Thursday, March 8, 2007

പാണരുടെ സംഗീതം-എല്‍.എസ്‌. രാജഗോപാലന്‍


പാണന്മാരുടെ ഒരു പ്രധാനപ്പെട്ട കുലത്തൊഴില്‍ തുയിലുണര്‍ത്തുപാട്ടുപാടുക എന്നതാണ്‌. അമ്പലത്തിലെ തേവരെ പാട്ടുപാടി സ്‌തുതിച്ച്‌ ഉറക്കം ഉണര്‍ത്തുന്നതാണ്‌ തുയില്‍ ഉണര്‍ത്തല്‍ (തുയില്‍ =ഉറക്കം). കര്‍ക്കിടകമാസം ഒന്നാംതീയതി ശ്രീ ഭഗവതിയെ വരവേല്‌ക്കുക എന്ന ചടങ്ങുണ്ടല്ലോ. അതിനെ ഉദ്ദേശിച്ച്‌ പാണനും അയാളുടെ സഹധര്‍മ്മിണിയായ പാട്ടിയും കൂടി പുലരുന്നതിനു വളരെമുമ്പ്‌ അമ്പലനടകളിലും, വീടുകള്‍തോറും പോയി, ഉടുക്കുകൊട്ടി തുയിലുണര്‍ത്തുപാട്ടുപാടി അവകാശം വാങ്ങുക പതിവായിരുന്നു. ഈ ചടങ്ങ്‌ പട്ടണപ്രദേശങ്ങളില്‍നിന്നും പോയിരിക്കുന്നു. ഉള്‍നാടുകളില്‍ ചില ഇടത്ത്‌ അപൂര്‍വ്വമായി ഇത്‌ നടക്കുന്നുണ്ട്‌.


ഈ പാട്ടുപാടുമ്പോള്‍ അവര്‍ അവരെതന്നെ വിശേഷിപ്പിക്കുന്നത്‌ തിരുവരങ്കത്ത്‌ പാണനാര്‍ എന്നാണ്‌. ഇതിന്റെ പിന്നില്‍ രസകരമായ ഒരൈതിഹ്യമുണ്ട്‌.


തമിഴ്‌നാട്ടില്‍ തൃശ്ശിനാപ്പിളളിക്ക്‌ തൊട്ടടുത്ത്‌ കാവേരി നദിയിലെ ഒരു തുരുത്താണ്‌ ശ്രീരംഗം എന്ന പുണ്യക്ഷേത്രം. ഇവിടെ രംഗനാഥര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മഹാവിഷ്‌ണു അനന്തശയനനായി പളളികൊണ്ടിരിക്കുകയാണ്‌. ഈ ക്ഷേത്രം അയ്യങ്കാര്‍മാരുടെ ഒരു കേന്ദ്രമാണ്‌.


തമിഴില്‍ 'പണ്‍' എന്ന വാക്കിന്‌ രാഗം എന്നര്‍ത്ഥമുണ്ട്‌. 'പണ്‍പാടുന്നവന്‍ പാണന്‍'. വളരെ പണ്ട്‌ ശ്രീരംഗത്ത്‌ പരമഭക്തനായ ഒരു പാണന്‍ ഉണ്ടായിരുന്നു. പാട്ടില്‍ വളരെ കേമന്‍. അയിത്തക്കാരന്‍ ആയതുകൊണ്ട്‌ ഗോപുരത്തിന്റെ പുറത്തുനിന്ന്‌ തേവരെ സ്‌തുതിച്ചുപാടുക പതിവായിരുന്നു. ഒരുദിവസം മതിമറന്നു പാടിക്കൊണ്ടിരിക്കുമ്പോള്‍ അമ്പലത്തിലെ പൂജാരിക്ക്‌ ആ വഴി പോകുവാന്‍ അത്‌ തടസ്സമായത്രെ. മാറിനില്‍ക്കുവാന്‍ പറഞ്ഞത്‌ ഇയാള്‍കേട്ടില്ല. പൂജാരി ഒരു കല്ലെടുത്ത്‌ ഇയാളുടെ മേല എറിഞ്ഞു. മുറിവുപറ്റി ചോരവന്നു. ബോധം വന്ന പാണന്‍ വഴിമാറിക്കൊടുത്ത്‌ ക്ഷമയാചിച്ചു.


പൂജാരി ശ്രീലകത്ത്‌ പോയി നോക്കിയപ്പോള്‍ ബിംബത്തിന്റെ മേല്‍ ചോരകണ്ടു. അപ്പോള്‍ ഒരശരീരി കേട്ടു. 'നീ എന്റെ ഭക്തനായ പാണന്റെ മേല്‍ എറിഞ്ഞത്‌ എനിക്കാണ്‌ ഏറ്റത്‌. ഇതിനു പ്രായശ്ചിത്തമായി നീ പോയി ആ പാണനെ നിന്റെ തോളില്‍ കയറ്റി ഇങ്ങോട്ടുകൊണ്ടുവാ'എന്ന്‌. പൂജാരി ഭയപ്പെട്ട്‌ ഗോപുരവാതുക്കലേക്ക്‌ ഓടി. പാണന്‍ അപ്പോഴും അവിടെ പാടിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നു. പൂജാരിയെകണ്ട്‌ പാണന്‍ ഭയപ്പെട്ടു ക്ഷമാപണം ചെയ്‌തു. പൂജാരിയാകട്ടെ പാണനെ സമസ്‌കരിച്ച്‌ അയാളുടെ പ്രതിഷേധത്തെ അവഗണിച്ച്‌ തന്റെ തോളില്‍ കയറ്റി ശ്രീലകത്ത്‌ കൊണ്ടുപോയി തേവരുടെ മുമ്പില്‍ നിര്‍ത്തി. പാണന്‍ ദിവ്യതേജോമയനായി ബിംബത്തോട്‌ ഐക്യംപ്രാപിച്ചു എന്നാണ്‌ ഐതിഹ്യം. ഈ ദിവ്യന്റെ പരമ്പരയില്‍ വന്നവരാണത്രെ കേരളത്തിലെ പാണന്മാര്‍. അതുകൊണ്ടാണ്‌ അവര്‍ തിരുവരംഗത്തു പാണന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നത്‌. അങ്ങിനെയാണ്‌ ഇവര്‍ക്ക്‌ തുവിലുണര്‍ത്തുപാട്ടുപാടാനുളള അവകാശം സിദ്ധിച്ചതത്രെ.


ശ്രീരംഗത്തെ പരമഭക്തനായ ഈ പാണനെ തിരുപ്പാണ്‍ ആഴ്‌വാര്‍ എന്ന പേരില്‍ ഒരു ദിവ്യനായി കൊണ്ടാടപ്പെടുന്നു. അദ്ദേഹം രചിച്ച പാട്ടുകളില്‍ പലതും ഇപ്പോള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


ഒരു പാട്ടില്‍ പാല്‍ക്കടലില്‍ പളളികൊണ്ട ഭഗവാന്‍ ശ്രീനാരായണന്‍ ഉറക്കം ഉണര്‍ന്നില്ലത്രെ. എന്തൊക്കെയോ ചെയ്‌തിട്ടും ഫലമുണ്ടായില്ല. കണിയാനെ വിളിച്ച്‌ പ്രശ്‌നം വെപ്പിച്ചുനോക്കിയാല്‍ തിരുവരങ്കത്തു പാണനെ വിളിച്ച്‌ തുയിലുണര്‍ത്തുപാട്ടു പാടിയാലെ ഭഗവാന്‍ ഉണരുകയുളളൂ എന്നുകണ്ടു തിരുവരങ്കത്തു പാണനെ കൊണ്ടുവന്നു. അയാള്‍ പാടി.


"എന്തുമ്മേലെ ഏവാതമ്മിലുമേ
തുയില്‍കൊണ്ടു ഭഗവാനും......
അരയാലിന്റെ വടക്കേ പോയ
കൊമ്പതിന്മേല്‍ പളളികൊണ്ടു.....
കണ്ണിവെറ്റില നരകതിന്മേല്
‍പളളികൊണ്ടു ഭഗവാനും"


ഇങ്ങനെ തിരുവരങ്കത്തു പാണന്‍ പാടിയപ്പോള്‍ ഭഗവാനുണര്‍ന്ന്‌ എല്ലാവരേയും അനുഗ്രഹിച്ചു എന്നും മറ്റുമാണ്‌ പാട്ടിലെ ഉളളടക്കം. ഇതിന്ന്‌ എരിക്കിലകാമോദരി രാഗത്തിന്റെ ഛായയുണ്ട്‌.

ഈ പാട്ടുകള്‍ തുടങ്ങുന്നതിനുമുമ്പ്‌ ഒരുചെറിയ രാഗാലാപനവും ഒരു ശ്ലോകവും ഇവര്‍ പാടാറുണ്ട്‌. ഇതിനെ കലത്ര പാടുക എന്നാണവര്‍ പറയുക. അടാട്ട്‌ എന്ന സ്ഥലത്തെ ഒരു പാണന്‍ പാടിക്കേട്ട കലത്ര കുരൂരമ്മ ഗുരുവായുരപ്പനെ പറ്റി പാടിയതാണത്രെ.


"ഉണ്ണീവാവാ കുളിച്ചീടുക ഉഴറി വിരവില്
‍കുറിയിട്ടുണ്ണേണമേ കുമാര
ഇന്നല്ലോ നിന്‍ പിറന്നനാള്
‍തെളിപൊടിയുമണിഞ്ചെന്തീവണ്ണം കിടപ്പ
എന്നെല്ലാം യശോദ വചനമതുകേട്ട
മെല്ലെ ചിരിച്ചോരുണ്ണിക്കണ്ണന്റെ ഭാവം
പുനരൊരുനാള്‍ കാണ്മതിന്‍ ഭാഗ്യമുണ്ടോ"

ഇതുപാടിക്കേട്ടത്‌ നാട്ടക്കുറിഞ്ചി രാഗത്തിലായിരുന്നു. ഇവര്‍ പാടുന്ന ചില കലത്ര പാട്ടുകള്‍ തമിഴിലാണ്‌. മിഥുനമാസത്തില്‍ ഇവര്‍ ഒരു കുറത്തിയുടെ വേഷം കെട്ടി വീടുതോറും പോയി, പാടി നൃത്തംവെച്ച്‌ അവകാശങ്ങള്‍ വാങ്ങിക്കാറുണ്ടായിരുന്നു. താഞ്ചാമലയുടെ തന്നടുവേ അമ്മ എന്നു തുടങ്ങുന്ന പാട്ട്‌തമിഴ്‌ ഭാഷയിലാണ്‌. ഇത്‌ ആനന്ദഭൈരവിയിലാണ്‌ പാടിക്കേട്ടത്‌. ഈ പറഞ്ഞതെല്ലാം തൃശ്ശൂര്‍ ജില്ലയിലെ പാണന്മാരെ സമീപിച്ചതില്‍ നിന്നും മനസ്സിലായതാണ്‌. പ്രാദേശികമായി പാട്ടുകള്‍ക്കും അവ പാടുന്ന രീതിക്കും വളരെ വ്യത്യാസം കാണുന്നുണ്ട്‌.


തൃശ്ശൂര്‍ ജില്ലയില്‍ പാണന്മാരില്‍ നല്ല ചെണ്ട കൊട്ടുകാരെ കാണാം. അവര്‍ ക്രിസ്‌ത്യാനികളുടെ വിശേഷദിവസങ്ങളിലെ എഴുന്നളളിപ്പിന്‌ മേളം കൊട്ടുക പതിവാണ്‌. മേളത്തിലെ കുറുങ്കുഴലില്‍നിന്നാണ്‌ അവര്‍ നാഗസ്വരത്തിലേക്ക്‌ കടന്ന്‌ ചിലര്‍ നല്ല നാഗസ്വര തകില്‍ വിദ്വാന്മാരായിരിക്കുന്നു.


പാലക്കാട്‌ ജില്ലയില്‍ പാണന്മാര്‍ പൊറാട്ടുനാടകം നടത്തുന്നുണ്ട്‌. തമിഴും മലയാളവും ഇവര്‍ക്ക്‌ ഒരേ നിലവാരത്തില്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കും.


പഴയ തമിഴ്‌ രാജാക്കന്മാരുടെ കൊട്ടാരത്തില്‍ പാണര്‍ക്ക്‌ വലിയ സ്ഥാനമായിരുന്നു. ഇവരെ പറ്റിയുളള വിവരങ്ങള്‍ ഉന്നതതമിഴ്‌ കൃതികളായ പെരുമ്പാണാറ്റുപടൈ, ചെറുപാണാറ്റുപടൈ എന്നും മറ്റുമുളളവയില്‍ കാണാം.


പാലക്കാട്‌ ജില്ലയില്‍ ഈഴവ-തണ്ടാന്‍ കുടുംബങ്ങളില്‍ കല്യാണക്കുറി കൊണ്ടുകൊടുക്കുവാനുളള അവകാശം ഇവര്‍ക്കായിരുന്നു എന്ന്‌ ഡോ. എ. അയ്യപ്പന്‍ നായാടികള്‍ എന്ന പഠനത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌.


ഈ ലേഖകന്‍ തൃശ്ശൂരില്‍ പാണര്‍ മഹാസഭയുടെ ഒരു വാര്‍ഷികത്തിനു പോയിരുന്നു. അവിടെ പാണന്മാരുടെ കുട്ടികള്‍ക്ക്‌ ഭരതനാട്യം, ലൈറ്റ്‌മ്യൂസിക്‌ എന്നും മറ്റും ചില മത്സരങ്ങള്‍ക്ക്‌ സമ്മാനം കൊടുക്കുകയുണ്ടായി. ഭാരവാഹികളോട്‌ 'പാണപാട്ടില്‍ മത്സരമൊന്നും ഇല്ലേ എന്ന്‌" ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി "ആര്‍ക്കുവേണം സാറേ ഈ പാണപാട്ടുകള്‍" എന്നാണ്‌. ഞാന്‍ അവരോട്‌ വീണ്ടും ചോദിച്ചു പണ്ട്‌ നാട്ടുകാരുടെ വീട്ടില്‍പോയി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പാടുന്നുണ്ടല്ലോ. നിങ്ങളുടെ വീട്ടില്‍തന്നെ ദിവസം സന്ധ്യക്ക്‌ ഈ പാട്ടുകള പാടിയാല്‍ നിങ്ങള്‍ക്ക്‌ ഐശ്വര്യം ഉണ്ടാവും എന്നതില്‍ നിങ്ങള്‍ക്ക്‌ സംശയം തോന്നുന്നുവോ എന്ന്‌. അതിന്‌ മറുപടി ഉണ്ടായില്ല.


ഈ ലേഖകന്റെ അന്വോഷണത്തില്‍ പാണന്മാരുടെ കണ്‌ഠം പരക്കെ നല്ലതാണ്‌. ആ കാര്യത്തില്‍ അവരുടെ ജീനുകളെക്കുറിച്ച്‌ ഗവേഷണം നടത്തേണ്ടതാണ്‌.


നാടോടി കലാകാരന്മാര്‍ക്ക്‌ അവരുടെ കലയില്‍ അഭിമാനം കുറഞ്ഞിരിക്കുന്നു. അതിന്ന്‌ കാരണങ്ങള്‍ പലതാവാം. പക്ഷെ അവരുടെ കലകളില്‍ അവര്‍ക്ക്‌ അഭിമാനം നഷ്‌ടപ്പെട്ടാല്‍ ആ കലകളുടെ തിരോധാനം വിദൂരത്തല്ല. നാടോടിക്കലകളില്‍ താല്‌പര്യമുളളവര്‍ ആ കലാകാരന്മാരുടെ സ്വാഭിമാനം വീണ്ടെടുക്കുവാന്‍ പ്രയത്നിക്കേണ്ടതുണ്ട്‌.


പാണപ്പാട്ടുകളെപ്പറ്റി ഗവേഷണം ചെയ്‌ത്‌ ലേഖനങ്ങളും പുസ്‌തകങ്ങളും എഴുതുന്നവര്‍ അതിലെ ഭാഷാപരമായും സാമൂഹ്യപരമായും ഉളള കാര്യങ്ങളേ കാര്യമായിട്ടു നോക്കുന്നുളളൂ. അതിലെ കലാഭാഗം (സംഗീതം മുതലായവ) നോക്കുന്നില്ല. സോപാനസംഗീതത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്നു എന്നു പറയുന്നവര്‍ ഇവരെ തിരിഞ്ഞുനോക്കുന്നില്ല എന്ന ദുഃഖസത്യം ബാക്കി നില്‍ക്കുന്നു.


ഒരു ചെറിയ തമാശകൂടി പറഞ്ഞ്‌ ഇത്‌ നിര്‍ത്താം. പാട്ടു ടീച്ചറായ ഒരു പാണസ്‌ത്രീയോട്‌ ചര്‍ച്ചചെയ്യുമ്പോള്‍ അവര്‍ പറഞ്ഞുഃ "ഞാന്‍ തൃശൂര്‍ വി.ജി.സ്‌കൂളില്‍ പാട്ടുപഠിച്ച്‌ പാസ്സായി. ഞാന്‍ പഠിക്കുമ്പോഴുളള കുട്ടികളില്‍ പകുതി പാണന്മാരും പകുതി പട്ടന്മാരുമായിരുന്നു." എന്ന്‌ ഈ രണ്ടുസമുദായങ്ങള്‍ക്ക്‌ പാട്ടിനോടുളള അഭിനിവേശത്തിന്‌ വേറെ സര്‍ട്ടിഫിക്കറ്റ്‌ വേണോ ?


എല്‍.എസ്‌. രാജഗോപാലന്‍.

3 comments:

Unknown said...

പണ്‍പാടി നടന്ന ഒരു പാവലര്‍ പയ്യന്‍ പിന്നീട്
മഹാനായ സംഗീതജ്ഞനായി,
സിനിമാലോകത്ത് അതിപ്രശസ്തനുമായി.

അങ്കിള്‍. said...

പാണരുടെ കഥ വായിച്ചു. ഞാന്‍ ജനിച്ചതും വളര്‍ന്നതും വളരുന്നതും ഒരു നഗരമദ്ധ്യത്തിലാണ്‌. പാണപ്പാട്ട്‌ നേരിട്ട്‌ കാണാന്‍ ഭാഗ്യമില്ലാത്ത നഗരം. നല്ലവരായ നിങ്ങളെപ്പോലുള്ളവര്‍ പറഞ്ഞും,പുസ്തകത്തില്‍ കൂടിയും ഉള്ള അറിവേയുള്ളൂ, ഇവരെപ്പറ്റി.
നന്ദി.

വേണു venu said...

പാണരുടെ കഥ വായിച്ചു.ഇവരേ പറ്റി കൂടുതല്‍‍ വിവരം പങ്കുവച്ചതിനു് നന്ദി. പുള്ളുവന്‍‍ പാട്ടുകളിലും പാണരുടെ പാട്ടുകളുമായി എന്തെങ്കിലും ബന്ധങ്ങളുണ്ടോ?.
നല്ല ലേഖനം.:)