Tuesday, June 26, 2007

പിന്‍ പന്തി


കവിത




അജിത്ത്‌ പോളക്കുളത്ത്‌


കൊടുങ്ങല്ലൂരുള്ള
പണക്കാരന്‍ ബന്ധുവിന്റെ കല്യാണം
ചിരട്ട കത്തിച്ചു തേച്ച
ചെറുതായ്‌ നരച്ച പൊന്മാന്‍ നിറമുള്ള
കുപ്പായമാണന്നന്റെ വേഷം.
അമ്മ ധരിച്ചിരുന്നതോ
അങ്ങിങ്ങായ്‌ കരിമ്പന്‍ കുത്തിയ
സെറ്റുമുണ്ടായിരുന്നു.
കാണാന്‍ ലുക്കില്ലാത്തതിനാലോ
കാറില്‍ വന്നിറങ്ങാത്തതിനാലോ അറിയില്ല...
വരന്റെ വീട്ടിലേയ്ക്ക്‌ പോകണ്ടാന്നും;
ഞങ്ങള്‍ക്കുള്ള പന്തലും പന്തിയും
തറവാടിനു പിന്നിലെന്നും ചൂണ്ടി
അവിടെ വേലക്കാരായിരുന്ന തമിഴരും
കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും
ഞങ്ങളുടെ ബന്ധുക്കളായ്‌ മാറി.
കഴുകി മിനുക്കാത്ത ഇലയില്‍ വിളമ്പിയതോ;
അവജ്ഞയുടെ നെയ്യും
അജ്ഞയുടെ പരിപ്പും.
പ്രജ്ഞയുള്ള വിളമ്പല്‍ക്കാരന്‍
ഉപ്പുമാത്രം വിളമ്പിയില്ല; കാരണം
എന്റമ്മയുടെ ഇലയില്‍
അത്രമാത്രം കണ്ണുനീരുണ്ടായിരുന്നു.
സദ്യ വേണ്ടേന്നു കരഞ്ഞു ഞാന്‍
ഒച്ചയില്ലാതിരിക്കാന്‍ വാ പൊത്തിയമ്മ
തുമ്പപ്പൂ ചോറുമണികളെ ചൂണ്ടി
ആംഗ്യം-മുമ്പു കണ്ടിട്ടുണ്ടോ?

ആ തറവാടുപടികണ്ടാലെന്‍
നെഞ്ചിലിടിക്കുന്ന ഇടിമിന്നലുകള്‍ക്ക്‌
ക്രോധത്തിന്റെ നാദവും
എരിതീയുടെ നിറവും.
എന്റമ്മയുടെ കാരുണ്യത്താല്‍ ഇന്നിതാ
ആ ഇടിമിന്നലുകള്‍ക്ക്‌
സമാധാനത്തിന്റെ കുഴല്‍നാദവും
സന്ധ്യാദീപത്തിന്റെ ചൈതന്യവും!

അജിത്ത്‌ പോളക്കുളത്ത്‌
പി.ഒ. ബോക്സ്‌ 5249, ദുബായ്‌, യു.എ.ഇ
പോളക്കുളത്ത്‌ വീട്‌, എറിയാട്‌. പി.ഒ., കൊടുങ്ങല്ലൂര്‍-680666
E-Mail: ajithpk@gmail.com


കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക

പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍
free hit counter

1 comment:

വേണു venu said...

പിന്‍‍ പന്തിക്കാരാ കവിത നോവിച്ചു. ആശംസകള്‍>:)