Tuesday, January 1, 2008

സ്വപ്നം പോലെ


കഥ
കെ.എം. ജോഷി


രാവു കനത്തു. ഉറക്കം കണ്‍പോളകളില്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ അക്ഷരങ്ങളൊക്കെ അവ്യക്തമായ രൂപരേഖകള്‍ മാത്രമാണ്‌. ഇടയ്ക്കെപ്പോഴോ അമ്മ വന്നു പറഞ്ഞുഃ

"വാസ്വേ, കിടന്നോളൂ. നേരം ഒരുപാടായി".

വിളക്കൂതി.... പഞ്ഞിമെത്തയുടെ മാംസളതയിലേക്കു മറിഞ്ഞു. പെട്ടെന്ന്‌ ആരോ വിളിച്ചതുപോലെ. വെറും തോന്നലാണോ? അല്ല! വാതില്‍പ്പടിമേല്‍ നിലയ്ക്കാത്ത കോലാഹലം. ഈ അസമയത്താരാണ്‌? അച്ഛന്‍ പതിവായി ആഴ്ചയുടെ ഒടുവിലാണല്ലോ എത്താറ്‌. പിന്നെ...

അമ്മ തീപ്പെട്ടിയുരസി വിളക്കു തെളിയിച്ചു. ഉമ്മറവാതിലിന്റെ തഴുതു നീക്കി. പുറത്ത്‌ പൂത്തുലയുന്ന നിലാവ്‌. അവിടെ റാന്തലുമായി തെക്കേതിലെ കല്യാണിയമ്മ... ഉള്ളിലുറയുന്ന ഉല്‍ക്കണ്ഠയോടെ അമ്മ ചോദിച്ചുഃ

"എന്താ ചേച്ചീ?"

"സുമംഗലയ്ക്ക്‌ നോവ്‌ കലശലായി. എനിക്കാകെയൊരു ഭയം. കടിഞ്ഞൂലാണേയ്‌. എന്തേലും സംഭവിച്ചാല്‌..."

"പേറ്റിച്ചിപ്പാറൂന്‌ ആളയച്ചില്ലേ?"

"ഈ കെട്ടനേരത്ത്‌ ആരാ പോവ്വാ... പോയില്ലാച്ചാലും കൊഴപ്പാണേ..."

അമ്മ വാതില്‍പ്പാളി ചേര്‍ത്തു കുറ്റിയിട്ടു.

"വാസൂ നീയും പോന്നോളൂ".

റാന്തലിനൊപ്പം നീണ്ട നിഴലായി ഞങ്ങള്‍ നടന്നു.

അകത്ത്‌ സുമംഗലചേച്ചിയുടെ അഴലുകള്‍ സ്പഷ്ടമാകുന്നു. ശക്തിയായ ശ്വാസോഛ്വാസങ്ങള്‍. തളര്‍ന്ന ജല്‍പനങ്ങള്‍. പാവം സുമംഗലചേച്ചി. നിറവയറുമായി മാഞ്ചോട്ടില്‍ ഉലാത്തുമ്പോഴൊക്കെ ഞാന്‍ കളിയാക്കുമായിരുന്നു. ഇന്ന്‌ സന്ധ്യമയങ്ങിയപ്പോഴും എന്നോട്‌ തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തതാണ്‌. എന്നിട്ട്‌ ഇപ്പോള്‍ വേദനകൊണ്ടു പുളയുകയാണെന്നല്ലേ കല്യാണിയമ്മ പറഞ്ഞത്‌.

വരാന്തയിലെ ഏകാന്തതയ്ക്ക്‌ കട്ടികൂടുകയാണ്‌. മനസ്സിലേക്ക്‌ അസ്വസ്ഥതയുടെ വേരുകള്‍ പടരുന്നു. ഇപ്പോഴല്ലേ കുമാരേട്ടനുണ്ടാവേണ്ടിയിരുന്നത്‌. പക്ഷേ, സുമംഗലചേച്ചിക്ക്‌ കാത്തിരിപ്പിന്റെ അറുതിയില്ലാത്ത നാളുകള്‍ നല്‍കി കടന്നുപോകുവാനേ അയാള്‍ക്കു കഴിയൂ. സ്നേഹമില്ലാത്ത മനുഷ്യന്‍. എന്നാലും സുമംഗലചേച്ചിക്ക്‌ കുമാരേട്ടനെ ജീവനാണ്‌. ഒരിക്കല്‍ പടിഞ്ഞാറ്റിനിയിലെ തണലില്‍ തണുത്ത കാറ്റേറ്റ്‌ സുമംഗലചേച്ചി ഇരിക്കുന്നു.

ഞാന്‍ ചോദിച്ചു ഃ "കിനാവു കാണുകയാ?"

"ഉം"

"കുമാരേട്ടനെയാവും".

"അല്ലാതെ പിന്നെ ഞാനാരെയാ കിനാവു കാണ്വ വാസു".

ഈ നൊമ്പരങ്ങള്‍ക്കിടയിലും സുമംഗലചേച്ചി കുമാരേട്ടനെ ഓര്‍മ്മിക്കുന്നുണ്ടാവും. പട്ടാള ബാരക്കുകളില്‍ കവാത്തും കസര്‍ത്തുമായി കഴിയുന്ന കുമാരേട്ടന്‍ ഇതൊക്കെ അറിയുന്നുണ്ടാവുമോ. ഞാന്‍ ഇങ്ങിനെയോരോന്നും ചിന്തിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അമ്മ വാതില്‍ തുറന്നുവന്നത്‌. അമ്മയുടെ കണ്ണുകളില്‍ പരിഭ്രമത്തിന്റെ മിന്നായങ്ങള്‍ കണ്ടു.

"വാസൂ, കച്ചേരിക്കടവിലെ പാറൂന്റെ വീടുവരെ നീ പോവ്വോ?"

"ഉവ്വ്‌"

"പേടിണ്ടോ?"

"ഇല്ല്യ"

"എന്നാ വേഗം ചെല്ല്‌. സുമംഗലയ്ക്ക്‌ കൂടുതലാണെന്ന്‌ പറയണം. അവരെ കൈയോടെ കൂട്ടിക്കൊണ്ടും പോരണം".

ഞാന്‍ ആഞ്ഞുനടന്നു. നിലാവുപെയ്തിറങ്ങുന്ന പാടവരമ്പും, നിഴലാട്ടം നടത്തുന്ന മുക്കൂട്ടപെരുവഴിയും പിന്നിട്ട്‌ മുന്നേറുമ്പോള്‍ സുമംഗലചേച്ചിയുടെ ശോഷിച്ച ഞരക്കങ്ങളായിരുന്നു കാതില്‍. ക്രമേണ അതു നിലയ്ക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ വാതായനങ്ങള്‍ വെട്ടിത്തുറന്നു. കല്യാണിയമ്മയുടെ മാറത്തടിയും തേക്കങ്ങളും പൊട്ടിപ്പടരുന്നു. പൊടുന്നനെ പൊന്തക്കാടനങ്ങി. വിറളിബാധിച്ച ഏതോ പക്ഷിയുടെ പേടിച്ചരണ്ട കലമ്പല്‍. രാക്കിളികളേതെങ്കിലും കാലിടറി വീണതാവും. ഒന്നു വകഞ്ഞു നോക്കിയാലോ. തടിച്ചുകൊഴുത്ത പകലുണ്ണാനോ മറ്റോ... പക്ഷേ, മനസ്സു തടുത്തു. അരുത്‌, ദൗത്യം മറക്കരുത്‌. വഴിയില്‍ മനം മയക്കുന്ന മായകളുണ്ടാവും. തരത്തില്‍ വെട്ടില്‍ വീഴ്ത്തുന്ന ദുരാത്മാക്കളും. സുമംഗലചേച്ചിയുടെ അവസ്ഥയാണെങ്കില്‍.... എവിടെയോ അറബിക്കുതിരകളുടെ കുളമ്പൊച്ച. അപശകുനങ്ങളുടെ തേരോട്ടങ്ങള്‍. ഉള്‍ക്കിടിലത്തോടെയാണെങ്കിലും ഞാന്‍ മുന്നോട്ടുതന്നെ ഓടുകയായിരുന്നു.

ദൂരെ കച്ചേരിക്കടവ്‌. മുനിഞ്ഞുകത്തുന്ന വഴിവിളക്കുകള്‍. വാണിഭക്കാര്‍ കടകളടച്ചു പോയിരിക്കുന്നു. വഞ്ചിത്താവളം ഹിമനിദ്രയിലാണ്‌. ഇനി അഞ്ചാറു ചുവടുനടന്നാല്‍ പാലപ്പറമ്പ്‌. അതിനപ്പുറം കൈയാല. കൈയാല ചാടിക്കടന്നാല്‍ പേറ്റിച്ചിപ്പാറുവിന്റെ വളപ്പായി.

അങ്ങിങ്ങു നന്ത്യാര്‍വട്ടപ്പൂക്കളുടെ വെളുത്ത ചിരി. തെറിച്ചു നില്‍ക്കുന്ന തെച്ചിക്കാടിനുള്ളില്‍ നിന്നും കെല്ലിപ്പട്ടി മോങ്ങി. കല്ലുകളെടുത്തെറിഞ്ഞു. പട്ടി ഇരുളിലേക്കോടിയൊളിച്ചു. വ്രാന്തച്ചുറ്റില്‍ ഹരിക്കയിന്‍ വിളക്കെരിയുന്നു. അറയിലും വെളിച്ചം അണഞ്ഞിരുന്നില്ല. ഞാന്‍ മുരടനക്കി. അനക്കമില്ല. പിച്ചളപ്പൂട്ടിനെ തട്ടിയുലച്ചു. തുലാനപ്പടിമേലിരുന്ന്‌ ഒരു കറുത്തപൂച്ച തുറിച്ചു നോക്കി. വല്ലാതെ മൊരങ്ങി.

"ആരാ" കിളിവാതില്‍പ്പഴുതിലൂടൊരു സൃതീ ശബ്ദം.

"ഞാനാ വാസു"

"വാസ്വോ? ഏതു വാസു?

"മേനാമഠത്തിലെ കുഞ്ഞുണ്ണിനായരുടെ മകന്‍".

അപ്പോള്‍ താക്കോല്‍ക്കൂട്ടം കിലുങ്ങി. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയൊഴുകി. തടിച്ച ശരീരമിളകി പാറു ചിരിച്ചു. ചിലങ്ക ശബ്ദിക്കും പോലെ. കൊഴുത്ത മാറിന്റെ ചലനത്തില്‍ കണ്ണലഞ്ഞു. പെട്ടെന്നു നോട്ടം പിന്‍വലിച്ചു.

"എന്താ വാസൂട്ടി ഈ രാത്രീല്‌"

"സുമംഗലചേച്ചിക്ക്‌ സൂക്കേട്‌ കൂടുതലായി. കൂട്ടിക്കൊണ്ടുപോകാനാ ഞാന്‍ വന്നത്‌".

"തുണക്കാരന്‍ ശങ്കരനില്ലാതെ ഞാനെങ്ങിനെയാ വര്‍വ. നേരം വെളുത്തിട്ടായാലോ".

"പോര. അത്ര കലശലാ".

"ഉവ്വോ. എങ്കില്‍ കുട്ടന്‍ നില്‍ക്ക്‌. ഞാനിപ്പം വന്നേക്കാം".

നിമിഷങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു. ഈ കാത്തിരിപ്പ്‌ എത്ര നേരത്തേയ്ക്കാണ്‌. വിഷാദവും വിഹ്വലതയും മനസ്സിലെ മൃഗയാവിനോദക്കാരായി. മച്ചില്‍ വാവല്‍ക്കൂട്ടങ്ങളുടെ കുപ്പിണികള്‍. പൊടുന്നനെ വീണ്ടും പ്രകാശധോരണി. പാറുവാണ്‌. മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍ വെറ്റിലച്ചാറിന്റെ നനവ്‌. കൊഴുത്ത കൈത്തണ്ടില്‍ തങ്കക്കാപ്പിന്റെ വെട്ടം. അന്നനടയുടെ താളത്തില്‍ അരമണിയുടെ കിലുക്കം. ഞാന്‍ ഏതോ സങ്കല്‍പലോകത്താണെന്നു തോന്നി.

മേഘപാളികള്‍ക്കിടയില്‍ നിന്നും നിലാചന്ദ്രന്‍ എത്തിനോക്കുന്നു. മാമരങ്ങള്‍ ശിരസ്സാട്ടി രസിക്കുന്നു. കാറ്റിന്റെ നേര്‍ത്ത മര്‍മ്മരം. അതുവരെയില്ലാതിരുന്ന ഒരുതരം ഭീതി എന്നെ ഭരിച്ചുതുടങ്ങി.

ഇപ്പോള്‍ മുന്നില്‍ ചത്തുമലച്ച പെരുമ്പാമ്പിനെപ്പോലെ ചെങ്കല്‍പ്പാത. അതിന്റെ അങ്ങേയറ്റത്ത്‌ ഒരു തുള്ളി തീയ്‌. അടുക്കുന്തോറും അപശബ്ദങ്ങളുടെ ഘോഷയാത്ര. പാറുവിന്‌ പകപ്പാടില്ലായിരുന്നു. അവര്‍ അപ്പോഴും വെറ്റില ചവച്ചു. കളിയടക്ക കൊറിച്ചു. ഇടയ്ക്ക്‌ കാറിത്തുപ്പിക്കൊണ്ടു ചോദിച്ചുഃ

"സുമംഗലക്കൊച്ചിന്റെ ആദ്യത്തെ പേറല്ല്യോ?"

"അതെ".

"കുറച്ചു കടുപ്പമാവും. എന്നാലും എനിക്കു പുല്ലാ".

അപ്പോഴേയ്ക്കും അകലെക്കണ്ട തീയ്‌ അടുത്തെത്തിയിരുന്നു. ഒരു പഴഞ്ചന്‍ കാളവണ്ടി. അതിന്റെ അണിയത്ത്‌ ആടുന്ന ചിമ്മിനിവിളക്ക്‌. വണ്ടിക്കാരന്‍ ചിറികോട്ടി. ശൃംഗാരത്തിന്റെ മുഖമുദ്രകള്‍ കാട്ടി.

"പോരണോടീ പാര്‍വേ".

പ്ഫ നിന്റമ്മേടെ..."

പിന്നെ വണ്ടിക്കാരന്റെ തൊണ്ട ഞരങ്ങിയില്ല. ചക്രങ്ങള്‍ തേങ്ങിയതും, താഴെ ഏതോ ഗര്‍ത്തത്തില്‍ ഒടിഞ്ഞമര്‍ന്നതും ഓര്‍ക്കുന്നു.

"വാസൂ, അങ്ങോട്‌ നോക്കണ്ട. കണക്കില്ലാതെ കള്ളുമോന്തിയാല്‍ ഇങ്ങനെയിരിക്കും".

ദുഃശങ്കകള്‍ അനവരതം എന്നെ കാര്‍ന്നു തിന്നു. പാലപ്പൂവിന്റെ മത്തു മണമല്ലേ അവര്‍ക്കു ചുറ്റിലും പരക്കുന്നത്‌. ചൂടുള്ള രുധിരമല്ലേ അവര്‍ ഞൊട്ടിനുണയുന്നത്‌. പാറു ചില്ലറക്കാരിയല്ലെന്നും, ഇരുട്ടിനെ മയക്കുന്ന മന്ത്രവാദിനിയാണെന്നും ഗ്രാമത്തില്‍ സംസാരമുണ്ട്‌. എനിക്കു പേടി തോന്നി.

വീണ്ടും അവര്‍ വാക്കുകള്‍ വലിച്ചെറിഞ്ഞു.

"വാസ്വേ നീയും എന്റെ കൈവെള്ളയിലാ പിറന്നുവീണത്‌. നിന്റെ നട്ടെല്ലിന്റെ പാതയില്‍ ആദ്യത്തെ പാടുവീഴ്ത്തിയതു ഞാനാ. ഇനീപ്പോ സുമംഗലേടെ കുട്ടിക്കും... നിനക്കതു കാണണോ?"

എന്റെയുള്ളം കലങ്ങി. ഇങ്ങനെ പഴങ്കഥകളും പറഞ്ഞു നടന്നാല്‍...

ഞാന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി.

"സുമംഗലചേച്ചി വേദനകൊണ്ടു പിടയുകയാണെന്നാ കല്യാണിയമ്മ പറഞ്ഞത്‌".

"ഒന്നൊാ‍ളിയ. ഞാന്‍ ചെല്ലാതെ അവള്‍ പ്രസവിക്കില്ല്യ. ഒറപ്പാ".

"ഉവ്വോ?"

"ഉം".

ബന്ദിയായ കാറ്റിന്റെ മൂളല്‍. അപ്പോള്‍ അകലെ ഒരു പൈതലിന്റെ കരച്ചില്‍ കേട്ടു. ഞാന്‍ പറഞ്ഞുഃ

"സുമംഗലചേച്ചി പെറ്റു".

"പെറ്റോ? സുമംഗല പെറ്റോ?"

പാറുവിന്റെ കണ്ണുതുറിച്ചു. പുരികം ചുളിഞ്ഞു. ചുണ്ടു വക്രിച്ചു. നെറ്റിയിലൂടെ ഉഷ്ണം പൊടിച്ചു. അടുത്ത നിമിഷം അവര്‍ ഒരു കൊടുങ്കാറ്റായി. ഈറ്റില്ലം അവരുടെ കയ്യിലെ കളിപ്പന്തും. പിന്നെ ഞാന്‍ കേട്ടത്‌ കല്യാണിയമ്മയുടെ ഉച്ചത്തിലുള്ള അലമുറകള്‍ മാത്രമായിരുന്നു.






കെ.എം. ജോഷി

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: