Thursday, June 21, 2007

ഒരു കൂടല്ലൂര്‍ വീരഗാഥ - 2ലേഖനം
ടി.വി.എം. അലി


വാസുവിന്റെ പൂര്‍വ്വകഥ

ഫ്ലാഷ്‌ ബാക്ക്‌-

1933ലാണ്‌ അമ്മാളുക്കുട്ടി നാലാമത്തെ മകനെ പ്രസവിച്ചത്‌. മൂന്നാണ്‍മക്കള്‍ക്കുശേഷം നാലാം പേറ്‌ പെണ്ണാവണമെന്ന്‌ അമ്മാളു ആഗ്രഹിച്ചുകാണും.

നിന്റെ ഓര്‍മ്മയ്ക്ക്‌ എന്ന കഥയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്‌.

-ഞ്ഞങ്ങള്‍ നാലാണ്‍മക്കളാണ്‌. സഹോദരിമാര്‍ ആരുമില്ല. പാറുവമ്മയുടെ അഭിപ്രായത്തില്‍ അതാണ്‌ അമ്മയുടെ ഏറ്റവും വലിയ സുകൃതം... ഒരു പെണ്‍കുട്ടി ഉണ്ടാവാന്‍ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാണ്‍മക്കള്‍ക്കു ശേഷം അമ്മ ഗര്‍ഭിണിയായപ്പോള്‍ കണിയാര്‍ പറഞ്ഞു. ഇത്‌ പെണ്‍കുട്ടി തന്നെ. എല്ലാവര്‍ക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല. പക്ഷേ, പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട്‌ ഒരു ചാവാളിച്ചെറുക്കന്‍ ഭൂജാതനായി. വിനയപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ... ആ നിര്‍ഭാഗ്യവാന്‍ ഞാനാണ്‌. ഒരു മകളുടെ സ്ഥാനത്ത്‌ വന്നുപിറന്നതുകൊണ്ടായിരിക്കാം അമ്മയുടെ വക ധാരാളം അടി വന്നു ചേരാറുണ്ട്‌. ഏട്ടന്മാരും ഇടക്കെല്ലാം ദ്രോഹിക്കും. തനിച്ചിരിക്കുമ്പോള്‍ എന്റെ ദുരവസ്ഥയെപ്പറ്റി ഞാനോര്‍ത്തുപോവും.

ജീവിതത്തില്‍ നിന്ന്‌ ചീന്തിയെടുത്ത ഒരു പഴയതാളാണ്‌ ഈ കഥയെന്ന്‌ എം.ടി. ഇതില്‍ എഴുതിയിട്ടുണ്ട്‌. കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍കുടുക്കി നിര്‍ത്തിയാണ്‌ വാസു എന്ന കഥാപാത്രം നടക്കുന്നത്‌. പത്തോ പതിനൊന്നോ വയസാണവന്‌. അമ്മാളു അമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയും വല്യേ വാശിക്കാരനുമായിരുന്നു. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ഒടുവില്‍ കരച്ചില്‍ നിര്‍ത്താന്‍ ഒരു വഴി കണ്ടുപിടിച്ചു. വാസുവിന്റെ കൈപിടിച്ച്‌ ബാലേട്ടന്‍ പുഴയില്‍ ചെന്നിരിക്കും. പുഴകണ്ട്‌ അവന്‍ ശാന്തനാകും. പിന്നെ വാശിയോ ശാഠ്യമോ ഒന്നും ഉണ്ടാവില്ല. പുഴയിലെ ഓളങ്ങള്‍ നോക്കി ഏറെ നേരം അവനിരിയ്ക്കും. പിന്നെ തിരിച്ചുപോരും. പലപ്പോഴും ഇതായിരുന്നു പതിവ്‌.

മൂന്നാം വയസിലാണ്‌ വാസുവിനെ എഴുത്തിനിരുത്തിത്‌. കോപ്പന്‍ മാഷ്‌ നടത്തിയിരുന്ന സ്വകാര്യ വിദ്യാലയത്തിലാണ്‌ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്‌. അവിടെ മൂന്ന്‌ ക്ലാസാണ്‌ ആകെ ഉണ്ടായിരുന്നത്‌. രണ്ടുവര്‍ഷം കൊണ്ട്‌ മൂന്നാംക്ലാസു വരെയുള്ള പാഠങ്ങള്‍ പഠിച്ചു.

അഞ്ചാം വയസില്‍ മലമക്കാവ്‌ എലിമെന്ററി സ്കൂളില്‍ ചേര്‍ത്തു. ഏഴാം വയസില്‍ അഞ്ചാം തരം വരെയുള്ള എല്ലാ പാഠങ്ങളും പഠിച്ചു തീര്‍ത്തു. അവന്‌ അസാമാന്യ ബുദ്ധിയായിരുന്നു. എട്ടാം വയസില്‍ കുമരനെല്ലൂര്‍ ഹൈസ്ക്കൂളില്‍ ഫസ്റ്റ്ഫോമില്‍ ചേര്‍ന്നു. 14-ാ‍ം വയസില്‍ എസ്‌.എസ്‌.എല്‍.സി പാസ്സായി. മിടുക്കനായ വിദ്യാര്‍ത്ഥി എന്ന പരിഗണനയില്‍ എല്ലാ വര്‍ഷവും സ്റ്റൈപെന്റും കിട്ടിയിരുന്നു. പ്രൈമറിക്ലാസില്‍ ഡബിള്‍ പ്രമോഷനും ഫസ്റ്റ്ഫോം തൊട്ട്‌ സ്റ്റൈപ്പന്റും നേടിയ വാസുവിന്‌ രണ്ടുവര്‍ഷം ഉഴപ്പി നടക്കേണ്ടിവന്നു.

14-ാ‍ം വയസില്‍ എസ്‌.എസ്‌.എല്‍.സി പാസായെങ്കിലും കോളേജില്‍ ചേരാന്‍ 16 തികയണമായിരുന്നു. ഇക്കാലത്താണ്‌ സാഹിത്യകൃതികളുമായി വാസു സഹവാസത്തിലായത്‌. അതിനു മുമ്പുതന്നെ ഏട്ടന്മാരുടെ കഥകളും കവിതകളും അച്ചടിച്ചുവന്നിരുന്നതും വാസുവിനെ പ്രചോദിപ്പിച്ചു കാണണം.

അഞ്ച്‌ നാഴിക ദൂരെയാണ്‌ വായനശാല. ആനക്കര ഗോവിന്ദാകൃഷ്ണാലയം വായനശാലയില്‍ ധാരാളം ഗ്രന്ഥശേഖരമുണ്ടായിരുന്നു. എല്ലാ ആനുകാലികങ്ങളും അവിടെ എത്തിയിരുന്നു. ഉച്ചയൂണു കഴിഞ്ഞാല്‍ ഒരു നടത്തമാണ്‌. സന്ധ്യവരെ അവിടെ കൂടും. ഇക്കാലത്താണ്‌ അച്ഛന്‍ സമ്പാദ്യവുമായി സിലോണില്‍ നിന്ന്‌ വന്നതും തെക്കെപ്പാട്ട്‌ തറവാട്‌ വിലക്കെടുത്തതും.

എഴുത്തിന്റെ വഴിയിലൂടെ

1947ലാണ്‌ തുടക്കം. ആദ്യമെഴുതിയത്‌ ലേഖനമായിരുന്നു. രത്നവ്യവസായത്തെപ്പറ്റിയാണ്‌ എഴുതിയിരുന്നത്‌. മദ്രാസില്‍ നിന്ന്‌ പ്രസിദ്ധപ്പെടുത്തിയിരുന്ന ചിത്രകേരളം മാസികയിലാരുന്നു വിഷുക്കൈനീട്ടം എന്ന ആദ്യകഥ അച്ചടിച്ചുവന്നത്‌. ബാലേട്ടനാണ്‌ ഈ കഥയ്ക്ക്‌ ഇല്യുസ്‌ട്രേഷന്‍ വരച്ചത്‌.

പതിനാറ്‌ തികഞ്ഞപ്പോള്‍ പാലക്കാട്‌ വിക്ടോറിയയില്‍ ചേര്‍ന്ന്‌ പഠിക്കുന്ന സമയത്താണ്‌ രക്തം പുരണ്ട മണ്‍തരികള്‍ എന്ന പ്രഥമ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്‌. ഇതിനു മുന്‍കൈ എടുത്തത്‌ സഹപാഠികളായിരുന്നു. പിന്നീട്‌ മാതൃഭൂമി നടത്തിയ ലോകകഥാ മത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ മലയാള വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടി. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കേന്ദ്രബിന്ദു

കഥകളിലേക്കു കടക്കാം. നിരവധി കഥകളില്‍ വാസു തന്നെയാണ്‌ കേന്ദ്രബിന്ദു. ബാല്യകാലം ചിത്രീകരിക്കുന്ന കഥകളില്‍ കാല്‍പനികത തുളുമ്പി നില്‍ക്കുന്നു. അദ്ദേഹം കഥ പറയുന്നില്ല. കഥ അനുഭവിപ്പിക്കുകയാണ്‌. ഹൃദയത്തോടാണ്‌ കഥ സംവദിക്കുന്നത്‌. കഥാപാത്രങ്ങള്‍ നിലവിളിക്കുകയല്ല. തേങ്ങിക്കരയുകയാണ്‌. ഇത്‌ ഒരു നീറുന്ന നൊമ്പരമായി മനസില്‍ തങ്ങിനില്‍ക്കും.

തെറ്റും തിരുത്തും, പടക്കം, നിന്റെ ഓര്‍മ്മയ്ക്ക്‌ എന്നീ കഥകളില്‍ കഥാനായകന്‍ വാസുതന്നെയാണ്‌. നീലക്കടലാസിലെ വേണുവിനെയും നുറുങ്ങുന്ന ശൃംഖലകളിലെ ശേഖരനെയും ഒരു പിറന്നാളിന്റെ ഓര്‍മ്മയിലെ കുഞ്ഞികൃഷ്ണനേയും ഓപ്പോളിലെ അപ്പുവിനെയും കണ്ടെടുത്തത്‌ പൂര്‍വ്വബോധത്തിന്റെ സ്മരണയില്‍ നിന്നാവാതെ തരമില്ലല്ലോ.

ഇരുട്ടിന്റെ ആത്മാവ്‌

അകത്തും നിന്നും ഒരു കോലാഹലം ഉമ്മറത്തേക്ക്‌ നീങ്ങിവരികയാണ്‌. ഭ്രാന്തന്‍! ഭ്രാന്തന്‍! വേലായുധന്‍ പിന്നെ നിന്നില്ല. ചുണ്ടുകള്‍ നനച്ചപ്പോള്‍ ഉപ്പുചുവച്ചു. നെറ്റിയില്‍ നിന്ന്‌ ഒലിച്ചിറങ്ങിയ ചോരയാണ്‌. കാലിലെ ചങ്ങലക്കഷ്ണവും വലിച്ചുകൊണ്ട്‌ വേലായുധന്‍ പടിയിറങ്ങി. ശരീരം തളര്‍ന്നുവീഴാറായിരുന്നു. എങ്കിലും ഒരു ചുഴലിക്കാറ്റിന്റെ വേഗത്തില്‍ അവന്‍ ഓടി.

ഓടിവരുന്നത്‌ ഇരുട്ടിന്റെ ആത്മാവിലെ വേലായുധനാണ്‌. വാസുവിന്‌ അന്ന്‌ ഏഴോ എട്ടോ ആണ്‌ പ്രായം. അന്നാണ്‌ വാസു വേലായുധനെ കണ്ടത്‌. ഭ്രാന്തന്‍ വേലായുധന്‍ വീട്ടില്‍ക്കയറിവന്ന രംഗം എം.ടിയുടെ മനസില്‍ ഇപ്പോഴുമുണ്ട്‌.

വടക്കേവീട്ടില്‍ നിന്ന്‌ രക്ഷപ്പെട്ടാണ്‌ അവന്‍ വന്നത്‌. കോലായിലേക്ക്‌ അവന്‍ കയറി. നിലവിളക്കിന്റെ വെളിച്ചത്തില്‍ വേലായുധനെ കണ്ടു. മാള്‍വേടത്തി എനിക്കിത്തിരി ചോറ്‌ തരൂ. അവന്‍ അമ്മയോട്‌ പറഞ്ഞു.

കുഞ്ഞുനാളില്‍ കണ്ട വേലായുധന്‍ ഇരുട്ടിന്റെ ആത്മാവില്‍ അനശ്വരനായത്‌ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌. അതെഴുതുമ്പോള്‍ എം.ടിക്ക്‌ ഇരുപത്‌ വയസ്സ്‌ കഴിഞ്ഞു കാണും. ഒരു വ്യാഴവട്ടക്കാലം മനസ്സില്‍ ജീവിച്ചതിനുശേഷമാണ്‌ വേലായുധന്‍ ഇരുട്ടിന്റെ ആത്മാവിലെ അനശ്വര കഥാപാത്രമായത്‌ എന്നോര്‍ക്കുമ്പോള്‍ എം.ടിയുടെ തപസ്യയുടെ ആഴം കാണാനാകും.

വെള്ളിനാണയം

എം.ടി ബി.എസ്‌.സിക്ക്‌ പഠിക്കുകയാണ്‌. അക്കാലത്താണ്‌ അമ്മക്ക്‌ ക്യാന്‍സര്‍ പിടിപെട്ടത്‌. അമ്മയെ ചികിത്സിക്കാന്‍ മദ്രാസിലേക്ക്‌ കൊണ്ടുപോവുകയാണെന്ന്‌ വാസുവിന്‌ വിവരം കിട്ടി. വീട്ടിലെത്താന്‍ വാസുവിന്റെ മനസു തുടിച്ചു. പക്ഷേ, പരീക്ഷയുടെ വാള്‍മുനയാണ്‌ ശിരസില്‍. അമ്മയെ തീവണ്ടിയിലാണ്‌ കൊണ്ടുപോകുന്നത്‌. വിവരമറിഞ്ഞ്‌ വാസു ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ ഓടി.

തീവണ്ടിയില്‍ അമ്മയുണ്ടായിരുന്നു. മകന്‍ അമ്മയെ കണ്ടു. അമ്മ മകന്റെ ശിരസില്‍ തലോടി. അത്‌ അമ്മയുടെ അവസാനത്തെ അനുഗ്രഹമായിരുന്നുവെന്ന്‌ കരുതിയില്ല. വണ്ടി ചൂളംവിളിച്ച്‌ നീങ്ങാന്‍ തുടങ്ങും മുമ്പ്‌ അമ്മ കോന്തല അഴിച്ച്‌ ഒരു വെള്ളിനാണയമെടുത്തു. മകന്റെ കരംകവര്‍ന്ന്‌ ഉള്ളംകയ്യില്‍ അത്‌ വച്ചുകൊടുത്തു. അതില്‍ അമ്മയുടെ സ്നേഹം മുഴുവനും ഉണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വിടചൊല്ലിയപ്പോള്‍ അതൊടുക്കത്തെ കൂടിക്കാഴ്ചയാകുമെന്നും കരുതിയില്ല.

ആ വെള്ളിനാണയമാണ്‌ സര്‍വ്വ ഐശ്വര്യങ്ങളുടേയും ഉറവിടമെന്ന്‌ പറയാം. അതിനുശേഷം എം.ടിക്ക്‌ പണവും പ്രശസ്തിയും പെരുകിക്കൊണ്ടിരുന്നു.

അമ്പത്തഞ്ചാം വയസില്‍ അമ്മ മരണപ്പെടുമ്പോള്‍ വാസു ബി.എസ്‌.സി പരീക്ഷ എഴുതുകയായിരുന്നു. അമ്മ മരിച്ചവിവരം വാസുവിനെ അറിയിച്ചില്ല. പരീക്ഷയ്ക്ക്‌ വിഘ്‌നം വരാതിരിക്കാന്‍ വേണ്ടിയാണ്‌ അറിയിക്കാതിരുന്നത്‌. പരീക്ഷ തീര്‍ന്നതും വാസുവിനെ വീട്ടിലേയ്ക്ക്‌ വിളിച്ചുകൊണ്ടുവന്നു.

വാസു ബി.എസ്‌.സി പാസ്സായി. പാലക്കാട്‌ എം.വി.ട്യൂട്ടോറിയലില്‍ എം.ടി വാധ്യാരായി ചേര്‍ന്നു. നല്ല വാഗ്മിയായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം എം.ടിയെ വളരെ ഇഷ്ടമായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കളമൊന്നു മാറ്റിച്ചവിട്ടാന്‍ എം.ടിക്ക്‌ മോഹമുണ്ടായി. അതിനെ തുടര്‍ന്ന്‌ ഗ്രാമസേവകനായി തീരാനുള്ള പരിശീലനത്തിന്‌ തളിപ്പറമ്പിലേക്ക്‌ പോയി.

തളിപ്പറമ്പ്‌

ഗ്രാമസേവകനാകാനുള്ള പരിശീലനക്കളരിയിലാണ്‌ എം.ടി. ഇക്കാലം വളരെ ഹ്രസ്വമായിരുന്നു. ഇവിടെ രസകരമായ ഒരു സംഭവമുണ്ടായി.

എം.ടി പണ്ടുമുതല്‍ക്കേ ബീഡിവലിക്കമ്പക്കാരനാണ്‌. ഇന്നും ചുണ്ടില്‍ എരിയുന്ന ബീഡി കാണാം. ഒന്നില്‍ നിന്ന്‌ മറ്റൊന്നു കത്തിച്ചു വലിക്കുന്ന കാലം. വലിയോടു വലി, മുറിയില്‍ പുകമയം. പ്രിന്‍സിപ്പാളിന്റെ കണ്ണില്‍പ്പെടാന്‍ അധികം വൈകിയില്ല. ബീഡിവലിക്കാരനെ ഉടനെ പിടികൂടി. പ്രിന്‍സിപ്പാള്‍ കടുത്ത ഗാന്ധിയനാണ്‌. പോരത്തതിന്‌ പുകവലി വിരുദ്ധനും!

പിന്നത്തെ കഥ പറയാനുണ്ടോ? ഗ്രാമസേവകന്‍ ആവാനുള്ള യുവാവ്‌ ബീഡിസേവകനായി മാറുന്നത്‌ പ്രിന്‍സിപ്പാള്‍ക്ക്‌ പൊറുക്കാന്‍ കഴിഞ്ഞില്ല. കയ്യോടെ പിടികൂടി ശാസിച്ചു നോക്കി. വീണ്ടും നോട്ടപ്പുള്ളിയാക്കി. വീണ്ടും ശാസിച്ചു. പക്ഷേ വാസുവിന്റെ ബീഡി എരിഞ്ഞുകൊണ്ടിരുന്നു. മുറിയാകെ പുക നിറഞ്ഞുകൊണ്ടിരുന്നു. ബീഡിവലി അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. അതുപേക്ഷിച്ച്‌ ഉദ്യോഗം വേണ്ടെന്ന്‌ വാസു കരുതി. ഒരു മാസം കൊണ്ട്‌ പരിശീലനം മതിയാക്കി വാസു മുങ്ങി! പിന്നെ പൊങ്ങിയത്‌ പഴയ ലാവണത്തില്‍ തന്നെ. എം.ടി ട്യൂട്ടോറിയലില്‍ വീണ്ടും തിരിച്ചെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അതൊരു ഉത്സവമായിരുന്നു.

പത്രാധിപര്‍

ട്യൂട്ടോറിയലില്‍ വാധ്യാരായിരുന്ന കാലം. മാതൃഭൂമിയില്‍ ഒരു പരസ്യം കണ്ടു. സബ്‌ എഡിറ്ററെ ആവശ്യമുണ്ട്‌. അപേക്ഷ അയച്ചു വൈകാതെ നിയമനം കിട്ടി. എന്‍.വി. കൃഷ്ണവാര്യരുടെ കൂടെയായിരുന്നു എം.ടിയുടെ പ്രവര്‍ത്തനം.

പന്ത്രണ്ട്‌വര്‍ഷം സബ്‌ എഡിറ്ററായി പ്രവര്‍ത്തിച്ചതിനുശേഷം മുഖ്യ പത്രാധിപരായി. ഇക്കാലത്താണ്‌ നിര്‍മ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തത്‌. അതിനു മുമ്പു തന്നെ മുറപ്പെണ്ണ്‌, നഗരമേ നന്ദിയും തിരശീലയില്‍ എത്തിയിരുന്നു. ഇതിനിടയില്‍ മാണിക്യക്കല്ല്‌ (ബാലനോവല്‍) നാലുകെട്ട്‌, അസുരവിത്ത്‌, ഇരുട്ടിന്റെ ആത്മാവ്‌ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി പ്രശസ്തിയുടെ ഗോപുരനടയില്‍ എത്തിക്കഴിഞ്ഞിരുന്നു.

രണ്ടാമൂഴം
1980-82 കാലം ശരിക്കും ഒരു രണ്ടാമൂഴക്കാരനായി പുനര്‍ജ്ജനിച്ച കാലമാണിത്‌. ഗുരുതരമായ കരള്‍രോഗം പിടിപെട്ട്‌ മരണത്തിന്റെ വക്കിലെത്തി. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവന്ന മരണദൂതന്‍ രണ്ടാമൂഴം നല്‍കി അനുഗ്രഹിച്ച്‌ പിന്മാറി. ഇക്കാലത്താണ്‌ രണ്ടാമൂഴം, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നിവ രചിച്ചത്‌.

കോഴിക്കോട്‌ സിതാരയില്‍ താമസിക്കുന്ന എം.ടിയ്ക്ക്‌ ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്‌. മൂത്തവള്‍ സിത്താര അമേരിക്കയിലാണ്‌. രണ്ടാമത്തെ മകള്‍ അശ്വതി. സഹധര്‍മ്മിണി സരസ്വതി കലാമണ്ഡലം നൃത്താധ്യാപികയായിരുന്നു. ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തിവരുന്നു.

എം.ടി. യുടെ അമ്മ മരിച്ച്‌ പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ക്യാന്‍സര്‍ മൂലം അച്ഛനും മരിച്ചു.

ആത്മകഥ


എം.ടിയുടെ എല്ലാ കഥകളും കൂട്ടിവെച്ചാല്‍ അദ്ദേഹത്തിന്റെ ആത്മകഥയായി. ഇക്കാര്യം എം.ടി തന്നെ പറഞ്ഞിട്ടുണ്ട്‌ -എന്റെ ദുഃഖങ്ങളും ആഹ്ലാദങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോള്‍ എനിക്കു എഴുതണം, എഴുതാതെ വയ്യ. എഴുതിയിട്ടില്ലെങ്കില്‍ എന്നോട്‌ കാട്ടിയ നെറികേടായി ഏതോ അജ്ഞാതശബ്ദം എവിടെയിരുന്നോ അപലപിക്കുന്നത്‌ നിശ്ശബ്ദമായി ഞാന്‍ കേള്‍ക്കുന്നു.

എം.ടി കേള്‍ക്കുന്ന അജ്ഞാതശബ്ദം തീര്‍ച്ചയായും കൂടല്ലൂരിന്റെതാണ്‌. ഇവിടുത്തെ മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയും അദ്ദേഹം കാണുന്നു. നിളയുടെ തെളിനീരും ഉള്‍പ്പുളകവും എം.ടി അറിയുന്നു. അതുകൊണ്ട്‌ എം.ടിയ്ക്ക്‌ എഴുതാതെ വയ്യ.

അസംതൃപ്തമായ ആത്മാവിന്‌ വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങള്‍ക്കുവേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതുന്ന എം.ടിയ്ക്ക്‌, ആ സ്വാതന്ത്ര്യമാണ്‌ അസ്തിത്വമായിട്ടുള്ളത്‌. അതില്ലെങ്കില്‍ എം.ടി കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാവുമായിരുന്നു.

ഈ സ്വാതന്ത്ര്യവും അസ്തിത്വവും എം.ടിയ്ക്ക്‌ നല്‍കിയത്‌ കൂടല്ലൂരാണ്‌. എം.ടി കൂടല്ലൂരിനോട്‌ കടപ്പെട്ടിരിക്കുന്നതുപോലെ മലയാള സാഹിത്യവും കൂടല്ലൂരിനോട്‌ കടപ്പെട്ടിരിക്കുന്നു


ടി.വി.എം. അലി, 'മാധ്യമം' ലേഖകന്‍, മേലെപട്ടാമ്പി പി.ഒ., പിന്‍ഃ 679 306.
ഫോണ്‍: 9447531641


കൃതിയെപ്പറ്റി അഭിപ്രായമെഴുതുക


കൃതി ഇ-മെയില്‍ ചെയ്യുക


കൃതി പ്രിന്റ്‌ ചെയ്യുക


പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍


free hit counter

2 comments:

G.manu said...

vayikkan patunnilla!

പുഴ.കോം said...

മനുവിന്‌,
എന്താണു വായിക്കാന്‍ പറ്റാത്തതു എന്നു പറയാമൊ? ഫോണ്ട്‌ പ്രശ്നമാണൊ?
ഫോണ്ട്‌ പ്രശ്നമാണെങ്കില്‍ മനു ഉപയോഗിക്കുന്ന ബ്രൗസര്‍ ഏതാണെന്നു അറിഞ്ഞാലെ പരിഹാരം നിര്‍ദേശിക്കാന്‍ പറ്റുകയുള്ളു.
എത്രയും പെട്ടെന്നു മറുപടി തരിക

സസ്നേഹം
ഹരീഷ്‌
പുഴ.കോം


Dear Manu,
Can you please let me know what the problem is? Also please let me know which internet browser you are using to read the article. After that I can help you to solve the problem

Harish
puzha.com