Saturday, February 24, 2007

ശശി തരൂരിന്റെ 'കലാപം'(Riot) - ഒരു ആസ്വാദനക്കുറിപ്പ്‌

മനസിലെ കലാപങ്ങള്‍ - ശശി തരൂരിന്റെ 'കലാപം' എന്ന നോവലിന്‌ ഒരു ആസ്വാദനക്കുറിപ്പ്‌
എം.എസ്‌. രാഖേഷ്‌ കൃഷ്ണന്‍


ശശി തരൂര്‍ അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാളാണ്‌. 'ഇന്ത്യഃ അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട്‌' (India : From midnight to Half century) എന്ന പഠന ഗ്രന്ഥവും 'മഹാഭാരത കഥ' (The Great Indian Novel) എന്ന നോവലും വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും 'കലാപം' (Riot) അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

കഥഃ- അമേരിക്കയില്‍ നിന്നും തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ വരുന്ന 24കാരിയായ പ്രിസില ഹാര്‍ട്ട്‌ സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്‌. തന്റെ ജോലിയുടെ ഭാഗമായി പരിചയപ്പെടുന്ന ഡിസ്‌ട്രിക്ട്‌ മജിസ്‌ട്രേറ്റ്‌ ലക്ഷ്‌മണ്‍ എന്ന 33കാരനുമായി പ്രിസില അടുപ്പത്തിലാവുന്നു. ഒരു കുട്ടിയുടെ പിതാവായ അയാള്‍ തന്റെ ദാമ്പത്യജീവിതത്തില്‍ അസംതൃപ്തനുമായിരുന്നു. ഒരു പ്രത്യേക അവസരത്തില്‍ ലൈംഗീക ബന്ധത്തിലേക്ക്‌ നീളുന്ന അവരുടെ കൂടിക്കാഴ്ചകള്‍ ഇരുവരെയും പല കുഴപ്പത്തിലും ചാടിക്കുന്നു. തന്റെ പിതാവിന്റെ രഹസ്യ ലൈംഗീക വേഴ്ച കണ്ട ആഘാതത്തില്‍ നിന്നും പുറത്തു കടക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന പ്രിസിലയുടേയും മകളോടുള്ള സ്നേഹത്തിലേയ്ക്ക്‌ വലിച്ചടുപ്പിക്കപ്പെടുന്ന ലക്ഷ്‌മണിന്റെയും മനസ്സിലെ കലാപങ്ങളാണ്‌ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.


അയോധ്യയിലെ ബാബറി മസ്ജിദ്‌ തകര്‍ക്കാനായി കര്‍സേവകര്‍ കച്ചകെട്ടി നടക്കുന്ന സമയത്ത്‌ ഉത്തര്‍പ്രദേശിലെ സലില്‍ഗഢ്‌ എന്ന ഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്‌. പ്രിസിലയുടേയും ലക്ഷ്‌മണിന്റെയും വേഴ്ചകള്‍ പതിവായി നടക്കുന്ന 'കോട്‌ലി'യില്‍ വച്ച്‌ പ്രിസില കൊല്ലപ്പെടുകയാണുണ്ടാകുന്നത്‌. പ്രിസിലയുടെ ഘാതകനാരാണെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ്‌ കഥ അവസാനിക്കുന്നത്‌.

കലാപത്തെ ശ്രദ്ധേയമാക്കുന്നത്‌ അതിന്റെ അവതരണരീതിയാണ്‌. ഒരു കുറ്റാന്വേഷണ കഥയുടെ അവസ്ഥ സൃഷ്ടിച്ചുകൊണ്ട്‌ കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ കൊണ്ടുപോകാന്‍ ശശി തരൂരിന്‌ സാധിച്ചിട്ടുണ്ട്‌.

കാലത്തിന്റെ ഗതിയും ദിശയും വ്യതിയാനപ്പെടുത്തുമ്പോള്‍പ്പോലും കഥാഗതിയും ദിശയും വ്യതിയാനപ്പെടുന്നില്ല എന്നതിലാണ്‌ ശശി തരൂരിന്റെ സാഹിത്യമേന്‍മയും പ്രാഗത്ഭ്യവും തെളിയിക്കപ്പെട്ടിരിക്കുന്നത്‌.

(തുടര്‍ന്നു വായിക്കുക.....)

No comments: