Sunday, July 22, 2007

ഇവരോ ന്യൂനപക്ഷം?


പൊളിറ്റിക്സ്‌
സി.കെ കൊടുങ്ങല്ലൂര്‍


ന്യൂനപക്ഷ അവകാശ സംരക്ഷണാര്‍ത്ഥം എം.പിമാരേയും എം.എല്‍.എമാരേയും ബഹിഷ്‌ക്കരിച്ചുകൊണ്ട്‌ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള രണ്ടാം വിമോചനസമര പുറപ്പാടിലാണല്ലോ ക്രൈസ്തവസഭ. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷ അവകാശത്തിന്‌ അര്‍ഹതയുള്ള ന്യൂനപക്ഷമാണോ കേരളത്തില്‍? മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ക്രൈസ്തവരും മുസ്ലീംങ്ങളും ന്യൂനപക്ഷങ്ങളോ, അവകാശപ്പെടുന്നതുപോലെ ദുര്‍ബ്ബലരോ അല്ല. 2001ലെ സെന്‍സസ്‌ പ്രകാരം 24.70 ശതമാനം മുസ്ലീങ്ങളും 19.03 ശതമാനം ക്രൈസ്തവരുമാണ്‌ സംസ്ഥാനത്തുള്ളത്‌. എന്നാല്‍ 56.20 ശതമാനം വരുന്ന ഹിന്ദുക്കളാകട്ടെ അവരേക്കാള്‍ ഭൂരിപക്ഷമാകുന്നതു 9.81ശതാനം ദളിതരെയും 1.16 ശതമാനം ആദിവാസികളെയും 20.05 ശതമാനം ഈഴവരെയും 10.82 ശതമാനം വരുന്ന മറ്റു പിന്നാക്കക്കാരെയും അക്കൂട്ടത്തില്‍ ചേര്‍ത്തതുകൊണ്ടു മാത്രമാണ്‌.

മുസ്ലീം, ക്രിസ്ത്യ‍ാനി, പാഴ്സി, ജൈനം, ബൗദ്ധം എന്നിവരൊഴിച്ച്‌ മതമില്ലാത്ത ആദിവാസികള്‍ പട്ടികജാതിക്കാര്‍ പിന്നാക്കക്കാര്‍ തുടങ്ങിയ വര്‍ണ്ണത്തിനു പുറത്തുള്ള മുഴുവന്‍ പേരെയും ഹിന്ദുക്കളാക്കിയതു ബ്രിട്ടീഷുകാരാണ്‌. 41.84 ശതമാനം വരുന്ന സംസ്ഥാനത്തെ ഈ ഹൈന്ദവേതര അവര്‍ണ്ണ-ദലിത-പിന്നാക്കക്കാരെ ഒഴിവാക്കിയാല്‍ യഥാര്‍ത്ഥ ഹൈന്ദവ ജനസംഖ്യ 14.36 ശതമാനം മാത്രമാണ്‌. അതായതു ഹിന്ദുക്കള്‍ ക്രൈസ്തവരേക്കാളും മുസ്ലീങ്ങളെക്കാളും ജനസംഖ്യയില്‍ കുറവാണെന്നര്‍ത്ഥം. ഈ പശ്ചാത്തലത്തില്‍ ഇവിടെ ന്യൂനപക്ഷമെന്നു അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമല്ലെന്ന്‌ മാത്രമല്ല ഭൂരിപക്ഷം കൂടിയാണ്‌; എണ്ണംകൊണ്ടും സമ്പത്തുകൊണ്ടും. അതാണു സാമൂഹ്യസമതുലനാവസ്ഥ തകിടം മറിക്കാനും സര്‍ക്കാരിനെ ധിക്കരിക്കാനുമുള്ള അവരുടെ ശക്തിസ്രോതസും അധികാരപ്രവണതയും.

സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും കൂടി 194 സ്‌കൂളുകളും 42 കോളേജുകളും ഉള്ളപ്പോള്‍ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും യഥാക്രമം 140ഉം 3200ഉം സ്‌കൂളുകളും 46ഉം 177ഉം കോളേജുകളുമാണുള്ളത്‌. വാണിജ്യം, വ്യവസായം, കൃഷി എന്നീ രംഗങ്ങളിലും ന്യൂനപക്ഷങ്ങളുടെ പങ്ക്‌ 'ഭൂരിപക്ഷ'ത്തിന്റേതിനേക്കാള്‍ ഇരട്ടിയിലേറെയാണ്‌. ചുരുക്കത്തില്‍ ന്യൂനപക്ഷപദവിയുടെ മറവില്‍ അവര്‍ കൈവരിച്ച നേട്ടങ്ങള്‍ ഭൂരിപക്ഷത്തെ കവച്ചുവയ്‌ക്കുന്നതാണ്‌. എന്നാല്‍ മതപരമായ കാര്യത്തില്‍ അമിതപ്രാധാന്യം കൊടുക്കുന്ന മുസ്ലീങ്ങളുടെ സാമൂഹ്യസ്ഥിതി തികച്ചും പരിതാപകരമാണെന്ന്‌ പറയാതെയും വയ്യ.

കേരളത്തില്‍ മുസ്ലീങ്ങളും ക്രൈസ്തവരും ഭൂരിപക്ഷമാണെങ്കിലും അവര്‍ ന്യൂനപക്ഷമായതു രാജ്യത്തെ മൊത്തം ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയത്‌. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.40 ശതമാനമാണ്‌ മുസ്ലീങ്ങളെങ്കില്‍ ക്രൈസ്തവര്‍ 2.30 ശതമാനം മാത്രമാണ്‌. ഇതനുസരിച്ചാണു സംസ്ഥാനത്തു അവര്‍ ഭൂരിപക്ഷമാണെങ്കിലും കേരളത്തില്‍ ന്യൂനപക്ഷമായത്‌. അതാതു സംസ്ഥാനത്തെ ജനസംഖ്യയ്‌ക്കനുസൃതമായിട്ടായിരിക്കണം മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കേണ്ടത്‌ എന്ന തത്വം അംഗീകരിക്കുകയാണെങ്കില്‍ ഈ വൈരുദ്ധ്യം പരിഹരിക്കാവുന്നതാണ്‌. അങ്ങനെ വരുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതക്കാരായ ക്രൈസ്തവരും മുസ്ലീങ്ങളും പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമതക്കാരായി മാറുമെന്നതാണ്‌ വസ്തുത. ജമ്മുകാശ്‌മീരിലും ഉത്തര്‍പ്രദേശിലും കേരളത്തിലും മുസ്ലീങ്ങള്‍ ന്യൂനപക്ഷങ്ങളല്ലാതായി മാറുമ്പോള്‍ കേരളത്തിലും വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ ഭൂരിപക്ഷങ്ങളായി മാറും. പഞ്ചാബിലും, കാശ്മീരിലും, വടക്ക്‌ കിഴക്കന്‍ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുകയും ചെയ്യും. ഇത്തരത്തിലുള്ള ന്യൂനപക്ഷ പുനര്‍നിര്‍വ്വചനം കൊണ്ടു മാത്രമേ ജനസംഖ്യാനുപാതികമായ സാമൂഹ്യനീതിയും സമതുലനാവസ്ഥയും കൈവരുത്താനും ന്യൂനപക്ഷ അവകാശങ്ങളുടെ ദുരുപയോഗം തടയാനും സാധിക്കൂ.

ഒന്നുകൂടി പറയട്ടെ, അയിത്തക്കാര്‍ക്കും അവര്‍ണ്ണര്‍ക്കും വിദ്യാഭ്യാസം കൊടുത്തതു മിഷനറിമാരാണെന്ന വസ്തുത നിഷേധിക്കാനാവില്ലെങ്കിലും പ്രസ്തുത വിദ്യാഭ്യാസം ഏറ്റുവാങ്ങാനായ ഒരു സാമൂഹ്യമനസ്സ്‌ സൃഷ്ടിച്ചത്‌ കേരളത്തിലെ ബൗദ്ധമതസംസ്‌കാര സ്വാധീനമാണ്‌. പള്ളിക്കൂടവും വിദ്യാഭ്യാസവും വൈദ്യവും ഉല്‍പതിഷ്ണത്വവും അവരുടെ സംഭാവനയാണ്‌. അവര്‍ ഉഴുതിട്ട മണ്ണില്‍ വിത്തുവിതയ്‌ക്കുകയാണു മിഷനറിമാര്‍ ചെയ്തത്‌. നമ്മുടെ സാര്‍വ്വത്രിക വിദ്യാഭ്യാസ പുരോഗതിക്ക്‌ നാം കടപ്പെട്ടിരിക്കുന്നതു ബൗദ്ധസംസ്‌കാരത്തോടും അതില്‍ മിഷനറിമാര്‍ വിളക്കിച്ചേര്‍ത്ത ശാസ്ര്തീയ വിദ്യാഭ്യാസ രീതിയോടുമാണ്‌. അടിച്ചമര്‍ത്തപ്പെട്ടവരെ ഉദ്ധരിക്കാനുള്ള മിഷനറിമാരുടെ ക്രൈസ്തവ പ്രതിബദ്ധതയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌ ഇപ്പോഴത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ പ്രതിലോമപരമായ ധനാര്‍ത്തിയും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന ക്രൈസ്തവവിരുദ്ധ സ്വാശ്രയനിലപാടും.

ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഭൂരിപക്ഷത്തിന്‌ വിനയായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ന്യൂനപക്ഷങ്ങള്‍ എന്നറിയപ്പെടുന്ന ഭൂരിപക്ഷത്തിന്‌ അതിനര്‍ഹതയുണ്ടോ എന്ന്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. പ്രത്യേകിച്ചും, ന്യൂനപക്ഷത്തെ നിശ്ചയിക്കേണ്ടതു അഖിലേന്ത്യാ ജനസംഖ്യയനുസരിച്ചല്ല, സംസ്ഥാനനിലവാരത്തിലാണെന്ന യുക്തിസഹമായ കാഴ്‌ചപ്പാടിനു പ്രാമുഖ്യം ലഭിക്കുമ്പോള്‍.


കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക