സുവിരാജ് പടിയത്ത്

(കാള്‍ മാര്‍ക്സിന്റെ വരികള്‍ ഓര്‍ത്ത് ബാബു ഭരദ്വാജ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത്...)
ക്രൈസ്തവ സഭയുടെ കീഴിലുള്ള സ്വാശ്രയസ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കാന്‍ വരുന്നവരുടെ മുന്നില്‍ ഇനി കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും വിമോചനസമരത്തിന്റെ ഓര്‍മകള്‍ അടങ്ങിയിട്ടില്ലെന്നും ഇനിയും മുറിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചാല്‍ വീണ്ടുമൊരു വിമോചനസമരത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത ന്യൂനപക്ഷാവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ബിഷപ്പ് ആവേശഭരിതമായി ഇങ്ങനെ പ്രതികരിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഇടയലേഖനങ്ങള്‍ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വായിച്ചുകൊണ്ട് വിഷയത്തിന്റെ ഗൗരവം ക്രിസ്തീയസഭ വ്യക്തമാക്കുകയും ചെയ്തു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലൂടെ മുസ്ലീം ലീഗും നാരായണപ്പണിക്കരുടെ വാക്കുകളിലൂടെ എന്‍.എസ്.എസും ഒരു ആലോചനയ്ക്കുപോലും സമയമെടുക്കാതെ വിഷയത്തിലേക്ക് എടുത്തുചാടുകയും ചെയ്തു.
സ്വഭാവികമായിരുന്നു എല്ലാം. വ്യത്യസ്തവിശ്വാസങ്ങളുടെ ഈ കൂട്ടായ്മ നന്മയുടെ നേര്‍വഴിയിലൂടെയാണോ എന്നതിന് നൂറുശതമാനവും അല്ലന്നു തന്നെയാണ് ഉത്തരം. ഈ വിമോചനസമര സിദ്ധാന്തത്തിന്റെ വഴിയും സത്യവും കച്ചവടം തന്നെ. രണ്ട് സ്വാശ്രയകോളേജുകള്‍ക്ക് ഒരു സര്‍ക്കാര്‍ കോളേജ് എന്ന മാന്യമായ ഫോര്‍മുലയെ ന്യൂനപക്ഷസംരക്ഷണനിയമത്തിന്റെ സഹായത്തോടെ കോടതിയില്‍ അട്ടിമറിച്ച ന്യൂനപക്ഷ മാനേജുമെന്റുകളുടെ നിലപാടുകള്‍ തന്നെയാണ് ഇവിടെയും ഉയര്‍ന്ന പ്രശ്നം. സമുദായങ്ങളുടെയും സഭകളുടെയും നിലനില്‍പ് കച്ചവടം മാത്രം എന്നയിടത്താണ് യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നത്. നിലനില്‍പിനും നീതിക്കുമപ്പുറം ലാഭത്തിന്റെ കണക്കാണ് വിശ്വാസത്തേക്കാള്‍ വലുത് എന്ന കാഴ്ചപ്പാടാണ് സഭാത്തലവന്മാരെ വട്ടിപ്പലിശക്കാരന്റെയും ചിട്ടിക്കമ്പനി മുതലാളിയുടെയും മനസോടെ ഇടയലേഖനങ്ങള്‍ എഴുതിപ്പിക്കുന്നത്. എഴുതപ്പെട്ട നിയമങ്ങള്‍ക്കപ്പുറത്ത് സാമാന്യനീതിയുടെ ഒരുവശം കൂടി ഇവര്‍ തിരിച്ചറിയേണ്ടതുണ്ട്.
കഴിഞ്ഞുപോയ ഒരു വിമോചനസമരത്തിന്റെ നേരും നെറികേടുകളും കേരളം ഒരുപാട് ചര്‍ച്ച ചെയ്തതാണ്. അതിന്റെ അന്തരീക്ഷവും നാം തിരിച്ചറിഞ്ഞതാണ്. അങ്ങിനെയൊരു സാംസ്കാരികവും സാമൂഹികവുമായ അവസ്ഥയിലല്ല കേരളം എന്ന് മനസിലാക്കണം. എതിര്‍പ്പുകളെ നേരിടാന്‍ ഇന്ന് വഴികള്‍ നിയമപരമായും അല്ലാതെയും തന്നെ ഏറെയുണ്ട്. (എതിര്‍പ്പിന്റെ രീതികളെല്ലാം ശരി എന്നു കരുതേണ്ടതുമില്ല). ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ വിശ്വാസത്തിന്റെ കുരുക്കുകള്‍ വീണ മനസുകളെ പരുവപ്പെടുത്താന്‍ എളുപ്പമായിരിക്കും. പക്ഷെ അത്തരം മനസുകളുടെ എണ്ണം ഇക്കാലത്ത് ഏറെ കുറവാണെന്ന് രണ്ടാം വിമോചനസമരത്തെക്കുറിച്ചുള്ള ലത്തീന്‍ കത്തോലിക്ക ഐക്യവേദി ഭാരവാഹികളുടെ പ്രസ്താവന വ്യക്തമാക്കുന്നു. 1959-ലെ വിമോചനത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ക്ക് ലത്തീന്‍ സമുദായവും മത്സ്യത്തൊഴിലാളികളും ഇനി നിന്നുതരുമെന്ന് കരുതേണ്ട എന്നും അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
അധികാരത്തിനും സ്വത്തിനും വേണ്ടി പരസ്പരം തലകീറുന്ന സഭകള്‍ ഏറെയുള്ള നാടാണ് കേരളം. വിശ്വാസം അധികാരത്തിനൊപ്പം നില്‍ക്കുന്ന ഇടങ്ങളില്‍ ഇതല്ല ഇതിനപ്പുറവും നടക്കും. കൂട്ടത്തില്‍പ്പെട്ട, ഒരു കര്‍ത്താവിന്റെ മണവാട്ടി ഒരു കോണ്‍വെന്റിന്റെ കിണറ്റില്‍ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായിരുന്നു. കേസന്വേഷണം തലങ്ങും വിലങ്ങും തകര്‍ന്നുപോയപ്പോഴും കുറ്റവാളിയെ കണ്ടെത്താന്‍ ഒരു ഇടയലേഖനവും തിരുസഭകള്‍ പുറത്തിറക്കിയില്ല. ഒരു പ്രതിഷേധ കൊടുങ്കാറ്റും വിശ്വാസികള്‍ കണ്ടില്ല.
കാരണം നമുക്കൊക്കെ പൊള്ളുന്നത് ചിലയിടങ്ങളില്‍ തൊടുമ്പോള്‍ മാത്രമാണ്. ആ ഇടങ്ങള്‍ പണവും അധികാരവും നിറഞ്ഞതായിരിക്കും. അത് ദേവസ്വം ബോര്‍ഡായാലും തിരുസഭകളായാലും ഒന്നു തന്നെ. മതവും രാഷൃടീയവും പണവും എത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നുവോ അതിന്റെ പതിന്മടങ്ങ് അളവിലായിരിക്കും അത് സൃഷ്ടിക്കുന്ന അപകടാവസ്ഥയെന്ന് ചരിത്രബോധമുള്ള ഏവര്‍ക്കും മനസിലാവും. ഇനിയൊരു വിമോചനസമരത്തിന് ഒരുങ്ങിനില്‍ക്കുന്ന ബിഷപ്പിന്റെ മനസിനെ അപകടകരമായ മാനസികരോഗം ബാധിച്ചുവെന്നു തന്നെ വേണം കാണാന്‍. ഈ രോഗത്തിന് മരുന്നു വിധിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പോംവഴികള്‍ ഏറെ ഉണ്ടെന്നിരിക്കെ, കേരളത്തെ വീണ്ടുമൊരു സംഘര്‍ഷഭൂമിയാക്കാന്‍ മതനേതൃത്വം മുന്നോട്ടുവെയ്ക്കുന്ന ഇത്തരം എളുപ്പവഴികള്‍ അപകടം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു ഭൂരിപക്ഷവര്‍ഗീയതയുടെ നിഴലുകള്‍ കേരളത്തിലും സജീവമാണ് എന്ന് തിരിച്ചറിയണം. രണ്ടാം വിമോചനസമരനീക്കം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭീഷണിയാണെന്ന് ചിലര്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
സുവിരാജ് പടിയത്ത്
ഫോണ്‍; 9847046266
E-mail: suviraj@puzha.com




No comments:
Post a Comment