Sunday, February 25, 2007

നര്‍മ്മം

അക്രമമോ? ലാത്തിച്ചാര്‍ജ്ജ്‌ മാത്രമല്ലേ....

ഉപഗുപ്തന്‍


അങ്ങനെ സ്കോര്‍ വീണ്ടും തുല്യനിലയിലായി. കളി ഇനി ഒന്നേയെന്നു തുടങ്ങാം. രണ്ടുകൊല്ലം മുമ്പ്‌ ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ വെച്ച്‌ യാക്കോബായ വിഭാഗം പോലീസിന്റെ ചൂടനടി ഇരന്നു വാങ്ങിയപ്പോഴേ ഗുപ്തന്‍ കരുതിയതാണ്‌ ഓര്‍ത്തഡോക്സ്‌ ശിങ്കങ്ങള്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന്‌. അവന്മാര്‌ തേങ്ങായുടക്കുമ്പോള്‍ നമ്മള്‌ ചിരട്ടയെങ്കിലുമുടച്ചില്ലേല്‍ മോശമല്ലിയോ. ഓര്‍ത്തഡോക്‌സുകാര്‍ ഒട്ടും മോശമാക്കിയില്ല. തലസ്ഥാനത്ത്‌ നേരട്ടെത്തിയാണ്‌ അടി വാങ്ങിയത്‌. അതും സൂപ്പര്‍ ലക്ഷ്വറി കോച്ചുകളില്‍ വന്ന്‌.

പക്ഷെ യാക്കോബായക്കാര്‍ക്കു കഴിയാതിരുന്ന ഒരു കാര്യം ഓര്‍ത്തഡോക്‌സുകാര്‍ക്കു സാധിച്ചു. വേറൊന്നുമല്ല പത്രക്കാര്‍ക്കിട്ടും നാലു കൊടുത്തു. കാര്യം ശരി പത്രക്കാര്‍ക്കിട്ട്‌ രണ്ട്‌ കൊടുക്കണമെന്ന്‌ കണ്ണും കാതും തുറന്നിരിക്കുന്ന ഏതു മലയാളിക്കും തോന്നാമെങ്കിലും അത്ര എളുപ്പമുള്ള പണിയല്ലിത്‌. പത്രക്കാരെ തല്ലാനുള്ള ജന്‍മാവകാശം താവഴിയായി കിട്ടിയിട്ടുള്ള ഭൂമിയിലെ ഏകവിഭാഗം മാര്‍ക്‌സിസ്റ്റുകാരാണ്‌. സഖാക്കള്‍ തല്ലും. അവരുടെ പോലീസും തല്ലും. വര്‍ഗബോധമുള്ള ഒരു പത്രക്കാരനും മറുത്തൊരക്ഷരം പറയാറില്ല. ലോകാരംഭം മുതലേയുള്ള ഒരു വഴക്കമാണത്‌. ചിലപ്പോള്‍ തല്ലിനു പകരം ചീത്തവിളിയായിരിക്കും. പിതാവിന്റെ സ്ഥാനം ശൂന്യമാണെന്നൊക്കെ പറയും.

പക്ഷെ അതുപോലെയല്ല വഴിയെ പോകുന്നവരാരെങ്കിലും തോണ്ടിയാല്‍. കളിമാറും. തോണ്ടിയവനും അവന്റെ പാര്‍ട്ടിയും വിവരമറിയും. മൂക്കു കൊണ്ട്‌ 'ക്ഷ' വരക്കും. ഇന്ത്യന്‍ ജനാധിപത്യം തന്നെ അപകടത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ വഴി വായനക്കാരെ അറിയിക്കും. അവസാനം തോണ്ടിയവന്റെ പാര്‍ട്ടി തലയില്‍ മുണ്ടിട്ടുവന്ന്‌ പത്രക്കാരെ ഒറ്റക്കും കൂട്ടായും കണ്ട്‌ പ്രശ്‌നം പറഞ്ഞുതീര്‍ക്കും. അതാണ്‌ അതിന്റെ രീതി.
(തുടര്‍ന്നു വായിക്കുക)

No comments: