എഡിറ്റോറിയല്‍
സുവിരാജ് പടിയത്ത്
ജനാധിപത്യം എന്ന ലേബല്‍ ഏറ്റവും അസ്ഥിരമായ ഒരു രാഷ്ട്രത്തിനു മേല്‍ ഉണ്ടെങ്കില്‍ പോലും അതിന്റെ ശക്തി മറ്റ് എന്തിനേക്കാളും വലുതാണ്. ഒരു രാജ്യത്തിന്റെ യുദ്ധശേഷിയേക്കാളും സാമ്പത്തിക ശേഷിയേക്കാളും ഏറെ വില പിടിപ്പുള്ളതാണ് ജനാധിപത്യം എന്ന അവസ്ഥ.
ജന്മം കൊണ്ടതില്‍ പിന്നെ മൂന്നില്‍ രണ്ടുഭാഗം കാലവും ഏകാധിപത്യവും പട്ടാളഭരണവുമാണ് പാക്കിസ്ഥാന്‍ ജനതയ്ക്ക് വിധിച്ചിരുന്നത്. അഴിമതിയുടെ പേരില്‍ ശരിയായോ തെറ്റായോ ഒട്ടേറെ പഴികള്‍ കേട്ടിരുന്നെങ്കിലും പാക്കിസ്ഥാന്‍ ജനതയുടെ ജനാധിപത്യ സ്വപ്നത്തിന്റെ കാവലാളായിരുന്നു ബേനസീര്‍. രാഷ്ട്രീയസ്ഥിരത മരീചികയായി കണ്ടിരുന്നവര്‍ക്ക് ഒരു പ്രതീക്ഷയായിരുന്നു അവര്‍.
ബേനസീറിന്റെ കൊലപാതകത്തിനു പിന്നില്‍ ആരെന്ന ചോദ്യം വളരെ വലുതായിതന്നെ പാക്കിസ്ഥാന്റെ മാത്രമല്ല ലോകജനതയുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ബേനസീറിന്റെ മരണശേഷം പാക്കിസ്ഥാനിലിനി എന്ത് എന്ന രാഷ്ട്രീയ അവസ്ഥയാണ് ഏവരേയും ഭയപ്പെടുത്തുന്നത്. കലാപങ്ങള്‍ തിരമാലകള്‍പോലെ നിലക്കാതെ പാക്കിസ്ഥാനെ ഉലക്കുമെന്നത് ഒരു സത്യമായി മുന്നില്‍ നില്‍ക്കുകയാണ്. പാക്കിസ്ഥാനിലെ ജനാധിപത്യവത്ക്കരണം നീണ്ടുപോകുന്ന ഒരു സ്വപ്നമായി തീരുകയും ചെയ്യും. തീവ്രവാദികളുടെ ഏറ്റവും നല്ല വിളഭൂമിയായി പാക്കിസ്ഥാന്‍ മാറുമെന്ന അവസ്ഥയും ഇതോടെ ഒരുപക്ഷെ യാഥാര്‍ത്ഥ്യമായേക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തീവ്രവാദ വളര്‍ച്ചയും അയല്‍രാജ്യമായ പാക്കിസ്ഥാന്റെ അസ്ഥിരതയും ഭാരതത്തിന് എന്നും ഒരു ഭീഷണിയാണ്.
ജനാധിപത്യവത്ക്കരിക്കപ്പെട്ടത് എന്ന ആത്മനിയന്ത്രണമില്ലാത്ത ഒരു രാഷ്ട്രത്തിന്റെ ഇടപെടലുകള്‍ ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയുന്നതല്ല. അവര്‍ക്ക് ലോകനീതിയെക്കുറിച്ച് ചിന്തിക്കേണ്ടതുമില്ല. സ്വന്തം ജനതയുടെ വികാരം പോലും അത്തരമൊരു രാഷ്ട്രത്തിന് അന്യമായിരിക്കും.
ബേനസീറിന്റെ മരണശേഷം പാക്കിസ്ഥാന്റെ ഭാവി ഒരു പക്ഷെ ഇത്തരമൊരു അനിശ്ചിതാവസ്ഥയിലാണ്. ആ അനിശ്ചിതാവസ്ഥ പാക്ക് ജനതയെപോലെ ഏറ്റവും അധികം ബാധിക്കുന്നത് സഹോദരരാഷ്ട്രമായ ഭാരതത്തെയായിരിക്കും.
ഈ ഒരു അനിശ്ചിതാവസ്ഥയെ മറികടക്കാന്‍ പാക്ക് ജനതയും നിലവിലുള്ള ഭരണകൂടത്തിനും കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഒരു തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഒരു ജനാധിപത്യ രാഷ്ട്രം മോഹിച്ച പാക്ക് ജനതയുടെ ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും നമുക്ക് ആശിക്കാം.
സുവിരാജ് പടിയത്ത്
Phone: 9847046266
E-Mail: editor.puzha@gmail.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
No comments:
Post a Comment