Monday, February 12, 2007

എഡിറ്റോറിയല്‍

‍പെരിയാറിന്റെ കഥ

ഒരു നദി മരിക്കുന്നത്‌ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. രാസമാലിന്യങ്ങളാല്‍ സമ്പുഷ്ടയായ പെരിയാറിന്‌ കല്ലാര്‍കുട്ടി ഡാം വക പുതിയ ഷോക്ക്‌. പതിറ്റാണ്ടുകളായി കെട്ടികിടന്ന ചെളിയും മാലിന്യങ്ങളുമാണ്‌ പെരിയാറിലേയ്ക്ക്‌ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ തുറന്നുവിട്ടത്‌. ദശലക്ഷക്കണക്കിന്‌ മനുഷ്യരുടെ കുടിവെള്ളം മുട്ടിച്ചുവെന്നത്‌ ഈ നടപടിയുടെ നേര്‍ ഉദാഹരണം മാത്രം. പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന കണക്കാണ്‌ പെരിയാറിന്‍ തടത്തിലെ ജനങ്ങള്‍.ഈ നദിയെ ഇത്രയേറെ നശിപ്പിച്ചത്‌ ആരെന്നതിന്‌ എളുപ്പവഴിയില്‍ തന്നെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയും. അവരെ ശിക്ഷിക്കുകയോ, ആ ശിക്ഷയില്‍ നിന്ന്‌ അവര്‍ക്ക്‌ എളുപ്പം രക്ഷപ്പെടുവാനോ കഴിയും. അത്‌ നമ്മുടെ രാഷ്‌ട്രീയ-നീതി വ്യവസ്ഥകളുടെ നിലപാടുകളെയും രീതികളെയും ആശ്രയിച്ചിരിക്കും. എന്നാല്‍ നാം ഇതിനുമപ്പുറത്തേക്ക്‌ മറ്റു ചിലതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.അണക്കെട്ടുകള്‍ ഒരു രാജ്യത്തിന്റെ വികസനത്തിന്‌ അത്യന്താപേക്ഷിതമാണ്‌ എന്ന ഒരു വിശ്വാസത്തിലൂടെ കടന്നുവന്നവരാണ്‌ നമ്മള്‍. അത്‌ കുറെ ഏറെ ശരിയുമാണ്‌; മനുഷ്യനെ സംബന്ധിച്ചുമാത്രം. ഒരു അണ കെട്ടുമ്പോള്‍ ഒരു നദി മരിച്ചു തുടങ്ങുന്നു എന്നത്‌ തിരിച്ചറിയാതെ പോകുന്നു എന്നതാണ്‌ ഇവിടെ ഉണ്ടാകുന്ന ദുരന്തം. ഈ ഒരു തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ ഇരുപതുവര്‍ഷത്തോളം കല്ലാര്‍കുടിയില്‍ ചെളി കെട്ടിക്കിടക്കില്ലായിരുന്നു. പ്രകൃതിയെ നാം നമ്മുടെ വഴിക്ക്‌ നയിക്കുമ്പോള്‍, ചില ഉത്തരവാദിത്വങ്ങള്‍ നമ്മുടെ ചുമലില്‍ സ്വയമേവ ഉണ്ടാകുന്നു എന്ന്‌ നാം മനസ്സിലാക്കണം. ഈ മനസ്സിലാക്കലിന്റെ അഭാവമാണ്‌ ആഗോളതാപനം മുതല്‍ പെരിയാറിന്റെ ചുവന്നനിറം വരെ കൊണ്ടെത്തിക്കുന്നത്‌.ഓരോ അണക്കെട്ടും ഓരോ നദിയുടെയും ഹൃദയക്കുഴലുകളിലെ കഠിനതടസങ്ങളാണ്‌. ഒരു ഹൃദയാഘാതത്തിന്റെ വലിയ സാധ്യതകള്‍ അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്‌. പതിറ്റാണ്ടുകളോളം അണക്കെട്ടില്‍ ഒഴുകിയെത്തി ഉറഞ്ഞുകൂടിയ ചെളി ഒരു നിമിഷം കൊണ്ട്‌ തുറന്നുവിട്ടത്‌ പെരിയാറിനേറ്റ ഹൃദയാഘാതം തന്നെ. ഈ ഹൃദയാഘാതം നമുക്ക്‌ ഒഴിവാക്കാമായിരുന്നു, കാലാകാലങ്ങളില്‍ ഈ ഡാമിലെത്തിയ ചെളി ചെറിയ അളവില്‍ തുറന്നു വിട്ടിരുന്നുവെങ്കില്‍. ഒരു നദിയുടെ കുറുകെ അണ കെട്ടിയതിന്റെ പ്രായശ്ചിത്തമായെങ്കിലും ഇതിനെ കാണാമായിരുന്നു.ദുരന്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പെരിയാറിലെ ജൈവസമ്പത്ത്‌ നശിച്ചു തുടങ്ങി. ചെമ്മീനുകളും മീനുകളും കൃത്യമായി പ്രാണവായു ലഭിക്കാതെ ചത്തുപൊന്തി തുടങ്ങി. പെരിയാറിന്റെ സകലയിടങ്ങളിലേയ്ക്കും ഒഴുകിയെത്തിയ ചെളി ഈ നദിയുടെ ജൈവഘടനയെ മാറ്റിമറിയ്ക്കുമെന്ന്‌ ഉറപ്പ്‌. പുതിയ തരം സൂക്ഷ്‌മ ജീവികളുടെ വളര്‍ച്ചയെ ഇത്‌ ത്വരിതപ്പെടുത്തുകയും തികച്ചും അന്യമായ ഒരു ജൈവ വ്യവസ്ഥ ഉടലെടുക്കുകയും ചെയ്യും. ഇത്‌ കഴുകിക്കളയാന്‍ കാലമെത്രയെടുക്കുമെന്നറിയില്ല. ഒരുപക്ഷേ പേരില്‍ മാത്രം പെരിയാറെന്ന ഓര്‍മ്മ നിലനിര്‍ത്തി നമുക്കറിയാത്ത മറ്റേതോ നദിയായിത്‌ മാറിയേക്കാം.മഴയൊക്കെ മാറി നദി വരണ്ടു തുടങ്ങിയ ഇക്കാലത്ത്‌ എന്തിനാണ്‌ കല്ലാര്‍കുട്ടി തുറന്ന്‌ ചെളിയൊക്കെ പെരിയാറിലേക്ക്‌ ഒഴുക്കിയത്‌ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്‌. ഈ നദിയിലേക്ക്‌ രാസമാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന വന്‍ വ്യവസായശാലകളോട്‌ ശക്തമായ ചെറുത്തുനില്‍പ്‌ നടത്തിവരികയാണ്‌ പെരിയാറിന്‍ തീരത്തെ ജനങ്ങള്‍. പലപ്പോഴും പെരിയാര്‍ കറുത്തും വെളുത്തും ചുവന്നും ഒഴുകിയിരുന്നു. ജനത്തിന്റെ കടുത്ത എതിര്‍പ്പുമൂലം പല വ്യവസായശാലകളുടെയും ഈ എളുപ്പ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ തടസം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ്‌ കല്ലാര്‍കുട്ടിയിലെ ചെളി പെരിയാറിനെ ചുവപ്പിച്ചത്‌. ഇത്‌ വ്യവസായ ശാലകള്‍ ഒരു സൗകര്യമായെടുത്തോ അതോ ഇത്തരമൊരു സൗകര്യമുണ്ടാക്കാനാണോ ഡാം തുറന്നുവിട്ടത്‌ എന്നതും അവ്യക്തം. അത്‌ ഇരുട്ടില്‍ കറുത്തപ്പൂച്ചയെ പിടിക്കാന്‍ പോകുന്നതുപോലെയാണ്‌. എങ്കിലും ഇരുട്ടില്‍ പൂച്ചയുടെ കണ്ണുകള്‍ തിളങ്ങും. അങ്ങിനെ ഒരു പൂച്ചയുണ്ടെങ്കില്‍, മനസുവെച്ചാല്‍ ആ പൂച്ചയെ നമുക്ക്‌ പിടിക്കാന്‍ പറ്റും.പെരിയാറിന്റെ കഥ ഓരോ നദിക്കും പാഠമാണ്‌. അല്‍പമായെങ്കിലും ഒഴുകുന്ന നദിയില്‍പോലും വന്‍ അണക്കെട്ടുകള്‍ തീര്‍ക്കുവാന്‍ വെമ്പുമ്പോള്‍ നാം ഓര്‍ക്കേണ്ടത്‌ ഇതു മാത്രം -കുറച്ചെങ്കിലും ഉത്തരവാദിത്വം പ്രകൃതിയോടും കാണിക്കണം.
സുവിരാജ്‌ പടിയത്ത്‌
ഇമെയില്‍ - suviraj@puzha.com

3 comments:

നിര്‍മ്മല said...

പുഴയില്‍ ആദ്യം വായിച്ചപ്പ്പോഴേ ചങ്കില്‍കൊണ്ടു ഈ ലേഖനം. അല്ലെങ്കിലു പെരിയാറ്‌ നെഞ്ചിലുള്ളതുകൊണ്ട്‌ അതിനെപ്പറ്റി എന്തുകേട്ടാലും നേരെ അങ്ങോട്ടണു പോകുന്നത്‌.
സുവിരാജിന്റെ ഭാഷ ശക്തവും സുന്ദരവുമാണ്‌. അഭിനന്ദനങ്ങള്‍!
-നിര്‍മ്മല, കാനഡ

Anonymous said...

സുവി,
ഈ മഹാനദിയുടെ ദുസ്ഥിതിയെക്കുറിച്ച് എഴുതിയതിന്ന് വളരെ നന്ദി. ഞങ്ങളുടെയെല്ലാം ഉള്ളില്‍കൊണ്ടുനടക്കുന്നത് അതിന്റെ പഴയകാലത്തെ സുന്ദരരൂപമാണ്; അതില്‍ കളിച്ചുവളര്‍ന്ന ഓര്‍മകളാണ്. അത് വിരൂപമാക്കുന്നവര്‍ക്കെതിരെയുള്ള പുഴ.കോമിന്റെ പ്രതിരോധം ആ നദിയുടെ നാമം പേറുന്ന നിങ്ങളുടെ സം‌രഭത്തിന്റെ മുഖമുദ്രയാകട്ടെ

paarppidam said...

ഇതുപോലുള്ള ലേഖനങ്ങള്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ നാട്ടുകാരുടെ പ്രതിഷേധം ഇതിലൊതുങ്ങുന്നു നദികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഉള്ള ചിന്തകള്‍. അധികാരികളുടെ ഭാഗത്തുനിന്നും എന്തെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ല. നദികള്‍ മണല്‍മാഫിയാകള്‍ കയ്യടക്കിയിരിക്കുന്നു. പെരിയാറും പമ്പയുമടക്കമുള്ള പലനദികളും മലിനീകരണത്തിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. അധികാരികള്‍ക്കിതില്‍ കുറ്റകരമായ മൗനമാണിനിയും. എന്ന് നമ്മുടെ നാട്‌ നന്നാകും എന്ന് ചിന്ത ഓരോ സാധാരണക്കാരനെയും അസ്വസ്ഥനാക്കുന്നു.

താങ്കളുടെ ലേഖനം നന്നായിരിക്കുന്നു..