Monday, January 29, 2007

കേരളം ആഗ്രഹിക്കുന്ന ഒരു വ്യവസായി

സുവിരാജ്‌ പടിയത്ത്‌

മലയാളിയുടെ വ്യവസായ സ്വപ്നങ്ങള്‍ക്ക്‌ ചില കടിഞ്ഞാണുകള്‍ ഉണ്ട്‌. വളരെ യാഥാസ്ഥിതികമായ ഒരു സ്വഭാവം ഇക്കാര്യത്തില്‍ മലയാളി എന്നും പുലര്‍ത്തുന്നു. ഒരു ക്വാണ്ടം ജംപിനെ നാം പലപ്പോഴും സ്വീകരിക്കാറില്ല. നിലവിലുളള അവസ്ഥയില്‍ യാതൊരു ചലനം ഉണ്ടാക്കാതെ ഒരു ജഡാവസ്ഥയില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നവരാണ്‌ നാം. നമുക്ക്‌ ഇന്നിന്ന വ്യവസായങ്ങള്‍ മതിയെന്നും ചിലത്‌ നമുക്ക്‌ പറ്റുകയില്ലെന്നും നാം മുമ്പേ സ്ഥിരീകരിക്കുന്നു. ഈയൊരു സ്വഭാവവിശേഷം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്‌. എങ്കിലും ഇത്തരം കടിഞ്ഞാണുകള്‍ക്കപ്പുറത്തേയ്ക്ക്‌ വലിയവലിയ വിജയങ്ങളുടെ തേരു തെളിച്ച കുറച്ചു മലയാളികളുണ്ട്‌. കേരളത്തിന്റെ പരിമിതികളും ഗുണങ്ങളും തിരിച്ചറിഞ്ഞ്‌ ഇവര്‍ സൃഷ്ടിച്ച വ്യവസായ സംരംഭങ്ങളെല്ലാം കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ വലിയ അളവില്‍ തന്നെ സുസ്ഥിരപ്പെടുത്തുന്നു. ഡോ. ജാവേദ്‌ ഹസന്‍ ഈ രീതിയിലാണ്‌ വ്യത്യസ്തനായ വ്യവസായി ആകുന്നത്‌. പ്രശസ്ത ബിസിനസ്‌ പ്രസ്ഥാനമായ നെസ്റ്റ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ സ്ഥാപക ചെയര്‍മാനായ ഡോ. ജാവേദ്‌ ഹസന്റെ കാഴ്ചപ്പാടുകളും ജീവിതവിജയവും പുതുനിക്ഷേപകര്‍ക്ക്‌ ഒരു പാഠപുസ്‌തകം തന്നെയാണ്‌. ജാവേദ്‌ ഹസനുമായുളള വര്‍ത്തമാനത്തില്‍ നിന്നും....

ഓരോ ദേശത്തിന്റെയും തൊഴിലിടങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതായത്‌ ഓരോ തൊഴില്‍ സംസ്‌കാരവും അതാത്‌ ദേശത്തിന്റെ തൊഴിലിടങ്ങളെ ബാധിക്കുന്നുണ്ട്‌. കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചും തൊഴിലിടങ്ങളെക്കുറിച്ചും താങ്കളുടെ കണ്ടെത്തലുകള്‍ എന്തൊക്കെയാണ്‌?

മലയാളിയുടെ തൊഴില്‍ സംസ്‌കാരം വളരെ അപകടം പിടിച്ചതാണ്‌. എന്റെ ഗ്രൂപ്പില്‍ ഏതാണ്ട്‌ നാലായിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരുടെ പൊതുവികാരങ്ങള്‍ പലപ്പോഴും ഞാന്‍ നിരീക്ഷിക്കാറുമുണ്ട്‌. മറ്റ്‌ പല രാഷ്‌ട്രങ്ങളിലെ തൊഴിലിടങ്ങളുമായി ഏറെ പരിചയമുള്ളതുകൊണ്ട്‌, കേരളത്തിലെ തൊഴിലാളികളെയും മറ്റു ദേശങ്ങളിലെ തൊഴിലാളികളേയും പലപ്പോഴും താരതമ്യം ചെയ്യേണ്ടിവരാറുമുണ്ട്‌. ഇവിടത്തെ തൊഴിലാളികളുടെ വിചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്‌, തങ്ങളുടെ കഴിവുകൊണ്ടാണ്‌ ഒരു നിക്ഷേപകന്റെ വിജയം ഉണ്ടാകുന്നതെന്നാണ്‌. ഒരു വ്യവസായ സംരംഭത്തില്‍ നിക്ഷേപകനേക്കാള്‍ ഉയര്‍ന്നമൂല്യം തങ്ങള്‍ക്കാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. നിക്ഷേപകന്‍ തങ്ങളെ ചൂഷണം ചെയ്‌താണ്‌ ലാഭമുണ്ടാക്കുന്നതെന്നും അവര്‍ കരുതുന്നു. ജവേദ്‌ ഹസന്‍ എന്ന എന്നെ, വളര്‍ത്തിയത്‌ എന്റെ തൊഴിലാളികളാണ്‌ എന്ന വാദം വരുന്നു. എന്റെ നാലായിരം തൊഴിലാളികളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇതു തന്നെയായിരിക്കും. പക്ഷെ ഇതില്‍ വലിയ അബദ്ധമുണ്ട്‌. ഞാന്‍ എന്റെ പണവും ഞാന്‍ ആര്‍ജ്ജിച്ച ടെക്‌നോളജിയും ഉപയോഗിച്ചാണ്‌ ഒരു സംരംഭം തുടങ്ങുന്നത്‌. തൊഴിലാളികള്‍ ഇതിനെ ചലിപ്പിക്കാനുളള ഉപകരണം മാത്രമാണ്‌. അവര്‍ക്ക്‌ അവരുടേതായ പ്രശ്‌നങ്ങളും അവകാശങ്ങളും ഉണ്ടാകാം. പണവും ടെക്‌നോളജിയും ഇല്ലാതെ ഒരു കൂട്ടം തൊഴിലാളികള്‍ക്ക്‌ ഒരിക്കലും പ്രവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. ചൈനയിലെ തൊഴിലാളികളെ നോക്കൂ അവര്‍ പല സ്ഥാപനങ്ങളിലും നിന്നുകൊണ്ടായിരിക്കും തൊഴില്‍ ചെയ്യുന്നത്‌. എന്റെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഇരുന്നുകൊണ്ടാണ്‌ തൊഴില്‍ ചെയ്യുന്നത്‌. ചൈനീസ്‌ തൊഴിലാളികള്‍ക്ക്‌ എ.സി.അപരിചിതമായിരിക്കും. എന്റെ തൊഴിലാളികള്‍ക്ക്‌ എ.സിയടക്കമുള്ള സകല സൗകര്യങ്ങളും ഞാന്‍ നല്‍കുന്നുണ്ട്‌. ഇതൊക്കെ ചെയ്യുമ്പോഴും എന്നെപ്പോലുള്ള നിക്ഷേപകരെ ചൂഷകരായാണ്‌ തൊഴിലാളികള്‍ കാണുന്നത്‌. ഇത്‌ കേരളത്തിന്റെ പൊതുവികാരമാണ്‌. നിക്ഷേപകനെ ബഹുമാനിക്കാനുള്ള മാനസികാവസ്ഥ കേരളീയ തൊഴിലാളികള്‍ക്കില്ല.

മലയാളിയുടെ വളരെ യാഥാസ്ഥിതികമായ ഒരു സ്വഭാവം, അത്‌ വ്യവസായത്തിലാണെങ്കിലും സാമൂഹികജീവിതത്തിലാണെങ്കിലും, രൂപപ്പെടുന്നതിന്‌ ഒരുപാട്‌ കാരണങ്ങള്‍ ഉണ്ടാകും - ആ കാരണങ്ങളില്‍ പ്രധാനം നമ്മുടെ രാഷ്‌ട്രീയചരിത്രാനുഭവങ്ങളാണ്‌. ഇവ എത്രമാത്രം നമ്മെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ താങ്കളുടെ വിലയിരുത്തല്‍?

നമ്മുടെ ചരിത്രവും രാഷ്‌ട്രീയാനുഭവങ്ങളും വളരെ വ്യത്യസ്തമായ ഒരു കാഴ്‌ചയാണ്‌ നല്‍കുന്നത്‌. നമ്മുടെ സാമൂഹിക ജീവിതത്തിലെ സകല ഇടങ്ങളിലും ജാതി-മത കേന്ദ്രീകൃതമായ വേര്‍തിരിവുകളാണ്‌ കാണാന്‍ കഴിയുക. ഇത്‌ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വന്‍ കലാപങ്ങളിലേയ്‌ക്ക്‌ പോകുന്നില്ലെങ്കിലും ഓരോരുത്തരുടേയും മനസില്‍ ശക്തമായ രീതിയില്‍ ജാതി-മതം ഉണ്ട്‌. അതിന്റെ പ്രധാന ഉദാഹരണമാണ്‌ രാഷ്‌ട്രീയത്തിലെ ജാതി-മത സാന്നിധ്യം. കൃത്യമായി അളന്നു കുറിച്ചാണ്‌ തിരഞ്ഞെടുപ്പുകളില്‍ ജാതി,മത വിഭാഗങ്ങള്‍ക്ക്‌ സീറ്റുകള്‍ നല്‍കുന്നത്‌. നായര്‍, ഈഴവര്‍, കത്തോലിക്കര്‍, മുസ്ലീങ്ങള്‍, ദളിതര്‍ എന്നിവരെ കൃത്യമായി വിഭജിക്കുകയും അവരെ ശതമാനക്കണക്കില്‍ ഓരോ പാര്‍ട്ടികളും ഏറ്റെടുക്കുകയും ചെയ്യുന്നു. ഓരോ രാഷ്‌ട്രീയ, സാമൂഹിക പ്രശ്നങ്ങള്‍ വരുമ്പോള്‍ ഓരോ സമുദായവും കൂട്ടത്തോടെ രാഷ്‌ട്രീയ പാര്‍ട്ടികളെ കൈവിടുന്ന ട്രെന്റുകളും നാം ഇപ്പോള്‍ കാണുന്നുണ്ട്‌. ഇങ്ങനെ ജാതിമത ചട്ടക്കൂടുകളിലേയ്‌ക്ക്‌ ഒതുങ്ങുവാനുളള മനസ്‌ മലയാളികള്‍ക്ക്‌ എന്നുമുണ്ടായിരുന്നു. ഇന്നത്‌ ഏറെ കൂടുതലുമാണ്‌. ഇതൊരു ജഡാവസ്ഥയാണ്‌. ഈ ജഡാവസ്ഥ നമ്മുടെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുണ്ട്‌. നാം പുതുതായൊന്നും സൃഷ്ടിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. പക്ഷെ എല്ലാം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്‌. നാം ചെറിയ ചെറിയ കാര്യങ്ങള്‍ മാത്രം ചെയ്‌ത്‌ ജീവിതവിജയം കൊണ്ടാടുന്നവരാണ്‌. വ്യക്തിജീവിതത്തിലും വ്യക്തിപരമായ ചെറുകിട സംരംഭങ്ങളിലും അതീവ നിപുണനായ മലയാളി വലിയ വലിയ സംരംഭങ്ങളില്‍ മിക്കവാറും പരാജിതനാകുന്നത്‌ ഇതുകൊണ്ടാണ്‌. ഇതില്‍ നിന്നുള്ള മോചനം മലയാളിയുടെ മനോഭാവത്തിന്റെ മാറ്റത്തിലൂടെ മാത്രമേ സംഭവിക്കൂ. തന്നെ മാത്രം കേന്ദ്രീകരിച്ചുള്ള ചിന്താഗതിയില്‍ നിന്നും മലയാളി മാറേണ്ടിയിരിക്കുന്നു. അന്യന്റെ നന്‍മ തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും മലയാളിക്കു കഴിയണം.

കേരളം ഏറെ പ്രതീക്ഷയോടെ കൈനീട്ടി സ്വീകരിക്കുന്ന പുതിയ പലതും പലപ്പോഴും നിറംമങ്ങി മൂല്യം നഷ്ടപ്പെടുക എന്ന ദുരന്തം അനുഭവിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ കാര്‍ഷികമേഖലയെ എടുക്കാം. നാം തെങ്ങിനേയും നെല്ലിനേയും മറന്നാണ്‌ കൊക്കോയും മാഞ്ചിയവും വാനിലയും റബറുമൊക്കെ നട്ടത്‌. ചിലത്‌ വിജയങ്ങളായെങ്കിലും ഭൂരിപക്ഷം വിളകളും പരാജയപ്പെടുകയായിരുന്നു. തികച്ചും വ്യത്യസ്തമായ തലത്തിലാണെങ്കിലും ഈയൊരു അവസ്ഥ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുന്ന ഐ.ടി.മേഖലയ്‌ക്ക്‌ സംഭവിക്കുമോ?

ഈയൊരു പ്രശ്‌നം മലയാളിയുടെ തിരിച്ചറിവില്ലായ്‌മയാണ്‌. നമ്മുടെ രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ സകല പരിസ്ഥിതിയും മനസിലാക്കി വേണം നാം പുതിയ ഒന്നിനെ സ്വീകരിക്കാന്‍. നെല്ല്‌, തെങ്ങ്‌, കുരുമുളക്‌ തുടങ്ങിയവയാണ്‌ കേരളത്തിന്റെ പ്രകൃതിയ്‌ക്കും സാമ്പത്തിക വളര്‍ച്ചയ്‌ക്കും സ്ഥിരമായ ഗുണവും ലാഭവും നല്‍കുന്ന വിളകള്‍. നാം കൊണ്ടുവരുന്ന മറ്റു പലതും പെട്ടെന്ന്‌ വലിയ ലാഭക്കണക്കുകള്‍ തരുമെങ്കിലും ശാശ്വതമായി നില്‍ക്കുകയില്ല. ഇക്കാര്യത്തില്‍ അമിത ആര്‍ത്തി നാം കാണിക്കുന്നുണ്ട്‌. അങ്ങിനെ ഈ മേഖല സുസ്ഥിരമല്ലാതാകുകയും കാര്‍ഷിക ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നു.

അതുപോലെ നാം കൊണ്ടുവന്ന പല വ്യവസായങ്ങളും നമ്മുടെ പരിസ്ഥിതിക്ക്‌ അനുയോജ്യമല്ല. പെരിയാറിന്റെ കാര്യമെടുത്താല്‍, ആ നദി എത്രമാത്രം മലിനപ്പെട്ടിരിക്കുന്നു. വലുതും, ചെറുതുമായ ഒട്ടേറെ വ്യാവസായിക ശാലകളില്‍ നിന്നും പുറത്താകുന്ന മാലിന്യങ്ങള്‍ ആ നദിയെ എത്രമാത്രമാണ്‌ മലിനപ്പെടുത്തുന്നത്‌. ഒരു ചെറുജീവിക്കുപോലും ആവസിക്കാന്‍ കഴിയാത്തവണ്ണം പെരിയാര്‍ മലിനപ്പെട്ടുകഴിഞ്ഞു. ഇങ്ങനെയുള്ള വ്യവസായങ്ങള്‍ക്കാണ്‌ മലയാളി എന്നും താത്‌പര്യം കാണിച്ചത്‌. ഇത്തരം വ്യവസായങ്ങള്‍ ആവശ്യമല്ല എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ ഇതു പറയുന്നത്‌. ഇതൊക്കെയും ആവശ്യമുള്ളതു തന്നെ. പക്ഷെ കേരളമെന്ന, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, വലിയ വ്യവസായശാലകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, സ്ഥലത്ത്‌ ഇത്തരം വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതുതന്നെ പ്രകൃതിക്ക്‌ വിരുദ്ധമാണ്‌. കേരളത്തിന്‌ അനുയോജ്യമല്ല ഇതൊക്കെ എന്നാണിതിന്റെ അര്‍ത്ഥം. മണ്ണും ജലവും വായുവും മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ നമ്മുടെ പരിസ്ഥിതിക്ക്‌ പറ്റില്ല.

എന്നാല്‍ കേരളത്തിന്‌ ഏറ്റവും അനുയോജ്യമായ വ്യവസായമാണ്‌ ഐ.ടി. മാലിന്യവിമുക്തമാണ്‌ എന്നതുതന്നെയാണ്‌ ഇതിന്റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ട്‌ ഒരിക്കലും നമുക്ക്‌ ഈ വ്യവസായത്തെ തള്ളിക്കളയേണ്ടിവരില്ല. സാമ്പത്തികമായി ഏറെ നേട്ടങ്ങളും നമുക്കിതുവഴി കൈവരിക്കാന്‍ പറ്റും.

പ്രതിബന്ധങ്ങള്‍ ചിലതൊക്കെ ഉണ്ടെങ്കിലും, കേരളത്തില്‍ ഐ.ടി.വളര്‍ച്ചയുടെ സാധ്യതകള്‍ എത്രമാത്രമുണ്ട്‌?

കേരളത്തില്‍ ഐ.ടി.വളര്‍ച്ചയ്‌ക്ക്‌ ഏറെ സാധ്യതകള്‍ ഞാന്‍ കാണുന്നുണ്ട്‌. കൃത്യമായ പ്ലാനിംഗിലൂടെ നാം ഐ.ടി.വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നമുക്ക്‌ ഊഹിക്കുന്നതിലും വലുതായിരിക്കും. എന്നാല്‍ ശരിയായ നേതൃത്വഗുണവും ദിശാബോധത്തിന്റെ അപര്യാപ്തതയും, സ്വതന്ത്രചിന്തയില്ലായ്‌മയും, ഉയര്‍ന്ന ധൈഷണിക നിലവാരക്കുറവുള്ള രാഷ്‌ട്രീയ നേതൃത്വവും, അവരുടെ എല്ലാ ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ഇക്കാര്യത്തില്‍ കേരളത്തെ ഏറെ പിന്നോട്ടുവലിക്കുന്നു.

മലയാളികളുടെ വളര്‍ച്ചയേയും അവരുടെ പ്രവര്‍ത്തനങ്ങളേയും അഭിനന്ദിക്കാനും പരിപോഷിപ്പിക്കാനും പലപ്പോഴും കേരളത്തിലെ രാഷ്‌ട്രീയ-ഭരണനേതൃത്വം തയ്യാറാകുന്നില്ല എന്നതും സത്യമാണ്‌. എന്റെ അനുഭവം തന്നെ അതിന്‌ ഉദാഹരണമാണ്‌. സെമികണ്ടക്ടര്‍ രംഗത്ത്‌ 21 പേറ്റന്റുകള്‍ക്ക്‌ ഉടമയാണ്‌ ഞാന്‍. മാത്രമല്ല കേരളത്തിലെ ഐ.ടി. മേഖലയിലെ ഏറ്റവും വലിയ വ്യവസായിയും. കേരള ഗവണ്‍മെന്റ്‌ എന്ത്‌ സഹകരണമാണ്‌ എന്നോടും എന്റെ ഗ്രൂപ്പിനോടും കാട്ടിയിട്ടുള്ളത്‌ എന്ന്‌ ചോദിച്ചാല്‍ ഉത്തരം ബിഗ്‌ സീറോ എന്നായിരിക്കും. വിപ്രോയെ കൊണ്ടുവന്ന്‌ കേരളത്തില്‍ കുടിയിരുത്താന്‍ ഇവര്‍ക്ക്‌ വളരെ ആവേശമാണ്‌. അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കും. സ്മാര്‍ട്ട്‌സിറ്റിക്കുവേണ്ടി നിസ്സാരവിലയ്‌ക്ക്‌ ഭൂമി പതിച്ചു നല്‍കും. ഇതെല്ലാം നല്ലതുതന്നെ. എങ്കിലും കേരളത്തിലെ ഒരു ഐ.ടി.വ്യവസായി എന്ന നിലയ്‌ക്ക്‌ എനിക്ക്‌ ഒരു സെന്റുഭൂമിപോലും തരാമെന്ന്‌ ഇവര്‍ പറഞ്ഞിട്ടില്ല. എനിക്ക്‌ ഒരു ധനസഹായവും ഇവരില്‍ നിന്നും കിട്ടിയിട്ടില്ല. എനിക്കും ഇവരുടെ സൗജന്യമൊന്നും വേണ്ട. പക്ഷെ ഞാന്‍ പല പ്രോജക്ടുകളും മാറിമാറിവരുന്ന ഗവണ്‍മെന്റുകളുടെ മുന്നില്‍ വച്ചിട്ടുണ്ട്‌. ഏറെ വിവാദമായ എക്‌സ്‌പ്രസ്‌ ഹൈവേ അത്‌ മറ്റൊരു പേരിലാണെങ്കിലും ഞാന്‍ ഒരിക്കല്‍ സമര്‍പ്പിച്ച പ്രോജക്ടാണ്‌. കൊച്ചിയുടെ സമഗ്രവികസനം സംബന്ധിച്ച ചില പ്രോജക്ടുകളും ഞാന്‍ മുന്‍കൈയെടുത്ത്‌ ഗവണ്‍മെന്റിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഒരാളും ഒരു ചര്‍ച്ചയ്‌ക്കും വന്നിട്ടില്ല. കേരളത്തിന്റെ പൊതുവികാരംപോലെ വിദേശത്തോടാണ്‌ നമ്മുടെ ഗവണ്‍മെന്റുകള്‍ക്കും പ്രിയം. വിപ്രോ, സ്മാര്‍ട്ട്‌സിറ്റി, വിദേശവായ്‌പകള്‍ എന്നിങ്ങനെ. കേരളത്തിന്റെ സ്വന്തം നിക്ഷേപകര്‍ പടിക്കുപുറത്തും. മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമില്ല എന്ന്‌ സാരം.ഇത്തരം മനോഭാവങ്ങള്‍ മാറിയേ തീരൂ. കേരളത്തിന്റെ സ്വന്തം നിക്ഷേപകര്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ കൊടുത്തുള്ള ഐ.ടി. നയമായിരിക്കണം ഉണ്ടാകേണ്ടത്‌.

ജാവേദ്‌ ഹസ്സന്‍ എന്ന വ്യക്തിയുടെ വ്യാവസായിക-സാമ്പത്തിക മേഖലയിലെ വളര്‍ച്ച വെറും യാദൃശ്ചികമെന്ന്‌ വിശ്വസിക്കുക വയ്യ. കൃത്യമായ ധാരണകളോടെ, വ്യക്തമായ പ്ലാനുകളോടെയായിരിക്കണം താങ്കള്‍ ഈ വിജയങ്ങളൊക്കെയും നേടിയത്‌. ഇങ്ങനെ ഉള്‍ക്കാഴ്‌ചയോടെ തന്റെ ജീവിതത്തെ വിജയത്തിലേയ്‌ക്ക്‌ നയിക്കാന്‍ തിരഞ്ഞെടുത്ത വഴികള്‍ എന്തൊക്കെയായിരുന്നു?

അങ്ങിനെ കൃത്യമായ പ്ലാനിങ്ങുകളൊന്നും തയ്യാറാക്കിയല്ല ഞാന്‍ ഈ മേഖലകളിലേക്ക്‌ കടന്നുവന്നത്‌. ഓരോ സാഹചര്യങ്ങളിലും ഞാന്‍ വളരെ സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ചു എന്നതാണ്‌ യാഥാര്‍ത്ഥ്യം. ആരേയും ചതിക്കാനോ, കീഴടക്കാനോ ഞാന്‍ എന്റെ ജീവിതത്തില്‍ ശ്രമിച്ചിട്ടില്ല. പരസഹായം അമിതമായി ഞാന്‍ സ്വീകരിച്ചിട്ടില്ല.

എന്റെ സ്‌കൂള്‍ജീവിതം ആലുവയിലെ സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂളിലായിരുന്നു. പഠനകാലത്ത്‌ ഞാന്‍ ഏറെ സമര്‍ത്ഥനായിരുന്നു. ഓരോ ചുവടുകളിലും ഞാന്‍ ചുറ്റുപാടുകളോടും എന്നോടും ആത്മാര്‍ത്ഥമായി പെരുമാറി. ക്ലാസുകളിലെല്ലാം ഞാന്‍ ഒന്നാമനായിരുന്നു. സ്യൂയോര്‍ക്ക്‌ കൊളമ്പിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഞാന്‍ എം.എസ്‌ നേടിയതും ഒന്നാം റാങ്കോടെയാണ്‌.

എനിക്ക്‌ ഒരു കച്ചവടമോ അല്ലെങ്കില്‍ മറ്റ്‌ വ്യവസായമോ തുടങ്ങാന്‍ പുറമെനിന്നും പണം സ്വീകരിക്കേണ്ടിവന്നിട്ടില്ല. എന്റെ കുടുംബം സമ്പന്നമായിരുന്നു. എന്റെ അപ്പൂപ്പന്‍ ആലുവയിലെ പേരുകേട്ട കച്ചവടക്കാരനായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്‌തിരുന്ന വലിയ കച്ചവടക്കാരന്‍. പക്ഷെ ഞാന്‍ ഒരു സംരംഭത്തിലേയ്‌ക്ക്‌ ഇറങ്ങിയപ്പോള്‍ കുടുംബത്തിന്റെ പണം ഒരിക്കലും അതിനായി ഉപയോഗിച്ചില്ല. അതുകൊണ്ട്‌ ഞാന്‍ ഈ പടുത്തുയര്‍ത്തിയതെല്ലാം ഏതാണ്ട്‌ പൂര്‍ണമായും എന്റെ കഴിവുകൊണ്ടാണ്‌ എന്നുവേണം കരുതാന്‍.

ഞാന്‍ ഒന്നിനേയും പേടിച്ചിട്ടില്ല. തെറ്റുകളെ ഒരിക്കലും. തെറ്റുപറ്റിപ്പോകും എന്നു കരുതി ഞാന്‍ ഒന്നില്‍ നിന്നും പിന്‍വാങ്ങിയിട്ടുമില്ല. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്‌. പക്ഷെ അത്‌ തിരുത്തി മുന്നേറാനുള്ള മാനസികാവസ്ഥ ഞാന്‍ നേടിയിരുന്നു.

ജീവിതം - തിരിഞ്ഞുനോക്കുമ്പോള്‍?

ഇത്‌ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും നേരിടുന്ന ചോദ്യമാണ്‌. അത്‌ ലാഭനഷ്ടങ്ങളുടെ കണക്കു കൂട്ടലാണ്‌. ഞാനും അക്കാര്യത്തില്‍ വ്യത്യസ്തനല്ല. എങ്കിലും വലിയൊരു ബിസിനസ്‌ ഗ്രൂപ്പിന്റെ തലവനാണെങ്കിലും ചില സമയങ്ങളില്‍ എന്തുനേടി എന്ന ചോദ്യത്തിന്‌ ഉത്തരം വലിയൊരു സീറോ ആയിരിക്കും. ജീവിതം ഒരു യാത്രയാണ്‌. നമുക്ക്‌ അറിയാവുന്നിടത്തോളം മരണം വരെയുള്ള യാത്ര. ജനനത്തിനും മരണത്തിനുമിടയിലുള്ള കയറ്റിറക്കങ്ങളേയുളളൂ. അതിനപ്പുറം എല്ലാവരും സമാനര്‍. അതുകൊണ്ട്‌ ചില നേരങ്ങളിലെ ചിന്തകളില്‍ എന്തുനേടി എന്ന ചോദ്യം തന്നെ അപ്രസക്തം.

ജാവേദ്‌ ഹസന്‌ ഒരു വ്യവസായിയുടെ മുഖം മാത്രമല്ല; മറിച്ച്‌ ജീവിതത്തിന്റെ വിവിധതലങ്ങളെക്കുറിച്ച്‌ കൃത്യമായി നിരീക്ഷിക്കുന്ന ഒരു ചിന്തകന്റെ മുഖം കൂടിയുണ്ടെന്ന്‌ നാം തിരിച്ചറിയുന്നു. രാഷ്‌ട്രീയം, ആത്മീയത, കല, എഴുത്ത്‌ എന്നിങ്ങനെ കേരളത്തെ ബാധിക്കുന്ന സകല മേഖലകളെയും പഠിക്കുകയും അതാത്‌ പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്‌. കഴിഞ്ഞ നാല്‍പത്‌ വര്‍ഷങ്ങളായി നമ്മുടെ നാടിനു പുറത്ത്‌ ജീവിക്കുന്ന ജാവേദ്‌ ഹസന്‍; നമ്മളെക്കാളേറെ കേരളത്തെ അറിയുന്നുണ്ടെന്ന്‌ സാരം. കേരളത്തെ വികസനത്തിന്റെ പുതിയ ഇടങ്ങളിലേയ്‌ക്ക്‌ നയിക്കാന്‍ പ്രാപ്തമായ ഒരു വ്യക്തിത്വമെന്ന നിലയ്‌ക്ക്‌ ഇദ്ദേഹം നമുക്ക്‌ ഒരു വഴികാട്ടിയാണ്‌. പരസഹായമില്ലാതെ ഒരു വലിയ ലോകം കെട്ടിപ്പടുത്തിയ ഒരു പാഠപുസ്തകം അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും നമുക്ക്‌ വായിക്കാം.
സുവിരാജ്‌ പടിയത്ത്‌

3 comments:

സജിത്ത്|Sajith VK said...

"ഞാന്‍ എന്റെ പണവും ഞാന്‍ ആര്‍ജ്ജിച്ച ടെക്‌നോളജിയും ഉപയോഗിച്ചാണ്‌ ഒരു സംരംഭം തുടങ്ങുന്നത്‌. തൊഴിലാളികള്‍ ഇതിനെ ചലിപ്പിക്കാനുളള ഉപകരണം മാത്രമാണ്‌."
എന്തോ, ഒരല്പം വേദനിപ്പിക്കുന്നു ഈ കാഴ്ചപ്പാട്..... ചില ചാര്‍ളിചാപ്ലിന്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു...(ഇതൊക്കെ, കേരളത്തില്‍ വളര്‍ന്നതുകൊണ്ടുള്ള എന്റെ കാഴ്ചപ്പാടിന്റെ കുഴപ്പവുമാകാം!)

ശാലിനി said...

“നിക്ഷേപകനെ ബഹുമാനിക്കാനുള്ള മാനസികാവസ്ഥ കേരളീയ തൊഴിലാളികള്‍ക്കില്ല.“ - അദ്ദേഹം പറഞ്ഞത് തികച്ചും ശരിയാണ്.

“അന്യന്റെ നന്‍മ തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും മലയാളിക്കു കഴിയണം.“ - മറ്റുള്ളവരുടെ നന്മയേക്കാള്‍ അവരിലെ തിന്മ കണ്ടുപിടിച്ച് അതിനെ വിമര്‍ശിച്ച്, അല്പം കൂട്ടിചേര്‍ത്ത് അത് പറഞ്ഞുപരത്തുന്നതിലാണ് നമ്മുടെ ശ്രദ്ധ.

അദ്ദേഹത്തിന്റെ സംരഭങ്ങള്‍ വിജയിക്കട്ടെ.

ഇന്റര്‍വ്യൂ നന്നായി. പോസ്റ്റ് ചെയ്തതിനു നന്ദി.

Editor Puzha said...

സജിത്ത്, ശാലിനി
പ്രതികരണങ്ങള്‍ക്ക‍് നന്ദി

സുവിരാജ്‌ പടിയത്ത്‌