Tuesday, February 27, 2007

യുവകവി പവിത്രന്‍ തീക്കുനിയെക്കുറിച്ച്‌ ........

- കാലത്തിന്റെ നോവുമായി തീക്കുനിക്കവിതകള്‍ -
യുവകവി പവിത്രന്‍ തീക്കുനിയെക്കുറിച്ച്‌ ഉബൈദ്‌ എടവണ്ണ എഴുതുന്നു

ആത്മീയ മാതാക്കളുടെ മുലപ്പാലുണ്ണാതെ കവിതയുടെ കേബിള്‍ക്കുഴികളിലും മീന്‍ തെരുവുകളിലും തഴച്ചുവളര്‍ന്ന കവിതയാണ്‌ പവിത്രന്റേത്‌. പവിത്രന്‍ കവിതയെ കണ്ടെത്തിയ ഇടം വളരെ കൃത്യതയുള്ളതാണ്‌. ആകാശത്തിലോ ആഴിയിലോ ആരാധനാലയങ്ങളിലോ മദ്യശാലയിലോ ഇല്ലാത്ത കവിത പോരാളിയുടെ കുഴിമാടത്തില്‍ നിന്ന്‌ ആയിരം തീപ്പന്തങ്ങളായി പവിത്രനില്‍ നിറയുന്നു. മലയാളത്തിന്റെ മണ്ണില്‍ നിന്നും ഒരു പവിത്രനദി പുറപ്പെട്ടിരിക്കുകയാണ്‌. ഉള്ളുപൊള്ളുന്ന ആത്മരോദനമാണ്‌ പവിത്രന്റെ കവിതകള്‍.
പച്ചമീന്‍ കടിച്ചുകീറിക്കൊണ്ട്‌, ഉടുതുണിയുപേക്ഷിച്ച്‌ തെരുവിലൂടെയോടുന്നത്‌ സ്വന്തം അച്ഛന്‍. അങ്ങാടിയില്‍ തെരുവ്‌ പിള്ളേരോടൊപ്പം മുഴുഭ്രാന്തനായ അച്ഛന്‍. പലപ്പോഴും അച്ഛനെ കാണാനായി തെരുവിലേക്കിറങ്ങിയ മകന്‌ പീടികക്കോലായില്‍ ഉറുമ്പുകള്‍ പൊതിഞ്ഞു കിടക്കുന്ന അച്ഛനെയാണ്‌ കാണുവാന്‍ സാധിച്ചിരുന്നത്‌. 'അച്ഛന്‍ രാജാവ്‌' എന്ന കവിതയില്‍ ഈ വേദനകളെ തീക്കുനി കോറിയിടുന്നു.അമ്മയെക്കുറിച്ചുള്ള പവിത്രന്റെ അറിവുകളും ഏറെ ദുഃഖപൂര്‍ണ്ണമാണ്‌.
അമ്മ ചീത്തയാണെന്ന്‌ പലരും പറഞ്ഞിട്ടും പവിത്രന്‍ വിശ്വസിച്ചില്ല. തോരാത്ത മഴയുള്ള കര്‍ക്കിടകത്തിന്റെ ഓര്‍മയായി പവിത്രന്റെ മനസില്‍ അമ്മയുണ്ട്‌. 'നിധി' എന്ന കവിതയില്‍ സ്വന്തം അമ്മയെക്കുറിച്ച്‌ പവിത്രന്‍ പറയുന്നതിങ്ങനെ...ചെറ്റപ്പുരയുടെ നെഞ്ചു പിളര്‍ന്നൊരു കര്‍ക്കിടക രാവില്‍ ഉണ്ണിയനങ്ങാതെ ഇത്തിരി നേരം കുത്തിയിരിക്കണമെന്നും അമ്മ നിധികുംഭവുമായി വരാമെന്നും പറഞ്ഞ്‌ മഴയിലേക്കിറങ്ങിപ്പോയി അല്‍പനേരം കഴിഞ്ഞ്‌ മുഷിഞ്ഞ അഞ്ചുരൂപ നോട്ടുമായി മടങ്ങിവരുന്നു. 'കുറ്റ്യാടി ബസ്‌സ്‌റ്റാന്‍ഡിലെ വേശ്യകള്‍' എന്ന കവിതയില്‍ വയനാട്ടില്‍ നിന്നും ചുരമിറങ്ങി വന്ന വേശ്യയുടെ കണ്ണുകളിലേക്ക്‌ ഉറ്റു നോക്കിയപ്പോള്‍ സ്വന്തം അമ്മയെ ഓര്‍മ വന്നതായി കവി പറയുന്നുണ്ട്‌. ആറ്റില്‍ ചാടി ആത്മഹത്യ ചെയ്‌ത പെങ്ങളെക്കുറിച്ച്‌ പറയുമ്പോഴും കവിയുടെ വാക്കുകള്‍ ഇടറുന്നുണ്ട്‌.
'സൗജന്യം' എന്ന കവിതയിലൂടെ സത്യത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു പവിത്രന്‍. കളിപ്പാട്ടം വില്‍ക്കുന്ന കടയുടെ പരസ്യമിങ്ങനെ... 'ഗാന്ധിജിയുടെയും ഗോഡ്‌സെയുടേയും മുഖംമൂടികള്‍ ഒരുമിച്ച്‌ വാങ്ങുന്നവര്‍ക്ക്‌ ഒരു കളിത്തോക്ക്‌ സൗജന്യം'. ആയിരം ബോംബുകളേക്കാള്‍ ശക്തമായ ഈ കവിത ചെന്നു തറയ്‌ക്കുന്നത്‌ അനീതിയുടേയും ഉച്ചനീചത്വങ്ങളുടേയും നടുത്തളത്തില്‍ തന്നെയാണ്‌.

5 comments:

രാജു ഇരിങ്ങല്‍ said...

“ അക്കാദമികളും ഫെല്ലോഷിപ്പുകളും അവാര്ഡ് മാമാങ്കങ്ങളും കൊണ്ട് സ്മ്പന്നമായ കേരളത്തില്‍ നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച ഇടതു പക്ഷം ഭരിക്കുമ്പോഴെങ്കിലും പ്രസ്ഥാനത്തിനു വേണ്ടി തന്‍ റെ വിദ്യാഭ്യാസ കാലഘട്ടം നീക്കി വച്ച യുവകവിയെ കാത്തു രക്ഷിക്കുമ”
മുകളിലുദ്ധരിച്ച വാക്കുകള്‍ പറയുമ്പോള്‍ പവിത്രന്‍ ഇന്ന് കേരള സാഹിത്യ അക്കാദമി അംഗമാണെന്ന് ഉബൈദ് എടവണ്ണ പറയുവാന്‍ മറന്നു പോയി എന്നു തോന്നുന്നു അല്ലേ....

പടിപ്പുര said...

പവിത്രനെ കുറിച്ച്‌ 'ദി ഹിന്ദു' വില്‍ 2006 നവംബര്‍ 12ന്‌ വന്ന വാര്‍ത്ത ഇവിടെ വായിക്കുക.

വിഷ്ണു പ്രസാദ് said...

പവിത്രന്‍ എന്ന ഈ മനുഷ്യനെക്കുറിച്ചുള്ള ഈ ലേഖനം കവിതയോട് താത്പര്യമുള്ളവരെല്ലാം വായിച്ചു നോക്കേണ്ടതാണ്.

കണ്ണൂസ്‌ said...

ജീവിതത്തോട്‌ പൊരുതി ജയിച്ച ഒരാള്‍ എന്ന നിലയില്‍ പവിത്രന്‍ തീക്കുനിയെ നമുക്ക്‌ ആദരിക്കാം. എന്നു വെച്ച്‌, അങ്ങേരുടെ കവിതകള്‍ക്ക്‌ ഇല്ലാത്ത മഹത്വം ചാര്‍ത്തിക്കൊടുക്കണോ?

ഓ.ടോ : രാത്രി ഊണു കഴിച്ചില്ലെങ്കിലും വേണ്ടില്ല, രണ്ട്‌ പെഗ്‌ അടിക്കണം എന്ന് ഇദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നതു കണ്ടു. അത്‌ അങ്ങേരുടെ ഇഷ്ടം,. പക്ഷേ, ഇത്തരക്കാരുടെ ദാരിദ്ര്യം ഒരു മാര്‍ക്കറ്റിംഗ്‌ പോയന്റ്‌ ആവുന്നതു കാണുമ്പോള്‍....

പെരിങ്ങോടന്‍ said...

കണ്ണൂസേ “ദാരിദ്ര്യം” കവിയ്ക്കു വില്പനചരക്കാണെന്നും ;) പവിത്രനാണു പുതിയ കോമാളി.