Monday, March 26, 2007

നന്ദിഗ്രാം അടയാളപ്പെടുത്തുന്നത്‌

നന്ദിഗ്രാം ഒരു അടയാളപ്പെടുത്തലാണ്‌. ഇരകളാക്കപ്പെടുന്നവര്‍ക്ക്‌ കാലമോ ദേശമോ രാഷ്‌ട്രീയ വ്യതിയാനമോ ബാധകമല്ല എന്ന പുതിയൊരു തിരിച്ചറിവിലേക്കാണ്‌ നാം ചെല്ലുന്നത്‌. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലക്കായി കൃഷിഭൂമി ഏറെറ്റടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കു നേരെ പോലീസ്‌ നടത്തിയ വെടിവെപ്പിലും സംഘട്ടനത്തിലുമായി ഒരു സ്‌ത്രീ ഉള്‍പ്പെടെ പതിനാലു പേരാണ്‌ കൊല്ലപ്പെട്ടത്‌. ടാറ്റാ കമ്പനിക്കായി സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴും ഏതാണ്ട്‌ സമാനമായ അവസ്ഥയാണ്‌ നേരിടേണ്ടിവന്നത്‌.

ഒരു ജനതയ്‌ക്ക്‌ തങ്ങളുടെ ദേശത്തെ കൈവിടേണ്ടിവരിക എന്നത്‌ ഏറ്റവും ദുരന്തകരമായ അവസ്ഥയാണ്‌. ഒരുവന്റെ ദേശസങ്കല്‍പം പലപ്പോഴും റാഡ്‌ക്ലിഫ്‌ രേഖയോ മക്‌മോഹന്‍ രേഖയോ നിര്‍ണയിക്കുന്ന ഇടങ്ങളിലാകണമെന്നില്ല. മറിച്ച്‌ തന്റെ ശരീരം തൊടുന്ന, അനുഭവിക്കുന്ന പരിസരങ്ങളായിരിക്കും അവ. ഒരുവന്റെ കൃഷിഭൂമി നഷ്ടപ്പെടുക എന്നത്‌ ദേശസ്നേഹത്തിന്റെ കണ്ണിലൂടെ വേണം ദര്‍ശിക്കാന്‍. തന്റെ കൃഷിഭൂമി കയ്യടക്കുന്നതും, തന്റെ കുടിലിനെ ബുള്‍ഡോസറിനാല്‍ തകര്‍ക്കുന്നതും, താന്‍ നട്ട പൂച്ചെടിപോലും പിഴുതെടുക്കുന്നതും അവന്‌ അധിനിവേശത്തിന്റെ കയ്പു നീരായിരിക്കും നല്‍കുക. അത്‌ ചെയ്യുന്നത്‌ ഗവണ്‍മെന്റായാലും സ്വകാര്യവ്യക്തിയായാലും ഒന്നു തന്നെ ഫലം. ഭാരതം സ്വതന്ത്രമായതുപോലുമറിയാത്ത ഗ്രാമീണ ജീവിതങ്ങള്‍ക്ക്‌ അവരുടെ ദേശം കാലുറപ്പിച്ച മണ്ണു തന്നെയാണ്‌.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തെയും യു.എസി.ന്റെ ഇറാഖ്‌ അധിനിവേശത്തെയും ഓര്‍ത്ത്‌ കണ്ണുനീര്‍ പൊഴിക്കുന്നവര്‍ ഇന്‍ഡോനേഷ്യയിലെ സലീംഗ്രൂപ്പിനായി കൃഷിഭൂമി ഏറ്റെടുക്കാന്‍ ഒരുമ്പെടുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെല്ലാം ഒരേ തൂവല്‍പക്ഷികളാണെന്ന്‌. നിറവും മണവും മാത്രമേ മാറിയിട്ടുള്ളൂവെന്നും. കാഴ്‌ചയില്‍ ചെറുതായി തോന്നുമെങ്കിലും മുത്തങ്ങയിലെ വെടിവെയ്‌പുപ്പോലും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌. കാരണം ഇരകളുടെ ദുരന്തം എല്ലായിടത്തും ഒരുപോലെയാണ്‌.

നന്ദിഗ്രാം കേവലരാഷ്‌ട്രീയ ഇടപെടലിന്റെ ബാക്കിയല്ല. മറിച്ച്‌ ബംഗാളില്‍ ആരുഭരിച്ചാലും സംഭവിക്കാവുന്ന ഒന്നിന്റെ ഭാഗം മാത്രമാണിത്‌. ആ വിധിയില്‍ നറുക്കുവീണത്‌ വര്‍ഗരഹിത സമൂഹം സ്വപ്നം കാണുന്ന സി.പി.എം ഗവണ്‍മെന്റിനാണെന്നു മാത്രം. അത്‌ കാലത്തിന്റെ കോമാളിക്കൂത്ത്‌ എന്നു കരുതാവുന്നത്‌ മാത്രം. സി.പി.എമ്മിനു പകരം കോണ്‍ഗ്രസായാലും, തൃണമൂലായാലും, ബി.ജെ.പി.യായാലും ഇരകളുടെ ദുരന്തം ഒരുപോലെ തന്നെയായിരിക്കും എന്ന്‌ തീര്‍ച്ച. ഇനി സിംഗൂരിന്റെ ക്യാന്‍വാസില്‍ രാഷ്‌ട്രീയ മുതലെടുപ്പുകള്‍ക്കായിരിക്കും എല്ലാവരും ചായം തേയ്‌ക്കുക. ഇത്‌ ലോകത്തിലെ എല്ലാ അരികു ജീവിതങ്ങളുടെയും ഗതികേടാണ്‌.

ഓര്‍ക്കുക സിംഗൂരിലെ, നന്ദിഗ്രാമിലെ, പ്ലാച്ചിമടയിലെ എന്നപോലെ നാം നില്‍ക്കുന്ന ഓരോ കാലടി മണ്ണിനും ആരൊക്കയോ വില പറയുന്നുണ്ട്‌. അവ വില്‍ക്കപ്പെടുന്നുണ്ട്‌. അത്‌ വികസനത്തിന്റെ പേരിലുമാകാം, അധിനിവേശത്തിന്റെ പേരിലുമാകാം. ഒരു രാഷ്‌ട്രീയദേശം പോലെ ഓരോ മനുഷ്യനും അവനു ചുറ്റും ഒരു ജൈവദേശമുണ്ട്‌. അത്‌ സംരക്ഷിക്കപ്പെടേണ്ടത്‌ അവന്റെ ആവശ്യകതയാണ്‌. ആ ദേശം യുദ്ധങ്ങള്‍ക്കോ കരാറുകള്‍ക്കോ വേണ്ടിയല്ല. ജീവിതത്തിനു വേണ്ടിയാണ്‌. ഇതിനര്‍ത്ഥം വികസനമോ, മാറ്റമോ വേണ്ട എന്നല്ല. പക്ഷെ ഒന്നും ഞൊടിയിടയില്‍ അറുത്തു മുറിച്ചുകൊണ്ടാകരുത്‌. ഒരു ദേശത്തെ, അവിടത്തെ ജീവിതത്തെ തിരിച്ചറിഞ്ഞു വേണം വികസനവും മാറ്റവും വരുത്താന്‍. ഇന്‍ഡോനേഷ്യയിലെ സലിംഗ്രൂപ്പിന്‌ പ്രത്യേക സമ്പദ്‌മേഖല സൃഷ്ടിക്കുന്നത്‌ സമ്പത്തൊന്നുമില്ലാത്ത നന്ദിഗ്രാമിലെ ഗ്രാമീണരുടെ കൃഷിയിടങ്ങള്‍ക്കു മേലാകരുതെന്ന്‌ സാരം. കുറേ പേര്‍ ചീഞ്ഞ്‌ ചിലര്‍ക്കു മാത്രം വളമാകുന്ന രീതി മനുഷ്യകുലത്തെ സംബന്ധിച്ച്‌ അത്ര അഭിമാനകരമല്ല.

സുവിരാജ്‌ പടിയത്ത്‌

24 comments:

പുഴ.കോം said...

ഒരുവന്റെ കൃഷിഭൂമി നഷ്ടപ്പെടുക എന്നത്‌ ദേശസ്നേഹത്തിന്റെ കണ്ണിലൂടെ വേണം ദര്‍ശിക്കാന്‍. തന്റെ കൃഷിഭൂമി കയ്യടക്കുന്നതും, തന്റെ കുടിലിനെ ബുള്‍ഡോസറിനാല്‍ തകര്‍ക്കുന്നതും, താന്‍ നട്ട പൂച്ചെടിപോലും പിഴുതെടുക്കുന്നതും അവന്‌ അധിനിവേശത്തിന്റെ കയ്പു നീരായിരിക്കും നല്‍കുക.

മൂര്‍ത്തി said...

നന്ദിഗ്രാമിലെ ദുരന്തവും മരണവും ദുഃഖകരവും ഒഴിവാക്കപ്പെടേണ്ടിയിരുന്നതുമാണ്. 14 പേരുടെ ജീവന്‍ എന്നത് തികച്ചും വിലയേറിയതുമാണ്.അക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എങ്കിലും ആ ദുരന്തത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്ന അതിവൈകാരികമായ പ്രതികരണങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യബോധത്തോടെയാണെന്ന് സംശയമുണ്ട്. 14 പേരുടെ ജീവന്‍, ടാറ്റാ, കര്‍ഷകന്‍, ഭൂമി കയ്യേറ്റം തുടങ്ങിയ പദങ്ങള്‍ പല രീതിയില്‍ കോര്‍ത്തിണക്കി നടത്തുന്ന മിക്കവാറും പ്രതികരണങ്ങള്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയോ അതിന്റെ നെഗറ്റീവ് ആയ വശങ്ങളേയോ വിമര്‍ശിക്കുകയോ തൊടുകയോ പോലും ചെയ്യുന്നില്ല എന്നതിന് അതിന്റേതായ രാഷ്ട്രീയ വിവക്ഷകള്‍ ഉണ്ട് എന്ന് പറയാതെ വയ്യ. ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശത്തേയും ഇറാഖിലെ യു.എസ്.അധിനിവേശത്തേയും നന്ദിഗ്രാമിലെ ദുരന്തത്തേയും ഒരേപോലെ കൂട്ടിക്കെട്ടുന്നത് അത്ര നിഷ്കളങ്കമായ എഴുത്തല്ല തന്നെ. SEZ Act-നെ സംബന്ധിച്ച ക്രിയാത്മകമായ ബദല്‍ നിര്‍ദ്ദേശങ്ങളുമായി വന്നത് ആരാനെന്നതും എല്ലാവരും സൌകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു. നന്ദിഗ്രാമിലെ ജനങ്ങളുടെ സമ്മതമില്ലാതെ ഒന്നും അവിടെ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി തന്നെ അവിടെപ്പോയി പറഞ്ഞിട്ടും പിന്നീട് പല തവണ ആവര്‍ത്തിച്ചിട്ടും സമരത്തിനു പിന്നിലെ സംഘടനകള്‍ ചെവിക്കൊണ്ടില്ല എന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. 30 വര്‍ഷമായി ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെതിരായി ഈ വീണുകിട്ടിയ വടി ഉപയോഗിക്കുന്നത് ആരൊക്കെയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. പ്രത്യേക സാമ്പത്തിക മേഖലകള്‍ വരുന്നത് ബംഗാളില്‍ മാത്രമല്ലെന്നും ഇന്ത്യയിലങ്ങോളമിങ്ങോളമാണെന്നും, അത് കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാനെന്നും എതിര്‍പ്പിന്റെ മുനകള്‍ ആ നയത്തിനെതിരെക്കൂടി ആയിരിക്കണമെന്നും പറഞ്ഞുകൊള്ളട്ടെ.

അനിയന്‍കുട്ടി | aniyankutti said...

മൂര്‍ത്തിയുടെ ചിന്തകളോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ തികച്ചും പക്ഷപാതപരമായിട്ടാണ്‌ തോന്നിയിട്ടുള്ളത്. യഥാര്‍ത്ഥപ്രശ്നത്തെ കണ്ടുപിടിക്കാനോ പുറത്തു പറയാനോ അവ ശ്രമിക്കുന്നില്ലെന്നത് ഖേദകരമാണ്‌. ഇന്നത്തെ എതോ ഒരു മാധ്യമത്തില്‍ ഒരു വാര്‍ത്ത കണ്ടു. ആ വിവാദഭൂമിയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റവും കൂടുതല്‍ കൈവശമാക്കിയിട്ടുള്ളത്‌ സമരം നടത്തിയ സംഘടനകളുടെ മുതിര്‍ന്ന നേതാക്കളാണു പോലും...
മാധ്യമങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതാണ്‌ ഏറ്റവും വിഷമമുണ്ടാക്കുന്നത്

അനിയന്‍കുട്ടി | aniyankutti said...

മുന്പത്തെ എന്റെ പോസ്റ്റില്‍ തെറ്റിദ്ധാരണക്കു സാധ്യതയുണ്ട്. വാര്‍ത്ത വന്ന മാധ്യമത്തെയല്ല പൊതുവെ മാധ്യമങ്ങളുടെ നിലപാടിനെയാണ്‌ ഞാന്‍ ഉദ്ദെശിച്ചത്

കിരണ്‍ തോമസ് തോമ്പില്‍ said...

നന്ദിഗ്രം സംഭവം ആദ്യം റിപ്പോട്ട്‌ ചെയ്തതില്‍ നിന്ന് വ്യത്യസഥമായി മാതൃഭൂമി ഒരു പരമ്പര പ്രസാദ്ധീകരിച്ചിട്ടുണ്ട്‌ ഇവിടെ വായിക്കുക്ക

നന്ദീഗ്രാമിന്റെ കാണാപ്പുറങ്ങള്‍ 1
നന്ദീഗ്രാമിന്റെ കാണാപ്പുറങ്ങള്‍ 2

Radheyan said...

മൂര്‍ത്തിയോട് പൂര്‍ണ്ണമായി യോജിക്കുക വയ്യ.ഇപ്പോഴത്തെ കോലാഹലങ്ങളില്‍ ഗൂഡാലോചന ഉണ്ടെന്നത് സത്യം തന്നെ.ഇതിനെക്കാള്‍ വികൃതവും ക്രൂരവുമായി ആവും ഇപ്പോള്‍ എതിര്‍ക്കുന്ന വലതുപക്ഷ കക്ഷികള്‍ ഇത് കൈകാര്യം ചെയ്യുക എന്നതില്‍ സംശയമില്ല.ഇത്തരം സംഗതികളോട് ബി.ജെ.പി,കോണ്‍ഗ്രസ് നിലപാടുകള്‍ സുവിദിതമാണ്.

Technology,development,computerisation തുടങ്ങിയ സംഗതികളോട് സി.പി.എം നിലപാട് പലപ്പോഴും ഇരട്ടത്താപ്പാണ് എന്ന് പറയാതെ വയ്യ.ഭരണത്തിലിരിക്കുമ്പോള്‍ ഒന്ന്,പ്രതിപക്ഷത്ത് മറ്റൊന്ന്.(ഇതിലൂടെ തങ്ങള്‍ മുയലുകള്‍ക്കൊപ്പമോ വേട്ടനായ്ക്കള്‍ക്കൊപ്പമോ എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വരുന്നു.പലപ്പോഴും ആട്ടിന്‍ തോലിട്ട ചെന്നായായി ജനത്തിന് അനുഭവപ്പെടുന്നു)

വിദേശമൂലധനത്തെ ഇന്ന് അനുകൂലിക്കുന്നുവെങ്കില്‍ 40 കൊല്ലം മുന്‍പ് ജപ്പാനുമായി സംയുക്തസംരംഭം നടത്താന്‍ ശ്രമിച്ച റ്റി.വി.തോമസിനെ വേട്ടയാടിയതെന്തിന്?കുട്ടനാട്ടില്‍ ഇന്നും കൊയ്ത്ത്,മെതി യന്ത്രങ്ങളെ എതിര്‍ക്കുന്നത് എന്തിന്?സി.പി.എം. നിയന്ത്രണത്തിലുള്ള ബെഫി എന്ന സംഘടന ബാങ്കുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം എതിര്‍ത്തതെന്തിന്?കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയ കുപ്രസിദ്ധമായ ചരിത്രമുള്ള സലിം ഗ്രൂപ്പിനെ ചുവന്ന പരവതാനി വിരിക്കുന്ന പാര്‍ട്ടി,കേരളത്തെ വ്യവസായവല്‍ക്കരിക്കുക അതിലും വ്യക്തമായി കേരളത്തെ electronics വ്യവസായത്തിന്റെ കേന്ദ്രമാക്കാന്‍ ആഗ്രഹിച്ച് ജപ്പാന്‍ സഹകരണത്തിന് ശ്രമിച്ച ടിവിയെ ഭര്‍ത്സിക്കാന്‍ ശ്രമിച്ച EMS നെ തള്ളിപ്പറഞ്ഞിട്ടു വേണം അതു ചെയ്യാന്‍.

കുട്ടനാടിനെ രക്ഷിക്കാന്‍ ഒരു തവണ നെല്ലും ഒരു തവണ മീനും ചെയ്യുക എന്നതാണ് ഒരേ ഒരു പോംവഴി എന്ന് കര്‍ഷകര്‍ക്കറിയാം,ഭൂമി തരിശിട്ടാലും സി.പി.എം അത് സമ്മതിക്കില്ല.30 വര്‍ഷം കഴിഞ്ഞ് അന്നത്തെ സെക്രട്ടറിക്ക് ബോധോദയം ഉണ്ടാവുന്നത് വരെ കാലം കാത്തിരിക്കില്ല.അപ്പോഴേക്കും മലയായ മലയൊക്കെ ഇടിച്ചിട്ട് കര്‍ഷകര്‍ നിലം നികത്തിയിരിക്കും.

നിങ്ങള്‍ ഭരിക്കുമ്പോള്‍ എ.ഡി.ബി. പിന്തിരിപ്പന്‍,ഞങ്ങളുടെ എ.ഡി.ബി. പുരോഗമനപരം എന്ന നിലപാട് ഇടതുപക്ഷ സംഘടനക്ക് യോജിച്ചതല്ല.സി.പി.എമ്മിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് ആ‍ധുനിക കാലത്തിന്റെ ആവശ്യം.നാടുവാഴി ജന്മിത്തത്തിനു പകരം ലോക്കല്‍ സെക്രട്ടറി ഫ്യൂഡലിസവും രാജവാഴ്ച്ചക്ക് പകരം സ്റ്റേറ്റ് സെക്രട്ടറി വാഴ്ച്ചയും വന്നിട്ട് കാര്യമില്ലല്ലോ.ജനാധിപത്യത്തിന്റെ മിമിക്രി മാത്രമാണ് കേന്ദ്രീകൃത ജനാധിപത്യം.അവിടെ നിലപാടുകള്‍ എപ്പോഴും അവ്യക്തമായിരിക്കും.അധികാരം കൈയ്യളുന്നവരുടെ സൌകര്യത്തിന് അത് വളച്ചൊടിക്കപ്പെടും.

ജനാധിപത്യത്തില്‍ പാര്‍ട്ടി പാര്‍ട്ടിക്കരുടെ മാത്രമല്ല.ജനങ്ങളുടെ സാര്‍വത്രികമായ പിന്തുണ അതിന് ആവശ്യമാണ്.കര്‍ശനമായ ജനകീയ ഓഡിറ്റിംഗിന് അത് ഓരോ നിമിഷവും വിധേയമാകുന്നു.ഉള്ളിന്റെ ഉള്ളില്‍ പ്രമത്തതയും authoritarianisവും ഉള്ള നേതാക്കള്‍ക്ക് അത് അസഹ്യമാകുന്നു.അവര്‍ പഴി പറയാന്‍ സിന്‍ഡിക്കേറ്റുകളെ തേടുന്നു.മുഖം നന്നാവാത്തതിന് കണ്ണാടി പൊട്ടിക്കുക എന്ന ലളിതമായ സിദ്ധാന്തം

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ അഭിപ്രായങ്ങളോട്‌ യോജിക്കുന്നു. എന്നാല്‍ ഇന്ന് CPM മുന്‍ നിലപാടുകള്‍ തിരുത്തി തുടങ്ങിയിരിക്കുന്നു മാറ്റം എല്ലായിടത്തും പ്രകടമായിത്തുടങ്ങി. എന്നാല്‍ മാറ്റത്തിന്‌ വേണ്ടി നിലകൊള്ളുന്ന നേതാക്കളേ തേജോവധം ചെയ്യുന്ന വാര്‍ത്തകളല്ലെ മാധ്യമങ്ങളില്‍ നിറയുന്നത്‌. മുന്‍പ്‌ CPM ഇടത്‌ തീവ്രവാദം വെടിയണം എന്ന് പറഞ്ഞവര്‍ത്തന്നെ ഇപ്പോള്‍ CPM വലതുവല്‍ക്കരിക്കപ്പെടുന്നു എന്ന് നിലവിളിക്കുന്നു. എല്ലാ രംഗത്തും ഒരു പ്രകടമായ മാറ്റം CPM കൊണ്ടുവന്നാല്‍ മാത്രമേ അത്‌ നടപ്പിലാകൂ എന്ന ഒരവസ്ഥ ഇന്ന് കേരളത്തില്‍ നിലവിലുണ്ട്‌. CPM അല്ല അത്‌ കൊന്റു വരുന്നതെങ്കില്‍ അവര്‍ വന്‍ സമരങ്ങള്‍ അഴിച്ചുവിട്ട്‌ അത്‌ പൊളിക്കും. എന്നാല്‍ ഇന്ന് സമൂലമായ ഒരു മാറ്റത്തിനുള്ള സാമൂഹിക സാഹചര്യം നിലനില്‍ക്കുമ്പോള്‍ CPM ന്റെ നിലപാട്‌ മാറ്റത്തെ 50% എങ്കിലും പിന്തുണക്കണമെന്നാണ്‌ എന്റെ പക്ഷം.എന്നാല്‍ ഇന്ന് വലത്‌ മാധ്യമങ്ങള്‍ പോലും തീവ്ര ഇടത്‌ നിലപാട്‌ ആവശ്യപ്പെടുമ്പോള്‍ ആര്‍ക്കാണ്‌ ഉറച്ച നിലപാടുള്ളതെന്ന് സംശയം. പിന്നെ ജനകീയ ഒാഡിറ്റ്‌ എന്നത്‌ ആരാണ്‌ നടത്തുന്നത്‌, മാധ്യമങ്ങള്‍ സ്വര്‍ത്ഥ താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ അത്‌ സത്യസന്ധമായി ചെയ്യുമോ ഒരിക്കലുമില്ല. ഇന്നലെ CPM ന്റെ നിലപാടുകളേ വിമര്‍സിച്ചവര്‍ ഇന്ന് ഇടത്‌ തീവൃവാദികളുടേയും മറ്റും പിന്തുണക്കാരാകുന്നത്‌ എന്ത്‌ നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌.

കണ്ണൂസ്‌ said...

കിരണ്‍, സ്വകാര്യവത്‌കരണത്തിന്റേയും യന്ത്രവത്‌കരണത്തിന്റേയും മറ്റും കാര്യത്തില്‍ CPM ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്‌ കാലാനുസൃതം തന്നെ. പക്ഷേ, അതു പോലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ട വേറേയും മേഖലകളുണ്ടെന്നാണ്‌ രാധേയന്‍ ചൂണ്ടിക്കാണിച്ചതെന്ന് തോന്നുന്നു. ഇപ്പോള്‍ ചെയ്യേണ്ടത്‌, 20 വര്‍ഷം മുന്‍പാവേണ്ടിയിരുന്നത്‌ ഇന്ന് ചെയ്യുമ്പോള്‍ വലിയ നഷ്ടം തോന്നുന്നില്ലായിരിക്കാം. പക്ഷേ, ഇന്ന് ചെയ്യേണ്ടതിന്‌ ഇനിയൊരു 20 വര്‍ഷം കാത്തിരുന്നാല്‍, ഒരു പക്ഷേ വരുന്ന നഷ്ടം നികത്താനാവില്ല. ലോകം അത്ര വേഗത്തിലാണ്‌ ഇപ്പോള്‍ മുന്നേറുന്നത്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസേ അക്കാര്യത്തില്‍ എനിക്കും യോജിപ്പാണ്‌. എന്നാല്‍ ചെറിയ മാറ്റങ്ങള്‍പ്പോലും ഇന്ന് വലത്‌ വ്യതിയാനമായി ഉയര്‍ത്തിക്കാട്ടി ഇടത്‌ തീവ്രവാദത്തേ പ്രോതാസഹിപ്പിക്കുന്ന നയമാണ്‌ മാധ്യമങ്ങള്‍ക്കുള്ളത്‌. വികസനത്തിന്‌ ശ്രമിക്കുന്ന നേതാക്കളേ തേജോവധം ചെയ്യുന്ന മാധ്യമ പ്രവണതയാണ്‌ ഞാന്‍ എതിര്‍ത്തത്‌. CPM മാറുമ്പോള്‍ അത്‌ ഉള്‍ക്കോള്ളാനും നാം തയ്യാറാകണം അപ്പോള്‍ ഇടത്‌ പക്ഷത്തിന്റെ ഗതകാല സ്മരണകളിലേക്ക്‌ നാം പോകാതെ അവരും യാഥാര്‍ത്യ ബോധത്തിലേക്ക്‌ വന്നു എന്ന പറയണം.

ഇടത്‌ പക്ഷം എന്നാല്‍ എല്ലാവര്‍ക്കും ഒരു മുന്‍ വിധിയുണ്ട്‌ അതില്‍ നിന്ന് അവര്‍ മാറാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്കും അവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപ്പോള്‍ അവര്‍ സാമ്രാജിത്തത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി വ്യാഖ്യാനിക്കപ്പെടും

Radheyan said...

സി.പി.എമ്മില്‍ മാറ്റങ്ങളുണ്ടാകുന്നു എന്ന് ഞാനും സമ്മതിക്കുന്നു.അത് ഗുണപരമായ മാറ്റങ്ങളാണോ എന്നത് കാലം തെളിയിക്കേണ്ടി വരും.

മറ്റു പാര്‍ട്ടികളില്‍ നിന്നും പാര്‍ട്ടിക്കുള്ള വ്യത്യസ്ഥത നിലനിര്‍ത്തിക്കൊണ്ട് ആധുനികതയെ ഉള്‍ക്കൊള്ളുന്നതിനു പകരം മറ്റു (ബൂര്‍ഷ്വാ)പാര്‍ട്ടികളിലെ വൃത്തികേടുകള്‍ ആഗിരണം ചെയ്യാനാണ് സി.പി.എം ശ്രമിച്ചത്. അതോറിറ്റേറിയന്‍ സ്വഭാവവും ഏകാധിപത്യ പ്രവണതയുമുള്ള പാര്‍ട്ടികള്‍ അത്തരം സ്വഭാവങ്ങള്‍ മാറ്റാതെ നവലിബറല്‍ നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്ന പാളിച്ചകള്‍ ആണ് നന്ദിഗ്രാമില്‍ പറ്റിയത്.നീണ്ട ചര്‍ച്ചകള്‍ക്കും സമന്വയത്തിനും ശേഷം എടുക്കേണ്ട തീരുമാനങ്ങള്‍ തോക്കിന്റെ നിഴലില്‍ അടിച്ചേല്‍പ്പിക്കാമെന്നുള്ള ചിന്ത അത്തരം വൈകല്യങ്ങളില്‍ നിന്നുണ്ടാവുന്നതാണ്.

ചര്‍ച്ചകളില്‍ ഉയരുന്ന എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത EMS ന്റെ കാലം മുതല്‍ പാര്‍ട്ടിയുടെ മുഖമുദ്രയായിരുന്നു.എതിര്‍ശബ്ദങ്ങളെല്ലാം ശത്രുക്കളുടേതാവണമെന്നില്ല,പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ആളുകളാവും കൂടുതല്‍ തെറ്റ് തിരുത്താന്‍ മുതിരുക.പക്ഷേ എതിര്‍ സ്വരങ്ങളെല്ലാം CIA യുടെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്ന് ധരിക്കുന്നിടത്ത് നിങ്ങളുടെ അപഥസഞ്ചാരത്തിന്റെ ആരംഭമായി.ഈ അസഹിഷ്ണുത ജനാധിപത്യത്തില്‍ നിങ്ങള്‍ എത്ര UNFIT ആണെന്ന് തെളിയിക്കുന്നു.

ഒരു കഥ പറയാം:ഞാനും ഒരു കൂട്ടുകാരനും കൂടി ബിറ്റ് പടം കളിക്കുന്ന ഒരു തിയറ്ററിന്റെ സമീപമുള്ള വഴിയില്‍ കൂടി വരികയായിരുന്നു.പെട്ടെന്ന് സുഹൃത്തിന്റെ അയല്‍-വാസിയായ ഒരു പയ്യന്‍ തീയറ്ററില്‍ നിന്ന് പുറത്തു വന്നു.ഞങ്ങളെ കണ്ട് അവന്‍ പരുങ്ങി.അവനോട് സുഹൃത്ത് പറഞ്ഞു:ഞാന്‍ നിന്റെ അച്ഛനോട് പറയുകയൊന്നുമില്ല,പറഞ്ഞാല്‍ നീയെങ്ങാനും നന്നായി പോയാലോ,നീയൊന്നും നന്നാകരുത്.

എതിര്‍ക്കുന്നത് കൃഷ്ണയ്യരായാല്‍ പോലും അതില്‍ ദുരിദ്ദേശം കണ്ടെത്താന്‍ ശ്രമിക്കന്നതോര്‍ത്തപ്പോള്‍ ഈ കഥ ഓര്‍മ്മ വന്നു.ചീത്തയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഗുണദോഷിക്കുമോ

മൂര്‍ത്തി said...

രാധേയന്,
ഇതിനേക്കാളും മോശമായിട്ടായിരിക്കും വലതുകക്ഷികള്‍ ഈ പ്രശ്നം കൈകാര്യം ചെയ്യുക എന്ന് താങ്കള്‍ പറഞ്ഞല്ലോ.ഈ
വ്യത്യാസം മനസ്സിലാക്കുക എന്നതിനെത്തന്നെയായിരിക്കണം രാഷ്ട്രീയബോധം എന്നു പറയേണ്ടത്. ആ ബോധം ഉണ്ടായാല്‍
പിന്നെ വേട്ടക്കാരനെയും ഇരയേയും തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ട് കാണില്ല എന്നാണ് തോന്നുന്നത്.
സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് എന്ന പ്രയോഗം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ആഗോള രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍
നമ്മളേയും ബാധിക്കും. അപ്പോള്‍ ഓരോരോ കാലഘട്ടത്തിലേയും സാ‍ഹചര്യമനുസരിച്ച് തീരുമാനങ്ങളെടുക്കുക എന്നതു
തന്നെയായിരിക്കണം ഓരോ കക്ഷിയും ചെയ്യേണ്ടത്. ചിലപ്പോള്‍ പണ്ടു പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായ തീരുമാനങ്ങളെടുത്തേയ്ക്കാം. 40 വര്‍ഷം മുന്‍പ് എടുത്ത തീരുമാനവും ഇന്നെടുക്കുന്ന തീരുമാനങ്ങളും തമ്മില്‍ ബന്ധപ്പെടുത്തി തെറ്റ് തെറ്റ് എന്നു പറയുന്നതില്‍ കഥയില്ല . എ.ഡി.ബി ലോണുകളുടെ കാര്യത്തില്‍ സി.പി.എം പ്രതിപക്ഷത്തിരിക്കുമ്പോള്‍ത്തന്നെയാണ് കോര്‍പ്പറേഷനുകള്‍ക്ക് അനുമതി കൊടുത്തത്..ഘടനാപരമായ പരിഷ്കാരങ്ങള്‍ക്ക്
നിര്‍ബന്ധിക്കാത്ത ലോണുകള്‍ എടുക്കുവാന്‍ സി.പി.എം അനുവദിക്കുന്നുണ്ട്.
കുട്ടനാട്ടിലെ കാര്യം അത്ര പിടുത്തം പോരാ. ബെഫി എതിര്‍ത്തത് ലക്കും ലഗാനുമില്ലാത്ത കമ്പ്യൂട്ടര്‍വത്ക്കരണത്തെയാണ്.
പുതിയൊരു ടെക്‍നോളജി വരുമ്പോള്‍ സ്വാഭാവികമായും തൊഴിലാളി അതിനെ എതിര്‍ക്കുകയും പിന്നീടതിനെ
സ്വാംശീകരിക്കുകയും ചെയ്യും എന്ന്‌ മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. തൊഴിലാളിക്കും സുരക്ഷിതത്വ ബോധത്തോടെ ജീവിക്കുവാന്‍
അവകാശമുണ്ട് എന്നത് മറന്നുകൂടാ. ഓട്ടോറിക്ഷ വന്നപ്പോള്‍ റിക്ഷാക്കാര്‍ക്ക് അരക്ഷിതത്വബോധം തോന്നിയത് മറ്റൊരുദാഹരണം. അതിന് സി.പി.എം എന്നോ കോണ്‍ഗ്രസ്സ് എന്നോ വ്യത്യാസമില്ല. അങ്ങനെ എതിര്‍ക്കുന്നവരെ വിവരമില്ലാത്തവരായോ വൈകി ബുദ്ധി ഉദിക്കുന്നവരായോ മുദ്ര കുത്തുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഇങ്ങനെ എതിര്‍ക്കപ്പെട്ടും
സ്വാംശീകരിക്കപ്പെട്ടും തന്നെയാണ് ചരിത്രം മുന്നോട്ട് പോയിട്ടുള്ളത്. എതിര്‍ക്കപ്പെട്ടിട്ടുള്ളതുകൊണ്ടു തന്നെയാണ് പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏറ്റവും കുറച്ച് പേര്‍ക്ക് മാത്രം ബുദ്ധിമുട്ടാവുന്ന രീതിയില്‍ പലപ്പോഴും പ്രയോഗിക്കപ്പെടുന്നത്.
ഏകപക്ഷീയമായി പ്രയോഗിക്കുന്ന രീതിയില്‍ മാറ്റം വരുത്തുവാന്‍ ഈ എതിര്‍പ്പ് പ്രയോഗിക്കുന്നവരെ നിര്‍ബന്ധിതരാക്കും. ഒരു ദിവസം
രാവിലെ ചെല്ലുമ്പോള്‍ ജോലി ഇല്ല എന്ന അവസ്ഥ ആരും ഇഷ്ടപ്പെടുകയില്ലല്ലോ.
“എതിര്‍ശബ്ദങ്ങളെല്ലാം ശത്രുക്കളുടേതാവണമെന്നില്ല,പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ആളുകളാവും കൂടുതല്‍ തെറ്റ് തിരുത്താന്‍ മുതിരുക“ എന്ന് രാധേയന്‍ പറയുകയുണ്ടായി. രാധേയന്‍ തന്നെ ഉപയോഗിച്ച ലോക്കല്‍ സെക്രട്ടറി ഫ്യൂഡലിസം, സ്റ്റേറ്റ്
സെക്രട്ടറി വാഴ്ച്ച, ജനാധിപത്യത്തിന്റെ മിമിക്രി തുടങ്ങിയ പ്രയോഗങ്ങള്‍ സ്നേഹിക്കുന്ന ഒരാളുടേതാണോ എന്ന് സംശയമുണ്ട്.

nalan::നളന്‍ said...

മൂര്‍ത്തിയോടു യോജിക്കുന്നു.
എന്നാല്‍ രാധേയന്‍ നിരത്തിയ വാദങ്ങളോടു യോജിക്കാന്‍ വയ്യ.
പഴയ കാല നിലപാടുകളെ വച്ചു ഇന്നത്തെ സമീപനങ്ങളെ വിലയിരുത്തുന്നതില്‍ കുഴപ്പമില്ലെങ്കിലും, മാറ്റത്തെ സ്വീകരിക്കുന്നതിനു പകരം പഴയകാല നിലപാടുകളുടെ അടിസ്ഥനത്തില്‍ പുരോഗനമനപരമായ നിലപാടുകളെ ക്രൂശിക്കുന്നതു പ്രതിലോമകരമാണെന്നു പറയാതെ വയ്യ.

മറിച്ചു ഇന്നത്തെ നിലപ്പടിന്റെ അധാര്‍മ്മികയാണു ചൂണ്ടിക്കാട്ടിയിരുന്നതെങ്കില്‍ സമ്മതിക്കാമായിരുന്നു. ഇവിടെ ആരാ ഇരട്ടത്താപ്പു കാണിക്കുന്നത് ?

കണ്ണൂസ്‌ said...

നളന്‍ പറഞ്ഞത്‌ എനിക്ക്‌ മുഴുവനായി മനസ്സിലായില്ല.

ഉദാര സാമ്പത്തിക നയങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടുണ്ട്‌ CPM എന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, പണ്ട്‌ മുതലാളിത്തം, കുത്തക, അമേരിക്ക എന്നൊക്കെ കേട്ടാല്‍ ചുവപ്പ്‌ കണ്ട കാളയാവുന്ന സ്ഥിതി മാറിയിട്ടുണ്ടെന്നും സത്യം. CPM-ഇനെ സംബന്ധിച്ചിടത്തോളം ഈ കാര്യത്തില്‍ ഒരു ദൌത്യം ഏറ്റെടുക്കാനുണ്ട്‌. ഉദാര സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌, കോര്‍ ഏരിയകളില്‍ സോഷ്യലിസ്റ്റ്‌ നയങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള ഒരു പുത്തന്‍ സാമ്പത്തിക നയത്തിന്‌ രൂപം നല്‍കുക. (മാനുഷിക മുഖം എന്ന ചിദംബരം പറഞ്ഞ കാര്യം തന്നെ.) ഈ ചരിത്രപരമായ ദൌത്യം ഏറ്റെടുക്കണമെങ്കില്‍, ആദ്യം ഉദാരവത്‌കരണം തത്വത്തില്‍ അംഗീകരിക്കുന്നുവെന്നും, എന്നാല്‍ അത്‌ ദോഷകരമായി ജനസാമാന്യത്തെ ബാധിക്കാതിരിക്കാനുള്ള പ്രതിപ്രേരകം ആയി പ്രവര്‍ത്തിക്കുകയാണ്‌ ഇടതുപക്ഷത്തിന്റെ നയം എന്നും സമ്മതിക്കാനുള്ള ആര്‍ജ്ജവം CPM കാണിക്കണം. മാധ്യമങ്ങളേയും, പാര്‍ട്ടിയിലെ ഒരു വിഭാഗത്തേയും പേടിച്ച്‌, ഇത്‌ സമ്മതിക്കാന്‍ CPM ഇപ്പോഴും തയ്യാറാവുന്നില്ല എന്നതാണ്‌ " അടിക്കാന്‍ വെട്ടിക്കൊടുത്ത വടി" ആയി ഇപ്പോള്‍ പാര്‍ട്ടിയെ തന്നെ വേട്ടയാടുന്നത്‌.

CPM വലതു പക്ഷത്തേക്ക്‌ നീങ്ങുന്നു എന്ന് ഒരു പക്ഷേ ഈ പുതിയ നയം കാണുമ്പോള്‍ മാധ്യമങ്ങള്‍ ആക്ഷേപിച്ചേക്കാം. മുന്‍പൊരിക്കല്‍ രാധേയന്‍ പൂമൂടലിന്റെ കാര്യത്തില്‍ പറഞ്ഞ പോലെ " മാറുന്നെങ്കില്‍ കണക്കായിപ്പോയി" എന്നു തന്നെ പറയണം പാര്‍ട്ടി. അതിനു വേണ്ടത്‌ രാഷ്ട്രീയമായ ഇച്ഛാശക്തി ആണ്‌.

കണ്ണൂസ്‌ said...

മൂര്‍ത്തി പറഞ്ഞതിനോട്‌ കൂടി ചേര്‍ത്താണ്‌ മുകളിലെഴുതിയ മറുപടി. കാലത്തിനനുസരിച്ച്‌ മാറ്റം വേണ്ടി വരും, തെറ്റുകള്‍ തിരുത്തപ്പെടുകയും ചെയ്യാം. പക്ഷേ "ഞങ്ങള്‍ മാറുകയാണ്‌, ഇതാണ്‌ ഞങ്ങളുടെ നയം" എന്ന് ധൈര്യപൂര്‍വം പ്രഖ്യാപിക്കുക കൂടി വേണം എതിര്‍പ്പുകളുടെ ശക്തി കുറയാന്‍.

പിന്നെ വേറൊന്ന്. ജനാധിപത്യം അന്‍പതുകളില്‍ സ്വീകരിച്ച പാര്‍ട്ടിയാണ്‌ CPM. അവിടെ സെക്രട്ടറി വാഴ്ച്ച എന്ന പദം പോലും കല്ലുകടി ഉണ്ടാക്കുന്നുവെങ്കില്‍ ആ ജനാധിപത്യ സങ്കല്‍പ്പത്തിന്‌ എന്തോ കുഴപ്പമുണ്ട്‌. കേന്ദ്രീകൃത ജനാധിപത്യം തീര്‍ച്ചയായും ഒരു പ്രശ്‌നം തന്നെയാണ്‌. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന് വെച്ച്‌ പാര്‍ട്ടി സെക്രട്ടറി ചോദ്യം ചെയ്യാന്‍ പാടില്ലാത്തവനായിക്കൂടാ.

(പിണറായി വിജയന്റെ ഫോട്ടോ ഓഫീസില്‍ തൂക്കിയത്‌ ചോദ്യം ചെയ്തതിനാണത്രേ കൈരളിയില്‍ നിന്ന് കൃഷ്ണകുമാര്‍ പുറത്താക്കപ്പെട്ടത്‌. അതിന്‌ സെക്രട്ടറി വാഴ്ച്ച എന്നല്ലാതെ എന്താണ്‌ പറയേണ്ടത്‌? CPM -ഇന്റെ കേന്ദ്ര നേതൃത്വത്തില്‍ വളരെ കുറഞ്ഞ രീതിയില്‍ മാത്രം കാണുന്ന ഈ ഒറ്റയാന്‍ അധികാര കേന്ദ്രം കേരളത്തില്‍ മാത്രം എന്തിന്‌ അംഗീകരിച്ചു കൊടുക്കണം ഒരു സാധാരണ പ്രവര്‍ത്തകന്‍?)

കൈയൊപ്പ്‌ said...

ഓ.ടോ:

പ്രിയ കണ്ണൂസ്,

“പിണറായി വിജയന്റെ ഫോട്ടോ ഓഫീസില്‍ തൂക്കിയത്‌ ചോദ്യം ചെയ്തതിനാണത്രേ കൈരളിയില്‍ നിന്ന് കൃഷ്ണകുമാര്‍ പുറത്താക്കപ്പെട്ടത്‌“ എന്നത് തീര്‍ത്തും തെറ്റാണ്! അത് ‘കൈരളി’യിലെ ആന്തരിക രാഷ്ട്രീയത്തിന്റെയും അതിലുപരി കൃഷ്ണകുമാറിന്റെ വലിയ ‘പിടിപ്പുകേടി’ന്റെന്റെയും ഫലമായിട്ടായിരുന്നു!

അപ്പോള്‍ ഈയുള്ളവനും അവിടെയുണ്ടായിരുന്നു.

Radheyan said...

മൂര്‍ത്തിക്ക്,
കേന്ദ്രീകൃത ജനാധിപത്യത്തിന് ശരിയായ ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല.പേരില്‍ മാത്രമുള്ള സാദൃശ്യം മാത്രമേ ഉള്ളൂ.അത് കൊണ്ടാണ് മിമിക്രി എന്ന് പറഞ്ഞത്(വികൃതാനുകരണം എന്ന അര്‍ത്ഥത്തില്‍).ശരിയായ ജനാധിപത്യം മുതലാളിത്തവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒന്നാണ് എന്നത് ഒരു വസ്തുതയാണ്.അത് കൊണ്ടാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്രമേണെ സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപാന്തരം പ്രാപിക്കുന്നത്.

സോഷ്യല്‍ ഡെമോക്രാറ്റ് എന്നത് അശ്ലീല പദമൊന്നുമല്ല.ശരിക്കും ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂ.പാര്‍ട്ടികളെല്ലാം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തന്നെയാണ്.അത് അംഗീകരിക്കാനും അതിന് അനുസരിച്ച് ആന്തരികമായും ബാഹ്യമായും മാറാന്‍ അവര്‍ തയ്യറല്ലെന്ന് മാത്രം.അവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞ കങ്കാണിമാരും മേസ്തിരിമാരും ഉയര്‍ന്ന് വരുന്നത്.ചോദ്യം ചെയ്യപ്പെടാനാവാത്ത ചൌഷസ്ക്യൂമാരായി അവര്‍ മാറുന്നു.പാര്‍ട്ടിപിള്ളേര്‍ സ്വശ്രയത്തിനെ എതിര്‍ത്ത് വഴിയില്‍ തല്ലുകൊള്ളുമ്പോള്‍ കങ്കാണ്ണി മക്കള്‍(ഇക്കാര്യത്തില്‍ അജയനും കൊള്ളം വിജയനും കൊള്ളാം) സ്വാശ്രയകോളേജില്‍(അമ്മദൈവത്തിന്റെ കോളേജാണേല്‍ ബെസ്റ്റ്) പഠിച്ച് മുതലാളിത്തരാജ്യങ്ങളില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു.കങ്കാണിയുടെ വീടുപണിക്ക് എത്ര ചിലവായി എന്ന് അന്വേഷിക്കുന്ന പാര്‍ട്ടിക്കാരന് പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്ത് പോകേണ്ടി വരുന്നു.

സ്വയം സോഷ്യല്‍ ഡെമോക്രാറ്റുകളായി തിരിച്ചറിയുകയും വിപ്ലവ വായടിത്തങ്ങളും(revelutionary rhetorics) ജാടകളും ഒഴിവാക്കുകയുമാണ് കമ്മ്യൂ.പാര്‍ട്ടികള്‍ അടിയന്തിരമായി ചെയ്യേണ്ടത്.പാര്‍ട്ടി പരിപാടിയില്‍ നിന്നും വിപ്ലവ ഭരണകൂടമെന്ന സങ്കല്‍പ്പം മായ്ച്ചു കളയുകയും വേണം.നിലവിലുള്ള അധികാരവ്യവസ്ഥകളോട് സന്ധി ചെയ്യുകയും അതിന്റെ ശീതളിമയും സൌഖ്യവും ആസ്വദിക്കുകയും ചെയ്യുന്ന പാര്‍ട്ടിക്കാര്‍ക്ക് ഒരു സുപ്രഭാതത്തില്‍ വിപ്ലവകാരികളായി മാറാന്‍ കഴിയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?വിപ്ലവമെന്നത് ഒരു തപസ്യയാണ്.അതികഠിനമായ നിര്‍മമത്വം ആവശ്യപ്പെടുന്ന ഒരു തപസ്യ.ശരീരവും മനസ്സും കൊണ്ട് പൊരുതി ജയിക്കേണ്ട ഒന്ന്.ഏസിയുടെ ഭ്രംഗരവമില്ലാതെ ഒരു ഉച്ചമയക്കം പോലും അസാധ്യമായ നേതാക്കള്‍ക്ക് ഇത്തരം ഒരു മാറ്റം സാധ്യമാണോ?
നിലവിലുള്ള വ്യവസ്ഥയില്‍ മെച്ചപ്പെട്ട ഒരു കക്ഷി ആവാനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്.അതിന് വിപ്ലവ നൌകയിലും ജനാധിപത്യ നൌകയിലും കാലൂന്നിയുള്ള ഈ അശ്ലീല പോസ് നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്.


ചില നേതാ‍ക്കളെ എതിര്‍ക്കുന്നു എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നു എന്നാക്കി മാറ്റേണ്ടത് ചിലരുടെ ആവശ്യമാണ്.അടഞ്ഞ ഒരു സമ്പ്രദായത്തില്‍ ഇത്തരം ആടിനെ പട്ടിയാക്കല്‍ എളുപ്പവുമാണ്.തുറന്ന ജനാധിപത്യത്തില്‍ എല്ലാവരും നഗ്നാരാണ്.അവിടെ ആര്‍ക്കും മറയ്ക്കാന്‍ ഒന്നും ഉണ്ടാവില്ല.കോണ്‍ഗ്രസിലെ കള്ളന്മാരെ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം.എന്നാല്‍ കമ്മ്യൂ.പാര്‍ട്ടിയില്‍ അത്തരക്കാരില്ല എന്ന വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു.അത് അത്തരക്കാരില്ലാത്തത് കൊണ്ടല്ല,മറിച്ച് ഇരുമ്പ് മറക്കപ്പുറം എന്താണ് നടക്കുന്നത് എന്ന് ആരും അറിയാത്തത് കൊണ്ടാണ്.

ബെഫി കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ ആകെ എതിര്‍ക്കുകയായിരുന്നു,പക്ഷേ വളരെ അപ്രസക്തമായ ഒരു ചെറിയ യൂണിയനായതിനാല്‍ ആരും ശ്രദ്ധിച്ചില്ല എന്ന് മാത്രം.അന്ന് ലക്കും ലഗാനുമില്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല എന്നതാണ് സത്യം.പക്ഷേ സാധരണക്കാര്‍ക്കുണ്ടാകേണ്ടതിനേക്കാള്‍ ദൂരകാഴ്ച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവേണ്ടതല്ലേ?

പിന്നെ ഞാന്‍ പാര്‍ട്ടിയുടെ ശത്രുവാണോ അല്ലയോ എന്നത്,ഒരിക്കല്‍ പോലും ബാലറ്റ് പേപ്പറിലെ മറ്റു ചിഹ്നങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.എന്നത് കൊണ്ട് ഞാന്‍ പാര്‍ട്ടിയുടെ നടക്കല്‍ വെച്ച അടിമയൊന്നുമല്ല.കെ.വി.പത്രോസിനെയും(പുന്നപ്ര-വയലാര്‍ കാലത്തെ പാര്‍ട്ടി സെക്രട്ടറി) അങ്ങനെ പലരെയും പാര്‍ട്ടി പുറത്താക്കിയത് പാര്‍ട്ടിയോട് കൂറ് കുറഞ്ഞിട്ടല്ല.നിലവിലുണ്ടായിരുന്ന നേതൃത്വത്തെക്കാള്‍ കൂടുതല്‍ പാര്‍ട്ടിയെ സ്നേഹിച്ചതിനാണ്.ഞങ്ങളുടെ അനുവാദമില്ലതെ അത്രക്കങ്ങ് പാര്‍ട്ടിയെ സ്നേഹിക്കാന്‍ നിങ്ങളോടാരു പറഞ്ഞു എന്നാണ് കങ്കാണിയുടെ ന്യായമായ ചോദ്യം.

riyaz ahamed said...

പ്രിയ രാധേയന്‍,

വിപ്ലവത്തിലൂടെയല്ലാതെ സമൂഹത്തില്‍ സമൂലമായ മാറ്റം സാധ്യമാണു എന്നു കരുതുന്നവരാണു സോഷ്യല്‍ ഡെമോക്രാറ്റുകള്‍. എന്നാല്‍ 1964-ല്‍ കല്‍ക്കത്തയില്‍ അംഗീകരിച്ച ‘ജനകീയ ജനാധിപത്യ വിപ്ലവം’ എന്ന പാര്‍ട്ടി പരിപാടിയില്‍ ഊന്നിയാണു സി.പി.ഐ.(എം) ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ 'ജനകീയ ജനാധിപത്യ വിപ്ലവ'ത്തിനുള്ള ഉപകരണങ്ങളിലൊന്നു മാത്രമായി ഈ സംഘടന കരുതുന്നു. ഈ അടിസ്ഥാന വ്യത്യാസം സോഷ്യല്‍ ഡെമോക്രാറ്റുകളും സി.പി. ഐ(എം)ഉം തമ്മില്‍ ഇപ്പോഴും ഉണ്ട്. അതു കൊണ്ട് താല്‍കാലിക പ്രാദേശിക നിലപാടുകള്‍ കൊണ്ട് മാത്രം രണ്ടും ഒന്നാകില്ലല്ലോ.

ഇടതു വലതായാല്‍ കൂടുതല്‍ നന്നായി എന്ന വാദം കണ്ടു. രസകരം!

കണ്ണൂസ്‌ said...

കയ്യൊപ്പേ, ഇടത്‌ വലതായാല്‍ നന്നായി എന്ന വാദത്തിന്റെ അടിസ്ഥാനം കൂടി ചിന്തിക്കുക. 45 കൊല്ലം മുന്‍പ്‌ 80% പേര്‍ക്കും അടിസ്ഥാനസൌകര്യങ്ങള്‍ ഇല്ലാതിരുന്ന രാജ്യമല്ല ഇന്ത്യ ഇന്ന്. 9% വാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ ഉള്ള രാജ്യമാണ്‌. അന്നത്തെ ഇടതു പക്ഷം കുറേ വലത്തേക്ക്‌ ഷിഫ്റ്റ്‌ ചെയ്തേ മതിയാവൂ -- സാമ്പത്തിക നയങ്ങളില്‍. അന്നത്തെ വലതു പക്ഷം കൂടുതല്‍ വലത്തേക്ക്‌ നീങ്ങിയെന്നിരിക്കുമ്പോള്‍ ഇടതിന്റെ സ്ഥാനം ഇപ്പോഴും ഇടതു തന്നെ.

Radheyan said...

ഇടത് വലതാവുകയല്ല ഗ്രാഫിന്റെ പ്രതലം തന്നെ വലത്തോട്ട് മാറിയിരിക്കുന്നു റിസ്.

അതില്‍ നിന്നു എന്ത് വ്യത്യാസം സി.പി.എമ്മിനുണ്ട് എന്ന് ആരെങ്കിലും സംശയിച്ചാല്‍...

1964ലെ നിലപാടുകളെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടും സോഷ്യല്‍ ഡെമോക്രാറ്റ് എന്നാല്‍ എന്ത് എന്നും നന്നായി ബോധ്യമുള്ളതുകൊണ്ടാണ് മേല്‍പ്പറഞ്ഞ അഭിപ്രായം ഇട്ടത്.

1964ലെ പിളര്‍പ്പിന് ആധാരമായ 2 സംഗതികള്‍ ഓര്‍ക്കുക രസമായിരിക്കും.
1.ചൈനയുടെ അതി വിപ്ലവ നിലപാട്
2.ദേശീയ ബൂര്‍ഷ്വാസിയുമയി എന്ത് നിലപാടെടുക്കണം എന്നത്.

1.ചൈന ഇന്ന് മുതലാളിത്തരാജ്യമായി.(ദേശാഭിമനിയില്‍ ഇന്നും ഇത് വിപ്ലവ ചൈനയാണ്).തൊഴിലാളികളുടെ അവസ്ഥ പരിതാപകരമായ ഒരു രാജ്യം കൂടിയാണ് ചൈന.പേരിപ്പോഴും കമ്മ്യൂ.ചൈന എന്ന് തന്നെ(പഞ്ചസാര പാത്രത്തിന്റെ പുറത്ത് ഉമിക്കരി എന്ന് എഴുതി വെച്ച് ഉറുമ്പിനെ പറ്റിക്കുന്ന രീതി)

2.സോണിയ ഗാന്ധിയുമായി നേതാക്കള്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും അത്താഴ വിരുന്നു കഴിക്കുന്നു

എന്തിനാ പിന്നെ നിങ്ങള്‍ 64ല്‍ പിളര്‍ന്നത്?

padmanabhan namboodiri said...

നന്ദി
nandi aaroodu njaan cholleendu
krishibhuumi karshakanu nalkiya EMSinte communist manthrisabhakkoo
karshakare vedi vachu konnu bhuumi tatakku nalkiya budhadeevante sarkkaarinoo?

മൂര്‍ത്തി said...

ഇത്തിരി apologetic ആയിട്ടാണ് ഇത് പറയുന്നത്.

രാധേയന്റെ നിലപാട്‌ എന്താണെന്ന് മനസ്സിലായില്ല. പാര്‍ലിമെന്ററി വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടികളെ സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്ന് വിളിക്കുന്നത് പൊതുവെ ഇവിടുത്തെ തീവ്ര ഇടതുപക്ഷകക്ഷികളാണ്.അവരെസംബന്ധിച്ചിടത്തോളം
ആ പദം ശകാരപദം തന്നെയാണ് . അതായിരിക്കുമോ നിലപാട് എന്ന്‌ തോന്നിയപ്പോള്‍ കാണാം സോഷ്യല്‍ ഡെമോക്രാറ്റ് എന്നത് അശ്ലീലപദമല്ല എന്ന്. കണ്‍ഫ്യൂഷന്‍.
പാര്‍ട്ടിപരിപാടിയില്‍ നിന്ന് വിപ്ലവഭരണകൂടം എന്ന പദം മാറ്റണം, സോഷ്യല്‍ ഡെമോക്രാറ്റുകളാണെന്ന് പ്രഖ്യാപിക്കണം എന്നൊക്കെ പറയുമ്പോള്‍ പാര്‍ട്ടിയെത്തന്നെല്ലേ എതിര്‍ക്കുന്നത്.? അല്ലാതെ, അവകാശപ്പെടുന്നതുപോലെ ചില നേതാക്കളെയല്ലല്ലോ?
ഇവിടേയും എനിക്ക് കണ്‍ഫ്യൂഷന്‍.

സിപി എം വിപ്ലവനൌകയില്‍ കാലൂന്നണോ അതോ ജനാധിപത്യ നൌകയില്‍ കാലൂന്നണോ എന്ന കാര്യവും അത്ര വ്യക്തമായില്ല? ഒരെണ്ണത്തില്‍ നിന്നും കാലെടുത്ത് ആ അശ്ലീലമായ പോസ് എന്തായാലും നിര്‍ത്തണമല്ലോ. സി.പി.എം കാര്‍ക്ക്
വിപ്ലവകാരികളാകുവാന്‍ കഴിയില്ല എന്ന് പറയുകയും (ശരിക്ക് വേണ്ടത് വിപ്ലവകാരികളാവുകയാണ് എന്നാണല്ലോ വ്യംഗ്യം) ഉടനെത്തന്നെ സോഷ്യല്‍
ഡെമോക്രാറ്റുകളാകണം എന്നു പറയുകയും ചെയ്യുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍.
വിപ്ലവത്തെക്കുറിച്ചുള്ള വൈകാരികമായ എഴുത്തുകൂടി കണ്ടപ്പോള്‍ കണ്‍ഫ്യൂഷന്‍ പൂര്‍ണ്ണം.

(ബൂര്‍ഷ്വാ)ജനാധിപത്യത്തില്‍ എല്ലാവരും നഗ്നരാണ് (തുല്യരാണ് എന്ന് ഇതിനൊരു വ്യംഗ്യമുണ്ട്) എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഉള്ളവന്റെ നഗ്നത എല്ലായ്പ്പോഴും മറച്ചുതന്നെയാണ് പിടിക്കപ്പെടുന്നത്. സാമൂഹിക ജീവിതത്തില്‍ എന്ത് ഇരുമ്പുമറയാണ്
ഇടതുപക്ഷക്കാര്‍ക്ക് കോണ്‍ഗ്രസ്സുകാരേക്കാള്‍ കൂടുതലായി ഉള്ളത് എന്ന് മനസ്സിലായില്ല.
അവരുടെ ജീവിതമായിരിക്കും കൂടുതല്‍ സുതാര്യം.

കേന്ദ്രീകൃത ജനാധിപത്യത്തെ പുച്ഛിക്കുന്ന രാധേയന്‍ മറന്നു പോകുന്നത് , എല്ലാതവണയും
ബ്രാഞ്ച് മുതല്‍ മുകളറ്റം വരെ തെരഞ്ഞെടുപ്പ് നടക്കുന്ന കക്ഷിയാണ് സി.പി.എം
(സി.പി.ഐയും അതെ) എന്നത്. അതിനേക്കാള്‍ എന്ത് ജനാധിപത്യമാണ് 16 വര്‍ഷം വരെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്ത കക്ഷികളിലും മുകളില്‍ നിന്ന്
സെക്രട്ടറിമാരേയും പ്രസിഡന്റുമാരേയുമൊക്കെ അപ്പോയിന്റ് ചെയ്യുന്ന കക്ഷികളിലുമൊക്കെ
കാണുന്നതെന്ന് ഒട്ടും മനസ്സിലായില്ല. ഈ സോ കോള്‍ഡ് ശരിയായ ജനാധിപത്യത്തില്‍
എന്തേ ഈ അപ്പോയിന്റ്മെന്റ്? അണികളുടെ ശബ്ദം എവിടെ കേള്‍പ്പിക്കും?

കൂട്ടത്തില്‍ പറയട്ടെ ബെഫിയുടെ മുദ്രാവാക്യം “പണിയെത്തിക്കൂ കൈകളിലാദ്യം
എന്നിട്ടാകാം കമ്പ്യൂട്ടര്‍” എന്നതായിരുന്നു. മാത്രമല്ല തൊഴിലാളി സംഘടനകളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തുന്നത്
ഇവിടെ കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്.

രാധേയന്‍ ആരുടെയെങ്കിലും ശത്രുവാണേന്ന് പറഞ്ഞില്ല. സ്നേഹിക്കുന്നവരില്‍ നിന്നും ഉണ്ടാകാന്‍ ഇടയില്ലാത്ത പ്രയോഗങ്ങള്‍ കണ്ടപ്പോള്‍ സംശയം തോന്നി എന്നേയുള്ളൂ..കങ്കാണി അക്കൂട്ടത്തില്‍
പുതിയത് എന്ന് പറഞ്ഞു കൊള്ളട്ടെ.

കണ്ണൂസ്,

ഓരോ വിഷയത്തിലും സി.പി.എമ്മിന്റെ നിലപാടുകളായിരിക്കും ഏറ്റവും പരസ്യമായത്
എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മിക്കവാറും എല്ലാം തന്നെ പുസ്തകരൂപത്തിലോ
ലഘുലേഖരൂപത്തിലോ ലഭ്യമാണ്. അവരുടെ വെബ് സൈറ്റില്‍ ഏറ്റവും പുതിയ വിഷയത്തെക്കുറിച്ചുള്ള നിലപാടുപോലും ലഭ്യമാണ്. എനിക്കറിയില്ല വേറെ ഏതു കക്ഷിയുടെ നിലപാടുകളാണ് ഇത്രയും എളുപ്പത്തില്‍ ലഭ്യമാകുന്നത് എന്ന്‌. ഈ നന്ദിഗ്രാം
സംഭവത്തില്‍ത്തന്നെ കോണ്‍ഗ്രസ്സിന്റെയോ മറ്റ് കക്ഷികളുടെയോ ഔദ്യോഗികനിലപാട്
ലഭ്യമാണോ?

റിസിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

Radheyan said...

മൂര്‍ത്തി, എനിക്ക് കണ്‍ഫ്യൂഷനുണ്ട്.ഒരു പക്ഷേ എന്റെ എഴുത്തിലും അതുണ്ടാവാം.അത് ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് അനുഭാവിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളത് തന്നെ ആണ് എന്ന് സംശയമുണ്ട്.വാദിക്കാനും തോല്‍പ്പിക്കനുമായി അല്ല ഞാന്‍ എഴുതുന്നതും വായിക്കുന്നതും.അറിയാനും ആശയവ്യക്തത വരുത്താനുമാണ്.
ഇന്നലെ തന്നെ പിണറായി പറയുന്നു മാധ്യമ പ്രവര്‍ത്തകരാണ് വിദേശപണം പറ്റുന്നതെന്ന്.വി.എസ്. പറയുന്നത് പത്രമുതലാളിമാരാണത് ചെയ്യുന്നത് എന്ന്.എടുത്ത് പറഞ്ഞ പത്രമായ ദീപിക പിണറായിയുടെ അടുത്ത സുഹൃത്തിന്റെ.കണ്‍ഫ്യൂഷന്‍ വരാതിരിക്കുന്നതെങ്ങനെ.
ഇന്നലെ പിണറായി പറയുന്നു വിപ്ലവാനന്തര ഭരണകൂടത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള തര്‍ക്കത്തിലാണ് പാര്‍ട്ടി പിളര്‍ന്നതെന്ന്.ശരിക്കും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ കാതലായ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുന്നുണ്ടോ.അത് പോലെ തന്നെ വിപ്ലവം സംഘടിപ്പിക്കാന്‍ പദ്ധതിയുള്ളവര്‍ക്ക് ആത്മാര്‍ത്ഥമായി ഇന്നത്തെ ഡെമോക്രസിയില്‍ പങ്കെടുക്കാനാവുമോ?അങ്ങനെ വരുമ്പോള്‍ ഇപ്പോഴത്തേത് മുഖമ്മൂടിയാണോ?ഉദ്ദേശം എത്രകാലം വരും വിപ്ലവം നടക്കാന്‍?

ഇത്തരം സംശയങ്ങള്‍ ഉള്ളില്‍ വച്ച് ഞാനൊരു ഫിലിപ്പ്.എം.പ്രസാദിനെ പോലൊരു സായീഭക്തനോ വെള്ളത്തൂവല്‍ സ്റ്റീഫനെ പോലൊരു സുവിശേഷകനോ വേണുവിനെ പോലൊരു മുതലാളിത്ത ആരാധകനോ ആവരുത് എന്ന് ആഗ്രഹമുണ്ട്.

മൂര്‍ത്തി said...

രാധേയന്റെ സത്യസന്ധതക്ക് അഭിനന്ദനങ്ങള്‍. കണ്‍ഫ്യൂഷന്‍ എല്ലാവര്‍ക്കും ഉണ്ടാകും.എന്തായാലും least evil എന്നെങ്കിലും തോന്നുന്നതിന്റെ കൂടെ നില്‍ക്കാതിരിക്കുന്നത് അരാഷ്ട്രീയതയാണ്.അങ്ങനെ നില്‍ക്കാതിരിക്കുമ്പോള്‍ വലിയ സാത്താന്മാരെ സഹായിക്കുകയാണ് നാം ചെയ്യുന്നത്. ആശയങ്ങളെക്കുറിച്ചാണ് നമ്മുടെ ചിന്തകളെങ്കില്‍ വ്യക്തികള്‍ ഓരോ ദിവസവും എന്തു പറഞ്ഞുവെന്നോ അതിലെന്തെങ്കിലും പൊരുത്തക്കേടുണ്ടോ എന്നൊന്നും വലുതായി ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ല. അവര്‍ക്കൊക്കെ മുകളിലാണ് പ്രസ്ഥാനം. ഏതു പ്രസ്ഥാനത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. നമുക്ക് യോജിക്കാന്‍ പറ്റാത്തപലതും ദൈനംദിന രാഷ്ട്രീയത്തില്‍ ഉണ്ടാകും. നൂറുശതമാനവും ശരി മാത്രം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉണ്ടാവില്ല. തെറ്റുകള്‍ സ്വാഭാവികം. നന്ദിഗ്രാമില്‍ നിന്നു തുടങ്ങിയ ചര്‍ച്ച വേറെ എവിടെയോ എത്തി. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഒരു കുറിപ്പ് ഇവിടെ. സംഭവത്തിന്റെ കൂടുതല്‍ വശങ്ങള്‍ അറിയുന്നത് ചര്‍ച്ചയെ കൂടുതല്‍ ഗൌരവസ്വഭാവമുള്ളതാക്കും എന്ന് കരുതുന്നു.

Anonymous said...

valare arthavathaya oru charcha