ശശിധരന്. പി
ജസ്റ്റിസ് പരിപൂര്ണ്ണന് കമ്മീഷന് എഴുത്തില്‍ ഇടപെട്ടാല്‍
പലതും സംഭവിക്കും-
ജീര്‍ണ കാല്പനികതയുടെ അജീര്ണബാധയുള്ള കഥാകൃത്ത് ടി പത്മനാഭനെ കഥയെഴുത്ത് എന്ന ക്രിമിനല്‍ കുറ്റത്തിന് ജസ്റ്റിസ് പരിപൂര്ണ്ണന് വിചാരണ ചെയ്താല്‍ കോടതിമുറി സെപ്റ്റിക് ടാങ്കാകും. ആ വിചാരണ ഇങ്ങനെയിരിക്കും.
കമ്മീഷന് ഃ താങ്കള്‍ക്ക് കഥയെഴുതാന്‍ അറിയാമോ?
പത്മനാഭന് ഃ ഇല്ല
ക ഃ പിന്നെ എങ്ങനെയാണ് കഥയുടെ കുലപതി എന്നൊക്കെ ചിലര്‍ പറയുന്നത്?
പ ഃ പാരമ്പര്യമായിട്ട് കുറെ തന്ത്രങ്ങളും മന്ത്രങ്ങളുമൊക്കെ വശമുണ്ട്. കഥയെഴുത്തിലല്ല, മറ്റു ചില കാര്യങ്ങളില്‍. അത് പ്രയോഗിക്കും.
ക ഃ അറിയാവുന്ന ഒരു മന്ത്രം ചൊല്ലൂ.
പ ഃ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, പ്രകാശം... (കമ്മീഷന് ഇടപെട്ട് നിര്‍ത്തിക്കുന്നു).
ക ഃ എല്ലാ കഥകളും ഒന്നാമതായി അച്ചടിച്ചുവരുന്നത് എന്തുതരം തന്ത്രം പ്രയോഗിച്ചിട്ടാണ്?
പ ഃ അത് മാഗസിനിലെ ലേ ഔട്ട് ആര്‍ട്ടിസ്റ്റിന് വിളിച്ച് - (അപ്പോഴേക്കും അഭിഭാഷകന് ഇടപെടുന്നു).
ശബരിമല തന്ത്രിയെപ്പോലെ ഇമ്മട്ടില്‍ വിചാരണ ചെയ്യപ്പെടേണ്ട പലരുമുണ്ട് സാഹിത്യത്തിലും കലയിലും.
വീടിന്റെ ചുമരില്‍ കരിക്കട്ട കൊണ്ട് ചിത്രം വരച്ചതിനുപോലും അമ്മയുടെ തല്ലുകൊള്ളാത്ത എം.വി. ദേവന് എന്നൊരാള്‍ ഇവിടുത്തെ ഏറ്റവും വലിയ ചിത്രകാരനാണല്ലോ. തനിക്കു നേരെയുള്ള വിമര്‍ശനങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുകയും പത്രങ്ങളിലെ സബ് എഡിറ്റര്‍മാര്‍ക്ക് തലക്കെട്ടിടാന്‍ പാകത്തില്‍ അല്പായുസ്സായ ഭാഷാ പ്രയോഗങ്ങള്‍ മാത്രം കൈമുതലായുമുള്ള സുകുമാര്‍ അഴീക്കോട് ഏറ്റവും വലിയ സാമൂഹിക വിമര്‍ശകനും പ്രഭാഷകനുമാണല്ലോ ഇവിടെ. ലഘുവ്യായാമവും മതവും കപട ആത്മീയതയും ശുഭ്രവസൃതത്തില് പൊതിഞ്ഞ് കച്ചവടം ചെയ്യുന്ന മാനേജുമെന്റ് വിദഗ്ധന്‍ രവിശങ്കര്‍ മലയാളിയുടെ ധ്യാനഗുരുവാണല്ലോ. ആധുനിക ജീവിതത്തിന്റെ അരക്ഷിതത്വത്തെ വൈകാരിക പ്രതികരണങ്ങള്‍ കൊണ്ട് മുതലെടുത്ത് പണിതുയര്‍ത്തിയ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ദുരൂഹമായ അധോലോകത്തിന്റെ അധിപ അമൃതാനന്ദമയിയാണല്ലോ മലയാളിയുടെ അമ്മ. കുലദൈവമായ ഗണപതിയുടെ ജന്മനാളറിയാത്ത താഴമണ്‍ മഠത്തിലെ 'കണ്ഠരന് മോഹനന്' ശബരിമല തന്ത്രിയായിരിക്കുന്നതിലും വലിയ ഇത്തരം അശ്ലീലങ്ങളെ പുറത്തുകൊണ്ടുവരുന്ന വിചാരണകള്‍ കാലം ആവശ്യപ്പെടുന്നു.
ബുദ്ധിജീവി ചീഞ്ഞാല്‍...
യേശുദാസിനെ പോലൊരു പരമസാത്വികന്റെ ശരീരത്തിന് അയിത്തം കല്‍പ്പിക്കുകയും ഏതു വൃത്തികെട്ടവനും, അവന് ഹിന്ദുവായാല്‍, അയിത്തം കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ മനുഷ്യവിരുദ്ധമായ ശുദ്ധി സങ്കല്പത്തെ തുറന്നു കാട്ടുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മേഴ്സി രവി തന്റെ അനുഭവത്തിലൂടെയും ഡോ. രാജന് ഗുരുക്കള്‍ ഒരു ലേഖനത്തിലൂടെയും.
വൈദിക ബ്രാഹ്മണ്യം ഉപജീവനത്തിനായി സൃഷ്ടിച്ചെടുത്ത ശുദ്ധാശുദ്ധി സങ്കല്പത്തിനു പുറകിലെ ജാതീയതയെയും വര്‍ഗീയതയെയും കൃത്യമായി തുറന്നുകാട്ടുന്നു രാജന് ഗുരുക്കള്‍. എന്നാല്‍ മതേതരവാദികള്‍ക്കും യുക്തിവാദികള്‍ക്കും പൊടുന്നനെ ഹിന്ദുമത സംരക്ഷണത്തില്‍ എന്തുകൊണ്ട് താല്പര്യം വന്നു എന്ന് ചോദിക്കുന്നു മാധ്യമം ആഴ്ചപ്പതിപ്പില്‍ ദിലീപ്രാജ്. വര്‍ഗീയതയും ലിബറലിസവും അരാജവാദവും എഴുതുന്ന കടലാസിന്റെ നിറമനുസരിച്ച് മാറിമാറി പ്രയോഗിക്കാന്‍ കഴിവുള്ള ബുദ്ധിജീവിയാണ് ഇദ്ദേഹം. ബ്രാഹ്മണ മതത്തിലേക്ക് ആളെ കൂട്ടുകയല്ല ക്ഷേത്രപ്രവേശനവാദത്തിന്റെ ലക്ഷ്യം. ആത്മീയ മൂലധനവ്യവസായത്തിന്റെയും അതിന്റെ ഉപോല്പന്നമായ വര്‍ഗീയതയുടെയും ബ്രോക്കര്‍മാരായ തന്ത്രിമാരടക്കമുള്ള മത യാഥാസ്ഥിതികത്വത്തിനെതിരായ ചെറുത്തുനില്പിനെ എഴുതിതോല്പ്പിക്കേണ്ടത് ദിലീപ്രാജിന്റെ ലക്ഷ്യമോ മാധ്യമത്തിന്റെ ലക്ഷ്യമോ?
ബുദ്ധിജീവി ചീഞ്ഞാല്‍ അതും വളമാകുമോ മാധ്യമം ആഴ്ചപ്പതിപ്പിന്?
വളിവയറന്‍ നായന്മാര് ആത്മകഥയെഴുതുകയാണ്...
സാക്ഷരനായ ഒരാള്‍ക്കുനേരെ ഇക്കാലത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രലോഭനം എഴുത്തിന്റെ ലോകത്തുനിന്നാണ്. മസ്തിഷ്ക മരണം സംഭവിച്ചവര്പോലും എഴുന്നേറ്റിരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണ് മലയാളത്തില്‍. 2007ലെ ഭാഷാപോഷിണി വാര്ഷികപ്പതിപ്പിനെ മാത്രം ഉദ്ദേശിച്ചല്ല ഈ നിരീക്ഷണം.
ചുറ്റിലും 500 കോപ്പി മുതല്‍ 50,000കോപ്പിവരെ അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങള്‍, അവയുടെ പത്രാധിപന്മാരുടെ ക്ഷണം, ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കൊറിയര്‍ സര്‍വീസുകാരും ഇ-മെയില്‍ സൗകര്യവും... ഇതെല്ലാം ആരെ വേണമെങ്കിലും ഒരെഴുത്തുകാരനാക്കിത്തീര്ക്കാം ഇക്കാലത്ത്. മലയാളത്തിലെ നിലവാരമുള്ള മാഗസിന്റെ പത്രാധിപര്‍ക്ക് ഒരു ദിവസം അയച്ചുകിട്ടുന്ന കവിതകളുടെ എണ്ണം നൂറില്‍ താഴെ വരും. കഥകള്‍ ഇതിന്റെ പകുതി. ലേഖനങ്ങള്‍ ഇരട്ടിയും. ഇവയില്‍ 99 ശതമാനത്തിന്റെയും കവര്‍പോലും പൊട്ടിച്ചുനോക്കാന്‍ യോഗ്യതയില്ലാത്തവയായിരിക്കും. വായനക്കാരുടെ കത്തുകളില്‍ രണ്ടുതവണ പേര് പ്രത്യക്ഷപ്പെട്ടാല്‍ അടുത്ത തവണ വരും അയാളുടെ കഥയോ കവിതയോ. പത്രാധിപര്‍ എന്തു ചെയ്യും? ഇത്തരം മാലിന്യങ്ങളെ പ്രതിരോധിക്കാന്‍ എഡിറ്ററുടെ ബുദ്ധി സദാ ഉണര്‍ന്നിരിക്കണം. അങ്ങനെ ഉണര്‍ന്നിരിക്കുന്ന ബുദ്ധിയില്‍ നിന്നാണ് മാഗസിന് ജേണലിസത്തിലെ ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ രൂപംകൊള്ളുന്നത്. ആനുകാലികങ്ങളിലെ ആത്മകഥകള്‍ & ജീവിതാഖ്യാനങ്ങള്‍ ഇങ്ങനെ രൂപംകൊണ്ട ആഖ്യാനങ്ങളാണ്. ഈയടുത്ത് വായിച്ച ഏറ്റവും ശ്രദ്ധേയമായ ജീവിതാഖ്യാനം എം.കെ. സാനു എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്). മാധ്യമം ഓണപ്പതിപ്പിന്റെ മുന്‍ലക്കത്തില്‍ വന്ന കെ.എം. സലീംകുമാര്‍, മുണ്ടൂര്‍ രാവുണ്ണി എന്നിവരുടെ രാഷൃടീയ ആത്മകഥകള്‍, പാര്‍വതി പവനന്റെ പവനപര്‍വം, ഭാഷാപോഷിണി മുമ്പ് പ്രസിദ്ധീകരിച്ച പല്ലാവൂര്‍ അപ്പു മാരാരുടെ ആത്മകഥ, 'എഴുത്തുകാരന്റെ ദേശം' പരമ്പരയിലെ ചില അധ്യായങ്ങള്‍, മാമ്മുക്കോയയുടെ ആത്മകഥ (മാതൃഭൂമി) എന്നിവ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നു.
കൈരളി ടി.വിയില്‍ വി.കെ. ശ്രീരാമന് അവതരിപ്പിക്കുന്ന 'വേറിട്ട കാഴ്ച'യും അവയുടെ ഫീച്ചര്‍ രൂപവുമാണ് ഇവയില്‍ പല ആഖ്യാനങ്ങളുടെയും പ്രേരകം. ക്രമേണ സാഹിത്യം തന്നെ ആനുകാലികങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുകയും വ്യക്തികളുടെ ഇമ്മട്ടിലുള്ള കഥാകഥനങ്ങള്‍ മുഖ്യസ്ഥാനം നേടുകയും ചെയ്തു. (കഥകളില്ലാത്ത മാതൃഭൂമി ഓണപ്പതിപ്പ് എന്ന അസാധ്യതയെ കഴിഞ്ഞവര്‍ഷം സാധ്യമാക്കിയത് ഉള്ളടക്കത്തില്‍ സംഭവിച്ച ഈ മാറ്റമാണ്. മാനേജിംഗ് ഡയറക്ടര്‍ ചെല്ലും ചെലവും നല്കി തീറ്റിപ്പോറ്റുന്ന ഉണ്ണികൃഷ്ണന് പുതൂരിനെപ്പോലുള്ളവരുടെ കഥകളേ മാതൃഭൂമി ഓണപ്പതിപ്പ് പ്രസിദ്ധീകരിക്കൂ എന്നായിട്ടുണ്ട്).
അങ്ങനെ പത്രാധിപരുടെ ആഭിമുഖ്യത്തിലുള്ള ആത്മകഥാവ്യവസായം പൊടിപൊടിക്കുകയാണ്. സങ്കുചിതമായ സെല്‍ഫ് പ്രമോഷന് മുതല്‍ നളിനി ജമീലയെപ്പോലെ ഒരു ലൈംഗികതൊഴിലാളിയെ ഇരയാക്കി നടത്തുന്ന അപകടകരമായ കള്‍ച്ചറല്‍ പോയ്സനിംഗ് വരെ ഇക്കൂട്ടത്തിലുണ്ട്.
മലയാളത്തിലെ ആത്മകഥാഖ്യാനങ്ങള്ക്ക് വ്യാജമാതൃക സൃഷ്ടിച്ചാണ് പുതിയ കപടരചനകളെ മാഗസിന് ജേണലിസം പ്രതിഷ്ഠിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. പി. കുഞ്ഞിരാമന് നായരുടെ 'കവിയുടെ കാല്പാടു'കളാണ് മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥ എന്ന വ്യാഖ്യാനം ഉദാഹരണം. ഒരു ജനതയുടെ ആത്മകഥയെ ആകെ നിര്‍ണയിക്കാനും മാറ്റിത്തീര്‍ക്കാനും പുതുക്കിപ്പണിയാനും കെല്‍പ്പുള്ള ആത്മകഥയല്ലേ യഥാര്‍ത്ഥത്തില്‍ ആ ജനതയെ പ്രതിനിധീകരിക്കുക? ആ അര്‍ത്ഥത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥയാണ് മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥ എന്ന് വിശ്വസിക്കുന്നു ഞാന്‍. കുഞ്ഞിരാമന് നായരുടെ അതിയാഥാസ്ഥിതികമായ കാവ്യപ്രപഞ്ചത്തെയും അതിവൈകാരികമായ ജീവിതപ്രപഞ്ചത്തെയും മലയാളിയുടെ പ്രതിനിധാനമാക്കിയാല് പുതിയ കപട സ്വത്വങ്ങള്‍ക്ക് അതിവേഗം രംഗം കീഴടക്കാന്‍ കഴിയും. വി.കെ. ശ്രീരാമന്മാര് സൃഷ്ടിക്കുന്ന അതിവൈകാരികതയുടെ വ്യാജകഥകള്‍ വേറിട്ട കാഴ്ചകളാകുന്നത് ഈ സന്ദര്‍ഭത്തിലാണ്.
കെ.പി. രാമനുണ്ണി, ഗ്രേസി, സി. അഷറഫ് എന്നിവരുടെ ആത്മകഥകളാണ് ഈ വര്‍ഷത്തെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പിലെ പ്രധാന ഇനം. ഓരോ വ്യക്തിയുടെയും ആത്മകഥകള്‍ അവനവനെ സംബന്ധിച്ച് സവിശേഷതയുള്ളതായിരിക്കും. എന്നാല്‍ എഴുതുമ്പോഴും അത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുമ്പോഴും (എഴുതിക്കാന്‍ പത്രാധിപര്‍ തീരുമാനിക്കുമ്പോഴും) വായനക്കാരെ സംബന്ധിച്ച് അതിനെന്തു പ്രസക്തി എന്നാലോചിക്കാന്‍ ചുരുങ്ങിയപക്ഷം ഭാഷാപോഷിണി ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവെങ്കിലും തുനിയണമായിരുന്നു. (കെ.സി. നാരായണനെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ എഴുതിയത് അക്ഷരാര്‍ഥത്തില്‍ ശരിയായതിന്റെ ദുഃഖത്തിലാണ് ഈ കുറിപ്പുകാരന്).
ആരെടാ ഈ മൂന്നുപേര്‍?
കെ.പി. രാമനുണ്ണി ചില നല്ല കഥകളെഴുതിയിട്ടുണ്ട്. കഴിഞ്ഞു. ഗ്രേസിയോ? അതിനും കൊള്ളാത്ത എഴുത്തുകാരി. സി. അഷറഫ്... ഇതേതു ചരക്ക്? മുന്‍വിധി വേണ്ട. കെ.സി. നാരായണന് ആത്മകഥ എഴുതാനാവശ്യപ്പെട്ട് ഒരു പോസ്റ്റ്കാര്‍ഡ് അയച്ചപ്പോഴേക്കും മുന്പില് നോക്കാതെ എഴുതപ്പെട്ട ഈ രചനകള്‍ വായിച്ചശേഷം അഭിപ്രായം പറയൂ.
കെ.പി. രാമനുണ്ണിയെ ഈയുള്ളവന് നേരിട്ട് കണ്ടിട്ടുണ്ട്. പരമശുദ്ധനായ ഒരു കുടവയറന്‍. സൃതീകളുടെ ശുശ്രൂഷയില്‍ വളര്‍ന്ന രാമനുണ്ണിക്ക് പൊട്ടത്തരം ഇത്രയുണ്ടെന്ന് ഈ ആത്മകഥ വായിച്ചപ്പോഴാണ് വ്യക്തമായത്. അറുപതുകളിലെ കേരളീയ സവര്ണജീവിതത്തിന്റെ അറപ്പുളവാക്കുന്ന വര്‍ണന. തൂക്കമൊപ്പിക്കാന്‍ ചില ചെറുമരെയും മുസ്ലീങ്ങളെയും ഇറക്കിയുള്ള മുച്ചീട്ടുകളി. സുരക്ഷിതമായ ബാല്യം. വിരസമായ കൗമാരം. രാമനുണ്ണിക്ക് സ്വന്തം ജീവിതം വിലപ്പെട്ടതാകാം. പക്ഷേ എഴുതാന്‍ തുടങ്ങും മുമ്പ് വായനക്കാരെ സംബന്ധിച്ച് അത് എന്ത് എന്ന് ആലോചിക്കാനുള്ള ഔചിത്യം പാലിക്കണമായിരുന്നു.
ഏമ്പക്കമിട്ട് രസിക്കാന്‍, തറവാട്ടിലെ വരുംതലമുറക്കു മാത്രം നല്‍കൂ, രാമനുണ്ണീ, ഇത്തരം അടുക്കളക്കാര്യങ്ങള്‍.
ഒരു പെണ്ചങ്ങമ്പുഴ അവതരിക്കുന്നു
ഗ്രേസി... എഴുതിയെഴുതി മാധവിക്കുട്ടിയാകാന്‍ നടത്തിയ അടവെല്ലാം പൊളിഞ്ഞു. ജീവിതത്തില്‍ ഒരു ചങ്ങമ്പുഴയെങ്കിലുമാകണമെന്ന വാശിയോടെ അവതരിച്ചിരിക്കുന്നു ഈ ആത്മകഥയില്‍. പ്രണയത്തിനു വേണ്ടിയുള്ള നിലവിളികളെന്നു പറഞ്ഞ് ഗ്രേസി എഴുതിവിടുന്നത് വായിച്ചാല്‍ പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഭൂമിയിലെ മുഴുവന്‍ കമിതാക്കളെയുമോര്ത്ത് നമുക്ക് സഹതാപം തോന്നും. ഇത്ര വികാരരഹിതവും നേര്‍ത്തതും ആഴമില്ലാത്തതുമാണോ പ്രണയം?
സി. അഷറഫിന്റെ ആത്മകഥ വായിക്കുന്ന നേരം പത്ത് വാഴ നടൂ വായനക്കാരേ...
അടിയന്തിരാവസ്ഥയും പവനനും
പവനന്റെ ഡയറിക്കുറിപ്പുകള്‍ അവസാനിച്ചു (മാധ്യമം ആഴ്ചപ്പതിപ്പ്). പവനന്റെ സഖാവ് സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളോട് ചേര്‍ത്തുവായിക്കാവുന്നതാണ് ഇതും.
അടിയന്തിരാവസ്ഥക്കാലത്ത് ജീവിച്ചിരുന്ന, ആത്മവിചാരണ വേണ്ടുവോളമുണ്ടായിരുന്നതായി പറയുന്ന, മുഖ്യമന്ത്രി കൂടിയായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വിചാരങ്ങള്‍ എന്ന നിലക്കാണ് അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ രാഷൃടീയചരിത്രത്തില് ഇടം നേടേണ്ടത്. എന്നാല്‍ അത് കേരളം കണ്ട ഏറ്റവും ഭീരുവും ഒളിച്ചോട്ടക്കാരനുമായ ഒരു രാഷൃടീയക്കാരന്റെ നേരംകൊല്ലി വാചകമടിയായി തരം താണതാണ്.
"ഇന്ന് കൊട്ടംചുക്കാതി തൈലം തേച്ച് കുളിച്ചു, നല്ല സുഖം, റൗണ്ടിലൂടെ നടക്കുമ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി, അയാളെ തിരിച്ചയച്ചു, തേക്കിന്‍ക്കാട്ടിലെ ചീട്ടുകളിക്കാരെ കുറെ കണ്ടുനിന്നു..." എന്നിങ്ങനെയായിരുന്നു അതിലെ വിവരണങ്ങള്‍. ഇതിനെയും ഒരു കമ്മ്യൂണിസ്റ്റിന്റെ ലാളിത്യത്തിന്റെ ഉദാത്ത മാതൃകയാക്കി ഘോഷിക്കാന്‍ ആളുണ്ടായി. ആ കപട കമ്മ്യൂണിസ്റ്റിന്റെ തുടര്‍ച്ചയാണ് പവനനും. 1975-77 അടിയന്തിരാവസ്ഥക്കാലം പവനന്റെ ഡയറിയില്‍ കടന്നുവരുന്നുണ്ട്. ആ സമയം പത്രപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റുമായ ഒരാള്‍ എഴുതുന്ന ഏറ്റവും സ്വകാര്യമായ അനുഭവക്കുറിപ്പില്പൊലും അടിയന്തരാവസ്ഥ എന്ന വാക്കില്ല. 1976 ഫെബ്രുവരി എട്ട് ഞായര്‍ ഃ " ഒന്നും ചെയ്യാത്ത ഒരു ഞായറാഴ്ച. പത്തരമണിവരെ ന്യൂസ്പേപ്പര്‍ വായിച്ചു" എന്നെഴുതുന്നു പവനന്.
പിന്നെ അദ്ദേഹം പല്ലുതേച്ചുകാണും. കുളിയും ഭക്ഷണവും കഴിഞ്ഞ് കൂര്‍ക്കംവലിച്ച് കിടന്നുറങ്ങിക്കാണും സി.പി.ഐക്കാര്‍ അന്ന് അങ്ങനെയായിരുന്നുവല്ലോ.
എഴുതുന്ന കാലത്തിന്റെ എഴുതുന്ന ആളിന്റെ ഏറ്റവും തീവ്രമായ ആഭിമുഖ്യങ്ങള്‍ സത്യസന്ധമായും മറയില്ലാതെയും രേഖപ്പെടുത്തുന്നവയാണ് ചരിത്രത്തിലെ ഡയറിക്കുറിപ്പുകള്‍. ഇതോ, അതും ഈ കമ്മ്യൂണിസ്റ്റുകളുടെ.
Vaikom Murali, The Killer (വിവ ഃ പരിഭാഷകനായ വൈക്കം മുരളി)
വിദേശകൃതികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന വൈക്കം മുരളി കൊച്ചി നഗരത്തിലൂടെ നടന്നുപോകുമ്പോള്‍ ഒരു സുഹൃത്തിനെ കണ്ടുമുട്ടി.
വൈക്കം മുരളി ഃ മാധ്യമം ആഴ്ചപ്പതിപ്പ് വായിച്ചോ? ഈ ആഴ്ച അവനിട്ട് ഞാനൊന്ന് കൊടുത്തിട്ടുണ്ട്. കുറെ നാളായി വിചാരിക്കുന്നു.
സുഹൃത്ത് ഃ ആര്‍ക്കിട്ട് കൊടുത്തു?
വൈക്കം മുരളി ഃ ഗബ്രിയേല്‍ ഗാര്‍സിയ മാര്കേസിനിട്ട്
സന്ദര്‍ഭം ഃ മാര്‍കേസിന്റെ ഒരു കഥയുടെ (വൈക്കം മുരളിയുടെ ഭാഷയില്‍ ചൊവ്വാഴ്ചയിലെ ഉച്ചമയക്കം' എന്ന് പേര്) പരിഭാഷ മാധ്യമം ആഴ്ചപ്പതിപ്പില്‍. സ്പാനിഷില്‍ നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണെന്നു തോന്നും വായിച്ചാല്‍. ഒരുതരം സ്പാനിഷ് മലയാളം. കഥക്ക് ചിത്രം വരച്ചിരിക്കുന്നത് മലയാളം വായിക്കാനറിയാത്ത ബംഗാളി ചിത്രകാരി കബിതാ മുഖര്‍ജി. ചിത്രം വരക്കാന്‍ ഭാഷ അറിയണമെന്നില്ല. ശരി, പരിഭാഷകനെങ്കിലും ഭാഷ അറിയേണ്ടേ?
ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ട ആഴ്ചയില്‍ വായനക്കാര്‍ക്കിടയില്‍ പ്രചരിച്ച ഒരു എസ്.എം.എസ് ഃ Marquez lay killed in Madhyamam Weekly. The killer is Vaikam Murali.
നന്നായി വായിക്കാനും ഗ്രഹിക്കാനും എഴുതാനും കഴിയുന്ന അജയ് പി. മങ്ങാട്ടിനെപ്പോലുള്ളവര് എഴുതാതിരിക്കുന്നതുകൊണ്ടാണ് വൈക്കം മുരളിയെപ്പോലുള്ള അമേദ്യങ്ങള്‍ വാരിവിതറാന്‍ പത്രാധിപന്മാര് നിര്‍ബന്ധിക്കപ്പെടുന്നത്. (മാനേജുമെന്റ് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിരോധനത്തെത്തുടര്‍ന്നാണ് പത്രപ്രവര്‍ത്തകനായ അജയ്. പി. മങ്ങാട്ട് എഴുതാതിരിക്കുന്നതെന്നും അറിയുക).
വൈക്കം മുരളി പുസ്തകം വായിച്ചിട്ടുതന്നെയാണൊ റിവ്യൂവും പരിഭാഷയും നിര്‍വഹിക്കുന്നത് എന്നതിനെക്കുറിച്ച് പത്രാധിപന്മാര് അടിയന്തിരമായി രഹസ്യാന്വേഷണം നടത്തണം. കൊച്ചി നഗരത്തിലെ ചില പുസ്തകശാലകളില്‍ മണിക്കൂറുകളോളം പുതിയ പുസ്തകങ്ങളുടെ ചട്ടയും നോക്കി ഇദ്ദേഹം നില്ക്കുന്നതായി കണ്ടവരുണ്ട്.
നാലുകെട്ടിനുള്ളിലെ ശ്രീരാമനും നാരായണനും
സാമൂഹികശാസൃതപരമായ പ്രാധാന്യമുള്ള എം.ടിയുടെ 'നാലുകെട്ടി'ന്റെ അമ്പതാം വര്‍ഷം ഭാഷാപോഷിണി വാര്‍ഷിക പതിപ്പ് ആഘോഷിക്കുന്നത് വി.കെ. ശ്രീരാമന്റെ ഫീച്ചറിലൂടെയാണ്. ശ്രീരാമന്റെ എഴുത്ത് സമകാലിക സാഹിത്യത്തില്‍ അനര്‍ഹമായ ഇടം നേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ സി.വി. ശ്രീരാമന്, അശോകന് ചരുവില്‍, ബാബു ഭരദ്വാജ്, രവീന്ദ്രന് തുടങ്ങിയവരോടൊപ്പം വി.കെ. ശ്രീരാമനും പങ്കെടുത്ത ചര്‍ച്ചയുണ്ടായിരുന്നു. പുതിയ എഴുത്തിന്റെ മാറുന്ന 'പാസ്വേഡി'നെപ്പറ്റി. അത് കറങ്ങിത്തിരിഞ്ഞ് എല്ലായിപ്പോഴും വന്നെത്തി നിന്നത് ശ്രീരാമന്റെ 'വേറിട്ട കാഴ്ച'കളിലാണ്. അതായത് വേറിട്ട കാഴ്ചകളാണ് പുതിയ കാലത്തെ എഴുത്തിന്റെ മികച്ച മാതൃക എന്നും പുതിയ സാഹിത്യം അപ്പാടെ ഇത്തരം ജീവിതാഖ്യാനങ്ങള്ക്കു പുറകെ സഞ്ചരിക്കുകയാണെന്ന മട്ടില്‍. പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ ശ്രീരാമന്റെ മറ്റൊരു പംക്തിയും തുടങ്ങിയിരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉച്ഛിഷ്ടം ഭുജിച്ചുഭുജിച്ച് മാധ്യമത്തിന്റെ വായനക്കാര്‍ക്ക് വയറിളക്കം വന്നുതുടങ്ങിയിരിക്കുന്നു പത്രാധിപനേ...)
ഉത്തരാധുനികതയുടെ അവശിഷ്ടമായി എഴുത്തില്‍ പ്രത്യക്ഷപ്പെട്ട മീഡിയോക്കര്‍ നരേഷന് മീഡിയ നല്കുന്ന പരിലാളനമാണ് വി.കെ. ശ്രീരാമനെപ്പോലുള്ള കീടങ്ങള്‍ക്ക് എഴുത്തിന്റെ ശരീരത്തില്‍ അരിച്ചു നടക്കാന്‍ അവസരം കൊടുക്കുന്നത്.
'നാലുകെട്ടി'ലെ കഥാപാത്രങ്ങളായി കൂടല്ലൂരില്‍ ജീവിച്ചിരുന്ന ചില മനുഷ്യരെ ശ്രീരാമന് പരിചയപ്പെടുത്തുന്നു. എം.ടി ആവിഷ്ക്കരിക്കുന്ന എക്കാലത്തെയും സംഘര്‍ഷഭരിതവും അശാന്തവുമായ മനുഷ്യ & പ്രകൃതി സ്വത്വങ്ങളെ ശ്രീരാമന്റെ വളിപ്പന്‍ തൂലിക സങ്കുചിതമായ വ്യക്തിവിവരണത്തിലേക്ക് ചുരുക്കികളയുന്നു. സെയ്താലിക്കുട്ടിയുടെയും കോന്തുണ്ണിനായരുടെയും മുത്താച്ചിയുടെയും അസ്തിത്വത്തെക്കുറിച്ച് 'ഠ'വട്ടത്തിലുള്ള അന്വേഷണം നടത്താനേ ഈ ഫീച്ചറെഴുത്തുകാരന് കഴിയുന്നുള്ളൂ.
എം.ടിയുടെ കൃതികളാണ് സ്തുതിപാഠകരുടെ വ്യാജവായനയില് ഏറ്റവുമധികം വഴിതെറ്റിക്കപ്പെട്ടവ. അവയെ ജനപ്രിയതയുടെ കേവലത്വത്തിലേക്ക് ഒതുക്കാനുള്ള ശ്രമം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. കൂടല്ലൂര്‍ എന്ന പ്രദേശം ഇത്തരത്തില്‍ ഫീച്ചറെഴുത്തിന്റെ പ്രധാന ഭൂമികയുമാണ്.
പ്രധാനപ്പെട്ട ഒരു നോവലിലേക്ക് 50 വര്‍ഷത്തിനു ശേഷം പല വഴിയിലൂടെയും തിരിച്ചുനടക്കാം. അത് മനോരമപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിന്റെ വഴിയിലൂടെയാകണമെന്ന് ഭാഷാപോഷിണിയുടെ പത്രാധിപരും തീരുമാനിച്ചാല്‍ വായനക്കാര്‍ എന്തു ചെയ്യാനാണ്? കാറ്റും വെളിച്ചവും കടക്കാത്ത നാലുക്കെട്ടുകള് പൊളിച്ചുമാറ്റി അമ്പതുവര്‍ഷം മുമ്പ് യുവാവായ ഒരെഴുത്തുകാരന്. ഇന്ന് അവ പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു ഇമ്മട്ടിലുള്ള പത്രാധിപന്മാരും എഴുത്തുകാരും.
ഒരു വഴിപോക്കന്റെ കേവലനിരീക്ഷണം മാത്രം കൈമുതലായുള്ള ശ്രീരാമനോട് ആനപ്പിണ്ഡമിടാന് ആജ്ഞാപിക്കുന്നു പത്രാധിപര്‍; പക്ഷേ അദ്ദേഹത്തിനുള്ളത് അണ്ണാന്റെ ആസനവും.
സുഗതകുമാരിയുടെ അഭയം
എഴുത്തില്‍ കൃത്യമായ രാഷൃടീയബോധം പ്രകടമാക്കുന്ന അപൂര്‍വം എഴുത്തുകാരിലൊരാളാണ് ഗീത. മാധ്യമം ആഴ്ചപ്പതിപ്പിനെ ചില ആഴ്ചകളിലെങ്കിലും പാരായണയോഗ്യമാക്കുന്നത് അവരുടെ സാന്നിധ്യമാണ്. വിതുര കേസില്‍ ജഗതി ശ്രീകുമാറിനെ വെറുതെവിട്ട പശ്ചാത്തലത്തില്‍ ഗീത എഴുതിയ 'കറുത്ത പൊട്ടുപോലെ' (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 15) എന്ന ലേഖനം മൂര്‍ച്ഛയുള്ളതാണ്. സൃതീകളുടെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന സുഗതകുമാരിയുള്പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ നാട്യത്തെ അത് തുറന്നുകാട്ടുന്നു. സമൂഹത്തിന്റെ ചിട്ടകള്‍ക്ക് വഴങ്ങികൊടുക്കാന്‍ സൃതീകളെ പാകമാക്കുന്ന സേവനകേന്ദ്രങ്ങളെ ഗീത ആക്രമിക്കുന്നു. സൃതീവിരുദ്ധം മാത്രമല്ല മനുഷ്യവിരുദ്ധം കൂടിയായി മാറിക്കൊണ്ടിരിക്കുന്ന ജുഡീഷ്യറിക്കും സര്‍ക്കാറിനും എതിരായ കുറ്റവിചാരണ എന്ന നിലയിലാണ് ഗീതയുടെ ഇടപെടല്‍. എന്നാല്‍ ഇതിനുള്ള സുഗതകുമാരിയുടെ മറുപടി അവരുടെ സംസാരവും ആകാരവുംപോലെ നാട്യം നിറഞ്ഞതാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് അവളെ പൊതുസമൂഹത്തില്‍ നിന്ന് മറച്ചുപിടിച്ചും കോടതിയില്‍ ഹാജരാക്കാതെയും ഈശ്വര പ്രാര്‍ഥനയില്‍ മുഴുകാന്‍ വിട്ടുമാണെന്നാണ് സുഗതകുമാരി പറയുന്നത്. ആ പെണ്‍കുട്ടി കേസ് വേണ്ട, ഇനി കോടതിയില്‍ പോകാന്‍ വയ്യ എന്നെല്ലാം പേടിച്ച് പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ആ ഭയത്തില്‍ നിന്ന് അവളുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ സഹായിക്കുകയല്ലേ ഒരു സംരക്ഷക ചെയ്യേണ്ടത്? അതിനു പകരം അവളെ നിത്യമായ അരക്ഷിതാവസ്ഥയില്‍ തളച്ചിട്ട് അവളുടെ ഭയത്തെ അപ്പാടെ നിലനിര്‍ത്തി പേടിച്ചു കഴിയൂ, പേടിച്ച് കഴിയൂ എന്ന് അവളോട് ഉരുവിട്ടുകൊണ്ടിരിക്കുകയാണ് സുഗതകുമാരി. എന്തുകൊണ്ട് താനും കുടുംബവും ആത്മഹത്യ ചെയ്തില്ല എന്ന് സൂര്യനെല്ലിയിലെ പെണ്‍കുട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. അവളുടെ മതവിശ്വാസം മാത്രമല്ല കാരണം, പീഡനങ്ങള്‍ സഹിച്ചു സഹിച്ച് സകല പേടികളില്‍ നിന്നും മുക്തമായ, മുറിവേല്‍പ്പിക്കപ്പെടാത്ത ആത്മാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ നിമിഷം ജീവിതത്തിലുണ്ടായതായി അവര്‍ പറഞ്ഞിട്ടുണ്ട്. അന്ന് അവളോടൊപ്പം കത്തിച്ച മെഴുകുതിരിയുമായി കൂട്ടിനുണ്ടായിരുന്നത് അമ്മ തന്നെയായിരുന്നു. അങ്ങനെയാണ് ആ അമ്മ മകളെ സംരക്ഷിച്ചത്.
സുഗതകുമാരി ആ പെണ്‍കുട്ടിക്ക് ഭക്ഷണം നല്കുന്നു, വസൃതം നല്കുന്നു, കിടക്കാന്‍ ഇടം നല്കുന്നു, ആലിംഗനം ചെയ്യുന്നു... ഇതെല്ലാം അവളെ പീഡിപ്പിച്ചവരും അവള്‍ക്ക് നല്‍കിയിരുന്നു എന്നുകൂടി ഓര്‍ക്കുക.
ബുദ്ധിജീവി അധഃപ്പതിച്ചാല്...?
അത് ബി. ഉണ്ണികൃഷ്ണനോളമാകുമോ?
മുമ്പ് മലയാളത്തില്‍ സാമാന്യം ഭേദപ്പെട്ട സാഹിത്യവിമര്‍ശന ലേഖനങ്ങളെഴുതിയിരുന്ന ബി. ഉണ്ണികൃഷ്ണന് ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപി സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായി പ്രത്യക്ഷപ്പെട്ടു. കച്ചവടസിനിമയുടെ മാലിന്യങ്ങളില്‍ നീന്തിത്തുടിക്കുമ്പോഴും ആര്. നരേന്ദ്രപ്രസാദ് എഴുത്തിനെയും ചിന്തയെയും വ്യഭിചരിച്ചില്ല. സിനിമയില്‍ ഒരു ബാലു കിരിയത്തെങ്കിലുമാകാന് ഇനിയും ഒട്ടേറെ ജന്മം ജനിക്കേണ്ട അവസ്ഥയിലാണ് ഉണ്ണികൃഷ്ണന്. 1659-ാം ലക്കം കലാകൗമുദിയില്‍ രജനീകാന്തിന്റെ ശിവാജിക്ക് മാധ്യമങ്ങള്‍ നല്കുന്ന അമിതപ്രാധാന്യത്തില്‍ ഞെളിപിരികൊള്ളുന്നു അദ്ദേഹം. ഐ.വി. ശശിയും ജോഷിയും ഷാജി കൈലാസുമൊക്കെ സംവിധാനം ചെയ്ത പല സിനിമകളും ശിവാജിക്ക് വളരെ മുകളിലാണെന്നാണ് ഉണ്ണികൃഷ്ണന് പറയുന്നത്.
ഒരു തരത്തിലുമുള്ള നിലവാരത്തിന്റെ അളവുകോലുകൊണ്ടും ശിവാജിയെ അളക്കാന്‍ കഴിയില്ല. കോടികളുടെ മാര്‍ക്കറ്റ് മൂല്യമുള്ള സിനിമയാണെങ്കിലും രജനീകാന്ത് എന്ന നടന്റെ സൈക്ക് പച്ചയായ ഒരു തമിഴ്നാട്ടുകാരന്റേതായി മാറുന്നതിലെ രസവിദ്യയെക്കുറിച്ച് ചാരു നിവേദിത എഴുതുന്നത് വായിച്ചാല്‍ മനസിലാകും. ശിവാജിയുടെ നിക്ഷേപം യഥാര്‍ഥത്തില്‍ പൈസക്കണക്കിലല്ല എന്ന് ചാരു നിരീക്ഷിക്കുന്നു. ശിവാജിയുടെ പത്തിരട്ടി നല്ല ജനപ്രിയ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട് എന്ന് ഉണ്ണികൃഷ്ണന് എഴുതുന്നു. സ്മാര്‍ട്ട് സിറ്റി എന്ന സിനിമ എട്ടു നിലയില്‍ പൊട്ടിയിട്ടും ജനപ്രിയതയെക്കുറിച്ച് ഉണ്ണികൃഷ്ണന് ഒരു പാഠവും പഠിച്ചിട്ടില്ലെന്നത് ഖേദകരമാണ്. സെവന് ആര്‍ട്സിന്റെ വിജയകുമാര്‍ പറഞ്ഞുതരും ഉണ്ണികൃഷ്ണന് ആ പാഠം.
വായനക്കാരന്റെ വിധി
കാണുമ്പോള്‍ അറപ്പു തോന്നുന്നതാണ് ഏഷ്യാനെറ്റിലെ ഓണ്‍ റെക്കോര്‍ഡ് എന്ന അഭിമുഖപരിപാടി. ഇതാ അതിപ്പോള്‍ കലാകൗമുദിയില്‍ അച്ചടിച്ചും വരുന്നു...
പ്ലേ സ്കൂളില്‍ നിന്ന് കെ. വേണു
മാറ്റമില്ലാത്തതായി മാറ്റമല്ലാതെ മറ്റൊന്നുമില്ല എന്ന തത്വമനുസരിച്ചുള്ള പ്രാക്തന കമ്മ്യൂണിസ്റ്റാണ് കെ. വേണു. അഞ്ചു പതിറ്റാണ്ടുകൊണ്ട് ഇത്രയേറെ തിരിച്ചറിവും തിരുത്തലും സംഭവിച്ച ഒരു രാഷൃടീയ ചിന്തകന്‍ കേരളത്തിലില്ല. ദിനേനയെന്നോണം പുതിയ തിരിച്ചറിവുകളുമായി ഒരു പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ അവസ്ഥയിലാണ് അദ്ദേഹം എപ്പോഴും. മൂന്നാറിലെ ഇടിച്ചുനിരത്തലിനെ ശക്തമായ ആക്ഷേപിച്ചുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു ഃ രാഷൃടീയക്കാരും കൈയേറ്റക്കാരും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പിന്‍ബലത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റം ഒഴിപ്പിക്കാന്‍ അതേ ഉദ്യോഗസ്ഥ സംവിധാനത്തിലെ ഒരു പിടി പ്രമാണിമാരെ കയറൂരി വിട്ടിരിക്കുന്നു. ഇപ്പോഴത്തെ കൈവശക്കാരുടെ പക്കലുള്ള ഭൂമിയും വസ്തുവകകളും നിയമപ്രകാരം (രജിസൃടേഷന് ഫീ, സ്റ്റാമ്പ് പേപ്പര്‍ ഫീ, നികുതി...) കൈമാറിപ്പോന്നവയാണ്. അവരെ ശിക്ഷിക്കാന്‍ യഥാര്‍ഥ കുറ്റവാളിയായ സര്‍ക്കാറിന് അവകാശമില്ല. അവര്‍ക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല പരിഹരിക്കാനാവാത്ത മാനനഷ്ടവുമുണ്ടായിരിക്കുന്നു...
മൂന്നാറിലെ കൈയേറ്റക്കാര്‍ വേണു എഴുതുംപോലെ കുടില്കെട്ടാന് രണ്ടോ മൂന്നോ സെന്റ് വേലികെട്ടി തിരിച്ചവരല്ല. രാഷൃടീയ & ഉദ്യോഗസ്ഥ അഴിമതി ഉപയോഗപ്പെടുത്തി കള്ളരേഖകളുടെ പിന്‍ബലത്തില്‍, അഴിമതിയാണെന്നറിഞ്ഞുകൊണ്ടുതന്നെ, വനഭൂമി കൈയേറിയ മാഫിയകളാണ്. എത്ര നിയമസഭാ കമ്മിറ്റികള്‍ മൂന്നാറിലെ കൈയേറ്റത്തെക്കുറിച്ച് വസ്തുനിഷ്ഠമായ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നു. സര്‍ക്കാരും രാഷൃടീയ സംവിധാനവും ഉദ്യോഗസ്ഥരും പ്രതികളായ ഒരു കുറ്റകൃത്യം തിരുത്തേണ്ടത് ആരാണ്? ഇവര്‍ കൂടി പങ്കാളിയായ അതേ സംവിധാനം തന്നെയല്ലേ? മാത്രമല്ല, രാഷൃടീയസംവിധാനത്തിന്റെ ചവിട്ടും തൊഴിയും ഇഷ്ടംപോലെ വാങ്ങിയിട്ടുള്ളവരല്ലേ സുരേഷ്കുമാറും രാജു നാരായണസ്വാമിയും മറ്റും. ഇവരാണോ വേണു പറയുന്ന പ്രമാണിമാര്‍?
നക്സലൈറ്റ് ആയിരുന്നപ്പോഴാണ് ഇത്ര ആവേശം വേണു കാട്ടിയിരുന്നതെങ്കില്‍ ആ പ്രസ്ഥാനമെങ്കിലും രക്ഷപ്പെട്ടേനെ. ഇപ്പോള്‍ ജനാധിപത്യവാദിയായി പൂര്‍ണമായും പരിവര്‍ത്തിക്കപ്പെട്ടു കഴിഞ്ഞ അദ്ദേഹം കോടതി, നിയമങ്ങള്‍ തുടങ്ങി ഒരു വില്ലേജ് ഓഫീസര്‍ വരെയടങ്ങുന്ന ജനവിരുദ്ധമായിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുവേണ്ടി തന്റെ ചിന്ത ദുര്‍വ്യയം ചെയ്യുന്നു. എന്തിന്?
വേണു ഇപ്പോള്‍ കെട്ടിടനിര്മ്മാതാവാണ്. ഭൂമി വാങ്ങി അതില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്കുന്ന പണി. സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ആയുസ്സിലൊരിക്കല്പോലും സ്വന്തം ആദര്‍ശം ബലികഴിക്കാത്ത രാഷൃടീയപ്രവര്ത്തകനാണ് അദ്ദേഹം. പ്രസ്ഥാനം വിട്ടാല്‍ മതി, എന്തു ജോലിയും തരാം എന്ന ജയറാം പടിക്കലിന്റെ പ്രലോഭനത്തെ പുല്ലുപോലെ തിരസ്കരിച്ച ആള്. സമ്പന്നരായ പങ്കാളികളെ കണ്ടെത്തി സ്വന്തം വീടും പരസരവും സുഭദ്രമാക്കി വീടിനു പുറത്ത് ആദര്‍ശപ്രതിബദ്ധതയുള്ള യുവാക്കളുടെ ജീവിതം വഴിയാധാരമാക്കിക്കൊണ്ടിരിക്കുന്ന സമരാഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ നക്സലൈറ്റ് എന്നുപറഞ്ഞ് ഇപ്പോഴും ഞെളിഞ്ഞു നടക്കുന്ന കേരളത്തില്‍ കെ. വേണുവിനെപ്പോലെ സത്യസന്ധമായ ഒരു രാഷൃടീയ പ്രവര്‍ത്തകനെ നമ്മുടെ തലമുറക്ക് കാണാനാവില്ല. അതുകൊണ്ടുതന്നെ വേണുവിന്റെ കെട്ടിടനിര്‍മ്മാണ & ഭൂമി കച്ചവട താല്പര്യങ്ങളാണ് ഈ ലേഖനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാല്‍ ദൈവംപോലും പൊറുക്കില്ല.
ഒടുക്കത്തിലേക്ക്...
മാധ്യമം ആഴ്ചപ്പതിപ്പിന്റെ ജൂണ്‍ 15 ലക്കത്തില്‍ ഒടുക്കം എന്ന പംക്തിയില്‍ പതിവ് ഇനത്തിനു പകരം കൈയേറ്റ നിര്‍മാണം പൊളിക്കുന്ന ഒരു ചിത്രമാണ് കൊടുത്തിരിക്കുന്നത്. അടിക്കുറിപ്പായി മോഹനകൃഷ്ണന് കാലടിയുടെ 'പന്തു കായ്ക്കുന്ന മരം' എന്ന കവിതയിലെ ചില വരികളും. ഉത്തരമലബാറില്‍ ടൂറിസം റിസോര്‍ട്ടിനും മറ്റും വ്യാപകമായി കുന്നുകളിടിച്ച് നിരപ്പാക്കികൊണ്ടിരിക്കുമ്പോള് അതിനെതിരായി എഴുതപ്പെട്ട ഒരു കവിയുടെ പ്രതികരണമാണ് ഈ കവിത. ഇന്നിതാ മൂന്നാറിലേതുപോലെ ഒരു സ്ഥലത്തെ ഒഴിപ്പിക്കലിന്റെ രാഷൃടീയ വിവക്ഷയെതന്നെ അട്ടിമറിക്കുംവിധം അതിനെ തികച്ചും പ്രതിലോമകരമായ ഒരു നടപടിയായി മാധ്യമം ആഴ്ചപ്പതിപ്പ് വിശദീകരിക്കുന്നു. ഈ എഡിറ്റോറിയല്‍ പീസിലൂടെ..
പത്തുവര്‍ഷം മുമ്പത്തെ അവസ്ഥയിലെത്താന്‍ മാധ്യമം തിരിച്ച് ഓടിക്കൊണ്ടിരിക്കുകയാണ്.
Please, don't spare me...
മിറര്‍സ്കാന്‍ എങ്ങനെയാണോ അങ്ങനെയാണ് അതിന്റെ വായനക്കാരും. ഒരടിക്ക് ഒന്നരയടി ഈ പംക്തിക്ക് വായനക്കാരില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു. വിമര്ശനങ്ങളാണധികം. കൂര്മബുദ്ധിയുള്ളവരാണ് വായനക്കാര്‍. അവര്‍ക്കു മുന്നില്‍ ചെപ്പടി വിദ്യകള്‍ വിലപ്പോവില്ലെന്ന് നന്നായി അറിയാം. അതുകൊണ്ട് ഓരോ വാക്കും ശ്രദ്ധയോടെയാണ് പ്രയോഗിക്കുന്നത്. ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളോടും വ്യക്തികളോടും സത്യസന്ധമായ ആദരവ് പുലര്ത്തിക്കൊണ്ടുതന്നൊണ് അവയെ & അവരെ വിമര്‍ശിക്കുന്നത് അത് സ്ഥായിയായ ഒന്നല്ല; തികച്ചും വിഷയാധിഷ്ഠിതം മാത്രം. ആനപ്പുറത്തിരിക്കുന്ന ഒരാളെ കുത്തിമറിച്ചിടാന്‍ തൂവല്‍ മതിയാകില്ല, കമ്പിപ്പാര തന്നെ വേണ്ടിവരും. കമ്പിപ്പാര കൈയില്‍ നിന്നൊഴിവാക്കാന്‍ പത്രാധിപന്മാര് ഒരവസരം തരുന്നുമില്ല.
വിമര്‍ശനത്തില്‍ ദയ പാടില്ല, വായനക്കാരെ, നിര്‍ദയം ഈ പംക്തിയെയും ആക്രമിച്ചുകൊണ്ടിരിക്കൂ...
(Previous)
ശശിധരന്. പി
E-Mail: sasisasi_sasi@yahoo.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍
3 comments:
ശശിധരന് പിയുടെ സ്വഭാവമാണ് മറ്റുള്ള മനുഷ്യര്‍ക്കെല്ലാം എന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു, അദ്ദേഹം ലേഖനത്തിന്റെ അവസാനം ‘വിമര്‍ശനത്തില്‍ ദയ പാടില്ല, വായനക്കാരെ, നിര്‍ദയം ഈ പംക്തിയെയും ആക്രമിച്ചുകൊണ്ടിരിക്കൂ’ എന്ന് ആക്രോശിക്കുന്നത് ;)
വിമര്‍ശനകലയെ കൊലയാക്കുന്നതിനു പുറകിലെ രാഷ്ട്രീയം ‘പേരുവിളി’ ഛര്ദ്ദിലുകളായി ലേഖനം നിറഞ്ഞു കിടക്കുന്നു, എഡിറ്ററുടെ മേശയില്‍ വേണ്ടത് പേനയല്ല, ചൂലാണ്, വൃത്തികേടുകള്‍ തൂക്കേണ്ടതാണ്.
കാടടച്ച് വെടിവെക്കുന്നതിന്റെ ഏറ്റവും ലളിതമായ ആവിഷ്കാരമാണ് ചുറ്റും ആളെ വിളിച്ചു നിര്‍ത്തി അവര്‍ക്കിടയില്‍ നിന്ന് ‘വളിയിടുക’ എന്നുള്ളത്. ശശിധരന് അത് നന്നായി ചെയ്യുവാന്‍ കഴിയുന്നുണ്ട്. വിമര്‍ശനം നിറുത്തരുതേ വിമര്‍ശകാ.
ഇതിന് വിമര്‍ശനം എന്നല്ല, നാലാം തരം വ്യക്തിഹത്യ എന്ന് പറയും. കാര്യങ്ങള്‍ അല്ല വ്യക്തികള്‍ ആണ് ഇവിടെ ഫോക്കസ് ചെയ്യപ്പെട്ടിട്ടുള്ളതും ആക്രമിക്കപ്പെടുന്നതും. ഈ ജാതി കോപ്രായങ്ങളും, ചന്തഭാഷയും കൊണ്ട് വിമര്ശകന് ചമയാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.
Get a Life, man!!
കഷ്ടമാണല്ലോ ശശിധരാ. ദയ കാട്ടുന്നില്ല, സഹതാപം വേണോ?
Post a Comment