Saturday, July 12, 2008

സാഹിത്യത്തിലെ ഹിപ്പോക്രസിക്കെതിരെ ഒരു പ്രസാധകന്



ടി. ജയചന്ദ്രന്‍, സി.ഐ.സി.സി പബ്ലിഷേഴ്സ്, കൊച്ചി

ഞാന്‍ എന്നെപ്പറ്റി പറയുമ്പോള്‍ എന്റെ മാതാപിതാക്കന്മാരില്‍നിന്നുതന്നെ തുടങ്ങണം. എനിക്ക്‌ ഹിപ്പോക്രസി ഒട്ടും ഇഷ്‌ടമല്ല. ആ പ്രേരണ എനിക്കു നല്‌കിയ മാതാപിതാക്കന്‍മാരെ ഞാന്‍ അഭിമാനപൂര്‍വ്വം സ്‌മരിക്കുന്നു. അക്കൂട്ടത്തില്‍ ഞാന്‍ സി.ഐ.സി.സിയുടെ ചരിത്രവും സംക്ഷിപ്‌തമായി പറഞ്ഞുകൊണ്ട്‌ തുടങ്ങട്ടെ.

സോഷ്യലിസ്‌റ്റ്‌ പുരോഗമനാശയങ്ങളുടെ വക്താവ്‌ അഥവാ സി.ഐ.സി.സി ലോകതലത്തില്‍ തന്നെയും സോഷ്യലിസ്‌റ്റ്‌ പുരോഗമനാശയങ്ങളെ ഏകോപിപ്പിക്കാനായി രൂപീകരിച്ച ഒരു സംഘടനയായിരുന്നു സെന്‍ട്രല്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചര്‍ ആന്റ്‌ കോ-ഓപ്പറേഷന്‍ (സി.ഐ.സി.സി). ഈ സംഘടന എന്റെ പിതാവായ സമാധാനം പരമേശ്വരന്റെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍, ജസ്‌റ്റിസ്‌ സുബ്രഹ്‌മണ്യം പോറ്റി തുടങ്ങിയ ഒട്ടേറെ പ്രമാണിമാര്‍ ഇതിന്റെ പ്രവര്‍ത്തനവുമായി സജീവമായി സഹകരിച്ചിരുന്നു. ആദ്യം സോവിയറ്റ്‌ സാഹിത്യങ്ങള്‍ സി.ഐ.സി.സി പ്രസിദ്ധീകരിച്ചിരുന്നു. ബോറിസ്‌ പൊളിവോയിയുടെ "ദ സ്‌റ്റോറി ഒഫ്‌ റിയല്‍ മാന്‍" എന്ന സുപ്രസിദ്ധ റഷ്യന്‍ നോവല്‍, ഒരു യഥാര്‍ത്ഥ മനുഷ്യന്റെ കഥ, നുകത്തിനടിയില്‍, ചെന്നായ്‌ക്കള്‍ക്കിടയില്‍ അവന്റെ തലയ്‌ക്കൊരു സമ്മാനം, വിപ്ലവത്തിന്റെ തീച്ചൂളയില്‍, കാള്‍മാക്‌സിന്റെ ഇന്ത്യ ചരിത്രക്കുറിപ്പുകള്‍, ലോകത്തിലെ വിവിധ രാഷ്‌ട്രങ്ങളിലെ അഥവാ 17 സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങളിലെ സ്‌ത്രീകളുടെ അവകാശാധികാരങ്ങളെക്കുറിച്ചുളള വനിതാലോകം. ഭാരതീയവനിത എന്ന പേരില്‍ ഇന്ത്യയിലെ വനിതകളെക്കുറിച്ചുളള പുസ്‌തകം, ഓപ്പറേഷന്‍ തീയേറ്റര്‍, മരുമകന്‍, രണ്ടു കാമുകന്‍മാര്‍ എന്നീ റഷ്യന്‍ നാടകങ്ങള്‍ തുടങ്ങിയവ സി.ഐ.സി.സി. ആദ്യകാലങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ്‌. എം.ആര്‍.സി. തര്‍ജ്ജമ ചെയ്‌ത ഷൊളോഖോവ്‌ നോവലുകള്‍ അക്കാലത്ത്‌ വളരെ പ്രശസ്‌തമായിരുന്നു. 1962 മുതല്‍ 1967 വരെയുളള അഞ്ചുവര്‍ഷംകൊണ്ട്‌ ഏതാണ്ട്‌ നാല്‌പതിലധികം അതിപ്രശസ്‌ത തര്‍ജ്ജിമകള്‍ സി.ഐ.സി.സി പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഇരുപതിലധികം കൃതികള്‍ ശ്രീമതി സുഭദ്രാപരമേശ്വരന്റേതാണ്‌. 1967-ല്‍ അര്‍ബുദരോഗത്തെ തുടര്‍ന്ന്‌ എന്റെ മാതാവായ സുഭദ്രാപരമേശ്വരന്‍ അന്തരിച്ചു.

സാഹിത്യകാരന്മാരുടെ ഇരട്ടമുഖം

ഞാന്‍ പുസ്‌തകപ്രസിദ്ധീകരണരംഗത്തു വരുന്നത്‌ 1980-കളിലാണ്‌. അതിനുമുമ്പുതന്നെ അപസര്‍പ്പക-പൈങ്കിളി സാഹിത്യം മലയാളത്തിലുണ്ട്‌. ഇവിടത്തെ കൊമ്പത്തെ എഴുത്തുകാരുടെ പടിക്കല്‍ പുസ്‌തകം തെണ്ടി ഓച്ഛാനിച്ചുനില്‌ക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. എന്നെ തേടിവന്ന എഴുത്തുകാരില്‍ ഭൂരിപക്ഷം പേരും എസ്‌.പി.സി.എസ്‌ എന്ന മഹാസ്ഥാപനം തഴഞ്ഞവരായിരുന്നു.

മലയാളത്തിലെ സാഹിത്യകാരന്‍മാരെക്കുറിച്ച്‌

നിങ്ങളുടെ സങ്കല്‍പത്തിലുളള വ്യക്തിയായിരിക്കില്ല പലപ്പോഴും അടുത്തു പരിചയപ്പെടുമ്പോള്‍. മിക്കവര്‍ക്കും രണ്ടിലേറെ മുഖങ്ങളുണ്ട്‌. ആ അര്‍ത്ഥത്തില്‍ അവര്‍ ബഹുമുഖപ്രതിഭകള്‍ തന്നെയാണ്‌. സാധാരണക്കാരന്‌ ദേഷ്യം വന്നാല്‍ അവന്‍ തെറിപറയും, ചിലപ്പോള്‍ തല്ലും. സാഹിത്യകാരനു ദേഷ്യം വന്നാല്‍ തെറി പറയില്ല, തല്ലില്ല പക്ഷേ ചിരിച്ചുകൊണ്ട്‌ കഴുത്തറക്കും. 'കരസ്ഥമാക്കാന്‍' (കരസ്ഥമാക്കുക+പിടിച്ചെടുക്കുക) എന്തും ചെയ്യും. സ്വന്തം കാര്യം, സ്വന്തം പ്രശസ്‌തി, സ്വന്തം കാര്യം സിന്ദാബാദ്‌. പണ്ടൊക്കെ ഒട്ടേറെ മേശ നിരങ്ങിയേ എഴുത്തുകാരനാകൂ. ഇന്ന്‌ പണമുണ്ടെങ്കില്‍ ആര്‍ക്കും എഴുത്തുകാരനാകാം. അതുകൊണ്ട്‌ പിന്നീട്‌ പ്രശസ്‌തരായിക്കഴിഞ്ഞാല്‍ തന്റെ യാതന മറ്റുളളവരെക്കൊണ്ടും അനുഭവിപ്പിക്കും. അതൊരു വലിയ ക്ലിക്കാണ്‌. വലിയ ഗ്രൂപ്പാണ്‌. തൊട്ടാല്‍ മാത്രമല്ല, ബഹുദൂരേ നിന്നാല്‍പോലും പൊളളിച്ചാകും, അതുകൊണ്ടല്ലേ കൊലകൊമ്പന്‍ രാഷ്‌ട്രീയനേതാക്കള്‍ വരെ കൊമ്പുകുത്തി സംസ്‌കാരിക 'നായന്മാ'ര്‍ക്കുമുമ്പില്‍ സുല്ലിടുന്നത്‌. അതുകൊണ്ടല്ലേ ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികസംഘടനയായ എസ്‌.പി.സി.എസ്‌ എല്ലും തോലുമായത്‌. സമസ്‌ത കേരള സാഹിത്യപരിഷത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി മൂന്നുവര്‍ഷത്തെ കാലാവധി കഴിഞ്ഞ്‌ ആറുമാസംകൂടി കഴിഞ്ഞശേഷമാണ്‌ ആദ്യയോഗം ചേര്‍ന്നത്‌. ശാന്തം പാപം.
കബളിപ്പിക്കപ്പെടാന്‍ വളരെ സാധ്യതയുളള രംഗമാണ്‌ ഈ പുസ്‌തകരംഗം. അര്‍ഹതപ്പെടാത്തവയാണ്‌ അച്ചടിക്കപ്പെടുന്നതില്‍ ഏറെയും-കാശുമായി പലരും വരും. പണം മേടിച്ച്‌ വില്‌പന സാധ്യതയില്ലാത്തത്‌ അച്ചടിച്ചാല്‍ പിന്നെ മോശക്കാരനായി. "രവി പല പ്രാവശ്യം ചോദിച്ചിട്ട്‌ കൊടുക്കാഞ്ഞതാ. കൃഷ്‌ണദാസ്‌ നന്നായിക്കോട്ടെ എന്നു കരുതി കൊടുത്തതാ. ഇപ്പോ കണ്ടില്ലേ?" ഒരു ലക്ഷം നോട്ടീസ്‌ അച്ചടിച്ച ഫലം. വെളുക്കാന്‍ തേച്ചത്‌ പാണ്ടായതുപോലെ ആകും. ഇനി മഹാന്മാരുടെ അടുത്ത്‌ പുസ്‌തകത്തിനു ചെന്നാലോ- എന്‍.ബി.എസ്‌ മൂന്നുപതിപ്പും ഡീസി രണ്ടുപതിപ്പും അച്ചടിച്ച്‌ ഉപേക്ഷിച്ചത്‌ നിങ്ങള്‍ക്കു വലിയ സംഖ്യ അഡ്വാന്‍സ്‌ വാങ്ങി കൂടുതല്‍ കോപ്പി അച്ചടിക്കാന്‍ എഗ്രിമെന്റ്‌ (2000-3000) വയ്‌പിക്കും. മറ്റു പ്രസാധകരെ വില്‌പനക്കുവേണ്ടി സമീപിക്കുമ്പോള്‍ ഇതിന്റെയൊക്കെ വിലകുറഞ്ഞ പതിപ്പുകള്‍ അവിടെ കെട്ടിക്കിടക്കുന്നു. പുസ്‌തകപ്രസാധാനരംഗത്ത്‌ പത്തുവര്‍ഷം പിടിച്ചുനില്‌ക്കണമെങ്കില്‍ ഒരുമാതിരി സര്‍ക്കസ്സണ്‍നും അറിഞ്ഞാല്‍ മതിയാവില്ല. എനിക്കൊന്നും ഉപദേശിക്കാനില്ല. ഉപദേശിക്കുന്നതും ഉപദേശം കേള്‍ക്കുന്നതും എനിക്കിഷ്‌ടമല്ല. അറിയാത്ത പിളള ചൊറിയുമ്പോള്‍ അറിയും.

പൈങ്കിളി സാഹിത്യം- അര്‍ത്ഥവും അനര്‍ത്ഥവും

700ല്‍ പരം ഡിറ്റക്‌ടീവ്‌ നോവലുകള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. ഇതു ഞാന്‍ മലയാളത്തിനുചെയ്‌ത സേവനമായി കാണുന്നില്ല. എന്റെ ജീവിതമാര്‍ഗ്ഗം പുസ്‌തകം അച്ചടിച്ചു വില്‌ക്കലാണ്‌. അപസര്‍പ്പകനോവലുകള്‍ക്ക്‌ എന്നും ഒരു കൃത്യമായ വില്‌പനയുണ്ട്‌. കൊളളാവുന്ന വിധത്തില്‍ ജീവിച്ചുപോകാനുളള പണവും എനിക്ക്‌ അപസര്‍പ്പകനോവല്‍ പ്രസാധനം വഴി ലഭിക്കുന്നുണ്ട്‌. ഡിറ്റക്‌ടീവ്‌ നോവല്‍ വായന റീഫ്രഷാക്കുമെന്ന്‌ വൈദ്യശാസ്‌ത്രംപോലും തെളിയിച്ചുകഴിഞ്ഞതാണ്‌. ലോകത്ത്‌ ഏറ്റവും അധികം ആളുകളുളളത്‌ ത്രില്ലറുകള്‍ വായിക്കാനും കാണാനുമാണ്‌. ഏതോ ഒരു നിമിഷത്തിലാണ്‌ അപസര്‍പ്പക സാഹിത്യത്തിയല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തോന്നിയത്‌. അതു ക്ലിക്ക്‌ ചെയ്‌തു. സി.ഐ.സി.സിയുടെ ഡിറ്റക്‌ടീവ്‌ നോവലുകള്‍ക്ക്‌ നല്ല ഡിമാന്റുണ്ട്‌. നമ്മുടെ ഗ്രാമീണ ലൈബ്രറികളിലും മറ്റും പുതിയ വായനക്കാരെ എക്കാലത്തും പുസ്‌തകത്തോടടുപ്പിച്ചത്‌ അപസര്‍പ്പകസാഹിത്യം തന്നെയാണ്‌.

മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരന്‍മാരില്‍ പലരും മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ കൈനീട്ടി വാങ്ങുകയും ശേഷം അത്യുജ്ജ്വലമായ സാഹിത്യപ്രഘോഷണം നടത്തുകയും ചെയ്യുന്നുണ്ട്‌. ഉദരം നിമിത്തം ബഹുകൃതവേഷം എന്നല്ലാതെ എന്തുപറയാന്‍? 33333 രൂപയ്‌ക്കു മുകളില്‍ ഒരു പരുന്തും ഇതുവരെ പറന്നിട്ടില്ല. ഒരു കഴുകനും ഇറച്ചിക്കഷ്‌ണം വേണ്ടെന്നു പറയുകയില്ല. എല്ലാവരും മലയാളത്തിന്റെ മഹാഭാഗ്യങ്ങളാണല്ലോ.

പിന്നെ പൈങ്കിളി എന്ന പ്രയോഗം പുച്ഛത്തില്‍ പറഞ്ഞു തുടങ്ങിയത്‌ മുട്ടത്ത്‌ വര്‍ക്കിസാറ്‌ എഴുതിയ കൃതികള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതു കണ്ട്‌ അസൂയ മൂത്ത കുറേ പാഴ്‌ജന്മങ്ങളാണ്‌. ഇന്ന്‌ ഓണം -ക്രിസ്‌മസ്‌ നാളുകളില്‍ ബിവറേജ്‌ കോപ്പറേഷനിലെ മദ്യം വിറ്റഴിയുന്നതു പോലെയാണ്‌ അന്ന്‌ പുസ്‌തകം വിറ്റഴിഞ്ഞിരുന്നത്‌. മുട്ടത്തുവര്‍ക്കിയുടെ ഒരൊറ്റ കൃതിപോലും സി.ഐ.സി.സി അച്ചടിച്ചിട്ടില്ല. അതെല്ലാം അച്ചടിച്ചിട്ടുളളത്‌ നമ്മുടെ സാക്ഷാല്‍ ഡീസിയാണ്‌. പിന്നെ കുറെയെണ്ണം പെപ്പിനും. പൈങ്കിളി എന്നതില്‍ അടങ്ങിയ വികാരം വളരെ പണ്ട്‌ അങ്ങനെ പറഞ്ഞവരുടെ തന്നെ മനോഭാവം കൊണ്ടാണ്‌. കോട്ടയം പുഷ്‌പനാഥും, ബാറ്റണ്‍ബോസും, എന്‍.കെ.ശശിധരനും, പമ്മനും, ജോയ്‌സിയും, സുധാകര്‍ മംഗളോദയവും, കമലാഗോവിന്ദും, വി.ടി. നന്ദകുമാറും, മല്ലികായൂനിസ്സും, ചന്ദ്രക്കലാ എസ്‌. കമ്മത്തും, മെഴുവേലി ബാബുജിയും ഏറ്റവും ഒടുവില്‍ പ്രശാന്ത്‌ നമ്പ്യാര്‍ വരെയുളളവരുമാണ്‌ ഈ സ്ഥാപനത്തെ നിലനിര്‍ത്തിയത്‌. എനിക്ക്‌ അവരോടു മാത്രമേ കടപ്പാടുളളൂ. അതുകൊണ്ട്‌ അപസര്‍പ്പക-പൈങ്കിളി സാഹിത്യത്തിന്റെ പ്രചാരകന്‍ എന്നോ വക്താവ്‌ എന്നോ ലോകം പറഞ്ഞാല്‍, ഞാന്‍ യേസ്‌ എന്നു തന്നെ പറയും. പിന്നെ അച്‌ഛന്റെയും അമ്മയുടെയും കാലം. അത്‌ അവരുടെ ജീവിതനിയോഗം എന്നേ ഞാന്‍ കരുതുന്നുളളൂ. അക്കാലത്ത്‌ കമ്യൂണിസ്‌റ്റ്‌ മന്ത്രി, മുട്ടയും പാലും കോഴിക്കറിയും കഴിച്ച്‌ വിശപ്പുമാറ്റാന്‍ പറഞ്ഞിരുന്നില്ലല്ലോ. ഒരു കാര്യത്തില്‍ എനിക്കു സന്തോഷമുണ്ട്‌. എന്റെ ഒരെഴുത്തുകാരന്‍ ജോയ്‌സി മനോരമയില്‍ നിന്ന്‌ മംഗളത്തിലേക്ക്‌ മാറിയത്‌ പത്തുലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ടാണ്‌. ഒരു കൊല്ലത്തിനകം പത്തുലക്ഷം മംഗളത്തിന്‌ അദ്ദേഹം മടക്കിക്കൊടുത്ത്‌ സ്വതന്ത്രനാകുകയും ചെയ്‌തു. കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം ജനപ്രിയ എഴുത്തുകാരും മാന്യമായി "മുട്ടയും പാലും കോഴിയിറച്ചിയും കഴിച്ച്‌" വിശപ്പു മാറ്റി- മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി പരദൂഷണത്തിനും പാരവയ്‌പിനും നില്‌ക്കാതെ സുഖമായി ജീവിക്കുന്നു. സി.ഐ.സി.സിയുടെ മിടുക്കു കൊണ്ടല്ല പതിനായിരക്കണക്കിനുളള അവരുടെ സാധാരണക്കാരില്‍ സാധാരണക്കാരായ വായനക്കാരുടെ മിടുക്കുകൊണ്ട്‌. കൂടെ മംഗളം, മനോരമ, സീരിയല്‍ നിര്‍മ്മാതാക്കളുടെ കൂടി മിടുക്കുകൊണ്ട്‌. പിന്നെ 28 കൊല്ലമായി ഞാന്‍ അന്വേഷിക്കുന്ന, ഇതുവരെ ഉത്തരം കിട്ടാത്ത ഒരു സമസ്യയുണ്ട്‌. ഭാരതപ്പുഴയുടെ തീരത്ത്‌ മലബാര്‍ ഭാഷ പറഞ്ഞ്‌ നാണുനായരും നാണിയമ്മയും പ്രേമിച്ചാല്‍ അതു വിശ്വസാഹിത്യവും, മീനച്ചിലാറിന്റെ തീരത്തോ, പാല, കോട്ടയം, ഇടുക്കി ഭാഗത്തോ വക്കച്ചനും ത്രേസ്യാക്കുട്ടിയും പ്രേമിച്ചാല്‍ അതു പൈങ്കിളിയുമാകുന്നതെങ്ങനെയെന്ന്‌? ജോയ്‌സിയുടേയോ, സുധാകര്‍ മംഗളോദയത്തിന്റെയോ ഒരു നോവല്‍ അവരുടെ പേരിടാതെ മംഗളമോ, മനോരമയോ അല്ലാത്ത ബുദ്ധിജീവിവാരികക്കാര്‍ പ്രസിദ്ധീകരിച്ചു നോക്കട്ടെ. അപ്പോഴറിയാം അവരുടെ തൂലികയുടെ കരുത്ത്‌. അതിനുമുമ്പില്‍ തകര്‍ന്നു വീഴുന്ന ബിംബങ്ങളുടെ സംഖ്യ എണ്ണിയാല്‍ തീരില്ല.

പുസ്‌തക പ്രസാധനവും കച്ചവടവും

ഒരു കച്ചവടക്കാരന്‌ മറ്റൊരു കച്ചവടക്കാരനെ കണ്ടൂടാ എന്നത്‌ മലയാളത്തിലെ ഒരു ചൊല്ലിന്റെ മറുവശമാണ്‌. അവനവന്റെ കാര്യം നോക്കുക എന്നതാണ്‌ പൊതുതത്ത്വം. പിന്നെ വല്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ യോജിക്കേണ്ടവര്‍ യോജിക്കും. പ്രസാധകരുടെ കൂട്ടായ്‌മ ഉണ്ട്‌. ലോകചരിത്രത്തില്‍ ആദ്യമായി മലയാളത്തിലെ എഴുത്തുകാരോട്‌ പരസ്‌പരം അവഹേളിക്കരുതെന്നും ചെളി വാരിയെറിയരുതെന്നും പറഞ്ഞത്‌ ഓള്‍ കേരള പബ്ലിഷേഴ്‌സ്‌ ആന്റ്‌ ബുക്‌സെല്ലേഴ്‌സ്‌ അസോസിയേഷനാണ്‌- അതിനുമുമ്പ്‌ പത്രം തുറന്നാല്‍ തലതാഴ്‌ത്തുമായിരുന്നു. പുസ്‌തകത്തിന്‌ നികുതി ഇല്ലാതാക്കിയതും ഈ സംഘടന തന്നെയാണ്‌. ദുര്‍ഗ്രാഹ്യതയില്ലാതെ ആത്മാര്‍ത്ഥതയോടെ എഴുതിയതെന്തും ഞാന്‍ വായിക്കും. സദ്യയുണ്ണുമ്പോള്‍ ഇലയിലുളളതെല്ലാം ഭുജിക്കുന്നതുപോലെ. ആദ്യത്തെ രണ്ടുവരി വായിച്ചാല്‍ അറിയാം ജാടയാണോ എന്തെങ്കിലും വായിക്കാനുണ്ടോയെന്ന്‌. ത്രേതായുഗത്തിലും അക്ഷരമുണ്ടായിരുന്നിരിക്കണം. 'അതിജീവനം' എനിക്കറിയില്ല. ഒന്നറിയാം, മലയാളഭാഷ വരുന്ന ഇരുപത്തിയഞ്ചുകൊല്ലംകൊണ്ട്‌ വാമൊഴി മാത്രമായി മാറും. ദക്ഷിണേന്ത്യന്‍ഭാഷകളില്‍ തമിഴ്‌ മാത്രമേ ഇതിനെ അതിജീവിക്കൂ. ഇലക്‌ട്രോണിക്‌ യുഗത്തില്‍ "ഈ ബുക്ക്‌" വായിക്കും.

വാലറ്റം:

അമ്പലപ്പറമ്പുകളിലെ മൂട്ടവിളക്കുകള്‍ക്കുമുമ്പിലായി കടലാസില്‍ നിരത്തിയിട്ടിരിക്കുന്ന പുസ്‌തകങ്ങള്‍ക്കുമുമ്പില്‍ കൂനിക്കൂടിയിരുന്ന്‌ പുസ്‌തകം വാങ്ങിയിരുന്ന ഒരു തലമുറയും കുറേ പുസ്‌തകങ്ങളും നമുക്കുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാലങ്ങളെ അതിജീവിച്ച പുസ്‌തകങ്ങള്‍. ഹൈടെക്‌ എക്‌സിബിഷനുകളില്‍ നിയോണ്‍ വെളിച്ചത്തില്‍ ആളുകള്‍ വാങ്ങുന്ന പുസ്‌തകങ്ങളും അതേ പുസ്‌തകങ്ങള്‍ തന്നെ. ഒരു നിരൂപക കേസരിയുടെയും പിന്തുണയില്ലാത്ത പുസ്‌തകങ്ങള്‍. ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും ഗീതയും ബൈബിളും ഖുറാനും ഐതിഹ്യമാലയും മറ്റും.

(കടപ്പാട്‌: പുസ്‌തകവിചാരം സാഹിത്യമാസിക)

അഭിപ്രായങ്ങള്‍ ഇവിടെ ഇടുക

No comments: