
നിത്യായനം
നിത്യന്‍

ജീവിതത്തില്‍ ഒരു ദിവസം പോലും ഒരു പണിയും ചെയ്യാതിരുന്ന രണ്ട് ചെറുപ്പക്കാരാണ് ലോകത്തൊഴിലാളി വര്‍ഗത്തിന്റെ ബൈബിളായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയത് എന്നു പറഞ്ഞത് തോമസ് സോവെല്‍ എന്ന അമേരിക്കന്‍ ഇക്കണോമിസ്റ്റാണ്. ക്ഷയരോഗത്തിന് മരുന്നു കണ്ടുപിടിക്കുന്നവന്‍ ക്ഷയരോഗി തന്നെയായിരിക്കണം എന്ന് ഭാഗ്യവശാല്‍ മൂപ്പര്‍ പറഞ്ഞിട്ടില്ല. ബ്രഹ്‌മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി എഴുതിയതല്ല കാമശാസൃതം എന്നാരെങ്കിലും പറഞ്ഞുകളയുമോ? ജ്യോതിബസു പണ്ടേ ചെയ്യുന്നതും ഇപ്പോള്‍ വിളിച്ചുപറഞ്ഞതും തോമസ് സോവെല്‍ പറഞ്ഞതുതന്നെയാണ്. സോഷ്യലിസം പ്രായോഗികമല്ല.

നമ്മളുടെ മുന്‍തലമുറയിലെ പലരും കമ്മ്യൂണിസ്റ്റുകാരായത് ഗ്രന്ഥം വായിച്ചിട്ടോ അന്തവും കുന്തവുമില്ലാതെ ചിന്തിച്ചിട്ടോ ഒന്നുമല്ല. അന്നു കിട്ടിയ അറിവുവച്ച് വിപ്ലവം ഇന്നോ നാളയോ നടക്കേണ്ട അവസ്ഥയിലായിരുന്നു. അതു നടന്നാപിന്നെ ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം നഹി. ബൂര്‍ഷ്വാ പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് ഓന്‍ മാത്രം പണക്കാരനായി എന്ന ദുഷ്‌പേരുമില്ല. നാളെ വിപ്ലവം നടക്കുന്നു. മറ്റന്നാള്‍ എല്ലാവരും വട്ടത്തില്‍ കുത്തിയിരുന്ന് ഉള്ളപണം ഒരു കുട്ടയിലിട്ട് ഓരോരുത്തരുടെ ആവശ്യത്തിനനുസരിച്ച് കുട്ടയില്‍ നിന്നുമെടുത്തുപോകുന്ന സുന്ദരമായ അവസ്ഥ.
അതിനു തയ്യാറാവാത്തവരുടെ തലകൊണ്ട് വിപ്ലവസൂപ്പുണ്ടാക്കിക്കഴിച്ചാല്‍ പിന്നെ ഒരുമാതിരിപ്പെട്ട അസുഖങ്ങളൊന്നും അടുക്കുകയില്ല. അന്നത്തെ വിപ്ലവപ്രതിഭകളുടെ നാളെയും ലോട്ടറിക്കാരന്റെ നാളെയും ഒന്നുതന്നെയെന്ന തിരിച്ചറിവുണ്ടായത് പിന്നീട് നേതാക്കന്മാരുടെ ജാതകപരിശോധന കടലാസുകളില്‍ കാണുമ്പോഴാണ്.

വിപ്ലവക്ഷേത്രത്തിലെ ആണ്ടുത്സവത്തിനാണെങ്കില്‍ നരബലി ഒഴിച്ചുകൂടാത്തതാണ്. കത്തിവരവും വടിവാള്‍ നൃത്തവും മുഖ്യവഴിപാടായി ബോംബര്‍ച്ചനയുമില്ലാതെ പിന്നെന്തുത്സവം. ലോട്ടറിയുടെ പേരില്‍ കോന്നിട്ടും ചത്തിട്ടുമുള്ള ചരിത്രമില്ല. മറ്റതിലാണെങ്കില്‍ കൊന്നതിനും ചത്തതിനും കണക്കുമില്ല.
ലോട്ടറിയെടുത്താല്‍ നേതാക്കള്‍ക്കുതന്നെ അടിക്കണമെന്നില്ല. എന്നാല്‍ നേതാവായിക്കിട്ടിയാ ലോട്ടറിയടിച്ചു. കോന്‍ ക്രോര്‍പതി ബനേഗാ എന്നൊന്നുമില്ല. നേതാവ് ക്രോര്‍പതി ബനേഗാ.
ഒരാള്‍ക്ക് എത്രകണ്ട് പിന്നോട്ട് നോക്കാന്‍ കഴിയുമോ അത്രകണ്ട് മുന്നോട്ട് കാണാന്‍ കഴിയും എന്നാണ്. ഭൂതകാലത്തേക്കു നോക്കുക. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കുത്തകമുതലാളിയായിരുന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥനോക്കുക. മണ്ണും ചാരി നിന്ന യെല്‍ട്‌സിന്‍ പെണ്ണും കൊണ്ടുപോയ കഥ ഒരാവര്‍ത്തികൂടെ വായിക്കുക. സ്വന്തം ചൊകചൊക ചൊകന്ന പട്ടാളവും കെ.ജി.ബിയും സര്‍വ്വോപരി പത്തെഴുപതുകൊല്ലം വിപ്ലവവിദ്യാഭ്യാസം കിട്ടിയ ജനതയുമുണ്ടായിട്ടും നടുറോഡില്‍ പെട്ട പേപ്പട്ടിയുടെ സ്ഥിതിയിലായിരുന്നു നേതാക്കള്‍. അത്രയ്ക്കായിരുന്നു കൈയ്യിലിരിപ്പ്.
പരാജയപ്പെട്ടത് എല്ലായിടത്തും മാര്‍ക്സിസ്റ്റുകാരാണ് മാര്‍ക്സിസമല്ല. ഒരു സ്ഥലത്തും ഇന്നോളം വരാത്ത മാര്‍ക്സിസം പരാജയപ്പെടുന്നതെങ്ങിനെയെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്കേ അറിയാന്‍ കഴിയൂ.

ഇന്നുവരെ ഒരുത്തനും മനസ്സിലാവാതിരുന്ന ഒരു സത്യമാണ് ബസു മുതലാളി കണ്ടെത്തി മാലോകരെ അറിയിച്ചത്. മുതലാളിത്ത വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന സത്യം. വേറൊരു സത്യം കൂടി വിളിച്ചുപറഞ്ഞു. സോഷ്യലിസം ഇന്നത്തെ കാലത്ത് അത്ര പ്രായോഗികമല്ല. ചര്‍ച്ചിലിനെക്കാളും ഒരുപടി കടന്ന് അതൊരു വിദൂരസ്വപ്നം മാത്രമാണെന്ന് കൂട്ടിച്ചേര്‍ക്കാനും മുതലാളി മറന്നില്ല.
സോഷ്യലിസം ഇന്നത്തെ കാലത്ത് അത്ര പ്രായോഗികമല്ല. സി.ഐ.എയും അമേരിക്കന്‍ സാമ്രാജ്യത്വവും എന്ന നിഴലിനോട് യുദ്ധം ചെയ്തിട്ടാണ് മുതലാളിയുടെ പാര്‍ട്ടി ഇന്നത്തെ നിലയില്‍ ബിര്‍ളയെ ബഹുദൂരം പിന്തള്ളി മൂലധനം ആശുപത്രിയായും ബാങ്കായും വ്യവസായമായും റിസോര്‍ട്ടായും അമ്യൂസ്‌മെന്റ് പാര്‍ക്കായും സ്വരൂക്കൂട്ടിയത്.

ചിന്തകൊണ്ടും ബുദ്ധികൊണ്ടുമല്ല ലോകത്താരും കമ്മ്യൂണിസ്റ്റാവുന്നത്. ഹൃദയം കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് എല്ലാക്കാലത്തേക്കുമായി കുറെപേരെ വിഡ്ഢികളാക്കിക്കൊണ്ട് നേതാക്കന്മാര്‍ വിലങ്ങനെ വളരുന്നതും. വാരിക്കുന്തത്തിന്റെ ചിലവില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും സൂപ്പര്‍സ്പെഷ്യാലിറ്റികളും പണിതിടുന്നതും.
ഇതെല്ലാം പടുത്തുയര്‍ത്തിയതാകട്ടെ ദരിദ്രവാസികളുടെ ചിലവിലുമാണ്. ഇനി ബസു-പിണറായി വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നീടണിചേരുക വേറെ ചെങ്കൊടിയുടെ കീഴിലായിരിക്കും. സി.പി.ഐക്ക് വിപ്ലവം പോരാഞ്ഞ് സി.പി.എമ്മില്‍ ചേര്‍ന്നപോലെ. അപ്പോള്‍ സ്വാഭാവികമായും അവരുടെ വര്‍ഗശത്രുക്കള്‍ വിപ്ലവമൊത്തക്കച്ചവടം നടത്തി റിസോര്‍ട്ടുപണിത വന്‍കിടകുത്തക സഖാക്കളായിരിക്കും. അതിലും എന്തുകൊണ്ടും നല്ലത് ചിന്തിക്കാന്‍ സ്വന്തം തലമാത്രം ഉപയോഗിക്കാത്തവരെയെല്ലാം വിശ്വാസത്തിലെടുക്കുകയാണ്. ഇക്കണ്ടസ്വത്തിന്റെയെല്ലാം അവകാശികള്‍ അവരാണെന്നങ്ങോട്ടു പറഞ്ഞുകൊടുക്കുക. അവരാണല്ലോ പാര്‍ട്ടിയുടെ അടിത്തറ
നിത്യന്‍
E-Mail: nithyankozhikode@yahoo.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
No comments:
Post a Comment