Tuesday, January 30, 2007

പുഴ.കോം വാര്‍ത്തകള്‍

പത്മശ്രീ സ്വീകരിക്കില്ല ഃ സുകുമാര്‍ അഴീക്കോട്‌

പത്മശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന്‌ സുകുമാര്‍ അഴീക്കോട്‌ പ്രസ്‌താവിച്ചു. ഇത്തരം പുരസ്‌കാരങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്‌ വിരുദ്ധമാണെന്നും, എല്ലാ പൗരന്മാരേയും ഒരുപോലെ കണക്കാക്കണമെന്നുമാണ്‌ ഭരണഘടന പറയുന്നത്‌. പല തട്ടുകളിലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുക വഴി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുകയാണെന്നും അഴീക്കോട്‌ പറഞ്ഞു.

മറുപുറം: ഭരണഘടനയിലെ വിവേചനത്തെപ്പറ്റി പറയാന്‍ മാഷിന്‌ നൂറ്‌ നാവാണ്‌. എല്ലാ പുരസ്‌കാരങ്ങളും ഏതാണ്ട്‌ വിവേചനത്തിന്റെ കാര്യത്തില്‍ ഒരേപോലെയാണ്‌ മാഷേ...നാട്ടിലെ സകല പുരസ്‌കാരങ്ങളും ഏറ്റുവാങ്ങുകയും സര്‍ക്കാര്‍ തരുന്നതിനോട്‌ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നത്‌ അത്ര കേമമാണെന്നു തോന്നുന്നില്ല. ഇതൊക്കെ വലിയ ബഹുമാനമായി കരുതുന്ന പാവം മറ്റു പത്മശ്രീകള്‍ക്ക്‌ നേരെയുള്ള ഒരുതരം മറ്റേ പരിപാടിയല്ലേ ഇതെന്ന്‌ ഒരു തോന്നല്‍. എല്ലാവരും കിഴക്കോട്ടോടുമ്പോള്‍ ഞാന്‍ പടിഞ്ഞാട്ട്‌ ഓടും, എല്ലാവരും ചായ കുടിക്കുമ്പം എനിക്ക്‌ കാപ്പി മതിയെന്നു പറയും...ഇത്യാദി രീതിയിലുള്ള ഒരു ഇടപാടല്ലേ ഇതെന്നു സംശയം. വിവേചനങ്ങളുടെ ഉത്സവം നടത്തുന്ന പല സംഘടനകളില്‍ നിന്നും പുരസ്‌കാരം നിറമനസോടെ സ്വീകരിക്കുന്നയാള്‍ സര്‍ക്കാര്‍ പുരസ്‌കാരത്തെ കാലുകൊണ്ടു തട്ടുന്നത്‌ എന്തോ കണ്ടിട്ടുതന്നെയാണ്‌. വിവാദമുണ്ടാക്കി പത്രത്തില്‍ പടംവരുത്തുന്നയാളല്ല അഴീക്കോട്‌ മാഷ്‌ എന്നാണ്‌ സാമാന്യജനത്തിന്റെ വിശ്വാസം.

-------------------------------------------------------------------------------------

ജനപ്രീതിയില്‍ വി.എസ്‌.മൂന്നാം സ്ഥാനത്ത്‌

കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ കേരള മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ജനപ്രീതിയില്‍ ഏറെ മുന്നേറിയതായി ഹിന്ദുസ്ഥാന്‍ ടൈംസും സി.എന്‍.എന്‍.-ഐ.ബി.എന്‍. ചാനലും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവര്‍ഷം ആഗസ്‌റ്റില്‍ നടത്തിയ സര്‍വേയില്‍ 8-ാ‍ം സ്ഥാനത്തായിരുന്നു വി.എസ്‌. ഇപ്പോള്‍ മൂന്നാം സ്ഥാനത്തേയ്‌ക്കാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ജനപ്രീതിയില്‍ തകര്‍ച്ച നേരിട്ടിരിയ്‌ക്കുന്നത്‌ ബംഗാള്‍ മുഖ്യന്‍ ബുദ്ധദേവിനാണ്‌. മൂന്നില്‍ നിന്നും ഒന്‍പതാംസ്ഥാനത്തേയ്‌ക്കാണ്‌ അദ്ദേഹം വീണുപോയത്‌.

മറുപുറം: ആള്‍ദൈവമാകുന്ന വി.എസ്‌.നെപ്പറ്റി ആര്‍ക്കോ വേണ്ടി മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പുരോഗനകലാസാഹിത്യ സംഘം കാര്യക്കാരന്‍ കെ.ഇ.എന്‍.കുഞ്ഞുമുഹമ്മദ്‌ കുത്തി എഴുതിയതേയുള്ളൂ....ദേ വരുന്ന ഇവര്‍ക്കൊക്കെ ഇരുട്ടടിപോലെ ഒരു സവേ റിപ്പോര്‍ട്ട്‌. മനുഷ്യദൈവങ്ങളെ ആവശ്യമുള്ളയിടത്ത്‌ അവര്‍ ഉദിച്ചുവരിക തന്നെ ചെയ്യും. അത്‌ വിശ്വാസത്തിന്റെ കാര്യത്തിലായാലും വിപ്ലവത്തിന്റെ കാര്യത്തിലായാലും. ചെഗുവരേയുടെ ചിത്രം പതിപ്പിച്ച ടീഷര്‍ട്ടും ധരിച്ച്‌ കുഞ്ഞുസഖാക്കള്‍ നടക്കുന്നത്‌ കെ.ഇ.എന്നൊക്കെ കണ്ടിട്ടില്ലേ...അതും ഒരു വിശ്വാസം. ഏതായാലും വിപ്ലവം വരില്ലെന്ന്‌ എ.ഡി.ബി.വായ്പ വാങ്ങിക്കുന്ന സകല സഖാക്കള്‍ക്കുമറിയാം. ഇനി പാവം ജനങ്ങള്‍ ദൈവങ്ങളെയെങ്കിലും വിശ്വസിച്ചു ജീവിച്ചോട്ടെ...പിന്നെ ദൈവമാകാനും മിനിമം ഗ്യാരണ്ടി വേണം....അതല്ലേ നാടുനിറയെ ചിലരുടെയൊക്കെ ചിത്രം ഫ്ലക്സ്‌ ബോര്‍ഡില്‍ പതിപ്പിച്ച്‌ തെക്കുവടക്കു യാത്ര നടത്തിയിട്ടും അവരൊന്നും ദൈവമാകാത്തത്‌. വലിയ പ്രതീക്ഷയൊന്നും കാണാത്തിടത്ത്‌ ജനം പ്രാര്‍ത്ഥിച്ചു ജീവിച്ചോട്ടെ...ആ പ്രാര്‍ത്ഥനയാകാം വി.എസി.നെ മൂന്നാം സ്ഥാനത്തെത്തിച്ചത്‌.
-------------------------------------------------------------------------------------

കേരളം ഗുജറാത്തിനെ കണ്ട്‌ പഠിക്കുക ഃ മോഡി

കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി. തിരുവനന്തപുരത്ത്‌ ആര്‍.എസ്‌.എസ്‌. സംഘടിപ്പിച്ച ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ ഗുജറാത്തില്‍ കര്‍ഷകര്‍ മാരുതിയിലാണ്‌ സഞ്ചരിക്കുന്നത്‌. വികസനകാര്യത്തില്‍ ഗുജറാത്തുമായി മത്സരിക്കാന്‍ മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളേയും ഭരണാധികാരികളേയും മോഡി വെല്ലുവിളിച്ചു.

മറുപുറം: ഏറെ മോടി കൂടിയ താടിവച്ച്‌ കേരളത്തില്‍ വന്ന്‌ മോഡി നടത്തിയ വീരവാദം കേട്ട്‌ കേരളത്തിലേയും മറ്റ്‌ സംസ്ഥാനങ്ങളിലേയും ഭരണാധികാരികളും രാഷ്‌ട്രീയക്കാരും തലയില്‍ മുണ്ടിട്ട്‌ കള്ളുഷാപ്പില്‍ കയറി ബോധം മറയുവോളം കുടിച്ച്‌ സ്വസ്ഥത തേടട്ടെ. അല്ലേ...? പിന്നെ വികസനം ഈ കാര്യത്തില്‍ മാത്രമല്ല, തലവെട്ടലിലും ആളെ തീകൊളുത്തി കൊല്ലലിലും കൂടി ബഹുകേമന്മാരാണെന്ന്‌ പറയേണ്ടിയിരുന്നു. പ്രിയ മോഡിസാറേ, ഈ കൊച്ചു കേരളത്തില്‍ നമ്മുടെ ചില കൂട്ടരും പിന്നെ ചില മറ്റവന്മാരും നടത്തുന്ന ചില പാഷാണപരിപാടികള്‍ മാത്രമേ നടക്കുന്നുള്ളൂ....അല്ലാതെ അങ്ങു ഭരിക്കുന്ന ഗുജറാത്തിലെപ്പോലെ ഭരണാധികാരികള്‍ തന്നെ തലവെട്ടാന്‍ പറയുന്നയത്രയും വികസനം ഇവിടെ നടന്നിട്ടില്ല എന്നത്‌ സത്യം തന്നെ.

പിന്നെ അങ്ങ്‌ കേരളത്തില്‍ കാലുകുത്തിയതേയുള്ളൂ...ബി.ജെ.പി. ദേശീയ സമിതിയില്‍ നിന്നും അങ്ങയെ തൂക്കി പുറത്തേയ്ക്കെറിഞ്ഞുകളഞ്ഞു കൂടെയുള്ളവര്‌. കേരളം അത്രയുമെങ്കിലും പുണ്യപ്പെട്ട സ്ഥലമാണ്‌ സാറേ.....


-------------------------------------------------------------------------------------

1 comment:

തൊമ്മന്‍ said...

മറുപുറം കലക്കിയിട്ടുണ്ട്. എന്നും പ്രതീക്ഷിക്കുന്നു.