Saturday, December 15, 2007

ലൈബ്രേറിയന്‍.ബ്ലോഗ്‌സ്പോട്ട്‌.കോം


കഥ
പി.കെ.സുധി
പുഴ ചെറുകഥാമത്സരം - മികച്ച പതിനാലുകഥകളില്‍ ഒന്ന്‌


ഒന്ന്‌
ലൈബ്രറി അസോസിയേഷന്റെ വാര്‍ഷിക മീറ്റിംഗിനു പോയി മടങ്ങുമ്പോഴാണ്‌ ഇന്ദുശേഖരന്‍ എന്ന റിട്ടയേര്‍ഡ്‌ ലൈബ്രേറിയന്‌ ഇന്റര്‍നെറ്റില്‍ ബ്ലോഗ്‌ സ്പോട്ട്‌ തുടങ്ങാനുളള ആവേശം കേറിയത്‌. ഫ്ലാറ്റില്‍ ഇരുന്നു പൊടികൂടിത്തുടങ്ങിയ മകന്റെ കമ്പ്യൂട്ടര്‍ സംരംഭത്തിനുപയോഗിക്കാം. ടെക്‌നോളജി വികാസങ്ങള്‍ ലൈബ്രേറിയന്‍ ഉള്‍ക്കൊളളണം, പ്രൊഫഷന്റെ വികാസത്തിനുപയോഗിക്കണമെന്നുമൊക്കെയാണ്‌ അസോസിയേഷന്‍ സെക്രട്ടറി ഗോപിമോഹന്‍ പ്രസംഗിച്ചത്‌. തുടര്‍ന്ന്‌ നെറ്റിലെ വെബ്ബ്ലോഗ്‌ മാധ്യമത്തെകുറിച്ച്‌ ഗോപിമോഹന്റെ ക്ലാസുമുണ്ടായിരുന്നു.

പ്രസാധകരുടേയും പത്രാധിപന്മാരുടെയും ഇടനിലയില്ലാതെ എഴുത്തുകാരനാവാം എന്ന ബ്ലോഗിന്റെ പ്രത്യേകതയാണ്‌ ഇന്ദുശേഖരനെ മോഹിപ്പിച്ചത്‌. ആര്‍ക്കും ഇന്റര്‍നെറ്റിലെ ബ്ലോഗ്‌സ്പോട്ടിലൂടെ മനസ്സു തുറക്കാം. ഭൂഖണ്ഡാന്തര അകലങ്ങളിലെ വായനക്കാര്‍ അതാസ്വദിക്കും.

ഇന്ദുശേഖരനിപ്പോള്‍ ഹില്‍ടോപ്പ്‌ എന്ന നഗരമധ്യഫ്ലാറ്റു സമുച്ചയത്തില്‍ ഒറ്റയ്ക്കാണു താമസം. വിസിറ്റിംഗ്‌ വിസയില്‍ ഭാര്യ അമേരിക്കയില്‍ മകന്റെ അടുത്തേയ്ക്ക്‌ പോയിരിക്കുന്നു. ഇ.കെ.ജി.നഗറിലെ വീടടച്ച്‌ ഫ്ലാറ്റിലേക്ക്‌ മാറാന്‍ അയാളെ മകനാണ്‌ നിര്‍ബന്ധിച്ചത്‌. ആ പുത്തന്‍ഫ്ലാറ്റ്‌ അജയ്‌ ശേഖറിന്റെ പേരില്‍ രജിസ്റ്ററാക്കിയത്‌ ഒന്നരമാസം മുമ്പു മാത്രം. ഹൗസിംഗ്‌ ലോണില്‍ പണിയിച്ച വീടടച്ച്‌ സാമഗ്രികളുമായി താമസം മാറ്റുമ്പോള്‍ ഒരു മടക്കമില്ലെന്നും എന്തുകൊണ്ടോ ഇന്ദുശേഖരന്‍ നിശ്വസിച്ചു.

ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ലൈബ്രേറിയന്‍.ബ്ലോഗ്‌.കോം അയാള്‍ക്ക്‌ വേഗത്തില്‍ തുടങ്ങാനായി. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത്‌ പോയ സര്‍വ്വീസ്‌ കാലത്തെ സഹപ്രവര്‍ത്തകരുടെ സവിശേഷതകളാണ്‌. ആര്‍ക്കുമാര്‍ക്കും തിരിച്ചറിയാനാവാത്തവിധം സംഭവങ്ങളും പേരുകളും കശക്കി മറിച്ചയാള്‍ മനസൊരുക്കി. രാവിലെ ഉണര്‍ന്നാലുടനെ ഒരു കപ്പ്‌ കാപ്പിയുമായി കമ്പ്യൂട്ടറിന്‌ മുന്നിലേയ്ക്ക്‌. പിന്നെ മണിക്കൂറുകളോളം അലസത ഏശാത്ത പണിത്തിരക്ക്‌.

"ലൈബ്രേറിയന്മാരുടെ ജീവിതത്തില്‍ എന്തെങ്കിലും കുഴമറിച്ചിലുകള്‍ ഉറപ്പാണ്‌. ഉമിത്തീയ്‌ നീറുന്ന പിടച്ചില്‍ സര്‍വ്വചലനങ്ങളില്ല പ്രകടം. വൃഥാ വെപ്രാളം ഈ ജാനസിന്റെ പ്രത്യേകതയാണെന്നു തോന്നും. നാളേയ്ക്കുളള പണി ഇന്നേ തീര്‍ത്ത്‌ മേശ വെടിപ്പാക്കാനുളള ത്വര.

വെളുപ്പിനേ തന്നെ സാറെന്തിനാണിങ്ങനെ ഓടിപ്പാഞ്ഞു വരുന്നത്‌ ? ശരവണന്‍ സാറിനോടു ചോദിച്ചാല്‍ ചിരിയാണുത്തരം. പ്യൂണിനെ കാക്കാതെ ജനല്‍ വാതിലുകള്‍ തുറന്നിടുന്നത്‌, റീഡിംഗ്‌ ഹാളിലെ ലൈറ്റും ഫാനും ഓണാക്കിയിടുന്നതും ശരവണന്‍ സാറുതന്നെയാണ്‌. അദ്ദേഹം ദിനപത്രം സീല്‍ചെയ്യുന്ന രംഗം ശ്രദ്ധിക്കുക. വികാരം തളളിയ ചുണ്ടുകള്‍ വലിച്ചുപിടിച്ചുളള നില്‍പ്പ്‌. കാര്‍ഡെഴുതുമ്പോള്‍, റീഡേഴ്‌സിനു ബുക്കുകള്‍ തപ്പുമ്പോള്‍, ഫൈനെഴുതുമ്പോള്‍ പോലും ലൈബ്രേറിയന്‍മാര്‍ ഗോഷ്ഠികള്‍ കാണിക്കുന്നു.

കോട്ടയത്തെ ശരവണന്‍ സാറ്‌ അറുപത്തിയെട്ടു ബാച്ചില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി സയന്‍സ്‌ പാസായി. സര്‍വ്വീസിലിരിക്കെ എഴുപത്തിയാറിലാണ്‌ സുകേശന്‍ നായര്‍ പഠിക്കാന്‍ പോയത്‌. പ്രേംചന്ദ്‌ എണ്‍പത്തിയേഴു ബാച്ചില്‍ പഠിച്ച്‌ തൊണ്ണൂറില്‍ ജോലിക്കു കയറി"

ശരവണന്‍ സാര്‍, സുകേശന്‍ നായര്‍, പ്രേംചന്ദ്‌ കളളപ്പേരുകളിലാവട്ടെ തുടര്‍വിവരണങ്ങള്‍. ബ്ലോഗ്‌ സ്പോട്ട്‌.കോം ക്ലോസു ചെയ്‌ത്‌ അയാള്‍ കുറേ നേരം ആലോചിച്ചിരുന്നു. പിന്നെ ഭാര്യയുടെയും മകന്റേയും മെയ്‌ലുകള്‍ ചെക്കുചെയ്‌തു. കുറേ ഫോട്ടോകള്‍. ഏതോ മ്യൂസിയത്തില്‍ വച്ചെടുത്തവ. ചില ക്രൂരജന്തുരൂപങ്ങളോട്‌ ഒട്ടി നിന്നാണ്‌ ഭാര്യ പോസുചെയ്‌തിരിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധിച്ചതൊഴിച്ചാല്‍ അന്നേരമയാള്‍ നിരുന്മേഷവാനായിരുന്നു.

രണ്ട്‌

കമ്പ്യൂട്ടര്‍ സെന്ററിലെ തിരക്കൊഴിയും നേരങ്ങളില്‍ മുരളീ മനോഹര്‍ ഇന്റര്‍നെറ്റിന്റെ മലച്ചുരുളുകളിലേയ്ക്ക്‌ നൂളിയിട്ട്‌ കയറും. നാനാ സൈറ്റുകളുടെ മാസ്മരികതയില്‍ നീങ്ങി നീങ്ങി നേരം കളയും. മുരളിക്ക്‌ പോര്‍ണോ സൈറ്റുകള്‍ ഇഷ്ടമേയല്ല. ബ്രൗസിംഗിന്‌ കസ്റ്റമേഴ്‌സ്‌ കാത്തു നില്‍ക്കുന്ന വിവരം സഹായി പെണ്‍കുട്ടി ഓര്‍മ്മപ്പെടുത്തും വരെ അയാള്‍ കമ്പ്യൂട്ടറിനു മുന്നില്‍ തന്നെയാവും.

നെറ്റില്‍ നിരങ്ങുമ്പോഴാണ്‌ ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ലൈബ്രേറിയന്‍. ബ്ലോഗ്‌ സ്പോട്ട്‌.കോമില്‍ മുരളി കുരുങ്ങിപ്പോയത്‌. വല്യമ്മായിയുടെ മകന്‍ കുഞ്ഞേട്ടന്‍ എന്ന ഇന്ദുശേഖരന്‍ ലൈബ്രേറിയനായിരുന്നല്ലോ എന്ന കൗതുകത്തോടെയാണ്‌ മുരളി ആ സൈറ്റ്‌ ക്ലിക്ക്‌ ചെയ്തത്‌.

"കോട്ടയത്തെ ശരവണന്‍ സാറും, കോഴിക്കോട്ടെ രമണനും, സുകേശന്‍ നായരും, തിരുവനന്തപുരം പബ്ലിക്‌ ലൈബ്രേറിയില്‍ ഉണ്ടായിരുന്ന നന്ദനുമൊക്കെ ജീവിതാരമേറ്റു മുറിഞ്ഞവരാണ്‌. ആദര്‍ശഭാണ്ഡങ്ങള്‍, മഹത്ചിന്തകള്‍, ഉല്‍കൃഷ്ട ജീവിതകഥകളുടെ സഹവാസപ്പകല്‍ കഴിഞ്ഞ്‌ വീട്ടിലെ പച്ച ജീവിതത്തിലേയ്ക്ക്‌. മനോ നില കീഴ്‌മേല്‍ മറിയുന്ന അവസ്ഥ. തട്ടലും മുട്ടലുമില്ലാത്ത ലൈബ്രേറിയന്‍ കുടുംബജീവിതം കാണില്ല തന്നെ.

യൗവ്വനകാലം സ്വപ്നങ്ങളുടെ അങ്ങേക്കടവിങ്ങേക്കടവു തുഴഞ്ഞ്‌ പ്രായം ചെല്ലുമ്പോഴാണ്‌ മിക്കപേരും കുടുംബക്കെണിയില്‍ പെടുന്നത്‌. റിട്ടയര്‍ ചെയ്യുംനേരം കുട്ടികള്‍ പറക്കപ്പരുവമായിട്ടു കൂടിയുണ്ടാവില്ല. എഴുത്തുകാരനാകണമെന്ന ഉല്‍ക്കട മോഹവുമായാണ്‌ ശരവണന്‍ സാറ്‌ ചെറുപ്പം നീക്കിയത്‌. കീഴായിക്കോണം ജനസേവിനി ഗ്രന്ഥശാലയിലെ ശ്രീകണ്ഠേശ്വരന്‍ പതിമൂന്നു കൊല്ലമാണ്‌ ശമ്പള ഗ്രാന്റുകൂടി കൈപ്പറ്റാതെ സേവനം നടത്തിയത്‌. വായിക്കപ്പെടാതെ പോകുന്ന ഗ്രന്ഥങ്ങള്‍ മാതിരിയാണ്‌ ലൈബ്രേറിയന്‍ ജീവിതങ്ങള്‍.

കുഞ്ഞേട്ടന്റെ കൂടെ തിരുവനന്തപുരത്ത്‌ താമസിച്ച്‌ പഠിച്ച രണ്ടുവര്‍ഷങ്ങള്‍. അന്നു പങ്കിട്ട ജീവിതം പറയാതിരിക്കഭേദം. കോളേജ്‌ വിട്ട്‌ ഒരു ദിവസം പോലും കുഞ്ഞേട്ടന്‍ നേരത്തേ വീടെത്തിയിട്ടില്ല. ഞായറാഴ്ചകളില്‍ ഇ.കെ.ജി.നഗറിലെ വീടുപണിസ്ഥലത്ത്‌. ഇയാള്‍ക്ക്‌ കോളേജില്‍ രാത്രിയില്‍ എന്താണ്‌ പണിയെന്ന്‌ ശ്രീരതിചേച്ചി എത്ര തവണയാണു ചോദിച്ചിട്ടുളളത്‌. വീടെത്തിയാലോ കുഞ്ഞേട്ടന്‌ മിണ്ടാട്ടവും മുനങ്ങാട്ടവുമില്ല. ലൈബ്രറിയില്‍ കുഞ്ഞേട്ടന്‍ മറ്റൊരാളാണ്‌. വായനേം ചര്‍ച്ചേം, മേശയ്ക്കു ചുറ്റിലും ആരെങ്കിലും എപ്പോഴുമുണ്ടായിരിക്കും.

ശ്രീരതിചേച്ചി അജയന്റെ കൂടെ അമേരിയ്ക്കയിലേയ്ക്ക്‌ പോയി, നാട്ടില്‍ കൂടെ പണിയെടുത്തിരുന്ന പെണ്‍കുട്ടിയുമായി അവന്‍ ലൈനായിരുന്നു എന്നു കേട്ടിരുന്നു. കുഞ്ഞേട്ടന്‍ ഇവിടേയ്ക്കൊക്കെ വന്നിട്ടൊരുപാടു നാളായി. തിരുവനന്തപുരത്തുപോയി പെണ്ണും കെട്ടിയാല്‍ പിടിവിട്ടുപോയതു തന്നെ. തിരിച്ചു വരികലുണ്ടാകില്ല. തീര്‍ച്ച.

മൂന്ന്‌

പോളിടെക്‌നിക്‌ കോളേജ്‌ ലക്ചറര്‍ സൈജുകുമാറാണ്‌ കുന്നംകുളം മുന്‍സിപ്പല്‍ ലൈബ്രേറിയനും ബ്ലോഗ്‌ സ്പോട്ട്‌ കാണിച്ചുകൊടുത്തത്‌. അതു രണ്ടുവട്ടം വായിച്ച ലൈബ്രേറിയന്‍ ഐശ്വര്യകുമാറിനും എന്തെങ്കിലും പ്രതികരണം അയയ്ക്കണമെന്ന തോന്നല്‍ കലശലായി. അയാള്‍ ടൈപ്പു ചെയ്‌തു തുടങ്ങി.

"ഞാന്‍ ഐശ്വര്യകുമാര്‍. പൊക്കോം തലയെടുപ്പും കൊണ്ട്‌ ഇവിടുത്തുകാരെന്നെ ഗുരുവായൂര്‍ കേശവനെന്ന ഇരട്ടപേരിലാണ്‌ വിളിക്കണത്‌. തെക്കനായോണ്ടാവും എന്നെ ഇവന്മാര്‍ക്കത്ര പിടുത്തവുമില്ല.

ഈ ലൈബ്രറിയില്‍ വായനക്കാര്‍ തീരെക്കുറവ്‌. സന്ധ്യകഴിഞ്ഞാല്‍ മുകള്‍നിലയിലെ ലൈബ്രറി മുറിയില്‍ മനുഷ്യരൂപം എനിക്കു മാത്രമേയുളളൂ. ഇരുട്ടു കനത്താല്‍ ചില അസ്‌പര്‍ശ്യ പോക്കുവരവുകളും, പെരുമാറ്റങ്ങളും ഇവിടുണ്ടെന്നത്‌ രണ്ടറ്റ സംഗതിയാണ്‌. അലമാരീല്‍ നിന്നും താഴേയ്ക്ക്‌ വഴുതിവീണ പുസ്‌തകപ്രകൃതം ശ്രദ്ധിച്ചാല്‍ തീവ്ര തെരച്ചിലിന്നിടെ ആരുടേയോ കൈവഴുതി വീണതു തന്നെയാണ്‌. റീഡിംഗ്‌ ടേബിളില്‍ മാസികത്താളുകള്‍ അരൂപി അലസമട്ടില്‍ മറിക്കുന്ന ഉന്മാദക്കാഴ്ച. കാറ്റടിച്ചതാണെന്നേ ഞാന്‍ കരുതൂ. കാല്‍ക്കൂട്ടില്‍ ബാഗുറപ്പിച്ച്‌ മുറിപൂട്ടിത്തിരിയുമ്പോള്‍ താഴെപ്പടിയില്‍ വലിഞ്ഞു പോകുന്ന കാലൊച്ച. കഴിഞ്ഞ മാസം മരിക്കും മുമ്പുവരെ മുറി പൂട്ടാന്‍ നേരം മാത്രം വായന മതിയാക്കിപ്പോയിരുന്ന കവി നന്തിക്കര ഇട്ടൂപ്പ്‌ മാഷിന്റേതു തന്നെ".

സൈജുസാര്‍ നാളെ വരട്ടെ. ഇതെങ്ങനെ ലൈബ്രേറിയന്‍ ബ്ലോഗ്‌ സ്പോട്ടില്‍ ചേര്‍ക്കുന്നതെന്നു ചോദിക്കാം.

നാല്‌

ചാറ്റ്‌റൂം കിന്നാരങ്ങള്‍ക്കിടയില്‍ അജയ്‌ശേഖര്‍ തന്റെ അച്ഛന്‍ ശേഖരന്റെ പുതിയ ഭ്രാന്ത്‌ റമീനയെ അറിയിച്ചു.

കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ സെക്രട്ടറിയേറ്റു നടയില്‍ പണ്ട്‌ യൂണിയന്‍ പറഞ്ഞതു കേട്ട്‌ സത്യാഗ്രഹം കിടന്നയാളാണ്‌. തരം കിട്ടിയപ്പോള്‍ എന്നെ സെല്‍ഫ്‌ ഫൈനാന്‍സിംഗില്‍ എഞ്ചിനീയറാക്കി, സാമ്രാജ്യത്വ ഭീകരലോകത്തേയ്ക്കു തന്നെ പണം വാരാന്‍ കേറ്റിവിട്ടു.

അച്ഛന്റെ പരിപാടികള്‍ക്കൊന്നിനുമൊരു നിജോം കുറീമില്ല. പഠിച്ചത്‌ ബോട്ടണി. ഇടയ്ക്ക്‌ ഹ്യൂമന്‍ ഫിസിയോളജിയും മെറ്റാഫിസിക്‌സുമൊക്കെ വായിക്കണതു കാണാം. എന്തു മനസ്സിലായിട്ടാണാവോ? കേട്ടു കേട്ടു മടുത്ത പഴയകാര്യങ്ങള്‍ ഒന്നുകൂടി തുളളിത്തുളളിയായി തെളിഞ്ഞപ്പോള്‍ അവള്‍ ഹ ഹ ഹ യെന്ന്‌ മറുപടി ടൈപ്പു ചെയ്‌തു. വിരലെടുക്കും മുമ്പുതന്നെ ചാറ്റ്‌ റൂമില്‍ നിന്നവന്‍ തെറിച്ചുപോയി. നിരാശാരൂപത്തില്‍ വന്നു തൊട്ട മറുലോക അകലങ്ങള്‍ അവളറിഞ്ഞു.

നേരം കളയാന്‍ അവള്‍ അജയ്‌ ചൂണ്ടിയ ബ്ലോഗ്‌ സ്പോട്ടിലേക്ക്‌ കടന്നു. അച്ഛന്‍ ശേഖറിന്റെ പുതിയ സൃഷ്ടി വായിച്ചു തുടങ്ങി.

"പ്രണയത്തിനു ചൂട്ടുപിടിക്കുന്നവരാണ്‌ ലൈബ്രേറിയന്മാര്‍. സ്നേഹദൂതികളായ പുസ്തകങ്ങളെ എടുത്തും, തൊട്ടും, വായിച്ചും അവരങ്ങനെയൊരു മനഃപരുവത്തിലെത്തി ചേര്‍ന്നതാണ്‌. കത്തുകളും ഫോട്ടോകളും കൈമാറാന്‍ പ്രേംചന്ദ്‌ കുട്ടികളെ ഒട്ടൊന്നുമല്ല സഹായിച്ചത്‌. ലൈബ്രറി മറപറ്റി പ്രേമിച്ചിരുന്നവര്‍ പലരും പില്‍ക്കാലത്ത്‌ മക്കളേയും കൂട്ടി സുകേശന്‍ സാറിനെ കാണാനെത്തിയിട്ടുണ്ട്‌. സര്‍ പഴയ കസേരയില്‍ ഒരു തവണ കൂടി കണ്ണോടു കണ്ണ്‌ നോക്കിയിരുന്ന്‌ ഞങ്ങളീ ലോകത്തെ മറക്കട്ടെ.

സുല്‍ഫിയും നൗറീനും നിക്കാഹിനുശേഷം റോഡില്‍ വച്ചു കണ്ടപ്പോള്‍ ഒന്നും മിണ്ടാതെന്തേ ഒഴിഞ്ഞു മാറിയത്‌? ലൈബ്രറിയില്‍ അങ്ങനായിരുന്നില്ലല്ലോ. പ്രേംചന്ദിനെ വിഷമിപ്പിച്ച സംഭവം.

നമുക്കുളളതു രണ്ടും പെണ്ണാണേ! പിളളാര്‍ക്ക്‌ കിലുക്കാമ്പെട്ടി കൊടുക്കുമ്പോ ഓര്‍മ്മ വേണം. പ്രേമികളെ സഹായിക്കുന്ന സ്വഭാവത്തിന്റെ പേരില്‍ ശരവണന്‍ സാറിനെ ഭാര്യ ദേഷ്യം പിടിപ്പിച്ചിരുന്നു.

കാലടി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ അസിസ്റ്റന്റ്‌ ലൈബ്രേറിയന്‍ ചന്ദ്രകുമാര്‍ രജിസ്റ്റര്‍ മാര്യേജില്‍ സ്പെഷ്യലൈസ്‌ ചെയ്‌തയാളാണ്‌. പ്രതിബന്ധങ്ങള്‍ വകഞ്ഞു മാറ്റാന്‍ കുട്ടികള്‍ക്ക്‌ താങ്ങായി ഒന്‍പതു ബന്ധങ്ങള്‍ക്ക്‌ സാക്ഷിവച്ചു. എല്ലാം ഇന്റര്‍ കാസ്റ്റ്‌ മാര്യേജുകള്‍."

ദുഷ്ടനാണ്‌, പെരുംദുഷ്ടന്‍, റമീന ബ്ലോഗ്‌ വായന നിര്‍ത്തി ഷട്ട്ഡൗണ്‍ ചെയ്‌തു. ഒന്നുകൂടി അജയ്‌നെ ട്രൈ ചെയ്യണമെന്നൊക്കെ കരുതിയതാണ്‌. മൂഡോഫായി.

ഞങ്ങളെ പിരിക്കാന്‍ പരമാവധി പണി നോക്കിയത്‌ മൂപ്പരാണ്‌. ഒരു സുകേശനേം സുന്ദരേശനേം അയാള്‍ക്കറിയില്ല. കളളപ്പേരുകളും കളളത്തരവും. പ്രേമമൊഴിവാക്കാന്‍ ഒരേയൊരു സന്താനത്തെ കടലുകടത്തി. ടെക്‌നോപാര്‍ക്കിലെ ജോലിയൊഴിയാന്‍ അജയ്‌ന്‌ ഇഷ്ടമേയുണ്ടായിരുന്നില്ല. ഇയാളെ അങ്ങനെ വിടുന്നതേ ശരിയല്ല. എല്ലാ ദുഷ്ടന്‍മാരും പനകളാകരുത്‌.

നാലുവാചകം വിടണം. അവള്‍ ഒന്നുകൂടി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌തു. ഇന്ദുശേഖറിന്‌ മെയ്‌ല്‌ ടൈപ്പു ചെയ്‌തു തുടങ്ങി.

അഞ്ച്‌

"ശുഷ്കാന്തിയോടെ പ്രവര്‍ത്തിയെടുത്തിരുന്ന ലൈബ്രേറിയന്മാര്‍ അധികം ജീവിക്കാറില്ല. സുകേശന്‍ സാറ്‌ റിട്ടയര്‍ ചെയ്‌ത്‌ ഒരു വര്‍ഷത്തിനുളളില്‍ മരിച്ചുപോയി.. സര്‍വ്വീസ്‌ തീരാന്‍ നില്‍ക്കാതെ പോയവര്‍ നിരവധി. തലേന്നും പാതിവഴിക്ക്‌ വായിച്ച്‌ അവര്‍ നിര്‍ത്തി മേശമേല്‍ വച്ചുപോയ പുസ്‌തകങ്ങളെ ഉപചാരപൂര്‍വ്വം അടച്ചെടുത്ത്‌ സഹപ്രവര്‍ത്തകര്‍ യഥാസ്ഥാനം വച്ച്‌ നിശ്വസിച്ചു.

ലൈബ്രറി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ പ്രേംചന്ദ്‌ എന്തിനാണ്‌ ചെറുപ്പത്തില്‍ തന്നെ ആത്മഹത്യ ചെയ്‌തു? കാരണം തിരക്കി ബന്ധുക്കളും സഹപ്രവര്‍ത്തകരും വലഞ്ഞു. പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും, പഞ്ചാംഗം, ജാതകകഥകള്‍, ഇവ പ്രേമിന്റെ മേശപ്പുറത്തുണ്ടായിരുന്നു. ജാതകകഥകള്‍ക്കുളളില്‍ നിന്നും ആത്മഹത്യാ ഹേതുവായേക്കാവുന്ന സാമഗ്രികളുടെ നീണ്ടൊരു ലിസ്റ്റ്‌ കിട്ടി. കൈപ്പട മറ്റാരുടേതോ എന്നത്‌ മറ്റാരു ദുരൂഹത."

രണ്ടു ദിവസങ്ങളായി മേലാകെ തരിപ്പ്‌, വല്ലാതെ തോന്നിയതു കൊണ്ടുമാത്രം ഇന്ദുശേഖരന്‍ ടൈപ്പിംഗ്‌ നിര്‍ത്തി. കണ്ണു വേദനിച്ചിട്ടും ആ മെയ്‌ല്‌ അയാള്‍ തുറന്നു. അത്‌ മുരളീ മനോഹറിന്റേതായിരുന്നു. ലൈബ്രേറിയന്‍ ബ്ലോഗ്‌ സ്പോട്ട്‌ എന്നൊരെണ്ണം നെറ്റില്‍ കണ്ടെന്നും, കുഞ്ഞേട്ടന്റെ ജീവിത സാദൃശ്യമുളള കുറെ വിവരങ്ങള്‍ വായിച്ചെന്നും.

അജയ്‌നേം ശ്രീരതി ചേച്ചിയേയും അന്വേഷണം അറിയിക്കുക. അവന്റെ കല്ല്യാണം എന്തായി? അതങ്ങ്‌ നടത്തിക്കൂടേ കുഞ്ഞേട്ടാ. കുഞ്ഞിലക്ഷ്‌മി ഏച്ചി കഴിഞ്ഞാഴ്ച മരിച്ചു. വയ്യാണ്ടാവുന്നതിനു മുമ്പ്‌ കണ്ടപ്പോഴും കുഞ്ഞേട്ടനെ തിരക്കിയിരുന്നു. തിരിച്ചേല്‍പ്പിക്കാന്‍ കുഞ്ഞേട്ടന്റെ ഒരു പഴയ ഫോട്ടോ എന്നെ സ്വകാര്യമായി ഏല്‍പ്പിച്ചിട്ടുണ്ട്‌. ഞാനെത്തിക്കാം.

വൈകുന്നേരം അസോസിയേഷന്‍ സെക്രട്ടറിയെ കാണാന്‍ ഇന്ദുശേഖരനിറങ്ങി. ഒരെഴുത്തുകാരന്റെ ആവേശത്തോടെ. ബ്ലോഗിലെ മാറ്ററിനോട്‌ ഗോപിക്ക്‌ അത്ര താല്‍പര്യം പോരാത്തതുപോലെ. ഗോപീ മോഹന്റെ ഉളളിലിരിപ്പനുസരിച്ച്‌ ഞാനെങ്ങനെ പ്രവര്‍ത്തിക്കും? ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ലൈബ്രേറിയന്‍.ബ്ലോഗ്‌ സ്പോട്ട്‌.കോം എന്തായാലും ഗോപിക്ക്‌ കൈമാറിയില്ല. അവനങ്ങനൊരു സൈറ്റ്‌ നേരത്തേ സംഘടിപ്പിച്ചൂടായിരുന്നോ? അതൊരു കാച്ചിംഗ്‌ സൈറ്റ്‌ എന്നെങ്കിലും സമ്മതിച്ചല്ലോ.

മടക്കയാത്രയില്‍ ഇന്ദുശേഖര്‍ കൂടുതല്‍ അസ്വസ്ഥനായി.

റമീനയുടെ മെയ്‌ല്‌ അയാള്‍ക്ക്‌ തുറക്കാനേ കഴിഞ്ഞില്ല. അസോസിയേഷന്റെ സെക്രട്ടറിയെ കണ്ടു മടങ്ങുമ്പോഴാണ്‌ ഇന്ദുശേഖര്‍ ഹാര്‍ട്ട്‌ അറ്റാക്കിന്റെ പിടിയില്‍ പെട്ടത്‌.


പി.കെ.സുധി
ലൈബ്രേറിയന്‍
കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌
തിരുവനന്തപുരം - 16.
E-Mail: sudhipk_1989@yahoo.co.uk

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: