Saturday, April 28, 2007

ഗുരുവായൂരില്‍ നിന്നും പാത്രക്കടവിലേക്കുള്ള ദൂരം


എഡിറ്റോറിയല്‍
സുവിരാജ്‌ പടിയത്ത്‌

യേശുദാസ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറണമോ വേണ്ടയോ എന്ന ചോദ്യം മലയാളികളുടെ മുന്നിലെത്തിയിട്ട്‌ മുപ്പത്‌-നാല്‍പത്‌ വര്‍ഷങ്ങളാകുന്നു. കേരളം ഇത്‌ ഒരുപാട്‌ ചര്‍ച്ച ചെയ്തതാണ്‌. വാദവും പ്രതിവാദവും നടത്തിയതുമാണ്‌. കേരളീയരാകെ ഭക്തിപൂര്‍വ്വം മനസിലേറ്റിയ, ഗുരുവായൂരപ്പനെ സ്തുതിച്ചും വര്‍ണിച്ചും ആലപിച്ചിട്ടുള്ള ഭൂരിഭാഗം ഗാനങ്ങളുടെയും ശബ്ദം യേശുദാസിന്റേതാണ്‌. അദ്ദേഹം ഈ ഗാനങ്ങളൊക്കെയും അതി ഭക്തിപൂര്‍വ്വം തന്നെയാണ്‌ ആലപിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നാം മനസിലാക്കുന്നുണ്ട്‌. ഗുരുവായൂരപ്പനെ ഇത്രയേറെ വാഴ്‌ത്തി പാടിയ യേശുദാസിനു മുകളില്‍ മറ്റൊരു കൃഷ്ണഭക്തന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യമുയര്‍ത്തി അദ്ദേഹത്തെ ഗുരുവായൂരമ്പലത്തിന്റെ ഗോപുരവാതില്‍ തുറക്കാന്‍ യോഗ്യനാക്കാം. ഇത്‌ ഒരുവശം.

പേരില്‍ തന്നെ യേശുവിന്റെ ദാസനായ ഒരുവന്‌ ഗുരുവായൂരമ്പലത്തില്‍ എന്തവകാശം എന്ന ചോദ്യവും പലര്‍ക്കും പ്രസക്തമാണ്‌. അദ്ദേഹം ഗുരുവായൂരപ്പനെ മാത്രമല്ല, ക്രിസ്തുവിനോടും, അള്ളാഹുവിനോടും അത്യന്തം ഭക്തിയോടെ ആരാധിച്ച്‌ പാടിയിട്ടുള്ള ആളുമാണ്‌. അതിനുമപ്പുറം യുക്തിവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും ശക്തമായ വരികള്‍ ആലപിച്ച്‌ മുക്തകണ്‌ഠം പ്രശംസ പറ്റിയ ആളുമാണ്‌. അതുകൊണ്ട്‌ ആവശ്യമില്ലാത്ത കാര്യത്തിന്‌ പോകാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നത്‌ മറ്റൊരുവശം.

ഈശ്വരന്‍ തൂണിലും തുരുമ്പിലും വസിക്കുന്നു എന്ന വിശ്വാസമുള്ളതിനാല്‍ യേശുദാസ്‌ ഗുരുവായൂരില്‍ കയറണമോ വേണ്ടയോ എന്ന ചോദ്യത്തില്‍ ഒരു അവസാന ഉത്തരം നമുക്ക്‌ ആവശ്യവുമില്ല. യേശുദാസ്‌ പോലും അത്‌ തന്റെ ജീവിതാഭിലാഷം ആയി കാണുന്നില്ല. കാരണം അദ്ദേഹം നല്ല ചിന്താശേഷിയുള്ള പാട്ടുകാരനാണ്‌.

ഇത്തരമൊരു അവസ്ഥയിലാണ്‌ യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശനം ഒരു വിവാദമായി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്‌. വിവാദത്തിന്‌ ഹേതുവായത്‌ ദേവസ്വം മന്ത്രികൂടിയായ ജി. സുധാകരന്‍ ദേവസ്വം ബോര്‍ഡിന്‌ ഇതു സംബന്ധിച്ച്‌ അയച്ച ഒരു കത്താണ്‌.

ഇത്തരത്തിലുള്ള വിവാദങ്ങള്‍ സംസ്‌കാരികമായി ഉയര്‍ന്നു ചിന്തിക്കുന്ന സമൂഹങ്ങളുടെ ഇടയില്‍ സ്വാഭാവികമായി ഉടലെടുക്കുന്നതാണ്‌. നാല്‍പത്‌ കൊല്ലമായി ഈ പ്രശ്നം സജീവമായി ഉണ്ട്‌ എന്നതും വളരെ പോസിറ്റീവാണ്‌. മന്ത്രി ജി. സുധാകരന്റെ നല്ല മനസിന്റെ അടയാളമായി തന്നെ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റണം എന്ന ആവശ്യവുമായി അദ്ദേഹം എഴുതിയ കത്തിനെ നമുക്കു കാണാം. പ്രത്യേകിച്ച്‌ യേശുദാസ്‌ അടുത്തകാലത്തൊന്നും ഈ ആവശ്യം ഉന്നയിക്കാതിരുന്നിട്ടുകൂടി.

രാഷ്‌ട്രീയ നേതാക്കള്‍, സാംസ്‌കാരിക നായകര്‍, സമുദായ ഉന്നതര്‍ എന്നിങ്ങനെ എല്ലാവരും ഈ വിവാദത്തില്‍ കണ്ണികളാകാന്‍ വെമ്പി. ചാനലുകളും പത്രമാധ്യമങ്ങളും ഇതൊരാഘോഷമാക്കി. യേശുദാസിന്റെ 'കൃത്യ'മായ നിലപാടുകളും നാം കണ്ടു. കഴിഞ്ഞ നാല്‍പതു വര്‍ഷമായി കേരളത്തിന്‌ ഉത്തരമാവശ്യമില്ലാത്ത ഒരു വിവാദം വീണ്ടും ആളിക്കത്തി.

പക്ഷെ ഇതിനിടയിലെവിടെയോ 'പാത്രക്കടവ്‌' എന്ന വാക്ക്‌ കേട്ടതായോര്‍ക്കുന്നു. സെയിലന്റ്‌വാലി എന്ന വൈവിധ്യപൂര്‍ണ്ണമായ ഒരു വനമേഖല ഇതോടെ തകര്‍ന്നു തരിപ്പണമാകുമെന്നും ചെറുകോളത്തില്‍ നാം വായിച്ചതായി ഓര്‍ക്കുന്നു.

കേരളത്തിലെ ഒരു വലിയ വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും ഏറെ ജാഗ്രതയോടെ പ്രതിരോധിച്ചിരുന്ന ഒരു പദ്ധതി ആരുമറിയാതെ വരുന്നത്‌ ഈ പ്രതിരോധസമരങ്ങള്‍ക്കൊപ്പം നിന്ന ഇടതുപക്ഷം ഭരിക്കുന്ന ഇക്കാലത്താണ്‌. വനംവകുപ്പും വൈദ്യുതിവകുപ്പും ഇതു സംബന്ധിച്ച്‌ നടത്തുന്ന തര്‍ക്കങ്ങള്‍ നാം അറിയുന്നില്ല. ഘടകകക്ഷികള്‍ തമ്മിലുള്ള കൊമ്പു കോര്‍ക്കലുകള്‍ മൂടിവയ്‌ക്കപ്പെടുന്നു. നമ്മുടെ വിവാദങ്ങള്‍ സെയിലന്റ്‌വാലിയില്‍ നിന്നും യേശുദാസിലേയ്‌ക്കൊതുങ്ങുന്നു.

സ്വാശ്രയ വിദ്യാഭ്യാസ വിവാദത്തിനിടയില്‍ സുധാകരന്‍ ഉയര്‍ത്തിയ ഭരത്‌ഭൂഷണ്‍ പ്രശ്നവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്‌. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒട്ടേറെ വിവാദങ്ങള്‍ വേണ്ട സമയത്ത്‌ ഉണ്ടാകുകയോ, ഉണ്ടാക്കപ്പെടുകയോ ചെയ്യുന്നുണ്ട്‌. ഇതിനു പലതിനും നിയോഗം മന്ത്രി ജി.സുധാകരനാണെന്നതാണ്‌ ശ്രദ്ധേയം. ഒരുപക്ഷെ മുന്‍പ്‌ പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ നല്ല മനസിന്റെ വെളിപ്പെടുത്തലുകളാകാം ഇതൊക്കെ. എങ്കിലും ഇതൊക്കെ ചില സംശയങ്ങളിലേയ്‌ക്കാണ്‌ ചൂണ്ടപ്പെടുന്നത്‌. അങ്ങിനെ സംശയിക്കുന്നവരെ കുറ്റപ്പെടുത്തുവാനുള്ള സാധ്യത ഇവിടെ വിരളമാകുന്നു എന്നതാണ്‌ സത്യം.

ആഭ്യന്തര പ്രശ്നം വരുമ്പോള്‍ ഇന്ത്യയ്‌ക്കും പാക്കിസ്താനും കാശ്മീര്‍ എന്നപോലെ, ഒരുപാട്‌ വെടിക്കെട്ടുകള്‍ നമ്മുടെ കയ്യിലുണ്ട്‌. ചില കാഴ്‌ചകളെ മറയ്‌ക്കാന്‍, ചില ചിന്തകളെ തണുപ്പിക്കാന്‍, ചില സംശയങ്ങളെ തളര്‍ത്താന്‍ മറ്റൊന്നിനു നല്ല വളം ഇട്ടുകൊടുത്താല്‍ മതിയാകും. ഇത്‌ വെറും സംശയം മാത്രം. യാഥാര്‍ത്ഥ്യമാകരുതേ എന്ന്‌ പ്രാര്‍ത്ഥിക്കാം.


free hit counter

5 comments:

myexperimentsandme said...

യേശുദാസിനെപ്പറ്റി ശ്രീ സുധാകരന്‍ പറയാന്‍ തുടങ്ങുമ്പോഴൊക്കെ നമുക്ക് പാത്രക്കടവിനെപ്പറ്റി സംസാരിക്കാം എന്ന് മാധ്യമ ലേഖകര്‍ നിര്‍‌ബന്ധിക്കാന്‍ തുടങ്ങിയാല്‍ മതി. പാത്രക്കടവ് മാത്രമല്ല, ആതിരപ്പള്ളിയും അങ്ങിനെ മറ്റു പലതും.

പക്ഷേ, നമ്മള്‍ മലയാളികള്‍ക്ക് വേണ്ടത് വേണ്ടതുപോലെ കൊടുക്കുക എന്ന ധര്‍മ്മം മാത്രമേ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ. നമുക്ക് പാത്രക്കടവിനെപ്പറ്റിയുള്ള ചര്‍ച്ചയാണ് ആവശ്യം എന്ന് മാധ്യമക്കാര്‍ക്ക് മനസ്സിലായാല്‍ അവര്‍ അത് സെന്‍‌സേഷനാക്കിക്കൊള്ളും. പക്ഷേ അവര്‍ക്കറിയാം, നമുക്ക് സൈലന്റ് വാലിയല്ല, കേരളത്തിലെ കാടുകള്‍ മൊത്തം നശിച്ചാലും സ്വന്തം കാര്യം നേരാംവണ്ണം നടക്കുകയാണെങ്കില്‍ പിന്നെ നേരം‌പോക്കിനുള്ള വിവാദങ്ങളാണ് ആവശ്യമെന്ന്.

ഭാരതപ്പുഴയുള്‍പ്പടെ കേരളത്തിലെ നദികളെല്ലാം വറ്റുവരണ്ടത് നമ്മുടെയൊക്കെ കണ്‍‌മുന്‍‌പിലാണല്ലോ. നമ്മളില്‍ എത്രപേര്‍ അതൊരു ജീവന്മരണ പ്രശ്‌നമാക്കി? മതികെട്ടാനില്‍ കാടുവെട്ടിത്തെളിക്കാനും വ്യാജപട്ടയം കൊടുക്കാനും കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെട്ട മാണിയെ പാലാക്കാര്‍ പിന്നെയും ജയിപ്പിച്ചില്ലേ. ഒരു വാണിംഗ് പോലും നമ്മളാരും കൊടുത്തില്ലല്ലോ. കാരണമെന്താ, മാണിയെക്കൊണ്ട് നമുക്ക് പിന്നെയും പിന്നെയും ആവശ്യങ്ങളുണ്ട്, അതുതന്നെ. ഇതിനിടയ്ക്ക് അങ്ങ് മതികെട്ടാനിലെ മരങ്ങളൊക്കെ ആര്‍ക്ക് വേണം? അതേ സമയം മാണിയുണ്ടെങ്കില്‍ പ്രതിപക്ഷത്താണെങ്കിലും ഒരു സ്ഥലം മാറ്റമോ, ഒരു നല്ല പോസ്റ്റോ, ഒരു ജോലിയോ ഒക്കെ കിട്ടാന്‍ എന്താ എളുപ്പം.

നമ്മുടെയോരോരുത്തരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തില്‍ ഇനി ആരെങ്കിലും പാത്രക്കടവ് ഉയര്‍ത്തിക്കൊണ്ടുവന്നാലും രക്ഷയൊന്നുമുണ്ടാകില്ല എന്ന് തോന്നുന്നു. ശ്രമിക്കാവുന്നത് പരിസ്ഥിതിയെപ്പറ്റിയും മറ്റും അടുത്ത തലമുറയ്ക്കെങ്കിലും അതിന്റേതായ പ്രാധാന്യത്തോടെയും അത് നഷ്ടപ്പെട്ടാലുള്ള ഭീകരമായ അവസ്ഥയെപ്പറ്റിയും അവബോധം ഉണ്ടാക്കിക്കുക.

keralafarmer said...

യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന്‌ പൊതുജന ശ്രദ്ധതിരിക്കുക വളരെ എളുപ്പമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞിട്ടായാലും വേണ്ടില്ല പലതും നമ്മള്‍ കണ്ടതാണല്ലോ. പ്രതിപക്ഷത്തിരുന്ന്‌ എതിര്‍ക്കുന്നതെല്ലാം ഭരണത്തിലേറിയാല്‍ നടപ്പിലാക്കുവാന്‍ കഴിയുക യെന്നത്‌ ചിന്തിക്കാന്‍ കൊള്ളാവുന്ന കാര്യമാണ്. ഒരു കാര്യമേ ഇപ്പോള്‍ കുറവുള്ളു കേരളത്തെ കീറി മുറിക്കുന്ന എക്‌സ്‌പ്രസ്സ്‌ ഹൈവേ. അതും കൂടി എന്തിനിനി ബാക്കി വെയ്ക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

നാഴികക്ക് നാല്പതു വട്ടം അമേരിക്കയെ തെറിവിളിക്കുമ്പോഴും ഇതു തന്നെയാണ് അമേരിക്കയും ചെയ്യുന്നത്.
ശ്രദ്ധ തിരിച്ചു വിടുക എ ന്ന തന്ത്രം.

അതുപോലെ അഭിപ്രായം പറയുന്നവരെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക എന്ന സാമ്രാജ്യത്വത്തിന്‍റെ അതേ തന്ത്രം കേരളത്തിലെ മന്ത്രി സഭയും പാര്‍ട്ടിയും ഒരു നയമാക്കിയിരിക്കുന്നു.

Radheyan said...

ജനം പൈഡ് പൈപ്പറുടെ രാഗത്തിനു പിറകേ പോകുന്ന എലികളൊന്നുമല്ലല്ലോ വിവാദമുണ്ടായാല്‍ അതിനു പിറകേ പോകാന്‍. സ്വതവേ ഇന്ത്യക്കാര്‍ ഏത് സാഹചര്യങ്ങളോടും സമരസപ്പെട്ട് മുന്നോട്ട് പോകുന്നവരാണ്.വിമര്‍ശിക്കാന്‍ കാട്ടുന്ന താല്‍പ്പര്യം പ്രവര്‍ത്തിക്കാന്‍ കാട്ടുന്നുമില്ല.കാരണം വിവാദമുണ്ടാക്കാന്‍ എളുപ്പമാണ്.പക്ഷെ പ്രവര്‍ത്തി ബുദ്ധിമുട്ടുള്ള സംഗതിയാണ്.നാടകീയമായ ചില വഴിത്തിരിവുകളില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ വലിയ പ്രതിഷേധം കൂടാതെ നാമിന്നും ബ്രിട്ടീഷുകാരുടെ കീഴില്‍ കഴിഞ്ഞേനേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
വിവാദണ്ടാക്കാന്‍ സുധാകരനു മാത്രമല്ലല്ലോ കഴിയുന്നത്.പരിസ്ഥിതിയെ കുറിച്ച് വിവാദമുണ്ടാക്കാന്‍ ആഗ്രഹമുള്ളവര്‍ അതിനു ശ്രമിക്കുക.അങ്ങനെയേ പൊതുജനശ്രദ്ധയില്‍ ഒരു വിഷയം കൊണ്ടുവരാന്‍ സാധിക്കൂ എങ്കില്‍ അതിന് ശ്രമിക്കുക.എന്ത് വിവാദമുണ്ടാക്കിയാലും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ നികേഷും വേണുവും ബാക്കി മുപ്പത്തിമുക്കോടി മാധ്യമസിംഗങ്ങളും റെഡി.

മണല്‍ വാരി ഭാരതപ്പുഴയെ കൊല്ലുന്നതിനെ എതിര്‍ക്കുന്ന ആളുകള്‍ക്കും ഇതേ മണല്‍ കൊണ്ട് കെട്ടി പൊക്കുന്ന കെട്ടിടത്തെ ഉപേക്ഷിക്കാനോ തള്ളികളയാനോ കഴിയില്ല എന്നതാണ് ഉത്തരാധുനിക ഷിനേറിയോ.അപ്പോള്‍ ഇവിടെ ജീവിക്കാന്‍ അവശ്യം വേണ്ടത് സര്‍ക്കരല്ല,മണല്‍ തരാന്‍ മണല്‍ മാഫിയ,പാറ തരാന്‍ പാറ മാഫിയ,സംരക്ഷണം തരാല്‍ കൊട്ടേഷന്‍ മാഫിയ.ഒരിക്കലെങ്കിലും ഇതില്‍ നിന്ന് എന്തെങ്കിലും സേവനം പറ്റാത്ത ആളില്ല എന്ന സ്ഥിതി സംജാതമായിരിക്കുന്നു.എങ്കിലും നാമതിനോട് സമരസപ്പെടുന്നു.അടിയന്തരാവസ്ഥയെ അനുഗ്രഹമായി കണ്ടവരാണ് നാം
ഏറ്റവും വലിയ ശ്രദ്ധ തിരിക്കല്‍ അഭ്യാസം കാര്‍ഗില്‍ യുദ്ധമായിരുന്നു.അന്ന് ഉയര്‍ന്ന് വന്ന രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് മോചനവുമായി,അടുത്ത ഇലക്ഷനുള്ള ദേശീയ വികാരവുമായി.ശവപ്പെട്ടി,ഷഡ്ഡി തുടങ്ങിയവ വാങ്ങിയ വകയില്‍ കമ്മീഷന്‍ വേറെ

വേണു venu said...

ആഭ്യന്തര പ്രശ്നം വരുമ്പോള്‍ ഇന്ത്യയ്‌ക്കും പാക്കിസ്താനും കാശ്മീര്‍, ജീവിക്കുന്ന നല്ലൊരു വിഷയം.
ചിന്തകളെ മറയ്ക്കാനും ഓര്‍മ്മിപ്പിക്കാതിരിക്കാനും സ്ഫോടനഭാവമുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചു് ശരിയായ വിഷയത്തില്‍ നിന്നു് താല്‍ക്കാലിക മുക്തി നേടുക. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്‍റെ ഈ അജണ്ട അനാവരതം പല രീതിയില്‍ അവതരിക്കുകയാണു്.
ശ്രദ്ധ തിരിച്ചു വിടുക എ ന്ന തന്ത്രം , ഉപയോഗിക്കുന്നതോ? മഹാനാശത്തിന്‍റെ വിത്തുകള്‍ വിതച്ചു കൊണ്ടും....