പ്രസന്നകുമാര്‍ ന്യൂഡല്‍ഹി
മനഃസ്ഥിതിയെ സമ്പന്നമാക്കുന്ന സത്യം, ധര്‍മ്മം, നീതി, ദയ, സ്‌നേഹം, സഹകരണം തുടങ്ങിയ മൂല്യങ്ങള്‍ മുഖ്യമായും സംഭാവന ചെയ്‌തിരിക്കുന്നത് മനുഷ്യന്റെ ഈശ്വരനിലുളള വിശ്വാസമാണ്. സര്‍വ്വശക്തിയും സര്‍വ്വവ്യാപിയുമായിട്ടുളള ഈശ്വരചൈതന്യത്തിലാണ് എല്ലാ മതവിഭാഗക്കാരും ദുഃഖവും, സങ്കടവും വരുമ്പോള്‍ രക്ഷക്കായി ആശ്രയിക്കുന്നത്. ഇന്നും ലോകത്തിലെ 86 ശതമാനമാള്‍ക്കാരും ഏതെങ്കിലും തരത്തിലുളള മതവിഭാഗങ്ങളില്‍പെടുന്നവരാണെന്നും ഈശ്വരവിശ്വാസികളാണെന്നും World Watch Institute-ന്റെ 2002ലെ ഒരു പഠനം പറയുന്നു. വിശ്വാസി ഒരു തിന്മ ചെയ്യുന്നുണ്ടെങ്കില്‍കൂടി അത് ഈശ്വരശിക്ഷയെ ഭയന്നുകൊണ്ടായിരിക്കും. മാത്രമല്ല, ഒരു വിശ്വാസിക്ക് പശ്ചാത്താപത്തിലൂടെ തിന്മയില്‍നിന്ന് പിന്മാറാനുമുളള മനസ്സുമുണ്ടാകും. പക്ഷെ ഒരവിശ്വാസിക്ക് ആരെയും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു സങ്കോചവും കൂടാതെ തിന്മ ചെയ്യുവാനാകും. തിന്മ ചെയ്‌താലും ദൈവഭയമില്ലാത്തതിനാല്‍ പശ്ചാത്തപിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ മനംമാറ്റവും അസാധ്യം. ഇതുകൊണ്ടായിരിക്കണം അവിശ്വാസത്തില്‍ കെട്ടിപ്പടുത്ത സോഷ്യലിസ്‌റ്റ് വ്യവസ്ഥിതി കേവലം എഴുപതുവര്‍ഷങ്ങള്‍ കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയത്.
ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ്. ഹിന്ദുകോളേജിലെ സംസ്‌കൃതവിഭാഗം പുറത്തിറക്കിയ പഠന-ഗവേഷണവാര്‍ഷിക പ്രസിദ്ധീകരണമായ "വൈഖരി 2007-08" ല്‍ വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ്. കോളേജിലെ ധനതത്വശാസ്‌ത്രവിഭാഗം അദ്ധ്യാപകന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ എഴുതിയ 'ആധുനികവികസനത്തിന്റെ ആധ്യാത്മികതലങ്ങള്‍' എന്ന ലേഖനത്തിലെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ധനതത്വശാസ്‌ത്രത്തില്‍ ഡോക്‌ട്രേറ്റ് എടുത്ത ഒരു അധ്യാപകന്‍, വികസനത്തിന് ആധ്യാത്മികത ഒരു അത്യാവശ്യഘടകമാണെന്ന് പറയുമ്പോള്‍, മണ്‍മറഞ്ഞ സാമ്പത്തികവിദഗ്‌ദര്‍ ലജ്ജിച്ച് തലതാഴ്‌ത്തുന്നുണ്ടാകാം. ലോകജനസംഖ്യയില്‍ 86 ശതമാനം ആളുകളും ഈശ്വരവിശ്വാസികളാണെന്ന് പറയുമ്പോഴും ബാക്കി വരുന്ന 14 ശതമാനം ആളുകള്‍ മൂലമാണോ ഈ ലോകത്ത് ശാന്തിയും നന്മയും വികസനവും ഉണ്ടാകാത്തത്? 100 ശതമാനം ആളുകളും വിശ്വാസികളായെങ്കില്‍ മാത്രമേ ശാന്തിയും നന്മയും വികസനവും ഉണ്ടാകുകയുളളുവെങ്കില്‍, ശ്രീ. മുരളീവല്ലഭന്‍ വിശ്വസിക്കുന്നതു പോലെ സാക്ഷാല്‍ ദൈവം തമ്പുരാന് ബാക്കിവരുന്ന അവിശ്വാസികളായ 14 ശതമാനം ആളുകളെ തന്റെ അത്ഭുതശക്തിയാല്‍ കൊന്നൊടുക്കി ഈ ലോകത്ത് ശാന്തിയും നന്മയും വികസനവും നടത്താവുന്നതേയുളളൂ. ഈ ലോകത്ത് ശാന്തി ഇല്ലാതാകാനുളള കാരണക്കാര്‍ അവിശ്വാസിയാണോ? അവിശ്വാസിയും വിശ്വാസിയും തമ്മിലാണോ ലോകത്ത് പരസ്‌പരം യുദ്ധം നടത്തുന്നത്? നൂറ്റാണ്ടുകളോളം നടന്ന കുരിശുയുദ്ധത്തില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്‌ത ലക്ഷക്കണക്കിന് ആളുകള്‍ നിരീശ്വരവാദികളായിരുന്നോ? വര്‍ഷങ്ങളോളം തമ്മിലടിച്ച് ഒരേ വംശത്തില്‍പ്പെട്ടവരെ കൊന്നൊടുക്കിയ ഇറാന്‍-ഇറാഖ് ഭരണാധികാരികള്‍ നിരീശ്വരവാദികളായിരുന്നുവോ? ഇന്ത്യയില്‍ ഏകദേശം 1200 കൊല്ലക്കാലം നിലനിന്നിരുന്ന ബുദ്ധ-ജൈനമതക്കാരെ കൊന്നൊടുക്കിയും ഭീക്ഷണിപ്പെടുത്തിയും ഹിന്ദുമതം സ്ഥാപിച്ചവര്‍ നിരീശ്വരവാദികളായിരുന്നുവോ? ഇസ്രായേലിലേയും പാലസ്‌തീനിലേയും തമ്മിലടിക്കുന്ന ജനങ്ങള്‍ നിരീശ്വരവാദികളാണോ? ഇറാക്കിലെ ജനങ്ങളെ കൊന്നൊടുക്കുന്ന അമേരിക്കന്‍ പട്ടാളക്കാരും ഇറാക്കിലെ പരസ്‌പരം തമ്മിലടിക്കുന്ന ഖുര്‍ദിഷുകളും ഷിയാ മുസ്‌ലീങ്ങളും നിരീശ്വരവാദികളാണോ? പാക്കിസ്ഥാനില്‍ തമ്മിലടിക്കുന്ന സുന്നി-ഷിയാ മുസ്‌ലീങ്ങള്‍ നിരീശ്വരവാദികളാണോ? കാശ്‌മീരില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ലക്ഷ്‌കര്‍-ഇ-തോയിബയില്‍പ്പെട്ട തീവ്രവാദികള്‍ നിരീശ്വരവാദികളാണോ? ശ്രീലങ്കയില്‍ തദ്ദേശവാസികളെ ചാവേര്‍ബോംബുപയോഗിച്ച് കൊന്നൊടുക്കുന്ന എല്‍.ടി.ടി.ക്കാര്‍ നിരീശ്വരവാദികളാണോ? ബാബറിമസ്‌ജിദ് തകര്‍ത്ത് ആയിരക്കണക്കിന് മുസ്‌ലീങ്ങളെ കൊന്നാടുക്കിയ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നിരീശ്വരവാദികളാണോ? മാറാട് കൊല്ലപ്പെട്ട ഹിന്ദുക്കളും മുസ്‌ലീങ്ങളും നിരീശ്വരവാദികളായിരുന്നുവോ? വടക്കേന്ത്യയില്‍ ആക്രമിക്കപ്പെടുന്ന ക്രിസ്‌ത്യന്‍ മിഷണറിമാരും അവരെ ആക്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരും നിരീശ്വരവാദികളാണോ? ലോകത്ത് ശാന്തിയും സമാധാനവും ഇല്ലാതാക്കിയിട്ട് അത് നിരീശ്വരവാദികളുടെ തലയില്‍ കെട്ടിവച്ച് സ്വയം ഓടി കളിക്കുകയാണ് ശ്രീ. മുരളീവല്ലഭനെപ്പോലെയുളള 'പണ്ഡിതന്‍മാര്‍'. വികസനത്തിന് വിശ്വാസം ആവശ്യമാണെങ്കില്‍, ദക്ഷിണേന്ത്യയുടെ മുഖഛായമാറ്റാന്‍ കഴിയുന്ന സേതുസമുദ്രം പദ്ധതിയെ തുരങ്കം വച്ചത് ഈശ്വരവിശ്വാസികളായ ബി.ജെ.പിയും ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ആണെന്ന കാര്യം മനസ്സിലാക്കണം.
".... സര്‍വ്വശക്തിയും സര്‍വ്വവ്യാപിയുമായിട്ടുളള ഈശ്വരചൈതന്യത്തിലാണ് എല്ലാ മതവിഭാഗക്കാരും ദുഃഖവും, സങ്കടവും വരുമ്പോള്‍ രക്ഷക്കായി ആശ്രയിക്കുന്നത്" എന്ന് ശ്രീ മുരളീവല്ലഭന്‍ അവകാശപ്പെടുന്നു. ഇതു ഒരുപക്ഷെ ശരിയാണ്. നിരാശ്രയരും നിരാലംബരുമായ ജനങ്ങള്‍ക്ക് മതങ്ങള്‍ ഒരുപരിധിവരെ ആശ്വാസം പകരുന്നുവെന്ന് മാര്‍ക്‌സ് കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരാള്‍ക്ക് ഒരു അപകടം ഉണ്ടുകുമ്പോഴോ അല്ലെങ്കില്‍ അസുഖം ബാധിക്കുമ്പോഴോ എന്തുകൊണ്ട് അയാളെ അടുത്തുളള ഒരു ക്ഷേത്രത്തിലേയ്‌ക്കോ പളളിയിലേക്കോ കൊണ്ടുപോകാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു? ഈ സമയത്ത് എന്തികൊണ്ട് വിശ്വാസികള്‍ ഈശ്വരന്റെ സമീപത്തേക്ക് അയാളെ കൊണ്ടുപോകുന്നില്ല? ഒരുപക്ഷേ ആ രോഗിയെ ചികിത്സിക്കുന്ന ഡോക്‌ടര്‍ അതിവിദഗ്‌ധനാണെങ്കില്‍ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയാണെങ്കില്‍ കൂടി അയാളുടെ അടുത്തേക്കായിരിക്കും കൂടുതല്‍ ആളുകള്‍ ചെല്ലാന്‍ ആഗ്രഹിക്കുന്നത്. വിശ്വാസികളായ ഒട്ടനവധി ആളുകളുടെ കേസുകള്‍ വായിച്ച് ജയിച്ചിട്ടുളള ആളായിരുന്നു യുക്തിവാദി എം.സി. ജോസഫ്. ഇവിടെ കക്ഷികള്‍ക്ക് തന്റെ കേസു വാദിക്കുന്ന വക്കീല്‍ ഈശ്വരവിശ്വാസി ആണോ അല്ലയോ എന്നത് ഒരു പ്രശ്‌നമല്ല. തന്റെ കേസ് ജയിക്കണമെങ്കില്‍ പ്രഗത്ഭനായ വക്കീല്‍ തന്നെ വേണം എന്നുമാത്രമേ കക്ഷികള്‍ നോക്കാറുളളൂ. ശ്രീ. മുരളീവല്ലഭന്‍ പറയുന്നതുപോലെ വിശ്വാസിയാണെന്ന ധൈര്യത്തില്‍ ഡോക്‌ടറേയും വക്കീലിനെയും ഒന്നും കാണാതെ വെറുതെ വീട്ടില്‍ ഭജനയും ജപിച്ചിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ഊഹിക്കാവുന്നതേയുളളൂ.
ശ്രീ. മുരളീവല്ലഭന്‍ ഇങ്ങനെ തുടരുന്നു...."വിശ്വാസി ഒരു തിന്മ ചെയ്യുന്നുണ്ടെങ്കില്‍കൂടി അത് ഈശ്വരശിക്ഷയെ ഭയന്നുകൊണ്ടായിരിക്കും. മാത്രമല്ല, ഒരു വിശ്വാസിക്ക് പശ്ചാത്തപത്തിലൂടെ തിന്മയില്‍നിന്ന് പിന്മാറാനുളള മനസ്സുമുണ്ടാകും. പക്ഷെ ഒരവിശ്വാസിക്ക് ആരെയും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു സങ്കോചവും കൂടാതെ തിന്മ ചെയ്യുവാനാകും. തിന്മ ചെയ്‌താലും ദൈവഭയമില്ലാത്തതിനാല്‍ പശ്ചാത്തപിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ മനംമാറ്റവും അസാധ്യം". ഇവിടെ മുരളീവല്ലഭന്‍ ഒരു കാര്യം തുറന്നു സമ്മതിക്കുന്നു; വിശ്വാസി ഒരു തിന്മ ചെയ്യുന്നെങ്കില്‍ അത് ദൈവശിക്ഷയെ ഭയന്നുകൊണ്ടായിരിക്കും എന്ന്. അതായത് ദൈവശിക്ഷയെ ഭയന്നുകൊണ്ട് ഒരു വിശ്വാസിക്ക് എന്തു ക്രൂരതയും ചെയ്യാം. പിന്നീട് പശ്ചാത്തപിച്ചാല്‍ മതിയല്ലോ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്വന്തം പിതാവിനെ തല്ലിയാലും പിന്നീട് 'സോറി' എന്നുപറഞ്ഞ് പശ്ചാത്തപിച്ചാല്‍ താന്‍ ചെയ്‌തത് തെറ്റല്ലാതാകും. ഇവിടെയാണ് ഒരു ആസ്‌തികനും ഒരു നാസ്‌തികനും തമ്മിലുളള വ്യത്യാസം കാണാന്‍ കഴിയുന്നത്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഗംഗയില്‍ മുങ്ങുക, മുസ്‌ലീങ്ങളെ സംബന്ധിച്ചിടത്തോളം ഉംറ ചെയ്യുക, ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം കുമ്പസാരിക്കുക തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്‌താല്‍ പാപമോചിതരാകാം. എന്നാല്‍ ഒരു നാസ്‌തികനെ സംബന്ധിച്ചിടത്തോളം ഇത്തരം പാപമോചനങ്ങള്‍ ഇല്ലാ എന്നതിരിച്ചറിവ് അവനെ എന്തെങ്കിലും വിധത്തിലുളള തിന്മ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. കാര്യങ്ങളെ യുക്തിസഹചമായി കാണാനുളള കഴിവാണ് ഒരാളെ യുക്തിവാദിയോ നിരീശ്വരവാദിയോ ആക്കുന്നത്. ഈ പ്രപഞ്ചവും മനുഷ്യനും ജീവജാലങ്ങളും എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വിശ്വാസിയായ ഒരാള്‍ അത് ദൈവസൃഷ്‌ടിയാണെന്ന് മറുപടി പറയും. എന്നാല്‍ ആ മറുപടിയില്‍ സംശയം പ്രകടിപ്പിച്ച് ഉല്‌പത്തിയുടെ ഉളളറയിലേയ്‌ക്ക് പ്രവേശിക്കുന്ന ഒരുവന് തന്റെ അന്വേഷണ പരമ്പരയില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിവരും. അതിന് അയാള്‍ക്ക് ശാസ്‌ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ ആധാരമാക്കേണ്ടതായും വരും. അന്വേഷണത്തിന്റെ അവസാനം ഈ പ്രപഞ്ചത്തിന്റെ ഉല്‌പത്തിയില്‍ ദൈവത്തിന് യാതൊരു പങ്കുമില്ലെന്നും ഭൂമിയിലെ മനുഷ്യനും മൃഗങ്ങളും പക്ഷികളും വൃക്ഷലതാതികളും ദൈവത്തിന്റെ സൃഷ്‌ടിയല്ലെന്നും അവന്‍ മനസ്സിലാക്കുമ്പോള്‍ അയാള്‍ തികച്ചും ഒരു നിരീശ്വരവാദിയായി മാറിയിരിക്കും. ഏകകോശജീവിയായ അമീബയും ബഹുകോശജീവിയായ ആനയും ചിന്താശക്തിയുളള മനുഷ്യനും ഉണ്ടാകാനുണ്ടായ സാഹചര്യങ്ങള്‍ ഒന്നാണെന്നും ഇവയ്‌ക്കെല്ലാം ഈ ഭൂമിയില്‍ ജീവിക്കാനുളള അവകാശവും ഒരുപോലെയാണെന്നുമുളള തിരിച്ചറിവ് ഒരു യുക്തിവാദിയെ ഒരു അഹിംസാവാദിയാക്കിമാറ്റിയിരിക്കും. അതുകൊണ്ട് തന്നെ അയാള്‍ ഒരു ജീവിയെയും കൊല്ലാന്‍ തയ്യാറാകില്ല. (നിരീശ്വരത്വത്തില്‍ നിന്നും ഉടലെടുത്ത സാംഖ്യം, വൈഷ്‌ണം, പൂര്‍വ്വ മീമാംസ, ലോകാതയം, ബുദ്ധ-ജൈന മതങ്ങളെല്ലാം അഹിംസയ്‌ക്കാണ് മുഖ്യസ്ഥാനം നല്‍കിയതെന്നോര്‍ക്കണം). തന്മൂലം കൊലക്കേസില്‍ പ്രതികളായ ഏതെങ്കിലും നിരീശ്വരവാദിയെ ഒരു ജയിലിലും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രായശ്ചിത്തം പാപമോചനമാകുമെന്ന തിരിച്ചറിവ് അവനെ കൊലപാതകങ്ങളില്‍ വരെ കൊണ്ടെത്തിക്കുന്നു. പക്ഷെ പ്രായശ്ചിത്തം ചെയ്‌താലും താന്‍ മൂലം കൊല്ലപ്പെട്ട ഒരുവന് പുനര്‍ജീവന്‍ നല്‍കാന്‍ തന്റെ ഈശ്വരന് കഴിയില്ലെന്ന സത്യം കൂടി വിശ്വാസി മനസ്സിലാക്കിയാല്‍ നന്ന്. നമ്മുടെ ജയിലുകളില്‍ കഴിയുന്ന കൊലയാളികളും പിടിച്ചുപറിക്കാരും കരിഞ്ചന്തക്കാരും പൂഴ്‌ത്തിവയ്‌പ്പുകാരും നിരീശ്വരവാദികളാണെന്ന് ശ്രീ. മുരളീവല്ലഭനു പറയാന്‍ കഴിയുമോ?
ഇനി എങ്ങനെയാണ് ഒരാള്‍ ഈശ്വരവിശ്വാസിയാകുന്നതെന്ന് നോക്കാം. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠിച്ചോ ശാസ്‌ത്രത്തിന്റെ ഏതെങ്കിലും തെളിയിക്കലിലൂടെയോ അല്ല ഒരാള്‍ വിശ്വാസിയാകുന്നത്. ഈശ്വരവിശ്വാസികളായ കുടുംബങ്ങളില്‍ ജനിക്കുന്ന ഒരു കുട്ടി, അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന്‍ മാതൃകയാക്കുന്നത് വിശ്വാസികളായ അവന്റെ മാതാപിതാക്കളുടെ പ്രവര്‍ത്തികളാണ്. അതായത് ഒരു വിശ്വാസിയാകണമെങ്കില്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണമെന്നുപോലുമില്ല. എന്നാല്‍ ഈ രീതയില്‍ വിശ്വാസിയായി വളര്‍ന്നു വരുന്ന ഒരാള്‍ ഈ പ്രപഞ്ചത്തിലെ ഓരോ ജൈ-അജൈവവസ്‌തുക്കളും എന്താണെന്ന് മനസ്സിലാക്കുന്നുവെങ്കില്‍, അവന്റെ അന്വേഷണത്വര അവനെ ക്രമേണ പ്രപഞ്ചത്തിന്റെ ഉല്‌പത്തിവരെ കൊണ്ടുചെന്ന് നിര്‍ത്തുന്നു. അപ്പോള്‍ മാത്രമേ അവന് തന്റെ സൃഷ്‌ടിയിലും ഈ ചരാചരങ്ങളുടെ സൃഷ്‌ടിയിലും ദൈവത്തിന് പങ്കില്ലെന്ന് മനസ്സിലാക്കാന്‍ കഴിയുകയുളളൂ. അതിന് അവന് നിരവധി ശാസ്‌ത്രസത്യങ്ങളെ തന്നെ മനഃപാഠമാക്കേണ്ടതായിവരും. ആര്‍ഷഭാരതസംസ്‌കാരത്തില്‍ അഭിമാനം കൊളളുന്നവര്‍ ഒരു കാര്യം അറിഞ്ഞിരിക്കണം; ഭാരതത്തിലെ നവദര്‍ശനങ്ങളില്‍ ആറെണ്ണം നാസ്‌തികമായിരുന്നു. ആ കാലഘട്ടത്തിലെ ഭാരതം അറിവിന്റെ നിറകുടമായിരുന്നു. അതുകൊണ്ടാണല്ലോ അലക്‌സാണ്ടര്‍ ഇന്ത്യയെ ആക്രമിക്കാനായി തിരിച്ചപ്പോള്‍ തന്റെ ഗുരുവായ അരിസ്‌റ്റോട്ടിലോട് ചോദിച്ചത്; ഭാരതത്തില്‍ നിന്നും എന്താണ് അങ്ങയ്‌ക്കായി കൊണ്ടുവരേണ്ടതെന്ന്. അതിനു മറുപടിയായി അരിസ്‌റ്റോട്ടില്‍ പറഞ്ഞത് ഭാരതത്തിലെ വൈജ്ഞാനികഗ്രന്ഥങ്ങള്‍ കൊണ്ടുകൊടുക്കണം എന്നാണ്.
ഡോ. മുരളീവല്ലഭന്റെ ലേഖനത്തിലേയ്‌ക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചാല്‍ അദ്ദേഹം ഇങ്ങനെ തുടരുന്നു...."ഇതുകൊണ്ടായിരിക്കണം അവിശ്വാസത്തില്‍ കെട്ടിപ്പടുത്ത സോഷ്യലിസ്‌റ്റ് വ്യവസ്ഥിതി കേവലം എഴുപതുവര്‍ഷങ്ങള്‍ കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയത്". സോവിയറ്റ് റഷ്യയിലെ മാറ്റങ്ങള്‍ക്കു കാരണം അവിശ്വാസമാണെന്ന് ശ്രീ. മുരളീവല്ലഭന്റെ കണ്ടെത്തല്‍ പുതിയൊരു വഴിത്തിരിവിലാണെത്തി നില്‍ക്കുന്നത്. സോവിയറ്റ് യൂണിയന്റെ അധഃപതനത്തിലേക്ക് വഴിതെളിച്ച ഭരണാധികാരിയായിരുന്ന മിഖേയല്‍ ഗോര്‍ബച്ചേവ് ഒരു ക്രിസ്‌തുമതവിശ്വാസിയായിരുന്നുവെന്ന് ഈ അടുത്ത കാലത്ത് വെളിപ്പെടുത്തുകയുണ്ടായി. അതായത് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയ്‌ക്കു കാരണം അവിശ്വാസികളല്ല, വിശ്വാസിയായ ഗോര്‍ബച്ചേവായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നാണല്ലോ മൂന്നാംലോകരാജ്യങ്ങളെ ഒന്നൊന്നായി അടിച്ചമര്‍ത്തുവാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം തയ്യാറായിരിക്കുന്നത്. ഇന്ന് സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇറാഖിലെ സദ്ദാംഹുസൈന് ഇങ്ങനെയൊരു ദുര്‍ഗ്ഗതിയെ നേരിടേണ്ടിവരുമായിരുന്നോ? സോവിയറ്റ് യൂണിയനില്‍ നിന്നും വേര്‍പിരിഞ്ഞ റിപ്പബ്ലിക്കുകള്‍ തമ്മില്‍ ഇപ്പോള്‍ പരസ്‌പരം കലഹിച്ചുകൊണ്ടിരിക്കുന്നു. പുത്തന്‍ സാമ്പത്തിക കടന്നുകയറ്റം റഷ്യന്‍ ജനതയില്‍ മദ്യാസക്തി വര്‍ദ്ധിപ്പിക്കുകയും നഗരങ്ങളില്‍ വേശ്യാലയങ്ങളും നിശാക്ലബ്ബുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ സെക്‌സ് മാര്‍ക്കറ്റുകളില്‍ റഷ്യന്‍ സ്‌ത്രീകള്‍ക്ക് വന്‍ ഡിമാന്റാണുളളത്. 'നടാഷെ' എന്ന ഓമനപ്പേരിലാണ് റഷ്യന്‍സ്‌ത്രീകള്‍ അറിയപ്പെടുന്നത്. ഒരു ജനതയില്‍ ഇങ്ങനെയൊക്കെ വന്നു ഭവിച്ചാലും വേണ്ടില്ല സോഷ്യലിസ്‌റ്റ് വ്യവസ്ഥിതി തകര്‍ന്നാല്‍ മതിയെന്ന് ഒരു വിശ്വാസിയായ ശ്രീ മുരളീവല്ലഭന്‍ ആശ്വസിക്കുന്നു. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണുനീരുകണ്ടാല്‍ മതിയെന്ന അമ്മായിഅമ്മയുടെ മനോഭാവം തന്നെയാണ് ഇവിടെ ഈ ധനതത്വശാസ്‌ത്രവിദഗ്‌ദനും.
ശ്രീ മുരളീവല്ലഭന്റെ മറ്റൊരു പരാമര്‍ശം ഇതാണ്.. "ചൈനയുള്‍പ്പെടെയുളള രാജ്യങ്ങള്‍ വികസനത്തിനായി മുതലാളിത്തപാത സ്വീകരിക്കുമ്പോള്‍, ബഹുരാഷ്‌ട്രകുത്തകകള്‍ക്ക് ചുവന്ന പരവതാനി വിരിക്കുമ്പോള്‍, അവര്‍ നടന്നു നീങ്ങുന്നത് സോഷ്യലിസ്‌റ്റ് വ്യവസ്ഥിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തുറക്കുവാനാണ്". ഈ പ്രപഞ്ചം മാറ്റത്തിന് വിധേയമാണ്. മാറാത്തതായി ഒന്നും തന്നെ ഇല്ല. എന്നാല്‍ മാറില്ല എന്ന് ശാഠ്യം പിടിച്ചു നില്‍ക്കുന്നത് മതങ്ങള്‍ മാത്രമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ശാസ്‌ത്രം തെളിയിച്ചു കഴിഞ്ഞെങ്കിലും അതു വിശ്വസിക്കാന്‍ മതപണ്ഡിതന്‍മാര്‍ വിശ്വാസികളെ അനുവദിക്കുന്നില്ല. സോഷ്യലിസ്‌റ്റ് വ്യവസ്ഥിതിയോട് ശ്രീ. മുരളീവല്ലഭന് വെറുപ്പു തോന്നുന്നതെന്തിനാണ്? എന്താണ് സോഷ്യലിസ്‌റ്റ് വ്യവസ്ഥിതി? ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം ഇല്ലാതാക്കി സമൂഹത്തില്‍ എല്ലാവരും തുല്യരായിരിക്കുന്ന അവസ്ഥയെയാണ് സോഷ്യലിസ്‌റ്റ് വ്യവസ്ഥിതി എന്ന് കാറല്‍ മാര്‍ക്‌സ് വിളിച്ചത്. മാവേലി നാടു വാണിടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ, കളളവുമില്ല ചതിയുമില്ല, എളേളാളമില്ല പൊളിവചനം എന്ന നാടന്‍ ശീലുതന്നെയാണ് സോഷ്യലിസം. ഇങ്ങനെയൊരു അവസ്ഥയെ ഏതു വിശ്വാസിക്ക് എതിര്‍ക്കാന്‍ കഴിയും. ഇത്തരം ഒരു വ്യവസ്ഥതിക്കുവേണ്ടിയല്ലേ വിശ്വാസികള്‍ ദൈവത്തോട് അപേക്ഷിക്കുന്നത്. 'കര്‍ത്താവായ മിശിഹായെ, അങ്ങയുടെ നാമം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം ഭൂമിയിലുമാകേണമേ' എന്നല്ലേ ക്രിസ്‌തുമതവിശ്വാസികള്‍ ദിവസവും പ്രാര്‍ത്ഥിക്കുന്നത്. ഇങ്ങനെയൊരു അവസ്ഥയെയല്ലേ 'സ്വര്‍ഗ്ഗം' എന്നു വിളിക്കുന്നത്. ഇത്തരം സ്വര്‍ഗം ഭൂമിയില്‍ വേണ്ടെന്നാണോ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. ഹിന്ദുക്കളുടെ രാമരാജ്യവും ക്രിസ്‌ത്യാനികളുടെയും മുസ്ലീങ്ങളുടെയും സ്വര്‍ഗ്ഗരാജ്യവും ഇതുതന്നെയല്ലേ. മാര്‍ക്‌സ് ഈ വ്യവസ്ഥിതിയെ സോഷ്യലിസം എന്നു വിളിച്ചതുകൊണ്ടാണോ വിശ്വാസികള്‍ ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്നത്. അതുകൊണ്ടാണോ ഈ വ്യവസ്ഥിതി തകര്‍ന്നുകാണണമെന്ന് വിശ്വാസികളുടെ മൊത്തക്കച്ചവടക്കാരായ കേരളകോണ്‍ഗ്രസുകാരും മുസ്ലീലീഗുകാരും ബി.ജെ.പിക്കാരും ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്, ഇന്ത്യ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ് റിപ്പബ്ലിക്കാണെന്ന്. സോഷ്യലിസത്തെ തളളിപ്പറയുന്നവര്‍ നമ്മുടെ ഭരണഘടനയെത്തന്നെയല്ലേ തളളിപ്പറയുന്നത്. സോഷ്യലിസം മുഖമുദ്രയായി അംഗീകരിക്കാത്ത ഒരു രാഷ്‌ട്രീയകക്ഷിക്കും ഇന്‍ഡ്യയിലെ തിരഞ്ഞെടുപ്പുകമ്മീഷന്‍ അംഗീകാരം നല്‍കില്ല എന്നതാണ് വസ്‌തുത. അപ്പോള്‍ ഏതു കക്ഷിയ്‌ക്കാണ് ഈ വ്യവസ്ഥിതിയെ തളളിപ്പറയാന്‍ കഴിയുന്നത്? അങ്ങനെ പറഞ്ഞാല്‍ തങ്ങളുടെ അണികളോട് ചെയ്യുന്ന ക്രൂരതയല്ലേ അത്.
ചൈന മുതലാളിത്ത വ്യവസ്ഥിതിയെ പിന്തുടരുന്നുവെന്ന് പരിതപിക്കുന്ന ശ്രീ. മുരളീവല്ലഭന്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്‌ക്കുവാനാണ് ശ്രമിക്കുന്നത്. ഒരു പ്രക്രിയയില്‍ നിന്നും മറ്റൊരു പ്രക്രിയയിലേയ്‌ക്ക് പരിവര്‍ത്തനം സംഭവിക്കുമ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രക്രിയയിലെ ചില സ്വഭാവങ്ങള്‍ പുതിയതായി രൂപം കൊളളുന്ന പ്രക്രിയയിലും കടന്നുകൂടാമെന്ന് മാര്‍ക്‌സ് വൈരുദ്ധ്യാത്മകഭൗതികവാദവീക്ഷണത്തില്‍ പറയുന്നു. ഒരു വ്യവസ്ഥിതിയുടെ ഭൂതകാലത്തു സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കിയാല്‍ ആ വ്യവസ്ഥിതിയ്‌ക്ക് ഭാവിയില്‍ എന്തു സംഭവിക്കും എന്നു മനസ്സിലാക്കാന്‍ കഴിയും. ഈ ഫോര്‍മുല ഓരോരുത്തരുടേയും ജീവിതത്തിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്. ഇതൊരു ശാസ്‌ത്രമാണ്. ഈ ശാസ്‌ത്രത്തെയാണ് മാര്‍ക്‌സിസം എന്നു വിളിക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും ബലപ്രയോഗത്തിലൂടെ സോഷ്യലിസ്‌റ്റ് വ്യവസ്ഥിതിയിലേക്ക് പരിവര്‍ത്തനം നടക്കുമ്പോള്‍ മുതലാളിത്തത്തിന്റെ പല സ്വഭാവാവശിഷ്‌ടങ്ങളും കാലങ്ങളോളം നിലനിര്‍ത്തേണ്ടതായി വരും. സോഷ്യലിസ്‌റ്റ് വ്യവസ്ഥിതിയിലേക്ക് പരിവര്‍ത്തനം നടത്തുന്ന ഗവണ്‍മെന്റുകള്‍ ലോകത്ത് നിലവില്‍ വന്നിട്ടുണ്ടെങ്കിലും അന്തിമമായി സോഷ്യലിസം സ്ഥാപിച്ച ഒരു ഗവണ്‍മെന്റും ഇതുവരെ ലോകത്ത് സ്ഥാപിതമായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ആരംഭകാലത്തുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ മതിമറന്ന പല കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനങ്ങളും സോവിയറ്റ് യൂണിയനെ വാനോളം പുകഴ്‌ത്തി. തങ്ങള്‍ ഭാവിയില്‍ ഇവിടെ വരുത്തുവാന്‍ പോകുന്ന വ്യവസ്ഥിതിയാണതെന്നു ജനങ്ങളെ പഠിപ്പിച്ചതു കൊണ്ടാണ് സോവിയറ്റ് യൂണിയനില്‍ സോഷ്യലിസ്‌റ്റ് വ്യവസ്ഥിതിയാണ് നിലനിന്നിരുന്നതെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചത്. ചൈന മുതലാളിത്ത വ്യവസ്ഥിതി പിന്തുടരുന്നുവെന്ന് പറയുമ്പോഴും മുതലാളിത്ത രാജ്യങ്ങള്‍ക്ക് ചൈന ഇന്ന് വലിയൊരു ഭീഷണിതന്നെയാണ്. WTO-ല്‍ അംഗമായതോടുകൂടി ചൈന ലോകവ്യാപാരരംഗം ഒരു കുത്തകയെപ്പോലെ കയ്യടക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ ആ ചൈനയെ നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്‌റ്റ് ഗവണ്‍മെന്റാണെന്നതാണ് വസ്‌തുത. ഇന്ന് അമേരിക്കന്‍ വിപണിയില്‍ 70 ശതമാനം ഉല്‍പ്പന്നങ്ങളും ചൈനീസ് നിര്‍മ്മിതമാണ്. ഇതിനെതിരെ മുതലാളിത്തത്തിന്റെ മുത്തച്ഛനായ അമേരിക്കപോലും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സോവിയറ്റ് യൂണിയനിലെ പോലെ അവിശ്വാസികളായ ഭരണാധികാരികളും ജനങ്ങളുമായിരിക്കണം ചൈനയിലുളളത്. എങ്കില്‍ പിന്നെ അവിശ്വാസികളായതുകൊണ്ട് സോവിയറ്റ് യൂണിയനില്‍ സംഭവിച്ചതുപോലെ ചൈനീസ് ഭരണകൂടം പിരിച്ചുവിട്ട് പല റിപ്പബ്ലിക്കുകളായി പിരിയാത്തതെന്തുകൊണ്ട്?
ഒരു അമേരിക്കന്‍ സോവിയറ്റോളിജിസ്‌റ്റായ റോബര്‍ട്ട് ടക്കര്‍ തന്റെ സോവിയറ്റോളജി ഃ സോവിയറ്റ് ചരിത്രപഠനം യു.എസ്.എയില്‍ എന്ന പുസ്‌തകത്തില്‍ പറയുന്നുഃ "ജന്മമെടുത്തത് റഷ്യയിലാണെങ്കില്‍ക്കൂടി കമ്യൂണിസം സ്വതവെ ഒരു തദ്ദേശ പ്രതിഭാസമല്ല, പിന്നെയോ, സാഹചര്യങ്ങള്‍ അനുയോജ്യമാവുമ്പോള്‍ ഫലത്തില്‍ ലോകത്തിന്റെ ഏതു ഭാഗത്തും വ്യാപിക്കുകയും വേരുറപ്പിക്കുകയും ചെയ്യാന്‍ കഴിയുന്ന ഒരു സാമൂഹ്യരൂപമോ പരിഷ്‌കാരമോ ആണെന്ന് വര്‍ദ്ധമാനമായ രീതിയില്‍ വ്യക്തമായി കൊണ്ടുവരികയാണ്". കമ്മ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചുളള ശ്രീ. മുരളീവല്ലഭന്റെ ആശങ്കകള്‍ക്ക് ഇതുതന്നെയാണ് നല്ല മറുപടിയായി.
അവിശ്വാസികള്‍ നാടു ഭരിച്ചാല്‍ രാജ്യം മുടിയുമെന്നാണല്ലോ ശ്രീ. മുരളീവല്ലഭന്‍ അര്‍ത്ഥമാക്കുന്നത്. അങ്ങനെയെങ്കില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്‌റു ഒരു അറിയപ്പെടുന്ന നിരീശ്വരവാദിയായിരുന്നു. നെഹ്‌റുവിന്റെ ഭരണകാലത്തുണ്ടായിരുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ പിന്നീടു വന്ന ഒരു ഗവണ്‍മെന്റുകള്‍ക്കും സാധിച്ചിട്ടില്ല. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നിലവില്‍ വന്ന കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ ഭരിച്ചിരുന്നവര്‍ നിരീശ്വരവാദികളായിരുന്നു. ആ ഗവണ്‍മെന്റാണ് ഇവിടെത്തെ അടിയാളരുടെയും പിന്നാക്കക്കാരുടെയും യാതനാപൂര്‍ണ്ണമായ ജീവിതംതന്നെ മാറ്റി മറിച്ചത്. അതിനും മുമ്പ് തിരുകൊച്ചി ഭരിച്ചിരുന്ന ശ്രീ. പനമ്പളളി ഗോവിന്ദമേനോനും ശ്രീ. സി. കേശവനും സഹോദരന്‍ അയ്യപ്പനും കോണ്‍ഗ്രസുകാരായിരുന്ന നിരീശ്വരവാദികളായിരുന്നു.
ഡോ. മുരളീവല്ലഭന്റെ മറ്റൊരു അവകാശവാദത്തിലേക്ക് കടക്കും. "സ്വകാര്യദുഃഖങ്ങള്‍ വരുമ്പോഴും സാമൂഹ്യവിപത്തുകള്‍ സംഭവിക്കുമ്പോഴും, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഏതെങ്കിലും രാഷ്‌ട്രീയ തത്ത്വസംഹിതകളിലോ സിദ്ധാന്തങ്ങളിലോ അല്ല മനുഷ്യര്‍ അഭയം തേടുന്നത്. സര്‍വ്വശക്തനെ വിളിച്ച് മനസ്സില്‍ ശക്തി സംഭവിച്ചിട്ടാണ് പിന്നീട് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്". പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരാള്‍ 'എന്റെ ഈശ്വരാ' എന്നു വിളിക്കുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മനോവികാരം ഈശ്വരനോടുളള സ്‌നേഹമല്ല, മറിച്ച് ഈ ദുരന്തത്തിന് കാരണക്കാരനായ കരുണാമയനായ ഈശ്വരനോടുളള പരിഭവം മാത്രമാണ്. പലരും കാണാതെ പോകുന്നതിനെ കാണുവാന്‍ വിവേകശാലികളായ വേദാന്തികള്‍ക്കും അദ്വൈതികള്‍ക്കും കഴിയുമെന്നാണല്ലോ ശ്രീ. മുരളീവല്ലഭന്‍ അവകാശപ്പെടുന്നത്. എങ്കില്‍ സുനാമി പോലുളള പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി കണ്ട് പ്രവചിക്കുവാന്‍ കഴിവുളള ഒരു വേദാന്തിയും അദ്വൈതിയും അന്ന് ജീവിച്ചിരുന്നില്ലേ? നമ്മുടെ സ്വകാര്യ ദുഃഖങ്ങള്‍ മറ്റൊരാളുമായി പങ്കുവയ്‌ക്കുവാന്‍ കഴിഞ്ഞാല്‍ അതില്‍പരം ഒരു മനഃസുഖം വേറെയില്ല. പക്ഷേ അതുകൊണ്ട് താല്‌ക്കാലിക വിട മാത്രമേ ഉണ്ടാകുന്നുളളൂ. ആ ദുഃഖത്തിനുളള കാരണം അപ്പോഴും പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ പലരും ദുഃഖങ്ങള്‍ ഈശ്വരനുമായി പങ്കുവയ്‌ക്കുകയാണ് പതിവ്. ആ ദുഃഖത്തിന് നിതാന്തമായ കാരണം ഇല്ലാതാക്കുമെന്ന പ്രതീക്ഷമാത്രം നിലനില്‍ക്കുന്നു. ഉദാഹരണത്തിന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം മനോദുഃഖം അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സാമ്പത്തികം ലഭിച്ചെങ്കില്‍ മാത്രമേ മനഃസുഖം ലഭിക്കുകയുളളൂ.
അവസാനമായി ഒരു കാര്യം പറയേണ്ടിവരും. ആധുനിക വികസനത്തിന് ആധ്യാത്മിക വീക്ഷണമല്ല വേണ്ടത്; മറിച്ച് ദിശാബോധമുളള പുരോഗമന വീക്ഷണമാണ് വേണ്ടത്. ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഫീനിക്‌സ് എന്ന ഉപഗ്രഹത്തെയാണ് ആശ്രയിക്കേണ്ടത്. അല്ലാതെ കാവിയുടുത്തും താടിയും മുടിയും നീട്ടി വളര്‍ത്തിയും ഹവാലയിലൂടെയും കന്യകമാരുമൊത്ത് കാമലീലകള്‍ നടത്തി അതിന്റെ സി.ഡികള്‍ വിറ്റും കാശുണ്ടാക്കുന്ന സന്തോഷ് മാധവനെപ്പോലുളള ആധുനിക സ്വാമിമാരുടെ പാദങ്ങളില്‍ ശരണം പ്രാപിക്കുകയല്ല വേണ്ടത്. ഇതും വികസനത്തിന്റെ ഭാഗമാണെന്ന് പറയരുതേ!
നിങ്ങളുടെ അഭിപ്രായം ഇവിടെ ഇടുക
Wednesday, July 30, 2008
ആധുനിക വികസനത്തിന്റെ ആധ്യാത്മിക തലങ്ങള്‍ - ഡോ. മുരളീവല്ലഭനുളള മറുപടി
Posted by
പുഴ.കോം
at
10:54 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment