Saturday, January 27, 2007

പുഴ.കോമിനു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും..............

പുഴ.കോമില്‍ ഈയാഴ്ച
പ്രസിദ്ധീകരിച്ച റീനി, മമ്പലം എഴുതിയ "ഗൃഹലക്ഷ്മി" എന്ന കഥ വായിച്ചു.

അമേരിക്കന്‍ മലയാളിയുടെ മുന്‍പില്‍ വരുന്ന സാംസ്കാരിക പ്രശ്നങ്ങളില്‍ ഒരു
പ്രശ്നത്തെ റീനി ശരിയായി അവതരിപ്പിച്ചു എന്നു തോന്നുന്നു. അതുപോലെ,"മിഷിഗന്‍
തടാകത്തിലെ കാറ്റ്‌
" എന്ന കെ.എം.റോയ്‌ എഴുതിയ ലേഖനം ശരിയായ അനുഭവത്തിന്റെ നേരായ
എഴുത്തായി തോന്നി.

പ്രവാസി മലയാളികളെയും അവരുടെ സാംസ്കാരിക -
നൊസ്റ്റാല്‍ജിക്ക്‌ പ്രശ്നങ്ങളേയും പുഴ.കോം ശ്രദ്ധിക്കുന്നു എന്നതില്‍
സന്തോഷം.

------------------------------------------------------------------------------------------------
ബ്ലോഗ്‌ വായനക്കാര്‍ക്കു വേണ്ടി മുകളില്‍ പറഞ്ഞ "മിഷിഗന്‍
തടാകത്തിലെ കാറ്റ്‌
"എന്ന ലേഖനം
ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.

- പുഴ.കോം
എഡിറ്റര്‍

------------------------------------------------------------------------------------------------
ലേഖനം
------------------------------------------------------------------------------------------------
മിഷിഗന്‍
തടാകത്തിലെ കാറ്റ്‌
കെ.എം.റോയ്‌

"ഈ തീരത്തുവന്ന്‌ വെറുതെയിരിക്കുമ്പോള്‍
ഞാന്‍ തളര്‍ന്നുപോകാറുണ്ട്‌. ഈ മിഷിഗന്‍ തടാകത്തെ തഴുകിവരുന്ന കാറ്റിന്‌ രൂക്ഷമായ
ഗന്ധമാണെനിക്കനുഭവപ്പെടുന്നതും. ഒരു തരം മനം മടുപ്പിക്കുന്ന മണം. പക്ഷെ നാട്ടില്‍
അച്ചന്‍കോവില്‍ ആറ്റിന്റെ കരയിലിരിക്കുമ്പോള്‍ പുഴ കടന്നുവരുന്ന കാറ്റിന്‌
തുളസിക്കതിരിന്റെ നൈര്‍മല്യവും മനഃശാന്തിയുടെ സ്നിഗ്‌ധതയുമാണെനിക്ക്‌
അനുഭവപ്പെട്ടിട്ടുളളത്‌."

ഷിക്കാഗോ നഗരത്തെ ഉരുമികിടക്കുന്ന കൂറ്റന്‍
മിഷിഗന്‍ തടാകത്തിന്റെ കരയിലിരുന്ന്‌ ഫിലിപ്പും ഇതു പറയുമ്പോള്‍ ആ മുഖത്തും ഏതോ
വിഷാദത്തിന്റെ നിഴല്‍പ്പാടുകള്‍ എനിക്കു കാണാമായിരുന്നു. ഞാന്‍
ഷിക്കാഗോയിലെത്തുമ്പോഴൊക്കെ കാണാറുളള, ഏറെ മണിക്കൂറുകള്‍ പരസ്പരം ചിലവഴിക്കാറുളള,
എന്റെ ദീര്‍ഘകാല സുഹൃത്താണ്‌ ഫിലിപ്പ്‌. ലേശംപോലും നിരാശയ്ക്കു കാരണമില്ലാതിരുന്ന
മനുഷ്യനായാണ്‌ ഞാന്‍ അയാളെ കണ്ടിരുന്നതും. മുപ്പത്തിയഞ്ചുവര്‍ഷത്തിലധികമായി
ഷിക്കാഗോയില്‍ താമസിക്കുന്നു. ദീര്‍ഘകാലത്തെ സര്‍വീസിനുശേഷം റിട്ടയര്‍ ചെയ്‌ത
നേഴ്‌സായ ഭാര്യ ദീനാമ്മയും കൂടെയുണ്ട്‌. നഗരത്തില്‍ വിദേശ പ്രാന്തത്തിലല്ലാതെ
സൗകര്യപ്രദമായ ഒരു വലിയ വീട്‌. മകനും മകള്‍ക്കും നഗരത്തില്‍ തന്നെ ഉദ്യോഗമുണ്ട്‌.
അവരുടെ കുട്ടികളും കുടുംബവും.

ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ജോലിയില്‍
നിന്നു പിരിഞ്ഞ പെന്‍ഷന്‍ ആനുകൂല്യങ്ങളുളള ഫിലിപ്പിന്‌ എന്താണ്‌ നിരാശയെന്നു
എനിക്കു മനസിലായില്ല. ഗൃഹാതുരത്വമാണോ അതിനു കാരണം?അമേരിക്കയില്‍
മൂന്നരപ്പതിറ്റാണ്ടുകാലത്തെ താമസത്തിനു ശേഷവും വിട്ടുമാറാതെ ഗൃഹാതുരത്വമോ?
മേറ്റ്ന്താണ്‌ കാരണമെന്ന്‌ എനിക്കറിയില്ലായിരുന്നു. വളരെ സന്തുഷ്ടമായ കുടുംബമാണ്‌
ഫിലിപ്പിന്റേതെന്ന്‌ എനിക്കറിയാമായിരുന്നു. സ്നേഹമയിയായ ഭാര്യ കുടുംബം
കെട്ടിപ്പടുക്കുന്നതില്‍ ഫിലിപ്പിനെപ്പോലെ ത്യാഗനിരതമായ ജീവിതം നയിച്ച കുടുംബിനി.
അതു പോലെ രണ്ടു നല്ല മക്കളും.അമേരിക്കന്‍ ജീവിത ശൈലികളൊന്നും; അവിടെ ജനിച്ചു
വളര്‍ന്ന കുട്ടികളായിരുന്നിട്ടും; അവരുടെ ജീവിതത്തിലേക്കു കടന്നുവന്നിരുന്നില്ല.
മാതാപിതാക്കളെ അനുസരണയോടെ പിന്‍തുടര്‍ന്ന മക്കള്‍. പഠിത്തക്കാര്യത്തിലും
മിടുക്കരായിരുന്നതു കൊണ്ടും അതു കഴിഞ്ഞപ്പോള്‍ നല്ല നല്ല ജോലികളും കിട്ടി.
അതെല്ലാമുണ്ടായിട്ടും ഫിലിപ്പ്‌ എന്തിനു അസ്വസ്ഥമായ ഒരു മനസും പേറി ജീവിക്കുന്നു?
ഞാന്‍ ഓരോന്നു ആലോചിക്കുകയായിരുന്നു.

"വാസ്‌തവത്തില്‍ ജീവിക്കാന്‍ മറന്നുപോയ
ഒരു മനുഷ്യനാണ്‌ ഞാന്‍. അല്ലെങ്കില്‍ ഞങ്ങള്‍. ഞാനും ദീനാമ്മയും. ഇനി ഈ ജീവിതം
അങ്ങിനെ അവസാനിക്കും."

ഫിലിപ്പ്‌ അതു പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതസ്തബ്ദനായി.
എന്താണ്‌ അയാള്‍ക്ക്‌ സംഭവിച്ച തകരാറ്‌? മിഷിഗന്‍ തടാകം വീശുന്ന കാറ്റേറ്റ്‌
ഫിലിപ്പിനഭിമുഖമായിയിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു.

"അച്ചന്‍കോവിലാറിന്റെ
തീരത്തെ എന്റെ പഴയ വീടും അതിനരികിലുളള മാവിന്‍ തോപ്പുകള്‍ അവയ്ക്കു താഴെയുളള
കരിമ്പിന്‍പാടങ്ങള്‍ അതിനപ്പുറത്തെ പഴയ കാവും പഴയ പളളിയും. എന്റെ മനസില്‍ എന്നും
നിറഞ്ഞു നിന്നിരുന്നതും അതൊക്കെയായിരുന്നു."

ഇതു പറഞ്ഞു നിര്‍ത്തി
നെടുവീര്‍പ്പിട്ടശേഷം ഫിലിപ്പ്‌ തുടര്‍ന്നുഃ "ഒരു നാള്‍ അവിടെ മടങ്ങിയെത്തണം.
അതിന്റെ തീരത്തും നല്ല വീടു പണിയണം. ശാന്തമായി കുറെയധികംനാള്‍ ആ വീട്ടില്‍
താമസിക്കണം. അപ്പോഴേ ഹൃദയത്തിന്‌ യഥാര്‍ത്ഥ കുളിര്‍മയുണ്ടാകൂ. ഒടുവില്‍ ആ
സിമിത്തേരിയില്‍ കിടന്ന്‌ ആ മണ്ണില്‍ അലിഞ്ഞുചേരണം. പക്ഷെ ആ എല്ലാമോഹങ്ങളുടേയും
പട്ടടയായി ഈ ഷിക്കാഗോ പട്ടണം മാറുകയാണ്‌.

"എന്താണ്‌ ഫിലിപ്പ്‌ പറഞ്ഞു
വരുന്നത്‌"? ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു. "അമ്പത്തിയഞ്ചോ അമ്പത്തിയെട്ടോ വയസുവരെ
ഞാനും ദീനാമ്മയും ജോലി ചെയ്‌തു കഴിയുമ്പോള്‍ ഇവിടെ വിസ്‌തൃതമായ വളപ്പില്‍ വലിയ വീടു
പണിയാന്‍ വാങ്ങിയ വലിയ വായ്‌പകള്‍ മുഴുവന്‍ അടച്ചു തീര്‍ക്കാം. അതേപോലെ മക്കളുടെ
വിദ്യാഭ്യാസച്ചിലവുകള്‍ക്കായും മറ്റും വാങ്ങിയ വായ്‌പകളും. അതിനുവേണ്ടി സഹിച്ച
കഷ്ടപ്പാടുകള്‍, രാവും പകലും നൈറ്റ്‌ ഡ്യൂട്ടിയും ഓവര്‍ടൈമുമൊക്കെയായി ഞാനും
ദീനാമ്മയും കന്നുകളെപ്പോലെ ജോലി ചെയ്യുകയായിരുന്നു. പലപ്പോഴും റിലേ ഓട്ടക്കാര്‍
കൈമാറുന്ന വടിപോലെയാണ്‌ ഒരാള്‍ ഡബിള്‍ ഡ്യൂട്ടി കഴിഞ്ഞുവരുമ്പോഴും മറ്റൊരാള്‍
നൈറ്റ്‌ ഡ്യൂട്ടിക്കു പോകുമ്പോഴും കുഞ്ഞുങ്ങളെ കൈമാറിയിരുന്നത്‌. പരസ്പരം
ചിലവഴിക്കാന്‍ കഴിയുന്ന പകലുകള്‍, രാത്രികള്‍ ജീവിതത്തില്‍ എത്രയോ എത്രയോ
വിരളമായിരുന്നു. ഹോളിഡേ റിസോര്‍ട്ടുകളിലേക്കുളള യാത്രയോ പിക്‌നിക്കുകളോ കാര്യമായ
എന്റര്‍ടെയിന്‍മെന്റുകളോ ഇല്ലാതെ നടത്തിയ ഒരു യാന്ത്രിക ജീവിതം. നാട്ടിലേക്കുളള
യാത്ര തന്നെ എത്രയോ വിരളമായിരുന്നു. എല്ലാം ചിലവുകളല്ലേ? അങ്ങിനെ വന്നാല്‍ വാങ്ങിയ
വായ്‌പകള്‍ അടച്ചുതീര്‍ക്കാനാവില്ല. വേനല്‍ക്കാലത്തും നേര്‍ത്തുപോകുന്നതു പോലെ
അച്ചന്‍കോവിലാറും എന്റെ സ്വപ്നങ്ങളിലും നേര്‍ത്ത്‌
നേര്‍ത്തില്ലാതായിക്കഴിഞ്ഞിരുന്നു."

എല്ലാം കേട്ട്‌ ഞാന്‍ മൂളുകമാത്രം
ചെയ്തു.

"റിട്ടയര്‍ ചെയ്യുമ്പോള്‍ വീടിന്റെ ബാദ്ധ്യതകളെല്ലാം തീരും.....
അപ്പോള്‍ വീട്‌ കുറഞ്ഞതു മൂന്നുകോടി രൂപയ്ക്കു വില്‍ക്കാം. അതുമായി നാട്ടിലേക്കു
പോയാല്‍ സുഖമായി മരണം വരെ അവിടെ ജീവിക്കാം. വലിയ സാമ്പത്തികശേഷിയില്ലാത്ത ചില
ബന്ധുക്കളെ സഹായിക്കാം. പിന്നെ പഴയ ചങ്ങാതികള്‍ക്കും ചില സഹായങ്ങളെല്ലാം ചെയ്യാം.
എന്തു സന്തോഷകരമായ ജീവിതമായിരിക്കും നാട്ടില്‍. അതൊക്കെയായിരുന്നു മനക്കോട്ടകള്‍,
മനസിലെ കണക്കുകള്‍"

"പക്ഷെ എല്ലാം ഇപ്പോള്‍ തെറ്റിയിരിക്കുന്നു. ഇപ്പോള്‍
മക്കള്‍ക്ക്‌ ഇവിടെ കുടുംബമായി, മക്കളേയും പേരക്കുട്ടികളേയും പിരിഞ്ഞു ജീവിക്കാന്‍
ഇപ്പോള്‍ ദീനാമ്മയ്ക്കു കഴിയില്ലെന്നായിരിക്കുന്നു. എനിക്കും സ്ഥിതി വ്യത്യസ്തമല്ല.
അതുകൊണ്ട്‌ ഇനി ഇവിടെ ജീവിതം അവസാനിക്കും. ചുരുക്കത്തില്‍ എന്റെ ജീവിതത്തിന്റെ
ആകത്തുക കഠിനാദ്ധ്വാനവും കഷ്ടപാടും ക്ലേശങ്ങളും മാത്രമാണ്‌. വലിയ വായ്‌പകളുടെ
ചരടുകളില്‍ കുടുങ്ങിക്കിടന്നുളള ഒരു തരം അഭ്യാസം. അതിനിടയില്‍ ജീവിക്കാന്‍ കഴിയാതെ
പോയി. ഇപ്പോള്‍ ദുഃഖം തോന്നുന്നു. എന്തിന്‌ ഇത്ര വലിയ വായ്‌പ വാങ്ങി ഇങ്ങനെ വലിയ
വീടുണ്ടാക്കണമായിരുന്നു? ദുരഭിമാനം കൊണ്ടു മാത്രമായിരുന്നു. സഹപ്രവര്‍ത്തകരായ പലേ
അമേരിക്കക്കാരും ജീവിച്ചിരുന്നതുപോലെ ഒരു അപ്പാര്‍ട്ടുമെന്റ്‌ വാങ്ങി അതില്‍
താമസിച്ചാല്‍ മതിയായിരുന്നു. അപ്പോള്‍ അവരെപ്പോലെ ഉല്ലാസത്തേടെയും വിശ്രമത്തോടെയും
ജീവിതം ആസ്വദിക്കാമായിരുന്നു. പിന്നെ കൂടെക്കൂടെ നാട്ടില്‍പ്പോയി
അച്ചന്‍കോവിലാറിന്റെ കരയില്‍ ചങ്ങാതികളുമായി കുറേ ദിവസങ്ങള്‍ ആസ്വദിക്കാമായിരുന്നു.
തെറ്റിപ്പോയ ജീവിതം ഇനി തിരുത്താനാവുകയില്ലല്ലോ?"

മനസില്‍ ഏറേ മൃതമോഹങ്ങള്‍
പേറിക്കൊണ്ട്‌ ഫിലിപ്പ്‌ ഇതു പറയുമ്പോള്‍ മിഷിഗന്‍ തടാകത്തില്‍ നിന്ന്‌
കാറ്റുവീശിക്കൊണ്ടിരുന്നു. ആ കാറ്റിനോടു എനിക്കത്ര മടുപ്പു തോന്നിയില്ല. പക്ഷേ
ഫിലിപ്പിനു വല്ലാത്ത മടുപ്പു തോന്നിക്കുന്ന രൂക്ഷഗന്ധം കാറ്റിനുണ്ടായിരിന്നെന്ന്‌
എനിക്കു തോന്നാതിരുന്നില്ല.

കെ.എം.റോയ്‌

അനന്യ, കെ.പി.വള്ളോന്‍
റോഡ്‌, കടവന്ത്ര,
കൊച്ചി-20.
----------------------------------------------------

1 comment:

തൊമ്മന്‍ said...

പുഴയില്‍ എന്നും വരുന്ന രസകരമായ “വാര്‍ത്തകളും വിശേഷങ്ങളും“ ബ്ലോഗായി ഇട്ടാല്‍ ‍ നന്നായിരിക്കും.