങനെയൊന്ന് ഇല്ല തന്നെ.
"സെക്ഷ്വല്‍ ഒറിയന്‍ടേഷന്‍" എന്ന ഗംഭീരന്‍ വാക്കും അതിന്റെ വാലില്‍ പിടിച്ചുവന്ന 'ഗേ', 'ബൈ-സെക്ഷ്വല്‍', 'സ്‌ട്രേറ്റ്', 'ബൈ-ക്യൂരിയസ്' എന്നീ കടുപ്പന്‍ വാക്കുകളും കുഞ്ഞാമിന വായില്‍ പെറുക്കിയിട്ട് രണ്ടാവര്‍ത്തി കടിച്ചു നോക്കി. പൊട്ടിയില്ലെന്നു മാത്രമല്ല, കുഞ്ഞാമിനയുടെ കുഞ്ഞിപ്പല്ലുകള്‍ ഒന്നു ഇളകിയിരിക്കുകയും ചെയ്തു. ശ്രീലക്ഷ്മിയെ ഫോണില്‍വിളിച്ച് സംശയ നിവൃത്തി വരുത്തിയാലോ എന്നാലോചിക്കവേ ഓര്‍ക്കൂട്ട് സുന്ദരിയുടെ ചോരച്ചുണ്ടിന്റെ അറ്റത്തൊരു പരിഹാസപ്പൂ ഇതള്‍വിടര്‍ത്തുന്നത് അറിഞ്ഞ കുഞ്ഞാമിന വാശിയോടെ ഒരൊറ്റ കറക്കിക്കുത്ത് നടത്തി - ബൈ സെക്ഷ്വല്‍!
ഫാഷന്‍? ക്യൂവിലെ അടുത്ത ചോദ്യം മുന്നോട്ട് നീങ്ങി നിന്നു.
നീളന്‍ കൈയുള്ള കമ്മീസും ചുരിദാറുമാണ് കുഞ്ഞാമിനയുടെ ഫാഷന്‍.
പുകവലി?
ഉപ്പച്ചി വലിക്കും, എന്നും ഒരു കെട്ട് ബീഡി. ബീഡി മാറ്റി സിഗരറ്റാക്കണം എന്നൊരു അഭിപ്രായം കുഞ്ഞാമിനക്കുണ്ട്.
മദ്യപാനം? അത് ഇസ്ലാമിനു ഹറാം.
വളര്‍ത്തുമൃഗങ്ങള്‍? പുരയില്‍ രണ്ട് കുറിഞ്ഞികളുണ്ട്. ഒന്നു മുയുവനോടെ വെളുപ്പ്. മറ്റേതിനു വരയും കുറിയുമുണ്ട്.
കായിക വിനോദങ്ങള്‍? കിളിമാസ്സും, കള്ളനും പോലീസും.
പുസ്തകങ്ങള്‍? ബാലരമ, കളിക്കുടുക്ക.
സംഗീതം? "കണ്ണിനുള്ളില്‍ നീയാണ്... നെഞ്ചിനുള്ളില്‍ നീയാണ്... കണ്ണടച്ചാല്‍ നീയ്യാണ് ഫാത്തിമാ..." എന്നു പാടിയതും കുഞ്ഞാമിനയ്ക്ക് എന്തിനോ കരച്ചിലു വന്നു.
ടെലിവിഷന്‍ പരിപാടികള്‍? പലചാനലുകളിലായി ഏഴുമണി മുതല്‍ പത്തര വരെ അരങ്ങു തകര്‍ക്കുന്ന സീരിയലുകളുടെ പേരുകള്‍ ഒന്നൊന്നായി കുഞ്ഞാമിന എഴുതി നിറയ്ക്കാന്‍ തുടങ്ങി.
"മതി മതി" ഓര്‍ക്കൂട്ട് പെണ്മണി ഇടപെട്ടു. "ഇതിങ്ങനെ ലോകാവസാനം വരെ എഴുതിയാലും തീരില്ല കുഞ്ഞാമിന... തല്‍ക്കാലം നീ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പറയൂ"
കുഞ്ഞാമിന സിനിമക്കു പോകാറില്ല. പുതിയ സിനിമകളുടെ കഥകള്‍ ഇക്കാക്ക വന്നു പറയും. പിന്നെ കാലം ചെല്ലുമ്പോള്‍ കുഞ്ഞാമിന അതൊക്കെ ടീവിയില്‍ കാണും.
പെട്ടന്നു തോന്നിയ മൂന്നു സിനിമകുടെ പേരുകള്‍ കുഞ്ഞാമിന എഴുതി.
ഗോഡ്ഫാദര്‍, നാടോടിക്കാറ്റ്, മീശ മാധവന്‍.
"തമാശ സിനിമകളോടാണ് കമ്പം അല്ലെ" ഓര്‍ക്കൂട്ട് സുന്ദരി ചോദിച്ചു.
കുഞ്ഞാമിനക്കു മാത്രമല്ലല്ലൊ ഇപ്പോള്‍ ഭൂമി മലയാളത്തില്‍ ജീവിച്ചിരിക്കുന്ന സകല യുവതീയുവാക്കള്‍ക്കും തട്ടുപൊളിപ്പന്‍ തമാശകളോടാണല്ലോ പ്രേമം. ഗൗരവമായി എന്തെങ്കിലും പറഞ്ഞാല്‍ "കരയാനാണോ കാശു മുടക്കുന്നത്" എന്നു മുഖം ചുളിച്ച് ഉടന്‍ എഴുന്നേറ്റു പോയ്ക്കളയും ഈ ചിരിക്കുടുക്കകള്‍!
സിനിമയും പാട്ടുമൊക്കെ മറന്ന് ഇനി പ്രിയപ്പെട്ട ഭക്ഷണത്തിലേക്കു കടക്കൂ എന്നായി ഓര്‍ക്കൂട്ടുക്കാരി.
മുട്ടമാല, അത്സ, മീന്‍ പത്തിരി, കടുക്ക പൊരിച്ചത് എന്നായി കുഞ്ഞാമിന.
പിന്നെ കുഞ്ഞാമിനക്കു ക്ഷമ നശിച്ചു.
റേഷന്‍ കടക്കു മുന്നിലെ ആള്‍വരി പോലെ നീണ്ടു നീണ്ടു പോകുന്ന ചോദ്യങ്ങളുടെ നിരയിലേക്കു ഏന്തി നോക്കി കുഞ്ഞാമിന പകച്ചു. അവയോടു കൂടെ ഉത്തരം പറഞ്ഞുനിന്നാല്‍ ഉപ്പച്ചിയും ഉമ്മച്ചിയും വീടെത്തിച്ചേരും. ലക്ഷ്യം കാണാതെ കുഞ്ഞാമിനക്കു ഫിര്‍ദൗസില്‍ നിന്നും പുറത്തേക്കു ചാടേണ്ടിയും വരും.
മടിച്ചു മടിച്ച് ഇല്ലാത്ത ധൈര്യം വാരിപ്പിടിച്ച് കുഞ്ഞാമിന ഓര്‍ക്കൂട്ട് പെണ്ണിനോടു ചോദിച്ചു.
"മുയോനും പൂരിപ്പിച്ചില്ലെങ്കില്‍ അകത്ത് കേറ്റൂല്ലാ?"
"കേറ്റൂലോ. ആ ഈ-മെയ്‌ല് ഐ ഡി കൂടി തന്നിട്ടു കയറിക്കോളൂ... ബാക്കിയൊക്കെ നമ്മള്‍ക്കു സമയം പോലെ പറയാലോ!"
ഇതു നേരത്തെ പറഞ്ഞൂടായിരുന്നോ എന്നൊരു ഉഴിഞ്ഞു നോട്ടത്തോടെ കുഞ്ഞാമിന 'കുഞ്ഞാമിനക്കുട്ടി അറ്റ് ജീമെയ്‌ല് ഡോട്ട് കോം' എന്നെഴുതി ഓര്‍ക്കൂട്ട് സുന്ദരിയെ ഏല്‍പ്പിച്ചു. എന്നിട്ട് മായകളുടെ അത്ഭുത കൂട്ടിലേക്ക് കാലെടുത്തുവെച്ചു.
ആ വിസ്മയ ലോകത്തെവിടെയാണ് ഫിറോസ് ജബ്ബാര്‍ പുര കെട്ടി പാര്‍ക്കുന്നതെന്ന് തിരഞ്ഞു നടപ്പായി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ നേരത്തു കുഞ്ഞാമിനയെ കാണാനായി ഒറ്റക്കു കയറിവന്ന ഫിറോസിനെ കുഞ്ഞാമിനക്കു പെരുത്തിഷ്ട്ടായി.
അയാളുടെ ചിരി... താലൂക്കാഫീസിലെ ജോലി... പിന്നെ അതിമധുരം കുഴച്ചെടുത്ത ആ ചോദ്യം, "കുഞ്ഞാമിനക്കു കോളേജില്‍ പഠിക്കാന്‍ ഇഷ്ട്ടല്ലേ"
കുഞ്ഞാമിന മേടമാസത്തിലെ കൊന്ന മരം പോലെ അടിമുടി പൂത്തുലഞ്ഞു നിന്നു. ഉപ്പച്ചി പക്ഷെ കുഞ്ഞാമിനയെ പിടിച്ചു കുലുക്കി പൂക്കളെല്ലാം പൊഴിച്ചിട്ടു.
"ഓരു തറവാടിയൊക്കെ തന്നെ പക്കേങ്കില്‍ ദൂബൈക്കാരനല്ലല്ലോ!"
കുഞ്ഞാമിനക്കു മറക്കാന്‍ മനസ്സില്ല. കളയാന്‍ സമയവുമില്ല. അവള്‍ ഓര്‍ക്കൂട് പുരകളിലൂടെ ഓടിപ്പാഞ്ഞു നടന്നു. ഒടുക്കം ഒരു ഫിറോസ് ജബ്ബാറിനെ കണ്ടെത്തി.
അയാളുടെ സന്ദേശ പുസ്തകത്തിലേക്കു പടച്ചോനെ വിളിച്ച് കണ്ണീരില്‍ കോര്‍ത്ത അക്ഷരമണികള്‍ പെറുക്കിയിട്ടു.
"എങ്ങനെയെങ്കിലും ഇങ്ങളൊന്നു ദുബായ്യീ പോകാന്‍ നോക്കീന്‍. നിക്കാഹ് കയ്യുമ്പ പിന്നെ ഉപ്പച്ചി ഒന്നും പറയൂല. ഞമ്മക്ക് കോയിക്കോട് തന്നെ കൂടാം."
ജോര്‍ജ്ജിയ ടെക്കിലെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ ലിന്‍ഡ രാജന്‍ പുറത്തു മരങ്ങളും പുല്‍നാമ്പുകളും മനുഷ്യരും വാഹനങ്ങളും മഞ്ഞു മഴയില്‍ കുതിരുന്നതറിയാതെ, ഭൂമിക്കടിയിലെ മാളത്തില്‍ ഒരിക്കലും അഗ്നി പൂക്കാത്ത പഴയ തീക്കൂടിനരികില്‍ സ്വന്തം ലാപ്‌ടോപ്പുമായി ചടഞ്ഞിരുന്നു ഓര്‍ക്കൂട്ടില്‍ തന്റെ മൂന്നാം അവതാരമെടുക്കാന്‍ തയ്യാറായി.
പണ്ടു വള്ളിക്കുന്നം സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രച്ഛന്ന വേഷ മത്സരങ്ങളിലൊക്കെ ഒന്നാം സ്ഥാനം ലിന്‍ഡക്കായിരുന്നു...
ഇപ്പോള്‍ ജോര്‍ജ്ജിയായിലിരുന്നു നെഹ്‌റു തൊപ്പിയും റോസാപ്പൂവുമില്ലാതെ... പിച്ചക്കാരന്റെ കീറിപ്പൊളിഞ്ഞ കുപ്പായവും കരി മേക്കപ്പുമില്ലാതെ ലിന്‍ഡ കീബോര്‍ഡിലൂടെ നീള്‍ വിരലുകള്‍ ഓടിച്ചു വേഷങ്ങള്‍ മാറി മാറി കെട്ടുന്നു.
ഗ്രാഫിക് ഡിസൈനര്‍ ഗ്രിഗറി പോളായി അവതരിച്ച് ഒരു റഷ്യന്‍ സുന്ദരിയേയും പഞ്ചാബി വീട്ടമ്മയേയും ഒരേ സമയം പ്രണയ വിവശരാക്കിക്കളഞ്ഞു ലിന്‍ഡ.
പിന്നെ കവിതാക്കാരി ഉമാ അന്തര്‍ജ്ജനമായി ഇടിമിന്നലിനെ പ്രണയിക്കുന്നവര്‍ക്കായി ഒരു ചെറുസമൂഹം സൃഷ്ടിച്ച് അവിടെയിവിടെ വായ് നോക്കി നിന്ന സുന്ദര വിഡ്ഢികളെ മുഴുവന്‍ തന്നോടടുപ്പിച്ചു.
പകര്‍ന്നാട്ടത്തിന്റെ നിറലഹരിയില്‍ ലിന്‍ഡ രാജന്‍ ഓര്‍ക്കൂട്ട് പെണ്മണിയെ നേരിട്ടു.
ആദ്യ നാമം? - ഫിറോസ. രണ്ടാം നാമം? - ജബ്ബാര്‍.
സ്ഥലം - ജോര്‍ജ്ജിയ. രാജ്യം - അമേരിക്ക
മതം - യൂട്ടിലിറ്റേറിയനിസം.
സംസാരഭാഷ?
സ്കൂളിലും കോളേജിലും തല കുത്തി നിന്നു പഠിച്ചതും പറഞ്ഞതും പഴയ സാമ്രാജ്യത്വവാദിയുടെ തറവാടി ആംഗലേയമായിരുന്നുവെങ്കിലും അതിനെ പുറംകാല്‍ കൊണ്ടു തൊഴിച്ചെറിഞ്ഞു... ലിന്‍ഡ ഏലയാസ് ഫിറോസ ജബ്ബാര്‍ പുതിയ ലോക പോലീസിന്റെ കയ്യില്‍ തൂങ്ങിക്കൊണ്ട് ആത്മവിശ്വാസത്തോടെ എഴുതി. യു.എസ്സ് ഇംഗ്ലീഷ്. (സംഭാഷണ മദ്ധ്യേ ഗോണ, വാണ, യോ, ലോള്‍, യപ്, നോപ് എന്നൊക്കെ അപശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ അതാണു സൗകര്യം!) ഒപ്പം അടുത്ത് വന്നു പതുങ്ങി നിന്ന മലയാള മങ്കയെ കണ്ണുരുട്ടി തുരത്തിയോടിക്കുകയും ചെയ്തു.
ലൈംഗിക സ്വഭാവം?
'സ്‌ട്രേറ്റ് എന്നു പറയുന്നത് തികച്ചും പഴഞ്ചന്‍ ഏര്‍പ്പാടാകയാലും സ്വയം "ഗേ"യെന്നും "ബൈ സെക്ഷ്വല്‍" എന്നും ആത്മവിശ്വാസത്തോടെ പരിചയപ്പെടുത്തുന്ന സഹപാഠികളോട് ഒരു പൊടി ആരാധനയുള്ളതു കൊണ്ടും... ഫിറോസയുടെ പിന്നില്‍ ഒളിച്ചിരുന്നാണെങ്കിലും ഇത്തിരി കിടിലനാവാന്‍ ലിന്‍ഡ തീരുമാനിച്ചു.
'ബൈ സെക്ഷ്വല്‍'. ഫിറോസക്കു മുന്നില്‍ ഇരിക്കട്ടെ അങ്ങനെയൊരു സൃതീ പുരുഷ സമത്വം!
സാന്ദര്‍ഭിക പുകവലിയും സാമൂഹിക മദ്യപാനവും പ്രഖ്യാപിച്ചുകൊണ്ട് ഫിറോസ പ്രിയപ്പെട്ട പുസ്തകത്തിലേക്കു കടന്നു.
സിഡ്‌നി ഷെല്‍ട്ടെന്റെ 'ദ അദര്‍ സൈഡ് ഓഫ് മിഡ്‌നൈറ്റ്', 'ഭൂംസ് ഡേ കൊണ്‍സ്‌പിറസി'. ഡാനിയല്‍ സ്റ്റീലിന്റെ 'ദ ഗോസ്റ്റ്'.
ഇഷ്ടപ്പെട്ട സിനിമകള്‍? സ്റ്റാര്‍ വാര്‍സ്, റ്റെംറ്റേഷന്‍സ്, ഏലിയന്‍സ് എന്നിങ്ങനെയുള്ള വമ്പന്മാരോടൊപ്പം ധൂം-2 കൂടെ ഹോളിവുഡ് നിലവാരമുള്ള ചുംബന രംഗത്തിന്റെ പിന്‍ബലത്തില്‍ കയറിക്കൂടി. കുഞ്ഞുനാളില്‍ ലാലേട്ടനെ കല്യാണം കഴിക്കണമെന്നു അമ്മയോടു വാശിപിടിച്ചു കരഞ്ഞ കാര്യം ലിന്‍ഡ മറന്നു.
പ്രിയപ്പെട്ട ടീവി ഷോ?
ഫ്രെന്‍ഡ്‌സ്, ഓപ്ര... അതു പറഞ്ഞതും രണ്ടിഞ്ച് ഉയരം കൂടിയതു പോലെയായി ലിന്‍ഡ ഏലിയാസ് ഫിറോസക്ക്.
പ്രിയപ്പെട്ട ഭക്ഷണം? പീറ്റ്‌സ, ചീസ് ബര്‍ഗര്‍, ഇറ്റാലിയന്‍ പാസ്ത, റഷ്യന്‍ സാലഡ് എന്നിങ്ങനെ നീണ്ടുപോകുന്ന നിരയിലേക്ക് അമ്മയുടെ കപ്പയും മീനും കയറി നില്‍ക്കാതിരിക്കാന്‍ ലിന്‍ഡ പ്രത്യേകം ശ്രദ്ധിച്ചു.
കാര്യങ്ങള്‍ കുറച്ചുകൂടെ ഒന്നു കൊഴുപ്പിക്കാന്‍ തീരുമാനിച്ച ഫിറോസ എന്ന ലിന്‍ഡ അതിനായി ഓര്‍ക്കൂട് രാജ്യത്തെ 'കമ്മ്യൂണിറ്റി'കളായ കമ്മ്യൂണിറ്റികളിലൊക്കെ അരിച്ചുപെറുക്കി നടന്നു.
ഒടുക്കം "ഗാന്ധിജിയെ വെറുക്കുന്നവര്‍ക്കു സ്വാഗതം" എന്നു ബോര്‍ഡും തൂക്കി ചൊറിയും കുത്തിയിരുന്ന ഒരു സംഘത്തെ കണ്ടെത്തി.
അതിലൊരാള്‍ ഗാന്ധിയൊരു സൃതീ ലമ്പടനായിരുന്നുവെന്നു വാദിച്ചു. മറ്റൊരുത്തന്‍ ബ്രിട്ടീഷുകാരുടെ ചാരനായിരുന്നു ഗാന്ധിയെന്നു കണ്ടെത്തി.
ഒരു മുട്ടന്‍ അസംബന്ധം പൊട്ടിച്ച് അവന്മാരെ ഞെട്ടിക്കാന്‍ ലിന്‍ഡ ഏലിയാസ് ഫിറോസ ജബ്ബാറിനു കൊതിയായി.
ഗാന്ധി വിരോധികള്‍ക്കിടയിലേക്ക് ഓടിക്കയറിച്ചെന്നു... ഗാന്ധിയൊരു സ്വവര്‍ഗ അനുരാഗിയായിരുന്നുവെന്നു വിളിച്ചു പറഞ്ഞു ലിന്‍ഡ ഇറങ്ങിപ്പോന്നു.
പിന്നെ രണ്ട് ആള്‍ ദൈവങ്ങള്‍, ഹോളിവുഡ് താരം, ഒരു റാപ് ഗായകന്‍, മുന്‍ ലോകസുന്ദരി, ശാസൃതജ്ഞന്‍, കമ്പ്യൂട്ടര്‍ രാജാവ് എന്നിവരുടെ പേരുകളിലുള്ള 'കമ്മ്യൂനിറ്റി'കളില്‍ അംഗത്വം നേടി.
കാലു നിവര്‍ത്തിയിരിക്കാന്‍ ഭാവിക്കുമ്പോഴതാ വരുന്നു ഫിറോസ ജബ്ബാറിനെ തേടി കന്നി സന്ദേശം!
"എങ്ങനെയെങ്കിലും ഇങ്ങളൊന്നു ദുബായ്യീ പോകാന്‍ നോക്കീന്‍. നിക്കാഹ് കയ്യുമ്പ പിന്നെ ഉപ്പച്ചി ഒന്നും പറയൂല്ല. ഞമ്മക്ക് കോയിക്കോട് തന്നെ കൂടാം".
"ദുബായും വേണ്ട, കോഴിക്കോടും വേണ്ട... ഇങ്ങോട്ടു പോരേ... നമ്മള്‍ക്കു സുഖായിട്ട് അമേരിക്കേലു കൂടാം... എന്തേ?"
ഫിറോസ് ജബ്ബാറിന്റെ സന്ദേശം വായിച്ച് കുഞ്ഞാമിന മിഴിഞ്ഞിരുന്നു.
ഉപ്പച്ചിയും ഉമ്മച്ചിയും സുന്നത്ത് കല്യാണം കൂടി തിരിച്ചെത്തുമ്പോള്‍ പുരയില്‍ കുഞ്ഞാമിനയില്ല.
'ആമിനാ..." ഉമ്മച്ചി അടുക്കളയിലും... കിണറ്റിങ്കരയിലും... വിളിച്ചുകൂവിക്കൊണ്ട് നടന്നു.
"ഞമ്മളിവിടുണ്ട് ഉമ്മാ"
ഫിറോസ് കൊടുത്ത മെക് ഡൊണാള്‍ടിന്റെ ബീഫ് ബര്‍ഗര്‍ കടിച്ചു ചവച്ചുകൊണ്ട് കുഞ്ഞാമിന ഫിര്‍ദൗസില്‍ നിന്നും പുറത്തേക്കു ചാടി.
മായാ ബാനര്‍ജി
E-Mail: mayabanerji@gmail.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
No comments:
Post a Comment