Monday, March 5, 2007

പുലരിത്തൂമഞ്ഞു തുള്ളിയില്‍

പി.ജെ.ജെ.ആന്റണി എഴുതിയ കഥ - പുലരിത്തൂമഞ്ഞു തുള്ളിയില്‍

യേശുവിന്‌ തിന്നാന്‍ കൊടുക്കാന്‍ നല്ലതൊന്നും ഇല്ലല്ലോയെന്ന്‌ ഉമ വ്യസനിച്ചു. വീടിന്റെ മൂലയിലെ ബെഞ്ചില്‍ പാവത്താനെപ്പോലെ പിന്നാക്കം ചാരിയിരിക്കുകയാണ്‌. ഞങ്ങടെ ദൈവങ്ങള്‍ക്കെല്ലാം നല്ല കാലമായിട്ടും ഈ പാവത്തിന്റെ കഷ്ടകാലം നീങ്ങുന്നില്ലല്ലോയെന്ന സങ്കടവും ഉമയെ നീറ്റി.

പാതിരായടുത്ത നേരത്താണ്‌ വന്നുകയറിയത്‌. ഒറ്റനോട്ടത്തില്‍ തന്നെ ഉമയ്ക്ക്‌ ആളെ പിടികിട്ടി. അലച്ചിലിന്റെ ഭൂപടം പോലുണ്ടായിരുന്നു യേശു. താടിയും മുടിയുമൊക്കെ ചെമ്പിച്ചും വളര്‍ന്നും കോലം കെട്ടിട്ടും ആദ്യനോട്ടത്തില്‍ത്തന്നെ ഉമയ്ക്ക്‌ ആളെ പിടികിട്ടി.......

എന്നാലും ദേവഗണത്തില്‍പ്പെട്ടവരുടെ ഛായ മുഖത്തുണ്ടായിരുന്നു. ശിവകാശി കലണ്ടറുകളിലൊന്നും കാണുന്ന മട്ടിലായിരുന്നില്ല അത്‌. നൊവേനപ്പള്ളിയിലെ ചെങ്കോലേന്തിയ വിഗ്രഹത്തിന്റെ ഛായയും ഉണ്ടായിരുന്നില്ല. ശരിക്കും ഒരു പാവത്താന്‍. എന്നാലും അമ്മമാരുടെ ഉള്ള്‌ ചുരത്തുന്ന എന്തോ ഒന്ന്‌ യേശുവിന്റെ പാവം പിടിച്ച കണ്ണുകളിലുണ്ടായിരുന്നു.

തല കുനിച്ച്‌ അകത്തേയ്ക്ക്‌ കയറുമ്പോള്‍ യേശു ഒരുമാത്ര തലയുയര്‍ത്തി ഉമയെ കണ്ണില്‍ത്തന്നെ നോക്കി. ഇലക്‌ട്രിക്‌ കറണ്ട്‌ കയറി വരുമ്പോലെ യേശുവിന്റെ ഉള്ളിലെ വേദന തന്റെ ഉള്ളിലേക്കും പിടഞ്ഞു കയറുകയാണെന്ന്‌ ഉമയ്ക്ക്‌ അപ്പോള്‍ തോന്നി. ഇത്‌ പങ്കപ്പാടണല്ലോയെന്ന്‌ മനസില്‍ നിരൂപിക്കുകയും ചെയ്‌തു.

അന്നേരവും ഇതൊന്നും അറിയാതെ ദിവാകരന്‍ ഉറക്കത്തിലായിരുന്നു. യേശു കട്ടന്‍കാപ്പി ഊതിയൂതി കുടിക്കുമ്പോഴാണ്‌ ഉമ ദിവാകരനെ വിളിച്ചുണര്‍ത്തിയത്‌.

"എന്റെ കണിച്ചുകുളങ്ങര ഭഗവതിയേ, ഞാനെന്താടീ ഈ കാണുന്നത്‌! പൗലോസച്ചായന്റേം മറ്റും യേശുക്രിസ്‌തുവല്ലേടി ഈ ഇരിക്കുന്നത്‌?"

യേശു ദിവാകരനെ നോക്കി ക്ഷീണിതമായി പുഞ്ചിരിച്ചു. ദിവാകരന്റെ മനസ്‌ നിറഞ്ഞുതൂവി. മുഷിഞ്ഞ കാവിയിലും യേശുവിന്റെ സൗമ്യമുഖത്തിന്‌ നല്ല ശ്രീയുണ്ടെന്ന്‌ അയാള്‍ക്ക്‌ തോന്നി.

"എന്നാലും കുരിശേക്കിടക്കുന്നതു തന്നാ കാണാന്‍ ഭംഗി. വയറ്‌ താഴോട്ട്‌ പറ്റി ആ ചുളിവിലും യേശുക്രിസ്‌തുവിന്റെ മൊഖം തെളിയുന്ന വയലാറ്റുമുഖംപള്ളീലെ രൂപം കാണാന്‍ നമ്മള്‍ പോയതോര്‍മ്മയുണ്ടോ? എന്നാ ആള്‍ക്കൂട്ടവും കരച്ചിലുമാരുന്നു! അവിടിപ്പം നേര്‍ച്ചവരവ്‌ ലക്ഷങ്ങളാ".

"ദിവാകരനണ്ണന്‌ ഒരു മൂഡ്‌ വരാഞ്ഞിട്ടാ. ഒറക്കത്തീന്ന്‌ എഴുന്നേറ്റതല്ലേ. അല്ലെങ്കില്‍ ആള്‌ ഇങ്ങനെയൊന്നുമല്ല. ഇത്തിരി തെങ്ങിങ്കള്ള്‌ കൂടി അകത്ത്‌ ചെന്നാല്‍ പിന്നെ മൂഡിന്റെ മൂഡാ".

കുടിച്ചുതീര്‍ന്ന കാപ്പിഗ്ലാസ്‌ ഉമയ്ക്ക്‌ നേരെ നീട്ടിക്കൊണ്ട്‌ യേശു ചോദിച്ചു.

"കുറച്ച്‌ വെള്ളം തരുമോ?"

ഇത്തിരി വലിയ ഒരു പളുങ്കുകോപ്പയില്‍ വെള്ളം പകര്‍ന്ന്‌ ഉമ യേശുവിന്‌ കൊടുത്തു. രണ്ട്‌ കൈത്തലങ്ങള്‍ക്കുള്ളില്‍ ഒരു പ്രാവിന്‍കുഞ്ഞിനെയെന്നവണ്ണം യേശു ആ കോപ്പയെ ഒരു നിമിഷം ചേര്‍ത്തുപിടിച്ചു. പിന്നെ ഈര്‍പ്പമുള്ളൊരു സ്നേഹത്തോടെ കോപ്പ ദിവാകരനാ നേരെ നീട്ടി. അയാള്‍ അത്‌ ഇത്തിരിയൊരമ്പരപ്പോടെ വാങ്ങുമ്പോള്‍ കള്ളുവാസന ആ മുറിയാകെ പരന്നിരുന്നു.

ദിവാകരന്‍ കണ്ണടച്ച്‌ മോന്തി.

"പണ്ടൊരു കല്യാണവീട്ടില്‌ വെള്ളം വീഞ്ഞാക്കിയ കഥയൊക്കെ ഞാനും വായിച്ചിട്ടുണ്ട്‌. "കോപ്പ ഉമയ്ക്ക്‌ തിരികെ കൊടുത്തുകൊണ്ട്‌ ദിവാകരന്‍ ഒച്ച താഴ്ത്തി പറഞ്ഞു. "ദൈവം സാക്ഷി, ഇത്രേം നല്ല കള്ള്‌ ഞാന്‍ ഈ അടുത്തകാലത്തൊന്നും കുടിച്ചിട്ടില്ല."...........


"ജനിക്കും മുന്‍പേ തുടങ്ങിയതാ എന്റെ അലച്ചില്‍. നിറവയറുമായി പ്രസവിക്കാന്‍ ഇത്തരി ഇടം തേടി അമ്മയും അച്ഛനും ഒരുപാട്‌ അലഞ്ഞിട്ടുണ്ട്‌. ജനിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഊഴമായി. എല്ലാ ദേശവും മെല്ലെ പരദേശമായി മാറുന്നത്‌ അനുഭവം. അതുകൊണ്ടാണ്‌ അലച്ചില്‍ ഒടുങ്ങാത്തത്‌. ഇതിനിടയില്‍ നിങ്ങളെപ്പോലുള്ളവരെ തേടുന്നതും കണ്ടുമുട്ടുന്നതും സന്തോഷം"....

"എനിക്കും സ്‌ത്രീകള്‍ കൂട്ടുകാരായി ഉണ്ടായിരുന്നു. മഗ്‌ദലനക്കാരി മേരി, ലാസറിന്റെ സഹോദരിമാര്‍ മാര്‍ത്തയും മറിയവും, പത്രോസിന്റെ അമ്മായിയമ്മ അങ്ങിനെ എത്രയോപേര്‍. പാവം മേരിയും യൂദാസും. ഓരോരുത്തര്‍ എന്തൊക്കെയാണ്‌ അവരെക്കുറിച്ചെല്ലാം എഴുതിക്കൂട്ടുന്നത്‌! അവരെല്ലാവരും എനിക്ക്‌ നല്ലവരായിരുന്നു, തുണക്കാരായിരുന്നു. എഴുന്നേറ്റുനില്‍ക്കാനും നീതിയ്ക്കും നന്‍മയ്ക്കുമായി പൊരുതാനുമാണ്‌ ഞാന്‍ എല്ലാവരോടും പറഞ്ഞത്‌. വഴിയില്‍ വീണുപോയവരായിരുന്നു എന്നും എന്നോടൊപ്പം. അവരോട്‌ അതല്ലാതെ മറ്റ്ന്ത്‌ പറയാന്‍?".

പച്ചമുറ്റിയ ഇലത്തുമ്പുകളില്‍ തൂമഞ്ഞുതുള്ളികള്‍. തങ്ങള്‍ നട്ടുനനച്ചുവളര്‍ത്തിയ ഇലച്ചാര്‍ത്തുകള്‍ യേശുവിനെ തൊട്ടുരുമുന്നത്‌ ഉമയും ദിവാകരനും കണ്ടു. അമരയും പാവലും പടവലവും വെണ്ടയും ചേനയും മത്തനും ഇളവനും, കുരുത്തോലപ്പയറും പീച്ചിങ്ങയുമെല്ലാം മുന്നോട്ടാഞ്ഞ്‌ ആഹ്ലാദത്തോടെ അവനെ തൊടുന്നു. അവനും ഒരു വള്ളിയായി അവരിലൊരാളായി പച്ചയണിഞ്ഞ്‌ ഈറനായി മായുന്നേരം.....

(തുടര്‍ന്നു വായിക്കൂ)

No comments: