ടി ഷൈബിന്‍

വേണു പണം വാങ്ങിയെങ്കില്‍ വീട്ടുകാര്യത്തിനല്ലെന്ന് ആരേക്കാളും നന്നായി പിണറായി സഖാവിന് അറിയാം. ജനറല്‍ മാനേജര്‍ ഇ.പി. ജയരാജനും അറിയാം. ചുറ്റും മാധ്യമ സിന്‍ഡിക്കേറ്റും സി.ഐ.എ ചാരന്മാരുമാണ്. പത്മവ്യൂഹത്തില്‍ അഭിമന്യു എന്നപോലെ അവരോട് എതിരിട്ടാണ് പിണറായി പാര്‍ട്ടി വളര്‍ത്തുന്നത്. ചെന്നൈയില്‍ 'ഡിഫി' സമ്മേളനത്തില്‍ സഖാവ് മമ്മൂട്ടി ഇതി ഉവാചഃ ആഗോളീകരണത്തെ ആഗോളീകരണംകൊണ്ട് നേരിടണം! - വേണുവിനെ പുറത്താക്കും മുമ്പ് നേതാക്കള്‍ ഈ ആപ്തവാക്യമെങ്കിലും ഓര്‍ക്കേണ്ടിയിരുന്നു.
പല്ലിനെ പല്ലുകൊണ്ട്; കല്ലിനെ കല്ലുകൊണ്ട് മാധ്യമ ബൂര്‍ഷ്വകളെ മാധ്യമ ബൂര്‍ഷ്വാത്തരം കൊണ്ട് എതിര്‍ക്കണമെന്ന് ചുരുക്കം. അതറിയുന്നവര്‍ കണ്ണൂരുകാര്‍ മാത്രമാണ്. മാടമ്പിയെന്ന് കളിയാക്കിയെങ്കിലും എം.വി രാഘവന്റെ ലൈന്‍ അതായിരുന്നു. കുത്തകകള്‍ക്കെതിരെ പൊരുതാനാണ് ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയത്; സെന്‍കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്താനും 'ജ്യോതിസെ'ന്ന് പേരുമാറ്റി ലിസിന് പ്രവര്‍ത്തനാനുമതി നല്‍കാനും മടിയേതും കാട്ടാത്ത ആദര്‍ശവാന്മാരാണ് ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നത്. 'ദീപസ്തംഭ'മാണ് ലിസിന്റെ അടയാളം. മഹാശ്ചര്യമായതിനാല്‍ പണം നമുക്കും കിട്ടണം എന്നല്ലേ.
ആ ചന്ദ്രതാരം കേരളം ബംഗാളാക്കാന്‍; ആസേതു ഹിമാലയം പ്രസ്ഥാനത്തെ പച്ചപിടിപ്പിക്കാന്‍; ആത്മാബോധമുള്ള ജനതയ്ക്ക് നേര് നേരത്തെ അറിയിക്കാന്‍ ഇതല്ലാതെ മേറ്റ്ന്തുവഴി? ലിസിന്റെ പണം ജനങ്ങളുടേതാണ്. അല്ലാതെ, കുത്തക മുതലാളിമാരും വിദേശ ചാരന്മാരും നല്‍കിയതല്ല. എസ്.എന്‍.സി ലാവ്‌ലിനില്‍ 365 കോടിയാണ് പിണറായി സഖാവിന്റെ റേറ്റ്; അദ്ദേഹത്തിന്റെ നാലയലത്തുപോലും എത്താത്ത തന്നെ മാത്രം കള്ളനെന്ന് വിളിച്ചതില്‍ വേണു കുണ്ഠിതനാണ്. "വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ" എന്ന് വേണു ചോദിക്കുന്നതും ചുമ്മാതല്ല.
*****

ശീമോന്റെ ചോദ്യം കണക്കെ, കര്‍ത്താവേ എന്റെ കഷ്ടപ്പാടെല്ലാം വെറുതെയായല്ലോ എന്ന് നെടുവീര്‍പ്പിടുന്ന ഇന്ത്യന്‍ രാഷൃടീയത്തിലെ ശീമത്തമ്പുരാക്കന്മാര്‍ക്ക് മുമ്പിലൂടെയാണ് പ്രതിഭാ പാട്ടീല്‍ റെയ്‌സീനാ കുന്നിലേക്ക് ചോടുവെക്കുന്നത്. പുരുഷകേസരിമാരുടെ കഥ അവിടെ നില്‍ക്കട്ടെ. സ്വയം കൃതാനര്‍ഥത്താല്‍ ദുഃഖിക്കുന്ന ഒരു മഹിളാ നേതാവുണ്ട്. മഹാരാഷൃടയില്‍ തന്നെ. നിലപാടുകള്‍ മാറിയില്ലായിരുന്നെങ്കില്‍ പ്രതിഭാ പാട്ടീലിന്റെ സ്ഥാനത്ത് അവരോധിതയാകാന്‍ എന്തുകൊണ്ടും കഴിവുള്ള മഹതി!

*****

പിന്നെയെന്തിനായിരുന്നു ഇടതുപക്ഷം ഭയാശങ്കരായി ഡോ. കരണ്‍സിംഗിന്റെ പേരിനു നേരെ ചുവന്ന മഷി കുടഞ്ഞത്?.. 'മൃദുഹിന്ദുത്വ'മാണ് അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം. നിയമസഭാ സ്പീക്കറാവണമെങ്കില്‍ സി.എച്ച് മുഹമ്മദ്കോയയോട് തൊപ്പിയൂരാന്‍ പഴയ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാള്‍ രാജവംശവുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ കരണ്‍സിംഗിനെ രാഷൃടപതി സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കാമെന്ന് പ്രകാശ് കാരാട്ട് പറയാതിരുന്നത് ഭാഗ്യം. കേവലം പാരമ്പര്യത്തിന്റെ പേരില്‍ കരണ്‍സിംഗിനെ പോലൊരു നയതന്ത്രജ്ഞനെ മാറ്റി നിര്‍ത്തിയത് ചരിത്ര മണ്ടത്തരമായി അവര്‍ക്ക് പിന്നീട് തോന്നിയേക്കും (ചരിത്രം രണ്ടുതവണ ആവര്‍ത്തിക്കുന്നു എന്ന് ലെനിന്‍). സവര്‍ണ്ണകുല ജാതനായതുകൊണ്ട് ഇ.എം.എസിന് മുഖ്യമന്ത്രിപ്പദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലക്കിയോ?
*****

കര്‍മ്മനാളുകളില്‍ എത്രമേല്‍ ഹിന്ദുത്വത്തില്‍ അഗ്നിശുദ്ധി തെളിയിച്ചവനാകിലും, ജി.എസ് പഥക്കിനും ബി.ഡി. ജെട്ടിക്കും എം. ഹിദായത്തുള്ളക്കും കൃഷ്ണകാന്തിനും സംഭവിച്ചപോലെ രാജ്യസഭാ അധ്യക്ഷന്മാരായി മാത്രം ഇരുന്ന് മടങ്ങിപ്പോകാനാണ് ശെഖാവത്തിന്റെയും വിധി.
*****
സര്‍പ്പ സാന്നിധ്യം ഒട്ടും സഹിക്കാന്‍ വയ്യാത്തതിനാല്‍ പ്രതിഭകള്‍ക്ക് തന്റെ മുറിയിലേക്ക് പ്രവേശനമില്ലെന്ന് ചുള്ളിക്കാട്. 'പ്രതിഭ'യ്ക്ക് പിന്തുണയില്ലെന്ന് ഇടയക്കനി ജയാമ്മ പറഞ്ഞതും സര്‍പ്പസാന്നിധ്യം ഭയന്നുതന്നെ. പെണ്‍പിറന്നവര്‍ തമ്മിലുള്ള അസൂയ. പണ്ട് സോണിയ പ്രധാനമന്ത്രിയാവാതിരിക്കാന്‍ മുലായത്തിന്റെ കൂടെ നിന്ന് പണിത പാര പോലൊന്ന്. എം.ജി. ആറിന്റെ നല്ലപാതി ജാനകിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുകച്ചു പുറത്താക്കിയ പോലൊന്ന്.
*****
"പിരിയേണ,മരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍" ആശാന്‍സൂക്തം പഠിച്ചുവരാന്‍ എ.പി.ജെ അബ്ദുള്‍ കലാം ശ്ശി കാലമെടുത്തു; താനിനി ഇല്ലേയില്ല എന്ന് തിരുവായ്‌മൊഴിയാന്‍ വൈകിയതിന്റെ ഗുട്ടന്‍സ് അത്രമാത്രം.
ടി ഷൈബിന്‍
E-Mail: shybinnanminda@gmail.com




1 comment:
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.
Post a Comment