കെ.എം.റോയ്
ഒരുപാത്രം കഞ്ഞിക്കുവേണ്ടി, അല്ലെങ്കില്‍ വിഭവസമൃദ്ധമായ ഒരു സദ്യയ്‌ക്കുവേണ്ടി സ്വന്തം ആത്മാവ് വില്‍ക്കുന്ന ഒരാളെ അധാര്‍മ്മികനും അസാന്മാര്‍ഗ്ഗികവാദിയുമെന്ന് ഞാന്‍ വിളിക്കും. നിലവിലുള്ള വ്യവസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നതിനും നേതൃത്വത്തിലും ഉന്നതസ്ഥാനങ്ങളിലും ഇരിക്കുന്നവരെ പ്രീണിപ്പിക്കുന്നതിനും വേണ്ടി സ്വന്തം വിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കാള്‍ വലിയ ഹീനത വേറെയില്ല." പത്രപ്രവര്‍ത്തകനെന്ന നിലയിലും ഒരു എളിയ എഴുത്തുകാരനെന്ന നിലയിലും എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഈ വാക്യങ്ങള്‍ എം.സി. ഛഗ്ല 'ഡിസംബറിലെ റോസാപ്പൂക്കള്‍' എന്ന തന്റെ ആത്മകഥയില്‍ കുറിച്ചിട്ടിട്ടുള്ളതാണ്. എണ്ണപ്പെട്ട അഭിഭാഷകന്‍, ആദരണീയനായ ന്യായാധിപന്‍, പ്രഗല്‌ഭനായ കേന്ദ്രമന്ത്രി, വിദഗ്‌ദ്ധനായ നയതന്ത്ര പ്രതിനിധി, പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണന്‍... അങ്ങനെ നീണ്ടുപോകുന്നതാണ് മുഹമ്മദ് കരിം ഛഗ്ലയെക്കുറിച്ചുള്ള വിശേഷണങ്ങള്‍. ബോംബെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്, ഹേഗിലെ ലോകകോടതി ജഡ്‌ജി, അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി, ഐക്യരാഷ്‌ട്രസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍, കേന്ദ്രത്തില്‍ വിദേശകാര്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രി അങ്ങനെ അദ്ദേഹം വഹിച്ച പദവികള്‍ എത്രയോ ആണ്.
ഛഗ്ലയുടെ മാതൃഭാഷ ഹിന്ദിയായിരുന്നുവെങ്കിലും, അധ്യയനമാധ്യമം ഇംഗ്ലീഷിനുപകരം ഹിന്ദിയാക്കി മാറ്റാനുള്ള 1967-ലെ കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രിപദം രാജിവച്ചത്. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച രാജിക്കത്തില്‍ ഛഗ്ല പറഞ്ഞത്, ഇന്ത്യയെ ഒന്നാക്കി നിര്‍ത്തുന്ന ഒരു ഘടകമെന്ന നിലയില്‍ ഇംഗ്ലീഷിന്റെ സ്ഥാനത്ത് അന്തിമമായി ഹിന്ദി വരണമെന്ന കാര്യത്തില്‍ തനിക്കു അഭിപ്രായവ്യത്യാസമൊന്നുമില്ലെങ്കിലും ഇംഗ്ലീഷിന്റെ പദവിയിലെത്തുംവിധം ഹിന്ദി വളരുന്നതിന് ഏറെ സമയമെടുക്കേണ്ടിയിരിക്കുന്നു എന്നാണ്.
വിദേശവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ വിദ്യാഭ്യാസകാര്യത്തില്‍ എനിക്ക് ഉത്തരവാദിത്വമൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞേക്കാം. മിക്കവാറും കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നയത്തിന് തെറ്റുപറ്റിയാല്‍ അതു തിരുത്താന്‍ കഴിയും. പക്ഷേ, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രം അങ്ങനെയല്ല. അക്കാര്യത്തില്‍ വരുന്ന പാളിച്ച കോടിക്കണക്കിനു ജനങ്ങളെ ബാധിക്കും. ഏതായാലും മന്ത്രിസഭയില്‍ തുടര്‍ന്നുകൊണ്ട് അതിന്റെ നയത്തെ വിമര്‍ശിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അതൊരുതരം കൂറില്ലായ്മയാണ്. എനിക്കെന്റെ അഭിപ്രായം തുറന്നുപറയാന്‍ സ്വാതന്ത്ര്യം വേണം. അതുകൊണ്ട് ഞാന്‍ മന്ത്രിപദം രാജിവയ്‌ക്കുന്നു". രാജിക്കത്തില്‍ ഛഗ്ല പറഞ്ഞിരുന്നതിങ്ങനെയാണ്. വിശ്വാസധീരതയുടെ പേരില്‍ വിലപ്പെട്ട കേന്ദ്രമന്ത്രിപദം രാജിവയ്‌ക്കുകയെന്നത് വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ ഒരാള്‍ക്ക് ഓര്‍ക്കാന്‍പോലും കഴിയാത്ത കാര്യമാണ്. ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രം പഠിച്ചാല്‍ ഇത്തരം ഛഗ്ലമാരെ വിരലിലെണ്ണാന്‍ പോലും നമുക്കു കാണാന്‍ കഴിയുമോ?
അന്തരിച്ച ഛഗ്ലയെ വളരെയേറെ ആദരിച്ചിരുന്ന ഒരു വ്യക്തിയാണ് വിദ്യാഭ്യാസമന്ത്രിയും പ്രമുഖ അഭിഭാഷകനും ജനതാദള്‍ നേതാവുമായിരുന്ന കെ. ചന്ദ്രശേഖരന്‍. ഛഗ്ലയുടെ 'റോസസ് ഇന്‍ ഡിസംബര്‍' എന്ന ആത്മകഥ മലയാളത്തിലേയ്‌ക്ക് തര്‍ജ്ജമ ചെയ്യണമെന്ന് എന്നെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. പലേ ജോലിത്തിരക്കുകളും കാരണം ചന്ദ്രശേഖരന്റെ ആഗ്രഹം നിറവേറ്റാന്‍ എനിക്കു കഴിയാതെ പോയി. ആദര്‍ശശുദ്ധിയുള്ള ഒരു രാഷ്‌ട്രീയനേതാവായിരുന്ന ചന്ദ്രശേഖരനും ഈയിടെ കാലയവനികയ്‌ക്കു പിന്നിലേക്കു കടന്നുപോയി.
ഇതെല്ലാം ഇവിടെ എഴുതിയതു വെറുതേയല്ല. സ്വന്തം മനഃസ്സാക്ഷി ശരിയെന്നു പറയുന്ന കാര്യങ്ങള്‍ തുറന്നു പറയാനും എഴുതാനും പൊതുപ്രവര്‍ത്തകരും എഴുത്തുകാരും ധൈര്യം കാട്ടുന്നില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പോരായ്മ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ പാര്‍ട്ടി അച്ചടക്കമെന്നത് ഒരുതരം അടിമത്തമായാണ് കാണുന്നത്. എഴുത്തുകാരും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും ചെറിയ ചെറിയ പ്രലോഭനങ്ങള്‍ക്കുപോലും വഴങ്ങി ആത്മവഞ്ചനയ്‌ക്കു തയ്യാറാവുകയും ചെയ്യുന്നു.
പറയാനുള്ളത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥിതിയില്‍ അങ്ങനെയുള്ളവര്‍ പൂര്‍ണ്ണമായും വിനിയോഗിച്ചേ മതിയാകൂ. അതു സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക് അനിവാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതു ചിലപ്പോള്‍ തെറ്റായി എന്നുവരാം. തെറ്റാണെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടാലല്ലേ അതു തിരുത്താന്‍ കഴിയൂ. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതു തിരുത്താനുള്ള സത്യസന്ധതയും തീര്‍ച്ചയായും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.
ശരിയെന്ന് എനിക്കുതോന്നിയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവും വിലയിരുത്തലുമാണ് ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ ഞാന്‍ നടത്തിയിരിക്കുന്നത്. അതെല്ലാം പൂര്‍ണ്ണമായും ശരിയായിരിക്കണമെന്നുമില്ല. ആ അഭിപ്രായങ്ങളിലും വിലയിരുത്തലുകളിലും ഏതെങ്കിലും തെറ്റാണെന്നു ബോധ്യപ്പെടുന്ന നിമിഷം ഞാനവ തിരുത്തുകയും ചെയ്യും.
ഈ സമാഹാരത്തിലെ മിക്കവാറും ലേഖനങ്ങള്‍ കേരളത്തിലെയും വിദേശത്തെയും വിവിധ മലയാളപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്. 'മംഗളം' ദിനപത്രത്തിലെ 'തുറന്നമനസോടെ' എന്ന എന്റെ പ്രതിവാരപംക്തിയിലും സൗദി അറേബ്യയില്‍ നിന്നുള്ള 'മലയാളം ന്യൂസ്' എന്ന മലയാളദിനപത്രത്തില്‍ എഴുതുന്ന 'ദൂരക്കാഴ്‌ച' എന്ന പ്രതിവാര കോളത്തിലും ഷിക്കാഗോയില്‍ നിന്നിറങ്ങുന്ന 'കേരള എക്സ്‌പ്രസ്' എന്ന വാരികയിലെ 'നിരീക്ഷണ' എന്ന കോളത്തിലും ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന 'മലയാളപത്രം' എന്ന വാരികയിലെ 'തുറന്ന ജാലകം' എന്ന കോളത്തിലും ന്യൂയോര്‍ക്കിലെ തന്നെ 'ജനനി' മാസികയിലെ 'ഭാരതീയം' എന്ന കോളത്തിലും എഴുതിയ ലേഖനങ്ങള്‍ക്കു പുറമേ 'മാധ്യമം' 'സമകാലിക മലയാളം', 'കലാകൗമുദി' തുടങ്ങിയ വാരികകളില്‍ പ്രസിദ്ധീകൃതമായ ലേഖനങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
ഈ ലേഖനങ്ങള്‍ വളരെ ഭംഗിയായി എഡിറ്റു ചെയ്യുകയും സമൂഹം, രാഷ്‌ട്രീയം, മാധ്യമം എന്നീ വിഭാഗങ്ങളിലായി തരം തിരിച്ച് ഈ പുസ്തകത്തിന് ഒരു പ്രത്യേക ഭാവഭംഗി നല്‍കുകയും ചെയ്തത് ഡി സി ബുക്സിലെ എഡിറ്റര്‍ അമൃതരാജാണ്. അദ്ദേഹത്തോടുള്ള വലിയ നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.
'പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം' എന്ന ലേഖനം കേരളത്തിന്റെ ഗൗരവശ്രദ്ധ ഇനിയും പതിഞ്ഞിട്ടില്ലാത്ത അതിഗുരുതരമായ ഒരു പ്രശ്നത്തെപ്പറ്റിയുള്ളതാണ്. പ്രവാസികളുടെ, പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനുവരുന്ന പ്രവാസികളുടെ, ഭാര്യമാര്‍ നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന തീവ്രമായ വിരഹദുഃഖത്തെ വിശകലനം ചെയ്തു കൊണ്ടുള്ള ലേഖനം. ഈ പ്രശ്നം ഗുരുതരമായ ഒരു സാമൂഹികപ്രശ്നമായി വളര്‍ന്നുവരാന്‍ പോകുകയാണ്.
(പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്)
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക കൃതി ഇ-മെയില്‍ ചെയ്യുക കൃതി പ്രിന്റ് ചെയ്യുക
പുസ്തകം വാങ്ങുക
Monday, August 4, 2008
10 ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം
Posted by
പുഴ.കോം
at
7:51 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment