Monday, September 17, 2007

അധിനിവേശകേരളം

എഡിറ്റോറിയല്‍

കെ.എല്‍. മോഹനവര്‍മ്മ


കേരളത്തിലേക്ക്‌ വളരെ ശക്തമായി രണ്ടു കൂട്ടരുടെ അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്‌. ഒന്ന്‌, ഫൈവ്‌ സ്‌റ്റാര്‍ സാമ്പത്തിക മാഫിയാ. രണ്ട്‌, ബി.പി.എല്‍ അവിദഗ്‌ദ്ധ തൊഴിലാളി സമൂഹം. ഈ രണ്ടു കൂട്ടര്‍ക്കും ജാതിയോ മതമോ വര്‍ഗ്ഗമോ രാഷ്ര്ടീയമോ ഭാഷാ വ്യത്യാസങ്ങളോ ഒന്നുമില്ല.

സാമ്പത്തികമാഫിയാ രാഷ്ര്ടീയ നേതൃത്വങ്ങളെയും മതസ്ഥാപനങ്ങളേയും വിദ്യാഭ്യാസസ്ഥാപനങ്ങളേയും മാത്രമല്ല, സമൂഹത്തിലെ എല്ലാ അടിസ്ഥാനമേഖലകളേയും തങ്ങളുടെ കൈപ്പിടിയില്‍ കൊണ്ടുവരാന്‍ തുടങ്ങിക്കഴിഞ്ഞു. ഭൂമി, ഭവനനിര്‍മ്മാണം, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങള്‍ എല്ലാം മെല്ലെ ആ മാഫിയായുടെ നിയന്ത്രണത്തിലേക്കു വരികയാണ്‌. കഞ്ചാവും കള്ളപ്പണവും കള്ളക്കടത്തും ക്വൊട്ടേഷന്‍ ഗുണ്ടകളും തുടങ്ങി ഇത്തരക്കാര്‍ വഴി പെട്ടെന്നു കോടീശ്വരന്മാരായ ചെറുപ്പക്കാരുടെ വീരകഥകളും അവരില്‍ ചിലരെങ്കിലും പിടിക്കപ്പെടുമ്പോള്‍ അവരോടൊപ്പം വീഴുന്ന രാഷ്ര്ടീയ സാമൂഹ്യ നേതൃത്വങ്ങളുടെ കുടിപ്പകയുടെ സീരിയല്‍ തത്സമയ ദൃശ്യങ്ങളും കൂടി കേരളീയസമൂഹത്തെ കാര്‍ന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാന്‍സറിനെ അറിയാന്‍ പോലും നമ്മെ അനുവദിക്കുന്നില്ല. ഈ രംഗങ്ങള്‍ കാണുന്ന കുട്ടികള്‍ക്ക്‌ ഈ നിയോ റിച്ച്‌ മുഖങ്ങളായിരിക്കും ഭാവി റോള്‍ മോഡലുകള്‍.

അതേസമയം ഒറിസയില്‍ നിന്നും ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും കൂട്ടം കൂട്ടമായി കൊണ്ടുവരുന്ന അര്‍ദ്ധപട്ടിണിക്കാരായ തൊഴിലാളികള്‍ ഇല്ലാത്ത ഒരു ഗ്രാമവും ഇന്ന്‌ കേരളത്തിലില്ല. ഇരുപത്തഞ്ചു കൊല്ലം മുമ്പ്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഭഗവതി ഒരു വിധിന്യായത്തില്‍ പറയുകയുണ്ടായി. പതിനഞ്ചുവയസ്സില്‍ വിവാഹവും ഇരുപതുവയസ്സില്‍ കുടുംബപ്രാരാബ്ധവും ഇരുപത്തഞ്ചാം വയസ്സില്‍ വാര്‍ദ്ധക്യവും അനുഭവിക്കുന്ന ഈ അവിദഗ്‌ദ്ധ തൊഴിലാളികളുടെ കൈകളിലൂടെയാണ്‌ നാം ഇന്ത്യയെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌. നമ്മുടെ ചുറ്റും ജീവിക്കുന്ന ഇവരെക്കുറിച്ച്‌ നാം അറിയുന്നത്‌ കെട്ടിടം പൊളിഞ്ഞ്‌ അതിനിടയില്‍പെട്ട്‌ മരിക്കുമ്പോള്‍ മാത്രമാണ്‌. ഇവരുടെ നാട്ടിലെ മൃഗീയ സാമൂഹ്യ ദുഷ്‌ക്കര്‍മ്മങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട്‌ നാം ഇറാക്കില്‍ അമേരിക്കന്‍ സമൂഹത്തിന്റെ പ്രൈം ടൈം ടി.വി സമയം നോക്കി ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ചാരുകസേരയിലിരുന്ന്‌ ആസ്വദിക്കുന്ന അമേരിക്കക്കാരനായി മാറിയിരിക്കുകയാണ്‌.

പൂര്‍ണ്ണസാക്ഷരതയും ആധുനിക ആശയങ്ങളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള കഴിവും ഉള്ള നമുക്ക്‌ എന്തു പറ്റി? മുല്ലപ്പെരിയാറിലും സേലത്തും അധികാരമോഹത്തിന്റെ വടംവലികളിലും റോഡുകുഴിയുടെ ശരിതെറ്റുകളിലും നാം ഒതുക്കപ്പെടുകയാണോ? ചിന്തിക്കാന്‍ കഴിവുള്ള നമ്മെ ചിന്തിക്കാന്‍ പോലും അനുവദിക്കാത്ത രീതിയില്‍ മാറ്റിക്കഴിഞ്ഞോ?

കേരളത്തിലെ ബുദ്ധിജീവികള്‍ ഈ അധിനിവേശത്തെ കാണുന്നില്ല. ഏതു വിജയന്റെ കൂടെ നില്‍ക്കണമെന്ന തിരക്കില്‍ അവര്‍ തങ്ങളുടെ ബൗദ്ധികവ്യാപാരം ഒതുക്കിയിരിക്കുകയാണ്‌. പിണറായി വിജയനോ, എം.എന്‍ വിജയനോ, ഒ.വി വിജയനോ? കൂടുതല്‍ ആശയക്കുഴപ്പം വന്നാല്‍ ഫുട്‌ബോളര്‍ വിജയനുമുണ്ടല്ലോ.

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: