Wednesday, June 6, 2007

അത്ഭുത ലോകത്തെ ഒരു ആലീസ്‌




രോഷ്‌നി സ്വപ്‌ന

പുഴ ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ രോഷ്നി സ്വപ്നയുടെ കഥ


കടും തവിട്ടു നിറമണിഞ്ഞ പഴയ തടിക്കഷ്‌ണങ്ങള്‍ ഉത്തരങ്ങളാക്കിപ്പണിത പഴയ കെട്ടിടത്തിന്റെ ഉച്ചിയിലേക്കു നോക്കി ആലീസ്‌. പ്രഭ്വിയുടെ വീട്ടിലെ അടുക്കള മച്ചുപോലെ തോന്നി അവള്‍ക്കത്‌.

"എങ്ങനെയാണ്‌ അകത്തുകടക്കുക?" പ്രഭ്വിയുടെ വീടിന്റെ അടഞ്ഞ വാതില്‍പ്പുറത്ത്‌ ചെന്നുനിന്ന്‌ അവള്‍ ചോദിച്ചിരുന്നു. തവളക്കണ്ണുകളുള്ള പരിചാരകന്‍ അവളെ ദഹിപ്പിക്കുംവിധം നോക്കി. അകത്തു കടന്നു നേരെ അടുക്കളയിലേയ്ക്കല്ലേ താന്‍ പോയത്‌? ആലീസിന്‌ ഓര്‍മ്മകളുടെ നാരുകള്‍ പൊട്ടി. എന്താണ്‌ ഓര്‍മ്മകളിങ്ങനെ പൊട്ടിപ്പൊട്ടി....? അവള്‍ക്കെന്തോ കരച്ചില്‍ വന്നു.

"ആലീസ്‌... ആലീസ്‌" ആരോ വിളിച്ചു.

"ആരൊക്കെയായിരുന്നു? എത്ര പേര്‍?" ആരോ ചോദിക്കുന്നു...

എത്രപേരെന്നോ? പ്രഭ്വിയുടെ വീട്ടില്‍, പ്രഭ്വി, സൂപ്പു തിളപ്പിച്ചിരുന്ന പരിചാരിക, പന്നിക്കുട്ടിയെപ്പോലുള്ള അവരുടെ കുഞ്ഞ്‌ - പ്രഭുകുമാരന്‍... ഓ! കുരുമുളക്‌ കൂടിയതുകൊണ്ട്‌ ഞാന്‍ തുമ്മിപ്പോയിരുന്നു.

"ആലീസ്‌... അസംബന്ധങ്ങള്‍ പറയാതിരിക്കുക"

ആലീസ്‌ വീണ്ടും മച്ചിലേക്കുതന്നെ നോക്കി. അവനെങ്ങാനും...ആ വെള്ളക്കുഴിമുയല്‍? ചെഷയര്‍ പൂച്ച? അവന്റെ കണ്ണുകള്‍ വീണ്ടും വീണ്ടും തന്നെ കളിപ്പിക്കുന്നതായവള്‍ക്കു തോന്നി. ചെവിയ്ക്കടുത്തുവന്ന്‌ ഊതുന്നതാരാണ്‌? ഇവിടെ നിറയെ ആളുകളാണ്‌. മുയലും ചെഷയറുമൊന്നും ഇങ്ങോട്ട്‌ എത്തിനോക്കാന്‍പോലും ധൈര്യപ്പെടില്ല. ആലീസിന്‌ മമ്മിയെ കാണണമെന്നു തോന്നി. ഒറ്റയാള്‍ക്കു ഞരുങ്ങി നില്‍ക്കാവുന്ന മരപ്പട്ടയടിച്ച പെട്ടിയില്‍ എത്രപേരാണ്‌? ഒന്ന്‌, രണ്ട്‌, മൂന്ന്‌.... മുപ്പത്‌, ഇരുപത്തെട്ട്‌.... ആലീസിന്‌ എണ്ണം പിഴച്ചു. അല്ലെങ്കിലും മുപ്പതുവരെയൊക്കെയേ ആലീസ്‌ ഒറ്റശ്വാസത്തില്‍ എണ്ണുകയുള്ളൂ. അതു കഴിഞ്ഞാല്‍ എന്താണെന്നറിയില്ല. ഒരു തെറ്റിപ്പോക്കാണ്‌. ഇതിപ്പോ ആളുകളെ എണ്ണല്‍ എന്തോ അവള്‍ക്കത്ര സുഖം തോന്നിയില്ല.

"ആലീസ്‌... ആലീസ്‌.." ആരോ ഉറക്കെ വിളിയ്ക്കുന്നു. മരക്കട്ടികൊണ്ട്‌ എന്തിനാണ്‌ മേശമേല്‍ അടിയ്ക്കുന്നത്‌? എല്ലാവരും ചീട്ടുരാജാക്കന്മാരാണെന്ന്‌ ആലീസ്‌ സങ്കല്‍പിച്ചു. ഇതും ഒരു കളിതന്നെ! പക്ഷെ, എല്ലാ കളിപോലെത്തന്നെ കണ്ണുപൊത്തിക്കളിയും നല്ലതാണെന്ന്‌ ദീപേച്ചി പറഞ്ഞിരുന്നു. പക്ഷെ കളിക്കാന്‍ നേരം ദീപചേച്ചിയെ കണ്ടില്ലല്ലോ! ആലീസ്‌ ഓര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, ഓര്‍മ്മക്കേടുകളുടെ മലതുരന്ന്‌ ആരും കടന്നുവന്നില്ല. വലിയ വട്ടവെളിച്ചങ്ങള്‍ അവളുടെ കണ്ണുകളെ വേദനിപ്പിച്ചു. പ്രഭ്വിയുടെ കൊട്ടാരത്തിലിപ്പോള്‍ കളി തുടങ്ങിക്കാണും. മുട്ടന്‍വാത്തകളെ ബാറ്റുകളാക്കിയുള്ള ടെന്നീസ്‌ കളി ഏറെ പിടിച്ചിരുന്നു. ഹാ! അല്ലല്ല. കേക്കുതിന്നലാണ്‌ എനിക്ക്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌. പക്ഷെ, പക്ഷെ..... കേക്കുതിന്നതിനുശേഷം....

"ആലീസ്‌ കുട്ടിക്ക്‌ ഇവരെ ആരെയെങ്കിലും ഓര്‍മ്മിയ്ക്കാന്‍ കഴിയുന്നുണ്ടോ? ഉണ്ടെങ്കില്‍ കോടതി മുമ്പാകെ ബോധിപ്പിക്കാവുന്നതാണ്‌"-

ഓ! അപ്പോള്‍ ഇതാണ്‌ കോടതി!! പക്ഷെ ഞാനെന്തിന്‌ ഇവിടെ വന്നു? എങ്ങനെ വന്നു? എന്തിന്‌? ആലീസ്‌ തലകുടഞ്ഞു. മുന്നിലുള്ളവരാരാണ്‌? കൂട്ടച്ചിരികളുടെ കോടതിയാണോ ഇത്‌? വിരല്‍മുനകള്‍പോലും വേദനിക്കുകയാണ്‌. കുഴിമുയലിനെ കാണാനുമില്ല.

"ഞാന്‍.... കുഴിമുയലിനെത്തേടിപ്പോയതായിരുന്നു" അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

കറുത്ത കോട്ടുധരിച്ച ഒരാള്‍ ചാടിയെണീറ്റു. ആലീസ്‌ ഞെട്ടി. വവ്വാല്‍പോലെയുള്ള ഇയാളെ എവിടെയോ കണ്ടതാണല്ലോ!! പക്ഷേ, വവ്വാലുകള്‍....?

പെട്ടെന്ന്‌ ചെഷയര്‍ പൂച്ച അന്തരീക്ഷത്തില്‍ തെളിഞ്ഞു. വവ്വാല്‍ അലറി. "മൈ ലോര്‍ഡ്‌. പ്ലീസ്‌ നോട്ട്‌ ദാറ്റ്‌ പോയന്റ്‌". എന്റെ എതിര്‍കക്ഷി മനഃപൂര്‍വ്വം ഒരു കുഴിമുയലിനെത്തേടിപ്പോയതായിരുന്നുവെന്ന്‌ സമ്മതിച്ചു കഴിഞ്ഞു.

"ആലീസ്‌ കോടതിയുടെ ഉത്തരത്തിലേക്കു നോക്കി. പൂച്ച അവിടെത്തന്നെ - "ഇതാണ്‌ വക്കീല്‍"

ആലീസ്‌ ആദ്യമായാണ്‌ വക്കീലിനെ കാണുന്നത്‌. അവള്‍ക്ക്‌ അതിന്റെ കറുത്തചിറകുകളെ തൊടണമെന്നു തോന്നി. എന്തൊരു കറുപ്പ്‌! അവള്‍, തിളങ്ങുന്ന ആ കറുപ്പിലേക്ക്‌ വിരല്‍ ചൂണ്ടി.

"ആലീസിന്‌ ഉറപ്പുണ്ടോ?" കോടതി ചോദിച്ചു.

"പിന്നെ? ഉറപ്പില്ലാതെ? ഇത്രയും ഭംഗിയുള്ള കറുത്ത തുണിയില്‍ സ്വര്‍ണ്ണപ്പൊട്ടു നക്ഷത്രങ്ങള്‍ പതിച്ച ഒരു ഉടുപ്പണിഞ്ഞാല്‍ ആലീസ്‌ എത്ര സുന്ദരിയായിരിക്കും?! ഇവര്‍ക്കതറിയുമോ ഉറപ്പാണ്‌..."

"ഉറപ്പ്‌.... ഉറപ്പ്‌"

"നോട്ട്‌ ദാറ്റ്‌ പോയന്റ്‌, മൈ ലോര്‍ഡ്‌" ആലീസിനു ചിരിവന്നു. ഇത്ര ചെറിയ കാര്യങ്ങളൊക്കെ, എത്ര ഗൗരവമായാണ്‌ എഴുതിവയ്ക്കുന്നത്‌? ഗുണനപ്പട്ടികകള്‍ എത്രയെഴുതിപ്പഠിച്ചാലും ആലീസിന്‌ ഓര്‍മ്മ നില്‍ക്കാറില്ല.

ഇനി ആലീസ്‌ പറയുന്നു

"എല്ലാവരും ജയിക്കുന്ന കളിയാണെന്നു പറഞ്ഞതുകൊണ്ടാ ഞാനതില്‍ കൂടിയത്‌. അവിടെ കുറേ പേരുണ്ടായിരുന്നു. പക്ഷികളുടെ ചിറകുപോലെ, ഉടലോട്‌ ഒട്ടിക്കിടക്കുന്ന തൂവലുകള്‍, രോമങ്ങള്‍.... വവ്വാലുകളുടേതുപോലുള്ള കറുത്ത വിരിച്ചിറകുകള്‍.... ഞാനാകെ നനഞ്ഞിരുന്നു. അത്‌ - എങ്ങനെയായിരുന്നെന്ന്‌ എനിക്കറിയില്ല. പക്ഷെ, അവരെല്ലാം എന്നോടു പറഞ്ഞത്‌ നമ്മളൊരു കളി കളിയ്ക്കാന്‍ പോകുകയാണ്‌.... എല്ലാവരും ജയിക്കുന്ന കളി... എന്നാണ്‌. ലോറിപക്ഷിയോട്‌ ഞാന്‍ വഴക്കിടുകകൂടി ചെയ്‌തുവെന്നേ..!

പിന്നെയാണ്‌ ചുണ്ടെലി വന്നത്‌. അവന്റെ കൈയ്യില്‍ ഒരു മന്ത്രവിദ്യയുണ്ടെന്നു പറഞ്ഞാണ്‌ എന്നെ വിളിച്ചത്‌. വില്യം കോണ്‍കറുടെയും, മെര്‍സിയയിലെയും നോര്‍തമ്പ്രിയയിലെയും പ്രഭുക്കളുടെയും, കാന്റര്‍ബറിയിലെ ആര്‍ച്ച്‌ ബിഷപ്പിന്റെയുമൊക്കെ പേരുകള്‍ പറയുന്നുണ്ടായിരുന്നു. വെള്ളത്തില്‍ വീണ നനവുമാറാനാണ്‌ കളിച്ചതും, ചുണ്ടെലി തന്ന കീ്ക്കിന്‍ കഷ്‌ണം ഞാന്‍ തിന്നതും.... എന്നിട്ടും എന്റെ ഉടുപ്പൊക്കെ നനഞ്ഞിരുന്നു."

ആലീസ്‌ വിതുമ്പിക്കരയാന്‍ തുടങ്ങി. കോടതിമുറി ഒരു മരുഭൂമിയാണെന്ന്‌ ആലീസിന്റെ മമ്മിക്കുതോന്നി. അവര്‍ ഇളയകുഞ്ഞിനെ നെഞ്ചിലേക്കു ചേര്‍ത്തുപിടിച്ചുകൊണ്ട്‌ ഭര്‍ത്താവിന്റെ ചുമലിലേക്കു ചാഞ്ഞു, "വിക്ടര്‍, വിക്ടര്‍...." എന്നു പുലമ്പിക്കൊണ്ടിരുന്നു.

"എന്നിട്ട്‌ ആരാണ്‌ ജയിച്ചത്‌? കോടതി ഒരു വിടനെപ്പോലെ ആലീസിനോടു ചോദിച്ചു.

"ആരും ജയിച്ചില്ല. എല്ലാവരും എന്നോടു സമ്മാനം ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാനെന്റെ ഉടുപ്പിന്റെ പോക്കറ്റില്‍ തപ്പി. ഡാഡി വാങ്ങിത്തരുന്ന മിഠായികളൊക്കെ ഞാന്‍ പോക്കറ്റിലാ വയ്ക്കാറ്‌. പക്ഷെ... പോക്കറ്റൊക്കെ കീറിപ്പോയിരുന്നു... ഞാനാകെ നനഞ്ഞിരുന്നു.

അവസാനത്തെ വാക്കുച്ചരിച്ചപ്പോഴേക്കും ആലീസിന്റെ മമ്മി പൊട്ടിക്കരഞ്ഞു. മമ്മി ഇനിയും കരഞ്ഞാല്‍ കണ്ണുനീര്‍ ഒഴുകി ഈ കോടതിമുറിയാകെ നിറയുമെന്നും താനതില്‍ മുങ്ങിമരിക്കുമെന്നും ആലീസിനു തോന്നി.

"അവര്‍ ആകെ എത്രപേരുണ്ടായിരുന്നു?" കോടതി അവളുടെ കൈവണ്ണയില്‍ വരഞ്ഞുപോറി.

"അവര്‍.... കുഴിമുയല്‍, ചുണ്ടെലി, താറാക്കൊമ്പന്‍, വവ്വാല്‍.... കുറേപേര്‍, കുറേപേര്‍..."

എല്ലാവരും ജയിക്കുന്ന കളിയില്‍ നിന്ന്‌ താന്‍മാത്രം ദൂരേക്ക്‌ ഒഴുകിപ്പോകുന്നതായി ആലീസിനു തോന്നി.

അതിലൊക്കെ ആദ്യം....

"ഞാന്‍ കുതിരവണ്ടിയുമായി പുല്‍പ്പുറത്തിരിക്കുകയായിരുന്നു. എനിക്ക്‌ ശരിക്കും ഉറക്കംവന്നിട്ടുണ്ടായിരുന്നു. എത്രയാന്നുവച്ചിട്ടാ ഡാഡിയുടെ ഓഫീസ്‌ മുറിയിലിരിക്കുക? അവിടെയൊക്കെ തടിയന്‍ ചട്ടപ്പുസ്‌തകങ്ങളാണെന്നേ. വായിക്കാന്‍ ഒരു രസവുമില്ലാത്ത പുസ്‌തകങ്ങള്‍. അപ്പോഴാണ്‌ പുല്‍പ്പുറത്ത്‌ ഒരു വെളുത്ത കുഴിമുയല്‍ വന്നത്‌. അവനെ ഞാന്‍ മുമ്പും സ്കൂളില്‍ പോകുന്ന വഴിയിലൊക്കെ കണ്ടിട്ടുണ്ട്‌. ഇടക്കൊക്കെ അവന്‍ മിഠായി വേണോ എന്നു ചോദിക്കാറുമുണ്ട്‌. ഈ ബോറടി എന്നു പറയുന്നത്‌ സ്കൂള്‍ കുട്ടികള്‍ക്കുമില്ലേ? കുഞ്ഞിവാവ വരുംവരെ മമ്മി എന്റെ സ്കൂള്‍ ബാഗൊക്കെ പിടിയ്ക്കുമായിരുന്നു. ഹൊ എന്താ അതിന്റെ ഒരു കനം!! എന്നും കൊണ്ടുപോണം എട്ട്‌ ടെക്‌സ്റ്റും, എട്ടു നോട്ടും, മൂന്നു കോപ്പി ബുക്കും. ഇരുപത്തൊന്നു ബുക്കും, ടിഫിന്‍ ബോക്‌സ്‌, വാട്ടര്‍ ബോട്ടില്‍... ഹൊ എങ്ങനെയാ എന്റെ ആലീസുകുട്ടീ നീയീ ബാഗൊക്കെ ഒറ്റക്കു പൊക്കണേന്ന്‌ ചോദിച്ചാ കുഴിമുയല്‍ ആദ്യമാദ്യം വന്നത്‌. പിന്നെ ചെലപ്പോ എന്റുസ്കൂളുവരെയൊക്കെ ബാഗു ചുമന്നുകൂടെ വരും. സ്കൂളിന്റെ ഗെയിറ്റിനടുത്തുവച്ച്‌ ഒരുമ്മയും തരും. പപ്പക്കും, മമ്മിക്കും ഇപ്പോ ഉമ്മ തരാനൊന്നും സമയമില്ലെന്നേ. സ്കൂളീകേറുംവരെ അവനവിടെ നില്‍ക്കും. ക്ലാസിലെത്തിയാപ്പിന്നെ എനിക്കൊന്നും ചിന്തിയ്ക്കാന്‍ സമയം കിട്ടാറില്ല. ഈ ഇംഗ്ലീഷ്‌ പ്രോസൊക്കെ കാണാതെ പഠിച്ച്‌ തലവേദനിക്ക്യാണ്‌. മമ്മി ഇതൊക്കെ പത്താം ക്ലാസിലേ പഠിച്ചിട്ടുള്ളൂത്രെ! പിന്നെ ഹിന്ദി എളുപ്പാ. ടീവീല്‌ എന്നും ഷാരൂഖ്‌ ഖാന്റെ സിനിമ കണ്ടാ മതി. പിന്നെ ഹിന്ദി ഈസിയായും. മാത്‌സ്‌ - ഹൊ! ജ്യോമട്രിയിലേക്കു പോയാപ്പിന്നെ തിരിച്ചുവരാനേ തോന്നൂല്ല. കോണും, ത്രികോണും, ലൈന്‍സും.... എനിക്ക്‌ വല്ല്യഷ്ടാ. വെശപ്പു വന്നാക്കൂടി ഒന്നും കഴിയ്ക്കാന്‍ സമയമില്ല. പിന്നെപ്പിന്നെ കുഴിമുയല്‍ ക്ലാസിലേക്കു കയറിവരും. ടീച്ചര്‍ ബ്ലാക്‌ ബോര്‍ഡിലേക്കു തിരിയുമ്പോള്‍ ഒരു തുണ്ട്‌ പീസ്‌ ചീസോ, കീ്ക്കോ വായീ വച്ചുതന്ന്‌ ഒറ്റ ഓട്ടം കൊടുക്കും. എന്നെ വല്ല്യഷ്ടാ അതിന്‌. പക്ഷെ,

പക്ഷെ....

ഇപ്പോ അവനെവിടെ....?

ആലീസിനു വീണ്ടും കരച്ചില്‍ വന്നു. കോടതിപങ്കകളില്‍ പിടിച്ചിരിക്കുന്ന പൊടിത്തരികളുടെ പൂതലിച്ച നിറം അവളെ അസ്വസ്ഥയാക്കി...

"മൈ ലോര്‍ഡ്‌, ആലീസിന്‌ പ്രതിയെ വലിയ ഇഷ്ടമായിരുന്നു എന്ന്‌ ആലീസ്‌ സമ്മതിച്ചു കഴിഞ്ഞു" വക്കീല്‍ അലറി.... എന്നാലും അങ്ങനെയല്ല, അങ്ങനെയല്ല എന്ന്‌ അവന്റെ മനസ്‌ പറഞ്ഞു.

"എങ്കിലും തുടര്‍ന്നു നടന്ന സംഭവങ്ങള്‍ ആലീസില്‍ നിന്നു തന്നെയറിയാന്‍ കോടതിക്കു താല്‍പര്യമുണ്ട്‌" വനിതാ പോലീസുകാര്‍ വായ്‌പൊത്തി ചിരിച്ചു.

"ഇത്‌ അന്യായമാണ്‌. ഒരു കൊച്ചു കുഞ്ഞിനോട..." പല്ലുപൊന്തിയ വികൃതരൂപിയായ ഒരു സ്‌ത്രീ ഇടയ്ക്കുകയറി. "അവര്‍ സ്‌ത്രീവേദിയുടെ ചെയര്‍വുമണാണ്‌" ആരോ മന്ത്രിച്ചു. അവര്‍ക്ക്‌ പ്രഭ്വിയുടെ അതേ ഛായ തന്നെ ആലീസോര്‍ത്തു. ഇടക്ക്‌ ചൂടാകാറുണ്ടെങ്കിലും പ്രഭ്വിക്ക്‌ എന്തോ ഒരു, പ്രൗഢതയുണ്ടെന്ന്‌ അവള്‍ക്കു തോന്നി.

"ആലീസ്‌ തുടര്‍ന്നു പറയുക" കോടതി കല്‍പിച്ചു.

"അവനെന്നോട്‌ ഒരുപാട്‌ പറയും. നക്ഷത്രങ്ങളെക്കുറിച്ചും, പൂമ്പാറ്റകളെപ്പറ്റിയും, മഴവില്ലിനെപ്പറ്റിയും ഒക്കെ... ജ്യോമട്രിയുടെയും, ഫിസിക്സിന്റെയും, ഇക്വേഷന്റെയുമൊക്കെ കാര്യമോര്‍ക്കുമ്പോ അതൊക്കെ കേള്‍ക്കാന്‍ തന്നെ പേട്യാ. എന്നാലും ഞാന്‍ കേള്‍ക്കും. എന്തൊരു രസമാ അവന്റെ ശബ്ദം. പെട്രൂഷ്യാ മിസ്സിന്റെ പോലെ 'ക്‌രാ ക്‌രാ' എന്നല്ല പിന്നെ മമ്മി വിളിക്കുമ്പോലെ 'എടീ' എന്ന്‌ വിളിക്ക്യേ ഇല്ല... പക്ഷെ പറയാഞ്ഞതുകൊണ്ടാ എനിക്കു സങ്കടം. ചെലപ്പോ ഞാനവനോടു പെണങ്ങും".

"ആ... അതുപറയൂ... എന്താണവന്‍ പറയാതിരുന്നത്‌"

ആലീസ്‌ ഇത്തിരിനേരം ആലോചിച്ചു. "ഒന്നുമില്ല. സ്കൂളിനു പിന്നിലെ പൊന്തക്കാട്ടില്‍ നിറയെ മിഠായിപൂക്കുന്ന മരങ്ങളുണ്ടെന്ന്‌ അവനെന്നോടു പറഞ്ഞതേയില്ല. മിഠായി മാത്രല്ലാ..... കീ്ക്ക്‌, ചീസ്‌, ജാംറോള്‍... ഒക്കെയുണ്ടത്രെ... എത്രകാലായി ഞാനാസ്കൂളില്‌! എന്നിട്ടും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ചെലപ്പോ അവനെന്നോട്‌ സര്‍പ്രൈസായിട്ട്‌ പറയണമ്ന്ന്‌ കരുതീട്ട്ണ്ടാവും. സാരല്ല്യ... അവനത്‌ പറഞ്ഞപ്പോ തൊട്ട്‌ എനിക്ക്‌ മിഠായിമരങ്ങളെ കാണണംന്നായി. അവന്‍തന്നെ വന്ന്‌ കൊണ്ടുപോയിക്കാട്ടിത്തരാം എന്ന്‌ പറഞ്ഞു. എന്നിട്ട്‌..."

"എന്നിട്ട്‌"? കോടതിച്ചുവരുകള്‍ ഒരു പുതിയ കഥകേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചു.

"ഇന്നാളാ പോയത്‌. ചെന്നപ്പോ എന്തുരസാ അവിടെ.... അവന്‍ കൈയ്യുറകളും, സോക്‌സുമൊക്കെയിട്ട്‌ നില്‍ക്കുന്നു. ഓരോ ഇലത്തലപ്പിലുമുണ്ട്‌ മിഠായികള്‍. മഞ്ഞ, ചുവപ്പ്‌, പച്ച, നീല, പര്‍പ്പിള്‍.... അതു പറഞ്ഞപ്പഴാ ഓര്‍ത്തത്‌. എനിക്ക്‌ പച്ച ഡ്രസ്സൊക്കെ വല്ല്യഷ്ടാ. പക്ഷെ ഞങ്ങടെ സ്കൂളില്‌ പച്ചനിറമ കേറ്റില്ല്യാ... ഹാപ്പി ബര്‍ത്ത്ഡേണ്ടാവുമ്പോ എങ്ങാനും പച്ചയിട്ടാല്‍ മിസ്സ്‌ പറയും - "ഇതൊന്നും നമ്മടെ നെറമല്ലാട്ടോ ന്ന്‌" എന്താ പച്ചക്ക്‌ ഒരു കുഴപ്പം? ഇന്നാര്‍ക്ക്‌ ഇന്ന കളറ്‌ എന്നൊക്കിംണ്ടോ? ഓറഞ്ചും, നീലയുമൊക്ക്യൊത്രെ നമ്മടെ കളറുകള്‌? എനിക്ക്‌ പച്ച ഇഷ്‌ടാ... വല്ല്യഷ്‌ടാ... എന്റെ സുധിമാമന്‌ ചോപ്പാ ഇഷ്‌ടം. എപ്പഴും വീട്ടില്‌വന്ന്‌ ഡാഡിയോട്‌ പറഞ്ഞ്‌ ബഹളം വക്കണത്‌ കേക്കാം. "ചുവപ്പ്‌ ജയിക്കട്ടെ, ചുവപ്പ്‌ ജയിക്കട്ടെ" എല്ലാ കളറും നല്ലതാ. പച്ച പ്രത്യേകിച്ച്‌..."

"ങ്ങാ! ഞാന്‍ പറയാന്‍ മറന്നു. എത്ര നെറങ്ങളുള്ള മിഠായികളാണെന്നോ! അവിടെ നല്ല തണുപ്പായിരുന്നു. ഞാനങ്ങോട്ട്‌ ചെല്ലുന്നത്‌ ആരും കാണരുത്‌ എന്ന്‌ അവന്‍ നിര്‍ബന്ധമായി പറഞ്ഞിരുന്നു. പക്ഷെ, ദീപേച്ചിയോടു മാത്രം പറഞ്ഞു. ദീപേച്ചിക്ക്‌ മുയലിനെ അറിയാമത്രെ! പക്ഷെ, ഒരു മിഠായി ഇറുത്ത തന്നപ്പോഴേക്കുമാ അവരൊക്കെ വന്നത്‌...."

"ആരൊക്കെ? പറയൂ.... പറയൂ...." കോടതി അവളെ പ്രോത്സാഹിപ്പിച്ചു.

"അവരൊക്കെ. എനിക്കവരെ അറിയില്ല. ഞാനും അവനും മിഠായിത്തോട്ടത്തില്‍ ഓടിക്കളിക്കുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഒന്നു നില്‍ക്കും, ഒരു മിഠായി തിന്നും അങ്ങനെ ഓടിയോടി.... ഒരു മാളത്തിനടുത്തെത്തിയപ്പോള്‍ അവനതിലേക്ക്‌ ചാടി. ഞാനും പിന്നാലെ ചാടി. താഴേക്കു താണു താണു പോകുന്ന ഒരു മാളമായിരുന്നു അത്‌. ഒന്നും ആലോചിക്കാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ താണുതാണുപോയി. ചുറ്റിലും ഒന്നും കണ്ടില്ല. ഒടുവില്‍ ഒരു മൈതാനത്ത്‌ ഞാന്‍ മലര്‍ന്നടിച്ചു വീണു അവരെല്ലാം അവിടെയുണ്ടായിരുന്നു. ഞാന്‍ വീണ മൈതാനം ഒരു മുറിയുടെ നടുക്കായിരുന്നു. അവിടെ ഒരു ഭരണീല്‍ ഒരു കഷ്‌ണം കേയ്ക്ക്‌ എന്നെ നോക്കിചിരിച്ചു. "എന്നെ തിന്നോളൂ" എന്നത്‌ പറഞ്ഞു. അവരെല്ലാം അത്‌ തിന്നാന്‍ പ്രേരിപ്പിച്ചു. ഞാനത്‌ തിന്നു. ഹൊ! എന്തൊരു രുചിയായിരുന്നു അതിന്‌! പക്ഷെ, അതു തിന്നത്‌ ഞാന്‍ ആ മുറിയിലിരുന്നാണ്‌. പിന്നീട്‌ ഞാന്‍ ഉറങ്ങിപ്പോയി (ആദ്യമേ എനിക്കുറക്കം വരുന്നുണ്ടായിരുന്നല്ലോ!). ഉണരുമ്പോള്‍ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തായിരുന്നു. അവിടെ റാണിയുടെ ക്രോക്കേ കളി നടക്കുകയായിരുന്നു. എനിക്ക്‌ ഉറക്കം വരുന്നുണ്ടായിരുന്നു. എന്നിട്ടും....അല്ല, ഞാന്‍ കടല്‍ത്തീരത്തായിരുന്നു. ചിറ്റക്കൊഞ്ചന്മാരുടെ നൃത്തം കാണാന്‍ ആളുകള്‍ കൂടിയിരുന്നു. അപ്പോഴാണ്‌ എനിക്ക്‌ കുറേശ്ശെ പേടി തോന്നിയത്‌. കടലിലേക്കു നോക്കിയപ്പോള്‍ വെളിച്ചം കണ്ടതേയില്ല. പിന്നെ...കുറെ പട്ടാളക്കാര്‍ വന്നു. ചുവപ്പുപൂക്കള്‍ക്കു പകരം വെളുത്ത പൂക്കള്‍ വിരിഞ്ഞതിന്‌ അവര്‍ക്ക്‌ ശിക്ഷ കിട്ടുമായിരുന്നു. റാണി എന്നെ മടിയിലിരുത്തി ഓമനിച്ചു. പക്ഷെ, എപ്പോഴോ ഞാനുറങ്ങിപ്പോയി. അല്ലെങ്കില്‍ കളി മുഴുവന്‍ കാണാമായിരുന്നു.

"പിന്നീട്‌ ആലീസിനെ അവര്‍ എങ്ങോട്ടാണു കൊണ്ടുപോയത്‌?" കോടതി അതിന്റെ ക്രൂരതകള്‍ മറച്ചുവയ്ക്കാന്‍ ഏറെ പാടുപെട്ടു.

ആലീസ്‌ ഒട്ടൊന്നാലോചിച്ചു. പിന്നെപ്പറഞ്ഞു. "കോമാളിക്കടലാമയുടെ അടുത്തേക്ക്‌. കടലാമകള്‍ക്ക്‌ നല്ല കഥപറയാനറിയാമെന്ന്‌, റാണിയും, പ്രഭ്വിയും പറഞ്ഞു. ദീപേച്ചിയും കേട്ടതാണത്രെ! പക്ഷെ അവിടെ ഈ വക്കീലിന്റെ പോലെ ഒരു സിംഹക്കഴുകന്‍ ഉണ്ടായിരുന്നു. എനിക്ക്‌ കുറേശ്ശെ പേടിയായി. മമ്മിയെ കാണണം ന്ന്‌ തോന്നി. പക്ഷെ ഇനി അങ്ങനെ പറഞ്ഞാല്‍ തലവെട്ടിക്കളയുമെന്ന്‌ പ്രഭ്വി പറഞ്ഞു. മിഠായി തിന്ന്‌ തിന്ന്‌ എന്റെ തൊണ്ണു വേദനിച്ചു തുടങ്ങിയിരുന്നു. എനിക്ക്‌ മിഠായി മതിയായിരുന്നു. പക്ഷെ സിംഹക്കഴുകന്‍ എന്നെ കണ്ണുരുട്ടി, പിന്നെ പറഞ്ഞു "ഇതൊരു തമാശയല്ലേ?"

"എനിക്കങ്ങനെ തോന്നിയില്ല. കുഴിമുയലിനെ കാണാനില്ലായിരുന്നു. അവനെവിടെയെന്ന്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അവന്‍ വേറൊരു ആലീസിനെ തേടി പോയിരിക്കുകയാണെന്ന്‌. അതോണ്ടാ ഞാന്‍ പറഞ്ഞത്‌, ഞാനവനോട്‌ പെണങ്ങാമ്പോവാന്ന്‌..." ആ, പിന്നെയുമുണ്ടായി ചിറ്റക്കൊഞ്ചന്മാരുടെ ഡാന്‍സ്‌ അതിന്റെ ഒടുവിലാ 'കോടതി' 'കോടതി' എന്ന്‌ കേട്ടത്‌. ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു വിചാരണ തുടങ്ങാന്‍ പോകുന്നു' എന്ന്‌. എനിക്കറിയില്ലായിരുന്നു വിചാരണ എന്നാല്‍...."

ആലീസ്‌ കരഞ്ഞു തുടങ്ങുമോ എന്ന്‌ അവളുടെ മമ്മിക്കു സംശയമായി. "വിക്ടര്‍, ആരെയും വെറുതെ വിടരുതെന്നു പറയൂ, പറയൂ" അവര്‍ പുലമ്പി.

"പിന്നീട്‌ ആലീസിന്‌ എന്താണു സംഭവിച്ചത്‌?" കോടതി വീണ്ടും വീണ്ടും ചോദിച്ചു.

വിചാരണക്കോടതിയില്‍ ആലീസ്‌

"ആലീസ്‌ എങ്ങനെയാണ്‌ ഈ കെണിയിലകപ്പെട്ടത്‌?"

"ആരാണ്‌ ആലീസിനെ വശീകരിച്ച്‌ കൊണ്ടുപോയത്‌"

(ഒരു ചെറിയ പെണ്‍കുട്ടിയോടു ചോദിയ്ക്കാവുന്ന വാക്കല്ല 'വശീകരണം' എന്നതെന്ന്‌ സ്‌ത്രീവേദി ചെയര്‍വുമണ്‍ ഒച്ചവച്ചു)

" അവര്‍ എത്രപേരുണ്ടായിരുന്നു?"

"ആരാണാദ്യം ആലീസിനെ?"

"ബഹളം വയ്ക്കാമായിരുന്നില്ലേ?"

"കുതറി ഓടാമായിരുന്നില്ലേ?"

രാജാവ്‌, ആട്‌തന്‍ റാണി തുടങ്ങിയവര്‍ അവരവരുടെ രാജസിംഹാസനങ്ങളിലിരിക്കുകയായിരുന്നു. ആലീസ്‌ സൂക്ഷിച്ചു നോക്കി. പക്ഷികള്‍, മൃഗങ്ങള്‍... പച്ചമുളത്തലപ്പുകള്‍... കോടതിയുടെ ഒത്തനടുവില്‍ ഒരു മേശപ്പുറത്ത്‌ പാല്‍ക്കട്ടികള്‍ വിളമ്പിവച്ചിരിക്കുന്നു. അവള്‍ക്ക്‌ കൊതിയായി. ഹൊ! ഈ നശിച്ച വിചാരണയൊന്നു കഴിഞ്ഞിരുന്നെങ്കില്‍! ഓരോ കഷ്‌ണം പാല്‍ക്കട്ടി കിട്ടുമായിരിക്കും.

വിധികര്‍ത്താവിന്റെ കസേരയിലാരാണ്‌? രാജാവല്ലേ അത്‌? രോമത്തൊപ്പിയുംവച്ച്‌.... രാജാവ്‌ നിരവധിപേരുടെ പേരുകളെഴുതിവച്ച ചുരുള്‍ നിവര്‍ത്തി. ഓരോ പേജുകളും വായിക്കാന്‍ തുടങ്ങി.

"എനിക്ക്‌ ഈ പേരുകളൊന്നും അറിയില്ല. ഞാനിവ കേട്ടിട്ടുപോലുമില്ല." ആലീസ്‌ തീര്‍ത്തു പറഞ്ഞു.

"മോളേ... അങ്ങനെ പറയാതിരിക്കൂ. ഇവരെല്ലാം നിന്നെ ഉപദ്രവിച്ചവരാണ്‌. നീ അത്തരത്തിലാണ്‌ മൊഴി നല്‍കേണ്ടത്‌" വാദിഭാഗം വക്കീല്‍ അവളോട്‌ മന്ത്രിച്ചു. ആലീസിനു ദേഷ്യം വന്നു. "ഉപദ്രവിച്ചെന്നോ? ആര്‌? വെള്ളക്കുഴിമുയലോ! ചിറ്റക്കൊഞ്ചനോ? കോമാളിക്കടലാമയോ? പാപ്പാത്തിപ്പുഴുവോ? ഇല്ല... ഇല്ല...."

"ആലീസോര്‍ത്തു. കൂണിനു മുകളില്‍ ഹുക്കവലിക്കുന്ന പാപ്പാത്തിക്ക്‌ എന്തൊരു സ്നേഹമായിരുന്നു! കാവോതിക്കാക്കയാവട്ടെ ചിറകുകള്‍ക്കുള്ളില്‍ കിടത്തി എത്രയിഷ്ടത്തോടെയാണ്‌ ഉറക്കിയത്‌? അതൊക്കെ എങ്ങനെ ഉപദ്രവമാകും?

"ആലീസിനെ ആരും ഉപദ്രവിച്ചിട്ടില്ല എന്നാണോ പറയുന്നത്‌?" - കോടതി വീണ്ടും ചോദിച്ചു.

"ആലീസ്‌, എന്റെ പൊന്നുകുട്ടീ, നീ മറിച്ച്‌ പറയരുത്‌. ഈ കേസ്‌ നമുക്കു ജയിക്കണം. ഇവര്‍ക്കെല്ലാം ശിക്ഷ ലഭിക്കണം."

ആലീസിന്‌ വല്ലാതെ തോന്നി. ചീട്ടുപടയാളികളെ കണ്ടപ്പോള്‍ അവള്‍ക്കു പാവം തോന്നി. ചെഷയര്‍ പൂച്ച അവളുടെ കണ്ണുകളിലേക്കു നോക്കി. എത്ര പഞ്ചസാരക്കട്ടികളാണ്‌ അവന്‍ തന്നിട്ടുള്ളത്‌! ഇല്ല. ഇവരെയെന്നും ശിക്ഷിക്കാന്‍ പാടില്ല. പാടില്ല.

കോടതിമുറി ആകെ തിരിയുന്നതായവള്‍ക്കു തോന്നി. പ്രതിഭാഗം വക്കില്‍ ഉന്മേഷവാനായി കാണപ്പെട്ടു. നാല്‍പത്തിമൂന്നുപേര്‍ തലപൊന്തിച്ച്‌ നോക്കി. കുഴിമുയല്‍, പാപ്പാത്തിപ്പുഴു, കോമാളിക്കടലാമ, ചിറ്റക്കൊഞ്ചന്‍, പ്രഭ്വി, ആട്‌തന്‍ രാജാവ്‌... അവള്‍ക്ക്‌ ഏറെ സന്തോഷമായി. കുഴിമുയിലിന്റെ കൂടെ വീണ്ടും വീണ്ടും ഓടിക്കളിക്കാനവള്‍ക്കു തോന്നി. ചുണ്ടെലിയുടെ ചായ സല്‍ക്കാരം. ഹൊ! ഇരുപത്തെട്ടുകിലോ ഭാരവും ചുമലിലേറ്റി സ്കൂളിലേക്കു പോകുന്നതിലുമെത്രയോ ഭേദമാണ്‌ പ്രഭ്വിയുടെ വീട്ടിലെ കുരുമുളകു സൂപ്പിന്റെ എരിവ്‌! ജ്യോമെട്രിയും ഫിസിക്സും പഠിക്കുന്നതിലുമെത്രയോ രസമാണ്‌ ക്രോക്കെ കളിയും കടല്‍ നൃത്തവും.

"ഞാന്‍... എനിക്കിവരെയൊക്കെ വലിയ ഇഷ്ടമാണ്‌." ആലീസ്‌ ചിരിച്ചു. കടലാമയും കാവോതിക്കാക്കയും കണ്ണിറുക്കി. അതൊരു പുതിയ കളിയാണെന്ന്‌ ആലീസിനു തോന്നി. ന്യായാധിപന്‍ ആലീസിനെ നോക്കി. ആലീസിന്റെ മമ്മി തലകറങ്ങി വീണിരുന്നു. ആലീസിന്റെ വക്കീല്‍ മേശമേല്‍ കൈകുത്തി 'ഡാമെഡ്‌' എന്നുരുവിട്ടു.

ന്യായാധിപന്‍ കല്‍പ്പിച്ചു.

"പീഢിപ്പിക്കപ്പെട്ടുവെന്ന്‌ ആരോപിക്കപ്പെട്ട കുട്ടി, ആലീസ്‌ 10 വയസ്‌, സ്വമേധയാ, സ്വന്തം ഇഷ്ടപ്രകാരം 43 പ്രതികള്‍ക്കൊപ്പം പോയതാണെന്നും, വാദിയുടെ ഇഷ്ടത്തിനെതിരായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും നടന്നതെല്ലാം തന്നെ വാദിയുടെ സമ്മതത്തോടു കൂടിയാണെന്നും വാദിയില്‍ നിന്നു തന്നെ കേട്ട്‌, നിരുപാധികം തെളിഞ്ഞിരിക്കുന്നതിനാല്‍ നാല്‍പത്തിമൂന്നു പേരെയും കുറ്റവിമുക്തരാക്കാന്‍ ഉത്തരവിടുകയും, തെറ്റായ പരാതി നല്‍കിയതിനാല്‍ വാദിഭാഗത്തുള്ളവര്‍ പതിനായിരം രൂപ വീതം മാനനഷ്ടം നല്‍കേണ്ടതായും...

കോടതി ഒരു കടലായി. ആലീസ്‌ മുയലിനെ നോക്കി. ആലീസിന്റെ മമ്മി ഉറക്കെ നിലവിളിച്ചു. മുയല്‍ കൈത്തണ്ടയിലെ ഘടികാരത്തിലേയ്ക്കു നോക്കുന്നു. ഓ... അവന്‌ വണ്ടര്‍ലാന്റിലെത്താനുള്ള സമയം കഴിഞ്ഞിരിക്കും. ആലീസ്‌ ഉച്ചത്തിലവനെ വിളിച്ചു. അവന്‍ വിളികേള്‍ക്കാതെ ഓടി. അവള്‍ക്ക്‌ ഇച്ഛാഭംഗം തോന്നി. താന്‍ അവനോടു പിണങ്ങുമെന്ന്‌ പറഞ്ഞതുകൊണ്ടായിരിക്കുമോ അവന്‍ പോയത്‌? ഇനിയെങ്ങനെ ഉദ്യാനത്തിലെത്തും? അവള്‍ക്ക്‌ സങ്കടം വന്നു. ഇനിയെന്തു ചെയ്യും? പോക്കറ്റില്‍ ഡാഡി വാങ്ങിത്തന്ന മിഠായികളുണ്ട്‌. അതു തിന്നാം. അല്ലാതെ എങ്ങനെ സമയം കളയും? അവള്‍ കുപ്പായക്കീശയില്‍ കൈയ്യിട്ടുനോക്കി. കൈവിരലുകളില്‍ ഒരു ഒട്ടുമണം പരന്നു. കീശക്കു പുറത്തെടുത്ത മിഠായികളില്‍ നിന്ന്‌ പടര്‍ന്നൊലിച്ച ചുവപ്പു നിറം അവളുടെ വിരലുകളെ ചുവപ്പിച്ചു. എത്ര ഓര്‍മ്മിച്ചിട്ടും ഉദ്യാനത്തിലേക്കുള്ള വഴി അവള്‍ക്ക്‌ ഓര്‍മ്മ വന്നില്ല. അലിഞ്ഞുപോയ മിഠായികളെ ഓര്‍ത്ത്‌ ആലീസ്‌ കരഞ്ഞു. വീണ്ടും വീണ്ടും കരഞ്ഞു.



കൃതിയെപ്പറ്റി അഭിപ്രായമെഴുതുക


കൃതി ഇ-മെയില്‍ ചെയ്യുക


കൃതി പ്രിന്റ്‌ ചെയ്യുക


പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍


free hit counter

No comments: